മണിവാക: ഭാഗം 19

manivaka

രചന: SHAMSEENA FIROZ

"എന്താ സർ പരിചയമില്ലാത്തതു പോലെ..ഇത്ര പെട്ടെന്ന് മറന്നു പോയോ..? " സണ്ണി നിറഞ്ഞ പുഞ്ചിരിയോടെ എബ്രഹാമിനോട് ചോദിച്ചു.. "ഏയ്..എഡ്വിൻ തന്നെ അല്ലേന്ന് നോക്കിയതാണ്..തനിക്ക് മാറ്റമുണ്ട്..പഴയതിനേക്കാൾ തടിച്ചു..ഒന്നുകൂടി ഭംഗി വെച്ചു.." എബ്രഹാം പറഞ്ഞു..മറുപടിയായി സണ്ണി ചിരിച്ചു.. എഡ്വിനോ..?? ചിഞ്ചുവിന്റെ മുഖം സംശയത്താൽ ചുളിഞ്ഞു.. "അല്ല..എന്താ ഇവിടെ..പർച്ചേസിംഗ് ആണോ..? ഒരുപാട് നാളായി അല്ലേ നമ്മൾ കണ്ടിട്ട്..? " "അതേ സർ..ഞാൻ ഈ അടുത്തിടെ പോലും തോമസ് ഡോക്ടറോഡ് സാർനെ അന്വേഷിച്ചിരുന്നു.. അപ്പോൾ അറിയാൻ കഴിഞ്ഞു സർ ഒരു ന്യൂ കേസ് സംബന്ധമായി പുറത്താണെന്ന്.." "എഡ്വിൻ ഇപ്പോഴും കിംസിൽ തന്നെയാണോ വർക്ക്‌ ചെയ്യുന്നത്..?" "അതേ സർ.. " "താൻ എന്താടോ ഒരുമാതിരി പോലീസ് ഓഫീസറോടു സംസാരിക്കുന്നത് പോലെ..ഇനിയും ഈ സർ വിളി നിർത്താൻ ആയില്ലേ തനിക്ക്..പണ്ടേ പറഞ്ഞിട്ടുള്ളതല്ലയോ ഇത് ഒഴിവാക്കാൻ.." "സാർനെ പോലെ ഒരാളെ എങ്ങനെയാ..

എത്ര തിരുത്താൻ ശ്രമിച്ചാലും ശീലിച്ചതു അതേ പടി പുറത്തേക്ക് വരും..അത്രയ്ക്കുണ്ട് ഈ മനസ്സിൽ അങ്ങയോടുള്ള ബഹുമാനം..ബഹുമാനം മാത്രമല്ല,, സ്നേഹവും കടപ്പാടുമൊക്കെ.." "ഏയ്..താൻ എന്താ ഇങ്ങനെ..ഇപ്പോഴും ആ പഴയ സ്വാഭാവത്തിനു മാറ്റമൊന്നും ഇല്ലാ ല്ലെ..? എന്ത് കടപ്പാട് ആണ് എഡ്വിന് എന്നോട് ഉള്ളത്..ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ എന്റെ ഡ്യൂട്ടി ചെയ്തു..അത്രേയുള്ളൂ..അതിന് താൻ ഇങ്ങനെ വലിയ വലിയ പദങ്ങൾ കൊണ്ട് വ്യാഖ്യാനിക്കാതെ.. പിന്നെ തന്റെ സാർ എന്നുള്ള വിളി..അങ്ങനെ ആണേൽ ഞാനും തന്നെ സാർ എന്ന് വിളിക്കാം.. എന്നോളം,,അല്ലെങ്കിൽ എന്നേക്കാൾ കഴിവുള്ള ഡോക്ടർ അല്ലേ എഡ്വിൻ..ഒട്ടനവധി വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള ഡോക്ടർസ് വരെ കയ്യൊഴിഞ്ഞ കേസുകളിൽ കൈപുണ്യം തെളിയിച്ച ആളാണ് താൻ..ആ താൻ തന്നെ വേണം എന്നെ ഇത്രെയും ബഹുമാനിക്കാൻ.. " എബ്രഹാം ചിരിയോടെ പറഞ്ഞു.. അത് കേട്ടു സണ്ണിയും ചിരിച്ചു.. ഡോക്ടറോ..? ഇവനോ..? അതും ഇത്രേം പേര് കേട്ട ഡോക്ടർ..

എല്ലാം കണ്ടും കേട്ടും ചിഞ്ചുവിന്റെ ഫിലമെന്റ് അടിച്ചു പോയിരുന്നു..അവൾ പൊട്ടൻ ആട്ടം കാണുന്നത് പോലെ അവരുടെ സംസാരം ശ്രവിച്ചു കൊണ്ടിരുന്നു. "ആ പരിചയ പെടുത്തിയില്ലല്ലോ.. ഇതാണ് എന്റെ ഏക സന്തതി.. ചഞ്ചല..ഒന്ന് തന്നെ ധാരാളം.. സൽപുത്രിയാണ്.. " ഈ പപ്പാ..അല്ലാതെ തന്നെ ഇങ്ങേരു ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കാറില്ല..അപ്പോഴാ ഉള്ള വില കൂടെ കളഞ്ഞു കുളിക്കുന്നത്.. എവിടെത്തെ പപ്പയാടോ താൻ ഒക്കെ.. എബ്രഹാം അവളെ ചേർത്തു പിടിച്ചു സണ്ണിയ്ക്കു പരിചയ പെടുത്തി കൊടുത്തതും അവൾ എബ്രഹാമിനെ നോക്കി പിറു പിറുത്തു..അപ്പോൾ മാത്രമാണ് സണ്ണി ചിഞ്ചുവിന്റെ മുഖത്തേക്ക് നോക്കുന്നത്..ആ മുഖത്ത് അമ്പരപ്പ് ഉണ്ടായത് അവൾ അറിഞ്ഞു..അത് താൻ പപ്പയുടെ മകൾ ആണെന്ന് അറിഞ്ഞതിനാലാവണം എന്ന് ഊഹിച്ചു അവൾ..

"Then ok Edwin..കാണാം..ഞാൻ ഏതായാലും കുറച്ചു ഡേയ്‌സ് നാട്ടിൽ തന്നെ കാണും..ഈ അടുത്തെങ്ങാനും നെക്സ്റ്റ് കേസ് ഏറ്റെടുത്താൽ ഇവൾ എന്നെ ജീവനോടെ വെച്ചേക്കില്ല..മിനിമം one മന്ത് എങ്കിലും ഇവളുടെ കൂടെ സ്പെൻഡ്‌ ചെയ്യണമെന്നാ ഓർഡർ.. കിംസിലേക്ക് വരുന്നുണ്ട് ഞാൻ... കാണാം കേട്ടോ..ഇപ്പോൾ പോകുവാ..." എബ്രഹാം സണ്ണിയ്ക്കു ഷേക്ക്‌ ഹാൻഡ് നൽകി..ശേഷം ചിഞ്ചുവിനെയും കൂട്ടി മുന്നോട്ടു നടന്നു.. ചിഞ്ചുവിന് എന്തോ,,കാലുകൾ മുന്നോട്ടേക്ക് ചലിക്കാത്തതു പോലെ.. അവൾ തിരിഞ്ഞു നോക്കി..സണ്ണി മറു ഭാഗത്തേക്ക്‌ നടന്നു തുടങ്ങിയിരുന്നു..അവൻ ഒരു കഫെയ്ക്കുള്ളിലേക്ക് മറയുന്നത് അവൾ കണ്ടു.. "നീ എന്താടി ഈ തിരിഞ്ഞും മറിഞ്ഞും നോക്കുന്നെ...? വല്ലതും കളഞ്ഞു പോയോ..? അതോ ഇനി വീണ്ടും കവർ മിസ്സ്‌ ആയോ..? " "അതാരാ പപ്പാ..? " "ഏത്..? " "ഇപ്പൊ പപ്പ സംസാരിച്ചില്ലേ.. അതാരാണെന്നാ..? " "ഞാൻ മുൻപ് വർക്ക്‌ ചെയ്തിരുന്നില്ലേ..സിറ്റിയിലെ കിംസ് ഹോസ്പിറ്റൽ..അവിടെത്തെ ഡോക്ടർ ആണ്..

gynec ഡിപ്പാർട്മെന്റ്.. Doctor Edwin Fernandez..മാത്രവുമല്ല..എഡ്വിനെ എനിക്ക് നേരത്തെ അറിയാം.. പറഞ്ഞാൽ നീയും അറിയും.. പപ്പയുടെ തറവാട് വീടിനടുത്തുള്ള മേടയിൽ വീടില്ലെ..അത് എഡ്വിന്റെ അമ്മച്ചിയുടെ തറവാട് വീടാണ്.. " "ഏത്..? ലൂസിഫർ പാപ്പന്റെയോ..? ഐ മീൻ ലൂസി പാപ്പ എഡ്വിന്റെ വല്യപ്പച്ചൻ ആണെന്നോ..?അതായത് അവിടെത്തെ തെരേസ ആന്റി എഡ്വിന്റെ അമ്മച്ചിയാണെന്ന്.. അല്ലേ..? " "അതേ...പക്ഷെ മോൾക്ക്‌ തെരേസയെ അറിയാമോ..? " "ഉവ്വ്..ഞാൻ രണ്ട് മൂന്നു വട്ടം കണ്ടിട്ടുണ്ട്..ഇപ്പോഴൊന്നും അല്ല. കുറെ മുന്നേയാണ്..ഒരുപാട് വർഷമായി കാണും.. ഞാൻ എപ്പോ പോയാലും വല്യമ്മച്ചി പറയും അടുത്ത വീട്ടിലെ തെരേസാന്റിയെ പറ്റി..അങ്ങനെ തെരേസാന്റി അവരുടെ വീട്ടിൽ വന്ന ഒരുദിവസം വല്യമ്മച്ചി എന്നേം കൂട്ടി അവിടേക്ക് പോയിരുന്നു.." "തെരേസയുടെ വീടാണ് അവിടെ..അവളു പക്ഷെ വിവാഹം കഴിഞ്ഞത് ഇവിടെ സിറ്റിയിലേക്ക് ആണ്.." "മ്മ്..പക്ഷെ പപ്പാ..ഒരു കാര്യം..പപ്പ ഇപ്പൊ അയാളെ എഡ്വിൻ എന്നല്ലേ വിളിച്ചതും എന്നോട് പറഞ്ഞതും.. അപ്പോൾ സണ്ണിയാരാ..? ഞാൻ അറിയുന്ന അയാളുടെ പേര് സണ്ണി എന്നാണ്..സംശയം തീർക്കാനാണ് ഞാൻ പപ്പയോട് അതാരാണെന്ന് ചോദിച്ചത്..

എനിക്ക് അയാളെ നേരത്തെ അറിയാം..ഞാൻ അന്ന് ജ്യോതിയുടെ എൻഗേജ്മെന്റ്ന് പോയിരുന്നെന്ന് പറഞ്ഞില്ലേ.. അവിടെ വെച്ചു കണ്ടിരുന്നു.. ജ്യോതിയുടെ ബ്രദർ ജിതിന്റെ ഫ്രണ്ട് ആണ് അയാൾ.. " "ഓഹോ...അപ്പൊ അതാണ് നേരത്തെ ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ആകെ അന്തം വിട്ടു നിന്നത്.. ഞാനും കരുതി നീയെന്താ വായ തുറക്കാത്തതെന്ന്..അല്ലെങ്കിൽ ഞാൻ നിന്റെ ഗുണങ്ങൾ പറയുന്നതിന് മുന്നേ വല്യ വായിൽ പപ്പാന്ന് വിളിച്ചു അലറുന്ന പെണ്ണല്ലേ.. " എബ്രഹാം ചിരിക്കാൻ തുടങ്ങി.. "പോ പപ്പാ...സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോഴാ പപ്പയുടെ ഒരു കളിയാക്കൽ..ഞാൻ ചോദിച്ചതിന് മറുപടി പറാ.. " "നീ അന്ന് കണ്ടത് എഡ്വിനെ തന്നെയാണ്..ആള് മാറിയിട്ട് ഒന്നുമില്ല..എഡ്വിനെ വീട്ടിൽ വിളിക്കുന്ന പേരാണ് സണ്ണി എന്നത്.." "ഓ..അങ്ങനെ..അപ്പോൾ പപ്പയ്ക്കു നേരത്തെ പറഞ്ഞ രണ്ടു വിധത്തിലാണ് സണ്ണിയെ പരിചയം അല്ലേ..? " ചിഞ്ചുവിന് എന്തൊക്കെയോ അറിയണമെന്ന് ഉണ്ടായിരുന്നു.. ഉള്ളിൽ തോന്നുന്ന ഓരോന്നും അവൾ ഇട തടവില്ലാതെ ചോദിക്കാൻ തുടങ്ങി..

"അല്ല..വേറൊരു രീതിയിലും പരിചയമുണ്ട്..എന്റെ പേഷ്യൻറ്റ് ആയിരുന്നു.." "ആര്..?? സണ്ണിയോ..?? " ചിഞ്ചു ഞെട്ടിപ്പോയി.. "അല്ലടി...സണ്ണിയുടെ അമ്മച്ചി..നമ്മൾ നേരത്തെ പറഞ്ഞ തെരേസ.. " "എന്നാൽ പിന്നെ ആദ്യമേ അതങ്ങു പറഞ്ഞാൽ പോരായിരുന്നോ..? ഒരുനിമിഷത്തേക്ക് മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി കിട്ടി.. " ചിഞ്ചു നെഞ്ചിൽ കൈ വെച്ചു എബ്രഹാമിനെ നോക്കി കണ്ണുരുട്ടി.. "എൽസമ്മോ.. എന്തോ കരിഞ്ഞു മണക്കുന്നുണ്ടല്ലോ..??എന്താണത്.. പപ്പയോട് വേഗം പറഞ്ഞോ.. " "പപ്പയോട് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞോളാം..അതിന് മുന്നേ പപ്പ പറയാൻ ഉള്ളതൊക്കെ പറഞ്ഞാട്ടേ..? എന്തായിരുന്നു തെരേസ ആന്റിക്ക് എന്ന് ഞാൻ ചോദിക്കുന്നില്ല..പപ്പയുടെ പേഷ്യൻറ്റ് ആയിരുന്നെങ്കിൽ അവർ ഒരു മാനസിക രോഗി ആയിരുന്നിരിക്കണം. പക്ഷെ എങ്ങനെ..വല്യമ്മച്ചി പറഞ്ഞു ഞാൻ അറിഞ്ഞ തെരേസ ആന്റി അങ്ങനെയൊന്നും അല്ലായിരുന്നല്ലോ..?" "ആയിരുന്നില്ല..അവൾ തികച്ചും നോർമലായ ഒരു സ്ത്രീയായിരുന്നു..പക്ഷെ മനുഷ്യൻമാരുടെ കാര്യമല്ലേ മോളെ..

സമനില കൈ വിട്ടു പോകാൻ കൂടുതൽ നേരമൊന്നും വേണ്ടാ..നമുക്ക് താങ്ങാൻ കഴിയാത്ത ചില സംഭവങ്ങൾക്ക് നാം സാക്ഷിയായാൽ മതി.. ഒരിക്കലും സഹിക്കാനോ മറക്കാനോ കഴിയാത്ത വേദനകൾ ജീവിതത്തിൽ ഉണ്ടായാൽ മതി.. തെരേസയ്ക്കു മൂന്നു മക്കളാണ്.. സണ്ണിയ്ക്ക് താഴെ രണ്ട് പെൺകുട്ടികൾ..സണ്ണി ഉണ്ടായി കഴിഞ്ഞു ഒരു ഏഴു എട്ടു വർഷങ്ങൾക്ക് ശേഷമാണ് സെലിൻ ഉണ്ടാകുന്നത്..അതിന് ഒന്ന് രണ്ട് വർഷങ്ങൾക്ക് പുറകെ ഇളയവളായ സാന്ദ്രയും..സാന്ദ്രയാണ് ചെറുത് എങ്കിലും എല്ലാവർക്കും വാത്സല്യ കൂടുതൽ സെലിനോടായിരുന്നു.. ലൂസി പാപ്പൻ എപ്പോഴും പറയും സെലിൻ പിറന്നതിന് ശേഷമാണ് കുടുംബത്ത് സകല വിധ ഐശ്വര്യങ്ങളും ഉയർച്ചകളും ഉണ്ടായതെന്ന്..എല്ലാവിധ മേന്മകളും ഉള്ള മോളാണ് അവളെന്ന്..പറഞ്ഞത് അപ്പടിയും ശെരിയായിരുന്നു..എല്ലാരും ഒരുപാട് ലാളിച്ചു എങ്കിലും അവളൊരിക്കലും തന്നിഷ്ടക്കാരിയോ അഹങ്കാരിയോ ആയി മാറിയിരുന്നില്ല..വളരെ ഒതുക്കത്തോടും അടക്കത്തോടും മാത്രം പെരുമാറുകയും ജീവിക്കുകയും ചെയ്തു.

.പക്ഷെ അതെല്ലാം മറ്റി മാറിച്ചതു അവളുടെ കോളേജ് ലൈഫ് ആയിരുന്നു.. ഷൈൻ എന്നൊരു ഇസ്ലാം പയ്യൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷമായിരുന്നു..അവൻ അവളെ അവൾ അല്ലാതെയാക്കി മാറ്റി..അവനോടുള്ള ഭ്രാന്തമായ സ്നേഹത്തിൽ അവൾ മറ്റെല്ലാം മറന്നു..അവളെ ജീവനു തുല്യം സ്നേഹിക്കുന്ന അവളുടെ അപ്പനെ, അമ്മച്ചിയെ, സണ്ണിയെ, സാന്ദ്രയെ.. വളർന്നു വന്ന വീടിനെ, ചുറ്റു പാടിനെ..അങ്ങനെ എല്ലാത്തിനെയും മറന്നു കൊണ്ട് അവൾ അവനെ പ്രണയിച്ചു..വൈകാതെ തന്നെ അവളുടെ വീട്ടിൽ ഷൈനിന്റെ കാര്യങ്ങൾ അറിഞ്ഞു..സണ്ണി അവളെ ഒരുപാട് ഉപദേശിച്ചു അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു..അവൾ അങ്ങനൊരു പ്രണയത്തിൽ അകപ്പെട്ടന്നത് അവർക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..പക്ഷെ സണ്ണി പല സ്ഥലത്തു വെച്ചും സെലിനെ ഷൈനിനൊപ്പം കണ്ടിരുന്നു.. ഉപദേശിക്കാൻ ചെന്നപ്പോൾ അവളിൽ നിന്നും ഉണ്ടായ തർക്കുത്തരവും പൊട്ടി തെറിയും സണ്ണിയെ അവളെ അടിക്കാൻ പ്രേരിപ്പിച്ചു..

നെഞ്ച് പൊടിയുന്ന വേദനയിൽ അവൻ ആദ്യമായി സെലിന് നേരെ കൈ ഉയർത്തി.. എന്നാലും അടിച്ചില്ല..ഒന്ന് നുള്ളി നോവിക്കാൻ പോലും കഴിയുമായിരുന്നില്ല അവനവളെ..അങ്ങനെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നതാണ്..അവളുടെ അപ്പൻ ഫെർനാൻഡസും അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.പക്ഷെ അവൾ വാശിയിൽ തന്നെ നിന്നു.. എന്ത് വന്നാലും ഷൈനിനെ മറക്കാൻ കഴിയില്ലന്ന് ഉറച്ചു പറഞ്ഞു.. നിയന്ത്രണം വിട്ടു ഫെർനാൻഡസ് അവളെ ഒരുപാട് പ്രഹരിച്ചു.. സണ്ണിക്ക് ഒന്നും കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല..അവളുടെ സന്തോഷം അതാണെങ്കിൽ അത് നടന്നോട്ടെന്ന് കരുതി ഷൈനിനെ കാണാൻ അവന്റെ വീട്ടിലേക്കു ചെന്നു..പക്ഷെ അവിടെത്തെ അവസ്ഥയും മറിച്ചല്ലായിരുന്നു.. സെലിനോട് എന്താണോ വീട്ടുകാർ പറയുകയും പ്രവർത്തിക്കുകയും ചെയ്തത്,, അതുതന്നെ ഷൈനിനോട് അവന്റെ വീട്ടുകാരും ചെയ്തു.. കാര്യം പറഞ്ഞു ഒരു തീരുമാനം ഉണ്ടാക്കാൻ ചെന്ന സണ്ണിയെ അവർ ആക്ഷേപിച്ചു വിട്ടു..ഷൈൻ ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചില്ല..വെറും നോക്ക് കുത്തിയായി നിന്നു.. അതിലൂടെ സണ്ണി ഉറപ്പിച്ചു സെലിനോട് അവന് തോന്നിയത് വെറുമൊരു നേരം പോക്ക് മാത്രമാണെന്ന്..

ഫെർനാൻഡസ് അറിയാതെയാണ് സണ്ണി ഷൈനിന്റെ വീട്ടിലേക്കു പോയത്. കാര്യം അറിഞ്ഞപ്പോൾ ഫെർനാൻഡസ് സണ്ണിയോട് കയർത്തു..അവനും അവന്റെ വീട്ടുകാരും സമ്മതിച്ചിരുന്നെങ്കിൽ തന്നെ താൻ സമ്മതിക്കില്ലായിരുന്നു എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു.. അങ്ങനെ ഒരു അന്യ മതക്കാരന് കെട്ടിച്ചു കൊടുക്കാൻ വേണ്ടിയല്ല മകളെ വളർത്തി ഇത്രേം വലുതാക്കിയതെന്നും അയാൾ കൂട്ടിച്ചേർത്തു.ഷൈനിന്റെയും അവന്റെ വീട്ടുകാരുടെയും സമീപനം ഏതു രീതിയിലുള്ളതായിരുന്നെന്ന് സണ്ണി സെലിനോടും പറഞ്ഞു.അത് വഴിയെങ്കിലും അവളെ പിന്തിരിപ്പിക്കാമെന്നായിരുന്നു അവൻ കരുതിയത്.. പക്ഷെ അവൾ പിന്മാറിയില്ലന്ന് മാത്രമല്ല,, എന്ത് വന്നാലും ഷൈനിനെ മറക്കാൻ കഴിയില്ലന്നും അവനൊരിക്കലും തന്നെ കയ്യൊഴിയില്ലന്നും പറഞ്ഞു.. അവൾ അവനിൽ അത്രമാത്രം വിശ്വാസം അർപ്പിച്ചിരുന്നു.അവളുടെ വിശ്വാസം സത്യമായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ പോലും മറന്നു കൊണ്ട് ഷൈൻ സെലിനെ വിളിക്കാൻ വീട്ടിലേക്കു വന്നു.. തന്റെ ഒപ്പം ഇറങ്ങി വരണമെന്നായിരുന്നു അവന്റെ ആവശ്യം..

സെലിൻ യാതൊരു മടിയും കാണിച്ചില്ല..അവന്റെയൊപ്പം പോകാൻ തുനിഞ്ഞു.പക്ഷെ ഫെർനാൻഡസ് അനുവദിച്ചില്ല.. അല്ലെങ്കിലും മകളെ അമിതമായി സ്നേഹിക്കുന്ന ഏതൊരു പിതാവിനാണതിന് കഴിയുക.. അവനൊരു അന്യ മതസ്ഥൻ ആണെന്നുള്ളതു പോട്ടെ..ഒരു ജോലിയുണ്ടോ..? വരുമാനമുണ്ടോ..? വീട്ടുകാരെ പോലും ധിക്കരിച്ചിട്ടാണ് അവളെ ഇറക്കി കൊണ്ട് പോകാൻ വന്നത്..കേവലം ഇരുപത്തിയൊന്നു വയസുള്ളൊരു പയ്യൻ..എന്ത് ധൈര്യത്തിലാണ് സെലിനെ അവന്റെ കൂടെ പറഞ്ഞു വിടുക..? ഒരു തരത്തിലും ഫെർനാൻഡസ് അതിനോട് യോജിക്കാൻ തയാറല്ലായില്ല.നിരാശയോടെ ഷൈൻ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ സെലിൻ ഉറക്കെ കരഞ്ഞു..ഫെർനാൻഡസിന് അവളുടെ കരച്ചിൽ സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.. എന്നിട്ടും അവളുടെ നല്ല ഭാവിയെ കരുതി അയാൾ മനസ്സിനെ കല്ലാക്കി നിർത്തി..അടുത്ത നിമിഷം തന്നെ സെലിൻ മുകളിലേക്ക് ഓടിപോയി. അവൾ അരുതാത്തതെന്തെങ്കിലും ചെയ്യുമെന്ന് തോന്നിയത് കൊണ്ടാവാം തെരേസയും സണ്ണിയും അവൾക്ക് പുറകെ മോളെന്നും വിളിച്ചു ഓടി ചെന്നത്.. പക്ഷെ അപ്പോഴേക്കും അവൾ ടെറസിന്റെ അര മതിലിലേക്ക് കയറുകയും താഴേക്ക് എടുത്തു ചാടുകയും ചെയ്തിരുന്നു..

അന്ന് ഒരു നിലവിളിയോടെ ബോധം മറഞ്ഞു വീണതാണ് തെരേസ.. അല്ലെങ്കിലും ഏതു മാതൃ ഹൃദയത്തിനാണ് സ്വന്തം മകളുടെ വിയോഗം താങ്ങാൻ കഴിയുക. അതും കണ്മുന്നിൽ വെച്ച്.. സമ നില പാടെ നഷ്ടപെട്ടു പോയിരുന്നു..ആ സമയത്തു ഞാൻ കിംസിൽ ഉണ്ട്..തെരേസയെ എന്റെ അടുത്തേക്ക് കൊണ്ട് വരുമ്പോൾ സണ്ണിയുടെ കണ്ണുകളിൽ യാചനാ ഭാവമായിരുന്നു..കൈ വിടല്ലേ സാർ എന്നുള്ള യാചന..മുഴുവനായും ഉറപ്പ് നൽകാൻ എനിക്ക് കഴിഞ്ഞില്ല.കാരണം വല്ലാത്തൊരു തരം മാനസിക വിഭ്രാന്തിക്ക് അടിമ പെട്ടിരുന്നു തെരേസ അന്ന്..പക്ഷെ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു..പുതിയ പഠനങ്ങൾക്കായും മെഡിസിൻസിനായും പുറം രാജ്യങ്ങളിലുള്ള ഫ്രണ്ട്സ്നെ കോൺടാക്ട് ചെയ്തു..പക്ഷെ അത് കൊണ്ടൊന്നും കൂടുതൽ പ്രയോജനം ഉണ്ടായില്ല..ഒടുക്കം വിശദ വിവരങ്ങൾക്ക് ആയി എനിക്ക് അമേരിക്കയിലേക്ക് തന്നെ പോകേണ്ടി വന്നു..പോകുമ്പോൾ തെരേസയെ തോമസ് ഡോക്ടറെ ഏല്പിച്ചിട്ടാണ് പോയത്.. പുള്ളിയും സെയിം ഡിപ്പാർട്മെന്റ് തന്നെയാണ്.

പക്ഷെ ഞാൻ വരുമ്പോഴേക്കും തെരേസയെക്കാളും ക്ഷീണിച്ചതു സണ്ണിയായിരുന്നു.. സെലിനെ നഷ്ടപ്പെട്ടു.ഒപ്പം തെരേസയുടെ ഈ അവസ്ഥയും..ആ ടൈമിൽ അവൻ പഠനം പൂർത്തിയാക്കി കിംസിൽ പ്രവേശിച്ചിരുന്നു..തുടക്കത്തിൽ തന്നെ അവൻ പേരെടുത്ത ഒരു ഡോക്ടർ ആയി മാറിയിരുന്നു.. അങ്ങനെയുള്ള അവന്റെ തളർച്ചയും മാറ്റവുമൊക്കെ എന്നെപോലെ തന്നെ ഹോസ്പിറ്റലിലെ മറ്റു ഡോക്ടർസിനെയും സ്റ്റാഫ്‌സിനെയും എന്തിന് അവന്റെ പേഷ്യൻസ്നെ വരെ വല്ലാതെ വിഷമത്തിലാക്കി. ഒടുക്കം എനിക്ക് അവനെയും കൌൺസിലിങ്ങിനു വിദേയമാക്കേണ്ടി വന്നു.. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ സണ്ണി പഴയ സണ്ണിയായി മാറി.. തെരേസയെ ഒരു വർഷത്തോളം ഞാൻ ചികിത്സിച്ചു.. ഒരു ഉറപ്പുമില്ലാത്ത കേസ് ആയിരുന്നു തെരേസയുടെത്..പക്ഷെ വിജയം കൊണ്ടു..ഒരുപക്ഷെ സണ്ണിയുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായിരിക്കാം..ആ നാളുകളിൽ സണ്ണിക്കൊപ്പം അവന്റെയൊരു സുഹൃത്ത് കൂടെ ഉണ്ടായിരുന്നു.. പേര് ഞാൻ ഓർക്കുന്നില്ല..

ഒരുപക്ഷെ സണ്ണിയേക്കാളും കൂടുതലായി തെരേസയ്ക്കൊപ്പം നിന്നതും അവളെ പരിചരിച്ചതും അവനായിരിക്കണം..സ്വന്തം മകനേക്കാൾ സ്നേഹത്തോടെയും ഉത്തരവാദിത്തത്തോടെയും അവൻ തെരേസയോട് പെരുമാറി.. സെലിൻ പോയെന്നാലും ആ വിഷമം അവർ സാന്ദ്രയിലൂടെ മറക്കാൻ ശ്രമിക്കുന്നു..ഇപ്പോൾ സാന്ദ്രയാണ് അവരുടെ എല്ലാം.. അവളുടെ കളി ചിരികളും സന്തോഷങ്ങളുമാണ് അവർക്ക് ഇപ്പോൾ മറ്റെന്തിനേക്കാളും മുഖ്യം..അവൾ സെലിനെ പോലെ ആയിരുന്നില്ല..ചെറുപ്പത്തിലെ കുറുമ്പിയാണ്..നിന്നെപ്പോലെ.. എന്നാലും സണ്ണി എല്ലാത്തിനും വളം വെച്ചു കൊടുക്കാറില്ല. സ്നേഹിക്കേണ്ടിടത്തു സ്നേഹിക്കുന്നു..ശാസിക്കേണ്ട ഇടത്ത് ശാസിക്കുന്നു..

അതൊരുപക്ഷെ അമിതമായി സ്നേഹിച്ച് എല്ലാത്തിനും പ്രോത്സാഹനം നൽകിയാൽ ഒരു സുപ്രഭാതത്തിൽ അവളും സെലിനെ പോലെയായി മാറുമോ എന്ന് ഭയന്നിട്ടാണ്..ഇതിപ്പോൾ ഈ സംഭവമൊക്കെ കഴിഞ്ഞു മൂന്നാലു വർഷങ്ങൾ ആയിരിക്കുന്നു..സണ്ണി ഇപ്പോൾ പഴയതിനേക്കാളും മികച്ച ഡോക്ടറാണ്.." എബ്രഹാം ഒരു ദീർഘ ശ്വാസത്തോടെ പറഞ്ഞു നിർത്തി.. "ഇത്രയൊക്കെ സംഭവിച്ചിരുന്നോ അവരുടെ ജീവിതത്തിൽ..? കേട്ടിട്ട് എന്തോ വിഷമം പോലെ തോന്നുന്നു പപ്പാ.. എന്നാലും സെലിൻ അങ്ങനെയൊരു ബുദ്ധിമോശം കാണിക്കേണ്ടായിരുന്നു..ഒരുനിമിഷത്തെ തോന്നലിൽ ചെയ്തു പോയതാകാം..എന്നാലും അവളെ പ്രാണനോളം സ്നേഹിക്കുന്ന എത്ര പേരായിരുന്നു അവൾക്ക് ചുറ്റും..എത്ര പേരാണ് അവൾ കാരണം വേദനിച്ചും തളർന്നും പോയത്.."..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story