മണിവാക: ഭാഗം 24

manivaka

രചന: SHAMSEENA FIROZ

"എന്റേതല്ലേ..പറയൂ..ദേവേട്ടൻ എന്റേത് മാത്രമല്ലെ..വരില്ലേ ഇനി.. ഒരുവട്ടമെങ്കിലും വരില്ലേ എന്റെ അരികിലേക്ക്..കല്യാണം കഴിഞ്ഞുവോ..? ദേവേട്ടന് അപ്പോൾ ഈ ചന്ദനയെ വേണ്ടാന്ന് തന്നെയാണോ..? പിന്നെന്തിനായിരുന്നു മോഹിപ്പിച്ചത്..ഒഴിഞ്ഞു മാറിയിട്ടല്ലേ ഉള്ളു ഞാൻ.. എന്നെ സ്നേഹിക്കരുതെന്ന് പറഞ്ഞതായിരുന്നു ഞാൻ.. എന്നിട്ടും പുറകെ വന്നു വന്നെന്റെ മനസ്സ് കയ്യടക്കി..ഞാനും സ്നേഹിച്ചു.. പ്രാണനോളം തന്നെ സ്നേഹിച്ചു..അപ്പോഴാ പറയണെ എന്നെ വേണ്ടാന്ന്..അതിനും മാത്രം എന്താ ഞാൻ ചെയ്തത്..? എല്ലാരേയും സ്നേഹിച്ചതോ.. അനുസരിച്ചതോ.. ആരെയും വേദനിപ്പിക്കാണ്ട് ജീവിച്ചതോ..? " എന്താണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ അവൾക്ക് അറിയില്ലായിരുന്നു.. പദം പറഞ്ഞു തേങ്ങിക്കൊണ്ട് എബ്രഹാമിന്റെ കൈകളിലേക്ക് ഊർന്നു വീണു.. അയാൾ അവളെ ബെഡിലേക്ക് കിടത്തി..പാറി പറക്കുന്ന അവളുടെ മുടികളിലൂടെ വേദനയോടെ തഴുകുകയും അവയെ മാടി ഒതുക്കി വെക്കുകയും ചെയ്തു..

പതിവ് പോലെ മെഡിസിനും ഇൻജെക്ഷനും നൽകി.. ഒന്നും കണ്ടു നിൽക്കാൻ സാധിക്കുന്നില്ലായിരുന്നു അയാൾക്ക്..ജീവിതത്തിൽ ആദ്യമായി താൻ തളർന്നു പോകുകയാണെന്ന് തോന്നി..ഒരുപക്ഷെ സ്വന്തം മകളായ ചിഞ്ചുവിനെ ഓർത്തു പോലും താൻ ഇത്രമാത്രം വേദനിച്ചിട്ടില്ലന്ന് ഓർത്തു അയാൾ.. പുറം കയ്യാലെ മിഴിനീർ തുടച്ചു മുറിക്ക് വെളിയിലേക്ക് ഇറങ്ങി.. അപ്പോഴും അവളുടെ ചുണ്ടുകൾ ഉരുവിടുന്നുണ്ടായിരുന്നു.. "ന്റെയാ..എന്റേത് മാത്രമാ..." 🍂🍂🍂🍂🍂🍂🍂 "ആരായിരുന്നെടാ..? കൊറേ നേരമായല്ലോ തുടങ്ങിട്ട്..? " കാൾ കട്ട്‌ ചെയ്തു തിരിയുമ്പോഴാണ് തെരേസ പുറകിൽ നിന്നും ചോദിക്കുന്നത്.. "ശരൺ ആയിരുന്നു അമ്മച്ചി.. വസുവിന്റെ കാര്യം പറയുവായിരുന്നു.. " "വസുവിന്റെയോ..? വസുവിന് എന്തുപറ്റി..? " "എന്റെ അമ്മച്ചി..ചുമ്മാ ടെൻഷൻ ആവല്ലേ..അമ്മച്ചിയുടെ വസുവിന് ഒന്നും പറ്റിയിട്ടില്ല..ഉടനെ അവന്റെ കല്യാണം കൂടാമെന്നു പറയുവായിരുന്നു ഞങ്ങൾ.. " "ആഹാ..അതൊരു സന്തോഷ വാർത്തയാണല്ലോ.. അല്ല..അതിന് അവൻ സമ്മതിച്ചോ..?

മിനിയാന്ന് ടൗണിൽ വെച്ചു രാധികയെ കണ്ടിരുന്നു..അപ്പൊ കൂടെ അവൾ പറഞ്ഞതേയുള്ളൂ കല്യാണം കാര്യം പറയുമ്പോൾ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ലന്ന്.." "അത് അവന്റെ മനസ്സിന് ഇണങ്ങുന്ന പെൺകുട്ടികളെ കിട്ടാത്തത് കൊണ്ടാ..എന്നാൽ ഇപ്പോൾ അങ്ങനെയല്ല..അവനൊരു പെൺകുട്ടിയെ സ്നേഹിക്കുന്നു.. കേട്ടപ്പോൾ ആദ്യം ഞാനും അത്ഭുതപ്പെട്ടു..ശരൺ പറയുമ്പോൾ തമാശ മാത്രം ആണെന്നാ കരുതിയത്..പക്ഷെ പിന്നീട് വസു തന്നെ പറഞ്ഞു..അപ്പോൾ മാത്രമാ ഞാൻ വിശ്വസിച്ചത്..നല്ല കുട്ടിയാ അമ്മച്ചി..വസുവിന് നന്നായി ചേരും..ഞാൻ കണ്ടിട്ടുണ്ട് ഒരുവട്ടം.. വസു അവളെ ആദ്യമായി മീറ്റ് ചെയ്തത് എങ്ങനെയാണെന്നൊക്കെ പറഞ്ഞാൽ അമ്മച്ചി ഞെട്ടും.. പിന്നെയുള്ള ഒരു പ്രശ്നം എന്താണെന്നു വെച്ചാൽ അവൾ അയ്യർ കുടുംബത്തിൽ പെട്ടതാണ്.. വസുവിന്റെ വീട്ടുകാർ എതിർപ്പ് ഒന്നും പറയില്ല..പക്ഷെ ആ കുട്ടിയുടെതു എങ്ങനെയാണെന്ന് അറിയില്ല..മാത്രവുമല്ല..അവൾ ഇതുവരെ അവനൊരു പോസറ്റീവ് റിപ്ലൈ കൊടുത്തിട്ടില്ല.."

"ഇന്നത്തെ കാലത്തെ കുട്ടികളല്ലെ.. എല്ലാം പെട്ടെന്നു പെട്ടന്നല്ലെ.. അതോണ്ട് ഒരുപാട് കാലമൊന്നും പുറകെ നടത്തിക്കില്ല.. ആ കൊച്ച് വേഗം തന്നെ ഒരു തീരുമാനം പറഞ്ഞോളും.." "ഇല്ലമ്മച്ചി..ഈ കാലഘട്ടത്തിൽ ജീവിക്കുന്നെന്നേയുള്ളൂ..അതിന്റെ ധൈര്യമൊന്നും ആ കുട്ടിക്കില്ല.. വളരെ പാവമാണ്..വല്ലാത്തൊരു ശാന്തത..ഉള്ളു നിറയെ വീട്ടുകാരോടുള്ള സ്നേഹവും ബഹുമാനവും ഭയവുമാണ്.. സ്വന്തം വീടിനപ്പുറം മറ്റൊരു ലോകം കണ്ടിട്ടില്ല അവൾ..അങ്ങനൊരു ലോകവുമില്ല അവൾക്ക്..അവളുടെ ആ പ്രത്യേകതകൾ തന്നെയാ വസുവിന്റെ മനസ്സ് കീഴടക്കിയത്.. അവളെ കണ്ടുമുട്ടിയതിനു ശേഷം വസു പഴയതിനേക്കാളും ഹാപ്പിയാണ്..അറിഞ്ഞാൽ രാധികാന്റിക്കും ഒരുപാട് സന്തോഷമാകും.. " "അമ്മമ്മാരോട് സ്നേഹമുള്ള മക്കൾ അങ്ങനെയാ..ആദ്യമൊക്കെ എത്ര വേണ്ടന്ന് പറഞ്ഞാലും ഒടുക്കം സമ്മതിക്കും..എനിക്കും ഉണ്ടൊരു മകൻ..പുറത്തേക്ക് ഇറങ്ങാൻ മേലാതെയായി നീ കാരണം.. എങ്ങോട്ട് തിരിഞ്ഞാലും ചോദിക്കും സണ്ണിക്ക് കെട്ട് ഒന്നും ആയില്ലേന്ന്..

എത്ര കാലമായെടാ ഞാൻ ഇതും പറഞ്ഞു നിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്..ജോലിയോ കൂലിയോ ഒന്നുമില്ലങ്കിൽ അതെങ്കിലും ഒരു കാരണമായി പറയാമായിരുന്നു.. ഇതിപ്പോ എന്ത് പറഞ്ഞാ നീ വെച്ചു താമസിപ്പിക്കുന്നത്..വസുവും നീയും ഒരേ പ്രായമല്ലേ.. ഇനി ഞങ്ങൾ കണ്ടു പിടിക്കുന്ന പെൺകൊച്ചിനെ വേണ്ടന്നാണെങ്കിൽ അവൻ കണ്ടു പിടിച്ചത് പോലെ നീയും കണ്ടുപിടിക്ക് ഒരെണ്ണം..ഞങ്ങൾ ഏതായാലും നിന്റെ ആഗ്രഹത്തിനു എതിര് നിൽക്കാൻ ഒന്നും പോകുന്നില്ല..നീയൊരുത്തിയെ ഈ വീട്ടിലേക്കു മരുമകളായി കൊണ്ട് വരുന്നത് കണ്ടു കണ്ണടയ്ക്കാനുള്ള ഭാഗ്യമൊന്നും കർത്താവ് ഞങ്ങൾക്ക് തന്നു കാണുകേലാ.. " "ഇതാ ഈ തെരേസ കൊച്ചിന്റെ പ്രശ്നം..പറഞ്ഞു പറഞ്ഞു അപ്പോഴേക്കും കണ്ണ് നിറയ്ക്കാൻ തുടങ്ങി.. എന്റമ്മച്ചി..സാന്ദ്രയ്ക്ക് വയസു എത്രയായെന്നറിയാമോ.. പത്തൊമ്പതു കഴിഞ്ഞു ഇരുപത് ആകാൻ പോകുന്നു..വിവാഹ പ്രായമെത്തിയ അവൾ ഇവിടെ നിൽക്കുമ്പോൾ ഞാൻ എങ്ങനെയാ ഒരുത്തിയെ കെട്ടിക്കൊണ്ട് വരുക.. ആദ്യം അവളുടെതു നടക്കട്ടെ.. എന്നിട്ടു മതി എന്റേത്.. "

"നിനക്ക് കെട്ടാൻ മനസ്സില്ലങ്കിൽ വേണ്ടാ.. നീ കെട്ടണ്ടാ..അതിന് അവളുടെ പ്രായമൊന്നും കൂട്ടി പറയണ്ട നീ..പത്തൊമ്പതു തികഞ്ഞിട്ടില്ല അവൾക്ക്..അഥവാ തികഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അതൊക്കെ ഒരു പ്രായമാണോ..? അവൾ ഇപ്പോൾ പഠിക്കുക അല്ലേടാ..ഡിഗ്രി കഴിയാൻ ഇനിയും ഉണ്ട് ഒന്നര വർഷം..ഏതായാലും ഡിഗ്രി കംപ്ലീറ്റ് ആവാതെ അവൾക്ക് പയ്യനെ നോക്കുന്നില്ല..ഇന്നത്തെ കാലത്തു വിദ്യാഭ്യാസമില്ലാത്ത കുട്ടികൾ ഉണ്ടോ.. ആൺകുട്ടികൾക്ക് മാത്രമല്ല.. പെൺകുട്ടികൾക്കും വിദ്യാഭ്യാസം വേണം..ജോലി നേടിയില്ലങ്കിലും സാരമില്ല.. നാലാളു കൂടുന്നിടത്തു നിന്നു ധൈര്യമായി സംസാരിക്കാമല്ലോ.. ഒരു ഡിഗ്രിക്കാരിയാണെന്ന് പറയാമല്ലോ..ഒന്നുമില്ലേലും നാളെ സ്വന്തം കൊച്ചുങ്ങൾ ഒരു സംശയം ചോദിക്കുമ്പോൾ അതെങ്കിലും പറഞ്ഞു കൊടുക്കാമല്ലോ..മേലാൽ നിന്റെ കല്യാണ കാര്യം സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ അവളുടെ കാര്യം എടുത്തിട്ട് നീ മുടക്കു പറയരുത്.. അവൾക്കും കാണില്ലേടാ ആഗ്രഹം നിന്റെ ഭാര്യയായി വരുന്നവളോട് കൂട്ട് കൂടാനും നിന്നെ സ്നേഹിക്കുന്നത് പോലെ അവളെ സ്നേഹിക്കാനുമൊക്കെ..കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലേക്കു പോയാൽ അവൾക്ക് ഇതൊന്നും അനുഭവിക്കാൻ കഴിയില്ല..

ഇന്നലേം കൂടെ അവൾ പറഞ്ഞു നിന്റെ കല്യാണ കാര്യം..സെലിൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവളുടെതെങ്കിലും.... " തുടർന്ന് പറയാൻ കഴിഞ്ഞില്ല തെരേസയ്ക്ക്.. വാക്കുകൾ മുറിഞ്ഞു പോയിരുന്നു..പഴയ ഓർമകളിൽ കണ്ണുകൾ നിറയുകയും ചുണ്ടുകൾ വിറക്കുകയും ചെയ്തു.. "അമ്മച്ചി..എന്താ ഇങ്ങനെ...അമ്മച്ചി തന്നെയല്ലേ പറയാറ്..എല്ലാം കർത്താവിന്റെ വിധിയാണെന്ന്.. അങ്ങനെ കരുതി സമാധാനിക്കണമെന്ന്.. " സണ്ണിയുടെ ഉള്ളിലും നോവ് ഉണർന്നിരുന്നു.എങ്കിലും അവനത് മറച്ചു പിടിച്ചു തെരേസയുടെ കവിളിൽ കൈ ചേർത്ത് വെച്ചു..തെരേസ അപ്പോൾത്തന്നെ സാരി തലപ്പ് കൊണ്ട് മിഴികൾ തുടച്ചു.. ഒരുവട്ടം തന്റെ തകർന്ന അവസ്ഥ കണ്ടു തന്നേക്കാൾ തകർന്നതാണ് തന്റെ മകൻ..ഇനിയൊരിക്കൽ കൂടെ അങ്ങനൊന്നു ഉണ്ടാകാൻ പാടില്ല.. അതിന് താൻ എപ്പോഴും നെഞ്ചുറപ്പോടെ തന്നെ ഇവന്റെ കൂടെ ഉണ്ടാകണം..തെരേസ മനസ്സിനെ ദൃഡപ്പെടുത്തി.. "നീ വാ..അത്താഴം എടുത്തു വെച്ചു.." "അപ്പച്ചൻ എന്ത്യേ.? കഴിച്ചുവോ..? സാന്ദ്ര മോളോ..? " "അപ്പച്ചനു വിശപ്പില്ലന്ന്..സെലിന്റെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടു.

.ഞാൻ വിളിച്ചില്ല..മനസ്സ് അസ്വസ്ഥതമായിരിക്കും..ശാന്തമാകട്ടേന്ന് കരുതി..സാന്ദ്ര നേരത്തെ കഴിച്ചു കിടന്നു..തലവേദന ആണെന്ന്.. " "തലവേദനയോ..എന്നിട്ടു എന്തെ പറയാഞ്ഞെ..? " "നീ ആധി പിടിക്കുകയൊന്നും വേണ്ടാ.. അതിനും മാത്രം ഒന്നുമില്ല..വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ചെറുതായി മഴ നനഞ്ഞിരുന്നു.. അതിന്റെയാണ്..തുമ്മലും ചീറ്റലും തുടങ്ങിയിട്ടുണ്ട്..ചൂട് കഞ്ഞി കോരി കൊടുത്തു..അത് കഴിച്ചിട്ടാ കിടന്നത്..നീ വാ...ഭക്ഷണം തണുത്തു കാണും.." തെരേസ താഴേക്കുള്ള പടികൾ ഇറങ്ങി..സണ്ണി താഴേക്ക് പോകുന്നതിനു മുന്നേ സാന്ദ്രയുടെ മുറിയിലേക്ക് ഒന്ന് കയറി..അവൾ ഉറങ്ങുകയായിരുന്നു..അവൻ അരികിൽ ഇരുന്നു അവളുടെ നെറ്റിയിൽ തൊട്ടു നോക്കി.. പനിയൊന്നും ഇല്ലായിരുന്നു.. തെരേസ പറഞ്ഞത് പോലെ മഴ നനഞ്ഞതിന്റെ ചെറിയൊരു ബുദ്ദിമുട്ടാണ് അവൾക്ക് എന്ന് മനസ്സിലായി..വാത്സല്യത്തോടെ അവളുടെ കവിളിൽ തഴുകുകയും പതിവ് പോലെ നെറ്റി തടത്തിൽ മുത്തം നൽകുകയും ചെയ്തു..പുതപ്പ് ഒന്നുകൂടെ കയറ്റിയിട്ട് കൊടുത്ത് അവൻ റൂമിന് വെളിയിലേക്ക് ഇറങ്ങി.. 🍃🍃🍃🍃🍃🍃🍃

"ഓ..എന്താ സുഖം..അവളേം സ്വപ്നം കണ്ടു കിടക്കുവായിരിക്കും.. " തലയിണയും കെട്ടിപിടിച്ചു ബെഡിൽ ചെരിഞ്ഞു കിടക്കുന്ന വസുവിന്റെ അരികിൽ ശരൺ വന്നിരുന്നു.. "എന്താ സംശയം.." വസു എഴുന്നേറ്റിരുന്നു തലയിണ എടുത്തു മടിയിലേക്ക് വെച്ചു.. "അല്ല..രാത്രി സഞ്ചാരമൊക്കെ നിർത്തിയോ നീ..രണ്ട് ദിവസം വലുതായിട്ട് ഉണ്ടായിരുന്നല്ലോ പമ്മി പമ്മി താഴേക്ക് ഇറങ്ങലും ആരും അറിയാതെ കതകു തുറന്നു പോകലും പിന്നെ പന്ത്രണ്ടു മണിക്ക് കയറി വരലുമൊക്കെ.. " "എന്നെ കാണുമ്പോൾ തന്നെ അവൾ തളർന്നു പോകുന്നുടാ.. അപ്പോൾ പിന്നെ രാത്രി കാലങ്ങളിൽ ഞാൻ അവളുടെ ബെഡ് റൂമിൽ കയറി ചെല്ലുമ്പോഴുള്ള അവളുടെ അവസ്ഥ എന്തെന്ന് ഞാൻ പറഞ്ഞു തരണോ..? അവളുടെ ആ പരിഭ്രമം ഒരുപാട് ഇഷ്ടമാണെന്നാലും ആ കണ്ണുകൾ നിറയുന്നത് കാണാൻ ആകുന്നില്ല.. അതുകൊണ്ട് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന അവളെ ദൂരെ നിന്നും ഒന്ന് കണ്ടിട്ട് പോരുന്നു.. "....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story