മണിവാക: ഭാഗം 7

manivaka

രചന: SHAMSEENA FIROZ

"എന്നാലും ജിത്തേട്ടന് എവിടുന്നു കിട്ടി അങ്ങനൊരുത്തനെ ഫ്രണ്ടായിട്ട്...കൂടെ കൂട്ടുമ്പോൾ നല്ലതിനെ നോക്കി കൂട്ടാമായിരുന്നില്ലേ..എന്തൊരു അഹന്തയാണവന്..താനേ വലുതെന്നൊരു ഭാവം.. എനിക്കൊട്ടും പിടിച്ചിട്ടില്ല.." വീട്ടിലേക്കു നടക്കുന്നതിന്റെ ഇടയിൽ ചിഞ്ചു തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. "നീയിതുവരെ വിട്ടില്ലേ അത്..പിന്നെ നിന്റെ ഇഷ്ടം നോക്കിയാണോ ജിത്തു ഏട്ടൻ കൂട്ട് കൂടുന്നതും ഫ്രണ്ട്സിനെ ഉണ്ടാക്കുന്നതും.. നീയൊന്നു മിണ്ടാതെ നടക്കുന്നുണ്ടോ ചിഞ്ചു.. " ശ്രുതി പറഞ്ഞു.. "ഓ..ഇപ്പോ ഞാൻ പറഞ്ഞതായോ കുറ്റം.." "നീ പറയുന്നതിന് മാത്രമല്ല,, ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമെല്ലാം കുറ്റമേയുള്ളൂ..അല്ലെങ്കിൽ നീയിപ്പോ ആ ചേട്ടനെ കുറ്റം പറയുമോ..? ആ ചേട്ടന് എന്താടി ഒരു കുഴപ്പം..നല്ല മാന്യമായിട്ടാണല്ലോ പെരുമാറ്റം.. ചന്ദുവും അതുതന്നെയല്ലേ പറഞ്ഞത്.. മാത്രമല്ല..ഇപ്പോ വരുമ്പോൾ കൂടെ എന്നോടും ചന്ദുനോടും സംസാരിച്ചല്ലോ.. എനിക്ക് ഏതായാലും ഇഷ്ടപ്പെട്ടു.. ആള് ഡീസന്റ് ആണ്.. " "അല്ലേലും നിനക്ക് ആരെയാടി ഇഷ്ടപ്പെടാത്തത്..രാവിലെ തേൻ ഒലിപ്പിച്ചതു എന്റെ പുറകെ നടക്കുന്നവനെ കുറിച്ചായിരുന്നു.. ഇപ്പോ ദേ മറ്റവനെയും...അവരെന്താ നിനക്ക് വല്ല കൈവിഷവും തന്നോ..?"

"ഉവ്വല്ലോ..അതപ്പോ പൊന്നു മോള് അറിഞ്ഞില്ലേ..നീ വല്ലാതെ അങ്ങ് പറയല്ലേ ചിഞ്ചു..അവരെ രണ്ടുപേരെയും തീരെ പിടിച്ചിട്ടില്ലങ്കിലും എന്താ.. കൂട്ടത്തിൽ ആ കൊന്തയിട്ട ചേട്ടനെ നിനക്ക് അസ്ഥിക്ക് തന്നെ പിടിച്ചിട്ടുണ്ടല്ലോ.." "ഒന്ന് പയ്യെ പറയെടി..ചന്ദു കേൾക്കും.. " തങ്ങൾക്കു അല്പം മുന്നിലായി നടക്കുന്ന ചന്ദുവിനെ നോക്കി ചിഞ്ചു ശ്രുതിവിന്റെ കയ്യിലൊന്നു പിച്ചി.. "അവളുടെ എല്ലാ കാര്യവും അവളു നിന്നോട് പറയണം..എന്നാൽ നിന്റെ ഒരു കാര്യവും അവളു അറിയാൻ പാടില്ലല്ലെ.. " "എന്നിട്ടു എന്റെ എന്ത് കാര്യമാടി അവൾ അറിയാതെയുള്ളത്..ഇന്നീ കാലം വരെ അവൾ അറിയാത്ത എന്ത് രഹസ്യമാടി എനിക്ക് ഉണ്ടായിട്ടുള്ളത്..എന്ത് കാര്യവും നിന്നോട് പറയുന്നതിനു മുന്നേ ഞാൻ അവളോടാ പറയാറ്.. അത് നിനക്കും അറിയാവുന്നതല്ലേ.. പിന്നെ ഇപ്പോ പതുക്കെ പറയാൻ പറഞ്ഞത് വേറൊന്നും കൊണ്ടല്ല.. കേട്ടാൽ അപ്പോ തുടങ്ങും "അങ്ങനൊന്നും വേണ്ടാ ചിഞ്ചു,, അപ്പ അറിഞ്ഞാൽ നിന്നോട് ദേഷ്യമാകും" എന്നൊക്കെ പറഞ്ഞു പരിഭ്രമിക്കാൻ.. " "പെൺകുട്ടികൾ ആയാൽ അല്പ സ്വല്പമൊക്കെ വീട്ടുകാരെ പേടി വേണം..അവൾക്കതു വേണ്ടുവോളം ഉണ്ട്...നിനക്ക് പിന്നെ പണ്ടേ അതൊന്നും പറഞ്ഞിട്ടില്ലല്ലോ..

നിന്റെ ഡോക്ടർ പപ്പ ഒറ്റ ഒരാളാ നിന്നെ ഇങ്ങനെ ആക്കിയത്... പാവം ചന്ദു..നിനക്ക് അല്പമെങ്കിലും നല്ല ബുദ്ധി ഉണ്ടായിക്കോട്ടെന്ന് കരുതിയാ അവളുടെ അപ്പായ്ക്ക് ഇഷ്ടമല്ലാതെ ഇരുന്നിട്ട് കൂടി അവളു നിന്നെ ഇവിടെ താമസിപ്പിക്കുന്നത്.. നീ ഇവിടെ വരുമ്പോൾ ഒക്കെ അവളുടെ അപ്പായ്ക്ക് അവളെ കുറിച്ച് ടെൻഷനാണ്..ഇതിപ്പോ നിന്നെ നന്നാക്കാൻ നോക്കി നോക്കി അവളു തല തിരിഞ്ഞു പോകുമോ എന്നാണ് എല്ലാരുടെയും പേടി.. " "എന്നാൽ ആ പേടി നിങ്ങൾക്ക് ആർക്കും വേണ്ടാ.. കാരണം അവളു തിലകരാമ അയ്യരുടെ മകളാണ്.. അങ്ങേരു വരയ്ക്കുന്ന ഒരു വരയ്ക്ക് അപ്പുറവും അവളു ഇന്നുവരെ പോയിട്ടില്ല..ഇനി ഒരിക്കലും പോകുകയുമില്ല..അതിനി ഞാൻ വിചാരിച്ചാൽ എന്നല്ല.. എന്റപ്പൻ ജോസഫ് എബ്രഹാം വിചാരിച്ചാൽ പോലും..പിന്നെ എനിക്കൊരു സംശയം ഉള്ളത് ചൈതുവിന്റെ കാര്യത്തിലാണ്..അവൾ ചന്ദുവിനെ പോലെയൊന്നുമല്ല..ഇപ്പോഴേ ബോൾഡ് ആണ്.. അതിന് അവൾക്കു തന്തപ്പിടിയുടെ കയ്യിന്നു കണക്കിന് കിട്ടുന്നുമുണ്ട്.." "രഹസ്യം പറച്ചില് മതിയാക്കി ഒന്ന് വേഗം നടക്കുന്നുണ്ടോ.. ഇപ്പൊത്തന്നെ നേരം വൈകി.. അപ്പാവോടു എന്ത് പറയും.. എനിക്ക് കയ്യും കാലും വിറച്ചിട്ട് വയ്യ.. "

ചന്ദു തിരിഞ്ഞു നിന്നു രണ്ടുപേരെയും നോക്കി..അവരെന്തെങ്കിലും പറയുന്നതിന് മുന്നേ വെപ്രാളപ്പെട്ടു വേഗം മുന്നിലേക്ക് തന്നെ നടക്കാനും തുടങ്ങിയിരുന്നു.. ** "എന്താ വൈകിയത്..? " ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ കേട്ടു ഗൗരവമേറിയ ചോദ്യം.. "അത് അപ്പാ..കുറച്ചു നേരം കൂടെ നിൽക്കാൻ ജ്യോതി നിർബന്ധിച്ചപ്പോൾ... " പറയുമ്പോൾ ചന്ദന നന്നേ വിറച്ചിരുന്നു.. ചിഞ്ചു പക്ഷെ ഇത് തന്നെ ബാധിക്കുന്നതേയല്ലന്ന മട്ടിൽ തിലകരാമന്റെ ചോദ്യം നിസ്സാരമാക്കി കളഞ്ഞു അകത്തളത്തിലേക്ക് നടന്നു.. "അവളുടെ ഒന്നിച്ചു നടന്നു അതേ തോന്നിവാസം കാണിക്കാൻ തുടങ്ങിയാൽ വെച്ചേക്കില്ല നിന്നെ ഞാൻ...ഇനി മുതൽ അയല്പക്കത്തേക്ക് പോലും വിടില്ല.. ചടങ്ങ് കഴിഞ്ഞാൽ ഉടനെ വന്നോളാമെന്ന് പറഞ്ഞിട്ടല്ലേ നീ രാവിലെ ഇവിടുന്നിറങ്ങിയത്.. എന്നിട്ടിപ്പോ നേരം എത്രയായി.. സന്ധ്യാ സമയം കഴിഞ്ഞിരിക്കുന്നു.. ഇനിയിതു ആവർത്തിച്ചു പോകരുത്..മ്മ്..കയറി പോ.. " ചന്ദു ജീവൻ തിരിച്ചു കിട്ടിയത് പോലെ അകത്തേക്ക് ഓടി.. "കഴിഞ്ഞോ ചോദ്യവും വിസ്താരവുമൊക്കെ..എന്ത് മനുഷ്യനാടി നിന്റെ അപ്പ..അങ്ങോട്ട്‌ പോകാൻ പാടില്ല,, ഇങ്ങോട്ട് പോകാൻ പാടില്ല..അഥവാ പോയാലോ അങ്ങേരു നിശ്ചയിച്ച സമയത്തു ഇങ്ങെത്തിക്കോളണം.. എനിക്കു മടുത്തു..

പപ്പ തിരിച്ചു വന്നാൽ ഞാൻ ഇവിടുന്നൊന്നു രക്ഷപെട്ടേനേ.. നീ ആയത് കൊണ്ടു ഇവിടെ ജീവിക്കുന്നു.. സമ്മതിക്കണം ചന്ദു നിന്നെ.. " ചിഞ്ചു കഴുത്തിലെ ഷാൾ അലസമായി ബെഡിലേക്ക് ഇട്ടു,, പാറി പറക്കുന്ന തന്റെ മുടി വാരി പിടിച്ചു ഉച്ചിയിൽ കെട്ടുകയായിരുന്നു. ചന്ദുവിനെ റൂമിലേക്ക്‌ കണ്ടതും പറഞ്ഞു.. "എന്റെ അപ്പാവേ പറയണ്ടാ..അപ്പ പാവമാ..എന്നോടുള്ള സ്നേഹം കൊണ്ടാ.. " "ഇതിനെ സ്നേഹമെന്നല്ല പറയുക.. ഡോമിനേഷൻ എന്നാ.. എല്ലാത്തിലും ഒരുതരം അടിച്ചേൽപ്പിക്കൽ..എല്ലാം കണ്ടിട്ട് എനിക്ക് വീർപ്പു മുട്ടുന്നു.. " ചന്ദു ഒന്നും മിണ്ടിയില്ല..ചിഞ്ചു തന്റെ അച്ഛനെ പറഞ്ഞതിൽ അവൾക്കു നല്ല വിഷമം തോന്നുന്നുണ്ടായിരുന്നു.. "ഇനി ഞാൻ നിന്റെ അപ്പായെ പറഞ്ഞെന്നു കരുതി മൂടി കെട്ടി നിൽക്കണ്ട..വാ..കഴിക്കാം...പാറുവമ്മ നല്ല ഉഴുന്ന് വട ഉണ്ടാക്കി വെച്ചിട്ട് ഉണ്ടാകും..കാര്യം നിന്റെ അപ്പ ഒരു മുരടൻ ആണെങ്കിലും അമ്മ അങ്ങനെയല്ല..വളരെ സമാധാന ശീലയും സ്നേഹനിധിയുമാണ്.. നിന്റെ അപ്പാക്ക് എന്നെ കണ്ണിനു മുന്നിൽ കാണുന്നത് ചതുർഥി ആയിട്ടു കൂടി അതെനിക്ക് ഫീൽ ചെയ്യാത്തത് നിന്റെ അമ്മ നിനക്ക് തരുന്നതിനേക്കാൾ കൂടുതൽ സ്നേഹവും കെയറിങ്ങും എനിക്ക് തരുന്നത് കൊണ്ടാ..പപ്പ എപ്പോഴും പറയും പാറുവമ്മയ്ക്ക് എന്റെ അമ്മ അനിയത്തിയായിരുന്നില്ല,

മകൾ ആയിരുന്നെന്ന്..ആ സ്നേഹമാ ഇന്ന് എന്നോടുള്ളതെന്ന്.." തന്റെ അമ്മ പൂർണ്ണിമയുടെ ഓർമകളിൽ ചിഞ്ചുവിന്റെ കണ്ണുകൾ ഈറനായി..അത് കണ്ടു ചന്ദു വേദനയോടെ അവൾക്ക് അരികിലേക്ക് നീങ്ങി വന്നു.. "ഓ..നിന്നോടാണോ ഞാനിതൊക്കെ പറഞ്ഞത്..ഇന്നിതു മതിയാകുമല്ലേ നിനക്ക് കരഞ്ഞോണ്ട് ഇരിക്കാൻ.. എടീ..ആയുസ്സ് തീർന്നാൽ പരലോകത്തേക്ക് എത്തും.. അതിപ്പോ എന്റെ അമ്മയായാലും ഇനി ഞാൻ ആയാലും..നീ വന്നേ.. വയറു കത്തി കരിയുന്നു..വല്ലതും കഴിക്കാം.. " "അയ്യോ..കുളിക്കാതെയോ..ഞാനില്ല...അപ്പ കണ്ടാൽ വഴക്കു പറയും.. ഇവിടുത്തെ രീതികൾ ഒക്കെ നിനക്ക് അറിയാവുന്നതല്ലെ..നീയും കുളിച്ചിട്ടു കഴിക്കാൻ ചെന്നാൽ മതി.. " "അതിന് വേറെ ആളെ നോക്ക്... ഇതെന്താ വല്ല ആശ്രമവുമാണോ ഇരുപത്തി നാല് മണിക്കൂറും കുളിച്ചു വൃത്തിയിൽ നടക്കാൻ.. ഇങ്ങനൊരു കഴുതയുടെ കൂടാണല്ലോ ദേവി ഞാൻ ജീവിക്കുന്നത്.. " ചിഞ്ചു സ്വയം തലയ്ക്കു കിഴുക്കി അടുക്കളയിലേക്ക് നടന്നു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story