മണിവാക: ഭാഗം 34

manivaka

രചന: SHAMSEENA FIROZ

"ഇന്ന് ചന്ദുവിന്റെ പെണ്ണ് കാണലായിരുന്നു.. ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ.. പാലക്കാട്‌ ഉള്ള അവളുടെ ചെറിയച്ചനെ കുറിച്ച്.. അയാളുടെ വൈഫ്ന്റെ സിസ്റ്ററുടെ മകനാണ് കക്ഷി.. ചന്ദുവിന്റെ അപ്പ ഏതാണ്ട് ഒക്കെ ഉറപ്പിച്ച മട്ടാണ്.. അവളുടെ ചെറിയമ്മ മുൻപേ കൊണ്ട് വന്ന പ്രൊപോസലായിരുന്നു.. അന്നത് അത്രയ്ക്ക് ഗൗനിച്ചില്ല.. ഇന്നിപ്പോ ചന്ദുവിന്റെ അപ്പയ്ക്ക് ഇത് ഉപകാരമായി കാണണം.. ഈ കണക്കിനാണ് പോക്ക് എങ്കിൽ വിവാഹം ഉടനെ ഉണ്ടാകും.. അതിൽ ഒരു സംശയവും വേണ്ട..എനിക്കിപ്പോ അങ്ങോട്ട് കയറി ചെല്ലാൻ പറ്റില്ല.. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ.. ഇനി നീ ഒട്ടും ലേറ്റ് ആവരുത് വസു.. ചന്ദുവിന്റെ സമ്മതവും തിരക്കണ്ട.. നാളെ തന്നെ വീട്ടുകാരെയും കൂട്ടി ചെല്ല്.." വൈകുന്നേരം ചിഞ്ചു വിളിച്ചപ്പോൾ പറഞ്ഞ കാര്യത്തിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു അവന്റെ മനസ്സ്.. ഒരു മണി.. രണ്ട് മണി.. മൂന്ന് മണി.. അഞ്ചു മണിക്കൂറോളമായി താൻ ഇങ്ങനെ ഉറക്കവും കാത്തു കിടക്കുന്നു..

പത്തു മണിക്ക് കയറി കിടന്നതാണ്.. വസു വീണ്ടും മുന്നിലെ ക്ലോക്കിലേക്ക് തന്നെ മിഴികൾ നട്ടു. കണ്ണ് അടച്ചാലും തുറന്നാലും മുന്നിൽ ചന്ദന മാത്രം.. ഇപ്പോൾ എന്ത് ചെയ്യുകയാവും.. കരയുകയായിരിക്കുമോ..? അതോ വേദനകളെല്ലാം ഉള്ളിൽ ഒതുക്കി ശാന്തമായി ഇരിക്കുകയായിരിക്കുമോ..? ആയിരിക്കും.. അതിനാണ് സാധ്യത കൂടുതൽ.. ഒന്ന് നേരം പുലർന്നിരുന്നുവെങ്കിൽ.. അവളെ ഒന്ന് കണ്ടിരുന്നെങ്കിൽ.. ആ മുഖം കണ്ടാൽ മാത്രമേ ഇനി ഈ അസ്വസ്ഥതകൾ പിൻവാങ്ങുകയുള്ളൂ.. ** "നോക്കൂ...തെറ്റ് എന്റെ മകളുടെ ഭാഗത്താണ്.. നിങ്ങളുടെ മകന് ഞങ്ങൾ ബ്രാഹ്മിൺസിന്റെ ആചാരങ്ങളോ ചിട്ടകളോ വട്ടങ്ങളോ ഒന്നും അറിയില്ലായിരിക്കാം.. അത് കൊണ്ടാവാം ചന്ദനയെ ഇഷ്ടപ്പെട്ടതും വിവാഹം ചെയ്യാൻ ആഗ്രഹിച്ചതും.. പക്ഷെ ചന്ദനയ്ക്ക് എല്ലാം അറിയാമായിരുന്നല്ലോ.. ഈ ബന്ധത്തിനു ഒരിക്കലും ഞാനോ എന്റെ ഫാമിലിയോ സമ്മതിക്കില്ലന്ന് അവൾക്ക് നന്നായി അറിയാവുന്നതാണ്..

തുടക്കത്തിലേ അവൾ നിങ്ങളുടെ മകനെ എതിർത്തിരുന്നുവെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് ഇവിടേം വരെ വന്നു ഇങ്ങനെയൊരു സംസാരത്തിന്റെ ആവശ്യം വരില്ലായിരുന്നു.." തിലക രാമൻ പറഞ്ഞു നിർത്തി.. "ഫാമിലിയുടെ ഇഷ്ടങ്ങളെക്കാൾ പ്രാധാന്യം നൽകേണ്ടത് ചന്ദനയുടെ ഇഷ്ടങ്ങൾക്ക് അല്ലേ..? വസുവും ശരണും പറഞ്ഞുള്ള അറിവ് മാത്രമേ ഞങ്ങൾക്ക് ഉള്ളു.ഇതുവരെ ഞാനോ ഇവളോ ചന്ദനയെ നേരിൽ കണ്ടിട്ടില്ല.. ഇവൻ പറഞ്ഞിടത്തോളം അവൾക്ക് ഇവനെ ഇഷ്ടമാണ്. ഇവന് അവളെയും..ഇവിടുത്തെ രീതികളെക്കുറിച്ചും എതിർപ്പുകളെ കുറിച്ചും പറഞ്ഞു. ചന്ദനയ്ക്ക് ഇന്നലെ വന്ന കല്യാണ ആലോചനയെക്കുറിച്ചും.. അത് കൊണ്ടാണ് അധികം ആരെയും അറിയിക്കാതെ എടിപിടിന്ന് ഇങ്ങനെയൊരു വരവ്.. സംസാരിച്ചാൽ ശെരിയാവാത്തതും നടക്കാത്തതുമായ കാര്യങ്ങൾ ഉണ്ടോ..? മക്കളുടെ ഇഷ്ടമല്ലേ നമ്മുടേതും.. അവര് അത്രയ്ക്ക് ആഗ്രഹിക്കുമ്പോൾ എങ്ങനെയാ വേണ്ടാന്ന് പറയുക.. അവരുടെ ജീവിതമല്ലേ.. ഈ തീരുമാനം എടുക്കുന്ന റോൾ മാത്രമേ നമുക്ക് ഉണ്ടാകു.. പിന്നീട് അങ്ങോട്ട് ജീവിക്കേണ്ടത് അവരല്ലേ.. അത് കൊണ്ട് ഒന്നൂടെ ആലോചിച്ചൊരു തീരുമാനം.. " വസുവിന്റെ അച്ഛൻ വളരെ സൗമ്യമായി കാര്യം ആവർത്തിച്ചു..

"ഇനി ഇതിൽ എനിക്ക് കൂടുതൽ സംസാരിക്കാൻ ഇല്ല.. എന്റെ തീരുമാനം ഞാൻ അറിയിച്ചു കഴിഞ്ഞു.. അതിഥി ദേവോ ഭവ എന്നാണ്.. വീട്ടിലേക്ക് കടന്ന് വരുന്നവരോട് അപമര്യാദയായി പെരുമാറി ശീലമില്ല.. അതുകൊണ്ട് നമുക്കീ സംസാരം ഇവിടെ വെച്ച് അവസാനിപ്പിക്കാം.. ചന്ദനയുടെ വിവാഹം ഇന്നലെ വന്ന ആലോചനയുമായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം.. അത് നടക്കും..ഇതിനെല്ലാം ഉത്തരവാദി എന്റെ മകൾ ആയത് കൊണ്ടാണ് ഞാൻ ഇത്രയും സമയം ഈ കാര്യത്തിന് വേണ്ടി ചിലവഴിച്ചത്.. " തിലക രാമന്റെ സ്വരവും മുഖവും കടുത്തിരുന്നു.. ഇനി അവിടെ ഇരിക്കുന്നതിൽ അർത്ഥമില്ലന്ന് വസുവിനും അച്ഛനും അമ്മയ്ക്കും ശരണിനും ഒരുപോലെ തോന്നി.. ഇറങ്ങി പോ എന്ന് പറയാതെ പറഞ്ഞതാണ് അയാൾ.. ചന്ദന പറഞ്ഞത് എത്ര ശെരിയാണ്.. അവൾ തിലക രാമനെ മനപാഠമാക്കി വെച്ചിരിക്കുന്നു.. എങ്കിലും വന്നു കയറുമ്പോഴേ ഒരു ആക്ഷേപം പ്രതീക്ഷിച്ചതാണ്.. ഏതായാലും അതുണ്ടായില്ല..

അങ്ങനൊന്നുണ്ടായിരുന്നെങ്കിൽ അത് തനിക്കു വല്യ വേദനയാകുമായിരുന്നു അച്ഛനെയും അമ്മയെയും ശരണിനെയും ഓർത്തിട്ട്..തനിക്ക് വേണ്ടിയാണ് വന്നത്..തന്റെ ഇഷ്ടം നേടി തരാൻ വേണ്ടി.. "ചന്ദന..." വാതിൽ പടിയോളം എത്തിയതും വസു തിരിഞ്ഞയാളോട് ചോദിച്ചു.. എന്തും വരട്ടെന്നുള്ള മട്ടിൽ.. ഇവിടേം വരെ വന്നിട്ട് ഒന്ന് കാണാതെ എങ്ങനെയാണ്.. അമ്മയ്ക്ക് അവളെ കാണാൻ അതിയായ ആഗ്രഹമുണ്ടായിട്ടും അയാളുടെ പെരുമാറ്റത്തിലുള്ള ഇഷ്ട കുറവ് കൊണ്ടാണ് അമ്മ അവളെ ചോദിക്കാത്തത്. അന്നേരം തന്നെ രാധികയും അവനൊപ്പം അവിടെ നിന്നു. " ചന്ദനയെ ഇനി നിങ്ങളാരും കാണുന്നതിലോ സംസാരിക്കുന്നതിലോ എനിക്ക് താല്പര്യമില്ല.. അതിന്റെ ആവശ്യവും.. ഇന്നത്തോടെ എല്ലാം അവസാനിപ്പിച്ചേക്കു.." വീണ്ടും ഉറച്ച മറുപടി.. വസുവിന്റെ നോട്ടം അറിയാതെ അകത്തളത്തിലേക്ക് നീങ്ങി.. അവിടെ ചന്ദനയുടെ അമ്മയെ മാത്രം കണ്ടു.നേരത്തെ തങ്ങൾക്കുള്ള ജ്യൂസ് ടീ പോയിൽ കൊണ്ട് വെച്ചു പോയതാണ്..

അതിൽ പിന്നെ അവളുടെ അമ്മയെയും ഹാളിലേക്ക് കണ്ടിട്ടില്ല.. ആ കുറഞ്ഞ സമയം കൊണ്ട് തന്നെ ചിഞ്ചു വിവരിച്ച ആ വീടിന്റെ ചിട്ടകളെ കുറിച്ച് അവനു മനസ്സിലായിരുന്നു.. മനസ്സിന് വല്ലാത്തൊരു ഇടുക്കം തോന്നി അവന്.. ഒപ്പം തന്നെ ഒരു നീറ്റലും. അത് ചന്ദനയെ കാണാൻ പറ്റാത്തതിലായിരുന്നു. കാറിൽ കയറുന്നതിനു മുന്നേ ജനലഴികൾക്കുള്ളിലേക്ക് മിഴികൾ നീണ്ടു..അവിടെ ഉണ്ടായിരുന്നു അവനു വേണ്ടപ്പെട്ടവൾ.. ആ കണ്ണുകളിൽ വേദനയായിരുന്നു.. നിസ്സഹായതയായിരുന്നു.. അതവനെ വല്ലാതെ തളർത്തി.. കണ്ടു നിൽക്കാൻ കഴിയില്ലെന്ന പോലെ കാറിൽ കയറി മുഖം കൈകളിൽ താങ്ങി കുനിഞ്ഞിരുന്നു.. "വസൂ..." ശരൺ അവന്റെ ചുമലിൽ തൊട്ട് വിളിച്ചു.. "ഏയ്യ്..ഒന്നുമില്ലടാ..ഞാൻ പ്രതീക്ഷിച്ചതാണ് ഇത്.. അവളെ ഒന്ന് മുന്നിലേക്ക് വിളിച്ചില്ലല്ലോന്നുള്ളതോർക്കുമ്പോഴാ.. അമ്മയൊന്ന് കണ്ടില്ലല്ലോ അവളെ.." വസു തന്റെ മുഖം അമർത്തി തുടച്ചു.. "അമ്മയെ ഓർത്തു മാത്രമാണോ.. നിനക്ക് കാണണ്ടായിരുന്നൊ അവളെ.." രാധിക അവനെ അലിവോടെ നോക്കി..

"എന്റെ മോനു അവളെ മറക്കാൻ പറ്റുമോ.. എങ്കിൽ മറന്നേക്ക്.. ഈ ബന്ധം നമുക്ക് വേണ്ട.." രാധികയുടെ സ്വരത്തിൽ വേദനയ്ക്ക് ഒപ്പം ദേഷ്യവും നിറഞ്ഞു.. അത് അപമാനിക്കപ്പെട്ടതിന്റെ ആയിരുന്നു. "നമുക്ക് അത് പറയാൻ എളുപ്പമാണ് ആന്റി..ഇവനെ നോക്കു.. ഇവൻ ഇത്രയ്ക്കു തളർന്നു പോവുന്നുണ്ടെങ്കിൽ ഇപ്പോ ആ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും..?" "ശരൺ..നീ വണ്ടി എടുക്കു..വേണ്ടത് എന്താണെന്ന് വെച്ച് നമുക്ക് ആലോചിച്ചു ചെയ്യാം.." വസുവിന് അൽപ്പം ആശ്വാസമെന്നോണം അവന്റെ അച്ഛൻ പറഞ്ഞു നിർത്തി.. * "ചേച്ചി..." ഏറെ നേരമായി ജനൽ കമ്പികളിൽ മുറുകെ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ചന്ദന.. ചൈതന്യ വന്നു അവളോട് ചേർന്ന് നിന്നു. "എത്ര നേരമായി ചേച്ചി ഈ നിൽപ്പ് തുടങ്ങീട്ട്... ഊണ് കഴിക്കാം.. വാ.." "നീ കഴിച്ചോ..?"

"ഇല്ല.. ഒന്നിച്ചിരിക്കാം.. ചേച്ചി ഇങ്ങനെ വിഷമിക്കല്ലേ.. എനിക്ക് സങ്കടം വരുന്നു.. ചെറിയമ്മയോട് ഞാൻ വിളിച്ചു പറയട്ടെ ചേച്ചിക്ക് വേറൊരാളെ ഇഷ്ടമുണ്ടെന്ന്.." ചന്ദന അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. "ചിരിക്കുവാണേലും ചേച്ചി ഉള്ളിൽ കരയുവാണെന്ന് എനിക്കറിയാം. പാവം വസു ചേട്ടൻ.. ആ പോകുന്നത് കണ്ടിട്ട് എനിക്ക് തന്നെ സഹിച്ചില്ല.. ചിഞ്ചു ചേച്ചി വിളിച്ചിരുന്നു.. അവരു വന്നതും പോയതുമൊക്കെ ഞാൻ പറഞ്ഞു.." "മ്മ്..അപ്പ എന്ത്യേ..?" "അവിടെ ഉമ്മറത്തു ഇരിപ്പുണ്ട്.. " "കഴിച്ചോ..?" "ഇല്ല.. അമ്മ ഊണ് വിളമ്പി ചെന്ന് വിളിച്ചപ്പോ വേണ്ടാന്ന് പറഞ്ഞു. വിശപ്പില്ലാത്രേ..എന്താണാവോ വിശക്കാതിരിക്കാൻ.. അവരോട് എന്തിനാണ് അങ്ങനെ പെരുമാറിയത്.. സമ്മതിച്ചാൽ എന്തായിരുന്നു അപ്പായ്ക്ക്..?".... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story