കൃഷ്ണകിരീടം: ഭാഗം 39

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്റെ മനസ്സിൽ അന്നേരം അതൊന്നുമില്ലായിരുന്നു... ഒന്നുമാത്രമേയുണ്ടായിരുന്നുള്ളൂ... നിരപരാധികളായ ഒരുപാട് പെൺകുട്ടികളുടെ മാനം കവർന്നെടുത്ത് അവരെ മൃഗീയമായി കൊലപ്പെടുത്തിയ ആ നീചന്മാരുടെ മുന്നിൽ ഇനിയൊരു പെൺകുട്ടിയുടെ മാനം പോകരുതെന്നും അവരുടെ അജ്ഞാത പ്രേതം വല്ല നായയും കുറക്കന്മാരും കടിച്ചുകീറരുതെന്നും... അച്ഛൻ എപ്പോഴും പറയാറില്ല... നമുക്ക് കിട്ടിയ ഈ യൂണിഫോം ഒരു അലങ്കാരത്തിനുമാത്രമായി ഉപയോഗിക്കരുതെന്നും അതിന് അതിന്റേതായ മഹത്വമുണ്ടെന്നും... ആ മഹത്വം ജനസേവനമാണെന്നും... സ്വന്തം ജീവൻ വെടിഞ്ഞും മറ്റുള്ളവരെ രക്ഷിക്കുക എന്നതാണെന്നും... അത്രയേ ഞാൻ ചെയ്തുള്ളൂ... റിസ്കെടുത്ത് ഒരാളെ രക്ഷിക്കാൻ കഴിഞ്ഞാൽ അതിൽപരം പുണ്യം വേറൊന്നുമില്ല എന്നാണ് എന്റെ വിശ്വാസം... " അഖിലയുടെ സംസാരം കേട്ട് സേതുമാധവൻ ഉറക്കെ ചിരിച്ചു... "നീയെന്റെ മോളുതന്നെ... നീ ചെയ്തതാണ് കരക്റ്റ്.. സർവീസിൽ ഉള്ള കാലത്തോളം നമ്മളെക്കൊണ്ട് കഴിയുന്നതുപോലെ ചെയ്യണം... ആ കാര്യത്തിൽ എനിക്ക് ഏറ്റവും മതിപ്പുള്ളത് സൂരജിനോടാണ്... അവന്റെ ഉയർച്ചക്കുകാരണവും അവന്റെ ചങ്കൂറ്റം ഒന്നു കൊണ്ട് മാത്രമാണ്...

ഒരു പോലീസുകാരൻ എങ്ങനെയാകണമെന്ന് ഇന്നത്തെ തലമുറ അവനെ കണ്ട് പഠിക്കണം... ഒരുപാട് അസൂയ തോന്നിയിട്ടുണ്ട് ഈ ചെറുപ്രായത്തിൽ അത്രക്ക് പേരും പ്രശസ്തിയും നേടുക എന്നത് ചെറിയ കാര്യമല്ല...അവനെപ്പോലെ ഒരുത്തൻ തന്റെ മരുമകനായി വരുകയെന്നത്... സത്യത്തിന്റെ മുന്നിൽ നിൽക്കുന്ന ഏതൊരു മാതാപിതാക്കളുടേയും സ്വപ്നമാണ്... ഇപ്പോൾ അതേ ചങ്കൂറ്റമുള്ള ഒരു മകളുടെ അച്ഛനെന്ന നിലയിലും എനിക്ക് അതിയായ സന്തോഷമുണ്ട്... " "ഹാവൂ സമാധാനമായി... ഞാൻ കരുതി ഇതറിയുമ്പോൾ അച്ഛൻ എന്നെ ഒരുപാട് വഴക്കുപറയുമെന്ന്... " "എന്തിന്... നീ ചെയ്തത് നല്ല ഉദ്ദേശത്തോടെയല്ലേ... അതിന് എന്തിന് വഴക്കുപറയണം... എന്നാൽ ഇതുപോലെ ഒരു തീരുമാനമെടുക്കുമ്പോൾ മുന്നിൽ നടക്കാൻ സാധ്യതയുള്ള കാര്യവും ശ്രദ്ധിക്കണം... എന്നുവച്ചാൽ ഒന്നും എടുത്തുചാടി തീരുമാനമെടുക്കരുതെന്ന്... ഒരു കാര്യം പലവട്ടം ആലോചിക്കണം... അതിനുശേഷം ശരിയെന്ന് തോന്നുന്നതിനേ മുന്നിട്ടിറങ്ങാൻ പറ്റൂ... അതവിടെ നിൽക്കട്ടെ ഇവിടെ വരെ വന്നിട്ട് സൂരജെന്തേ കയറാതെ പോയത്... " "സൂരജേട്ടൻ അമ്മാവന്റെ വീട്ടിലേക്കാണ് പോകുന്നത്...

അവിടെ പുതിയ അനിയത്തിമാരെ കിട്ടിയിട്ടുണ്ടല്ലോ... ഇനി കുറച്ചു ദിവസം അവിടെയാണ് താമസമെന്ന് പറഞ്ഞത്... " "ഹാവൂ ഇപ്പോഴെങ്കിലും അവന് അവിടെ പോകാൻ തോന്നിയല്ലോ... വെറും അന്വേഷണവുമായി നടന്ന് വീട്ടുകാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല... അവനെ പറഞ്ഞിട്ട് കാര്യമില്ല... ഈ ജോലിതന്നെ അങ്ങനെയാണ്... " "അതല്ല ഇപ്പോഴത്തെ പുതിയ വാർത്ത... സൂരജേട്ടന്റെ അനിയത്തി ആരാണെന്നറിയോ... ഇന്നാണ് ഞാനത് അറിഞ്ഞത്... ആർ കെ ഗ്രൂപ്പിന്റെ എംഡി... " "എന്ത് പോഴത്തരമാണ് നീ പറയുന്നത്... ആർ കെ ഗ്രൂപ്പിന്റെ എംഡിയോ... അതിന്റെ എംഡി രാധാകൃഷ്ണമേനോനല്ലേ... അവൻ നാലുമാസം മുന്നേ മരിച്ചുപോയി... ഇപ്പോൾ അവന്റെ സഹോദരിയുടെ മകളാണ് എംഡി... ആ കൊച്ചിനെ ഞാൻ കണ്ടിട്ടുണ്ട്... നല്ല അടക്കവും ഒതുക്കവുമുള്ള പെൺകുട്ടി കൃഷ്ണേന്ദു എന്നോ മറ്റോ ആണ് പേര്... " "അതെ കൃഷ്ണ... അവൾ തന്നെയാണ് സൂരജേട്ടന്റെ ചെറിയമ്മയുടെ മകൾ.. "അപ്പോൾ രാധാമണി സൂരജിന്റെ ചെറിയമ്മയാണെന്നോ... അന്നേരം രാധാകൃഷ്ണൻ അവന്റെ, അമ്മാവനാവണമല്ലോ... പക്ഷേ അതെങ്ങനെ ശരിയാകും... അവർ രണ്ടുമക്കളാണല്ലോ..."

"അച്ഛന് അവരെ അറിയുമോ... " "നല്ല കഥ... അവളുടെ അച്ഛൻ മുകുന്ദൻ എന്റെ കൂട്ടുകാരനായിരുന്നു... നിന്റെ അമ്മക്കറിയാം... "സൂരജേട്ടന്റെ അമ്മയുടെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ് കൃഷ്ണയുടെ അമ്മൂമ്മയെ... എന്നാൽ അവളുടെ അമ്മയും അമ്മാവനും ജനിച്ച് കുറച്ചുകഴിഞ്ഞ് ആ ബന്ധം ഇല്ലാതായി... " "ആണോ... ഇതൊന്നും എനിക്കറിയില്ലായിരുന്നു... പാവം മുകുന്ദനും രാധാമണിയും അവന്റെ അമ്മയും ഒരാക്സിഡന്റിൽ മരിച്ചുപോയി... മുകുന്ദന്റെ, അച്ഛൻ ഗോവിന്ദമേനോനാണ് പാവം ആ കുട്ടികൾക്ക് ഏക ആശ്രയം... അയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്തോ... മുകുന്ദൻ പോയതിൽപ്പിന്നെ അവർ രാധാകൃഷ്ണന്റെ വീട്ടിലേക്ക് പോയതിൽപ്പിന്നെ അവരുമായി യാതൊരു ബന്ധവുമുണ്ടായിട്ടില്ല... " "അദ്ദേഹവും അവരുടെ കൂടെ സൂരജേട്ടന്റെ അമ്മാവന്റെ വീട്ടിലുണ്ട്... " "അതേയോ... എന്നാൽ എനിക്ക് അവിടെവരെയൊന്ന് പോകണം... ഒരുപാടയില്ലേ കണ്ടിട്ട്... മുകുന്ദന്റെ പേരിൽ ഒരു കള്ളക്കേസ് വന്നപ്പോൾ അത് ശരിയായ ദിശയിലാണ് പോകുന്നതെന്ന് കണ്ട് എന്നെ അതിൽനിന്ന് മാറ്റി പകരം അന്നത്തെ സി ഐ ശിശുപാലിനെ നിയമിച്ചതും കുറച്ചു കഴിഞ്ഞപ്പോൾ ആ കേസ് ഇല്ലാതായതും ഇന്നലെ കഴിഞ്ഞതു പോലെയാണ് എന്റെ മനസ്സിൽ...

അതുകഴിഞ്ഞ് അധികനാൾ കഴിയുംമുന്നേയാണ് അവൻ മരിച്ചത്... അതിൽ എനിക്ക് അന്നും ഇന്നും സംശയങ്ങൾ ബാക്കിയാണ്... അവൻ മരിച്ചതിനുശേഷം അവന്റെ അച്ഛനേയും പറക്കമറ്റാത്ത രണ്ട് കുരുന്നുകളേയും ഒന്നാശ്വസിപ്പിക്കാൻ വരെ എനിക്ക് കഴിഞ്ഞില്ല... "എന്നാൽ അച്ഛൻ പോകുമ്പോൾ ഞാനും വരാം... എനിക്കും അവരെയൊക്കെ പരിചയപ്പെടാമല്ലോ... " "എന്നാൽ അടുത്ത ഞായറാഴ്ച നമുക്ക് പോകാം... പക്ഷേ ഈ കാര്യം സൂരജിനോട് പറയേണ്ട... അവനൊരു സർപ്രൈസ് ആകട്ടെ... ഇതുമാത്രമല്ല അവരുമായി എനിക്കുള്ള ബന്ധവും പറയേണ്ട... " "അത് ഞാനേറ്റു... ഞാനും കണക്കു കൂട്ടിയത് അതുതന്നെയാണ്... എന്നാൽ ഞാൻ പോയി കുളിക്കട്ടെ... ഒരുപാട് ഓടിത്തളർന്നതാണ്... നല്ല ക്ഷീണം... അപ്പടി വിയർപ്പുമാണ്... " അഖില അകത്തേക്ക് നടന്നു... "എന്താണ് അച്ഛനും മോളും കുറച്ചു നേരമായി ഉമ്മറത്ത് നിന്ന് വലിയ ചർച്ച... " ഹാളിലേക്കുവന്ന അഖിലയുടെ അമ്മ ലളിത അവളോട് ചോദിച്ചു...

"ഒന്നുമില്ലമ്മേ... ഞങ്ങൾ പുതിയ കേസിനെക്കുറിച്ച് പറഞ്ഞതാണ്... " അത് ഞാൻ കേട്ടു... നോക്ക് ഞാനൊരു കാര്യം പറയാം... അച്ഛന്റെ ഡ്യൂട്ടിയോടുള്ള ആത്മാർത്ഥതയും ആരാധനയും കണ്ട് വളർന്ന നീ അതേ ഫീൽഡ് തിരഞ്ഞെടുത്തപ്പോൾ ഞാൻ എതിർക്കാതെ നിന്നത്... ആ പദവിയോടുള്ള ബഹുമാനം കൊണ്ടാണ്... എന്നു കരുതി നിന്റെ ഈ പ്രായത്തിലുള്ള ചോരത്തിളപ്പുണ്ടല്ലോ... അതൊന്ന് കുറക്കുന്നത് നല്ലതാണ്... നീയൊരു പെണ്ണാണോ എന്ന ഓർമ്മ വേണം... ആണും പെണ്ണുമായിട്ട് ഒന്നേ ദൈവം ഞങ്ങൾക്ക് തന്നിട്ടുള്ളൂ.... നിനക്കെന്തെങ്കിലും സംഭവിച്ചാൽപ്പിന്നെ ഞങ്ങൾജീവിച്ചിരിക്കുമെന്ന് തോന്നുന്നുണ്ടോ... " "തുടങ്ങി ഈ അമ്മ... അമ്മക്ക് ഇതല്ലാതെ പറയാൻ വേറൊന്നുമില്ലേ... എന്റെ ഡ്യൂട്ടിയല്ലേ ഇതെല്ലാം... അത് പറ്റില്ലെന്ന് പറഞ്ഞൊഴിയുന്നതിലും നല്ലത് ഒരു രാജിക്കത്ത് നൽകി ഇറങ്ങിപ്പോരുന്നതാണ്... എല്ലാ അച്ഛനമ്മമാർക്കും മക്കൾ ഉയരങ്ങളിലെത്തണമെന്നാണ് ആഗ്രഹം... ഇവിടെ അച്ഛൻ ആ ഗണത്തിൽ പെട്ടതാണ്...

എന്നാൽ അമ്മയോ... നേരെ തിരിച്ചും... ഞാനൊറ്റക്കല്ലല്ലോ സൂരജേട്ടനും കൂടെയുണ്ടല്ലോ... " "അവനൊരാണാണ്... അതുപോലെയാണ് നീ... " "അതെന്താ... അതുപോലെയാവാൻ പറ്റില്ലേ... അമ്മേ പണ്ടത്തെ കാലമല്ല ഇന്ന്... ഇപ്പോൾ ആൺപെൺ എന്ന വ്യത്യാസമൊന്നുമില്ല... അവനവന് സാധിക്കുന്ന എന്ത് കാര്യവും ചെയ്യാനുള്ള തന്റേടവും ബുദ്ധിസാമർത്ഥ്യവും ഒരു പെണ്ണിനുണ്ട്... തൽക്കാലം അമ്മ എന്തെങ്കിലും കഴിക്കാൻ എടുത്തുവക്ക്... നല്ല വിശപ്പുണ്ട്.... ഞാനൊന്ന് കുളിച്ചു വരാം... " അഖില മുറിയിലേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാവിലെ നടന്ന കാര്യങ്ങളോർത്ത് ആകെ വെറിപൂണ്ട് തന്റെ മുറിയിൽ നിൽക്കുകയായിരുന്നു ദത്തൻ... "തന്നെപ്പറ്റി അയാൾ എന്തും പറയട്ടെ... എന്നാൽ പാവം ആ അന്നയെ വച്ച് എന്ത് നാറിത്തരമാണ് ആ ചെറ്റ പറഞ്ഞത്.... ആ സമയത്ത് അവൾ കൂടെയുണ്ടായിരുന്നതിനാൽ അയാൾ രക്ഷപ്പെട്ടു... ഇല്ലെങ്കിൽ തീർത്തേനെ ഞാൻ ആ മഹാപാപിയെ... അവളെ കാണണം മാപ്പു പറയണം... ഇതിന്റെ പേരിൽ ഒരിക്കലും തന്നോട് ദേഷ്യം തോന്നരുതെന്ന് പറയണം... " ദത്തൻ പെട്ടന്ന് പുറത്തേക്ക് നടന്നു... " "മോനേ നീയെങ്ങോട്ടാ ഇത്ര തിടുക്കത്തിൽ... " സുഭദ്ര ചോദിച്ചു..

. "ഞാൻ ഇപ്പോൾ വരാം... എനിക്ക് അത്യാവശ്യമായി ഒരാളെ കാണണം... " ദത്തൻ അതു പറയുമ്പോൾ സുഭദ്ര അവന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി... "എന്താ മോനെ നിന്റെ മുഖം കനത്തിരിക്കുന്നത്... എന്തെങ്കിലും പ്രശ്നം... " "ഉം.. പ്രശ്നമുണ്ട്... ഇന്നു രാവിലെ ഞാൻ പോകുമ്പോൾ അയാൾ എന്റെ മുന്നിൽ വന്നിരുന്നു... " അവൻ എല്ലാ കാര്യവും അവനോട് പറഞ്ഞു... "ഈശ്വരാ... ആ ദുഷ്ടൻ ഒന്നിനായിട്ടാണല്ലോ... മോനേ അയാൾ അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ... നീയൊന്നിനും പോകേണ്ട... നിന്നെ പ്രലോഭിക്കാൻ അയാൾ എന്തും ചെയ്യും... അതാണ് അയാൾക്ക് വേണ്ടതും... എന്നാലല്ലേ അയാൾ ആഗ്രഹിച്ചതു പോലെ നടക്കുകയുള്ളൂ... " "അതെനിക്കറിയാം... പക്ഷേ എന്നെ അയാൾ എന്തുചെയ്താലും പറഞ്ഞാലും എനിക്കത് പ്രശ്നമില്ല... കാരണം അതൊന്നും എനിക്ക് പുതിയ കാര്യമല്ലല്ലോ... പക്ഷേ ആ പാവം പെൺകുട്ടിയെ അവളുടെ മുന്നിൽ വച്ച് അതും ആരോരുമില്ലാതെ അനാഥാലയത്തിൽ വളർന്ന ആ പാവത്തിനോട്... അതും എന്നെയും ചേർത്ത്... അത് എങ്ങനെ ക്ഷമിക്കാൻ പറ്റും... ഒരിക്കലും ഞാൻ അവളേയോ അവൾ എന്നേയോ അങ്ങനെ ഒരു രീതിയിൽ കണ്ടിട്ടില്ല... ഇനിയത് ഉണ്ടാവുകയുമരുത്....

എല്ലാ തെറ്റുകളും മനസ്സിലാക്കി പുതിയൊരു ജീവിതം മനസ്സിൽ കണ്ട് നടന്നവനായിരുന്നു ഞാൻ... അതിലൂടെ എനിക്കു കിട്ടിയ ഒരു സുഹൃത്തായിരുന്നു ആ പെൺകുട്ടി... ഞാൻ കാരണം അവൾ... ഒരിക്കലും ഒരു പെൺകുട്ടി കേൾക്കാൻ ആഗ്രഹിക്കാത്തതാണ് കേട്ടത്... " "സംസ്കാരമില്ലാത്തവർ പലതും പറയും... അതൊന്നും നമ്മൾ കേട്ടില്ലെന്ന് നടിക്കണം... ആ പെൺകുട്ടിയെ നീ കാണണം... എല്ലാം പറഞ്ഞ് മനസ്സിലാക്കണം.... അവൾ ഒരു കൃസ്ത്യാനിയാണെന്നല്ലേ പറഞ്ഞത്... എന്നാലും സാരമില്ല... അവൾക്ക് സമ്മതമാണെങ്കിൽ നീയവൾക്കൊരു ജീവിതം കൊടുക്കണം.... " "പറയാൻ എന്തെളുപ്പം... എന്റെ കാര്യങ്ങൾ കുറച്ചൊക്കെ അവൾക്കറിയാം... എന്നാൽ പൂർണ്ണമായും അറിഞ്ഞാൽ അവളെന്നല്ല ഒരു പെണ്ണും അതിന് തയ്യാറായില്ല... മാത്രമല്ല... എനിക്കും അവളെ അങ്ങനെ കാണാൻ കഴിയില്ല.... " "എന്തുകൊണ്ട് കഴിയില്ല.... ഞാൻ സംസാരിക്കാം അവളോട്... നീയവളെ എനിക്കൊന്നു പരിചയപ്പെടുത്തിത്തന്നാൽമതി...

അല്ലെങ്കിൽ അവൾ വളർന്ന ഓർഫണേജിൽ പോകാം... എല്ലാം കേട്ടുകഴിയുമ്പോൾ അവൾ സമ്മതിക്കും... എനിക്കുറപ്പുണ്ട്.... "എന്നാൽ അതിനെനിക്ക് താല്പര്യമില്ല.... കാരണം എന്റെ ലക്ഷ്യം ഇപ്പോൾ മറ്റൊന്നാണ്... എന്റെ പിതൃത്വത്തിന്റെ കാരണക്കാരൻ... അതാരാണെന്ന് എനിക്കറിയണം... അയാൾ അംഗീകരിക്കണം... അത് അയാളേയോ അയാളുടെ കുടുംബത്തിന്റേയോ നാശം കാണാനില്ല... മറിച്ച് എന്റെ അമ്മയെ എന്തിനാണ് ചതിച്ചതെന്നറിയാൻ... അതുമാത്രമറിഞ്ഞാൽ മതി... " "അതിന് ഞാൻ എതിരുനിൽക്കുന്നിന്നില്ല... ഇന്നല്ലെങ്കിൽ നാളെ നീയതറിയും എന്നെനിക്ക് വിശ്വാസവുമുണ്ട്... പക്ഷേ അതും നിന്റെ വിവാഹവും തമ്മിലെന്താണ് ബന്ധം... ഏതായാലും ഞാനീക്കാര്യവുമായി മുന്നോട്ട് പോവുകയാണ്... നീ എതിരുനിൽക്കാഞ്ഞാൽ മതി....... " ദത്തൻ അവരെയൊന്ന് നോക്കി.... പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story