മണിവാക: ഭാഗം 38

manivaka

രചന: SHAMSEENA FIROZ

"അപ്പാ..." രാത്രിയിൽ പൂമുഖത്തെ ചാരു കസേരയിൽ കണ്ണടച്ച് ഇരിപ്പായിരുന്നു തിലക രാമൻ.ചന്ദന അരികിൽ വന്നു പതുക്കെ വിളിച്ചു.. "മ്മ്..." എന്തെന്ന അർത്ഥത്തിൽ അയാൾ മിഴികൾ തുറന്നവളെ നോക്കി.. "അ.. അപ്പാ.. എനിക്ക് ഈ വിവാഹം വേണ്ട.." സ്വരുക്കൂട്ടി വെച്ച മുഴുവൻ ധൈര്യവുമെടുത്തു അവൾ പറഞ്ഞൊപ്പിച്ചു.. "അത് നീയല്ല തീരുമാനിക്കുന്നത്.." തിലക രാമന്റെ ശബ്ദം കനത്തു. "എനിക്ക് താല്പര്യമില്ല അപ്പാ.. എനിക്ക് വസുദേവിനെ ഇഷ്ടമാണ്.. ആ ഒപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. ഇഷ്ടമല്ലാത്ത വിവാഹത്തിനു എന്നെ നിർബന്ധിക്കല്ലേ അപ്പ.." കേഴുകയായിരുന്നു അവൾ.. കണ്ണുകൾ നിറഞ്ഞു ഇടറിയ ശബ്ദത്തിൽ.. തന്റെ മുന്നിൽ നിൽക്കുന്നത് ചന്ദനയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലയാൾക്ക്.. ഈ ഇരുപത് വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് മുന്നിൽ വന്നു നിന്നിങ്ങനെ സംസാരിക്കുന്നത്.. ഒരുനിമിഷം അമ്പരപ്പോടെ അവളെ നോക്കി.. "നീ ആരോടാണ് സംസാരിക്കുന്നതെന്നു ഓർമ വേണം.. എത്ര ധൈര്യമുണ്ടായിരിക്കണം നിനക്ക്..?

ഞാൻ നിന്റെ അച്ഛനാണ്.. ഇത്രയും വർഷങ്ങൾ നിന്റെ കാര്യത്തിൽ തീരുമാനമെടുത്തതു ഞാനാണെങ്കിൽ ഇനിയും അതങ്ങനെ തന്നെ ആയിരിക്കും.. ഞാൻ തീരുമാനിക്കും നിന്നെ ആര് വിവാഹം ചെയ്യണമെന്ന്..." "അങ്ങനെ ആർക്കെങ്കിലും വിവാഹം ചെയ്തു കൊടുത്താൽ മതിയോ.. അവളെ ഇഷ്ട പെടുന്ന, അവൾ ഇഷ്ടപെടുന്ന ആളിനെയല്ലേ നമ്മൾ തിരഞ്ഞെടുക്കേണ്ടത്.. അവൾ പറഞ്ഞല്ലോ.. അവൾക്ക് വസുദേവിനെ ഇഷ്ടമുണ്ടെന്ന്.. അവൻ മാന്യമായ രീതിയിൽ ഇവിടെ വന്നു പെണ്ണ് ആലോചിക്കുകയും ചെയ്തു.. എന്നിട്ടും എന്തിനാണ് നിങ്ങൾക്ക് ഈ പിടിവാശി.." അതുവരെ രണ്ട് പേരുടെയും സംസാരം ശ്രവിച്ചു കൊണ്ടകത്തു നിന്നിരുന്ന പാർവതി പൂമുഖത്തേക്ക് ഇറങ്ങി വന്നു.. "കൊള്ളാം.. മകൾക്ക് സൽബുദ്ധി പറഞ്ഞു കൊടുക്കേണ്ടതിന് പകരം വഷളത്തരത്തിനു കൂട്ട് നിൽക്കുന്നു.. ഇതുവരെ ഉയരാത്ത നിങ്ങളുടെ ശബ്ദവും തീരുമാനങ്ങളും ഇപ്പോൾ എങ്ങനെയാണ് ഇവിടെ ഉയരാൻ തുടങ്ങിയത്...ആരു നൽകിയ ധൈര്യമാണിത്..

ആ ചെറുക്കൻ എല്ലാവരെയും നന്നായി സ്വാധീനിച്ചിരിക്കുന്നുവല്ലേ.. " "നിങ്ങളുടെ തീരുമാനങ്ങൾ അടിച്ചേല്പിക്കുകയല്ല വേണ്ടത്.. ഇവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുകയാണ്.. താല്പര്യമില്ലാത്ത ഒന്നിന് ഇവളെ എന്തിനാണ് വിധേയമാക്കുന്നത്.. നമ്മുടെ മകളല്ലേ.. ഇവളുടെ ജീവിതമല്ലേ.. സന്തോഷമായി കഴിയണമെന്നല്ലേ ആഗ്രഹിക്കേണ്ടത്..?" "താല്പര്യ കുറവ് ഉണ്ടാവാൻ എന്താണ്..? ഇപ്പോൾ അങ്ങനെയൊക്കെ തോന്നും.. വിവാഹം കഴിയുമ്പോൾ അതൊക്കെ മാറിക്കോളും.." എത്ര നിസ്സാരമായാണ് അപ്പ പറയുന്നത്.. തനിക്ക് അതിന് കഴിയില്ലെന്ന് എങ്ങനെയാണ് ഒന്ന് പറഞ്ഞു മനസിലാക്കുക.. ചന്ദന നിശബ്ദമായി കരയുകയായിരുന്നു.. "ഇത്രയും വർഷങ്ങൾക്കിടയിൽ ഒരു മുട്ട് സൂചി പോലും ഇവൾ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല.. നിങ്ങൾ എന്ത് നൽകുന്നുവോ അതിൽ സന്തോഷം കണ്ടെത്തി,, തൃപ്തിപ്പെട്ടു നിങ്ങൾ ഒരുക്കിയ ചട്ട കൂടിനുള്ളിൽ ഒതുങ്ങി വളർന്നവളാണ് ഇവൾ.. ഇപ്പോഴെങ്കിലും അവൾക്ക് ഒരു മനസ്സ് ഉണ്ടെന്ന് കാണു.. അവളുടെ ആഗ്രഹത്തിന് അൽപ്പം വില നൽകു.."

പാർവതി സഹികെട്ടിരുന്നു.. അറിയാതെ ഒച്ച ഒന്നുയർന്നു. "ഇവളോടു ആരാണ് പറഞ്ഞത് കണ്ടവനെയൊക്കെ സ്നേഹിക്കാൻ.. അന്യ ജാതിക്കാരൻ ആണെന്ന് അറിയില്ലായിരുന്നോ..? തെറ്റ് ചെയ്തതും പോരാഞ്ഞിട്ടു എന്നോട് കയർക്കാൻ വന്നിരിക്കുന്നു.. രണ്ടിനും കിട്ടിയത് ഒന്നും മതിയായിട്ടില്ലേ.. വെറുതെ തല്ലു കൊള്ളാൻ നിക്കരുത്.. കയറി പോ അകത്ത്.. പോകാൻ.." കോപം കൊണ്ട് അയാളുടെ ശരീരം വിറച്ചു. ശബ്ദവും വല്ലാതെ ഉയർന്നിരുന്നു. അടുത്ത വീട്ടിലെ വെട്ടമൊന്നും അണഞ്ഞിട്ടില്ലാത്തതിനാൽ പാർവതി പിന്നെ അവിടെ നിൽക്കാനോ സംസാരിക്കാനോ മുതിർന്നില്ല.. ചന്ദുവിനേം കൂട്ടി അകത്തേക്ക് പോയ്‌..ചന്ദന അപ്പാടെ പാർവതിയുടെ നെഞ്ചിലേക്ക് വീണു. അതുവരെ അടക്കി പിടിച്ച കരച്ചിൽ ചീളുകളായി പുറത്തേക്ക് വരാൻ തുടങ്ങി.. "മോളെ.." പാർവതി നിസ്സഹായയായിരുന്നു.. "ഇനി എന്താ അമ്മ ഞാൻ ചെയ്യുക.. എനിക്കീ വിവാഹം വേണ്ടമ്മ.. എനിക്ക് മറക്കാൻ പറ്റില്ല.. വേറൊരാൾക്ക് ഒപ്പം ജീവിക്കാൻ ആവില്ല.. എന്നെ ഒന്ന് മനസ്സിലാക്കാൻ പറയു അപ്പായോട്..."

അവളുടെ കരച്ചിലിന് ശക്തി വർധിച്ചു.. എല്ലാം കണ്ടും കേട്ടും ചൈതന്യയും ഒരു വശത്തു ഇരുന്ന് കണ്ണ് നിറയ്ക്കാൻ തുടങ്ങി.. പാർവതി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. ഇനിയെന്തെന്ന ചോദ്യം മാത്രം മനസ്സിൽ കുരുങ്ങി നിന്നു.. *** രണ്ട് ദിവസമായി വീട് ഉറങ്ങി കിടക്കുന്നത് പോലെയാണ് സണ്ണിയ്ക്ക് തോന്നിയത്. ക്ലാസ് കഴിഞ്ഞു വന്നാൽ സാന്ദ്ര റൂം അടച്ചു ഇരിപ്പാണ്. താഴേക്ക് ഇറങ്ങുന്നില്ല. സംസാരമില്ല. കളി ചിരികൾ ഇല്ല.. അങ്ങോട്ട് ചെന്നാലോ ചോദിക്കുന്നതിന് മാത്രം ഒന്നോ രണ്ടോ വക്കിൽ ഒതുക്കും.. അതിനർത്ഥം വസുവിനെ മറക്കുക എന്നത് അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമുള്ള കാര്യമാണെന്നോ? അവനോടുള്ള അവളുടെ ഇഷ്ടത്തിന് അത്രയും വ്യാപ്തി ഉണ്ടെന്നോ..? എങ്ങനെ അവളുടെ മനസ്സിൽ ഇങ്ങനൊന്നുണ്ടായി.. താൻ അറിയാൻ ശ്രമിക്കണമായിരുന്നു.. അപ്പോഴേ തിരുത്തി കൊടുക്കണമായിരുന്നു.. സണ്ണി തെറ്റ് പറ്റിയത് പോൽ വിരലുകൾ കൊണ്ട് നെറ്റിയുഴിഞ്ഞു. കാര്യങ്ങൾ അവൾ ഉൾകൊള്ളുകയും മനസ്സിലാക്കുകയും ചെയ്യട്ടെ എന്ന് കരുതിയാണ് പിന്നീട് അവളോട് അതിനേ കുറിച്ച് ഒരു സംസാരത്തിന് മുതിരാത്തത്.. മാത്രമല്ലാ..

അപ്പച്ചനോ അമ്മച്ചിയോ അറിയരുത് എന്നും കരുതി.. തങ്ങൾക്ക് ഇടയ്ൽ മാത്രം ഒതുങ്ങി തീരട്ടെ എന്ന്.. പക്ഷെ അവളുടെ ഈ നിശബ്ദത.. അത് തനിക്കു ഒരിക്കലും സഹിക്കാൻ കഴിയില്ലന്ന് ഉറപ്പായിരുന്നു സണ്ണിയ്ക്ക്.. എന്നും എപ്പോഴും തന്റെ മുന്നിലൂടെ ചിരിച്ചും കളിച്ചും ഓടി നടക്കുന്ന പെണ്ണാണ്.. എത്ര പെട്ടന്നാണ് ഇങ്ങനെയൊരു മാറ്റം.. അവനു ചിന്താ ഭാരം ഏറി വന്നു.. സാന്ദ്രയോട് അൽപ്പമൊന്നു സംസാരിച്ചാൽ മാത്രമേ ഇനി തന്റെ മനസ്സിന്റെ ഭാരം കുറയുകയുള്ളു എന്ന് തോന്നിയതും അവൻ മുകളിലേക്കു കയറി.. അന്നേരം തന്നെ തെരേസ സാന്ദ്രയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു. "സാന്ദ്രയ്ക്ക് എന്താ പറ്റിയത്..? " അപ്രതീക്ഷിതമായ ചോദ്യം.. സണ്ണി ഒന്നു വല്ലാതെയായി.. "ചോദിച്ചത് കേട്ടില്ലേ.. അതോ ഇനി നിനക്ക് അറിയില്ലന്നാണോ.. എന്ന് മുതലാണ് നിങ്ങൾ കാര്യങ്ങൾ ഞങ്ങളിൽ നിന്നും ഒളിക്കാൻ തുടങ്ങിയത്.. അവൾ പറഞ്ഞില്ലെങ്കിലും നീ എങ്കിലും പറയുമെന്ന് കരുതി.. നിന്നോട് അവൾ തുറന്നു പറഞ്ഞതല്ലേ..?" തെരേസയുടെ ശബ്ദത്തിൽ തെല്ലു ദേഷ്യം കലർന്നിരുന്നു.

. "അമ്മച്ചി എന്തൊക്കെയാണ് പറയുന്നത്.. എന്ത് അറിഞ്ഞിട്ടാണ്..?" "അവളെന്നോട് എല്ലാം പറഞ്ഞു.. എനിക്ക് അറിയില്ലേ എന്റെ കൊച്ചിനു ഒരു മാറ്റം വന്നാൽ.. രണ്ട് ദിവസമായി ഊണില്ല ഉറക്കമില്ല.. സംസാരമില്ല.. നീയിതൊന്നും കാണുന്നില്ലേ.. എനിക്ക് പറ്റുവോ അങ്ങനെ കണ്ടു നിൽക്കാൻ.. കാര്യം അന്വേഷിച്ചപ്പോ അവള് പറഞ്ഞങ്ങു കരയാൻ തുടങ്ങി.. അവൾക്ക് അങ്ങനെയൊരു ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞിട്ട് നീ എന്താ അത് ഞങ്ങളോട് പറയാഞ്ഞത്.. അവളുടെ ഇഷ്ടമല്ലേ ഞങ്ങളുടേതും.." "ഇത് കൊണ്ട് തന്നെയാണ് ഞാൻ പറയാത്തത്.. അവളുടെ ഇഷ്ടം മാത്രം നോക്കിയാൽ മതിയോ.. വസുവിന്റേത് കൂടി നോക്കണ്ടേ.. അമ്മച്ചി വിചാരിക്കുന്നത് പോലൊന്നുമല്ല കാര്യങ്ങൾ.. അവളു വിവരമില്ലാതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയെന്ന് കരുതി.. നമ്മള് അല്ലേ പറഞ്ഞു തിരുത്തേണ്ടത്.. അതേ ഞാൻ ചെയ്തുള്ളു.. തിരുത്താൻ പറ്റുന്നതിനെ തിരുത്തണം..അവൾക്ക് പണ്ട് എപ്പോഴോ തോന്നിയൊരു ഇഷ്ടമാണ്.. അതാ പ്രായത്തിന്റേതും.. അത് ചിലപ്പോ അവനോടുള്ള പ്രണയമല്ലായിരിക്കാം..

എപ്പോഴും ഇവിടെ വരുന്ന.. എന്നോടും അവളോടും അമ്മച്ചിയോടും അപ്പച്ചനോടുമൊക്കെ ഒരുപാട് സംസാരിക്കുന്ന, സ്നേഹിക്കുന്ന, ഇടപഴകുന്നവനോട് തോന്നിയൊരു ക്രഷ് ആയിരിക്കാം അത്.. അതൊക്കെ മാറും അമ്മച്ചി.. അവള് അതൊക്കെ മനസ്സിലാക്കിക്കോളും.. എനിക്കുറപ്പുണ്ട്.. " "മൂന്നാല് വർഷം മുൻപ് ഒരുത്തിയെ ഇതുപോലെ പറഞ്ഞു തിരുത്താനും മനസ്സിലാക്കാനും ശ്രമിച്ചതാണ്.. എന്നിട്ട് എന്തുണ്ടായി.. അന്ന് അവളുടെ ഇഷ്ടത്തിന് ഒപ്പം നിന്നിരുന്നേൽ ഇന്ന് അവള് ജീവനോടെ കാണുമായിരുന്നു.. ഇനി ഒന്നിനെ കൂടി നഷ്ട പെടുത്താൻ എനിക്ക് ആകുവേല.. എല്ലാം ഓർമിച്ചു വേണം പെരുമാറാൻ.. മക്കളൊക്കെ കൂടി എന്റെ ജീവനങ്ങു എടുത്തേക്കു ഇതിലും ഭേദമായി.. ഇങ്ങനെ നീറി നീറി കഴിയണ്ടല്ലോ എക്കാലവും.." തെരേസയുടെ വാക്കുകൾ വേദനയാൽ ചിതറിയിരുന്നു.. ഉള്ളിലെ വിങ്ങൽ അടക്കാൻ കഴിഞ്ഞില്ല അവർക്ക്.. സാരി തലപ്പ് കൊണ്ട് മുഖമമർത്തിയവർ താഴേക്ക് ഇറങ്ങി പോയ്‌.. സണ്ണിയ്ക്ക് എന്തെന്നും ഏതെന്നും മനസ്സിലായില്ല..

പുഞ്ചിരി തൂകുന്ന സെലിന്റെ മുഖം മനസ്സിലേക്ക് കടന്ന് വന്നതും അവൻ മിഴികൾ ഇറുകെ ചിമ്മി അടച്ചു.. ഇപ്പോഴും അവൾ ഇല്ലെന്ന് ഓർക്കാൻ വയ്യ.. സാന്ദ്രയെക്കാൾ സ്നേഹമായിരുന്നു അവളോട്.. ഒരു കൊച്ചു സുന്ദരി.. ഒതുങ്ങിയ പ്രകൃതം..എന്നും തന്നോട് പറ്റിച്ചേർന്നു നിന്നവൾ.. സണ്ണിയുടെ കവിളിലൂടെ രണ്ട് തുള്ളി ഒഴുകിയിറങ്ങി.. ആ സ്ഥാനത്തു ഇനി സാന്ദ്രയെ കൂടെ സങ്കൽപിക്കാൻ ആകുമായിരുന്നില്ല അവനു.. അത് പോലെ ഒരിക്കലും വസുവിനോട് ഇങ്ങനെയൊന്നു ആവശ്യപ്പെടാനും.. ഒരേ സമയം സാന്ദ്രയുടെയും ചന്ദനയുടെയും മുഖം അവന്റ മനസ്സിൽ തെളിഞ്ഞും മാഞ്ഞും കൊണ്ടേയിരുന്നു.. താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പെൺകുട്ടിയെന്നു തോന്നിയവളാണ് ചന്ദന.. വസുവിന്റെ പ്രണയം.. മോഹം.. സ്വപ്നം.. ജീവിതം.. അങ്ങനെ എല്ലാം തന്നെ അവളാണ്.. അവിടേക്ക് ഒരിക്കലും സാന്ദ്രയ്ക്ക് സ്ഥാനമില്ല.. സണ്ണി ഒന്നുകൂടെ അത് ഉറപ്പിച്ചു.. സാന്ദ്രയെ തിരുത്തേണ്ടത് അത്യാവശ്യമാണ്.. അത് മാത്രമേ വഴിയുള്ളു..

അവൻ സാന്ദ്രയ്ക്ക് അരികിലെക്ക് ചെന്നു.. "മോളെ..." കട്ടിലിൽ കമിഴ്ന്നു കിടപ്പായിരുന്നു അവൾ..വിളി കേട്ട് എഴുന്നേറ്റിരുന്നു.കണ്ണുകൾ ഇടുങ്ങിയിരുന്നു.. മുടി അലസമായി കിടക്കുന്നു.. മുഖം വീർത്തു കെട്ടിയത് പോലെ.. രണ്ടു ദിവസം കൊണ്ട് തന്നെ അവൾ ആകെ ക്ഷീണിച്ചു പോയെന്ന് തോന്നി അവന്.. "എന്ത് കിടപ്പാണ് ഇത്.. എന്താണ് സാന്ദ്ര നിനക്ക് പറ്റിയത്.. നിന്നെ ഇങ്ങനെ കാണാൻ കഴിയുന്നില്ല മോളെ.. അമ്മച്ചിയോടു എന്തിനാണ് പറഞ്ഞത്..എന്നെ സങ്കടത്തിൽ ആക്കരുത് നീ.." അവൻ അരുമയോടെ തഴുകി അവളുടെ മുടി ഇഴകൾ ഒതുക്കി വെച്ചു.. "ചേട്ടായിക്ക് മാത്രമാണോ സങ്കടം.. എനിക്കില്ലേ.. എത്ര കാലം കൊണ്ട് ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നതാ.. എത്ര നിസ്സാരമായാണ് ചേട്ടായി എന്നോട് മറന്ന് കളയാൻ പറഞ്ഞത്.. ഒന്നു ആലോചിക്ക കൂടി ചെയ്യാതെയാണ് നടക്കില്ലന്ന് പറഞ്ഞത്..അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല..മറ്റാരു എന്റൊപ്പം നിന്നില്ലേലും ചേട്ടായി നിൽക്കുമെന്ന് കരുതി.. വസു ചേട്ടൻ ആണ് ആളെന്നു അറിയുമ്പോ ചേട്ടായി സന്തോഷിക്കുമെന്ന് കരുതി.."

അവൻ ചോദിക്കാൻ കാത്തു നിന്നെന്ന പോലെ കരഞ്ഞു കൊണ്ടാണ് അവൾ പറഞ്ഞത്.. "മോളെ.. അതങ്ങനയല്ല.. മറ്റെന്തൊരു തടസ്സമാണ് ഇക്കാര്യത്തിന് ഉണ്ടായിരുന്നതെങ്കിലും ഞാൻ അതൊക്കെ മറി കടന്ന് നിനക്ക് വസുവിനെ നേടി തരുമായിരുന്നു.. പക്ഷെ ഇതങ്ങനെയല്ല.. അവന്റ മനസ്സിൽ നീ ആഗ്രഹിക്കുന്ന പോലൊരു സ്ഥാനം നിനക്ക് ഇല്ലാത്ത പക്ഷം ഞാൻ എങ്ങനെയാണു നിന്റൊപ്പം നിൽക്കുക.. അവനു വേറൊരു കുട്ടിയെ ഇഷ്ടമുണ്ട് മോളെ.. അവളുടെ വീട്ടിൽ എതിർപ്പുണ്ട്.. എന്നിരുന്നാലും അവളെ മറക്കാനോ വേറൊരാൾക്ക് വിട്ടു കൊടുക്കാനോ ഇനി വേറൊരാളെ സ്നേഹിക്കാനോ അവൻ തയാറാകില്ല.. കാരണം വസുവിനു അവളോടുള്ള പ്രണയം അത്രയ്ക്കും തീവ്രതയേറിയതാണ്.. അതേതു വിധമാണെന്ന് വിവരിക്കാൻ ഒരാൾക്കും കഴിയില്ല..അത് കൊണ്ട് മോള് ഇത് മറന്നേ പറ്റുകയുള്ളു.. മറ്റു കാര്യങ്ങളിൽ കാണിക്കുന്ന പോലുള്ള പിടിവാശി ഇക്കാര്യത്തിൽ കാണിക്കാൻ പാടില്ലാ... " സണ്ണി വളരെ സ്നേഹത്തോടെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. സണ്ണി പറഞ്ഞതിൽ നിന്നും ഒന്നു മാത്രമേ അവൾ കേട്ടുള്ളു.. അവന് വേറൊരു കുട്ടിയെ ഇഷ്ടമുണ്ട്.. സാന്ദ്രയ്ക്ക് താൻ ഈ നിമിഷം മരിച്ചു പോയാൽ മതിയെന്ന് തോന്നി.. ഹൃദയം ദ്രുത ഗതിയിൽ മിടിക്കുന്നത് പോലെ.. നിമിഷ നേരങ്ങൾക്ക് ഉള്ളിൽ അവൾ ബോധം മറഞ്ഞു സണ്ണിയുടെ ദേഹത്തേക്ക് ഊർന്നു......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story