കൃഷ്ണകിരീടം: ഭാഗം 58

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"കൃഷ്ണ ഇതറിയരുത്... അവളെ, ഓഫീസിൽ വിട്ട് ആദി തിരിച്ചു വരുമ്പോഴേക്കും ഞങ്ങൾ അവന്റെ കൂടെയെത്തും... അവിടുന്ന് ഞങ്ങൾ നേരെ കരുണാകരന്റെ വീട്ടിലേക്ക്... അന്നേരം നകുലൻ ഓഫീസിലെത്തിയിട്ടുണ്ടാകും... ആണായിട്ട് അയാൾ മാത്രമേ വീട്ടിൽ കാണൂ... അതാണ് നമുക്ക് വേണ്ടതും... " സൂരജ് പറഞ്ഞു... "സൂക്ഷിക്കണം... വയസ്സായെങ്കിലും ആ കരുണാകരന് വീര്യം കൂടിയിട്ടേയുള്ളൂ... അത് അന്ന് ഇവിടെ വന്നപ്പോൾ കണ്ടതല്ലേ... അയാളെ സഹായിക്കുന്നവർ എപ്പോഴും കൂടെയുണ്ടാകും... " "ഉണ്ടാകട്ടെ... അപ്പോഴല്ലേ കളിക്കൊരു ത്രില്ലുണ്ടാകൂ... പിന്നെ കൃഷ്ണ മാത്രമല്ല നമ്മളും ദത്തനുമല്ലാതെ ഒരീച്ചപോലം ഇതേപ്പറ്റി അറിയരുത്..." "ഞാനായിട്ട് ആരോടും പറയുന്നില്ല... പിന്നെ ഇന്നത്തെ പോലെ മറ്റുള്ളവരെ പേടിപ്പിക്കരുത്... എപ്പോൾ വിളിച്ചാലും ഫോണെടുക്കണം... പറഞ്ഞേക്കാം... " "അത് ആ സമയത്ത് അങ്ങനെ ചെയ്യേണ്ടിവന്നു... ഞങ്ങളറിയോ ആ കരക്റ്റ് സമയത്തുതന്നെ അവൾ വിളിക്കുമെന്ന്... " "കരുതണം... മറ്റുള്ളവരെപ്പോലെയല്ല കൃഷ്ണമോള്... എന്താ ഏതാണ് എന്നൊക്കെ ചിന്തിക്കാനുള്ള കഴിവ് അവൾക്കില്ല... കാരണം അവളുടെ ജീവിതസാഹചര്യംത്തന്നെ അങ്ങനെയുള്ളതായിരുന്നല്ലോ...

അതുകൊണ്ടാണ് പറയുന്നത്... ഇനിയുമവൾ വേദനിക്കരുത്... " "ഇല്ല അച്ഛാ അവൾ വേദനിക്കില്ല... ഈ ഇടശ്ശേരി കേശവമേനോന്റെ അനന്തിരവൾ മാത്രമല്ല... മുത്ത മരുമകളുമാണവൾ... ഇനിയൾ വേദനിക്കില്ല.. അവൾ മാത്രമല്ല നന്ദുമോളും... നമ്മൾ ജീവനോടെയിരിക്കുമ്പോൾ അങ്ങനെയുണ്ടാവില്ല... " ആദി പറഞ്ഞു... "അതുമതിയെനിക്ക്... എല്ലാം നല്ലപോലെ നടന്നാൽ മതിയായിരുന്നു... " "നടക്കും... എല്ലാം നല്ലതായിതീരും... ദൈവമിപ്പോൾ നമ്മുടെ കൂടെയാണ്... " ആദി പറഞ്ഞു.... "അവർ നാലുപേരും വീട്ടിലേക്ക് നടന്നു... എന്നാൽ അവരേയുംനോക്കി രാജേശ്വരി ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു... "നിങ്ങൾ നാലുപേർക്കുമെന്താണ് ഒരു സ്വകാര്യം... അതും ഞങ്ങളാരും അറിയാത്ത കാര്യങ്ങൾ... " "ഒന്നുമില്ല... ഇവരെ ഇങ്ങനെ അഴിച്ചുവിട്ടാൽ പറ്റില്ല... നിങ്ങളുടെ മുന്നിൽ വച്ച് ഇവരോട് സംസാരിച്ചാൽ ശരിയാവില്ല... കാരണം എന്തൊക്കെപ്പറഞ്ഞാലും നിങ്ങൾ ഒന്നാകും... ഉപദേശിക്കാൻ വന്ന ഞാൻ പുറത്താവും... അതുകൊണ്ട് ഇവിടെനിന്നും മാറ്റിനിർത്തി സംസാരിക്കാമെന്ന് കരുതി... " "എന്നിട്ട് എന്റെ മക്കൾ നന്നായോ... എവിടെയല്ലേ... പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും അത് വളഞ്ഞല്ലേ നിൽക്കൂ...

അതുപോലെയാണ് ഇവരുടെ അവസ്ഥയും... " "ഇനിയതുണ്ടാകില്ല... അഥവാ ഉണ്ടായാൽ... എന്റെ ആ പഴയ സ്വഭാവം ഞാനിങ്ങെടുക്കും... അത് ഇവർക്ക് നന്നാവില്ല... " "അയ്യോ അതൊന്നും വേണ്ട... ഇവർക്ക് ഇന്നൊരു അബദ്ധം പറ്റിയതാണ്... ആ തെറ്റവർക്ക് മനസ്സിലായിട്ടുമുണ്ട്... ഇനിയവർ അങ്ങനെ ചെയ്യില്ല... " "ഇപ്പോഴെങ്ങനെയുണ്ട്... ഞാൻ നേരത്തെ പറഞ്ഞില്ലേ നിങ്ങൾ ഒന്നാകുമെന്ന്... " "അല്ലാതെപിന്നെ... ഞങ്ങൾ എപ്പോഴും ഒന്നാണ്... ണടഇപ്പോൾ നിങ്ങൾ ഭക്ഷണം കഴിക്കാൻ കൈകഴുകി വന്നോളൂ... അതു പറഞ്ഞ് രാജേശ്വരി ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു... " "വിജയൻ വന്നില്ലേ ഇതുവരെ കേശവമേനോൻ വിളിച്ചുചോദിച്ചു... "വിജയേട്ടനെത്താൻ വൈകും ആരേയോ കണ്ടിട്ടേ വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു... നിങ്ങൾ കഴിച്ചോളൂ...." രാജേശ്വരി പറഞ്ഞു.... "എന്റെ അച്ഛാ... ഇത് വല്ല നാടകത്തിലും സിനിമയിലുമാണെങ്കിൽ അവാർഡ് ഉറപ്പാണ്... എന്തൊരു അഭിനയമാണ്... " സൂര്യൻ പറഞ്ഞു... "അല്ലാതെ ഞാൻ സത്യം മുഴുവൻ അവളോട് പറയണമായിരുന്നോ... "

"അമ്മാവൻ ഇപ്പോൾ ചെയ്തതാണ് കരക്റ്റ്... എല്ലാം പരിയവസാനിക്കുന്നതുവരെ ആരും ഇതേ പറ്റി അറിയേണ്ട... " സൂരജ് പറഞ്ഞു... "അതു സത്യം തന്നെ... പക്ഷേ ഇനിയാണ് കടമ്പകൾകൂടുതൽ... കാരണം നിങ്ങൾ ആ ഏമാന്മാരെ പെട്ടന്ന് കണ്ട് അവരെ നമ്മുടെ വരുതിയിൽ എത്തിച്ചില്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ടതിന് ഫലമില്ലാതെ പോകും... " കേശവമേനോൻ പറഞ്ഞു... "അതോർത്ത് അച്ഛൻ പേടിക്കേണ്ട... ദത്തൻആ കാര്യം നോക്കിക്കോളും... അങ്ങനെയുള്ള കാര്യത്തിന് അവനെ കഴിഞ്ഞേ മറ്റാരുമുള്ളൂ... " ആദി പറഞ്ഞു... "എന്നാൽ പ്രശ്നമില്ല... ഇനി ഇവിടെ നിന്ന് സംസാരിക്കേണ്ട... വാ ഭക്ഷണം കഴിക്കാം... അവർ അകത്തേക്കു നടന്നു... "അടുത്തദിവസം രാവിലെ കൃഷ്ണയുമായി ഓഫീസിലേക്ക് പോവുകയായിരുന്നു ആദി.. "ആദിയേട്ടാ സത്യം പറയണം... നിങ്ങൾ ഇന്നലെ എവിടെ പോയതായിരുന്നു...

നിങ്ങൾ മൂന്നും ഇന്നലെ പറഞ്ഞതത്രയും നുണയാണെന്ന് എനിക്കറിയാം... സത്യം പറ... എവിടെയായിരുന്നു നിങ്ങൾ... " കൃഷ്ണ ചോദിച്ചു... "അതെന്താ ഞങ്ങൾ പറഞ്ഞത് നുണയാണെന്ന് കരുതാൻ കാരണം... " "അതുണ്ട്... കുറച്ചു ദിവസങ്ങൾ മാത്രമാണ് ഒരു ഓഫീസുമായി ബന്ധമുള്ളൂവെങ്കിലും കുറച്ചൊക്കെ അതേ പറ്റി എനിക്കറിയാം... അതുമാത്രമല്ല ഈ മീറ്റിങ്ങ് നടത്തുന്നത് കരിയും മാറാമ്പലുമുള്ള സ്ഥലത്താണോ... അതേതാണ് ആ സ്ഥലം... നിങ്ങൾ മറ്റെന്തോ ലക്ഷ്യത്തിനാണ് പോയതെന്ന് എനിക്ക് മനസ്സിലായി... അതാണ് എനിക്കറിയേണ്ടത്... " "കരിയും മാറാമ്പലുമുള്ള സ്ഥലമോ... നീയെന്താണ് ഉദ്ദേശിക്കുന്നത്... " "ഇന്നലെ ഇട്ടിരുന്ന നിങ്ങളുടെ ഷർട്ടിൽ അതെല്ലാം കണ്ടു... " അതു കേട്ടപ്പോൾ ആദിയുടെ ഉള്ളൊന്നാളി... "കൃഷ്ണേ... നീ പറഞ്ഞത് ശരിയാണ്.. പക്ഷേ അത് എന്താണെന്ന് നീയോ വീട്ടുകാരോ അറിയാനായിട്ടില്ല... എല്ലാം നമുക്കു വേണ്ടിയാണെന്ന് മനസ്സിലാക്കിയാൽ മതി... കുറച്ചുദിവസം... അത്രയേ കാത്തിരിക്കേണ്ടൂ... അതുകഴിഞ്ഞ് എല്ലാം പറയാം... അതുവരെ ഇതിനെപ്പറ്റി ഞങ്ങളോടോ വീട്ടുകാരോടോ ചോദിക്കാനോ പറയാനോ ശ്രമിക്കരുത്... സമയമാകുമ്പോൾ എല്ലാം നിങ്ങളറിയും... "

"അതെന്താ ഞങ്ങളെയെല്ലാവരേയും മറച്ചുപിടിച്ചുകൊണ്ട് ചെയ്യുന്നത്... ആദിയേട്ടാ വെറുതേ ഓരോ വയ്യാവേലിക്ക് നിൽക്കരുത്..." "അതിന് അത്ര വലിയ കാര്യങ്ങളൊന്നും ഞങ്ങൾ ചെയ്യുന്നില്ലല്ലോ... പിന്നെ ഒരു സത്യം കൂടി പറയാം... ഇതെല്ലാം സൂരജ് അന്വേഷിക്കുന്ന കേസിന്റെ ഭാഗമാണെന്നുകൂടി അറിഞ്ഞോ... അല്ലാതെ ആരേയും തല്ലാനും കൊല്ലാനുമൊന്നും പോവുകയല്ല... ഇനി ഇതേ പറ്റി സംസാരം വേണ്ട... പിന്നെ ഇന്നും അതുപോലെ ഒരു കാര്യത്തിലാണ് പോകുന്നത്... ഇന്നലത്തെപ്പോലെ ആവശ്യമില്ലാത്ത കാര്യത്തിന് വിളിക്കുകയൊന്നും വേണ്ട... " "ഓ ഇപ്പോൾ ഞാൻ വിളിക്കുന്നതാകും പ്രശമല്ലേ... ഇല്ല വിളിക്കുന്നില്ല പോരേ... " അതിന് ആദിയൊന്നും പറഞ്ഞില്ല... കൃഷ്ണയെ ഓഫീസിലിറക്കി ആദി നേരെ സൂരജ് പറഞ്ഞ സ്ഥലത്തെത്തി... അവനെയും കാത്ത് സൂരജും സൂര്യനുമവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു...അവിടെ ആഴിയുടെ കാർ റോഡ്സൈഡിൽ പാർക്ക് ചെയ്തതിനുശേഷം അവർ സൂരജിന്റെ കാറിൽ സുധാകരന്റെ വീട്ടിലേക്ക് പുറപ്പെട്ടു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഓഫീസ്സിലെത്തിയ കൃഷ്ണ തന്റെ കാബിനിൽ ആദി പറഞ്ഞ കാര്യങ്ങൾ ഓരോന്നോർത്തിരിക്കുകയായിരുന്നു... ആ സമയത്താണ് നകുലൻ അവിടേക്ക് വന്നത്... "എന്താ നകുലേട്ടാ " "കൃഷ്ണേ എനിക്ക് ഒരു കാര്യം പറയാനുണ്ട്... ബാംഗ്ലൂരുള്ള സാഗർ കമ്പനിക്ക് നമ്മുടെ ഗ്രൂപ്പുമായി പുതിയൊരു ബന്ധം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു... അത് നമുക്ക് കൂടുതൽ ലാഭമുണ്ടാക്കും... നമ്മൾ അയക്കുന്ന സാധനങ്ങൾ ക്വാളിറ്റിയുള്ളതാണെന്ന് അവർക്ക് ബോധ്യമായാൽ കൂടുതൽ ഓഡറുകൾ നമുക്കു കിട്ടും... അവരിപ്പോൾ നാട്ടിലുണ്ട്... സമ്മതമാണെങ്കിൽ നമുക്ക് സംസാരിക്കാം... " "നകുലേട്ടൻ അവരോട് വരാൻ പറയൂ... " "ഇവിടെവച്ച് അതിനെപ്പറ്റി ഒരു സംസാരം വേണ്ട... നമുക്ക് പുറത്തെവിടെയെങ്കിലും വച്ച് അവരെ മീറ്റുചെയ്യാം... അല്ലെങ്കിൽത്തന്നെ ഈ ഗ്രൂപ്പ് തകർക്കാൻ കച്ചകെട്ടിയിറങ്ങിയവരാണ് നമ്മുടെ കൂടെയുള്ള പലരും... അവരാരും ഇതറിയാതെ നോക്കണം... " "അതു ശരിയാണ്... എന്നാൽ പറ്റിയൊരു സ്ഥലത്ത് നമുക്ക് അവരുമായി മീറ്റുചെയ്യാം... " "എന്നാൽ കുറച്ചുകഴിഞ്ഞ് നമുക്ക് പോകാം... കൂടെ സബപ്പർവൈസർ രാമചന്ദ്രനേയും കൂട്ടാം... വിശ്വസിക്കാൻ പറ്റിയ ഒരാളാണ് അദ്ദേഹം... "

"എന്താണ് വേണ്ടതെന്നു വച്ചാൽ നകുലേട്ടൻ ചെയ്തോളൂ പോകുന്ന സമയത്ത് എന്നെ അറിയിച്ചാൽ മതി ഞാൻ വരാം... " നകുലൻ തലയാട്ടിക്കൊണ്ട് സമ്മതിച്ചു... പിന്നെ അവിടെനിന്നും തന്റെ സീറ്റിലേക്ക് നടന്നു... കൃഷ്ണ ഈ വിവരം ആദിയെ അറിയിക്കാൻ ഫോണെടുത്തു... എന്നാൽ പെട്ടന്നാണ് വിളിക്കേണ്ടെന്ന കാര്യം പറഞ്ഞത് അവളോർത്തത്... അവൾ കുറച്ചുനേരം ആലോചിച്ചു.. പിന്നെ ഒരു വോയിസ് മെസ്സേജ് ആദിയുടെ നമ്പറിലേക്ക് അയച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കരുണാകരൻ പത്രവും വായിച്ച് ഉമ്മറത്തെ കസേരയിൽ ഇരിക്കുകയായിരുന്നു... അന്നേരമാണ് ഒരു കാറ് മുറ്റത്ത് വന്നു നിന്നത്... അതിൽനിന്നും സൂരജാണ് ആദ്യം പുറത്തിറങ്ങിയത്... സൂരജിനെകണ്ട് കരുണാകരൻ എഴുന്നേറ്റു... "ആരാണ് മനസ്സിലായില്ലല്ലോ... സുധാരകനെ കാണാനാണെങ്കിൽ അവൻ ഇവിടെയില്ല ഒരാഴ്ച കഴിഞ്ഞേ വരൂ... " കരുണാകരൻ പറഞ്ഞു... "ഞാൻ നിങ്ങളെ കാണാനാണ് വന്നത്... " സൂരജ് പറഞ്ഞു... "എന്നോയോ എന്താ കാര്യം... എനിക്കങ്ങട്ട് നിങ്ങളെ പിടികിട്ടിയില്ലല്ലോ... "

ആ സമയത്ത് ആദിയും സൂര്യനും കാറിൽ നിന്നിറങ്ങി... അവരെ കണ്ടപ്പോൾ കരുണാകരന്റെ കണ്ണുകൾ കുറുകി... "നിങ്ങൾ ആ കേശവമേനോന്റെ മക്കളല്ല... ഗോവിന്ദന്റെ പേരക്കുട്ടിയുടെ ഇപ്പോഴത്തെ രക്ഷകർ... " അതേലോ... വയസ്സ് ഇത്രയായിട്ടും ഓർമ്മശക്തിക്ക് കുറവൊന്നുമില്ല അല്ലേ... " "അങ്ങനെ ഒരു കാര്യവും മറക്കുന്നവനല്ല ഈ കരുണാകരൻ... എന്റെ മറവി അന്വേഷിക്കാൻ വന്നതാണോ നീയൊക്കെ... " "അത് അന്വേഷിക്കേണ്ടകാര്യമില്ലല്ലോ... എല്ലാവർക്കുമത് നന്നായി അറിയുന്നതല്ലേ... അതിനൊന്നുമല്ല ഇപ്പോൾ ഞങ്ങൾ വന്നത്.... നിങ്ങളെ ഒരു കാര്യം പറഞ്ഞ് സന്തോഷിപ്പിക്കുവാനാണ്... പിന്നെ വർഷങ്ങൾക്കുമുന്നേ ഇവിടെ നിങ്ങളുടെ കയ്യിൽ ഒരു സാധനം ഏൽപ്പിച്ചിരുന്നു... ഏൽപ്പിച്ചു എന്നു പറയാൻ വയ്യ... കൈപ്പിടിയിലാക്കി എന്നുവേണം പറയാൻ.. അത് തിരിച്ചുവാങ്ങിക്കാനാണ് വന്നത്... " ആദി പറഞ്ഞു... "എന്തു സാധനത്തിന്റെ കാര്യമാണ് നീയൊക്കെ പറയുന്നത്... " "അതു പറയാം... അതിനുമുമ്പ് നിങ്ങൾക്ക് സന്തോഷിക്കാനുള്ള കാര്യം പറയാം.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story