മണിവാക: ഭാഗം 40

manivaka

രചന: SHAMSEENA FIROZ

ഉച്ചയ്ക്ക് വീട്ടിൽ വന്നു കയറിയതേ സണ്ണിക്ക് വല്ലാത്ത വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.. ഓരോന്ന് ആലോചിച്ചു ഒരു സമാധാനവും ഇല്ലാതെ ആയപ്പോഴാണ് തിരക്ക് ഉണ്ടായിട്ടും പേഷ്യൻസിനെ മെർലിൻ ഡോക്ടറെ ഏല്പിച്ചു വീട്ടിലോട്ടു പോന്നത്.. പക്ഷെ ഇവിടെ കൂടുതൽ വീർപ്പു മുട്ടുന്നത് പോലെ. ഇത്രയും ദിവസങ്ങൾ സാന്ദ്ര മാത്രമായിരുന്നു തന്നോട് അകലം പാലിച്ചു നിന്നത്. ഇപ്പോ അമ്മച്ചിയും അപ്പച്ചനും ഏറെ കുറെ അത് പോലെത്തന്നെയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമൊരു സംസാരം.. ആ പഴയ ശബ്ദമുഖരിതമായ അന്തരീക്ഷമില്ല.. സന്തോഷങ്ങൾ ഇല്ല.. എന്തിന്.. സമാധാനം പോലും ഇല്ലാതായിരിക്കുന്നു. എത്ര പെട്ടന്നാണ് ഓരോന്നും മാറി മറിയുന്നത്.. അതിനു മാത്രമൊക്ക എന്താണ് ഈ വീട്ടിൽ സംഭവിച്ചത്. സണ്ണി അത്ഭുതത്തോടെ ഓർത്തു. ** "നീയിന്നു പോയില്ലേടാ..?" "ഉച്ചയ്ക്ക് വന്നു.." "അതെന്തുപറ്റി..എന്താ നിന്റെ ശബ്ദമൊക്കെ അടഞ്ഞിരിക്കുന്നെ.?" ശരണിനോട് കാര്യങ്ങൾ പറഞ്ഞാലോ എന്ന് ഒരു വേള സണ്ണി ചിന്തിച്ചു.

അതേ നിമിഷത്തിൽ തന്നെ വേണ്ടാന്നും വെച്ചു. ഒരു വിധേയനയും വസു ഇക്കാര്യം അറിയരുത് എന്ന് സണ്ണി അത്രമേൽ ആഗ്രഹിക്കുന്നുണ്ടായിരുന്നു.. "അതൊന്നുമില്ലടാ..ചെറിയൊരു തലവേദന..അതോണ്ട് ഉച്ചയ്ക്ക് ഇങ്ങു പോന്നു.." "അത് കൊള്ളാല്ലോ.. അപ്പോ കുറുന്തോട്ടിക്കുമുണ്ട് ഈ വാദങ്ങളൊക്കെ.." ശരൺ കളിയായി ചിരിച്ചു. "അതെന്താടാ.. ഞങ്ങൾ ഡോക്ടർമാര് മനുഷ്യരല്ലേ..?" "ഓ.. നിങ്ങളെ കണ്ടാൽ എനിക്ക് മനുഷ്യരാണെന്ന് തോന്നില്ല.." "നീ ഒന്ന് വെച്ചിട്ട് പോകുന്നുണ്ടോ ശവമേ.." സണ്ണി കലിപ്പായി. "ഇപ്പൊ കിട്ടിയാൽ നീയെന്നെ പച്ചയ്ക്ക് അരച്ച് കുടിക്കുവല്ലോ.. ഞാൻ വെക്കുവാ.. രാവിലെത്തെ കാര്യം മറക്കണ്ട. നാളെ ഉച്ച കഴിഞ്ഞു ഓപി ക്ക് കയറാം നിനക്ക്.." "ശെരി.. രാവിലെ തന്നെ അങ്ങെത്തിയേക്കാം.. വസു എവിടെ..?" "രാധികാന്റിയെ കൺവീൻസ് ചെയ്യുകയാണ്..നാളെ അങ്ങോട്ട് ചെല്ലുന്നതിൽ ആന്റിക്ക് താല്പര്യമില്ല.. ഇനിയൊരിക്കൽ കൂടി ആട്ടിയിറക്കിയാലെ നിനക്ക് സമാധാനമാവുകയുള്ളോ എന്നാണ് ആന്റി വസുവിനോട് ചോദിക്കുന്നത്..

അങ്കിൾ പോയിട്ട് വരാൻ പറയുന്നു.." "അതെ.. ഒന്നൂടെ ശ്രമിക്കുന്നതിൽ തെറ്റില്ലല്ലോ.. ഏതായാലും പോയ്‌ വരാം..വരുന്നത് പോലെ നടക്കട്ടെ.. രാവിലെ കാണാം.." "എങ്ങോട്ട് പോകുന്ന കാര്യമാ..?" കാൾ കട്ട്‌ ചെയ്തു തിരിഞ്ഞ സണ്ണിയോടായി തെരേസ തിരക്കി. "ചന്ദനയുടെ വീട്ടിലേക്ക്.. " "അപ്പോ നീ അവന്റ കെട്ട് നടത്തിയിട്ടേ ഉള്ളു എന്ന മട്ടാണ്.." തെരേസയുടെ മുഖം ഇരുണ്ടു. "ഈ അമ്മച്ചിക്ക് ഇത് എന്താണെന്ന എനിക്ക് മനസ്സിലാക്കാത്തത്.. എന്ന് മുതലാണ് എന്റമ്മച്ചി ഇത്രയ്ക്കു സ്വാർത്ഥയായി പോയത്.." "സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഏത് അമ്മമ്മാരും ഇങ്ങനൊക്കെ തന്നെയാ.. അതിനെ സ്വാർത്ഥതയെന്ന് പറയാൻ ഒക്കുകേല.. ആ പെണ്ണിന്റ വീട്ടുകാർക്ക് അവളെ അവനു കെട്ടിച്ചു കൊടുക്കാൻ താല്പര്യമില്ലെങ്കിൽ അത് അവിടെ വിട്ടേക്കണം.. പിന്നേം പിന്നേം അങ്ങോട്ട് കയറി ചെന്ന് മാനം കെടുന്നത് എന്നാത്തിനാ.. " "ഇതിപ്പോ സാന്ദ്രയുടെ കാര്യം ഇടയിൽ വന്നത് കൊണ്ടല്ലേ അമ്മച്ചി ഈ പറയുന്നത്..അല്ലേൽ വസുവിന്റെ ഭാഗത്തു നിക്കില്ലായിരുന്നോ. അവൻ ഇഷ്ടപെടുന്ന പെണ്ണിനെ തന്നെ അവനു കിട്ടണേന്ന് ആഗ്രഹിക്കില്ലായിരുന്നോ..?"

"ആ.. എനിക്ക് വലുത് എന്റെ കൊച്ചിന്റെ ജീവൻ തന്നെയാ.. ഒന്നേ എനിക്ക് പറയാൻ ഉള്ളു.. അപ്പന്റെ വാശി കാരണം ഒരുത്തിടെ ജീവനങ്ങു പോയ്‌.. ഇനി നീ കാരണം സാന്ദ്ര കൂടെ വല്ല ബുദ്ധി മോശം കാണിച്ചാൽ പിന്നെ അമ്മച്ചിന്ന് വിളിക്കാൻ നിനക്ക് ഈ ഞാൻ ഉണ്ടാവില്ല.." തെരേസയുടെ വാക്കുകൾക്ക് കട്ടി കൂടുതലായിരുന്നു. അത് അവനെ ഉലച്ചു കളഞ്ഞു. ഒരേ സമയം നോവോടെയും നിസ്സഹായതോടെയും തെരേസയെ നോക്കി അവൻ. "സാന്ദ്രയല്ലേ ടാ വലുത്.. അവളെ എക്കാലവും ഇങ്ങനെ കരഞ്ഞു കാണാൻ ആവുമോ നിനക്ക്.. അവളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളോണ്ട് ആണ് ഞാൻ പറയുന്നത്.. അപ്പച്ചനും വല്ലാത്ത വിഷമത്തിലാണ്.. എല്ലാം നിന്റെ കയ്യിലാണ്.. നിനക്ക് വയ്യെങ്കിൽ ഞാൻ സംസാരിക്കാം രാധികയോട്.." "അമ്മച്ചി ആരോടും സംസാരിക്കാൻ പോകുന്നില്ല..

ഒരിക്കലും വസു ഇക്കാര്യം അറിയാനും പോകുന്നില്ല.. പറ്റുമെങ്കിൽ സാന്ദ്രയെ തിരുത്താൻ ശ്രമിക്കു..അല്ലാതെ അവൾക്ക് കൂട്ട് നിൽക്കുകയല്ല വേണ്ടത്.. തെറ്റ് പറ്റിയത് നമുക്ക് തന്നെയാണ്.. ചെറുതല്ലേ, ഇനി അവളു മാത്രല്ലേയുള്ളൂന്നൊക്കെ കരുതി അമിത വാത്സല്യം നൽകിയതിന്റെതാണ് ഇപ്പൊ ഈ അനുഭവിക്കുന്നത്.. സെലിന്റെ കാര്യം കൊണ്ടെങ്കിലും പഠിക്കണമായിരുന്നു.." സണ്ണി ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി.. വാതിലിനപ്പുറം സാന്ദ്ര നിൽപ് ഉണ്ടായിരുന്നു. തനിക്കു വേണ്ടി വസുവിനോട് സംസാരിക്കില്ലന്ന്.. ഒരിക്കലും വസു തന്റെ മനസ്സ് അറിയാൻ പോകുന്നില്ലന്ന്.. ആരും പറയരുതെന്ന്.. അതിനർത്ഥം തന്റെ ഇഷ്ടത്തിന് ഒരു വിലയും ഇല്ലെന്നാണോ.. ചേട്ടായിക്ക് താൻ പറഞ്ഞതൊക്കെയും ഒരു തമാശയായാണോ തോന്നിയത്.. സാന്ദ്രയ്ക്ക് കണ്ണുകൾ പുകഞ്ഞു നീറുന്നതായി തോന്നി..

ആര് മനസ്സിലാക്കിയില്ലെങ്കിലും ചേട്ടായി മനസ്സിലാക്കുമെന്നാണ് കരുതിയത്.. ഇല്ല.. തന്നെ അറിയുന്നത് പോലുമില്ല. ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നി സാന്ദ്രയ്ക്ക്.. ഹൃദയം അതുപോലെ ചിതറിയിരിക്കുന്നു.. *** മുറ്റത്തൊരു കാർ വന്നു നിൽക്കുന്നത് കണ്ടാണ് തിലക രാമൻ പൂമുഖത്തേക്ക് വന്നത്..നാളെ നിഖിലിന്റെ വീട്ടുകാർ വരുന്നത് പ്രമാണിച്ചു പാലക്കാടുള്ള അയാളുടെ അനുജൻ സേതു രാമാനും കുടുംബവും പുലർച്ചെ എത്തി ചേർന്നിരുന്നു. "അവര് നാളെ വരുമെന്ന് തന്നെയല്ലേ പറഞ്ഞത്.." തനിക്കു പുറകെ പൂമുഖത്തേക്ക് വന്ന സേതുരാമനോട് അയാൾ തിരക്കി.. "അതേ ഏട്ടാ.. നാളെ വരുമെന്നാണ്.." സേതുരാമന്റെ നോട്ടവും ആ കാറിലേക്ക് നീണ്ടു.. അതിൽ നിന്നും ഇറങ്ങുന്ന ആളുകളെ കണ്ടു തിലക രാമന്റെ മുഖം ഇരുണ്ടു.അപ്പോഴും സേതുരാമൻ അപരിചതരെ പോലെ അവരെ നോക്കുകയായിരുന്നു. "അങ്കിൾ.. ഞങ്ങൾ വന്നത്.." ശരൺ ഒരു തുടക്കമെന്നോണം പറഞ്ഞു നിർത്തി.. "എന്തിന് തന്നെ ആയാലും ഇവിടെ ആർക്കും അത് കേൾക്കണമെന്നില്ല.. പോകാം നിങ്ങൾക്ക്.."

എടുത്തടിച്ചത് പോലൊരു മറുപടി. ഇതേ പ്രതീക്ഷിക്കേണ്ടു എന്ന് ശരൺ പറഞ്ഞിരുന്നു എന്നാലും സണ്ണിയ്ക്ക് അയാളുടെ പെരുമാറ്റത്തിൽ വല്ലാത്ത ഇഷ്ടക്കേട് തോന്നി. "അങ്കിൾ..അൽപ്പം മയപ്പെടു.. ഇവന് ഒരിക്കലും ചന്ദനയെ മറക്കാൻ ആവില്ലന്നത് കൊണ്ടാണ്." ശരൺ വീണ്ടും പറഞ്ഞു തുടങ്ങാനൊരു ശ്രമം നടത്തി.അപ്പോഴേക്കും സേതുരാമനു കാര്യങ്ങൾ മനസ്സിലായിരുന്നു. "നിങ്ങൾ അകത്തേക്ക് വരൂ.." അയാൾ മൂവരെയും ക്ഷണിച്ചു. തിലക രാമൻറെ മുഖം ഒന്നൂടെ കനത്തു. "ഇവിടെന്ന് ഒരു സംസാരം ഉണ്ടായാൽ ചുറ്റുവട്ടം കേൾക്കും.." സേതുരാമൻ തിലകരാമനോട്‌ അടക്കത്തിൽ പറഞ്ഞു. "ഇരിക്കൂ.. ഞാൻ ചന്ദനയുടെ ചെറിയച്ഛൻ..പാലക്കാട്‌ വില്ലേജ് ഓഫീസറാണ്..ചേട്ടൻ പറഞ്ഞു കാര്യങ്ങളൊക്കെ അറിയാം.എന്റെ ഭാര്യ സുമിത്രയുടെ ചേച്ചിയുടെ മകനുമായിട്ടാണ് ചന്ദനയുടെ വിവാഹം ഉറപ്പിച്ചിട്ടുള്ളത്..നാളെ അവര് വിവാഹത്തിന് തീയതി കുറിക്കാൻ വരും.. ഏറ്റവും അടുത്ത് കിട്ടുന്ന നല്ലൊരു മുഹൂർത്തത്തിൽ വിവാഹം നടത്താനാണ് രണ്ട് കൂട്ടരുടെയും തീരുമാനം..അത് നടക്കും..

അതിനി ആരൊക്കെ തടസ്സപ്പെടുത്തിയാലും.." അവസാന വാക്കുകൾ കുറച്ചു ബലത്തിലാണ് പറഞ്ഞത്. തിലക രാമനേക്കാൾ ഒട്ടും കുറവല്ല അയാളെന്ന് മൂവർക്കും തോന്നി.. "നിങ്ങളെല്ലാവരും എന്താണിങ്ങനെ.. ചന്ദനയ്ക്ക് താല്പര്യമില്ലന്ന് അറിഞ്ഞിട്ടും.. എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്.. നിങ്ങളുടെ മകൾ എന്നതിനേക്കാൾ അഭിപ്രായങ്ങൾ പറയാനും തീരുമാനങ്ങൾ എടുക്കാനും പ്രാപ്തിയായൊരു പെണ്ണ് ആണവൾ.. വേണമെങ്കിൽ ഇപ്പൊ ഈ നിമിഷം വിളിച്ചിറക്കി കൊണ്ട് പോകാം വസുവിനു അവളെ.. അവളുടെ സമ്മതമതൊന്നു മാത്രം മതി..." ശരണിന് തുടക്കത്തിലെ സൗമ്യത നഷ്ടപ്പെട്ടിരുന്നു. എത്രയെന്നു വെച്ചാണ് താണ് കൊടുക്കുക.. അത് കേട്ട് സേതുരാമൻ ചിരിക്കുകയാണ് ചെയ്തത്.. സണ്ണി അസഹിഷ്ണുതയോടെ അയാളെ തുറിച്ചു നോക്കി. "ചന്ദനയെ വിളിക്കാം ഞാൻ.. അവളുടെ സമ്മതം കിട്ടിയില്ലന്ന് വേണ്ട ഇനി.."

പരിഹാസം മാത്രം നിറഞ്ഞ വാക്കുകൾ.. "വേണ്ട..അതിന്റെ ആവശ്യമില്ല.. നീ എന്തിന് ഇവരോട് സംസാരിച്ചു നിൽക്കുന്നു.. സംസാരവും തീരുമാനവുമെല്ലാം ഒരുവട്ടം കഴിഞ്ഞതാണ്.. ഇനിയും അതിനായ് കളയാൻ സമയമില്ല.. നാളെത്തേക്കുള്ള ഒരുക്കങ്ങൾ നടത്താനുണ്ട്..മൂന്നാളും എത്രേം പെട്ടെന്ന് പോയ്‌ തരുന്നതാണ് നല്ലത്.." തിലക രാമൻ ദൃതി കൂട്ടി. അത് ചന്ദനയും വസുവും ഒരു കൂടി കാഴ്ച ഉണ്ടാകാൻ പാടില്ല എന്നതിനെ സൂചിപ്പിച്ചു. "അല്ല ഏട്ടാ.. ഇവരെന്താണ് പറഞ്ഞത്..ഈ പയ്യൻ വിളിച്ചാൽ നമ്മുടെ ചന്ദന നമ്മളെ മറന്ന് ഇവർക്കൊപ്പം ഇറങ്ങി പോകുമെന്ന് അല്ലേ.. അങ്ങനെയൊരു വിശ്വാസം എങ്ങനെയുണ്ടായി ഇവർക്ക്..? അത് തെറ്റാണെന്ന് തെളിയിച്ചു കൊടുക്കണ്ടേ.. ചിലപ്പോൾ ഈ വരവ് നാളെയോ മറ്റും ആയിരുന്നെങ്കിലോ.? നിഖിലിന്റെ വീട്ടുകാരുടെ മുന്നിൽ വെച്ചാണ് ഇങ്ങനെയൊന്നു നടക്കുന്നതെങ്കിലോ..?

പിന്നെ തല ഉയർത്തി നടക്കാൻ പറ്റുമോ നമുക്ക്..? ചന്ദനയെ ഇനി വേണ്ടാന്ന് തന്നെ വെക്കില്ലേ അവര്.. ഞാൻ എങ്ങനെ സുമിത്രയുടെ വീട്ടുകാരുടെ മുഖത്തേക്ക് നോക്കും..? അതിനേക്കാളുമൊക്കെ നല്ലത് ഇതിനിപ്പോൾ തന്നെ ഒരവസാനം ഉണ്ടാക്കുന്നതാണ്.. ചന്ദനയെ വിളിക്കു.. ഏട്ടൻ എന്തിനാണ് ഭയപ്പെടുന്നത്.. അവൾ നിങ്ങൾ വളർത്തിയ നിങ്ങളുടെ മകളാണ്.. ഏട്ടന് ദോഷമുണ്ടാക്കുന്നതോ അപമാനമുണ്ടാക്കുന്നതോ ആയതൊന്നും അവൾ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്.. അതിനി ആർക്ക് വേണ്ടിയാണെന്നാൽ പോലും.. ചന്ദനയ്ക്ക് വലുത് ഈ വീടും വീട്ടുകാരും ആണെന്ന് ഇവര് മനസ്സിലാക്കട്ടെ.. അതോടെ തീർന്ന് കിട്ടുമല്ലോ ശല്യം.."

സേതുരാമൻ ഉറച്ചു പറഞ്ഞു. പക്ഷെ തിലക രാമനു സമാധാനിക്കാൻ കഴിഞ്ഞില്ല.. ചന്ദനയ്ക്ക് ഇപ്പോൾ സാരമായ മാറ്റമുണ്ടെന്നതു ഓർക്കേ തന്നെ അയാളുടെ തല പുകഞ്ഞു. ഈ ഇരുപത് വർഷ കാലത്തോളം ഒരിഷ്ടമോ അഭിപ്രായമോ തനിക്ക് മുന്നിൽ നിന്ന് പറയാത്തവൾ ആദ്യമായി പറഞ്ഞു.. ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടു.. അതിനുള്ള ധൈര്യം കാണിച്ചു.. അത് ഇത് മാത്രമാണ്.. ഈ ചെറുക്കന് വേണ്ടി മാത്രമാണ്.. അങ്ങനെയുള്ള ഇവനെ അവൾ തള്ളി കളയുമോ..? തന്നെ എതിർക്കില്ലേ..? എതിർത്താൻ പിന്നെ ബാക്കി എന്ത്..? ഓരോന്ന് ആലോചിക്കവേ തന്നെ അയാളുടെ ഉള്ളിലൂടെ ഒരു ഹുങ്കാരം മുഴങ്ങി........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story