മണിവാക: ഭാഗം 12

manivaka

രചന: SHAMSEENA FIROZ

"എന്താ..എന്തുപറ്റി..? " ചന്ദനയുടെ ഭയന്നു കിതയ്ക്കുന്ന രൂപം കണ്ടു വസു തെല്ലു പരിഭ്രമത്തോടെ ചോദിച്ചു.. ചന്ദനയ്ക്കു ഒന്നും പറയാൻ പറ്റിയില്ല.. നന്നേ കിതക്കുന്നുണ്ടായിരുന്നു.. ഒപ്പം വണ്ടിയുടെ മുന്നിലേക്ക് തെറിച്ചതിന്റെ പേടിയും..പക്ഷെ അവൾ പുറകിലേക്ക് ഒന്ന് നോക്കി.. വസുവിനെ കണ്ടത് കാരണം സാഗറും കൂട്ടുകാരനും അവിടെ തന്നെ നിന്നു കളഞ്ഞിരുന്നു.. വസുവിന് കാര്യം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.. "ഇവിടെ നിൽക്ക്..ഞാനിപ്പോൾ വരാം.. " എന്ന് ചന്ദനയോട് പറഞ്ഞിട്ട് അവൻ സാഗറിന്റെ അടുത്തേക്ക് നടന്നു.. "എന്താ..എന്താ പ്രശ്നം..? " വസുവിന്റെ മുഖത്തും ചോദ്യത്തിലും ഒരുപോലെ ഗൗരവം നിറഞ്ഞിരുന്നു.. "അത് ചേട്ടാ..ചേട്ടൻ ഞങ്ങളെ തെറ്റിദ്ധരിക്കരുത്..ഞങ്ങൾ അവളെ ഓടിച്ചതോ ഉപദ്രവിക്കാൻ വന്നതോ ഒന്നുമല്ല..ഒരു കാര്യം അറിയാൻ വേണ്ടി.. " "എന്ത് കാര്യം..? " "ചന്ദനയെ എനിക്കിഷ്ടമാണ്.. പലവട്ടം ഞാൻ അവളോട്‌ തുറന്നു പറഞ്ഞതുമാണ്.. അവളൊരു മറുപടിയും തരാതെ വന്നപ്പോൾ.. " സാഗർ വീണ്ടും പറഞ്ഞു നിർത്തി.. "ഒരു മറുപടിയും തരാതെ വന്നപ്പോൾ അവളുടെ പിന്നാലെ വന്നു അവളെ ഭയപ്പെടുത്തി മറുപടി വാങ്ങിക്കാമെന്ന് കരുതി..അല്ലെ..?? "

"അയ്യോ ചേട്ടാ.. അങ്ങനെയല്ല. ചന്ദനയുടെ കൂടെ എപ്പോഴും ചന്ദനയുടെ സിസ്റ്റർ ഉണ്ടാകും..അവൾ ഉള്ളത് കൊണ്ട് ചന്ദനയോട് ഒന്നും ചോദിക്കാനോ ചന്ദനയുടെ മറുപടി അറിയാനോ കഴിയാറില്ല..ചന്ദനയോട് സംസാരിക്കാൻ വരുമ്പോൾ തന്നെ ചന്ദുവിന് നിന്നെ ഇഷ്ടമല്ലന്നും പറഞ്ഞു അവള് എന്നെ വിരട്ടി വിടും..അതാ ചന്ദനയെ ഇന്ന് ഒറ്റയ്ക്ക് കണ്ടപ്പോൾ ഫോളോ ചെയ്തു വന്നത്.. ചന്ദനയോട് ഒന്ന് തനിച്ചു സംസാരിക്കാമെന്നും ഒപ്പം ചന്ദനയുടെ വീടു കണ്ടുപിടിക്കാമെന്നും കരുതി.. " "വീട് കണ്ടു പിടിച്ചിട്ടു എന്തിനാ..? " വസു ഗൗരവം വിടാതെ തന്നെ ചോദിച്ചു.. "പെണ്ണ് ചോദിച്ചു വരാമല്ലോ.. " കേട്ടതും വസു അറിയാതെ ചിരിച്ചു പോയി.. "നിനക്ക് ഇപ്പോൾ എന്താ പ്രായം..? " "ഇരുപത്തി ഒന്ന്.. " "മ്മ്...ഇപ്പോൾ പഠിക്കേണ്ട സമയമാണ്..നല്ലത് പോലെ പഠിച്ചു ഒരു ജോലിയൊക്കെ ആയതിനു ശേഷം ആവാം പെണ്ണ് ചോദിക്കലൊക്കെ..പിന്നെ ചന്ദനയോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അത് കോളേജിൽ വെച്ചു മതി.. ഇങ്ങനെ അവളു ഒറ്റയ്ക്ക് പോകുകയും വരുകയും ചെയ്യുന്ന നേരത്ത് അവളെ പിന്തുടർന്നിട്ട് വേണ്ടാ.. കേട്ടല്ലോ..അതിനി ചന്ദനയോടെന്നല്ല..ഏതു പെൺകുട്ടിയോട് ആയാലും.." അവസാനം പറഞ്ഞതിൽ ഒരു താക്കീത് ഉണ്ടായിരുന്നു..

സാഗർ മറുപടിയെന്നോണം തല കുലുക്കി.. "ഇപ്പോൾ തന്നെ നോക്ക്..നിന്നെ ഭയന്നിട്ടാണ് അവൾ ഓടിയത്.. ഓടുമ്പോൾ കണ്ണും മൂക്കും ഉണ്ടായിരുന്നില്ല..കാറിനു മുന്നിലേക്ക് തെറിച്ചപ്പോൾ വല്ലതും സംഭവിച്ചിരുന്നെങ്കിലോ..?? ഇനിയിതു ആവർത്തിക്കരുത്.. പൊയ്ക്കോ.. " പിന്നെ സാഗർ അവിടെ നിന്നില്ല.. വസുവിന്റെ കാറിനടുത്ത് നിൽക്കുന്ന ചന്ദനയെ ഒന്ന് നോക്കിയിട്ട് കൂടെ ഉള്ളവനെയും കൂട്ടി നടന്നു.. "അവരാരാ..? " വസു ചന്ദനയ്ക്കരികിലേക്ക് വന്നു.. വസുവും സാഗറും സംസാരിച്ചത് എന്തെന്ന് കേട്ടില്ലാ എങ്കിലും അവൾ അവരെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.. "എന്റെ സീനിയർസ് ആണ്.. " "മ്മ്..മറ്റു രണ്ടുപേരെന്ത്യേ..? " "അവർക്ക് ഇന്ന് എക്സാം ഇല്ലായിരുന്നു.. " "നീ എന്തിനാ അവരെ കണ്ടപ്പോൾ ഓടിയത്.. " "അത്... " അവൾക്കു മറുപടി ഇല്ലായിരുന്നു.. കയ്യിലുള്ള ബാഗ് ഒന്നൂടെ മുറുക്കി പിടിച്ചു താഴേക്ക് നോക്കി നിന്നു.. "അത്..കാര്യം പറയ്..? " "പേടിച്ചിട്ടാ.. " അവൾ മടിച്ചു മടിച്ചു കൊണ്ട് പറഞ്ഞതും വസു പൊട്ടിച്ചിരിച്ചു.. അവൾ പൊടുന്നനെ തല ഉയർത്തി അവനെ നോക്കി.. "പേടിച്ചിട്ടോ.. എന്തിനാ പേടിക്കുന്നത്..അവര് നീ അറിയുന്ന പയ്യന്മാർ തന്നെയല്ലേ.. നിന്റെ കോളേജിൽ തന്നെയല്ലേ അവർ പഠിക്കുന്നത്.. " അവൾ ആണെന്ന് തല കുലുക്കി..

"നിനക്ക് അവനെ ഇഷ്ടമാണോ. ? " ചോദ്യം കേട്ടതും അവളൊന്നു ഞെട്ടി.. "ഞെട്ടണ്ടാ..അവൻ കാര്യമെല്ലാം പറഞ്ഞു..നീ എന്താ അവന് മറുപടി നൽകാത്തത്..പ്രണയത്തിൽ താല്പര്യമില്ലേ..? " അവൾക്കു എന്ത് പറയണമെന്ന് അറിഞ്ഞില്ല.. ഇതുപോലെയുള്ള ചോദ്യങ്ങൾ ഒന്നും ഇതുവരെ നേരിട്ടിട്ടില്ല..മറുപടി നൽകിയും ശീലമില്ല.. അതും ഒരു അപരിചിതനിൽ നിന്ന്.. അവൾ ആകെ വിയർക്കാൻ തുടങ്ങി.. "ഞാൻ ചോദിച്ചത് ചന്ദന കേട്ടില്ലേ..?? " "ഉവ്വ്.. " "പിന്നെന്താ മറുപടി നൽകാത്തത്.. " "എനിക്കിഷ്ടമല്ല..ഇങ്ങനെയുള്ളതിലൊന്നും താല്പര്യമില്ല.. " "എങ്ങനെയുള്ളതിലൊന്നും..?? " വസുവിന് മനസ്സിലായിരുന്നു.. എന്തോ..അവളെ വീണ്ടും വീണ്ടും സംസാരിപ്പിക്കണമെന്ന് തോന്നി.. അതുകൊണ്ട് കുസൃതിയോടെ ചോദിച്ചു.. "ഇപ്പൊ ചോദിച്ചില്ലേ... " "എന്ത് ചോദിച്ചില്ലേന്ന്.. " വസുവിന് അവളെ വെറുതെ വിടാനുള്ള ഭാവം ഇല്ലായിരുന്നു.. അവൻ മനഃപൂർവമാണെന്ന് അവള്ക്ക് മനസ്സിലായി.. ദയനീയമായി അവനെ നോക്കി.. "ശെരി..ആർക്കാ ഈ പ്രണയത്തിൽ ഇഷ്ടവും താല്പര്യവുമൊന്നും ഇല്ലാത്തത്.. ചന്ദനയ്ക്കാണോ അതോ ചന്ദനയുടെ അച്ഛനാണോ..? " ഇപ്രാവശ്യം അവൾ നന്നായി ഞെട്ടി..അവന്റെ മുഖത്തേക്ക് തന്നെ നോക്കി..

"ഇങ്ങനെ നോക്കണ്ട..എനിക്ക് അറിയാം ചന്ദനയെ..ആൻഡ് ചന്ദനയുടെ ഫാമിലിയെ കുറിച്ച്.. ജിത്തു പറഞ്ഞു അറിഞ്ഞു.. മാത്രവുമല്ല.. ഇന്നലെ ഞാൻ അവിടെ നിന്ന് രണ്ട് മിനിറ്റ് സംസാരിക്കുമ്പോൾ എത്ര വട്ടമാ ചന്ദന ഗേറ്റ്നു അകത്തേക്ക് നോക്കിയത്..തന്റെ അച്ഛൻ കണ്ടു കാണുമോന്ന് കരുതിയിട്ടായിരുന്നില്ലേ കൂടെ കൂടെ ഉണ്ടായിരുന്ന ആ നോട്ടവും ടെൻഷനുമൊക്കെ... " അപ്പൊ അതൊക്കെ ശ്രദ്ധിച്ചിരുന്നോ.. അത് കൊണ്ടാണോ പെട്ടെന്ന് തന്നെ പോയത്..താൻ പറയാതെ തന്റെ ഭാവങ്ങളിൽ നിന്നും തന്നെ അറിഞ്ഞിരിക്കുന്നു.. ചന്ദനയ്ക്കു അവൻ പറഞ്ഞതു കേട്ടു അത്ഭുതം തോന്നി.. "വാ..ഞാൻ കൊണ്ട് വിടാം.." "അയ്യോ വേണ്ടാ.. " ചന്ദന വേഗം പറഞ്ഞു.. "അതെന്താ..അച്ഛനെ പേടിച്ചിട്ടാണോ..? " "മ്മ്.. " "പേടി നല്ലതാണ്..പക്ഷെ അമിതമാവരുത്.. എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ പേടിക്കുന്നത് എന്തിനാ.. തെറ്റ് ചെയ്യാൻ മാത്രമേ ഭയപ്പെടേണ്ട കാര്യമുള്ളൂ.. ഇപ്പൊ തന്നെ നോക്ക്.. ആ പയ്യനോട് നല്ല രീതിയിൽ കാര്യം പറഞ്ഞു വിടേണ്ടതിന് പകരം അവനെ കാണുമ്പോൾ ഓടിയിരിക്കുന്നു..നിനക്ക് വല്ലതും സംഭവിച്ചു പോയിരുന്നെങ്കിലോ.. അവനെ മാത്രം ഉപദേശിച്ചു വിട്ടിട്ടു കാര്യമില്ല.. നിന്നെ കൂടെ വേണം പറയാൻ...വെറുതെയല്ല നിന്റെ സിസ്റ്റർ നിന്റെ എല്ലാ കാര്യങ്ങളിലും ഇട പെടുന്നത്..

നീ എവിടെയും പ്രതികരിക്കാത്തതു കൊണ്ടാണ്...ഒരു കണക്കിന് ഇന്നത്തെ കാലത്തു അവളെ പോലെ ആകുന്നതാണ് നല്ലത്..." വസുവിന് ചെറുതായി ദേഷ്യം വന്നിരുന്നു.. "ഞാൻ..ഞാൻ പൊയ്ക്കോട്ടേ..ലേറ്റ് ആയാൽ അപ്പ വഴക്കു പറയും.." അവന്റെ ശബ്ദം പൊങ്ങിയത് കാരണം അവൾ ഭയന്നിരുന്നു.. എങ്ങനൊക്കെയോ പറഞ്ഞു.. "ഞാൻ കൊണ്ട് വിടാം..ഇനിയും ദൂരം ഉള്ളതല്ലേ..വാ വന്നു വണ്ടിയിൽ കയറ്.. " മറുപടിക്ക് കാത്തു നിന്നില്ല.. അവൻ ചെന്ന് ഡോർ തുറന്നു ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.. ഒരു മിനിറ്റ് അവളെ കാത്തു.. അവൾ വന്നു കയറുന്നത് പോയിട്ട് നിന്നിടത്ത് നിന്ന് അനങ്ങിയിട്ട് കൂടിയില്ല.. ഇവളെ ഇന്ന്... "നിന്നോട് ഇങ്ങോട്ട് വന്നു കയറാനല്ലെ പറഞ്ഞത്.. " അവൻ പുറത്തേക്കു തലയിട്ടവളെ ദേഷിച്ചു നോക്കി..ആ ശബ്ദത്തിൽ അവൾ ഞെട്ടി വിറച്ചു.. അറിയാതെ തന്നെ വന്നു പുറകിലെ ഡോർ തുറന്നു.. "ഞാനെന്താ നിന്റെ ഡ്രൈവറോ.. ഇങ്ങോട്ട് കയറിയിരിയെടീ.. " ഇത്തവണ അവൾ ഒരു സെക്കന്റ്‌ പോലും അമാന്തിക്കാതെ വന്നു കയറിയിരുന്നു..അവളുടെ ശരീരം കിടു കിടെ വിറക്കുന്നുണ്ടായിരുന്നു.. മുഖമാകെ വിയർപ്പു തുള്ളികളാൽ മൂടപ്പെട്ടു..അവളുടെ ആ പേടിച്ചരണ്ട ഭാവം അവനൊരു നിമിഷം നോക്കി കണ്ടു..

ശേഷം കാർ സ്റ്റാർട്ട് ചെയ്തു..അവൾ ശ്വാസം അടക്കി പിടിച്ചിട്ടാണ് ഇരിക്കുന്നതെന്ന് അവന് മനസ്സിലായി.. ഇക്കണക്കിനു പോയാൽ ഇവൾ വീടെത്തുമ്പോൾ ശ്വാസം എടുക്കാതെ മരിച്ചു പോകുമല്ലോ.. അവൻ മനസ്സിൽ ചിരിച്ചു.. "ആ സിബ്ബ് ഇപ്പൊ പൊട്ടും.. " അവൾ ബാഗിന്റെ സിബ്ബിൽ അമർത്തി പിടിച്ചിരിക്കുന്നത് കണ്ടു അവൻ പറഞ്ഞു.. അവൾ അപ്പൊത്തന്നെ അതിലുള്ള പിടിവിട്ടു. "ഏതാ സബ്..?? " "എ..എന്താ..?" അവൾ അവന്റെ മുഖത്തേക്ക് നോക്കി.. "ഏതാ സബ്ജെക്ട് എന്ന്..? " "സംസ്‌കൃതം.. " "മ്മ്..എന്താ അമ്പിഷ്യൻ.. " "ടീച്ചർ ആവണമെന്നാ.." "നിന്റെ അച്ഛന്റെയല്ല.. നിന്റെ ആഗ്രഹം എന്താണെന്നാ ചോദിച്ചത്.." "എനിക്കും അത് തന്നെയാ ആഗ്രഹം.. " "എന്തായാലും ബെസ്റ്റ് ആളെയാ അച്ഛൻ ടീച്ചർ ആവാൻ വിട്ടിരിക്കുന്നത്..ഒരു ടീച്ചർ ആവാൻ അല്പ സ്വല്പമൊക്കെ ധൈര്യം വേണം..ഇല്ലേൽ പിള്ളേരെല്ലാം കൂടെ നിന്റെ ടീച്ചർ ആയി മാറും.." അവൾ ഒന്നും മിണ്ടിയില്ല..ഉള്ളു നിറയെ ടെൻഷൻ ആയിരുന്നു.. ഏതാ എന്താന്നൊക്കെ അറിയാത്ത ഒരാളുടെ കൂടെ ഇങ്ങനെ കാറിൽ പോകുന്നത് അപ്പ എങ്ങാനും കണ്ടാൽ അതോടെ തീർന്നു.. "ഇവിടെ..ഇവിടെ നിർത്തിയാൽ മതി.. " അവൾ പെട്ടെന്ന് പറഞ്ഞു.. "ഇവിടെ അല്ലല്ലോ..ഇനിയും രണ്ട് മൂന്നു വീട് കഴിയണമല്ലോ നിന്റെ വീടെത്താൻ.. "

"അത് അപ്പ കണ്ടാൽ..പ്ലീസ്.. നിർത്താമോ.." അവളുടെ മുഖത്ത് യാചന നിറഞ്ഞിരുന്നു. അവന് എന്തോ അത് കണ്ടില്ലന്ന് നടിക്കാൻ കഴിഞ്ഞില്ല.. അച്ഛനെ ഇത്രയും പേടിക്കുന്ന മകളോ..? അവനു അവളുടെ ഓരോ ഭാവത്തിലും അത്ഭുതം തോന്നി.. അവൾ പറഞ്ഞിടത്ത് തന്നെ വണ്ടി നിർത്തി..നാല് ഭാഗത്തേക്കും നോക്കിയതിനു ശേഷമാണ് അവൾ കാറിൽ നിന്നും ഇറങ്ങിയത്.. അവനെ ഒന്ന് നോക്കിയതിന് ശേഷം മുന്നോട്ടു നടന്നു.. പിന്നെ ഒരുവട്ടം പോലും തിരിഞ്ഞു നോക്കിയില്ല..അവൻ വിളിക്കാനും മുതിർന്നില്ല..അവളുടെ ടെൻഷൻ എത്രത്തോളമാണെന്ന് അവന് മനസ്സിലായിരുന്നു...പക്ഷെ പോകുന്നതിന് മുന്നേയുള്ള ആ നോട്ടം..അലിവൂറുന്ന ആ താമര മിഴികൾ കൊണ്ടുള്ള നോട്ടം..അത് അവന്റെ നെഞ്ചിലേക്ക് തന്നെ ആഴ്ന്നിറങ്ങിയിരുന്നു..അവൾ കണ്ണിൽ നിന്നും മറയുന്നതു വരെ അവൻ നോക്കിയിരുന്നു.. *** "എക്സാം എങ്ങനെ ഉണ്ടായിരുന്നു.." ചന്ദനയെ കണ്ടതും ചിഞ്ചു ചോദിച്ചു.. "നന്നായിരുന്നു.. " "നിന്റെ മുഖത്ത് എന്താ ഒരു ടെൻഷൻ പോലെ.. " ചിഞ്ചു ചന്ദുവിനെ സൂക്ഷിച്ചു നോക്കി. "അപ്പ എവിടെ..അകത്തുണ്ടോ..? " "ഇല്ല..ഇന്ന് അമ്പലത്തിൽ പൂജയല്ലേ.. നേരത്തെ പോയി.. " "മ്മ്..നീ വാ..ഞാൻ പറയാം.." ചന്ദു ചിഞ്ചുവിനെയും കൂട്ടി അകത്തേക്ക് പോയി..ശേഷം ഉണ്ടായ എല്ലാ കാര്യങ്ങളും ചിഞ്ചുവിനോട് പറഞ്ഞു.

"ആ സാഗർ അത്ര വല്യ കുഴപ്പക്കാരനൊന്നും അല്ലെന്നു നിനക്ക് അറിയാവുന്നതല്ലേ.. പിന്നെന്തിനാ നീ അവനെ കണ്ടപ്പോൾ ഓടിയത്.. " "സംസാരിക്കാൻ നിന്നാൽ അവനെന്നെ ഇന്ന് വിടില്ലായിരുന്നു.. ചന്ദന പ്ലീസ് പ്ലീസ് എന്നും പറഞ്ഞു പുറകെ കൂടും...എങ്ങാനും അപ്പ കണ്ടാലോന്ന് ഭയന്നിട്ടാ ഞാൻ ഓടിയത്..വേഗം വീടെത്തിയാൽ പ്രശ്നം തീരുമല്ലോ.. " "ഹൂ..ഇങ്ങനൊരു പെണ്ണ്.. ഇക്കണക്കിനു പോയാൽ നിന്നെ എവിടെയും ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ ചന്ദു.. അല്ല..മറ്റവൻ നിന്നെ ഡ്രോപ് ചെയ്തതേയുള്ളോ..? അതോ വേറെന്തെങ്കിലും..?? " ചിഞ്ചു ചന്ദുവിനെയൊന്നു ഇരുത്തി നോക്കി. "വേറെന്ത്‌..? " "ആള് മാറി ഒരടി തന്നതിന്റെ കുറ്റബോധമാണ് അവന്റെ മനസ്സിൽ നിന്നോട് ഉള്ളതെന്ന് എനിക്ക് തോന്നുന്നില്ല..ഇത് വേറെയാ..അവന് നിന്നോട് കാര്യമായിട്ട് എന്തോ ഉണ്ട്..അല്ലെങ്കിൽ എന്തിനാ അവൻ നിന്റെ കാര്യത്തിൽ ഇങ്ങനെ ഇട പെടുന്നത്.. " "അതൊന്നും എനിക്ക് അറിഞ്ഞൂടാ ചിഞ്ചു..പക്ഷെ നീ വെറുതെ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കേണ്ട.. അപ്പാവുടെ ചെവിക്കു എങ്ങാനും എത്തിയാൽ ഞാൻ പിന്നെ ജീവനോടെ കാണില്ല.. " ചിഞ്ചു ഒന്നും മിണ്ടിയില്ല. മനസ്സിൽ വസുവിനെ കുറിച്ചുള്ള ഒരു നൂറായിരം ചിന്തകൾ ആയിരുന്നു..

ചന്ദു പറഞ്ഞതൊക്കെ വെച്ചു നോക്കുമ്പോൾ ആള് പക്കാ ഡീസന്റ് ആണ്..ശ്രുതിയും അങ്ങനെയാണ് പറഞ്ഞത്..ഒരു നല്ല വ്യക്തിത്തിനുടമയെന്ന്...തനിക്കു മാത്രമാണ് അവൻ അഹന്തക്കാരനെന്ന് തോന്നിയത്.. അതെന്താ അങ്ങനെ..അവനൊരു എല്ലു കൂടുതൽ ആയത് കൊണ്ട്.. അല്ലാതെന്ത്...ആ എന്തേലും ആവട്ടെ..എനിക്ക് എന്താ വേറെ പണിയില്ലേ അവനെ കുറിച്ച് ചിന്തിക്കാൻ.. "നീ എന്താ ആലോചിക്കണേ.. " ചന്ദു ടൗവലും ഡ്രസ്സും എടുത്തു തിരിയുമ്പോഴും ചിഞ്ചു അങ്ങനെ തന്നെ നിൽക്കുന്നത് കണ്ടു ചോദിച്ചു.. "ങ്ങുഹും..ഒന്നുമില്ല.. " ചിഞ്ചു തല കുടഞ്ഞു. "ചേച്ചി..പെട്ടെന്ന് കുളിച്ചു റെഡിയാകാൻ പറഞ്ഞു അമ്മ.. കോവിലിൽ പോകണ്ടേ..ഇന്ന് പൂജയുള്ളതാണ്.." പന്ത്രണ്ടു വയസ്സുകാരി ചൈതന്യ മുറിയിലേക്ക് കയറി വന്നു.. കുളിച്ചു പാട്ട് പാവാട ധരിച്ചിട്ടുണ്ട്..ചന്ദുവിനെ പോലെത്തന്നെ ശാലീന സുന്ദരിയാണ്. "മ്മ്..തല ശെരിക്കു തുവർത്തിയില്ലേ ചൈതു.. " ചൈതന്യയുടെ മുടിയിൽ നിന്നും വെള്ളം ഇറ്റി വീഴുന്നത് കണ്ടു ചന്ദു ചോദിച്ചു..ഒപ്പം തന്നെ കയ്യിലെ ടവൽ കൊണ്ട് അവളുടെ തല തുവർത്തി കൊടുക്കാനും തുടങ്ങി. "അപ്പൊ നീ വരുന്നില്ലേ ചിഞ്ചു.. എന്താ റെഡി ആവാതെ..? " "റെഡി ആവുന്നത് പോയിട്ട് ചിഞ്ചു ചേച്ചി കുളിച്ചിട്ടു പോലുമില്ല.. "

ചൈതു ചിഞ്ചുവിനെ കളിയാക്കി ചിരിച്ചു. "നീ പോടീ കുട്ടി തേവാങ്കെ...ഞാൻ എങ്ങും വരുന്നില്ല ചന്ദു.. നമ്മളെ ഒന്നും അവിടെ ആർക്കും പിടിക്കില്ല..എന്തിനാ വെറുതെ ഇഷ്ട കുറവ് ഉണ്ടാക്കാൻ.. " "ആരും ഒന്നും പറയില്ല.. ഇവിടെത്തെ കോവിലിൽ ജാതി മത ഭേദമൊന്നുമില്ല..ആർക്കും പ്രവേശിക്കാം..നീ ഇതിനു മുൻപ് വന്നിട്ടുള്ളതാണല്ലോ..പിന്നെന്താ ഇപ്പൊ ഒരു പ്രശ്നം.. " "ഞാൻ പറഞ്ഞത് നിന്റെ അപ്പയുടെ കാര്യമാണ്..അവിടെ എന്നെ കണ്ടാൽ തന്നെ അങ്ങേരുടെ മോന്ത വീർക്കും..അത് കാണുമ്പോഴേ എന്റെ മൂഡ് അങ്ങ് പോയി കിട്ടും.. അത് മാത്രമല്ല,, എനിക്കീ ദൈവത്തിലും അമ്പലത്തിലുമൊന്നും വല്യ വിശ്വാസമില്ലന്ന് നിനക്ക് അറിയാവുന്നതല്ലേ..എനിക്ക് ആവശ്യം വരുമ്പോൾ മാത്രം ഞാൻ സ്മരിക്കും..അതിപ്പോ ദൈവത്തിനെ ആയാലും കർത്താവിനെ ആയാലും.." "അപ്പൊ നീ ഇവിടെ ഒറ്റയ്ക്ക് നിൽക്കാനാണോ..അത് പറ്റില്ല.." "അവള് ഒറ്റയ്ക്കല്ല..ഞാനുണ്ട് ഇവിടെ..നിങ്ങള് രണ്ടാളു പോയാൽ മതി..വേഗം ചെല്ലാൻ നോക്ക്..അപ്പായെ ദേഷ്യം പിടിപ്പിക്കണ്ട.. " അങ്ങോട്ട്‌ വന്ന പാർവതി പറഞ്ഞു. ചന്ദു ശെരിയെന്ന മട്ടിൽ തല കുലുക്കിയിട്ട് കുളിക്കാൻ കയറി.. ആ നേരം കൊണ്ട് ചിഞ്ചു ചൈതുവിന്റെ മുടി ചീകി കൊടുക്കുകയും മുഖം മിനുക്കി കൊടുക്കുകയും ചെയ്തു...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story