മണിവാക: ഭാഗം 5

manivaka

രചന: SHAMSEENA FIROZ

വസുവിന്റെ മുഖത്ത് സംശയം.. "അപ്പോ ജിത്തു പറഞ്ഞതൊന്നും നീ കേട്ടില്ലേ.. ഓ..അല്ലേലും നിനക്ക് എന്റെ കാര്യത്തിലൊന്നും ഒരു ഇന്ട്രെസ്റ്റും ഇല്ലല്ലോ.. എടാ..അവളുടെ അമ്മ നല്ല അസ്സല് ബ്രാഹ്മിണും അച്ഛൻ ഒന്നാന്തരം നസ്രാണിയുമാണ്..പ്രണയ വിവാഹമാണ്.പരസ്പരം വീട്ടുകാർ സമ്മതിക്കാതെ വന്നപ്പോൾ എല്ലാ കഥയിലും സംഭവിക്കുന്ന പോലൊരു ഒളിച്ചോട്ടം..പക്ഷെ അവളുടെ അച്ഛന്റെ വീട്ടുകാർ ഒരുപാട് കാലമൊന്നും അവരെ അകറ്റി നിർത്തിയില്ല.പെട്ടെന്ന് തന്നെ വീട്ടിലേക്കു സ്വീകരിച്ചു..ബട്ട്‌ അമ്മയുടെ ഫാമിലി..നിനക്ക് അറിയാവുന്നതല്ലേ ഈ ബ്രാഹ്മിൺസിന്റെ ഓരോ ചിട്ടാ വട്ടങ്ങൾ...അവരെ സ്വീകരിക്കുന്നതു പോയിട്ട് ഒന്ന് കണ്മുന്നിൽ കാണാൻ പോലും അവര് കൂട്ടാക്കിയില്ല.. ചിഞ്ചുവിന്റെ അമ്മ ഒരു ഹാർട്ട്‌ പേഷ്യന്റ്റായിരുന്നു..ചിഞ്ചുവിനെ പ്രസവിച്ചു കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അക്കാര്യം അറിഞ്ഞത്...

പിന്നീട് ഒരു ആറേഴു വർഷങ്ങൾക്കുള്ളിൽ മരണപ്പെട്ടു.. രോഗിയായി കിടക്കുന്ന അവസാന നാളുകളിൽ മാത്രമാണ് അവരുടെ വീട്ടുകാർ അവരെ കാണാൻ ചെന്നതെന്നു പറയുന്നു..അതും നാട്ടുകാർ അതുമിതുമൊക്കെ പറയണ്ടന്ന് കരുതി മാത്രം. ഞങ്ങൾ എന്താ കരുതിയത്.. ചിഞ്ചുവും മറ്റേ കുട്ടിയും ഇരട്ടകൾ ആണെന്നല്ലെ..അവർ സഹോദരിമാരുടെ മക്കളാണ്.. പക്ഷെ സ്നേഹം കൊണ്ടു ഒരമ്മ പെറ്റതാണ്..ചന്ദനയുടെ അമ്മയാണ് വലുത്..അവരൊരു പാവം സ്ത്രീയാണ്..അനിയത്തിയെ ഒരുപാട് സ്നേഹിച്ച ഒരു സ്ത്രീ..പക്ഷെ അവരുടെ ഭർത്താവ് പറഞ്ഞു കേട്ടിടത്തോളം ഒരു വല്ലാത്ത പ്രകൃതമാണ്..അങ്ങനെ മോശമാണെന്നല്ല..എല്ലാത്തിനും അയാളുടെതായ ചില രീതികൾ.. ചന്ദനയ്ക്ക് അച്ഛനെ വലിയ പേടിയാണ്..ഒരുപാട് ഒതുക്കത്തോടെയാണ് അയാൾ അവളെ വളർത്തിയതും കാര്യങ്ങൾ ശീലിപ്പിച്ചതും.

എന്നാൽ ചിഞ്ചു ഇതിനു നേരെ വിപരീതം..അവളുടെ അപ്പനൊരു ഡോക്ടറാണ്..ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു psychiatrist.. ഇന്ത്യ മാത്രമല്ല..അങ്ങ് പുറത്തും.. എപ്പോഴും പ്രൊഫഷൻ റിലേറ്റഡ് ആയി പുറം രാജ്യങ്ങളിലാണ് കക്ഷി ഉണ്ടാകുക..ആ സമയങ്ങളിലൊക്കെ ചിഞ്ചു ചന്ദനയുടെ വീട്ടിൽ ആയിരിക്കും..പക്ഷെ ചന്ദനയുടെ അച്ഛനു ചിഞ്ചു വീട്ടിൽ വരുന്നതിലോ താമസിക്കുന്നതിലോ തീരെ താല്പര്യമില്ല..പണ്ട് തൊട്ടേയില്ല.. അമ്മയില്ലാത്ത കൊച്ചു കുട്ടിയല്ലെന്നുള്ള ചന്ദനയുടെ അമ്മയുടെ കണ്ണുനീരിനും അവളെ തന്റെ ഒപ്പം നിർത്തിക്കോട്ടേന്നുമുള്ള യാചനയ്ക്കുമൊടുവിലാണ് കുഞ്ഞ് നാളിൽ അവളെ ആദ്യമായി വീട്ടിലേക്ക് കൊണ്ടു വരാൻ അയാൾ സമ്മതിക്കുന്നത്.അങ്ങനെ തുടങ്ങിയ വരവ് അവൾ ഇപ്പോൾ മാസങ്ങൾക്കോ വർഷങ്ങൾക്കോ ഇടയിൽ ഇങ്ങനെ വന്നു പോകുന്നു.. എന്നിരുന്നാലും അവളുടെ അപ്പനോട് ചന്ദനയുടെ അച്ഛൻ ഇതുവരെ അടുപ്പം കാണിച്ചിട്ടില്ല..

സംസാരം പോലും ഇല്ലെന്നാ ജിത്തു പറഞ്ഞത്..പിന്നെയൊരു കാര്യമുണ്ട്.രണ്ടുപേരും പഠിക്കുന്നത് ഒരേ കോളേജിലാണ്.. ചിഞ്ചുവിന് മെഡിസിനിലായിരുന്നു താല്പര്യം..ചന്ദനയ്ക്ക് അങ്ങനെ സ്വന്തമായ ഇഷ്ടങ്ങളോ താല്പര്യങ്ങളോ ഒന്നുമില്ല..തന്റെ അച്ഛൻ എന്ത് പറയുന്നു, എന്ത് തീരുമാനിക്കുന്നു അതാണ് അവളുടെ ആഗ്രഹവും ജീവിതവുമൊക്കെ..മകളെ തന്നെ പോലെ ഒരു ഗവണ്മെന്റ് ജോലിക്കാരിയാക്കാനാണ് അയാൾ ആഗ്രഹിക്കുന്നത്..അതുകൊണ്ട് പ്ലസ് ടൂവിന് ഉയർന്ന മാർക്ക്‌ ഉണ്ടായിട്ടു പോലും അവളെ എഞ്ചിനീയറിങ്ങിനോ മെഡിസിനോ ഒന്നും വിടാതെ ടൗണിലെ ഗവണ്മെന്റ് കോളേജിൽ കൊണ്ടു പോയി ചേർത്തു...അദ്ധ്യാപിക ആവാനാണ് അവളോട്‌ അയാൾ ആവശ്യപ്പെട്ടിരിക്കുന്നത്..സ്കൂൾ കാലഘട്ടമെല്ലാം ചിഞ്ചുവും അവളും ഒരുമിച്ചായിരുന്നു.. പിന്നീടും അവളെ പിരിയാൻ കഴിയില്ലന്ന കാരണത്താൽ ചിഞ്ചു തന്റെ മെഡിസിൻ എന്ന ആഗ്രഹം മറന്നു ഒരു സയൻസ് സബ്ജെക്റ്റ് ചൂസ് ചെയ്തു ആ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു..

ചിഞ്ചുവിന്റെ പപ്പയുടെ വീട് ഇവിടെ ടൗണിന്നും മാറി കുറച്ച് ദൂരെയാണ്.ചന്ദനയുടെ വീട്ടിൽ വന്നു താമസിക്കുന്നതു പോലെ ഇടയ്ക്ക് അവൾ അവിടെയും ചെന്ന് താമസിക്കുന്നു.അല്ലാത്ത സമയങ്ങളിൽ അവൾ അവളുടെ പപ്പയുടെ കൂടെയാണ്.ടൗണിലൊരു വലിയ ഫ്ലാറ്റ് തന്നെയുണ്ട്... ജിത്തുവിന്റെ വീടിന്റെ അടുത്ത് തന്നെയാണ് ചന്ദനയുടെ വീട്.അവിടുന്ന് ടൗണിലേക്ക് അത്യാവശ്യം നല്ല ദൂരമുണ്ട്..ചില ദിവസങ്ങളിൽ ആ റൂട്ടിൽ കൂടെ സ്ഥിരം ബസ്സ് പോലും പണി മുടക്കും.അതെല്ലാമായി ചന്ദനയ്ക്ക് കോളേജിലേക്കുള്ള യാത്ര വളരെ വിഷമകരമാണ്..ചിഞ്ചു അവളെ ഒരുപാട് നിർബന്ധിച്ചു തന്റെ ഫ്ലാറ്റിലേക്ക് വരാൻ..പക്ഷെ അവളുടെ അച്ഛൻ അതിന് സമ്മതിച്ചില്ല..എന്നാൽ ഹോസ്റ്റലിലേക്ക് എങ്കിലും മാറെന്നായി ചിഞ്ചുവിന്റെ അടുത്ത ആവശ്യം..ഹോസ്റ്റലിലെ കൂട്ട് കെട്ടും ജീവിത രീതിയുമൊക്കെ മകളെ വഴി തെറ്റിച്ചു കളയുമെന്ന് കരുതി അയാൾ അതിനും സമ്മതിച്ചില്ല...

" ശരൺ പറഞ്ഞതിലുള്ള ചിഞ്ചു എന്ന പേരൊന്നും വസു കേട്ടില്ല.. ചന്ദന എന്നുള്ളത് മാത്രം വ്യക്തമായി കേട്ടു..അവളെ കുറിച്ച് ഇനിയും ഒരുപാട് അറിയണമെന്ന് തോന്നി അവന്.. "നീയെന്താ വസു ഒന്നും മിണ്ടാത്തത്.. ഞാൻ നിന്നെ ബോറടിപ്പിച്ചോ..?" "അതുപിന്നെ ഇന്നാദ്യമായിട്ടുള്ള കാര്യമല്ലല്ലോ...എന്നും നിനക്കതു തന്നെയല്ലേ പണി.. " "പോടാ അവിടെന്ന്..നിനക്ക് ഇപ്പോഴും ഞാൻ പറയുന്നതൊക്കെ തമാശയായിട്ട് തോന്നുന്നുണ്ടോ..? ചിഞ്ചുവിന്റെ കാര്യത്തിൽ നീയെന്നെ ഹെല്പ് ചെയ്യില്ലേടാ.. " "സോ സോറി..ഞാൻ ആദ്യമേ പറഞ്ഞിട്ട് ഉള്ളതാണല്ലോ എനിക്ക് ഇതിലൊന്നും തീരെ ഇന്ട്രെസ്റ് ഇല്ലെന്ന്..അതുപോലെ തന്നെ കളയാൻ ടൈമും..നേരത്തെ അമ്മ പറഞ്ഞത് കേട്ടില്ലേ നീ.. ഉള്ള സമയത്തു നേരാവണ്ണം ജോലിക്ക് പോകാനോ സ്വന്തമായി ഒരു നിലയും വിലയും ഉണ്ടാക്കാനോ നോക്ക്..അല്ലാതെ ഇങ്ങനെ വായി നോക്കി നടക്കുകയല്ല വേണ്ടത്..

പെണ്ണ് ചോദിച്ചു അങ്ങോട്ട്‌ ചെല്ലുമ്പോൾ നിനക്കെന്താ ജോലിയെന്ന് ചോദിച്ചാൽ നീ എന്ത് പറയും അവളോട്‌.. അച്ഛനപ്പൂപ്പന്മാരൊക്കെ ഉണ്ടാക്കി വെച്ചത് തിന്നു മുടിക്കലാണ് നിന്റെ ജോലിയെന്നോ... ശരൺ..ആദ്യം സ്വന്തം കാലിൽ നിൽക്ക്..എന്നിട്ടു മതി പെണ്ണും പ്രണയവുമൊക്കെ.. " വസു ചെയറിലേക്ക് ഇരുന്നു മുന്നിലുള്ള തന്റെ ലാപ്ടോപ് എടുത്തു മടിയിലേക്ക് വെച്ചു അതിലേക്കു കണ്ണ് നട്ടു.. "ഞാൻ അല്ലേലും സ്വന്തം കാലിൽ തന്നെയാ നിൽക്കുന്നത്..ആരുടെ അടുത്തുന്നും വാടകയ്ക്കു എടുത്തിട്ടില്ല..നിന്നോട് ഒക്കെ ഹെല്പ് ചോദിച്ച എന്നെ വേണം പറയാൻ..എന്ത് കൊണ്ടും നിന്നെക്കാൾ ബേധം സണ്ണിയാടാ..എത്രയൊക്കെ കൂടെ നിക്കില്ലന്ന് ആദ്യം പറഞ്ഞാലും അവൻ ഒടുക്കം എല്ലാത്തിനും എന്റെ കൂടെ നിൽക്കാറുണ്ട്..

ഞാൻ അവനോട് ചോദിച്ചോളാമെടാ സഹായം..ഹും.." ശരൺ മുഖം തിരിച്ചു കളഞ്ഞു മുറിയിലേക്ക് കയറിപ്പോയി..വസു അതൊന്നും ശ്രദ്ധിച്ചില്ല..തന്റെ വർക്കിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. *** "ദേ ടീ ആ ചേട്ടൻ.. " എതിരെ വരുന്ന ബുള്ളറ്റിലേക്ക് നോക്കിക്കൊണ്ട് ശ്രുതി പറഞ്ഞു.. "ഏത്..? ഓ ഇവനോ..? ഇവനെന്താ ഇവിടെ..? " "ജിത്തുവേട്ടന്റെ അടുത്ത് വന്നതായിരിക്കും.." "മുൻപ് ഒന്നും അങ്ങനെ വരാറില്ലല്ലോ..ഇപ്പോ എന്താ കൂടെ കൂടെ ഒരു സഞ്ചാരം.." "മുൻപും വന്നു കാണും..നമ്മള് ശ്രദ്ധിക്കാഞ്ഞിട്ടായിരിക്കും..അപ്പോ നമുക്ക് ഈ ചേട്ടനെ അറിയില്ലല്ലോ..." "മ്മ്..." ചിഞ്ചു ദഹിക്കാത്തതു പോലൊന്നു മൂളി.അപ്പോഴേക്കും വസുവിന്റെ ബുള്ളറ്റ് അവരെ കടന്നു പോയിരുന്നു.. "ആ ചേട്ടന് നമ്മളെ മനസ്സിലായില്ലന്ന് തോന്നുന്നു..അതാ നിർത്താണ്ട് പോയത്.." "ഓ..അല്ലെങ്കിലും അവനിപ്പോ നിർത്താൻ പോകുവല്ലെ...അഥവാ നിർത്തിയിട്ടു തന്നെ എന്തിനാ ഇപ്പോ..

അവനൊക്കെ അഹങ്കാരത്തിനു കയ്യും കാലും വെച്ച മുതലാ..നീ ഒന്ന് ചിലക്കാണ്ട് നടക്ക് ശ്രുതി.. " ചിഞ്ചു പറഞ്ഞു തീർന്നില്ല.. അപ്പോഴേക്കും വസുവിന്റെ ബുള്ളറ്റ് റിവേഴ്‌സ് വന്നു അവരുടെ മുന്നിലേക്ക് നിർത്തിയിരുന്നു..അത് കണ്ടു ശ്രുതിയൊന്നു അത്ഭുതപ്പെട്ടു.. ഒപ്പം തന്നെ ഇപ്പോ എങ്ങനെ ഉണ്ടെടിന്നുള്ള അർത്ഥത്തിൽ ചിഞ്ചുവിനെ ഒന്ന് നോക്കാനും മറന്നില്ല.. "ഇതെവിടേക്കാ..? " വസു ചോദിച്ചു.. "എവിടേക്ക് ആയാലും ഇയാൾക്ക് എന്താ..? " ചിഞ്ചുവിന്റെ ആയിരുന്നു മറുപടി.. "നിന്നോട് ചോദിച്ചില്ലല്ലോ..? " "എനിക്ക് പറയണമെന്ന് തോന്നി.. പറഞ്ഞു.. " "മിനിയാന്ന് തരാതെ ബാക്കി വെച്ചത് മിക്കവാറും ഇപ്പോൾ തരേണ്ടി വരും ഞാൻ.. എന്റെ കയ്യിന്നു വേടിച്ചിട്ടേ അടങ്ങുന്ന് വല്ല നേർച്ചയും ഉണ്ടോ നിനക്ക്..? " വസുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങിയിരുന്നു.. "അയ്യോ ചേട്ടാ..വേണ്ടാ...ഇവള് ഇങ്ങനെ തന്നെയാ..വെറുതെ എല്ലാവരോടും ഉടക്കിന് നിൽക്കും..

ചേട്ടൻ അത് കാര്യമാക്കണ്ടാ.. പൊതുവഴിയാ..ആരെങ്കിലും കണ്ടാൽ എന്ത് കരുതും.. " ഉടനടി ഒരു യുദ്ധം അരങ്ങേറുമെന്ന് കണ്ടതും ശ്രുതി വേഗം കാര്യത്തിൽ ഇടപെട്ടു.. "കണ്ടോടീ..പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം..വളർത്തു ദോഷം.. അല്ലാതെന്ത്‌.. " വസു പുച്ഛത്തോടെ പറഞ്ഞു.. മറുപടിയായി ചിഞ്ചു വലിയ വായിൽ എന്തോ പറയാൻ ഒരുങ്ങിയതും ശ്രുതി വേണ്ടടീന്നും പറഞ്ഞു അവളുടെ കയ്യിൽ പിടി മുറുക്കി.. "അല്ല..ചന്ദന എവിടെ..? " വസു ചിഞ്ചുവിനെ പാടെ അവഗണിച്ചിരുന്നു.. വീണ്ടും ശ്രുതിയോട് ചോദിച്ചു.. "അവളെ ചോദിക്കാൻ താനാരാ..? " "എന്റെ ചിഞ്ചു..നീ ഒന്ന് മിണ്ടാതെ നിക്കുന്നുണ്ടോ..അവളു വീട്ടിലുണ്ട് ചേട്ടാ..ഞങ്ങൾ ഇവിടെ അടുത്തൊരു ഫ്രണ്ട്ന്റെ വീട്ടിൽ പോയി വരുവാ.. ചന്ദുവിന് എക്സാം തുടങ്ങി.. പഠിക്കാൻ ഉള്ളത് കാരണം അവൾ വന്നില്ല.." "മ്മ്..ശെരി..നേരം ഇരുട്ടാൻ തുടങ്ങിയല്ലോ..വേഗം പോകാൻ നോക്ക്.. " മറുപടിക്ക് കാത്തു നിന്നില്ല..

വസു തന്റെ ബുള്ളറ്റ് മുന്നിലേക്ക് എടുത്തു.. "ങ്ങുഹും..അവനാരാ നമ്മളോട് വേഗം പോകാൻ പറയാൻ.. ആദ്യം കണ്ടപ്പോഴേ എനിക്ക് അവനെ തീരെ പിടിച്ചിട്ടില്ല..ഇപ്പോ ദേ അതിനെക്കാളും.. " ചിഞ്ചു കെറുവിച്ചു.. "നിനക്ക് എന്താ ആ ചേട്ടനോട്.. വെറുതെ ഓരോന്ന് പറഞ്ഞു തട്ടി കയറിക്കോളും.. " "അവനെന്തിനാ ചന്ദുവിനെ അടിച്ചത്.. അത് കൊണ്ടാ എനിക്ക് അവനെ ഇഷ്ടമല്ലാത്തത്..അതാ എനിക്ക് ഇത്രയ്ക്കു ദേഷ്യം.. " "ആ കഥയൊന്നും നീ എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ടാ..ആ ചേട്ടൻ പറഞ്ഞത് കേട്ടില്ലേ..നേരം ഇരുട്ടിയെന്ന്..ചന്ദു ഇപ്പോ തന്നെ ടെൻഷൻ കയറി നിന്നെയും നോക്കി ഗേറ്റ്നു മുന്നിൽ നിൽക്കുന്നുണ്ടാകും.. വേഗം വാ.." ശ്രുതി ചിഞ്ചുവിന്റെ കയ്യും വലിച്ചു നടന്നു..നേരത്തെ വന്നത് പോലെത്തന്നെ ഒപോസിറ്റ് സൈഡിലൂടെ ഒരു ബുള്ളറ്റ് വന്നു.. അതിലിരിക്കുന്ന സണ്ണിയെ കണ്ടു ചിഞ്ചുവിന്റെ മുഖം വിടർന്നു.. "ഈ ചേട്ടനും ഉണ്ടായിരുന്നോ..?

അപ്പോ ഇനി നിന്റെ പുറകെ നടക്കുന്ന ചേട്ടന്റെ കുറവ് കൂടെയുള്ളൂ..ഇനി ഇതിന്റെ പുറകെ ആ ചേട്ടനും കൂടെ കാണുമോ..? " "കാണണ്ട..എനിക്ക് തത്കാലം ആ ചേട്ടനെ കാണണ്ട..ഈ ചേട്ടനെ കണ്ടാൽ മതി..ഈ ചേട്ടനെ മാത്രം.." ചിഞ്ചു ഇളിച്ചു കൊണ്ടു പറഞ്ഞു.. എന്നിട്ടു എതിരെ വരുന്ന സണ്ണിയിൽ തന്നെ മിഴികൾ നട്ടു.. കാറ്റിൽ ആടിയുലയുന്ന മുടിയിഴകൾ അവന്റെ സൗന്ദര്യം വർധിപ്പിക്കുന്നതായി തോന്നി അവള്ക്ക്..ആ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ പറ്റാത്തത് പോലെ.. അവൾ നോക്കി നിൽക്കെ തന്നെ അവന്റെ ബൈക്ക് അവരെ കടന്നു പോയി..വസു റിവേഴ്‌സ് വന്നത് പോലെ അവനും വരുമെന്ന് കരുതി അവൾ അവൻ പോയ വഴിയേ നോക്കി അവിടെ തന്നെ നിന്നു..പക്ഷെ അത് ഉണ്ടായില്ല.. അവൻ മുന്നോട്ടു തന്നെ കുതിച്ചു.. അവളുടെ മുഖം ചെറുതായൊന്ന് മങ്ങി.. "മതിയെടി..ആ ചേട്ടൻ ഇപ്പോ വീടെത്തിക്കാണും..അവളുടെയൊരു വായിനോട്ടം.. "

"എന്നാലും ജാട തെണ്ടി.. ഒന്ന് നിർത്തിയിട്ടു പോകാമായിരുന്നില്ലേ..?? ഒന്നുമില്ലേലും നമ്മള് പരിചയക്കാരല്ലെ.. " "പരിചയക്കാരോ..? ഏതു വകയിൽ..?? " "അപ്പൊ മറ്റവൻ ഇപ്പോ ഇവിടെ കൊണ്ടു വണ്ടി നിർത്തിയിട്ടു സംസാരിച്ചിട്ട് പോയത് എന്തിനാടി..? അവൻ ഏതു വകയിലാ പരിചയക്കാരൻ.. " "അതാ ചേട്ടന്റെ നല്ല സ്വഭാവം കൊണ്ട്..ഇപ്പോഴേങ്കിലും നിനക്ക് മനസ്സിലായല്ലോ ആള് നീ പറയുന്നത് പോലെ അഹന്തക്കാരനല്ല..നേരെ മറിച്ചു വളരെ നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന്.. " "അതിനർത്ഥം ഇപ്പോ പോയവന്റെ സ്വഭാവം കൊള്ളില്ലന്നാണോ..? " "അതൊന്നും എനിക്കറിയില്ല.. നിന്നോട് തർക്കിക്കാൻ ഞാനില്ല.. വരുന്നുണ്ടേൽ വാ.. നിന്നെ വീട്ടിലാക്കിയിട്ട് വേണം എനിക്ക് എന്റെ വീട്ടിലോട്ടു പോകാൻ.. " ശ്രുതി ചിഞ്ചുവിന് മുന്നേ നടന്നു.. *** മുന്നോട്ടു കുതിക്കുന്ന വസുവിന്റെ കണ്ണുകൾ ദൂരെ നിന്നും തന്നെ ആ പെണ്ണിൽ ഉടക്കി..അവന്റെ കണ്ണുകളിലും ചുണ്ടുകളിലും ഒരുപോലെ ചെറു ചിരി മിന്നി.. അതോടൊപ്പം പതിയെ മൊഴിഞ്ഞു.. "ചന്ദന... "..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story