മണിവാക: ഭാഗം 77

manivaka

രചന: SHAMSEENA FIROZ

"നീയെത്തിയോ..?" കാൾ അറ്റൻഡ് ചെയ്തുടനെ വസു ചോദിച്ചു.. "ആഹ് ടാ.. ഫ്ലൈറ്റ് one ഹൗർ ഡിലേ ആയിരുന്നു.. ഇപ്പോ ഫ്ലാറ്റിലാണ്.." "രവി അങ്കിളും ആന്റിയുമെവിടാ..? എല്ലാരും ഹോസ്പിറ്റലിൽ ആണോ..?" "അല്ലടാ.. അമ്മ ഇവിടെ ഫ്ലാറ്റിലുണ്ട്.. അച്ഛനും ശരത്തേട്ടനുമാണ് ഹോസ്പിറ്റലിൽ.. അമ്മയ്ക്ക് ടു ഡേയ്‌സ് ഡയറ്റ്ൽ ചേഞ്ച്‌ വന്നതിന്റെ റിസൾട്ട്‌ കിട്ടിയിട്ടുണ്ട്.. ഷുഗർ 280 ആണ്.. ഉറക്കവുമില്ലായിരുന്നല്ലോ.." "ആന്റിയോട് റസ്റ്റ്‌ എടുക്കാൻ പറയു.. ഇനിയിപ്പോ നീയും കൂടി ഉണ്ടല്ലോ..?" വസു പറഞ്ഞു.. "അല്ലെങ്കിലും ഹോസ്പിറ്റലിൽ കൂടുതൽ പേരുടെ ആവശ്യമില്ല.. ആദ്യമേ ശരത്തേട്ടൻ പറഞ്ഞതാണ്.. അപ്പോൾ കേട്ടില്ല.. നീ ഉറങ്ങിയില്ലായിരുന്നോ വസു..? ചന്ദന വഴക്കിട്ടിരുന്നോ..?" "ഇടയ്ക്ക് ഇടെ നിന്നെ ചോദിച്ചു കരച്ചിലായിരുന്നു... ആ നേരത്ത് പിടിച്ചു വെക്കാനും അനുനയിപ്പിക്കാനും പാടാണ് ശരൺ.. നിന്നോട് ഒതുങ്ങുന്നത് പോലെ എളുപ്പത്തിൽ ഒതുങ്ങുന്നില്ലെന്നോട്.. ഇപ്പോ ഉറക്കമാണ്.. ചന്ദനയും ഞാനും മാത്രമാണ് ഇവിടെ.. അച്ഛമ്മ ബാത്‌റൂമിൽ വീണെന്ന്..

ചെറിയ പരിക്കുണ്ട്.. അമ്മയും അച്ഛനും വരുണും അച്ഛമ്മയെ കാണുവാൻ പോയിരിക്കുകയാണ്..." "ശെരിയെടാ.. ഞാൻ വെച്ചേക്കുവാ.. ഏട്ടൻ വിളിക്കുന്നുണ്ട്.. എത്തിയോന്ന് അറിയാൻ ആയിരിക്കും.. ചന്ദനയെ നല്ലപോലെ ശ്രദ്ധിക്കു ട്ടോ.. എന്തുണ്ടെലും അറിയിക്ക്.. ഫ്രീ ആവുമ്പോൾ വീഡിയോ കാളിൽ വരാം.. ബൈ.." ശരൺ കാൾ കട്ട്‌ ചെയ്തു.. വസു ചന്ദനയുടെ അരികിൽ ചെന്നു. ഉറക്കമാണ്.. എങ്കിലും അവൻ താഴെ അടുക്കളയിൽ പോയി രാധിക പറഞ്ഞത് പ്രകാരം ഇഞ്ചി ചതച്ചിട്ടു വെള്ളം തിളപ്പിച്ചെടുത്തു, ഇടയിൽ ചന്ദന ഉണരുക ആണെങ്കിൽ കൊടുക്കാമെന്നോർത്ത്.. ** വസു രാവിലെ ഉണരുവാൻ വൈകിയിരുന്നു.. വേഗത്തിൽ കുളിച്ചു ഡ്രെസ് ചെയ്തവൻ ചന്ദനയുടെ മുറിയിലേക്ക് നടന്നു.. രാത്രിയിൽ അവരെത്തിക്കഴിഞ്ഞു രാധിക കിടക്കുവാനായി ചന്ദനയുടെ മുറിയിലേക്ക് വന്നതിന് ശേഷമാണു വസു കിടക്കുവാനായി പോയത്.. വിശ്വനാഥന്റെ അമ്മ സുമംഗലയെ സന്ദർശിക്കുവാൻ ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങുകയാണ് വസു..

"ഉണർത്തണ്ട.. കുറച്ച് മുന്നേ ഉറങ്ങിയേ ഉള്ളു.. വെളുപ്പിന് എണീറ്റ് ബഹളമായിരുന്നു.. ശരണിനെ അന്വേഷിച്ച്.. വന്നില്ലല്ലേന്നും ചോദിച്ചു ഒരുപാട് കരഞ്ഞങ്ങു ഉറങ്ങിയതാണ്.. നീ റെഡിയായോ..? ഞാൻ നീ എണീറ്റില്ലെന്ന് ഓർത്തു കയറി വന്നതാണ്.. ചന്ദന ഉണർന്നോന്ന് നോക്കാമെന്നും കരുതി.." മുറിയിലേക്ക് വന്ന രാധിക പറഞ്ഞു.. "നേരത്തെ പോയാൽ നേരത്തെ മടങ്ങാമല്ലോ..? വൈകുന്നേരമായാൽ ട്രാഫിക് ആണ്.. ശ്രദ്ധിക്കണേ അമ്മാ.. രാത്രിയിലേതു ഓർക്കാൻ കൂടെ വയ്യ.. ഇപ്പോഴും ദേഹം വിറയ്ക്കുവാണ്.." വസുവിന്റെ സ്വരത്തിൽ അത്രയും ചന്ദനയെ ഓർത്തു ആധി കലർന്നിരുന്നു.. "നീ പേടിക്കണ്ട.. ഞാൻ ശ്രദ്ധിച്ചോളാം.. ചന്ദനയ്ക്ക് മുറി നൽകുമ്പോൾ ഞാനീ ബാൽക്കണി ഡോർ ലോക്ക് ചെയ്തിരുന്നതാണ്.. അതിന് ശേഷം ഇന്നലെ രാവിലെയാണ് തുറക്കുന്നത്.. അവിടമൊന്ന് തുടച്ചിട്ടേക്കാൻ.. പിന്നീട് അകത്ത് വന്നപ്പോൾ ഞാനത് ലോക്ക് ചെയ്യുവാനും മറന്ന് പോയി.. മുകളിൽ ആരുമില്ലാത്ത സമയങ്ങളിൽ ഇനി അവളെ താഴത്തെ മുറിയിൽ തന്നെ ആക്കിയേക്കാം...

നീ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങു കേട്ടോ.. അടുക്കളയിൽ മേശപ്പുറത്തുണ്ട്.. നീ വിളമ്പി കഴിച്ചോളുമല്ലോ.. ഞാൻ അലക്കുവാനുള്ളതൊക്കെ എടുത്തിട്ട് വന്നേക്കാം.." പറഞ്ഞു കൊണ്ട് രാധിക വസുവിന്റെ മുറിയിലേക്ക് നടന്നു.. "നല്ല കുട്ടി ആയിരിക്കണം കേട്ടോ.. പോയിട്ട് വരാം.." വസു കുനിഞ്ഞു ചന്ദനയുടെ നെറുകിൽ ഒന്ന് മുകർന്നു.. "അമ്മാ.. ചന്ദനയ്ക്ക്‌ പെയിൻ കൂടുതൽ ആണെങ്കിൽ ഡോക്ടറെ കാണിക്കു.. ഞാൻ അച്ഛനോട് പറഞ്ഞേക്കാം. അല്ലേൽ വരുൺ ഉണ്ടല്ലോ.." താഴേക്ക് ഇറങ്ങുന്നതിനു മുന്നേ വസു ഓർമിപ്പിച്ചു.. ** ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു.. സുഹൃത്തും ഓങ്കോളജിസ്റ്റുമായ Dr : ജാസിർ മുസ്തഫ വഴി എബ്രഹാം ചിഞ്ചുവിന് അമേരിക്കയിൽ ട്രീറ്റ്‌മെന്റിന്റെ കാര്യങ്ങൾ വേഗത്തിൽ തരപ്പെടുത്തിയിരുന്നു.. ചിഞ്ചുവിന്റെ അസുഖ വിവരം എബ്രഹാം മറ്റാരെയും അറിയിച്ചിരുന്നില്ല.. ആരുമവളെ ആ ഒരുപേരിൽ സഹതാപത്തോടെ നോക്കി കാണരുതെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.. നാലു നാളുകൾക്കുള്ളിൽ ചികിത്സയ്ക്കായ് അമേരിക്കയിലേക്ക് പോകണം.. എബ്രഹാം ആ വിവരം ചിഞ്ചുവിനെ ആദ്യം തന്നെ അറിയിച്ചിരുന്നുവെങ്കിലും അവൾ ഒരുവിധത്തിലും അതിന് തയാറായില്ല..

ചെയ്തു പോയ തെറ്റിന് ദൈവങ്ങൾ തന്ന ശിക്ഷയാണ് ഇതെന്നും എന്നോ മനസ്സ് മരവിച്ചു പോയവളുടെ ശരീരത്തിനിനി എന്തുണ്ടായാലും അതിൽ എന്തിനാണ് ദുഃഖിക്കുന്നത് എന്നുമായിരുന്നു അവളുടെ ചോദ്യം.. അത്രമേൽ അവൾ വസുവിനോടും ചന്ദനയോടും ചെയ്തു പോയതിൽ കുറ്റബോധം പേറുകയും ആ കനൽ ചൂടിൽ ഉരുകുകയുമാണ്.. ഇനിയൊരിക്കലും ഒരുവിധത്തിലും വസുവിനെയോ ചന്ദുവിനെയോ നേരിടാനുള്ള പ്രാപ്തി ഇല്ലെന്നതിനാൽ എത്രയും പെട്ടെന്നൊന്നു മരണം പുൽകിയാൽ മാത്രം മതിയെന്നായിരുന്നു ചിഞ്ചുവിന്റെ എല്ലാ നേരത്തെയും പ്രാർത്ഥന.. അതിന് മുന്നേ ചന്ദു പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നൊരു വാർത്ത കേൾക്കണം.. അതൊന്നു കേട്ട് കൊണ്ട് വേണം തനിക്ക് കണ്ണടയ്ക്കുവാൻ.. ചിഞ്ചുവിന്റെ ആ നിലപാട് എബ്രഹാമിനെ വലിയ ദുഃഖത്തിലാഴ്ത്തി.. എങ്കിലും മുടങ്ങാതെ അയാൾ ചിഞ്ചുവിനോട് അതേ വിഷയം സംസാരിച്ചു കൊണ്ടേയിരുന്നു.. തനിക്ക് മുന്നിൽ അങ്ങേയറ്റം തകർന്ന്.. തളർന്ന്..

നിൽക്കുന്ന എബ്രഹാമിനെ കണ്ട് ചിഞ്ചുവിന്റെ ഹൃദയം പിളർന്നു.. തനിക്ക് വേണ്ടിയാണു ജീവിച്ചത്.. എന്നും എപ്പോഴും തന്റെ ഇഷ്ടങ്ങൾക്കാണു മുൻ‌തൂക്കം നൽകിയത്.. തന്റെ സന്തോഷങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാത്രമായിരുന്നു പപ്പയുടെ ലോകം. അതിനപ്പുറം മറ്റൊന്നുമില്ലായിരുന്നു പപ്പയ്ക്ക്.. എന്നിട്ടും പപ്പയെ സന്തോഷിപ്പിക്കുവാൻ.. തന്നെ ഓർത്തു അഭിമാനിക്കുവാൻ.. തന്റെ സുന്ദരമായ ജീവിതം കണ്ട് മനസ്സ് നിറയ്ക്കാൻ.. അങ്ങനെയൊന്നുമൊന്നും പപ്പയ്ക്ക് തിരികെ നൽകുവാൻ തന്നാൽ കഴിഞ്ഞിട്ടില്ല.. എന്നിട്ടുമെപ്പോഴെങ്കിലും തന്നോട് പരിഭവിച്ചിട്ടുണ്ടോ..? വാക്കു കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ലാ.. ആ പപ്പയെയാണ് ഇന്ന് എല്ലാ വിധത്തിലും താൻ തോൽപിച്ചു കളയുന്നത്.. ചിഞ്ചുവിന്റെ മിഴികൾ തോരാതെ പെയ്തിറങ്ങി.. എബ്രഹാമിനനുകൂലമായൊരു മറുപടി നൽകുന്നതിനൊപ്പം പിതൃ വാത്സല്യം തുളുമ്പുന്ന ആ നെഞ്ചിലേക്ക് അവൾ മുഖം പൂഴ്ത്തി.. ** രാത്രിയിൽ വസുവിന് വീഡിയോ കാൾ ചെയ്തു കഴിഞ്ഞു പുറത്തെ ബാൽക്കണിയിൽ നിൽക്കുകയാണ് ശരൺ.. അങ്ങ്മിങ്ങും എങ്ങും വെളിച്ചം മാത്രം.. എത്ര ദൂരേക്ക്‌ മിഴികൾ നീട്ടിയാലും ഇരുട്ട് കണ്ടെത്തുവാനാകില്ല... ശരൺ വെറുതെ ആ ദുബായ് സിറ്റിയുടെ തിരക്കിലേക്ക് മിഴികൾ നട്ടു നിന്നു..

എന്നിരുന്നാലും മനസ്സിൽ അൽപ്പം മുന്നേ വീഡിയോ കാളിൽ കണ്ട ചന്ദനയുടെ നിഷ്കളങ്കമായി ചിരിക്കുന്ന മുഖമായിരുന്നു.. വസുവിനോട് ചേർന്ന് ഇരുന്ന്.. താൻ വിളിക്കുമ്പോൾ പരിഭവത്തോടെ.. പിണക്കത്തോടെ.. ആ തോളിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന ചന്ദന.. എന്തുമാത്രം.. എത്രമാത്രം ആഗ്രഹിച്ചതാണ് അങ്ങനൊരു കാഴ്ച.. ആ ഒരൊറ്റ ദൃശ്യം തന്നെ ശരണിന്റെ കണ്ണുകളും മനസ്സും നിറച്ചിരുന്നു.. അവളെന്നുമെപ്പോഴും വസുവിനോട് ചേർന്നിരിക്കുന്നത് കാണുവാൻ അത്രമേൽ കൊതിച്ചതാണ്.. മുന്നിലേക്കുള്ള പ്രതീക്ഷകളൊന്നും പഴയത് പോലെ പെട്ടൊന്ന് ഒരു നാളിൽ നീ ഇല്ലാതാക്കി കളയരുത് ദൈവമേ.. അതെന്റെ വസുവിന് താങ്ങുവാൻ കഴിഞ്ഞെന്ന് വരുകില്ല.. പഴയ ചന്ദനയായ് മാറുന്ന നാളിലും നിറഞ്ഞ മനസ്സോടെ.. സ്നേഹത്തോടെ.. സന്തോഷത്തോടെ.. വസുവിനെ ഉൾകൊള്ളുവാൻ ചന്ദനയ്ക്ക് സാധിക്കേണമേ.. "ഇപ്പോൾ അവൾ ഇടയ്ക്ക് വല്ലപ്പോഴും മാത്രമേ നിന്നെ അന്വേഷിക്കുന്നുള്ളു.. ബാക്കിയുള്ള സമയങ്ങളിൽ എല്ലാവരോടും ഇടപഴകി അവളുടേതായ തോന്നലുകളിൽ..

ഇഷ്ടങ്ങളിൽ.. സന്തോഷങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് പതിവ്.. നിന്നെ അന്വേഷിക്കുന്ന ആ ചുരുങ്ങിയ വേളകളിൽ അവളെ നിയന്ത്രിക്കുവാൻ കഴിയാറില്ലന്ന് മാത്രം. അത്രയേറെ ശാട്യമാണവൾക്ക് അപ്പോൾ.. കരഞ്ഞു തളർന്നു വീഴുക തന്നെയാണ് അവസാനം.." അൽപ്പം മുന്നേ വസു പറഞ്ഞതാണ്.. അതൊരു പ്രോഗ്രസ്സ് ആയാണ് ശരണിന് തോന്നിയത്.. ആണ്.. ഇനിയാ പഴയ ചന്ദനയിലേക്ക് വളരെ കുറച്ചു ദൂരം മാത്രം.. ശരൺ ഉറച്ചു വിശ്വസിച്ചു.. ചന്ദനയെ ഓർത്തു സന്തോഷിക്കുമ്പോഴും മനസ്സിന്റെ മറുപാതി അത്രയേറെ പ്രിയപ്പെട്ടവളെ ഓർത്തു ദുഃഖിക്കുന്നുണ്ടായിരുന്നു.. തിരിച്ചു വരുന്നതിന് മുന്നേ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും കരുതിയിരുന്നു.. തിടുക്കത്തിലുള്ള വരവായതിനാൽ അതിന് സാധിച്ചതുമില്ല.. പോകുകയാണെന്ന് മെസ്സേജ് ചെയ്തിരുന്നു.. അപ്പോൾ വന്ന മറുപടി safe flight എന്ന് മാത്രമാണ്.. അതിൽ കൂടുതൽ എന്തെങ്കിലും താൻ പ്രതീക്ഷിച്ചിരുന്നുവോ..? ശരൺ സ്വയമേ ഒരുത്തരം തേടി കൊണ്ടിരുന്നു. അവസാനമുത്തരമായി എത്തി നിന്നത് സണ്ണിയിലാണ്..

സണ്ണിയെ ഓർക്കവേ തന്നെ ശരണിലൊരു വേദനയുണർന്നു.. അങ്ങനെയൊരു അനുകമ്പയ്ക്ക് സണ്ണി അർഹനാണോ എന്നൊരു ചോദ്യം ഒരുവട്ടം പോലും ശരണിന്റെ മനസ്സിൽ ഉയർന്നിരുന്നില്ല.. വസുവിന് ഇനി ഒരിക്കലും സണ്ണിയോട് ക്ഷമിക്കുവാൻ കഴിയുകില്ലേ എന്ന് മാത്രമായിരുന്നു ശരണിന്റെ ചിന്തയത്രയും.. സണ്ണി അത്രമേൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിരിക്കുന്നു.. തെരെസയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ സണ്ണിയ്ക്ക് തിരിച്ചു പോകുവാൻ സാധിച്ചിരുന്നില്ല.. തെരെസാന്റിക്കിനി എന്തെങ്കിലും സംഭവിച്ചു എന്നാൽ.. സണ്ണിയ്ക്ക് പിന്നെ ആരാണ് ഉള്ളത്..? എന്തുകൊണ്ടോ ശരണിന് വീണ്ടും വേദന അനുഭവപ്പെട്ടു.. ചിഞ്ചുവിന്റെ പ്രണയം സണ്ണിയാണെന്ന് അറിയാതിരുന്ന കാലത്തു പോലും അവൾ അവളുടെ പ്രണയത്തിലേക്ക് എത്തി ചേരട്ടെ എന്ന് ആഗ്രഹിച്ചിരുന്നു. അത് സണ്ണിയാണെന്ന് അറിഞ്ഞപ്പോൾ ആ ആഗ്രഹത്തിനു ആഴം കൂടി, അതിനി തനിക്ക് അവളെ മറക്കുവാൻ സമയമെടുക്കുമെന്നാൽ പോലും. പക്ഷെ ഇപ്പോൾ എവിടെയാണ് കാര്യങ്ങൾ..?

രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ.. ഇനിയൊരിക്കലും മനസ്സിൽ സണ്ണിയ്ക്ക് ആ പഴയ സ്ഥാനമോ സ്നേഹമോ ഇല്ലെന്ന് ചിഞ്ചു ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.. പക്ഷെ സണ്ണി.. അവൻ ഇപ്പോൾ ആഗ്രഹിച്ചു പോകുന്നുണ്ടാവില്ലേ അവളുടെയാ സ്നേഹം...? ദൈവത്തിന്റെ പുസ്തകത്തിൽ അവൾ ആരുടെ പെണ്ണായിരിക്കാം..? ആരായാലും ഭാഗ്യവാൻ തന്നെ.. ശരണിന്റെ മനസ്സിൽ അത്രയും ആ പഴയ ചിഞ്ചുവിന്റെ കുസൃതി പറയുകയും ചിരിക്കുകയും ചെയ്യുന്ന മുഖം നിറഞ്ഞു നിന്നു.. *** "വസു.. നിങ്ങൾ എവിടാ..? മടങ്ങിയോ..? " ഹോസ്പിറ്റലിൽ വന്നു പോയതിൽ പിന്നെ ആരും തന്നെ കാണുവാൻ വന്നില്ലന്നുള്ള സുമംഗലയുടെ ദേഷ്യവും പരിഭവവും തീർക്കുവാൻ ഒരുനാളിൽ വിശ്വനാഥന്റെ തറവാട്ടിൽ പോയി വരുകയാണ് വിശ്വനാഥനും വസുവും.. "ഉവ്വ് അമ്മാ.. വരുവാ.. ട്രാഫിക്കിലാണ്.. അച്ഛൻ ഓഫീസിന് മുന്നിൽ ഇറങ്ങി.. ഒരു ക്ലൈന്റ് വിളിച്ചിരുന്നു.. എന്താ അമ്മാ..? ചന്ദനയ്ക്ക് എന്തെങ്കിലും..?" വസു ഉത്കണ്ഠയോടെ തിരക്കി.. "അത് വസു.. രാവിലെ നിങ്ങൾ പോയപ്പോൾ തന്നെ ചന്ദന ഉണർന്നിരുന്നു.. ആ നേരം തൊട്ട് ശരണിനെ ചോദിച്ചു ബഹളവും കരച്ചിലുമായിരുന്നു.. ഒരു വിധേയനയും സമാധാനിപ്പിക്കുവാൻ കഴിഞ്ഞില്ല.. വരുണും ഒത്തിരി ശ്രമിച്ചു.. ആരെയും കേൾക്കുന്നില്ലന്ന് മാത്രല്ല,, നെറ്റിയും തലയുമൊക്കെ ഭിത്തിയിൽ ഇടിച്ച് വേദനിപ്പിക്കയും ചെയ്തു.. കയ്യിൽ കിട്ടിയത് മുഴുവനും നശിപ്പിച്ചു.. പിടിച്ചു വെക്കാൻ പോയതിനിടയിൽ വരുണിനും കിട്ടി നല്ലൊരെണ്ണം..

അവസാനം കയ്യിൽ തടഞ്ഞത് ആ കോർണറിലെ ഗ്ലാസ്‌ സ്റ്റാൻഡിൽ വെച്ചിരുന്ന നിന്റെയും സാന്ദ്രയുടെയും വിവാഹ ഫോട്ടോയാണ്.. അതിലേക്ക് ഏറെ നേരം നോക്കുകയും ഒടുക്കം അലറി കരഞ്ഞത് വലിച്ചെറിഞ്ഞു തളർന്നങ്ങു വീഴുകയും ചെയ്തു.. മയക്കം കഴിഞ്ഞു എണീറ്റിട്ടു ഇപ്പോൾ മണിക്കൂർ രണ്ടായി.. ഈ നേരം വരെ എന്നോടോ വരുണിനോടോ മിണ്ടിയിട്ടില്ല.. അരികിൽ ചെന്നാലും വിളിച്ചാലും മറുപടിയില്ല.. ഊണ് കഴിക്കാൻ വിളിച്ചു പോലും വന്നില്ല.. ഞാൻ മുറിയിലോട്ട് കൊണ്ട് പോയ ഭക്ഷണവും വെള്ളവും അതേ പടി ഇരിപ്പുണ്ട്.. ഒന്നു നിർബന്ധിച്ചു വാരി കൊടുക്കാമെന്നു വെച്ചാൽ തല എങ്കിലും ഉയർത്തി പിടിക്കണ്ടേ.. കൂനി കൂടി ഒരേ ഇരുപ്പാണ്.. വിങ്ങി വിങ്ങി കരയുന്നു.. എനിക്ക് പേടിയാവുന്നെടാ.. പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം...

നീ വേഗം വാ.. നമുക്ക് ഏതായാലും അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. വന്നതിൽ പിന്നെ ഒന്ന് പോയി കാണിച്ചതുമില്ലല്ലോ..." "ശെരിയമ്മ.. ടെൻഷൻ ആകാതെ.. അവളെ തനിച്ചു വിടരുത്.. കൂടെ തന്നെ ഉണ്ടാവണം.. ഞാൻ ഉടനെ എത്തിയേക്കാം.." രാധികയോട് അങ്ങനെ പറഞ്ഞുവെങ്കിലും കാൾ കട്ട്‌ ചെയ്ത വസുവിന്റെ ചെന്നിയിലൂടെയും കഴുത്തിലൂടെയും വിയർപ്പ് തുള്ളികൾ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.. എന്തോ.. അകാരണമായൊരു തളർച്ചയവനെ വിഴുങ്ങി.. ചന്ദനയുടെ മുഖം മാത്രം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.. എത്ര ശക്തിയിൽ ചവിട്ടിയിട്ടും വാഹനത്തിന് വേഗതയില്ലന്ന് തോന്നി വസുവിന്.. വീടെത്തുന്നത് വരെ വസു ആ ടെൻഷൻ അനുഭവിച്ചു കൊണ്ടേയിരുന്നു...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story