കൃഷ്ണകിരീടം: ഭാഗം 18

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

 "ഒന്ന് സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ സമ്മതിക്കുമോ തള്ളേ നിങ്ങൾ... ഒരു ഉപദേശി വന്നിരിക്കുന്നു... എന്റെ കാര്യത്തിൽ ഇടപെടരുതെന്ന് പലതവണ പറഞ്ഞിരുന്നു.. ഇനിയെങ്ങാനും ഇതുപോലെ വന്നാൽ എന്റെ തനി സ്വഭാവം നിങ്ങൾ കാണും പറഞ്ഞേക്കാം... " ദത്തൻ ഭക്ഷണം മതിയാക്കി കൈ കഴുകി അവിടെനിന്നും ഇറങ്ങിപ്പോയി... അവൻ ഉമ്മറത്തെത്തിയപ്പോൾ ഭാസ്കരമേനോൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു... "ദേ അച്ഛാ ഒരു കാര്യം ഞാൻ പറയാം... ആ തള്ളയോട് പറഞ്ഞേക്ക് എന്റെ കാര്യത്തിൽ ഇടപെടാൻ വരരുതെന്ന്.. കൂറേയായി ഞാൻ ക്ഷമിക്കുന്നു... ഇനിയതുണ്ടാകുമെന്ന് കരുതേണ്ട... " ദത്തൻ പറഞ്ഞു... "അവൾ എന്താണ് നിന്നോട് പറഞ്ഞത്... " ഭാസ്കരമേനോൻ സംശയത്തോടെ അവനോട് ചോദിച്ചു... "എന്തു പറഞ്ഞെന്നോ... എന്നെ ഉപദേശിക്കാൻ അവരാരാണ്... എന്റെ അമ്മയൊന്നുമല്ലല്ലോ... ഇനി ഇതുപോലെയുണ്ടായാൽ ആ നിമിഷം ഞാൻ അവരെ ഇവിടെനിന്നും ഇറക്കി വിടും... " "ദത്താ... നീ ആവശ്യമില്ലാതെ ഓരോന്ന് വിളിച്ച് പറയേണ്ട... " "എന്താ പറഞ്ഞാൽ... അച്ഛനെന്തിനാണ് അവരെ പേടിക്കുന്നത്... പോയി പണി നോക്കാൻ പറയ്..." "നിന്നോട് മിണ്ടാതിരിക്കാനാണ് പറഞ്ഞത്... " "മിണ്ടും ഞാൻ... കാരണം ഇതെന്റെ കാര്യമാണ്...

ആവശ്യമില്ലാതെ ആരും എന്റെ നേരെ ഉപദേശവുമായി വരുന്നത് എനിക്കിഷ്ടമല്ല... ഒന്നുകിൽ അച്ഛൻ അവരെ ഇവിടെനിന്നും പറഞ്ഞു വിടുക... ഇല്ലെങ്കിൽ ഞാനിറക്കിവിടും... " "അങ്ങനെ നിന്റെ അച്ഛൻ എന്നെ ഇറക്കിവിടുമെന്ന് തോന്നുന്നുണ്ടോ... അതിനുള്ള ദൈര്യം നിന്റെ അച്ഛനുണ്ടോ... അഥവാ അങ്ങയെന്തിനെങ്കിലും മുതിർന്നാൽ നിന്റെ അച്ഛൻ ഇതുവരെ അണിഞ്ഞിരുന്ന മുഖംമൂടി അഴിഞ്ഞുവീഴും... " എല്ലാം കേട്ട് അവിടേക്ക് വന്ന സുഭദ്ര പറഞ്ഞു... "സുഭദ്രേ... നീ അകത്തേക്ക് പോ... " ഭാസ്കരമേനോൻ പറഞ്ഞു... "എന്താ ഇത്രയും പറഞ്ഞപ്പോൾ നിങ്ങൾ ഭയന്നോ... അന്നേരം സത്യമെല്ലാം ഇവനറിഞ്ഞാൽ എന്താകും സ്ഥിതി... " "എന്ത് സത്യം... " ദത്തൻ ചോദിച്ചു... "ഒരിക്കലും നീ അറിയരുതെന്നു കരുതി ഇത്രയും നാൾ ഞാൻ മനസ്സിൽ മൂടിവച്ച ആ രഹസ്യം ഇനിയെങ്കിലും നീയറിയണം... അത് എന്നെ സ്നേഹിക്കാനോ എന്നോട് അനുകമ്പ തോന്നാനോ അല്ല... പകരം ഇനിയും നീ കൂടുതൽ നശിക്കരുതെന്ന് കരുതിയിട്ടാണ്... " "നിന്ന് വാചകമടിക്കാതെ ആ സത്യമെന്താണെന്നാണ് ഞാൻ ചോദിച്ചത്... എന്റെ ക്ഷമ നശിപ്പിക്കരുത്... " ദത്തന്റെ ശബ്ദം ഉയർന്നു... "അത് നിനക്കറിയണമല്ലേ... എന്നും ഞാൻ നിന്നെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല... ഇനിയതുണ്ടാവുകയുമില്ല...

എന്നാൽ ഇയാൾ അങ്ങനെയാണ് ചെയ്യുന്നത്... അതിനു കാരണം എന്താണെന്ന് നിനക്കറിയോ... നീ ഇയാളുടെ മകനല്ല എന്നത് സത്യമായതുകൊണ്ട്... " സുഭദ്ര പറഞ്ഞതു കേട്ട് ഭൂമി പിളരുന്നതുപോലെ തോന്നി ദത്തന്... " "സുഭദ്രേ..." ഭാസ്കരമേനോൻ അലറിവിളിച്ചു... ''അലറണ്ട നിങ്ങൾ... ഇത് എന്നിലും നിങ്ങളിലും ഒതുങ്ങി അവസാനിപ്പിക്കണമെന്മായിരുന്നു എന്റെ ആഗ്രഹം... ഒരിക്കലും ഇവൻ അറിയരുതെന്ന് കരുതിയിരുന്നു ഞാൻ... എന്നാൽ എന്റെ കുട്ടിയെ നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ ഒരു ക്രിമിനലാക്കുകയാണ്... അത് കണ്ടുനിൽക്കാൽ പറ്റില്ല... " "ഇവർ പറഞ്ഞത് സത്യമാണോ... " ദത്തൻ ഭാസ്കരമേനോനോട് ചോദിച്ചു... "ദത്താ അത്.... " "ഇവർ പറഞ്ഞത് സത്യമാണോന്ന്... " ദത്തന്റെ സ്വരം കനത്തു... എന്നാൽ ഭാസ്കരമേനോനോട് ഒന്നും പറയാനില്ലായിരുന്നു... ദത്തൻ തിരിഞ്ഞ് സുഭദ്രയെ നോക്കി... "ആരാണ്പിന്നെ എന്നെ ജനിപ്പിച്ചവൻ... ഇതുംകൂടി പറഞ്ഞു താ... " "അത് എനിക്കറിയില്ല... നിന്റെ അമ്മ കോളേജിൽ പഠിക്കുമ്പോൾ ആരുമായിട്ടോ ഇഷ്ടത്തിലായിരുന്നു... എന്നാൽ അയാൾക്ക് അതൊരു നേരംപോക്ക് മാത്രമായിരുന്നു... നിന്റെ അമ്മ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ നാടുവിട്ടതാണ് ആയാൾ പിന്നെ അയാളെ ആരും കണ്ടിട്ടില്ല... "

"പിന്നെയെങ്ങനെ ഇയാൾ എന്റെ തന്തയായി... " "അത്... " "എനിക്കറിയണം... ഇല്ലെങ്കിൽ നിങ്ങൾ രണ്ടും ജീവനോടെ കാണില്ല... സത്യം പറഞ്ഞോ... എങ്ങനെയാണ് ഇയാൾ എന്റെ, അമ്മയെ കിട്ടിയതെന്ന്... " ദത്തൻ ഉമ്മറത്തിരുന്ന കസേരയെടുത്ത് സുഭദ്രയുടെ നേരെ വീശി "അത് ഞാൻ പറയാം... " സുഭദ്ര അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു... 'എനിക്ക് അത് മാത്രമല്ല... ഇയാൾ നിങ്ങളെ വിവാഹം കഴിച്ചതുവരെയുള്ള കാര്യങ്ങൾ അറിയണം... " "എന്നാൽ അന്നേരം ഞെട്ടിയത്... ഭാസ്കരമേനോനാണ്... " "ദത്താ ഇവൾ വെളിവില്ലാതെ വല്ലതും പറയുന്നത് കേട്ട് നീയൊന്നും വിശ്വസിക്കരുത്... " "നിങ്ങൾ മിണ്ടരുത്... ഇവർ പറയട്ടെ എന്താണ് നടന്നതെന്ന്... ഇനി ഇവർ പറയുന്നത് വല്ലതും കളവാണെങ്കിൽ അതോടെ ഇവരുടെ മരണമാകും ഉണ്ടാവുക... എല്ലാം സത്യസന്ധമായിതന്നെ എനിക്കറിയണം... " "അത് നിന്റെ അമ്മയുടെ ഏട്ടന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഇയാൾ... ഈ കാണുന്ന സ്വത്തെല്ലാം നിന്റെ അമ്മയുടേതാണ് ഇയാളുടെ സ്വത്തുക്കൾ ഇയാൾ തന്നെ പല ബിസിനസ്സും ചെയ്ത് നശിപ്പിച്ചു... അതെല്ലാം നിന്റെ, അമ്മയെ വിവാഹം കഴിച്ചതിനുശേഷം... ഇതു മാത്രമല്ല അമ്മയുടെ പേരിലുള്ള പല സ്വത്തുക്കളും ഇയാൾ വിറ്റുതുലച്ചു... ഈ നാട്ടിൽ ഇടശ്ശേരി തറവാട് കഴിഞ്ഞാൽ അല്ലെങ്കിൽ അതിനൊത്ത പേരും പ്രസക്തിയുള്ള തറവാടായിരുന്നു നിന്റെ അമ്മയുടെ തറവാടായ മുണ്ടക്കൽ തറവാട്...

മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ഇവരും ഒട്ടും മോശമായിരുന്നില്ല... നിന്റെ മുത്തശ്ശന്റെ അതേ സ്വഭാവമായിരുന്നു നിന്റെ അമ്മാവന്റേയും... എന്നാൽ അമ്മാവന്റെ ഏറ്റവും വലിയ കൂട്ടുകാരനായ ഇയാൾക്ക് നിന്റെ അമ്മയുടെ മേൽ ഒരു കണ്ണുണ്ടായിരുന്നത് മറ്റുള്ളവർക്ക് അറിയില്ലായിരുന്നു... കോളേജിൽ പഠിക്കുമ്പോൾ നിന്റെ അമ്മക്ക് ഉണ്ടായ മാനക്കേടിൽ ആകെ തകർന്നു ആ കുടുംബം... അന്നേരം... നിന്റെ അമ്മാവന്റെ കൂട്ടുകാരനായ ഇയാൾ നിന്റെ അമ്മയെ വിവാഹം കഴിക്കാൻ തയ്യാറായി... അത് ആ കുടുംബത്തോടുള്ള സഹതാപമോ... നിന്റെ അമ്മയോടുള്ള താല്പര്യമോ കണ്ടിട്ടല്ല... അവരുടെ സ്വത്ത് കണ്ടിട്ടായിരുന്നു... അങ്ങനെ ഇയാൾ നിന്റെ അമ്മയെ വിവാഹം കഴിച്ചു... എന്നാൽ അതോടെ നിന്റെ അമ്മയുടെ കഷ്ടകാലം തുടങ്ങി... " "എന്ത് കഷ്ടകാലം... " ദത്തൻ ചോദിച്ചു... " "അതിനുശേഷം പല ബിസിനസ്സും നടത്തി വലിയ വലിയ കടങ്ങൾ ഇയാളുണ്ടാക്കി... അവസാനം ഇയാളുടെ സ്വത്തെല്ലാം വിറ്റുപെറുക്കിയാണ് കടമെല്ലാം വീട്ടിയത്... ആ സമയത്താണ് നീ ജനിച്ചത്... പിന്നെ പല നുണകളും പറഞ്ഞ് നിന്റെ അമ്മക്ക് ഭാഗിച്ച് കിട്ടിയ ഈ മുണ്ടക്കൽ തറവാടിന്റെ സ്വത്തുക്കളിൽ പലതും അയാൾ വിറ്റു... അവസാനം ഗതി കെട്ട് നിന്റെ അമ്മ എതിർക്കാൻ തുടങ്ങി... ഗത്യന്തരമില്ലാതെ ഈ സ്വത്തെല്ലാം നിന്റെ പേരിൽ എഴുതിവച്ചു... നിനക്ക് പ്രായപൂർത്തിയാകാതെ പിന്നെ ഇയാൾക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ...

ഇതറിഞ്ഞ ഇയാൾ... എനിക്കത് പറയാൻ വയ്യ... നീ വാ... " സുഭദ്ര ദത്തനെ വിളിച്ച് മുറ്റത്തേക്കിറങ്ങി വീടിന്റെ വടക്കുവശത്തേക്ക് നടന്നു... അവിടെ വിറക് നനയാതെയിരിക്കാൻ കെട്ടിയുണ്ടാക്കിയ ഷെഡ്ഡിനടുത്തെത്തി... കുറച്ച് വിറക് എടുത്തുമാറ്റി... അവിടെ സൈഡിൽ വച്ചിരുന്ന മൺവെട്ടിയെടുത്ത് നിലത്തെ മണ്ണ് മാറ്റി... കുറച്ച് മാറ്റിയപ്പോൾ ഒരു ചെറിയ പെട്ടി തെളിഞ്ഞുവന്നു... സുഭദ്രയത് എടുത്ത് അതിൽ പിടിച്ചിരിക്കുന്ന മണ്ണെല്ലാം തട്ടി... "ഇത് അയാൾ കാണരുതെന്ന് കരുതിയാണ് ഞാൻ ഇവിടെ കുഴിച്ചിട്ടത്... ഇത് നിന്റെ അമ്മയുടെ ആഭരണപ്പെട്ടിയായിരുന്നു... ഈ വീട് പണിയുന്നതിന് മുമ്പ് ഇതൊരു നാലുകെട്ടായിരുന്നു... അന്ന് തട്ടിൻപുറം നന്നാക്കാൻ കയറിയതായിരുന്നു ഞാൻ... നന്നാക്കുന്നതിനിടയിൽ എന്റെ ശ്രദ്ധയിൽ ഈ പെട്ടി കണ്ടു...പെട്ടിയുടെ ഭംഗി കണ്ടപ്പോൾ ഞാനതെടുത്തുനോക്കി... അത് തുറന്നപ്പോൾ അതിൽ നിന്നും ഈ ഡയറി കിട്ടി... " സുഭദ്ര ആ പെട്ടി തുറന്ന് ഒരു പഴയ ഡയറിയെടുത്ത് ദത്തന് കൊടുത്തു... ഇതിൽനിന്നറിയാം ബാക്കിയെല്ലാം... ദത്തൻ അത് തുറന്നു നോക്കി സുഭദ്ര പറഞ്ഞ കാര്യങ്ങൾ അതേപോലെ, അതിലുണ്ടായായിരുന്നു... അതുകഴിഞ്ഞ് അവൻ ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചു... "എന്റെ ജീവൻ ഏതുനിമിഷവും ഇല്ലാതാകും...

അതും എന്റെ ഭർത്താവിന്റെ കൈകൊണ്ട്... അദ്ദേഹത്തിന്റെ ദൂർത്തടി സഹിക്കാൻ വയ്യാതെയാണ് ഞാൻ എല്ലാ സ്വത്തും എന്റെ മോന്റെ പേരിൽ എഴുതിവച്ചത്... അതുമൂലം അയാളിൽനിന്നും അനുഭവിക്കാത്ത പിഡനങ്ങളില്ല..അത് ശാരീരികമായും മാനസ്സികമായും... എനിക്കൊരു ചതി പറ്റി എന്നത് സത്യമാണ്... എന്നാൽ അതിന് ഞാൻ ഒരുപാട് അനുഭവിച്ചു... ഇപ്പോൾ ഏതു നേരവും എന്റെ ജീവൻ നിശ്ചലമാകാം... ആയാൾ അത് ചെയ്തിരിക്കും... രണ്ടു മൂന്നു തവണ അയാൾ എന്നെ കൊല്ലാൻ നോക്കിയതാണ്... എന്നാൽ ആയുസ്സിന്റെ ഫലംകൊണ്ട് മാത്രമാണ് ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്... എന്നാലത് എത്ര കാലമുണ്ടാകുമെന്ന് അറിയില്ല... മരിക്കാൻ എനിക്ക് പേടിയില്ല... എന്റെ മകന്റെ കാര്യമോർത്താണ് എനിക്ക് പേടി... ആ സ്വത്ത് കിട്ടാൻ അയാൾ എന്തും ചെയ്യും എന്റെ മോനെ... പക്ഷേ പതിനെട്ട് വയസ്സുവരെ അവൻ സുരക്ഷിതമാണ്... അതുകഴിഞ്ഞാൽ അവനെ കൊല്ലാൻ വരെ അദ്ദേഹം മടിക്കില്ല... അത്രക്ക് ദുഷ്ടനാണ് അയാൾ... എനിക്ക് എന്തുതന്നെ സംഭവിച്ചാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹമാണ്... ഒരിക്കലും ഞാൻ ആത്മഹത്യ ചെയ്യില്ല... കാരണം എന്റെ മോനെ അയാളുടെ മുന്നിലേക്ക് ഇട്ടു കൊടുത്ത് ഞാൻ സ്വയംരക്ഷ നോക്കി പോകില്ല...

ഈ ഭൂമിയിൽ വച്ച് അനുഭവിക്കാനുള്ളത് ഞാൻ അനുഭവിച്ചോളാം... അതും എന്റെ മകനുവേണ്ടി... ഇനി ചിലപ്പോൾ ഇതിൽ എഴുതാൻ എനിക്ക് സാധിച്ചെന്നുവരില്ല... അദ്ദേഹം കാണാതിരിക്കാനാണ് ഇത് ഇവിടെ വച്ചത്... കണ്ടാൽ അയാളിത് നശിപ്പിക്കും... ഏതെങ്കിലും കാലത്ത് ഇതാരുടെയെങ്കിലും കയ്യിൽ കിട്ടിയാൽ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതും അവൾക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും... അതിന് കാരണക്കാരനായത് ആരാണെന്നും ഈ നാടറിയണം... ഒരിക്കലും ഇത് അദ്ദേഹത്തിന്റെ കയ്യിൽ കിട്ടരുതെന്നേ പ്രാർത്ഥനയുള്ളൂ.. " അത് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോഴേക്കും ദത്തന്റെ കണ്ണ് നിറഞ്ഞ് ഒഴുകിയിരുന്നു... അവൻ സുഭദ്രയെ നോക്കി... അവർ നിറകണ്ണുകളോടെ അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു... ദത്തൻ പെട്ടന്നു തിരിഞ്ഞുനടന്നു... അവൻ പോയത് ഉമ്മറത്തേക്കായിരുന്നു... എന്നാൽ അവിടെ ഭാസ്കരമേനോനെ അവന് കാണാൻ കഴിഞ്ഞില്ല... മുറ്റത്ത് അയാളുടെ കാറും കാണുന്നില്ലായിരുന്നു... സത്യം താനറിഞ്ഞെന്ന് മനസ്സിലാക്കി ഇവിടെനിന്നും രക്ഷപ്പെട്ടതാണെന്ന് അവന് മനസ്സിലായി... എന്നാൽ കാറിന്റെ ശബ്ദം അവർ കേട്ടതുമില്ല... "എടോ ഭാസ്കരമേനോനെ നീയെവിടെപ്പോയാലും എന്റെ മുന്നിൽ വരും... " അന്ന് നിന്റെ അന്ത്യമാണ്... എന്റെ അമ്മയെ നീ കൊന്നതാണല്ലേ... എന്നിട്ട് ഇത്രയും കാലം എന്നെ ഒരു ക്രിമിനലാക്കാനുള്ള തന്ത്രപ്പാടിലായിന്നു നീയല്ലോ... ഇല്ല ഭാസ്കരാ... നിനക്കിനി അധികമായുസ്സില്ല...

" ദത്തൻ മനസ്സിൽ പറഞ്ഞു... പെട്ടന്നാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്... അവൻ ഫോണെടുത്തുനോക്കി... വിളിക്കുന്നത് ഭാസ്കരമേനോനാണെന്നറിഞ്ഞപ്പോൾ അവൻ അടിമുടി വിറച്ചു... അവൻ പെട്ടന്ന് കോളെടുത്തു... "എന്താ ദത്താ എല്ലാ സത്യവും എന്റെ മോൻ അറിഞ്ഞല്ലേ... എന്നാൽ നീ കേട്ടോ ഞാൻ തന്നെയാണ് നിന്റെ അമ്മയെ കൊന്നത്... ഞാൻ ആശിച്ച സ്വത്തെല്ലാം എന്നിൽനിന്നടർത്തി നിന്റെ പേരിൽ എഴുതിവച്ചാൽ പിന്നെ ഞാനെന്തു ചെയ്യാനാണ്... എനിക്ക് വേണ്ടത് പണവും സ്വത്തു മാണ്... അത് കിട്ടാൻ വേണ്ടിത്തന്നെയാണ് പെഴച്ച നിന്റെ തള്ളയെ കെട്ടിയത്... അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാവുമ്പോൾ, എന്റെ കണക്കുകൂട്ടലുകൾ തെറ്റു മ്പോൾ അതിന് കാരണക്കാരിയായവളെ ഞാൻ പൂവിട്ട് പൂജിക്കണോ... ചതിക്ക് എന്റെ നിഘണ്ടുവിൽ ഒരുമരുന്നേയുള്ളൂ... മരണം... അതേ ഞാൻ ചെയ്തിട്ടുള്ളൂ... പിന്നെ അതിനുശേഷം നിന്നെ തീറ്റിപോറ്റി വളർത്തിയത് പുണ്യം കിട്ടാൻ വേണ്ടിയല്ല... നിന്റെ കയ്യിലുള്ള സ്വത്ത് കണ്ടിട്ടുതന്നെയാണ്... അതുകൊണ്ടാണ് ആ സുഭദ്ര നിന്നെ സ്നേഹിക്കുമ്പോഴെല്ലാം അതിനെതിരായി നിന്റെ മനസ്സിൽ വിഷം കുത്തിവച്ചതും.. നിന്നെ ഒരു ക്രിമിനലാക്കാൻ ശ്രമിച്ചതുമെല്ലാം... അവസാനം നീയൊരു പക്കാ ക്രിമിനലാക്കാനായിരുന്നു എന്റെ ഉദ്ദേശം...

അതിലൂടെയുള്ള നിന്റെ നാശവും മരണവും... പക്ഷേ എനിക്ക് അതിനു കഴിഞ്ഞില്ല... ആ നായിന്റെ മോൾ എല്ലാം നിന്നോട് പറഞ്ഞു... പക്ഷേ നീ രക്ഷപ്പെട്ടെന്നു കരുതേണ്ട... ഞാൻ മനസ്സിൽ വിചിരിച്ചതൊന്നും നടക്കാതെ പോയിട്ടില്ല... ഇതും അതുപോലെ തന്നെയാണ്... നിന്റെ അന്ത്യം അടുത്തുകഴിഞ്ഞു ദത്താ... " "അതിന് നിനക്കായുസ്സുണ്ടാകുമോ ഭാസ്കരാ... ഇത്രയും കാലം തന്നെ അച്ഛനെന്ന് വിളിച്ചുപോയല്ലോടോ ചെറ്റേ.. എന്റെ അന്ത്യം കാണാൻ നീ വാ... അതിനു തന്നെയാണ് ഞാൻ കാത്തിരിക്കുന്നത്... " ദത്തൻ കോൾ കട്ടുചെയ്ത് ദേഷ്യത്തോടെ കൈചുരുട്ടി ചുമരിലിടിച്ചു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story