കൃഷ്ണകിരീടം: ഭാഗം 43

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അറിയാം... ഒന്നും അത്ര പെട്ടന്ന് മറക്കുന്നവനല്ല ഞാൻ... എന്റെ ശരീരത്തിൽ വീണ ഓരോ അടിയും അത്ര പെട്ടന്ന് മറക്കില്ല... ആ കേശവമേനോന്റേയും മക്കളുടേയും അന്ത്യം എന്റെ കൈ കൊണ്ടാണ്... ഇപ്പോൾ ആ ഗണേശനെ അവർ ജോലിക്ക് തിരിച്ചെടുത്തിരിക്കുകയാണ്... അത് എന്ത് മനസ്സിൽ കണ്ടാണെന്ന് എനിക്കറിയില്ല... പക്ഷേ ഒരുകണക്കിന് അത് നല്ലതാണ്... ആദ്യം ആർ കെ ഗ്രൂപ്പ്... അത് നമ്മടെ കയ്യിലായാൽ ആ കേശവമേനോനും മക്കൾക്കും ഹാലിളകും... അതാണ് വേണ്ടതും... അതോടെ അവരുടെ അന്ത്യം അടുത്തുവെന്ന് കരുതിയാൽ മതി... അതിന് പറ്റിയ ആളുകൾ എന്റെ കയ്യിലുണ്ട്... ചില കളികൾ കളിക്കാൻ പോവുകയാണ് ഞാൻ.... അച്ഛൻ കണ്ടോ... " സുധാകരൻ പുറത്തേക്ക് നടന്നു... " "സുധാകരാ... നീയെന്താണ് ചെയ്യാൻ പോകുന്നത്... നോക്ക്... പണ്ട് നീ കളിച്ചതിനെല്ലാം അവർ നല്ലരീതിയിൽ തന്നെ നിനക്ക് തന്നതാണ്... ഇനിയും അതുപോലെയുണ്ടാവരുത്... അവസാനം നമ്മളാഗ്രഹിച്ചതുപോലും ഇല്ലാതാക്കരുത്... "

"അച്ഛൻ പേടിക്കാതെ... ഒന്നുകിൽ ഇതിലൂടെ നമ്മൾ മനസ്സിൽ കണ്ടതെല്ലാം നടക്കും... നടത്തിയിരിക്കും ഞാൻ... ഇനി കാത്തിരിക്കാൻ എനിക്കുവയ്യ... " "ഇപ്പോഴും നീ കാര്യം പറഞ്ഞില്ല... " "കേട്ടറിയുന്നതിനേക്കാളും നല്ലത് കണ്ടുകൊണ്ട് സായൂജ്യമടയുന്നതല്ലേ... അച്ഛൻ നോക്കിക്കോ... ഞാനെന്താണ് ചെയ്യുന്നതെന്ന്... ഇതിലൂടെ പല കണക്കുകളും ഞാൻ തീർക്കും..." അതുപറഞ്ഞ് സുധാകരൻ നടന്നു.... "ഇവനെന്തുഭാവിച്ചാണ്... ഉള്ളതും കൂടി ഇല്ലാതാക്കാതിരുന്നാൽ മതി... " കരുണാകരൻ ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അകത്തേക്ക് നടന്നു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കൃഷ്ണ ഓഫീസിലെ തന്റെ കാബിനിലിരുന്ന് എന്തോ കണക്കുകൾ നോക്കുകയായിരുന്നു... ആ സമയത്താണ് നകുലൻ അവളുടെയടുത്തേക്ക് വന്നത്... " "എന്താണ് നകുലേട്ടാ... " കൃഷ്ണ ചോദിച്ചു... അത് ഞാൻ പറയുന്ന ചില കാര്യങ്ങൾ കൃഷ്ണ എങ്ങനെയെടുക്കുമെന്ന് അറിയില്ല... എന്നാലും എനിക്കത് പറയാതിരിക്കാനും കഴിയില്ല... " "അതെന്താ അത്ര വലിയ പ്രശ്നം... " കൃഷ്ണ നകുലനെ നോക്കി... "വീട്ടിൽ നിന്നും ഇറങ്ങിയതുമുതൽ പല ജോലിയും അന്വേഷിച്ച് നടന്നിട്ടുണ്ട് ഞാൻ... എന്നാൽ എന്നെ അറിയാവുന്നവർ അച്ഛനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു...

എന്നാൽ അയാൾ ആ ജോലിയെല്ലാം മുടക്കുകയാണുണ്ടായത്... അവസാനം ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെയിരുന്നപ്പോഴാണ്... കിട്ടില്ലെന്നറിഞ്ഞിട്ടും ഇവിടെ നിന്റെ മുന്നിൽ ഒരു ജോലിക്കുവേണ്ടി കൈനീട്ടാൻ വന്നത്... എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്... എന്റെ തെറ്റുകൾ പൊറുത്ത് എനിക്കിവിടെ നീ ജോലി തന്നു... അത് ഈ മരണംവരെ ഞാൻ മറക്കില്ല... അങ്ങനെയുള്ള നീയും ഈ ഗ്രൂപ്പും ഒരു അപകടത്തിലേക്ക് പോകുന്നത് നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല... " "അപകടമോ... എന്തപകടം... " ഇവിടെ നടക്കുന്നത് പലതും കൃഷ്ണ അറിയുന്നില്ല... അതോ അറിഞ്ഞുകൊണ്ട് മിണ്ടാതിരിക്കുന്നതാണോ എന്നും അറിയില്ല.... " "നിങ്ങൾ കാര്യമെന്താണെന്നുവച്ചാൽ പറയ് നകുലേട്ടാ... " ഞാൻ ഇവിടെ ജോലിക്ക് വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ... അതിനിടയിൽ എന്റെ അടുത്തുവരുന്ന പല കണക്കുകളിലും എന്തൊക്കെയോ തിരിമറികൾ നടക്കുന്നുണ്ട്... ആദ്യമൊക്കെ ഞാൻ ഇത് അഭിലാഷുമായി സംസാരിച്ചു... അവനതിന് വലിയ ഗൌരവം കാണിക്കാതിരുന്നപ്പോൾ... വേണുഗോപാൽസാറുമായി സംസാരിച്ചു... അദ്ദേഹം പറഞ്ഞ കാര്യമാണ് എന്നെ വേദനിപ്പിച്ചത്... "

"വേണുവങ്കിൾ എന്താണ് പറഞ്ഞത്..." "തരുന്ന കണക്കുകൾ അതെങ്ങനെയായാലും ഈ ടേബിളിലെത്തുമ്പോൾ കറക്ററായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്... ഇവിടെ പലരീതിയിലുള്ള കണക്കുകളും വരും... അതെന്താണ് എങ്ങനെയാണ് എന്നൊന്നും അന്വേഷിക്കേണ്ട കാര്യം നിനക്കില്ല... ഇനി ഇതുപോലെ വല്ല സംശയവുമായിവന്നാൽ ഉള്ള ജോലിയും ഇല്ലാതാകുമെന്ന് പറഞ്ഞു... " "അപ്പോൾ ഇതിനിടയിൽ അങ്ങനെ ചില കാര്യങ്ങൾ നടക്കുന്നുണ്ടല്ലേ... വെറുതെയല്ല പല കണക്കുകളും ശരിയാവാത്തത്... ഈ കാര്യം നകുലേട്ടൻ എന്നോട് പറഞ്ഞത് അവരറിയേണ്ട... എന്താ വേണ്ടതെന്നു വച്ചാൽ ഞാൻ ചെയ്തോളാം... " "ഇതുമൂലം എനിക്കൊരു പ്രശ്നവുമുണ്ടാവരുത്... ഞാൻ നിന്റെ നന്മയോർത്ത് പറഞ്ഞതാണ്... എന്നാൽ ഞാൻ സീറ്റിലേക്ക് ചെല്ലട്ടെ... കൂടുതൽ നേരം ഇവിടെയിരുന്നാൽ അവർക്ക് സംശയം തോന്നും... " "എന്നാൽ നകുലേട്ടൻ ചെല്ല്... ഇതിന്റെ പേരിൽ നകുലേട്ടന് ഒന്നും വരില്ല... അത് ഞാൻ ഉറപ്പുതരാം... " നകുലൻ അവിടെനിന്നും പുറത്തേക്ക് പോയി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ദത്താ... എന്താണ് നിന്റെ അടുത്ത പരിപാടി... " ആദി ചോദിച്ചു... "എന്ത് പരിപാടി... മനസ്സിലായില്ല... "

"അതല്ല... നിനക്ക് ഇപ്പോൾ ഒരമ്മയുണ്ട്... സ്നേഹിക്കാൻ ഒരു പെണ്ണുമുണ്ട്... അധികം താമസിക്കാതെ നീ വിവാഹിതനുമാവും... അന്നേരം ഇവിടുന്നു കിട്ടുന്ന തുച്ചമായ ശമ്പളംകൊണ്ട് ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകുവാൻ പറ്റുമോ... " "അതെന്താ പറ്റാത്തത്... ഇപ്പോൾ രണ്ടുപേർക്ക് ഇവിടുന്നു കിട്ടുന്ന ശമ്പളംകൊണ്ട്ചിലവ് കഴിച്ചാലും ബാക്കിയാണ്... പിന്നെ വിവാഹം കഴിയുമ്പോഴല്ലേ... അന്നേരം എന്തെങ്കിലും മാർഗ്ഗമുണ്ടാകും... പറമ്പിലെ നാളികേരം വിറ്റാൽ തന്നെ തെല്ലൊരു വരുമാനമുണ്ടാകും... " "അതെനിക്കറിയാം... ഒട്ടും മോശമല്ലാത്ത കുടുംബമാണ് നിങ്ങളുടേതെന്ന്... പക്ഷേ അതല്ലല്ലോ... എത്രകാലം നീ ആ വരുമാനം കൊണ്ട് കഴിയും... നിന്റെ അച്ഛനെന്ന് പറയുന്നവൻ ഏതുവിധേനയും അതെല്ലാം കൈക്കലാക്കാൻ നോക്കും... അന്നേരം എന്തുചെയ്യും... " "അങ്ങനെയൊരു പൂതിയുമായി അയാൾ വരട്ടെ... അന്നയാളുടെ അന്ത്യമായിരിക്കും... " "പറയാൻ എളുപ്പമാണ്... അയാളെ നീ അറിയുന്നതിനേക്കാളും എനിക്കും എന്റെ വീട്ടുകാർക്കുമറിയാം....

നീയന്നു ചോദിച്ചല്ലോ എന്താണ് ഞങ്ങളും അയാളും തമ്മിലുണ്ടായ പ്രശ്നമെന്ന്... നിനക്കറിയോ... ഒരുകാലത്ത് അയാൾ ചെയ്ത തെറ്റുകാരണം ഒരു കുടുംബംവരെ കൂട്ട ആത്മഹത്യയ്ക്ക് മുതിർന്നൊരു സമയമുണ്ടായിരുന്നു... " "നീയെന്താണ് പറഞ്ഞുവരുന്നത്.... " ദത്തൻ ചോദിച്ചു... "പുത്തലത്ത് തറവാട്.... പുത്തലത്ത് കൃഷ്ണൻകുട്ടി മേനോൻ... അദ്ദേഹത്തിന് രണ്ട് മക്കളാണ്... നിർമ്മല എന്ന എന്റെ അമ്മയും അവരുടെ ഏട്ടത്തി ശശികലയും... നിന്റെ അച്ഛൻ എന്നുപറയുന്ന ഭാസ്കരമേനോൻ ഈ ശശികലയുമായി അടുത്തു... എന്നാൽ അതൊരു ചതിയാണെന്നറിയാതെ ശശികല അയാളെ ആത്മാർത്ഥമായിട്ട് സ്നേഹിച്ചു... അത് എല്ലാ അർത്ഥത്തിലും അവർ അയാളിലേക്ക് ലയിച്ചു... പക്ഷേ അയാളുടെ തനിനിറം അവര് കണാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ... ഈ ശശികല ഗർഭിണിയായി... എന്നാൽ ആ വിവരം അവര് ആരോടും പറഞ്ഞില്ല... ഭാസ്കരമേനോനോടുമാത്രം പറഞ്ഞു... എന്നാൽ അയാൾ അവരെ പരിഹസിച്ചു... വെറുതെ ചിരിയും കളിയുമായി അടുത്തുവന്ന എന്നോട് കൂടുതൽ അടുത്ത് സർവ്വവും എനിക്ക് സമർപ്പിച്ച നിന്നെ എന്തുവിശ്വാസത്തിലാണ് ഞാൻ സ്വീകരിക്കുക യെന്നും...

നാളെ മറ്റൊരാൾ ഇതുപോലെ നിന്റെയടുത്തുവന്നാൽ അയാൾക്കും നീ കിടക്കവിരിക്കില്ലെന്നാരുകണ്ടു എന്നും ചോദിച്ചു... ആ വാക്ക് അവരെ ആകെ തളർത്തി... അവർ അയാളെ തല്ലി... എന്നാൽ അതിന് പ്രതികാരമായി അയാൾ ചെയ്തതെന്താണെന്നറിയോ... ആ നാട്ടിൽ മുഴുവൻ അവിടെ പണിക്കു വന്നിരുന്ന ഏതോ തമിഴനുമായി അവർക്ക് അരുതാത്ത ബന്ധമുണ്ടെന്നും... അതിലൂടെ അവൾ ഗർഭിണിയായെന്നും... ആര് എപ്പോൾ വേണമെങ്കിൽ ചെന്നാലും കൂടെ ഒരു രാത്രി കഴിയാൻ അവർ തയ്യാറാണെന്നും പറഞ്ഞു പരത്തി... ഇത് അവരുടെ അതായത് എന്റെ അമ്മയുടെ അച്ഛന്റെ ചെവിയിലുമെത്തി... അദ്ദേഹം ഒരുപാട് അവരെ തല്ലി... എന്നാൽ പോലും അവർ എന്നെങ്കിലും തെറ്റു മനസ്സിലാക്കി ഭാസ്കര മേനോൻ തന്റെയടുത്തേക്ക് വരുമെന്ന പ്രതീക്ഷയിൽ അയാളുടെ പേര് പുറത്തുപറഞ്ഞില്ല... " "എന്നിട്ട് അയാൾ വന്നിരുന്നോ... " "അയാളോ... അയാൾ വന്നില്ല... മാത്രമല്ല അയാൾ രാത്രികാലങ്ങളിൽ ഓരോരുത്തരെ ആ വീട്ടിലേക്ക് പറഞ്ഞയച്ചു തുടങ്ങി... രാത്രികാലങ്ങളിൽ ആ വീടിന്റെ വാതിലിൽ മുട്ടാത്തവർ ചുരുക്കമായിരുന്നു... എന്നാൽ ഒരാൾ മാത്രം അയാളുടെ കളികൾ കണ്ടുപിടിച്ചു...

എന്റെ അച്ഛൻ... അച്ഛൻ ഈ വിവരം അച്ഛന്റെ ചെറിയച്ഛനോട് പറഞ്ഞു... അതു കേട്ട അയാൾ ഒരുപാട് വേദനിച്ചു... അന്ന് വീട്ടിലെത്തിയ അയാളോട് അച്ഛന്റെ ചെറിയച്ഛൻ ഇതിനെ പറ്റി ചോദിച്ചു... അയാൾ ഒഴിഞ്ഞുമാറി... എന്നാൽ അച്ഛന്റെ ചെറിയച്ഛൻ വിട്ടു കൊടുത്തില്ല... അവളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു... അയാളതിന് സമ്മതിച്ചില്ല... വേണമെങ്കിൽ അവരുടെ അനിയത്തിയെ അതായത് എന്റെ അമ്മയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു... എന്നാൽ അതിലുള്ള ചതി മനസ്സിലാക്കി അച്ഛന്റെ ചെറിയച്ഛൻ അയാളോട് ദേഷ്യപ്പെട്ടു... അങ്ങനെ എന്തൊക്കെയോ തർക്കങ്ങൾക്കൊടുവിൽ അയാളെ ചെറിയച്ഛൻ തല്ലി... ദേഷ്യം വന്ന ഭാസ്കരമേനോൻ സ്വന്തം അച്ഛനാണെന്ന് നോക്കാതെ ചെറിയച്ഛനെ തിരിച്ചു തല്ലി... ഒരുതവണയല്ല പലതവണ...

ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടതിനുശേഷം പൊന്നു പോലെ നോക്കിയ മകൻ തന്നെ തല്ലിയതിൽ അയാൾ ഒരുപാട് വേദനിച്ചു... അദ്ദേഹം നേരെ അച്ഛന്റെയടുത്തുവന്നു... കാര്യങ്ങൾ പറഞ്ഞു... പോകാൻ നേരം അദ്ദേഹം ഒന്നേ അച്ഛനോട് ആവിശ്യപ്പെട്ടിട്ടുള്ളൂ... ഒരിക്കലും എന്റെ അമ്മ ആ ദുഷ്ടന്റെ കയ്യിൽ എത്തപ്പെടരുതെന്നും അമ്മയെ അച്ഛൻ വിവാഹം കഴിക്കാമെന്നും വാക്കു തരാൻ പറഞ്ഞു... അച്ഛൻ അദ്ദേഹത്തിന് വാക്കുതൽകി... എന്നാൽ അവിടെനിന്നും പോയ അദ്ദേഹം വീട്ടിൽ എത്തിയില്ല... പോകുന്ന വഴിയിലുള്ള പാടവരമ്പത്ത് കുഴഞ്ഞുവീണു മരിച്ചുവെന്ന വാർത്തയാണ് അറിഞ്ഞത്... " "എന്നാൽ അതിലൊന്നും കുലുങ്ങിയില്ല ഈ ഭാസ്കരമേനോൻ... അയാളുടെ തനിനിറം പുറത്തുവരുന്നതേയുണ്ടായിരുന്നുള്ളൂ...." .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story