മണിവാക: ഭാഗം 10

manivaka

രചന: SHAMSEENA FIROZ

സന്ധ്യാ നേരമായിട്ടും ചിഞ്ചുവിനെ കാണാത്തതിനെ തുടർന്ന് ഗേറ്റിന് പുറത്തേക്കു ഇറങ്ങി വന്നതാണ് ചന്ദന..മുഖത്ത് ടെൻഷൻ നിറഞ്ഞിരുന്നു..കൂടെ കൂടെ വഴിയിലേക്ക് നോക്കുന്നുണ്ട്. വസുവിന്റെ ബുള്ളറ്റ് അവൾക്കു മുന്നിൽ വന്നു നിന്നു..ചന്ദുവിന്റെ ഭാവം മാറി..അതുവരെ അസ്വസ്ഥത തളം കെട്ടി നിന്ന മുഖത്ത് ഒരേ സമയം അത്ഭുതവും ഞെട്ടലും പരിഭ്രമവുമെല്ലാം മാറി മാറി കളിയാടി.തന്നെ കാണുമ്പോൾ ആ മുഖത്ത് ഉണ്ടാകുന്ന ഈ പരിഭ്രമമാണ് താൻ ഇഷ്ടപ്പെട്ടു പോകുന്നതെന്ന് വസു ഓർത്തു.. അറിയാതെ ചുണ്ടുകളിൽ നിന്നും ഒരു ചെറു ചിരി ഉതിർന്നു.. "എന്താ ഇവിടെ നിൽക്കുന്നത്.? " അവൾ ചിഞ്ചുവിനെ നോക്കി നിൽക്കുന്നതാവുമെന്ന് അവൻ ഊഹിച്ചിരുന്നു.എന്നിട്ടും ചോദിച്ചു.. "അത് ചിഞ്ചു ശ്രുതിയോടൊപ്പം അങ്ങോട്ട്‌ പോയിട്ടുണ്ട്..ഇതുവരെ എത്തിയില്ല.. " വസുവിനോടു പറയുമ്പോഴും ചന്ദനയുടെ കണ്ണുകൾ വഴിയിലേക്ക് നീളുന്നുണ്ടായിരുന്നു. "ടെൻഷൻ അടിക്കണ്ട..അവര് വരുന്നുണ്ട്..ഞാനിപ്പോ വഴിയിൽ വെച്ച് കണ്ടിരുന്നു.. "

അത് കേട്ടപ്പോഴാണ് ചന്ദനയ്ക്കു സമാധാനമായത്.മുഖത്ത് ആശ്വാസം നിറഞ്ഞു.എന്നാലും വസു അടുത്തുള്ളതിന്റെ ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു.. "ഇതാണോ വീട്..? " വസു ഗേറ്റിനകത്തേക്ക് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു..അവളും ഒന്ന് അതേ ഭാഗത്തേക്ക് കണ്ണോടിച്ചു. ശേഷം ആണെന്ന് തലയാട്ടി.. "അയ്യർ ഫാമിലിയാണല്ലെ..? " ശരൺ പറഞ്ഞു അക്കാര്യം അറിയാമെങ്കിലും അവനെ ചോദിക്കാൻ പ്രേരിപ്പിച്ചതു ആ വീടിന്റെ നിർമാണ രീതിയായിരുന്നു..ഒരു ബ്രാഹ്മണ ഭവനമാണെന്ന് ഏതൊരാൾക്കും എളുപ്പം മനസ്സിലാക്കാം..അതിനും അവൾ തല കുലുക്കി.. "ഇതിപ്പോഴും മാറിയില്ലേ ഈ തല കുലുക്കൽ..എന്ത് ചോദിച്ചാലും ഇത് മാത്രമേയുള്ളൂ..ഞാൻ മിനിയാന്ന് പറഞ്ഞത് മറന്നോ..? പെൺകുട്ടികൾ ആയാൽ ഇത്രയ്ക്കു പാവമാകാൻ പാടില്ല..അത്യാവശ്യം ധൈര്യവും തന്റേടവുമൊക്കെ ആവാം.. " അവൾക്കു എന്ത് പറയണമെന്ന് അറിഞ്ഞില്ല..ഇപ്രാവശ്യവും തല കുലുക്കാൻ പറ്റില്ല.ഒരു മറുപടിക്കായി തപ്പി തടഞ്ഞു.ഒപ്പം തന്നെ തിരിഞ്ഞു ഗേറ്റ്ന് അകത്തേക്ക് നോക്കുകയും ചെയ്തു..

അവളുടെ മുഖത്ത് അതിയായ ടെൻഷൻ നിറയുന്നത് അവൻ അറിഞ്ഞു..അതിന്റെ കാരണം എന്തെന്നും വ്യക്തമായി.. അതുകൊണ്ട് ഉടനെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു..പെട്ടെന്ന് ആയത് കൊണ്ട് ആ ശബ്ദത്തിൽ അവളൊന്നു ഞെട്ടി. "ഇവിടെയാണ് വീടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇനി കാണുമോന്നുള്ള ആ ചോദ്യം ഞാൻ ഒഴിവാക്കുമായിരുന്നു.. വീണ്ടും കാണാം.. " അവൻ കണ്ണടച്ച് ചിരിച്ചു..ഒപ്പം തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തു..ആ ചിരിയുടെ പൊരുൾ എന്തെന്ന് അവൾക്കു മനസ്സിലായില്ല.. പക്ഷെ ശരീരത്തിന്റെ വിറയൽ അവസാനിച്ചു..ഒന്നു കൂടെ തിരിഞ്ഞു നോക്കി തന്റെ അപ്പ പുറത്ത് ഒന്നും ഇല്ലെന്ന് ഉറപ്പിച്ചു.. അന്നേരം മാത്രമാണ് അവൾക്കു മുഴുവനായും ആശ്വാസം തോന്നിയത്..അപ്പോഴേക്കും ചിഞ്ചുവും ശ്രുതിയും എത്തിയിരുന്നു.. "എത്ര നേരമായി..പോകുമ്പോഴേ ഞാൻ പറഞ്ഞതല്ലേ സന്ധ്യയ്ക്കു മുന്നേ ഇങ്ങ് എത്തണമെന്ന്.. അപ്പാവുടെ രീതികളൊക്കെ നിനക്ക് അറിഞ്ഞൂടെ..സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ പുറത്തേക്കു ഇറങ്ങുന്നതൊന്നും അപ്പായ്ക്കു ഇഷ്ടമല്ല..എന്തിനാ വെറുതെ നിന്നോടുള്ള ദേഷ്യം നീയായി തന്നെ വർധിപ്പിക്കുന്നത്.." "സന്ധ്യ കഴിഞ്ഞാൽ മാത്രമല്ലല്ലോ.. നിന്റെ അപ്പ എപ്പോഴും പുറത്തേക്കു വിടില്ലല്ലോ..

ഏതു നേരവും നിന്നെയും ചൈതുവിനെയും അകത്തു കെട്ടി പൂട്ടി വെക്കുകയല്ലേ ചെയ്യാറ്.. എനിക്ക് വയ്യന്റെ ചന്ദു ഇങ്ങനെ കാറ്റും വെളിച്ചവുമൊന്നും കൊള്ളാതെ ഇതിനകത്തു തന്നെ.. " "അവിടെയും ഇവിടെയും കറങ്ങി നിന്നു നേരം ഇരുട്ടിച്ചതും പോരാ, ഇപ്പോ ചന്ദുവിന്റെ അപ്പയ്ക്കായി കുറ്റം..അല്ലേടി..? ഞാൻ അപ്പോഴേ പറഞ്ഞതാ ചന്ദു വേഗം വരാമെന്ന്..ഇവൾക്ക് അപ്പോ അവിടെത്തെ കുളം കാണണം തോട് കാണണം എന്നൊക്കെ പറഞ്ഞിട്ടാ.. വേഗം ഇവളെയും വലിച്ചു അകത്തേക്ക് കയറാൻ നോക്ക്.. ഇല്ലേൽ ഇന്നും ഇവള് കാരണം നിനക്ക് നല്ലത് കിട്ടും ചന്ദു.. " "നിനക്ക് സമയം ആയെങ്കിൽ നീ പോയി വീട്ടിൽ കയറടീ.. ചന്ദു...ഇതിലൂടെ ഇപ്പം ആരേലും പോയോ ടീ..? " ചിഞ്ചു ശ്രുതിയെ നോക്കി മുഖം തിരിച്ചിട്ട് ചന്ദുവിന് നേരെ തിരിഞ്ഞു.. "ആര്..? " ചന്ദുവിന് മനസ്സിലായില്ല. "ആരെന്ന് ചോദിച്ചാൽ... ആാാ ഇപ്പോ ഇതിലൂടെ ഒരു ബുള്ളറ്റ് പോയോ..? " "ആ പോയി.. " "അതിൽ ഇരിക്കുന്നയാൾ നിന്നോട് മിണ്ടുകയോ ചിരിക്കുകയോ മറ്റും ചെയ്തോ..? " ചിഞ്ചു ആകാംഷയോടെ ചോദിച്ചു...

"ഉവ്വ്..എന്താ ഇവിടെ നിക്കണേന്നും ഇതാണോ വീടെന്നുമൊക്കെ ചോദിച്ചു.. " "അതെയോ..? അപ്പോ ആള് അത്ര ജാട ടൈപ്പ് ഒന്നുമല്ല..ചന്ദുവിനോട് പരിചയം കാണിച്ചിട്ടുണ്ട്.. പിന്നെ എന്താണാവോ ഞങ്ങളെ കണ്ടപ്പോ മൈൻഡ് ചെയ്യാത്തത്.. ഇനി ഞാൻ മിനിയാന്ന് വായി നോക്കുന്നത് കണ്ടു കാണുമോ..? " ചിഞ്ചു ആരോടെന്നില്ലാതെ പറഞ്ഞു.. "ചിഞ്ചു...മിനിയാന്ന് എന്നെ അടിച്ച ആ ചേട്ടന്റെ കാര്യമല്ലേ നീയിപ്പോ ചോദിച്ചത്..ആ ചേട്ടൻ ഇത്തിരി മുൻപേ ഇതിലൂടെ പോയെ ഉള്ളു..നിങ്ങളെ വഴിയിൽ വെച്ച് കണ്ടെന്നും പറഞ്ഞു.." "അവനോ..അവനെന്തിനാ നിന്നോട് സംസാരിച്ചത്..അപ്പോ വേറാരും പോയില്ലേ ഇതിലൂടെ..? " "ഇവളോട് മാത്രം അല്ലല്ലോ.. ഞങ്ങളോടും സംസാരിച്ചല്ലോ.. അതെന്തിനാ അപ്പോ..നീ വെറുതെ ഇനി അതിൽ പിടിച്ചു തൂങ്ങണ്ട ചിഞ്ചു..പിന്നെ നീ ചോദിച്ചത് ആ മറ്റേ ചേട്ടന്റെ കാര്യമാണെന്ന് എനിക്ക് മനസ്സിലായി..ഈ ഒരൊറ്റ വഴിയല്ലല്ലോടീ ഇതിലൂടെ ഉള്ളത്..ആ സൈഡ് റോഡിൽ കൂടെ എങ്ങാനും പോയി കാണും.അതല്ലേ ടൗണിലേക്ക് എളുപ്പം.. " "ഏതു മറ്റേ ചേട്ടൻ..? "

ചന്ദുവിന്റെ മുഖത്ത് സംശയം.. "അതൊന്നുമില്ല..നീ പോയെ ശ്രുതി.. നേരത്തെ വല്യ തിരക്ക് ഉണ്ടായിരുന്നല്ലോ വീടെത്താൻ.. ഇപ്പോ എന്തെടി നിനക്ക് പോകണ്ടേ.." ചിഞ്ചു ശ്രുതിയെ നോക്കി കണ്ണുരുട്ടി.. "ഞാൻ പോകുവാ.. അല്ലേലും നിന്റൊപ്പം ഇവിടെ കൂടാമെന്നൊന്നും കരുതിയിട്ടില്ല.. ചന്ദുവിന് ഓസ്കാർ കൊടുക്കണം നിന്നെയൊക്കെ സഹിക്കുന്നതിന്.. " ശ്രുതി മുഖവും വീർപ്പിച്ചു തന്റെ വീട്ടിലേക്കു നടന്നു.. "ചിഞ്ചു..സത്യം പറാ..എന്താ അവളു പറഞ്ഞതിന്റെ അർത്ഥം.." "എന്റെ ചന്ദുക്കുട്ടി..അതൊക്കെ ഞാൻ വിശദമായി തന്നെ പറഞ്ഞു തരാം..കുറച്ചൊക്കെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്..ഇനി അതിന്റെ ബാക്കി കുറച്ച് കൂടെയുണ്ട്.. എന്നാലും കംപ്ലീറ്റ് അല്ല താനും.." "നീ ഇതെന്തൊക്കെയാ പറയുന്നത്. അന്നൊരുവട്ടം പറഞ്ഞ ആ കാര്യം തന്നെയാണോ..? ആ തിരു രൂപത്തിന്റെ..?? " ചന്ദുവിന്റെ മുഖത്ത് വീണ്ടും സംശയം.. "അതേല്ലോ..ഇനിയൊരു വട്ടം കൂടെ കാണുമെന്നു ഞാൻ കരുതിയതല്ലാ.. കണ്ടു..ആളെ ഇപ്പോ നിനക്കും കണ്ട് പരിചയമുണ്ട്..ആളെ ഞാൻ നിന്നോട് പറയാം..പക്ഷെ സമയം ആയിട്ടില്ല..

എനിക്ക് അറിയണം അയാളെ കുറിച്ച്.." " നീ ആരെയും പ്രണയിക്കരുതെന്നു ഞാൻ പറയില്ല ചിഞ്ചു..പറയാനുള്ള അവകാശം എനിക്ക് ഇല്ലാത്തതു കൊണ്ടല്ല..പക്ഷെ ഞാൻ അങ്ങനെ പറഞ്ഞാൽ അത് ഞാൻ നിന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയാകുന്നത് പോലെയായിരിക്കും..നിന്റെ പപ്പ നിനക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും നൽകിയിട്ടുണ്ട്..പക്ഷെ അതിവിടെ ഉപയോഗിക്കരുത് ചിഞ്ചു.. അറിയാമല്ലോ അപ്പയെ... നിന്നോടുള്ള ദേഷ്യം വർധിക്കും.. നീ ആരെയെങ്കിലും പ്രണയിക്കുന്നു എന്നറിഞ്ഞാൽ അപ്പ പറയും നീയും നിന്റെ അമ്മായെ പോലെയാണെന്ന്..പിന്നെ നിന്നെ ഇവിടെ താമസിപ്പിക്കുന്നതു പോയിട്ട് ഇവിടേക്ക് ഒന്ന് അടുപ്പിക്കുക കൂടി ചെയ്യില്ല.. അതെനിക്ക് സഹിക്കാൻ കഴിയില്ല.. എനിക്ക് മാത്രമല്ല,,എന്റെ അമ്മയ്ക്കും..പൂർണി ചിറ്റയെ നഷ്ടപ്പെട്ടു പോയിട്ടും ആ വേദന അമ്മ അറിയാത്തതു നീ ഇങ്ങനെ അരികിൽ ഉള്ളത് കൊണ്ടാ.." "അയ്യോ..അപ്പോഴേക്കും നീ സെന്റി അടിക്കാൻ തുടങ്ങിയോ..എന്റെ പൊന്നു ചന്ദു..ഞാൻ ആരെയും പ്രണയിച്ചു നടക്കാനോ അമ്മയെ പോലെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇറങ്ങി പോകാനോ ഒന്നും പോകുന്നില്ല..

പക്ഷെ മനസ്സിൽ ഒരാളുണ്ട്..നിന്നോട് സൂചിപ്പിച്ച അന്ന് തന്നെ പപ്പയോടും സൂചിപ്പിച്ചതാണ്..ഒരിക്കലും പപ്പ എതിര് നിൽക്കില്ല..അതെനിക്ക് ഉറപ്പാ..അത് പോലെത്തന്നെ ഞാൻ കാരണം ഈ വീടിനോ നിന്റെ അപ്പയ്ക്കോ നിനക്കോ ഒരു പേരുദോഷവും ഉണ്ടാകാനും പോണില്ല..അത് പേടിച്ചു നിന്റെ അപ്പ നിന്നെ എന്നിൽ നിന്നും അകറ്റില്ല..അത് പോരെ.. " "മതി.. " ചന്ദന പുഞ്ചിരിച്ചു.. ** "അമ്മാ..ബ്രേക്ക്‌ ഫാസ്റ്റ്..ലേറ്റ് ആകുന്നു.." വസു കൈ കഴുകി വന്നു ഡെയ്നിങ് ടേബിളിന് മുന്നിലിരുന്നു.. "നിനക്ക് എന്താടാ ഇത്ര തിരക്ക്.. പോയി പോയി കഴിക്കാനുള്ള സമയവും ഇല്ലാണ്ടായോ..? " രാധിക കാസറോളുമായി വന്നു.. "അങ്ങനെ ചോദിക്കെന്റെ ആന്റി.. ഇവന്റെ തിരക്ക് കണ്ടാൽ തോന്നും ഈ ലോകത്തു ഇവൻ മാത്രമാണ് ജോലിക്ക് പോകുന്നതെന്ന്.. " ഫോണിൽ തുഴഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി വന്ന ശരൺ വസുവിന് ഒപോസിറ്റുള്ള ചെയർ വലിച്ചിട്ടിരുന്നു.. "അതൊക്കെ മനസ്സിലാകണമെങ്കിൽ നീയൊരു ജോലിക്ക് പോയി തുടങ്ങണം ശരൺ..

അല്ലാതെ ഏതു നേരവും ഇങ്ങനെ ഫോണും കറക്കവുമൊക്കെയായി നടന്നാൽ മനസ്സിലാകില്ല.. " "ഓ..പിന്നെ..ഒരു വല്യ ജോലിക്കാരൻ വന്നിരിക്കുന്നു..നീ ഫുൾ ടൈം ബിസി ആണല്ലോ..എന്താ നിനക്ക് അതിനും മാത്രം ജോലിയെന്നാ എനിക്ക് മനസ്സിലാകാത്തത്.. പറയുന്നത് കേട്ടാൽ തോന്നും നീ വർക്ക്‌ ചെയ്യുന്ന ASK കൺസ്ട്രക്ഷൻ മുഴുവനായും നിന്റെ തലയിലാണെന്ന്..നീ അതിന്റെ ഒരു എഞ്ചിനീയർ പോസ്റ്റിൽ ഇരിക്കുന്നെന്നല്ലെ ഉള്ളു.." "ഇതിന്റെ ഉത്തരമാ ഞാൻ ആദ്യം തന്നെ നിനക്ക് തന്നത്..നീയൊരു ജോലിക്ക് പോകാൻ തുടങ്ങ്.. എന്നിട്ടു മതി ഈ വക ചോദ്യങ്ങളൊക്കെ.. പിന്നെ ജോലിയോട് ആത്മാർത്ഥത കാണിക്കുന്നവർ എന്നും ആ ജോലിയുമായി ബന്ധപ്പെട്ടു ബിസി ആയിരിക്കും.അതിനിനി ആ സ്ഥാപനത്തിന്റെ ഉടമ ആവണമെന്നില്ല...".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story