കൃഷ്ണകിരീടം: ഭാഗം 2

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്തുപറഞ്ഞെടി ചൂലേ.. " ദത്തൻ അവളുടെ മുടിക്കുത്തിന് പിടിച്ചു... പെട്ടന്നാണ് ഒരു ബുള്ളറ്റ് വന്ന് അവരുടെ മുന്നിൽ നിന്നത്... അതിൽ വന്നയാളെ കണ്ടപ്പോൾ വീണക്ക് ആശ്വാസമായി... ദത്തിന്റെ കണ്ണിൽ അഗ്നിയാളിക്കത്തുകയായിരുന്നു... "സൂര്യകേശവ്... " ദത്തൻ ദേഷ്യത്തോടെ അവനെ നോക്കി... "ദത്താ പലതവണ നിന്നോട് പറഞ്ഞിട്ടുണ്ട് പെങ്ങളോട് നിന്റെ കളി വേണ്ടെന്ന്... " സൂര്യൻ പറഞ്ഞു... "അതു പറയാൻ നീയാരാടാ... വലിയ ദാനശീലന്റെ മകനാവും നീ... അത് നാട്ടിലെ കിഴങ്ങന്മാരോട് മതി... എന്നോട് വേണ്ട... " അതുകേട്ട് സൂര്യൻ ചിരിച്ചുകൊണ്ട് ബുള്ളറ്റ് ഓഫ് ചെയ്ത് അതിൽ നിന്നിറങ്ങി... "എന്താ നിന്നോട് പറഞ്ഞാൽ... മോനെ ദത്താ... നീ ഈ നാട്ടിലെ പാവം ജനങ്ങളോട് കളിക്കുന്നതു പോലെ എന്നോട് കളിക്കാൻ വരല്ലേ... നിന്റെ വിരട്ടലിലും തലയെടുപ്പിലും ആ പാവങ്ങൾ പേടിച്ചിച്ചിരിക്കും... എന്നാൽ ഇത് വേറെ ജന്മമാണ്... ഇത് നിനക്കുള്ള അവസാന വാണിംഗാണ്... ഇനി ഇതുപോലെ വല്ലതും കാണുകയോ കേൾക്കുകയോ ചെയ്താൽ നിന്റെ വീട്ടിത്തടിപ്പോലെയുള്ള ഈ രണ്ട് കാലുണ്ടല്ലോ അത് തല്ലിയൊടിക്കും ഞാൻ... പിന്നെ ഇഴഞ്ഞ് ജീവിക്കേണ്ടി വരും... അറിയാലോ എന്നെ...

പിന്നെ ഇപ്പോൾ ഞാനായതുകൊണ്ടാണ് നിന്നെ വെറുതെ വിടുന്നത്... ആദിയേട്ടനാണെങ്കിൽ ഇങ്ങനെ പറയുകയല്ല ചെയ്യുന്നത് പ്രവർത്തിക്കുകയേയുള്ളൂ... അതോർത്താൽ നിനക്ക് നന്ന്.. അതുകൊണ്ട് ദത്തൻ വന്ന വഴിയേ പോവാൻ നോക്ക്... " ആദിയുടെ പേരു കേട്ടപ്പോൾ ദത്തനൊന്ന് ഭയന്നു... "നീയൊന്നും ജയിച്ചെന്നു കരുതേണ്ട സൂര്യാ... ഇതിനുള്ളത് നിനക്ക് പലിശ സഹിതം ഞാൻ തരുന്നുണ്ട്... നീ കരുതിയിരുന്നോ... " "ഓ... എപ്പോഴാണ് സമയമെങ്കിൽ പറഞ്ഞാൽ മതി... ഞാൻ ഒരുങ്ങിയിരുന്നോളാം... " ദത്തൻ അവനെ കടുപ്പിച്ചൊന്ന് നോക്കി... പിന്നെ വീണയേയും... അതിനുശേഷം ബൈക്കെടുത്ത് അവൻ വന്നവഴി പോയി... "എന്താണ് പെണ്ണേ... ഈ വഴി വരുന്നത് പന്തിയല്ലെന്നറിഞ്ഞുകൂടെ... ഒന്നിനായിട്ട് ഒരുമ്പെട്ട് ഇറങ്ങിയവരാണ് ഈ ദത്തനും കൂട്ടരും... നീയെന്താ ഇതുവഴി... " "അത് ഞാൻ നേരം വൈകിയപ്പോൾ പെട്ടന്ന് ബസ്റ്റോപ്പിലെത്താൻവേണ്ടി ഇതിലെ വന്നതാണ്... " "എന്നിട്ട് ഇതുവരെ ബസ്സ് വന്നില്ലല്ലോ... എവിടേക്കാണ് ഇത്ര തിടുക്കത്തിൽ പോകുന്നത്... " "ഒരു വിവാഹത്തിന് പോവുകയാണ്.. എന്റെ കൂട്ടുകാരിയുടെ വീട്ടിൽ.. " "അതുശരി... അപ്പോൾ ഞാൻ വന്നില്ലെങ്കിൽ വിവാഹം ഉഷാറായേനെ അല്ലേ.... ഏതായാലും വണ്ടിയിൽ കയറ് ഞാൻ കൊണ്ടുവിടാം... "

സൂര്യൻ ബുള്ളറ്റിൽ കയറി അത് സ്റ്റാർട്ടുചെയ്തു... വീണ അവന്റെ പുറകിൽ കയറി... "സൂര്യേട്ടാ ഇതൊന്നും ആരോടും പറയല്ലേ... വീട്ടിലറിഞ്ഞാൽ അവർ പേടിക്കും... " "ആ വിചാരം നിനക്കില്ലല്ലോ.. ആ ദത്തൻ നിന്റെ പുറകെ വന്ന് ശല്യം ചെയ്യണമെങ്കിൽ നീയവനോട് എന്തെങ്കിലും പറഞ്ഞിരിക്കണം... അല്ലാതെ അവൻ വരില്ല... " "അത് പിന്നേ... അനാവശ്യ പറഞ്ഞപ്പോൾ എനിക്ക് നിയന്ത്രിക്കാനായില്ല... " അവൾ നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞു... " "അത്രക്ക് ദൈര്യമോ നിനക്ക്... അതും അവനെപ്പോലെ ഒരു റൌഡിയുടെ മുഖത്തുനോക്കി... " "അതിനെന്താ... നമ്മൾ മിണ്ടാതിരുന്നാൽ അയാളെപ്പോലുള്ളവർ വീണ്ടും ഇതുതന്നെ ആവർത്തിക്കും... പിന്നെ ദൈര്യം... ഇയാളുടെകൂടെയല്ലേ കുറച്ചു നാളായി എന്റെ കൂട്ട്... " "അത് എനിക്ക് പറ്റിയ തെറ്റ്... ഇതുപോലെയാണ് നിന്റെ സ്വഭാവമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്റെ സൌന്ദര്യത്തിൽ വീഴില്ലായിരുന്നു... " അതിന് മറുപടി സൂര്യന്റെ വയറിൽ വിരൽ കൊണ്ട് അമർത്തലായിരുന്നു... സൂര്യൻ വേദനകൊണ്ട് പുളഞ്ഞു... ബുള്ളറ്റൊന്ന് പാളി... അവൻ പെട്ടന്ന് വണ്ടി നിർത്തി... "എന്താടാ കാണിച്ചത്... എന്തൊരു വേദനയാണ്... " സൂര്യൻ വയർ തടവിക്കൊണ്ട് പറഞ്ഞു... "അങ്ങനെ വേണം... എന്റെ കൊച്ചാക്കിയാൽ ഇനിയും കിട്ടും എന്നോട്... "

അതിന് സമയമുണ്ടാകില്ല... ഇപ്പോൾ തന്നെ കണ്ടില്ലേ.. രണ്ടുംകൂടി റോഡിൽ വീണ് കയ്യും കാലും ഒടിഞ്ഞേനെ... ആ സമയത്ത് മറ്റേതെങ്കിലും വണ്ടി എതിരേ വന്നാൽ ഭിത്തിയിൽ പടമായി തൂങ്ങിക്കിടക്കുമായിരുന്നു..." "അതു പ്രശ്നമില്ല... അങ്ങനെ പോകുന്നത് എന്റെ പ്രാണന്റെ കൂടെയാണല്ലോ... സന്തോഷത്തോടെ സ്വീകരിക്കും ഞാനത്... " "ഉറപ്പാണല്ലോ ഇനി ഈ വാക്കിന് മാറ്റമില്ലല്ലോ... " "പറയാൻ പറ്റില്ല... എന്റെ കോന്തന്റെ സ്വഭാവംവച്ചുനോക്കുമ്പോൾ ചിലപ്പോൾ ആ ദത്തനെ പോലെയുള്ളവർ ഇയാളെ നേരത്തെ അയക്കുമെന്നാണ് തോന്നുന്നത്... " "എടി കാന്താരി... നിന്റെ മനസ്സിലിരിപ്പ് അതാണല്ലേ... ആ എന്തുചെയ്യാനാ... പെട്ടുപോയില്ലേ... ഇനി ഊരുവാനും പറ്റില്ല... അതു പോട്ടെ നിനക്ക് എവിടെയാണ് ഇറങ്ങേണ്ടത്..." "എന്നെ സ്റ്റാന്റിൽ ഇളക്കിയാൽ മതി... അവിടെ മറ്റു കൂട്ടുകാരികളുണ്ടാകും.. ഞങ്ങളൊന്നിച്ച് പൊയ്ക്കോളാം..." സൂര്യൻ അവളെ സ്റ്റാന്റിൽ ഇറക്കി... അതുകഴിഞ്ഞവൻ ഓഫീസിലേക്ക് പോയി... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രണ്ടു ദിവസങ്ങൾക്കു ശേഷം.... നിർമ്മലേ അവരിന്ന് വരുമെന്നല്ലേ പറഞ്ഞിരുന്നത്... എപ്പോഴാണോ വരുന്നത്... രാമനും അവന്റെ ഭാര്യയും കൂടി ആ വീടെല്ലാം വൃത്തിയാക്കിയിട്ടുണ്ട്... ഇനി അവർ വരേണ്ട താമസമേയുള്ളൂ... കേശവമേനോൻ പറഞ്ഞു...

"നിങ്ങൾക്കെന്താണ് ഇത്രക്ക് ആവലാധി... അവർ വന്നോളും..." നിർമ്മല പറഞ്ഞു... "ആവലാധിയൊന്നുമല്ലെടി... അവർക്ക് വഴി തെറ്റിക്കാണുമോ എന്നാണ് പേടി... ഗോപിമാഷ് കവലയിൽ നിൽക്കുമെന്ന് പറഞ്ഞിട്ടുണ്ട്... എന്നാലും... " "ഒരെന്നാലുമില്ല... അവർ വന്നോളും... നിങ്ങൾ ഉമ്മറത്തുപോയി ഇരിക്ക് ഞാൻ കാപ്പി അവിടേക്ക് കൊണ്ടു വരാം... " കേശവമേനോൻ ഉമ്മറത്തേക്ക് നടക്കുമ്പോഴാണ് ഒരു വണ്ടിയുടെ ഹോണടി കേട്ടത്... "നിർമ്മലേ അവരെത്തിയെന്ന് തോന്നുന്നു... ഞാനവിടേക്ക് നടക്കട്ടെ... " മേനോൻ വിളിച്ചു പറഞ്ഞു... "പോവല്ലേ ഞാനും വരുന്നു... " നിർമ്മല സ്റ്റൗ ഓഫാക്കി ഉമ്മറത്തേക്ക് നടന്നു... ഒരു കാറായിരുന്നു ആദ്യം വന്നത്... പുറകെ വീട്ടുസാധനവുമായി ഒരു ലോറിയും... കാറിൽനിന്നും ഒരു എഴുപത് വയസ്സുതോന്നിക്കുന്ന വൃദ്ധനിറങ്ങി... വഴിയേ ഒരു പന്ത്രണ്ട് വയസ്സുതോന്നിക്കുന്ന പെൺകുട്ടിയും... അവസാനം ഇറങ്ങിയ പെൺകുട്ടിയെകണ്ട് നിർമ്മലയുടെ കണ്ണുകൾ വിടർന്നു... കേശവമേനോൻ ആ വൃദ്ധനായ മനുഷ്യന്റെയടുത്തേക്ക് ചെന്നു... "കാണാതായപ്പോൾ ഞാൻ കരുതി നിങ്ങൾക്ക് വഴിതെറ്റിക്കാണുമെന്ന്..." ഞങ്ങൾ ഇറങ്ങാൻ കുറച്ചു വൈകി... ഒരു ലോറികിട്ടാൻ കഷ്ടപ്പെട്ടു... അവസാനം അവിടെയടുത്തുള്ള ഒരാളുടെ സഹായത്തോടെ കിട്ടിയതാണ് ഈ വണ്ടി... "

"നിങ്ങളെ പ്രതീക്ഷിച്ച് കവലയിൽ ഗോപിമാഷ് നിനിരുന്നല്ലോ അവനെ കണ്ടില്ലേ... " "കണ്ടു.. അയാളാണ് ഡ്രൈവറോട് വഴി പറഞ്ഞു കൊടുത്തത്... അയാൾക്ക് എവിടേക്കോ അത്യാവശ്യമായി പോകുവാനുണ്ടെന്ന് പറഞ്ഞു... " "അതേതായാലും നന്നായി... " കേശവമേനോൻ വീടിന്റെ ചാവി ആ വൃദ്ധന്റെ കയ്യിൽ കൊടുത്തു... "വാതിൽതുറന്ന് വലതുകാൽ വച്ച് അകത്തേക്ക് കയറിക്കോളൂ... കയ്യിലുള്ള ബാഗെല്ലാം അവിടേക്ക് എടുത്തുവച്ചോളൂ... അപ്പോഴേക്കും രാമനും ഞാനും കൂടി സാധനങ്ങൾ ഇറക്കിവെക്കാം... " "അയ്യോ അതൊന്നും വേണ്ട... ഞാനും കുട്ടികളും കൂടി ഇറക്കിക്കോളാം... " "അതു പ്രശ്നമില്ല... നിങ്ങൾ അവിടെയിരുന്നോളൂ.. " മേനോനും രാമനും കൂടി വീട്ടുസാധനങ്ങൾ മുഴുവനുമിറക്കി... അപ്പോഴേക്കും അവർവന്ന കാർ പറഞ്ഞുവിട്ടിരുന്നു... "മോനെ എത്രയാണ് വാടക.. " ആ വൃദ്ധൻ ലോറി ഡ്രൈവറോട് ചോദിച്ചു... "നാലായിരത്തിയഞ്ഞൂറ്... " ഡ്രൈവർ പറഞ്ഞു...

" വൃദ്ധൻ പേഴ്സിൽനിന്നും പണമെടുത്തു... " നിൽക്ക്... അവിടുന്നിങ്ങോട്ട് നാലായിരത്തഞ്ഞൂറോ... ഇത് എവിടുത്തെ ചാർജ്ജാണ്... " അതുകേട്ട കേശവമേനോൻ ചോദിച്ചു... "ഞാൻ കിലോമീറ്റർ വാടകയാണ് പറഞ്ഞത്... " ഡ്രൈവർ പറഞ്ഞു... "വലിയ ലോറി വിളിച്ചാലും ഇത്രക്ക് വരില്ലല്ലോ... " അതേ നിങ്ങളോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാണ്... " "എന്തു പണിയുണ്ടെങ്കിലും അത്രയും പണം തരില്ല... ഒരു മൂവായിരം തരും... അതുതന്നെ കൂടുതലാണ്... " ഞാൻ പറഞ്ഞു എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ലെന്ന്... വണ്ടി വിളിച്ചത് ഇയാളാണ്... ഇയാളുടെ കയ്യിൽ നിന്നും പറഞ്ഞ പണം വാങ്ങിച്ചിട്ടേ ഞാൻ പോകൂ... "എന്നാൽ എന്റെ മോൻ പോയതുതന്നെ" കേശവമേനോൻ പറഞ്ഞു... "ഇതു വല്ല്യ ശല്യമായല്ലോ... മാറി നിൽക്ക് കിളവാ... " അതുംപറഞ്ഞ് ഡ്രൈവർ കേശവമേനോനെ പിടിച്ചുതള്ളി... അയാൾ പുറകിലേക്ക് തെറിച്ചുവീണു... എന്നാൽ സുരക്ഷിതമായ രണ്ടു കൈകൾ അദ്ദേഹത്തെ വീഴാതെ താങ്ങിനിർത്തി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story