മണിവാക: ഭാഗം 37

manivaka

രചന: SHAMSEENA FIROZ

സണ്ണിക്ക് തല കറങ്ങുന്നതായി തോന്നി.ഒരാളെ ഇഷ്ടമുണ്ടെന്ന് ഇന്നലെയാണ് സാന്ദ്ര പറയുന്നത്.. ആദ്യമായിട്ട്..തിരിച്ചു അയാൾക്കും ഇഷ്ടമായിരിക്കുമെന്നും പറഞ്ഞു.. അതിനർത്ഥം വസുവിന്റ ഭാഗത്തു നിന്നു അങ്ങനെ എന്തെങ്കിലും.. ഇല്ല.. ഒരിക്കലുമില്ല..വസു സ്നേഹിക്കുന്നത് ചന്ദനയെയാണ്.. ചന്ദനയെ മാത്രം.. അവൾക്ക് മുൻപോ ശേഷമോ അവനു മറ്റാരോടും അങ്ങനൊരു ഇഷ്ടം തോന്നിയിട്ടില്ല..അവന്റെ പ്രണയം എക്കാലവും ചന്ദന മാത്രമാണ്..പിന്നെങ്ങനെ സാന്ദ്രയിലൊരു പ്രതീക്ഷ നിറഞ്ഞു.. ഉടനെ തിരുത്തണം അവളെ.. ഒട്ടും വൈകിയിട്ടില്ല.. അവൻ ദീർഘമായൊന്നു ശ്വസിച്ചു ഉള്ളിൽ ഉണരുന്ന ചിന്തകളെയും ചോദ്യങ്ങളെയുമൊക്കെ തടഞ്ഞു നിർത്തി.. "ആഹാ.. ചേട്ടായി ഇവിടെ ഉണ്ടായിരുന്നോ.. കുളി പോലും കഴിഞ്ഞില്ലേ..താഴെ അമ്മച്ചി വിളിക്കുന്നു.. ഞാൻ അപ്പച്ചന്റെ കൂടെ നമ്മുടെ പറമ്പും തോട്ടവുമൊക്കെ ഒന്ന് കയറി ഇറങ്ങി.. കണ്ടില്ലേ ദേ മൊത്തം ചെളിയാണ്.. കുളിച്ചിട്ട് വരാവേ.." മുറിയിലേക്ക് കയറി വന്നതേ സാന്ദ്ര ടവലും ഡ്രെസ്സും എടുത്തു പിടിച്ചു.

. "വസുവാണോ ആൾ..?" "എന്താ..?" സണ്ണിയുടെ പെട്ടെന്നുള്ള ആ ചോദ്യത്തിൽ അവൾ ഒന്ന് പകച്ചു.. അവന്റെ കണ്ണുകളെ പിന്തുടർന്ന അവളുടെ നോട്ടവും ലാപ്ടോപ് ൽ എത്തി നിന്നു.. "ചോദിച്ചത് കേട്ടില്ലേ..?" "ചേട്ടായി..." അവളുടെ സ്വരം ദുർബലമായിരുന്നു.. അത് സണ്ണിയുടെ ശബ്ദത്തിനു ഗൗരവമേറിയത് കൊണ്ടായിരുന്നു. "ഉത്തരം പറയു സാന്ദ്രാ.." "അതെ..വസു..വസു ചേട്ടനാണ്.. പണ്ട് തൊട്ടേയുള്ള ഇഷ്ടമാണ്.. ചേട്ടായിയോട് ഒപ്പം വസു ചേട്ടനെ കാണാൻ തുടങ്ങിയന്ന് മുതലുള്ള ഇഷ്ടം.." "ഇത് നടക്കില്ല സാന്ദ്ര.. നീയിതു മറന്നേക്കൂ.." അങ്ങനൊന്ന് സണ്ണിയുടെ ഭാഗത്തു നിന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. തലയ്ക്കു അടിയേറ്റതു പോലെ നിന്നു ഒരുനിമിഷം..ഹൃദയം വല്ലാതെ വേദനിക്കുന്നത് പോലെ.. നടക്കില്ല.. അത് മാത്രം ചെവിയിൽ മുഴങ്ങി കേൾക്കുന്നു..പക്ഷെ എന്തുകൊണ്ട്.. എന്തുകൊണ്ടെന്ന് ചോദിക്കണമെന്നുണ്ട്..പക്ഷെ നാവ് പോലും അനങ്ങുന്നില്ല.. തന്റെ ഇഷ്ടം ഒരിക്കലും നടക്കില്ലന്നതാണോ മറിച്ചു

അത് പറഞ്ഞത് സണ്ണിയാണെന്നതോ തന്നെ ഇത്രമാത്രം വേദനിപ്പിക്കുന്നതെന്നു അവൾക്ക് മനസ്സിലായില്ല.. ഇന്നുവരെ ഒരിഷ്ടവും നേടി തരാതെ നിന്നിട്ടില്ല.. ഒന്നിനും തടസ്സം പറഞ്ഞിട്ടില്ല.. അവൾക്ക് ഉറക്കെ നെഞ്ച് പൊട്ടുമാറുച്ചത്തിൽ അലമുറയിടണമെന്ന് തോന്നി.. "സാന്ദ്ര.. നീ ഒരുപാട് സ്വപ്നങ്ങൾ കണ്ടു കൂട്ടുന്നതിന് മുന്നേ തന്നെ ഞാൻ പറയുവാ.. വസു ഒരിക്കലും നിന്റെ സ്നേഹം അംഗീകരിക്കില്ല.. എനിക്ക് എങ്ങനെയാണോ നീ അത് പോലെ തന്നെയാ അവനും.. ഒരനിയത്തിയോടെന്ന പോലുള്ള സ്നേഹമേ അവൻ നിന്നോട് കാണിച്ചിട്ടുള്ളു.. Sometimes ഞാൻ നൽകുന്നതിനേക്കാൾ സ്നേഹവും വാത്സല്യവും സ്വാതന്ത്ര്യവുമൊക്കെ അവൻ നിനക്ക് നൽകി.. അതെന്തു കൊണ്ടാ.. നീയെന്റെ കുഞ്ഞ് പെങ്ങൾ ആയത് കൊണ്ടാണ്.. ഒരു അനുജത്തി ഇല്ലാത്ത കുറവ് അവൻ നിന്നിലൂടെ നികത്തി.. അതൊന്നും നീ misunderstand ചെയ്യാൻ പാടില്ലായിരുന്നു.. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുമെന്ന് കരുതുന്നു.. മനസ്സിലാക്കണം.. അതിനുള്ള പ്രായവും വിവേകവും ബുദ്ധിയുമൊക്കെ നിനക്കുണ്ട്..

വെറുതെ മനസ്സിൽ അതുമിതുമൊക്കെ നിറച്ചു വെക്കണ്ട..കുളിച്ചിട്ട് താഴേക്ക് ചെല്ല്.. അപ്പോഴേക്കും ഞാനും വരാം..കേട്ടല്ലോ.." സണ്ണി അവളുടെ കവിളിൽ ചെറുതായ് ഒന്ന് തട്ടി കൊടുത്തു മുറി വിട്ടിറങ്ങിയെന്നാലും അവൾ നിന്നിടത്ത് നിന്നും അനങ്ങിയില്ല.. *** ചന്ദന ഇപ്പോൾ കോളേജിൽ വരാത്തത് കാരണം ചിഞ്ചുവിന്റെയും ശ്രുതിയുടെയും കോളേജ് ദിവസങ്ങൾ വളരെ വിരസമായാണ് കടന്ന് പോകുന്നത്.ചന്ദന വളരെ ഒതുങ്ങിയ പ്രകൃതമായിരുന്നുവെങ്കിലും അവളുടെ കുറവ് അവർക്കിടയിൽ കുറവായി തന്നെ നില നിന്നു.. ഇനി ശ്രുതിയും വല്ലാതെ ഒതുങ്ങി പോകുമോന്ന് ഓർത്തു ചിഞ്ചു അവളെയും കൂട്ടി സിറ്റിയൊന്നു കറങ്ങി വരാൻ തീരുമാനിച്ചു.. കോളേജ് ഗേറ്റ് കടക്കുമ്പോഴാണ് ജ്യോതി അപ്പോഴും അവിടെ നിൽക്കുന്നുണ്ടെന്ന് അവർ കണ്ടത്. ശ്രുതിയുടെയും ചന്ദുവിന്റെയും റൂട്ട് തന്നെ ആണെന്നാലും ബസ്സിൽ പോകാറില്ല അവൾ..രാവിലെ കൊണ്ട് വിടാനും വൈകുന്നേരം കൊണ്ട് പോകാനും ജിത്തു ഏട്ടൻ വരും.കോളേജ്നു അടുത്തുള്ള ഒരു ഹൈ സ്കൂളിലാണ് ജിത്തു ഏട്ടൻ വർക്ക്‌ ചെയ്യുന്നത്..

"നീയെന്താടി ഇതുവരെ പോയില്ലേ..?" ചിഞ്ചു അവൾക്ക് അരികിൽ വന്നു നിർത്തി.. "ഏട്ടന് ഇന്ന് സ്റ്റാഫ് മീറ്റിംഗ് ഉണ്ട്.. ലേറ്റ് ആവും..വെയിറ്റ് ചെയ്യണ്ട, ബസ്സിൽ പൊയ്ക്കോളാൻ പറഞ്ഞു.. ശ്രുതിയിതു എങ്ങോട്ടാ..ഞാൻ കരുതി നിന്നെ കാണാഞ്ഞപ്പോ സെക്കന്റ്‌ ബസ്സും പോയ്‌ കാണുമെന്ന്..നീ എപ്പോഴും അതിനല്ലേ പോകാറ്.." "ഇന്നിവള് ടൗണിന്ന് കേറിക്കോളും.. ഞങ്ങൾ ചുമ്മാ ഒരു കറക്കത്തിന് ഇറങ്ങിയതാ.. പോരുന്നുണ്ടേൽ കേറിക്കോ.. ഷോർട് കട്ട് പിടിക്കാം.. ഇല്ലേൽ പോലീസ് മാമൻമാര് പൊക്കും.." കേട്ടതേ ഞാൻ എപ്പോഴേ റെഡി എന്ന കണക്കെ ജ്യോതി കയറിയിരുന്നു ശ്രുതിയെ അള്ളി പിടിച്ചു.. "നീയെന്താടി ഉടുമ്പോ.. ഒന്ന് പതിയെ പിടിയെന്റെ ജ്യോതി.. " "അയ്യടി.. നിനക്കതു പറയാം.. ഈ ഷോർട് വഴി ഫുൾ ഗട്ടറാ..എങ്ങാനും താഴെ പോയാലോ..ഞാൻ ഏട്ടന് ഒരു മെസ്സേജ് ഇടട്ടെ.. നീ ഒന്ന് ഒതുങ്ങി ഇരുന്നേ.." "ഇനി എങ്ങോട്ടു ഒതുങ്ങാനാ.. നിന്നോടൊക്കെ വരുന്നോന്ന് ചോദിച്ച ഇവളെ പറഞ്ഞാൽ മതിയല്ലോ.." ശ്രുതി ചിഞ്ചുവിന്റെ തലയ്ക്കു കിഴുക്കി..

"ദേ.. രണ്ടിനേം ചവിട്ടിയിറക്കണ്ടേൽ അടങ്ങി ഇരുന്നോ.." ഭീഷണി പോലെ പറഞ്ഞിട്ട് അവൾ സ്കൂട്ടി മുന്നോട്ട് എടുത്തു.. "സണ്ണിച്ചേട്ടൻ.." ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ്ൽ വണ്ടി നിർത്തിയതും ജ്യോതി ചാടിയിറങ്ങി.ആ പേര് കേട്ടതെ ചിഞ്ചുവിന്റെ ശരീരമൊന്നു വിറച്ചു.. ശ്രുതി ഇറങ്ങി തിരിഞ്ഞു നോക്കുമ്പോഴേക്കും ജ്യോതി തൊട്ടപ്പുറത്തു സണ്ണിയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു. "ചിഞ്ചു.. ദേ.. സണ്ണി.. അപ്പൊ ശരണും ഇവിടെ എവിടേലും കാണും.." ശ്രുതി ചിരിച്ചു.. ചിഞ്ചു ശ്രുതിക്ക് വേണ്ടിയൊന്നു ചിരിച്ചു. പക്ഷെ മനസ്സിൽ വേദന തിങ്ങി നിറയുകയായിരുന്നു.. എത്രയൊക്കെ കാണരുത് എന്ന് ആഗ്രഹിക്കുന്നുവോ അത്രയൊക്കെ തവണ മുന്നിൽ വന്നു നിൽക്കുന്നു.. എന്താണ് ദൈവമേ എന്നോട് ഇങ്ങനെ.. മുന്നിൽ ഇങ്ങനെ ഉണ്ടാവുമ്പോൾ നോക്കാതെ ഇരിക്കാനും ആവുന്നില്ല.. മനസ്സിൽ അത്രമേൽ വേരൂന്നിയ മുഖം. അവൾ സണ്ണിയെ തന്നെ നിരീക്ഷിക്കുകയായിരുന്നു..എന്ത് സ്നേഹത്തോടെയാണ് അവൻ ജ്യോതിയോട് സംസാരിക്കുന്നത്. ജിത്തു ഏട്ടൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഇവിടെ ടൗണിൽ ട്യൂഷന് വരുമായിരുന്നു..

അപ്പോൾ കിട്ടിയ സുഹൃത്താണ് സണ്ണി.പക്ഷെ ഇപ്പോഴും വല്ലാത്തൊരു ആത്മബന്ധം ഉണ്ട് ഇരുവർക്കുമിടയിൽ. അല്ലെങ്കിലും സണ്ണി സൗഹൃദങ്ങൾ രൂപീകരിക്കുന്നതിലും അത് നില നിർത്തുന്നതിലും മുൻപന്തിയിൽ ആണെന്ന് ഒരിക്കൽ വസു പറഞ്ഞത് ഓർത്തു അവൾ.. "സണ്ണി ചേട്ടനെ അറിയില്ലേ.. അന്ന് എന്റെ എൻഗേജ്മെന്റ്നു ഉണ്ടായിരുന്നു..ഓർക്കുന്നുവോ.." തൊട്ട് മുന്നിൽ വന്നു നിന്ന് ജ്യോതി ചോദിക്കുമ്പോഴാണ് ചിഞ്ചു ചിന്തകളിൽ നിന്ന് ഉണരുന്നത്.. സണ്ണിയുമുണ്ട് അരികിൽ.. അവന്റെ മുഖത്തേക്ക് നോക്കാതെ ഇരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. "നല്ല ചോദ്യമാണ്.. ഓർക്കാതെ പിന്നെ.. അതിന് ശേഷവും ഒന്ന് രണ്ട് വട്ടം കണ്ടിരുന്നു.. ജിത്തു ഏട്ടന്റെ ഫ്രണ്ട് ആണെന്ന് അറിയാം.. പിന്നെ വസു ചേട്ടന്റെയും ഫ്രണ്ട് ആണല്ലോ.." ശ്രുതിയാണ് മറുപടി നൽകിയത്.. "ആ.. അങ്ങനൊന്നുണ്ടല്ലേ..അത് ഞാൻ മറന്നു..ജിത്തേട്ടൻ പറഞ്ഞാണ് ഞാൻ ചന്ദുന്റെയും വസു ചേട്ടന്റേം കാര്യം അറിയുന്നത്.. അല്ലാതെ ഇവറ്റകൾ എന്നോടൊന്നും പറഞ്ഞിട്ടില്ല.. "

ജ്യോതി ചിഞ്ചുവിനെയും ശ്രുതിയെയും കെറുവിച്ചു നോക്കി. "ചന്ദന.. ചന്ദന എന്ത് പറയുന്നു.. സുഖമായി ഇരിക്കുന്നോ..?" കൂട്ടത്തിൽ ചന്ദനയുടെ ഒഴിവ് സണ്ണിയെ വിഷമിപ്പിച്ചു.അതോണ്ട് ശ്രുതിയോട് പെട്ടന്ന് അതാണ് ചോദിക്കാൻ തോന്നിയത്.. ചോദിച്ചു കഴിഞ്ഞപ്പോ വേണ്ടന്നും തോന്നി.. അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് തനിക്ക് നന്നായി അറിയാവുന്നതാണ്.. എന്നിട്ടും ചോദിച്ചു.. "ചന്ദന സുഖമായി ഇരിക്കുന്നു. കോളജിൽ വരുന്നില്ലന്നെ ഉള്ളു. വീട്ടിൽ ഇരുന്ന് പഠിക്കുന്നുണ്ട്.." സണ്ണിയുടെ മുഖത്തെ മങ്ങൽ കണ്ടു ശ്രുതി പെട്ടന്ന് പറഞ്ഞു. "പർച്ചേസിങ്ങിന് ഇറങ്ങിയതാണോ.. എന്താണ് വിശേഷം..?" "അങ്ങനെ വിശേഷം ഉണ്ടാവണമെന്ന് ഒന്നും ഇല്ല..തോന്നുമ്പോൾ ഒക്കെ ഇങ്ങനെയൊരു കറക്കമാണ് ഇവൾക്ക്.. ഞാൻ വീട്ടിൽ പോകാൻ നിക്കുവായിരുന്നു.. ഇങ്ങോട്ടാന്ന് അറിഞ്ഞപ്പോൾ ഞാനൂടെ പോന്നു.." ചിഞ്ചുവിനെ കാണിച്ചു ജ്യോതിയാണത് പറഞ്ഞത്.. അപ്പോൾ പോലും സണ്ണി ചിഞ്ചുവിനെ നോക്കിയില്ല..ആ നേരമത്രയും അവൻ അവളെ അവഗണിക്കുകയായിരുന്നു. വല്ലാത്തൊരു തരം വിരോധമുള്ളത് പോലെ..ചിഞ്ചുവിന് തന്റെ നെഞ്ചിൽ നിന്നും ചോര കിനിയുന്നുണ്ടെന്നു തോന്നി..തന്റെ വിങ്ങൽ ഒതുക്കാൻ അവൾ നന്നേ പ്രയാസപ്പെട്ടു..

"ശരൺ ചേട്ടനും ഉണ്ടായിരുന്നോ.. ഇതെവിടെ ആയിരുന്നു.." തങ്ങൾക്ക് അരികിലേക്ക് വന്ന ശരണിനെ കണ്ടു ജ്യോതി തിരക്കി.. "ഒരു കാൾ ഉണ്ടായിരുന്നു..അതാണ്‌ അൽപ്പം മാറി നിന്നത്.. എന്ത് പറയുന്നു ത്രിമൂർത്തികൾ.. സുഖമല്ലേ.. എന്താണ് ഇവിടെ..ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ പോവാതെ കറങ്ങി നടപ്പാണോ..?" ചോദ്യം മൂവരോട് ആയിരുന്നുവെങ്കിലും ശരണിന്റെ മിഴികൾ തറഞ്ഞു നിന്നത് ചിഞ്ചുവിൽ മാത്രമായിരുന്നു. അവളുടെ മുഖത്തു പതിവ് ഉത്സാഹമോ പ്രസരിപ്പോ ഇല്ലാത്തത് അവനെ അമ്പരപ്പിച്ചു..ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്.. എന്തായിരിക്കും പറ്റിയിരിക്കുക.. ചോദിക്കണമെന്ന് വല്ലാതെ തോന്നിയെങ്കിലും അതവൻ വേണ്ടാന്ന് വെച്ചു.. എന്നിരുന്നാലും അവളുടെ ആ മുഖം അവന്റെയുള്ളിൽ സമാധാന കുറവ് ഉണ്ടാക്കി.. "ഞങ്ങൾ വെറുതെ ഒരു കറക്കത്തിനിറങ്ങിയതാണ്.. ഇപ്പൊത്തന്നെ സമയം പോയ്‌.. " "ശെരി എന്നാൽ.. സമയം കളയണ്ട.. കറക്കമൊക്കെ കഴിഞ്ഞു വേഗം വീടെത്താൻ നോക്കു... ഞങ്ങളു പോകുവാ.. ഞങ്ങടെ purchasing ഒക്കെ കഴിഞ്ഞു.. കുറച്ചു മുന്നേ വന്നിരുന്നേൽ എല്ലാർക്കും കൂടെ ഒന്നിച്ചു ചുറ്റാമായിരുന്നു..

അല്ലേൽ വേണ്ട.. ഇനിയൊരിക്കൽ ആവട്ടെ.. അന്ന് നിങ്ങളുടെ ഒപ്പം ചന്ദനയും ഞങ്ങളുടെ ഒപ്പം വസുവും ഉണ്ടാവട്ടെ.. എന്നാലേ ഒരു രസം ഉണ്ടാവുകയുള്ളൂ.. ചന്ദനയെ ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്.." അവസാനമെത്തുമ്പോൾ ശരണിന്റെ ചിരിയൊന്നു മങ്ങി.. "ലേറ്റ് ആവണ്ടാ.. ചെല്ലു.. ജ്യോതിക്കുട്ടിയെ... വൈകുന്നുണ്ടെങ്കിൽ ജിത്തുവിനോട്‌ വന്നു പിക് ചെയ്യാൻ പറയ് കേട്ടോ രണ്ട് പേരെയും.. ബസ്സിൽ ഇവിടുന്ന് ഒന്നര മണിക്കൂറോളം ദൂരമുണ്ട്.." സണ്ണി ഓർമ്മിപ്പിച്ചു.. "ഞാൻ ഏട്ടന് മെസ്സേജ് ഇട്ടിട്ടുണ്ട്.. എന്തായലും ഇതുവഴി വരും കൂട്ടാൻ.." "ശെരി..കാണാം കേട്ടോ.. ശരൺ..പോകുവല്ലേ..." സണ്ണി ശരണിന്റെ കയ്യിൽ നിന്നും കീ വാങ്ങിച്ചു.. "കയറെടാ.." ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തിട്ടും ശരൺ കയറാതെ നിൽക്കുന്നത് കണ്ടു സണ്ണി പറഞ്ഞു.. ശരണിന് ചിഞ്ചുവിനോടു തനിച്ചൊന്ന് സംസാരിക്കണമെന്ന് ഉണ്ടായിരുന്നു.. അവളുടെ ഈ നിശബ്ദതയ്ക്ക് കാരണമെന്തെന്ന് തിരക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ സണ്ണിയിൽ അത് ഇഷ്ട കുറവ് ഉണ്ടാക്കുമെന്നുള്ളതിനാൽ ഒന്നിനും മുതിർന്നില്ല അവൻ..

അത് കൊണ്ടാണ് ഈ നേരമത്രയും അവളോട് പ്രത്യേകിച്ച് ഒന്നും സംസാരിക്കാതെയിരുന്നത്.. തമാശയായി പോലും.. മുന്നോട്ട് കുതിച്ചിട്ടും ശരൺ വെറുതെ ഒന്ന് പിന്നിലേക്ക് തിരിഞ്ഞ് നോക്കി.. ശ്രുതിയും ജ്യോതിയും സംസാരത്തിൽ മുഴുകി മാളിന് അകത്തേക്ക് കടക്കാൻ ഒരുങ്ങുമ്പോഴും ചിഞ്ചു ഒന്നുമല്ലാത്ത മട്ടിൽ നിൽപ് ആയിരുന്നു അവിടെ.. പക്ഷെ അവളുടെ ദൃഷ്ടി അകന്ന് പോകുന്ന തങ്ങളിൽ തറഞ്ഞു നിൽക്കുകയാണെന്ന് അവൻ കണ്ടു........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story