കൃഷ്ണകിരീടം: ഭാഗം 30

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഒന്നു നിന്നേ... " കൃഷ്ണ തിരിഞ്ഞു നോക്കി... എന്റെ പെണ്ണിനെകാണാൻ ഇന്ന് അമ്പലത്തിൽ ആളുകൾ കൂടും... അത്രക്ക് മനോഹരമായിട്ടുണ്ട്... " കൃഷ്ണ ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു... "എന്നാൽ പോകാം..." അവളേയും കാത്ത് ഹാളിൽ നിൽക്കുന്ന നിർമ്മലയോടും കേശവമേനോനോടുമായി കൃഷ്ണ പറഞ്ഞു... "മോളെവിടേക്കാണ് ഇത്ര ധൃതിയോടെ പോയത്... " നിർമ്മല ചോദിച്ചു... "അതു ശരി... ഇന്ന് ഇത്രനല്ലൊരു ദിവസമായിട്ട് സ്വന്തം മക്കളോട് പറയാതിരിക്കുന്നതെങ്ങനെ... നിങ്ങൾ പറയില്ലെന്ന് എനിക്ക് മനസ്സിലായി... അന്നേരം ഞാൻ തന്നെ പറയാമെന്ന് കരുതി... " "എന്റെ ദേവീ... അവരോട് പറഞ്ഞോ നീ... എന്നാൽ അമ്പലത്തിൽ നിന്നും വന്നു കഴിഞ്ഞാൽ നിന്നു തിരിയാൻ സമയം കാണില്ല... " "അതിനെക്കുറിച്ച് ആലോചിച്ച് തല പുണ്ണാക്കേണ്ട... നമ്മൾ എല്ലാവരും കൂടി ഇന്നിവിടെ ഉത്സവമാക്കും... " "ഒന്നിനും എന്നെ കാക്കേണ്ട... അല്ലെങ്കിൽ തന്നെ രണ്ടു ദിവസമായി കൈക്ക് നല്ല വേദനയാണ്... രണ്ടുവർഷംമുന്നേ ബാത്രൂമിലൊന്ന് വീണതാണ്... ആ സമയമാകുമ്പോൾ വേദന വീണ്ടും കൂടും... " "അതിന് എന്റെ കയ്യിൽ നല്ലൊരു മരുന്നുണ്ട്... വന്നിട്ട് ഞാൻ തന്നെ പുരട്ടിത്തരാം... എന്നിട്ട് ഒരു സ്ഥലത്ത് അടങ്ങിയൊതുങ്ങി ഇരുന്നാൽ മതി... പണിയെല്ലാം ഞങ്ങൾ എടുത്തോളാം... ഇപ്പോൾ നമുക്ക് പോവാം... "

"അവർ മൂന്നു പേരും പുറത്തേക്കിറങ്ങി... കേശവമേനോൻ കാർ സ്റ്റാർട്ട്ചെയ്ത് തിരിച്ചിട്ടു... കൃഷ്ണയും നിർമ്മലയും അതിൽ കയറി... "അമ്പലത്തിലെത്തി വഴിപാട് കൌണ്ടറിൽ ചെന്ന് റെസീറ്റെഴുതി... അതിനുശേഷം അവർ അമ്പലത്തിലേക്ക് കയറി... നടക്കൽനിന്ന് തൊഴുത് തിരിയുമ്പോഴാണ് കൃഷ്ണയത് കണ്ടത്... അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... അവൾ നിർമ്മലക്കും കേശവമേനോനും അത് കാണിച്ചുകൊടുത്തു... അതുകണ്ട് അവരും സ്തംഭിച്ചു നിന്നു... ഇത്രയും കാലമായിട്ടും അമ്പലത്തിൽ കയറാതെനിന്ന ദത്തൻ മനസ്സു തുറന്ന് പ്രാർത്ഥിക്കുന്നു... "എന്താണിത് ദേവീ കാണുന്നത്... അവന് നീ നല്ല ബുദ്ധി തോന്നിച്ചുതുടങ്ങിയോ... " കേശവമേനോൻ നടക്കിലേക്ക് നോക്കി ചോദിച്ചു... "അത്ഭുതം തന്നെ... ഇങ്ങനെയൊരു കാഴ്ച കാണാൻ യോഗമുണ്ടായല്ലോ... " നിർമ്മലയും പറഞ്ഞു... "അവൻ ആരാണെന്ന് അവന് മനസ്സിലായി... ഇത്രയുംകാലം ചെയ്ത തെറ്റുകളും അവന് മനസ്സിലായി... അതാണിപ്പോൾ കാണുന്നത്... " കേശവമേനോൻ പറഞ്ഞു.. "എന്നാൽ അവർ തന്നെ ശ്രദ്ധിക്കുന്നതൊന്നുമറിയാതെ കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു ദത്തൻ... എന്താ ഗോവിന്ദമേനോനേ അന്താളിച്ചു... നിൽക്കുന്നത്... ആ പയ്യന്റെ പ്രാർത്ഥന കണ്ടിട്ടാണോ...

ഇതേ അനുഭവം കുറച്ചു മുന്നേ ഞങ്ങളെല്ലാവരും അനുഭവിച്ചതാണ്... " അമ്പലത്തിലെ തന്ത്രി പറഞ്ഞു... "എല്ലാവരും പറയും ഒരാൾ ചീത്തയാവാൻ ഒരു നിമിഷം മതി... എന്നാൽ ഒരാൾ നന്നാവാൻ അത്രയെളുപ്പം നടക്കില്ലെന്ന്... എന്നാൽ ഇത് വല്ലാത്തൊരത്ഭുതമാണ്... ഇത്രയും കാലം അവൻ ഭാസ്കരന്റെ വലയത്തിലായിരുന്നു... എന്നാൽ ദേവി ആ വലയിൽനിന്നവനെ പുറത്തെത്തിച്ചു... അതാണ് നമ്മൾ കാണുന്നത്..." "ശരിയാണ്... ഇത്രയും കാലം ഇവിടെ വരുന്നവർക്ക് ഒരു ശല്യക്കാരനായിരുന്നു ഇവൻ... അതുമൂലം ഇപ്പോൾ ആളുകൾ ഇവിടേക്ക് വരാതായി... എന്നാ ആ ആൾ ഇവിടെ ഇങ്ങനെ കാണുമ്പോൾ... ദൈവത്തിന് എത്ര ശക്തിയുണ്ടെന്ന് ഇപ്പോൾ മനസ്സിലാവുകയാണ്.... അമ്മേ ദേവീ... ഈ മാറ്റം എന്നും അവനിൽ ഉണ്ടായിരിക്കണേ... " തന്ത്രി ശ്രീകോവിലിനടുത്തേക്ക് നടന്നു.. കേശവമേനോനും നിർമ്മലയും കൃഷ്ണനും പുറത്തേക്കിറങ്ങി അമ്പലം പ്രദക്ഷിണം വെക്കാൻ തുടങ്ങി... പ്രദക്ഷിണം വച്ചവർ കാറിനടുത്തേക്ക് നടന്നു... " " വല്ല്യച്ഛാ ഒന്നു നിൽക്കുമോ... " പുറകിൽ നിന്ന് വിളി കേട്ടപ്പോൾ അവർ തിരിഞ്ഞു നോക്കി... ദത്തൻ അവരുടെയടുത്തേക്ക് നടന്നുവരുന്നതവർ കണ്ടു... "വല്ല്യച്ഛാ എന്ന് വിളിക്കാൻ യോഗ്യതയുണ്ടോ എന്നറിയില്ല... ഒന്ന് ഇത്രയും കാലം ഞാൻ അച്ഛനെന്ന് വിളിച്ച അയാളുടെ കൂടെ നിന്ന് ഒരുപാട് ദ്രോഹിച്ചതാണ് നിങ്ങളെ...

പിന്നെ യഥാർത്ഥത്തിൽ ഞാൻ അയാളുടെ മകനുമല്ല... അതുകൊണ്ട് നിങ്ങളെ അങ്ങനെ വിളിക്കാൻ എനിക്ക് യോഗ്യത കാണില്ല... എന്നാലും വിളിച്ചു പോയതാണ്... " "നിനക്ക് എന്നെ ഒരു വല്ല്യച്ഛന്റെ സ്ഥാനത്ത് കാണാൻ കഴിയുമെങ്കിൽ അങ്ങനെ വിളിക്കുന്നതിൽ ഒരെതിർപ്പുമില്ല... പിന്നെ നിന്നെ ഈ അമ്പലത്തിനുള്ളിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല... ആ ആൽമരത്തിനടുത്തുവരെയായിരുന്നല്ലോ നിന്റെ വരവ്... " "സത്യമാണ്... എനിക്ക് ഓർമ്മവച്ച കാലമിങ്ങോട്ട് ഈ അമ്പലത്തിൽ ഞാൻ കയറിയിട്ടില്ല... ഇവിടെയെന്നല്ല ഒരു അമ്പലത്തിലും പോയിട്ടില്ല... അങ്ങനെയൊരു ദൈവഭയത്തോടെയല്ല അയാളെന്നെ വളർത്തിയത്... എന്നാൽ ഇപ്പോൾ എന്നിക്കുമനസ്സിലായി... ദൈവം എന്നൊരാൾ ഉണ്ടെന്ന്.... അല്ലെങ്കിൽ വൈകിയാണെങ്കിലും ഞാനാരാണ് എന്താണ്... എന്റെ ജീവിതമെന്താണ് എന്നെല്ലാം മനസ്സിലാക്കാൻ സാധിക്കുമായിരുന്നോ... അതുകൊണ്ട് ഞാൻ ഒരിക്കലും മനസ്സിലാക്കാത്ത എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരമ്മയെ എനിക്ക് കിട്ടുമായിരുന്നോ... എന്റെ അമ്മയുടെ ഒരു ചെറിയ രൂപം മാത്രമേ എനിക്ക് ഓർമ്മ കിട്ടുന്നുള്ളൂ... അവരുടെ ഏട്ടൻ.,എന്റെ അമ്മാവൻ വരെ എന്നെ ഒരുപാട് ഉപദേശിച്ചിരുന്നു...

എന്നാൽ അദ്ദേഹം മരിക്കുന്നതുവരെ ഞാനദ്ദേഹത്തെ മനസ്സിലാക്കിയിരുന്നില്ല... ഇന്നെനിക്ക് അകെ സ്നേഹിക്കാനും എന്റെ സങ്കടങ്ങൾ പറയാനും എന്നെ പ്രസവിക്കാത്ത എന്റെ സ്വന്തം അമ്മ മാത്രമാണുള്ളത്... അതവിടെ നിൽക്കട്ടെ ഞാൻ നിങ്ങളെ വിളിച്ചത് ഇത്രയും കാലം എന്നിൽനിന്നുമുണ്ടായ എല്ലാ ദ്രോഹങ്ങൾക്കും മാപ്പപേക്ഷിക്കാനാണ്... അറിയാതെയാണെങ്കിലും ഇതുവരെ ചെയ്ത തെറ്റുകൾക്ക് മാപ്പ് തരണം... " "എന്താണ് കുഞ്ഞേ ഇത്... നീയൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ലല്ലോ... ഭാസ്കരൻ നിന്നിൽ പക കുത്തിവച്ചതല്ലേ... അതിന് എന്തിനാണ് മാപ്പപേക്ഷിക്കുന്നത്... ചെയ്ത തെറ്റ് മനസ്സിലാക്കി അതിൽ പശ്ചാതാപമുണ്ടാകുമ്പോൾ തന്നെ ചെയ്ത എല്ലാ തെറ്റുകളും ദൈവം പോലും പൊറുക്കും... നിനക്ക് മാത്രമല്ല എനിക്കും ഇവൾക്കും അവനിൽനിന്നും പണ്ട് ഒരുപാട് ദ്രോഹങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്... അതെല്ലാം ക്ഷമിച്ചു നിന്നതാണ് ഞങ്ങൾ... അവനെ നേരിടാനുള്ള ശക്തിയൊന്നും ഞങ്ങൾക്കില്ല എന്നതാണ് സത്യം... എന്തായാലും അവനെ നീ മനസ്സിലാക്കിയല്ലോ... അതുതന്നെ വളരെ നല്ല കാര്യം... ഇനിയും വഴിതെറ്റിപ്പോകാതെ നല്ലൊരു മനുഷ്യനായി ജീവിക്കുക... എന്നാൽ ശരി... നേരമൊത്തിരിയായി ഞങ്ങൾ നടക്കട്ടെ... "

കേശവമേനോൻ കാറിൽ കയറി... വഴിയെ നിർമ്മലയും... കൃഷ്ണ കയറുന്നതിനു മുന്നെ തിരിഞ്ഞ് ദത്തനെയൊന്ന് നോക്കി... പിന്നെയൊന്ന് ചിരിച്ചതിനുശേഷം അവളും കാറിൽ കയറി... അവർ വീട്ടിലെത്തുമ്പോൾ രാമൻ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു... "എന്താ രാമാ നീ ഇവിടെത്തന്നെ നിന്നത്... " കേശവമേനോൻ ചോദിച്ചു... "ഒന്നുമില്ല ഏമാനേ... കുട്ടികൾ രണ്ടുപേരുംകൂടി പുറത്തേക്ക് പോയതാണ് പോകുമ്പോൾ എന്നോട് ഇവിടെത്തന്നെ കാണണമെന്ന് പറഞ്ഞു... ഈ കൊച്ചിന്റെ മുത്തശ്ശൻ ഒറ്റക്കല്ലേ ഇവിടെ.. അതും വയ്യാതിരിക്കുന്ന സമയവും... "അതു നന്നായി രാമാ... അല്ലാ ആദിയും സൂര്യനും എവിടേക്കാണ് പോയത്... " "അവർ എന്തൊക്കെയോ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞു... നിങ്ങൾ വന്നാൽ നാലഞ്ച് തേങ്ങ പൊളിച്ചിടാനും പറഞ്ഞിരുന്നു... "നിർമ്മല കൃഷ്ണയെ നോക്കി... " എങ്ങനെയുണ്ട്... ഇനി വേണ്ടതു വേണ്ടാത്തതുമായ ഒരുപാട് സാധനങ്ങളുമായി വരും... വെറുതേ പണം ചിലവാക്കാൻ... അത് എന്തെങ്കിലും നല്ലകാര്യത്തിനാണെങ്കിൽ വേണ്ടില്ല... " "എന്താ ഇത് വേണ്ടാത്ത കാര്യമാണോ... സ്വന്തം അച്ഛനും അമ്മക്കും വേണ്ടിയല്ലേ... അതിന് കുറച്ച് പണം ചിലവാക്കിയാൽ കുഴപ്പമില്ല... " "ആഹാ... നീ തന്നെയാണോ ഇത് പറയുന്നത്... അവരുടെ കൂടെ കൂടി നീയും അവരുടെ സ്വഭാവം പഠിച്ചോ... " കൃഷ്ണ അതിന് മറുപടിയായി ഒന്നുചിരിച്ചു... കുറച്ചു കഴിഞ്ഞപ്പോൾ ആദിയും സൂര്യനും പച്ചക്കറിയും മറ്റുസാധനങ്ങളുമായി വന്നു...

കൂടെ ഒരു വലിയ കവറും... "എന്താടാ ഇത്... ഇവിടെ ആരുടെയെങ്കിലും വിവാഹമുണ്ടോ... " നിർമ്മല ചോദിച്ചു... "ഉണ്ട്... അച്ഛൻ ഒന്നുകൂടി കെട്ടാൻ തീരുമാനിച്ചു... അതിന് അമ്മക്കെന്തെങ്കിലും എതിർപ്പുണ്ടോ... " സൂര്യൻ ചോദിച്ചു... "ആ ഇനി വയസാംകാലത്ത് അതിന്റെ കൂടി ആവിശ്വമേയുള്ളൂ... എന്റെ പൊന്നുമോനാകും ബ്രോക്കർ അല്ലേ... " "അതേലോ... എന്താ പറ്റില്ലേ... " "എന്താ പറ്റായിക... അത് തന്നെയാണ് നിനക്ക് യോജിച്ച പണി... " "ഓ നമ്മൾക്കിട്ട് ഊതിയതാണല്ലേ... തൽക്കാലം അതുവേണ്ട... ഇതെല്ലാം അകത്തേക്ക് കൊണ്ടുപോയി വക്കണമല്ലോ... ഒന്ന് സഹായിച്ചൂടെ... " വേണമെങ്കിൽ രണ്ടുപേരുംകൂടി കൊണ്ടുപോയി വച്ചോ... ഞാൻ ആവിശ്വപ്പെട്ടില്ലല്ലോ ഇതൊന്നും വാങ്ങിക്കാൻ... ആരാണ് ആവിശ്യപ്പെട്ടതെന്നുവച്ചാൽ അവളേയും വിളിച്ചോ... " "അതിന് ആളിന്റെ പൊടി പോലും ഇവിടെ കാണുന്നില്ലല്ലോ... രാവിലെത്തന്നെ നമുക്ക് പണിതരാൻ വന്നതായിരിക്കും കൃഷ്ണേടത്തിയല്ലേ... " "ഞാനിവിടെയുണ്ട്... എവിടേക്കു ഒളിച്ചോടിയിട്ടൊന്നുമില്ല... " ഇവിടെയുണ്ടായിരുന്നോ... എന്നിട്ടാണോ എഴുന്നെള്ളാൻ താമസിച്ചത്... " ആദി ചോദിച്ചു... "അതേ രണ്ടാളും വന്ന് ചായയെന്ന് പറയുമ്പോൾ വല്ലതും തരേണ്ടേ... ഇല്ലെങ്കിൽ ഈ വീടുതന്നെ തലകീഴായി മറിക്കില്ലേ... " "അതിന് നീയാണോ ഇവിടെ ചായയുണ്ടാക്കുന്നത് അമ്മയല്ലേ... " "ഇന്നത്തെ ദിവസം അമ്മയെ അടുക്കളയിൽ നിന്ന് ഔട്ടാക്കി... " "അയ്യോ അത് വല്ലാത്ത ചതിയായിപ്പോയി... അപ്പോൾ ആരുണ്ടാക്കും ഇതെല്ലാം..." സൂര്യൻ ചോദിച്ചു.. "നമ്മളുണ്ടാക്കും.... എന്താ പറ്റില്ലേ... " "ഏട്ടാ ഗോപാലേട്ടന്റെ ഹോട്ടലിൽ നമുക്കുള്ള ഭക്ഷണം ഓഡർ ചെയ്തേക്ക്... ഒരു പരീക്ഷണത്തിന് മുതിരാൻ എനിക്ക് താല്പര്യമില്ല... ".......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story