മണിവാക: ഭാഗം 26

manivaka

രചന: SHAMSEENA FIROZ

"എന്താ ചന്ദു ഇത്..നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ..എന്താ നിനക്ക് പറ്റിയത്..അല്ലാതെ തന്നെ നീ വളരെ സൈലന്റ് ആണ്..ഇതിപ്പോ കുറച്ചു ഡേയ്‌സ് ആയിട്ടു ആകെ മൂടി കെട്ടിയ അവസ്ഥയാണല്ലോ.? ആരോടു അധികം സംസാരിച്ചില്ലങ്കിലും നീ എന്നോട് ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു.. ഇപ്പോൾ കുറച്ചു ദിവസമായി എന്നോടും നിനക്ക് വല്യ മിണ്ടാട്ടമില്ല..വിളിച്ചപ്പോൾ ചൈതുവും പറഞ്ഞു നിനക്ക് കാര്യമായിട്ട് എന്തോ വിഷമം ഉള്ളതായി അവൾക്കും ഫീൽ ചെയ്തിട്ടുണ്ടെന്ന്..എന്നോട് അത് ചോദിച്ചു മനസ്സിലാക്കാനാ പറഞ്ഞിരിക്കുന്നത് അവൾ.. കോളേജിൽ വെച്ചു തന്നെ ഞാൻ ചോദിച്ചേനെ..അത് കേട്ടു ശ്രുതിയും നിന്നെ ചോദിച്ചു ബുദ്ധിമുട്ടിക്കണ്ടന്ന് കരുതിയാ ഞാനൊന്നും ചോദിക്കാതെയിരുന്നത്..ഇപ്പോൾ പറാ നീ..എന്താ നിനക്ക് പറ്റിയത്.. വസുവാണോ നിന്റെ പ്രശ്നം.. പറയെടി.." "പ്രശ്നം..പ്രശ്നമൊന്നുമില്ല ചിഞ്ചു.പക്ഷെ കുറെ നാളായിട്ട് മനസ്സ് ശെരിയല്ല..ആകെയൊരു അസ്വസ്ഥതയാണ്.."

"എന്തിന്..എന്തിനാ നിനക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്.. എന്താ അതിനുള്ള കാരണം.. വസു രാത്രിയിൽ വന്നു ബുദ്ധിമുട്ടിക്കുന്നുണ്ടോ..? കൂടെ കൂടെ വിളിച്ചു ശല്യം ചെയ്യുന്നുണ്ടോ..? ഇല്ലെന്നാണല്ലോ എന്നോട് പറഞ്ഞത്.. " കേട്ടതും ചന്ദു ഞെട്ടലോടെ ചിഞ്ചുവിനെ നോക്കി.. "നീ ഞെട്ടുകയൊന്നും വേണ്ടാ ചന്ദു.. ഞാൻ വസുവിന്റെ ആളാ..ഞങ്ങൾ തമ്മിൽ പണ്ടേ സന്ധി ചേർന്നതാ.. അവനെ ഞാൻ എപ്പോഴേ എന്റെ ഏട്ടനായി അംഗീകരിച്ചു കഴിഞ്ഞു.. ഇനി നീ അവന്റെ പ്രണയം അംഗീകരിക്കണം..അപ്പോൾ ഞാൻ എന്തുമാത്രം സന്തോഷിക്കുമെന്നു അറിയാമോ നിനക്ക്..ഞാൻ വാക്ക് കൊടുത്തു പോയെടീ അവന്.. നിന്നെ അവനു തന്നെ കൊടുത്തോളാമെന്ന്.. എന്റെ മനസ്സിൽ നീ വസുവിന്റെ പെണ്ണാ..അത് മാറ്റാൻ എനിക്കിനി കഴിയില്ല.നിങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി ഞാൻ എന്തും ചെയ്യും.. നീ എന്നോട് ക്ഷമിച്ചേ പറ്റുള്ളൂ.. ചൈതുവിനും അറിയാം.. അവളോട്‌ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.. " ചന്ദു ഒന്നും മിണ്ടിയില്ല.. കണ്ണുകൾ നിറച്ചു നിന്നു..

"ദൈവമേ..നീ കരയുവാ..എന്താടി ഇത്..അവൻ നല്ലവൻ ആയത് കൊണ്ടല്ലേ..അല്ലാതെ ഞാൻ നിന്നെ നിർബന്ധിക്കുമോ.. നിനക്ക് തോന്നുന്നുണ്ടോ നിന്റെ നല്ലതിന് അല്ലാതെ നാശത്തിനു വേണ്ടി ഞാനൊരു കാര്യം നിന്നോട് പറയുമെന്നോ ചെയ്യുമെന്നോ..? നിനക്ക് അവനെ ഇഷ്ടമല്ലേ ചന്ദു..? നിന്റെ മനസ്സിന്റെ ഒരു കോണിൽ എങ്കിലും അവൻ സ്ഥാനം നേടിയില്ലേ..? എന്നും വൈകുന്നേരം നിന്നെ കാണാൻ വരുന്ന അവനെ നീ നോക്കുന്നത് ഞാൻ കാണാറുണ്ട്.. സത്യം പറയ്യ് എന്നോട്...ഒരു മടിയും കൂടാതെ പറയെടി ചന്ദു.. ഞാനൊന്നു കേൾക്കട്ടെ.. " ചിഞ്ചു അവളുടെ രണ്ട് തോളിലും കൈ വെച്ചു.. "ഇല്ലാ.അങ്ങനെയൊന്നുമില്ല.. നീ എന്തൊക്കെയാ ചോദിക്കുന്നത് എന്നും പറയുന്നതെന്നുമുള്ള ബോധം ഉണ്ടോ നിനക്ക്.. അപ്പ... അപ്പ അറിഞ്ഞാലുള്ള കാര്യം ഓർക്കുന്നുണ്ടോ നീ..? " "ഓ തുടങ്ങി..ഞാൻ ഇപ്പോ കൂടെ കരുതിയതെയുള്ളൂ നീയെന്താ ആ തിരുനാമം മൊഴിയാത്തതെന്ന്.. എന്ത് പറഞ്ഞാലും ഒരു അപ്പ.. മതി ചന്ദു.. എനിക്ക് കേട്ടു മടുത്തു. ലോകത്തു നിനക്ക് മാത്രം ഒരു അച്ഛനുള്ള കളി കളിക്കല്ലേ നീ..

ഞാൻ നിന്റെ കാര്യമാ ചോദിക്കുന്നത്.. നിന്റെ അപ്പയുടെതല്ല..ഒരുവട്ടമെങ്കിലും നീ നിന്റെ മനസ്സ് തുറക്ക് ചന്ദു.. നിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ തുറന്നു പറയ്യ്..ഇത് എപ്പോഴും ഇങ്ങനെ കൂട്ടിൽ ഇട്ട പക്ഷിയെ പോലെ.. " "ഞാൻ..ഞാൻ എന്റെ അപ്പ പറയുന്ന ആളെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ.. ഞാൻ ആരെയും പ്രേമിക്കില്ല..അത് ഞാൻ എന്റെ അപ്പയോട് ചെയ്യുന്ന ദ്രോഹമായിരിക്കും.." "ഹൂ.ഇവളെയൊക്കെ..നീ അകത്തേക്ക് കയറി പോ ചന്ദു.. ഇല്ലേൽ ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകും..ഇപ്പോഴും ഇരുപതാo നൂറ്റാണ്ടിന്ന് ബസ് കിട്ടിയിട്ടില്ല നിനക്ക്..പറഞ്ഞിട്ട് കാര്യമില്ല..നീ ഇങ്ങനെയായി പോയി.. ഇനി ആര് വിചാരിച്ചാലും മാറ്റാൻ പറ്റില്ല.. " "ചിഞ്ചു.. " ചന്ദു സങ്കടത്തോടെ വിളിച്ചു.. "ആ..കരയണ്ട..ഞാൻ പിണങ്ങിയിട്ട് ഒന്നുമില്ല..വസു പറയുന്നത് പോലെ കാണാൻ പറ്റാത്തത് നിന്റെ കണ്ണ് നിറയുന്നതാ..അത് കൊണ്ട് രണ്ട് തെറി പറയാൻ പോലും പറ്റുന്നില്ല നിന്നെ..എനിക്ക് ദേഷ്യമൊന്നുമില്ല.. പക്ഷെ നിനക്ക് അവനോട് ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ നീയത് തുറന്നു പറയണം..

കാരണം അവൻ അത്രമാത്രം നിന്നെ സ്നേഹിക്കുകയും നിന്റെ സ്നേഹം പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.. അവന്റെ സ്നേഹത്തിന് ഒരു വിലയും കല്പിക്കാതെ പോകല്ലേ ചന്ദു..ഞാൻ അറിയുന്ന ചന്ദുവിന് ആരെയും വേദനിപ്പിക്കാനോ ഒരാളുടെയും മനസ്സിന്റെ വിങ്ങൽ കാണാതെ പോകാനോ കഴിയില്ല.. അപ്പയെ പരിഗണിക്കുന്ന കൂട്ടത്തിൽ നീ അവനെയും ഒന്ന് പരിഗണിക്കണം...വിവാഹമൊക്കെ പിന്നീട് അല്ലേ ചന്ദു..അപ്പോഴേക്കും നിന്റെ അപ്പയെ പറഞ്ഞു മനസിലാക്കാം..അതിനുള്ള കഴിവ് വസുവിനുണ്ട്..അവൻ അയ്യർ ഫാമിലി അല്ലന്നേയുള്ളൂ.. ബാക്കി എല്ലാം കൊണ്ട് നിന്നെക്കാളും നിന്റെ ഫാമിലിയെക്കാളും മുകളിലാ.. നിനക്ക് വേണ്ടി നിന്റെ അപ്പ കണ്ടു പിടിക്കുന്നവൻ നിന്റെ സങ്കല്പങ്ങൾക്കൊത്തുള്ള ആളാവണമെന്നില്ല.. അവന് നിന്നെ മനസ്സിലാക്കാൻ കഴിയണമെന്നില്ല.. പക്ഷെ വസുവിന് കഴിയും.. അവൻ നിന്നെ കൈ വെള്ളയിൽ കൊണ്ട് നടക്കും ചന്ദു.. അതെനിക്ക് ഉറപ്പാണ്..നീയെന്നെ വിശ്വസിക്ക്.. നല്ലത് പോലെ ആലോചിക്ക്..ടെൻഷൻ ആവണ്ട..

ഞാനില്ലേ കൂടെ..ഇപ്പോൾത്തന്നെ ക്ഷീണിച്ചു ഒരു കോലമായി..നീ റസ്റ്റ്‌ എടുത്തോ..ചെല്ല്.. " ചിഞ്ചു അവളെ മുറിയിലേക്ക് പറഞ്ഞയച്ചു.മുറിയിൽ കയറുന്നതിന് മുന്നേ ചന്ദു തിരിഞ്ഞു നോക്കി.. "എന്താടി..?? " "അങ്കിൾ എവിടെ..കണ്ടില്ലല്ലോ..? " "നീ വരുന്ന കാര്യം അറിയില്ലല്ലോ.. ഇവിടെ ഇരിപ്പുണ്ടായിരുന്ന ഫുഡ്‌ ഞാനും പപ്പയും എടുത്തു കഴിച്ചു.. ഞങ്ങൾ ഇവിടെ കുക്ക് ഒന്നും ചെയ്യാറില്ലല്ലോ..അധികവും പുറത്തുന്നല്ലേ ഞാനും പപ്പയും കഴിക്കാറ്..ഇതിപ്പോ നീ ഇവിടെ ടൗണിൽ എത്തിയെന്ന് പറഞ്ഞു വിളിച്ചപ്പോൾ നിനക്കുള്ള ലഞ്ച് വാങ്ങിക്കാൻ പോയതാ..ആളെവിടെ പോയി എന്തോ..? ഇനിയിപ്പോ ലഞ്ച്നു പകരം ഹോട്ടൽ തന്നെ വാങ്ങിച്ചു വരുവോ ആവോ..? " "അയ്യോ..വേണ്ടായിരുന്നു.. " "എന്ത് വേണ്ടായിരുന്നെന്ന്..നിങ്ങൾ ഉച്ചക്ക് മുന്നേ അവിടുന്ന് ഇറങ്ങിയതല്ലേ..അത് കൊണ്ട് നീ ലഞ്ച് കഴിച്ചു കാണില്ലന്ന് എനിക്കറിയാം ചന്ദു..ഇത് അന്യ വീട് ഒന്നും അല്ലല്ലോ ഇങ്ങനെ അത് വേണ്ടാ ഇത് വേണ്ടാന്നൊക്കെ പറയാൻ..ഒന്ന് നീ ഇവിടേക്ക് വരുന്നതും ആറ്റു നോറ്റു ഇരിക്കുന്നതാ ഞാൻ.. അപ്പോഴാ അവളുടെ.. " "അതല്ല ചിഞ്ചു..ഫുഡ്‌ പുറത്തുന്നു വാങ്ങിക്കണ്ടായിരുന്നു..ഇവിടെ സാധനങ്ങൾ ഇരിപ്പില്ലെ.. ഞാൻ ഉണ്ടാക്കുമായിരുന്നല്ലോ.. "

"അയ്യോടാ..അങ്ങനെയിപ്പോ നിന്നെ ഇവിടുത്തെ ജോലിക്കാരിയാക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..നിന്നോട് പോയി റസ്റ്റ്‌ എടുക്കാൻ അല്ലേടി പറഞ്ഞത്.. " ചിഞ്ചു കലിപ്പ് ആയതും ചന്ദു വേഗം മുറിയിലേക്ക് കയറി.. അത് കണ്ടു ചിഞ്ചു ഒരു ചിരിയോടെ എബ്രഹാമിനെ നോക്കി പുറത്തേക്ക് ഇറങ്ങി..അപ്പോഴാണ് അവൾക്ക് ഒരു കുസൃതി തോന്നിയത്.. ഉടനെ ഫോൺ എടുത്തു വസുവിന് വിളിച്ചു.. "ഹലോ...വസു..? " "നിന്റെ മടിയിൽ ഇരുത്തി പേര് ഇട്ട പോലെയാണല്ലോ വിളിക്കുന്നത്.. ചേട്ടാന്ന് വിളിയെടീ.. ഒരുവട്ടമെങ്കിലും നിന്റെ വായേന്ന് അങ്ങനൊന്നു കേൾക്കാനുള്ള കൊതി കൊണ്ടാ മോളെ.." "എന്റെ പപ്പയെ പോലും എടാ പോടാന്ന് വിളിക്കുന്ന എന്നോടാണോ മോനെ നീയിതു പറയുന്നത്..ഒരിക്കലും എന്റെ അടുത്തുന്ന് നീയാ ബഹുമാനം പ്രതീക്ഷിക്കണ്ട..കേട്ടോടാ ചേട്ടാ.. ആ പിന്നെ..വിളിച്ചത് ഒരു കാര്യം അറിയിക്കാനാ..എവിടെയാ നീയിപ്പോ.." "വേറെവിടെ..ഓഫീസിലാണ്.. " "അഞ്ചു മണി ആകുമ്പോൾ ഇറങ്ങില്ലെ..? " "ഇല്ല..ഇന്ന് അല്പം വൈകും..കുറച്ചധികം വർക്ക്‌ ഉണ്ടെടീ.."

"ഓ ഒരു ജോലി പുഴു.. വെറുതെയല്ല നിന്നെ ശരൺ എപ്പോഴും കളിയാക്കുന്നത്..വർക്ക്‌ ഒക്കെ നാളെ തീർക്കാം..ഇന്ന് നീ വേഗം ഇറങ്ങണം..എന്നിട്ടു നേരെ എന്റെ ഫ്ലാറ്റിലേക്ക് വരണം.." "നിന്റെ ഫ്ലാറ്റിലേക്കൊ..? അതെന്തിനാ..? അവിടെ വല്ല ഫങ്ക്ഷനും ഉണ്ടോ..? " "ഫങ്ക്ഷനൊന്നുമില്ല..പക്ഷെ നിനക്ക് വേണ്ടപ്പെട്ട ഒരാളുണ്ട് ഇവിടെ... എടാ ബുദ്ദൂസെ..ചന്ദു വന്നിട്ടുണ്ട് ഇവിടെ.." "ചന്ദനയോ..? അവളെന്താ അവിടെ.. നീയല്ലേ പറഞ്ഞത് അവളുടെ അപ്പ അവളെ നിന്റെ വീട്ടിലേക്കു വിടാറില്ലന്ന്.." "അതേ..വിടാറില്ല..അവൾ ഇവിടേക്ക് വരുന്നതോ ഞാൻ അവിടെ പോയി നിക്കുന്നതോ ഒന്നും അങ്ങേർക്കു ഇഷ്ടമല്ല... ഇതിപ്പോ വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് അവളെ ഇവിടെ ആക്കിയിട്ട് പോയതാണ്... ചന്ദുവിന്റെ അപ്പയുടെ വീട് തമിഴ്നാടാണ്..തമിഴ് നാട്ടിലെ കുoഭ കോണത്ത്..ജനിച്ചത് മാത്രമാണ് കേട്ടോ അവിടെ..പഠിച്ചതും വളർന്നതുമൊക്കെ കേരളത്തിൽ തന്നെയാ..അങ്ങേരുടെ അപ്പ ഒരു തഹസിൽദാർ ആയിരുന്നു..സ്ഥലം മാറ്റം കിട്ടിയാണ് കേരളത്തിലേക്ക് വരുന്നത്..പിന്നീട് ഇവിടെത്തന്നെ സെറ്റിൽഡ് ആയി..

ചന്ദുവിന്റെ അപ്പയെ കൂടാതെ വേറൊരു മകനുമുണ്ട്..അങ്ങേര് ഇപ്പോ അച്ഛന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചോണ്ട് പാലക്കാടിലെ ഏതോ വില്ലജ് ഓഫിസിൽ തന്നെ ജോലി ചെയ്യുന്നു..ചന്ദുവിന്റെ മുത്തശ്ശൻ പണ്ടേ മരിച്ചു പോയി.. പാട്ടിയുണ്ട്..ഇപ്പോ പറഞ്ഞ വില്ലേജ് ഓഫീസർ ഇല്ലേ പാലക്കാടുള്ള.. അങ്ങേരുടെ കൂടെയാണ് താമസം.. ഇവരു രണ്ടുപേരും മാത്രമാണ് ഇവിടെ.ബാക്കി ഫാമിലിയൊക്കെ തമിഴ് നാട്ടിൽ തന്നെയാണ്..അവിടെ വകയിൽ ഒരു പെരിയപ്പ അവസാന ശ്വാസം വലിച്ചു കിടപ്പാണ്..ഏതു നിമിഷവും തട്ടി പോകാം..ഒരു കല്യാണ ചടങ്ങിലും പങ്കെടുത്തില്ലങ്കിലും ഒരു മരണ ചടങ്ങ് പോലും ചന്ദുവിന്റെ അപ്പ മിസ്സ്‌ ചെയ്യില്ല..മുന്നിൽ തന്നെ ഉണ്ടാകും..കുടുംബത്തേലുള്ളതിന് മാത്രം കേട്ടോ..പുറമെയുള്ളതു തിരിഞ്ഞു നോക്കില്ല..ഭയങ്കര അയിത്തക്കാരനാണ്..അതുകൊണ്ടല്ലെ അങ്ങേർക്കു എന്നെ കണ്ണിനു കണ്ടൂടാത്തത്..എന്തായാലും അവര് പോയി വരുമ്പോൾ രണ്ട് ദിവസം കഴിയും.ഇനിയാ പെരിയപ്പയെ മേല്പോട്ട് എടുക്കുക ആണെങ്കിൽ രണ്ട് ദിവസവും പോരാ..

കർമം അത് ഇതുന്നൊക്കെ പറഞ്ഞു ദിവസങ്ങൾ നീളും..ഞങ്ങൾക്ക് ഇപ്പോൾ ഫൈനൽ സെo തുടങ്ങി.. തുടക്കത്തിൽ തന്നെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ കഴിയില്ല..പ്രൊജക്റ്റ്‌ വർക്ക്‌ ഒക്കെ ഒരുപാട് ഉണ്ട്.. അവൾക്ക് ഒരു അസുഖം വന്നു കോളേജിൽ പോകാൻ വയ്യാതെ വന്നാൽ വീട്ടിൽ ഇരുത്തി പഠിപ്പിക്കുന്ന ആളാ അവളുടെ അപ്പ. അങ്ങനെയുള്ള അവളുടെ അപ്പ ഇപ്പോൾ അവളെയും വലിച്ചു കെട്ടി പോകുമോ..ചൈതുവിനെയും കൊണ്ട് പോകുന്നില്ലായിരുന്നു.. പക്ഷെ അവൾ വാശി പിടിച്ചു കൂടെ പോയി..ചന്ദുവിനെ ശ്രുതിയുടെ വീട്ടിലാക്കി പോകാനാണ് തീരുമാനിച്ചത്..പക്ഷെ അവിടെ അവളുടെ ഗൾഫിലുള്ള അങ്കിളും ഫാമിലിയും വന്നിട്ടുണ്ട്..അങ്കിളിന്റെ മക്കൾ രണ്ടുപേരും ചെറുപ്പക്കാരാണെന്ന് കണ്ടതും ചന്ദുവിന്റെ അപ്പ അവളെ അങ്ങോട്ട്‌ അയക്കാനുള്ള തീരുമാനം മാറ്റി..ഒടുക്കം ദേ ഇവിടെ കൊണ്ടാക്കി..കയറിയിട്ട് ഒന്നുമില്ല.. അവളെ ഫ്ലാറ്റിന്റെ താഴെ ഇറക്കി പോയതാണ്..." "അപ്പോ അങ്ങനൊക്കെയാണ് കാര്യങ്ങൾ..ഏതായാലും നീ ഹാപ്പി ആയില്ലേ..അവൾ എപ്പോഴും അരികിൽ വേണമെന്നല്ലെ നിന്റെ ആഗ്രഹം..എപ്പോഴുമല്ലെങ്കിലും ഒരു നാലഞ്ചു ഡേയ്‌സ് എങ്കിലും ഇനി അവിടെ കാണുമല്ലോ നിന്റെ ചന്ദു..." ..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story