കോവിലകം: ഭാഗം 54

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

നീലകണ്ഠൻ ജോത്സ്യന് ദക്ഷിണയും നൽകി മടങ്ങി... അയാളുടെ മനസ്സ് എന്തുവേണമെന്നറിയാതെ ഭയപ്പെടുകയായിരുന്നു... അയാൾ പെട്ടന്ന് ഇല്ലിക്കലിലേക്ക് തിരിച്ചു... പോകുന്ന വഴി രഘുത്തമനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... എല്ലാ കാര്യവും നാരായണനോട് പറയാനും എല്ലാവരും അവിടേക്ക് വരുന്ന കാര്യവും പറഞ്ഞു... നീലകണ്ഠൻ വീട്ടിലെത്തിയപ്പോൾ എല്ലാവരും റഡിയായി നിൽക്കുന്നുണ്ടായിരുന്നു... "എന്താണച്ഛാ പ്രശ്നം... എന്തോ അനർത്ഥങ്ങൾ വരാൻ പോകുന്നെന്ന് രാജേന്ദ്രേട്ടൻ പറഞ്ഞു... " പ്രമീള ചോദിച്ചു... "പറയാം അതിനുമുന്നേ നമുക്ക് കോലോത്ത് എത്തണം... എല്ലാവരും പെട്ടന്ന് വന്ന് കാറിൽ കയറ്... രാജേന്ദ്രനെവിടെ... "എട്ടൻ ആരേയോ ഫോൺ ചെയ്യുകയാണ്... ഞാൻ വിളിക്കാം..." അവനിപ്പോൾ ആരെയാണ് വിളിക്കാൻ... ഞാൻ അവനെ വിളിച്ചോളാം... നിങ്ങൾ വണ്ടിയിൽ കയറാൻ നോക്ക്... " അയാൾ അകത്തേക്ക് നടന്നു... രാജേന്ദ്രനന്നേരം കോൾ കട്ടുചെയ്ത് പുറത്തേക്ക് വരുകയായിരുന്നു... "നീ ആരെയാണ് വിളിച്ചത്... " "അത്... ഞാൻ... ടൌണിലുള്ള സ്ഥലം ഞാൻ അച്ഛന്റെ പേരിലേക്ക് എഴുതുകയാണ്... അതിനുവേണ്ടി..." "അതാണോ ഇപ്പോൾ മുഖ്യം... അതിനെപ്പറ്റി നമുക്ക് പിന്നെ സംസാരിക്കാം... ആദ്യം നീയൊന്ന് പെട്ടന്ന് വന്ന് വണ്ടിയിൽ കയറ്... "

"അതല്ല അച്ഛാ... " അവൻ മുഴുമിക്കുന്നതിനുമുന്നേ നീലകണ്ഠൻ തടഞ്ഞു... "ഇപ്പോൾ ഞാൻ പറയുന്നത് കേൾക്ക്... ഇങ്ങോട്ടൊന്നും പറയേണ്ട... " നീലകണ്ഠന്റെ ശബ്ദം കനത്തു... പിന്നെയൊന്നും സംസാരിക്കാതെ രാജേന്ദ്രൻ പുറത്തേക്ക് നടന്നു... വഴിയേ നീലകണ്ഠനും... വാതിലടച്ചു ലോക്ക് ചെയ്തതിനുശേഷം രാജേന്ദ്രനു പിറകേ നീലകണ്ഠനും കാറിൽ കയറി... അവർ കോലോത്തേക്ക് പുറപ്പെട്ടു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ എന്നാൽ രഘുത്തമൻ പറഞ്ഞ കാര്യങ്ങൾ കേട്ട് നാരായണനും ഹരിയും സ്തംഭിച്ചു നിൽക്കുകയായിരുന്നു... "അപ്പോൾ ഞാൻ കണ്ടതും സത്യമായിരുന്നല്ലേ... " നാരായണൻ പറഞ്ഞു... എന്താണച്ചാ ഇങ്ങനെ വരാൻ... ഒരു കാര്യത്തിലും ഇതുവരെ ഒരു മുടക്കവും ഉണ്ടായിട്ടില്ലല്ലോ... പിന്നെ എന്താണ് ഇങ്ങനെ വരാൻ... " "അറിയില്ല... ഏതായാലും നീലകണ്ഠനേട്ടൻ വരട്ടെ... എന്നിട്ട് തീരുമാനിക്കാം... " നാരായണൻ പറഞ്ഞു... കുറച്ചു കഴിഞ്ഞപ്പോഴേക്കും നീലകണ്ഠനും മറ്റുള്ളവരും അവിടെയെത്തി... "നാരായണാ എത്രയും പെട്ടന്ന് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ അടുത്തേക്ക് പോകണം... നീയൊന്ന് എളുപ്പത്തിൽ വാ.. " നീലകണ്ഠൻ പറഞ്ഞു... "ഞാനിപ്പോൾ വരാം... " നാരായണൻ അകത്തേക്ക് നടന്നു... താമസിയാതെതന്നെ അയാൾ പുറത്തേക്ക് വന്നു... നീലകണ്ഠനും നാരായണനും നമ്പൂതിരിയുടെ അടുത്തേക്ക് പുറപ്പെട്ടു...

ആ നാട്ടിലെ പ്രഗല്ഭനായ പൂജാരിയായിരുന്നു ബ്രഹ്മദത്തൻ നമ്പൂതിരി എല്ലാം മനക്കണ്ണിൽ കാണാൻ കഴിവുള്ളയാൾ നീലകണ്ഠനും നാരായണനും അദ്ദേഹത്തിന്റെ ഇല്ലത്തെത്തിയപ്പോൾ അവരേയും പ്രതീക്ഷിച്ചുതന്നെ അയാൾ ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു... "നിങ്ങൾ വരുന്ന വിവരം ഞാനറിഞ്ഞു... നിങ്ങളെ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു ഞാൻ... അനർത്ഥങ്ങൾ വരാൻ പോകുന്നല്ലേ... നാഗശാപം... അതും വരും തലമുറകൾക്കുവരെ ദോഷമായിതീരാവുന്ന രീതിയിൽ... അല്ലേ... " "അതെ... എന്താണ് തിരുമേനീ ഇതിനു മാത്രം സംഭവിച്ചത്... " "കാലും കയ്യും മുഖവും കഴുകിവരൂ പറയാം... " അവരത് അനുസരിച്ചതിനുശേഷം ഇല്ലത്തേക്ക് കയറി... നേരെ പൂജാമുറിയിലേക്കാണവർ പോയത്... അദ്ദേഹം പറഞ്ഞ ഓരോ കാര്യവും അവർ നെഞ്ചിടിപ്പോടെയാണ് കേട്ടത്... അവസാനം പറഞ്ഞ കാര്യം അവരെ കൂടുതൽ തളർത്തി.. കാവിനടുത്തുവച്ച് നാഗ കോപത്താൽ മൃത്യുവരെ സംഭവിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്... തിരിച്ചു പോരുമ്പോൾ നീലകണ്ഠനും നാരായണനും ഭയത്തോടെയായിരുന്നു... നമ്പൂതിരി പറഞ്ഞ കാര്യങ്ങൾ ഓർത്തത്... "നാരായണാ.. ഈ കാര്യങ്ങളൊന്നും വീട്ടിലുള്ളവർ ഒരു കാരണവശാലും അറിയരുത്... അവർ ഭയപ്പെടും...

അതെ... പക്ഷേ അവരറിയാതിരുന്നാൽ അത് അതിലും വലിയ പ്രശ്നമല്ലേ... " അറിയാഞ്ഞിട്ടല്ല... എന്നാലും ഇപ്പോത് അവരിയേണ്ട... സമയമാകുമ്പോൾ അവർ അറിയും... "അവർ കോവിലകത്തെത്തി...ഒരുകാര്യവും ആരോടും പറയാൻ നിന്നില്ല... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ മാർത്താണ്ഡനും മകനും കൂട്ടാളികളും ടൌണിലൊരു മുറിയെടുത്ത് അവിടെ കൂടുകയായിരുന്നു... രാത്രിയാകാൻ അവർ കാത്തിരുന്നു... രാത്രി പതിനൊന്നരയായപ്പോൾ അവർ അവിടെനിന്നും പുറത്തിറങ്ങി... അവർ നേരെ കോവിലകം ലക്ഷ്യമാക്കി ജീപ്പോടിച്ചു... കേവിലകത്തിന്റെ കുറച്ചു അകലെയായി അവർ ജീപ്പുനിർത്തി... അവർ കാവ് ലക്ഷ്യമാക്കി നടന്നു... "മാണിക്ക്യാ... ശബ്ദമുണ്ടാക്കരുത്... അവർ ഉണരുന്നതിനുമുന്നേ എല്ലാം നമ്മുടെ കയ്യിലാകണം... " കാവിനടുത്തെത്തിയ മാർത്താണ്ഡൻ പറഞ്ഞു.. "അതിന് ഇവിടെയെവിടേയാണത് കുഴിച്ചിട്ടേക്കുന്നത്... " "അതാണ് നമ്മൾ കണ്ടെത്തേണ്ടത്... ഏതായാലും ഒരു ഭാഗത്തുനിന്നും പൊളിച്ചു തുടങ്ങാം... അഥവാ വല്ല പാമ്പിനേയും കണ്ടാൽ കൊന്നേക്കണം... "അത് ഞങ്ങളേറ്റു... " കൂടെയുള്ളവരിലൊരാൾ പറഞ്ഞു... മാർത്താണ്ഡൻ മാണിക്ക്യന്റെ കയ്യിലുണ്ടായിരുന്ന പിക്കാസ് വാങ്ങിച്ചു... പിന്നെ നാഗപ്രതിഷ്ടക്കു സമീപത്തുള്ള കല്ല് ഇളക്കി മാറ്റാൻ വേണ്ടി അതിനടുത്തേക്ക് നടന്നു...

പെട്ടെന്നായിരുന്നു അയാളുടെ മുന്നിലേക്കൊരാൾ വന്നു നിന്നത്... മാർത്താണ്ഡൻ പെട്ടന്ന് ഭയന്ന് പിന്നോക്കം നിന്നു... അയാൾ തന്റെ മുന്നിൽ തടസമായിനിന്ന ആളെ നോക്കി.... "നീലകണ്ഠൻ... " പേടിച്ചല്ലോ നീലകണ്ഠാ... ഞാൻ കരുതി ഈ കോവിലകത്തുള്ള ഏതെങ്കിലും നായിന്റെ മക്കളാണെന്ന്... നീ ഇവിടെ വന്നത് നന്നായി... നീയും ഈ തറവാട് സ്വപ്നം കണ്ട് നിന്നിരുന്നതല്ലേ... കിട്ടുന്നത് നമുക്ക് പങ്കുവക്കാം... അതിലൂടെ നീയും ഞാനും രക്ഷപ്പെടും... " നീ പറഞ്ഞത് സത്യമാണ് ഞാൻ രക്ഷപ്പെടും... പക്ഷേ നീ രക്ഷപ്പെടില്ല... കാരണം നീ പറഞ്ഞ കോവിലകത്തുള്ള നായിന്റെ മക്കളിൽ ഒരുവനാണ് ഞാനും... ഏഴുവർഷം അകത്ത് കിടന്നതൊന്നും നീ മറന്നുകാണില്ലല്ലോ... " "ഓഹോ... അപ്പോൾ എല്ലാവിവരവും അറിഞ്ഞിട്ടുതന്നെയാണല്ലേ നീ നിൽക്കുന്നത്... " "അതേലോ... അറിഞ്ഞിട്ടുതന്നെയാണ് നിൽക്കുന്നത്... എല്ലാം ഞാനറിയണമല്ലോ... " "മനസ്സിലായില്ല...? " മനസ്സിലാക്കിത്തരാം... അതിനുമുമ്പ് ഇവിടെയുള്ള ആഭരണം നിനക്കുവേണ്ടേ... അതിനുവേണ്ടിയല്ലേ നീയും മകനും കൂട്ടാളികളുമായി വന്നത്... " അതെടുക്കാൻ എനിക്ക് നിന്റെ സമ്മതം ആവശ്യമില്ല... അത് നിന്നെ കൊന്നിട്ടായാലും ഞാൻ സ്വന്തമാക്കും... " അതിന് നിനക്ക് കഴിയുമോ... എന്നാലതൊന്ന് കാണട്ടെ... അവരുടെ സമീപത്തേക്ക് വന്ന നാരായണൻ പറഞ്ഞു...

"ഓ.. അപ്പോൾ നീ ഒറ്റക്കല്ല... ഇവനും നിന്റെകൂടെയുണ്ടല്ലേ... അതേതായാലും നന്നായി ചില കണക്കുകൾ ഇവനുമായിട്ട് എനിക്ക് തീർക്കാനുണ്ട്... ഇവൻ മാത്രമല്ല ഇവന്റെ മകനും അവന്റെ കൂട്ടുകാരും... ആ കണക്ക് ഞാൻ പിന്നെ തീർത്തോളാം... ഇപ്പോൾ നിങ്ങൾ രണ്ടും... അതുമതി എനിക്കിപ്പോൾ... പിന്നെ ഈ ആഭരണങ്ങളും... മോഹം കൊള്ളാം... പക്ഷേ അതിന് നിനക്ക് കഴിയില്ലല്ലോ മാർത്താണ്ഡാ... ഏത് കേസിൽ നിന്നും ഊരിപ്പോരുന്ന നിന്നെ അന്ന് ഏഴു വർഷത്തേക്ക് അകത്താക്കാനറിയാമെങ്കിൽ ഇവിടേയും നിന്നെ മറികടക്കാൻ എനിക്കു പറ്റും... നീലകണ്ഠൻ പറഞ്ഞതുകേട്ട് മാർത്താണ്ഡൻ മാത്രമല്ല നാരായണനും ഞെട്ടി... " "അതേടാ ഞാൻ തന്നെയാണ് അന്ന് അവിടുത്തെ പോലീസുകാരനെ പിടിച്ച് എല്ലാം ചെയ്യിച്ചത്... നീയെന്തുകരുതി... ഈ കോവിലകം സ്വന്തമാക്കാൻ കൊതിക്കുന്ന ഒരു ക്രൂരനാണ് ഞാനെന്നോ... എന്നാൽ നീ കേട്ടോ... എല്ലാറ്റിനും മറ്റൊരാൾ വിശ്വസിക്കുന്ന രീതിയിലൊരു നീലകണ്ഠൻ ഇവിടെ അത്യാവശ്യമായിരുന്നു... അതിവേണ്ടിത്തന്നെയാണ് ഞാൻ അങ്ങനെയൊരു നാടകം കളിച്ചത്... അന്ന് നീ വീട്ടിൽ വന്നപ്പോൾ ജീപ്പിൽ നിന്നിറങ്ങിയ ഉടനേ നിന്നെ എനിക്ക് മനസ്സിലായിരുന്നു... നീ പറഞ്ഞതത്രയും സമ്മതിച്ചുതന്നതും അതിനുവേണ്ടിത്തന്നെയായിരുന്നു...

നീ ഇവിടെ വരണമെന്നത് എന്റെ ആവശ്യമായിരുന്നു... എന്റെ മകന്റെ, ജീവിതം തകർത്തവനാണ് നീ... എന്നിട്ടോ അതിൽ സ്വന്തം മകൻ ഇല്ലാതായി... എല്ലാം എനിക്കറിയാം മാർത്താണ്ഡാ... നിന്റെ അനിയത്തിയുടെ മകളെ നിന്റെ രണ്ടു മക്കളുംകൂടി ക്രൂരമായി കൊന്നുതള്ളി... എന്നാൽ അന്നേരം അവളുടെ മനസ്സ് നിങ്ങൾ കണ്ടില്ല... എന്റെ മകനെനീയൊന്നും ഓർത്തില്ല... അതിന് നിനക്ക് ദൈവം തന്നതാണ് നിന്റെ മകന്റെ മരണം... എന്നിട്ടും നീ പഠിച്ചില്ല... വീണ്ടും ക്രൂരതകൾ മാത്രമാണ് നിന്റെ മനസ്സിൽ... " അതേടോ നീലകണ്ഠാ... ഞാൻ ക്രൂരനാണ് എന്നാൽ ഞാൻ സ്വപ്നം കണ്ടതൊന്നും വേണ്ടെന്നുവക്കാൻ എനിക്ക് മനസ്സില്ല... എനിക്ക് ജയിക്കണം... അതിനുവേണ്ടി എന്തും ഞാൻ ചെയ്യും... ഇപ്പോൾ നിങ്ങളാണ് എന്റെ മുന്നിലുള്ള തടസം... അത് ഞാനങ്ങ് തീർക്കാൻ പോവുകയാണ്... " മാർത്താണ്ഡൻ തന്റെ അരയിൽ നിന്നും തോക്കെടുത്ത് നീലകണ്ഠനുനേരെ ചൂണ്ടി... എന്നെ ഇരുമ്പഴിക്കുള്ളിലാക്കിയ നിന്നെ നിന്റെ നാഗദൈവങ്ങളുടെ മുന്നിൽ വച്ചുതന്നെ പറഞ്ഞയക്കുകയാണ്..." മാർത്താണ്ഡൻ ചിരിച്ചുകൊണ്ട് ട്രിഗറിൽ വിരലമർത്തി... കാവിൽ ഒരു നിലവിളി മുഴങ്ങി...........തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story