മണിവാക: ഭാഗം 78

manivaka

രചന: SHAMSEENA FIROZ

വസു മുറിയിലേക്ക് ചെല്ലുമ്പോൾ ചന്ദന ജനലോരം ചേർന്ന് പുറത്തേക്ക് നോക്കി നിൽക്കുകയാണ്.. വസു നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.. അതവന്റെ തിടുക്കത്തെയും ആ നേരമത്രയും അവൻ അനുഭവിച്ച ആകുലതകളെയും എടുത്തു കാട്ടി.. "ചന്ദനാ..." വസു അരികിലേക്ക് ചെന്നു പതിയെ വിളിച്ചു. "ദേവേട്ടൻ..." ചന്ദനയുടെ ഉള്ളു വിറച്ചു.. ദേഹം കുഴയുന്നതായ് തോന്നി അവൾക്ക്.. ആ മുഖത്തേക്ക് മിഴികൾ നീട്ടുവാൻ പോലും ചന്ദനയൊന്നു മടിച്ചു.. "ചന്ദനാ..." അവൾ കേൾക്കുന്നില്ലേ എന്ന തോന്നലിൽ വസു അവൾക്ക് തൊട്ടരികിലേക്ക് നിന്നു.. അരുതാത്തത് എന്തോ സംഭവിച്ചെന്ന പോൽ വെട്ടി വിറച്ചു ചന്ദന.. ഉടനെ പിന്നോക്കം നീങ്ങി നിന്നു.. "എന്തുപറ്റി..? അമ്മ പറഞ്ഞുവല്ലോ ഒരുപാട് ബഹളം വെച്ചുവെന്നും ആരെയൊട്ടും അനുസരിച്ചില്ലന്നുമൊക്കെ.. രാവിലെ ഞാൻ പോകുമ്പോൾ മിടുക്കിയായിരുന്നല്ലോ.. ഇപ്പോഴെന്തുപറ്റി..?"

അവളുടെ കണ്ണുകളിൽ ഊറി കൂടിയിരിക്കുന്ന നനവിലാണ് അവന്റെ മിഴികൾ ആദ്യം തങ്ങിയത്.. അത്രമേൽ അരുമയോടെ അവളുടെ കവിളിൽ കൈ ചേർത്ത് ചോദിച്ചു.. "എത്ര...എത്ര നാളുകളായി ഞാനിവിടെ..?" കരച്ചിലിന്റെ അകമ്പടിയോടെയൊരു മറുചോദ്യം.. കേട്ടുടനെ വസു ഒന്നമ്പരന്നുവെങ്കിലും പിന്നീട് വസുവിന് ലോകം കീഴടക്കിയ സന്തോഷം തോന്നി.. ഇനി മരിച്ചു പോയാലും വേണ്ടില്ലെന്നത് പോലെ.. "ചന്ദനാ..." ഹൃദയത്തിലെ മുഴുവൻ സ്നേഹവും നിറച്ചൊരു വിളി.. ആഹ്ലാദത്താൽ വസുവിന്റെ കണ്ണുകളിൽ ഓരോ തുള്ളി സ്ഥാനം പിടിച്ചു. "ഞാൻ..ഞാനാ പഴയ ചന്ദനയല്ല.." അവളുടെ തൊണ്ടയിലൊരു ഗദ്ഗദം വന്നു മൂടി.. "എന്നാര് പറഞ്ഞു..?" അവൻ അലിവോടെ തിരക്കി.. "നിങ്ങളാ പഴയ വസുദേവുമല്ല.. സാന്ദ്ര.. സാന്ദ്ര എവിടെ..? അമ്മയെയും വരുണിനെയും മാത്രമേ ഞാൻ കണ്ടുള്ളു..." അവൾ വളരെ അകന്ന് മാറി നിന്നു കൊണ്ട് പറഞ്ഞു.. സാന്ദ്രാ.. ഒരുവേള വസുവിന്റെ നെഞ്ചൊന്നു വിങ്ങി.. കണ്ണുകൾ ഇറുകെ അടച്ചു തുറന്നവൻ.. "ഞാൻ എന്തിനാണ് ഇവിടെ..?

എങ്ങനെയാണു ഇവിടെ...?" ചന്ദനയ്ക്ക് അതറിയേണമായിരുന്നു. ഓർമകളിൽ എത്ര തിരഞ്ഞിട്ടും അതെങ്ങനെയെന്നു കണ്ട് പിടിക്കുവാൻ സാധിച്ചിരുന്നില്ലവൾക്ക്.. പുക മറ പോലെ അനേകം ദൃശ്യങ്ങൾ ഉള്ളിലൂടെ വന്നും മാഞ്ഞു പോകുന്നു.. അതിലേറ്റവും അവസാനം ചൈതുവിന്റെ കരഞ്ഞു തളർന്ന മുഖവും തന്നെ പൊതിഞ്ഞു പിടിച്ചു മാപ്പ് അപേക്ഷിക്കുന്ന ചിഞ്ചുവിന്റെ മുഖവുമാണ് മിഴിവോടെ തെളിഞ്ഞു നിൽക്കുന്നത്.. അത്രയും മിഴിവിൽ തന്നെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിലിന്റെ രൂപവും.. ആ ഓർമയിൽ തന്നെ അറച്ചു പോയി ചന്ദനയ്ക്ക്.. തല വെട്ടി പിളർക്കുന്നത് പോലെ.. ശർദ്ധിക്കാൻ വരുന്നു.. മൂത്ര ചൂരയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നു.. ദേഹത്ത് പുഴുക്കൾ ഇഴഞ്ഞു കേറുകയും ഒടുക്കമാ ദേഹം ഒരു കണ്ടാമൃഗത്തിനടിയിൽ ചതഞ്ഞരയുകയും ചെയ്യുന്നു.. ചന്ദന രണ്ട് കൈകൾ കൊണ്ടും ശിരസ്സ് താങ്ങി പിടിച്ചു.. താൻ തളർന്നു നിലം പതിക്കുകയാണെന്ന് തോന്നി അവൾക്ക്.. പക്ഷെ അതിനോടകം രണ്ടു കൈകൾ അത്രയേറെ കരുതലോടെ അവളെ ചേർത്തു പിടിച്ചിരുന്നു..

"പറയു.. ഞാൻ എന്താണിവിടെ..? എങ്ങനെയാണ് ഇവിടെ..? എന്റെ വീട്ടിൽ ആരുമില്ലേ അപ്പോൾ..? എനിക്ക് പോകണം.. എന്നെ കൊണ്ട് വിടു.." നിറ കണ്ണുകളോടെ യാചനയെന്ന പോൽ പറഞ്ഞവൾ.. "ചന്ദനയ്ക്ക് എല്ലാം ഞാൻ പറഞ്ഞു തന്നാൽ മതിയോ..? വസു ഒരു ദൂരയാത്ര കഴിഞ്ഞു ഇപ്പോൾ വന്നു കയറുന്നതാണു.. അവൻ കുളിച്ചു വേഷം മാറി വരട്ടെ.." നേരത്തെ വസുവിനോടൊപ്പം തന്നെ മുകളിലേക്ക് വന്നു, പിന്നീട് ഇത്രയും നേരം മുറി വാതിൽക്കൽ നിന്നകത്തേക്ക് ശ്രദ്ധിച്ചു കൊണ്ടിരുന്ന രാധിക അടുത്തേക്ക് വന്നു.. "ചെല്ല് വസു.. കുളിച്ചിട്ട് വാ.. ചന്ദനയോട് ഞാൻ സംസാരിക്കാം.." മടിച്ചു നിൽക്കുന്ന വസുവിനെ രാധിക പറഞ്ഞയച്ചു.. "ചന്ദന ഇങ്ങു വന്നേ.. ഞാൻ പറയുന്നതൊക്കെ കേൾക്കുകയും മനസ്സിലാക്കുകയും വേണം കേട്ടോ... കരയുകയൊന്നും ചെയ്യരുത്.. ചന്ദന എന്ത് പറയുന്നോ അത് ഞങ്ങൾ അനുസരിക്കും കേട്ടോ.. അതുകൊണ്ട് ആ ഭയവും വേണ്ടാ.." രാധിക ചന്ദനയെ തന്റെ അരികിലേക്ക് ക്ഷണിച്ചു.. ** വസു കുളി കഴിഞ്ഞിറങ്ങുമ്പോൾ രാധിക മുറിയിലേക്ക് വന്നിരുന്നു..

"ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടവളോട്.. ഈ കഴിഞ്ഞ രണ്ടര വർഷത്തെ അവളുടെ ജീവിതത്തെ കുറിച്ച്.. അവളുടെ മാത്രമല്ലാ.. എല്ലാരുടെയും.. സാന്ദ്ര ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നതാണു അവൾക്ക്‌ ഏറ്റവും ഷോക്ക് ആയി തോന്നിയതും ഏറ്റവും വിഷമപ്പെടുത്തിയതും.. വീട്ടിൽ പോകണമെന്നാണ് അവൾ പറയുന്നത്.. നീ അവളുടെ വീട്ടിൽ വിളിച്ചു അറിയിക്കു വിവരങ്ങൾ.. ഒന്നിനുമേതിനും അവളെ നിർബന്ധിക്കുവാൻ നമുക്ക് അവകാശമില്ലല്ലോ.. കൈവിട്ട് പോയ മനസ്സ് അവൾക്ക് തിരികെ കിട്ടിയല്ലോ.. അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം.. ഒരുപാട് വഴിപാടുകളും നേർച്ചകളും നേർന്നിരുന്നു ഞാൻ അവൾ വേഗത്തിൽ പഴയ സ്ഥിതിയിൽ എത്തുന്നതും കാത്ത്.. അവള് ഇവിടെ തന്നെ തുടരുകയാണെങ്കിൽ നിന്നേം അവളേം കൊണ്ട് ഒരുമിച്ചു എല്ലാതും ചെയ്യിപ്പിക്കാമെന്ന് കരുതിയതായിരുന്നു..." രാധികയുടെ സ്വരത്തിൽ വലുതായി തന്നെ ദുഃഖം കലർന്നിരുന്നു.. ചന്ദനയെ പിരിയുന്നത് വളരെ മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞു.. കുറച്ച് നാളുകൾക്കുള്ളിൽ തന്നെ രാധികയോട് നന്നായി അടുത്തിരുന്നു ചന്ദന.

ഇപ്പോൾ ആ അടുപ്പവും നഷ്ടപ്പെട്ടിരിക്കുന്നു. ഈ വീട് വിട്ട്, വസുവിനെ വിട്ട് അവൾ പോകുകില്ലെന്ന് വെറുതെ എങ്കിലും നിനച്ചിരുന്നു.. രാധികയുടെ കൺകോണിൽ ഒരു തുള്ളി മൊട്ടിട്ടു.. വസു യാതൊന്നും പറഞ്ഞില്ല.. ഒന്നുമേതും പറയുവാനോ ചോദിക്കാനോ വയ്യാത്തൊരു അവസ്ഥ.. പാതി മനസ് സന്തോഷിക്കുന്നു.. മറു പാതി ആർത്തു കരയുന്നു.. എങ്കിലും ചന്ദനയുടെ തീരുമാനത്തിന് എതിര് പറയുകയോ നില്ക്കുകയോ ചെയ്യില്ല.. മുന്നിലേക്കുള്ളതെന്തും അവളുടെ കൈകളിലാണ്.. അതെന്തു തന്നെ ആയാലും അവൾക്ക് വിട്ട് നൽകിയിരിക്കുന്നു.. ഇനിയുമാ ഹൃദയം വേദനിക്കുന്നത് കാണുവാൻ വയ്യ.. ഇനി ഒന്നുമേതും താങ്ങുവാനുള്ള കരുത്തും ആ പാവത്തിനില്ല. വസു കണ്ണുകൾ അമർത്തി തുടച്ചു.. മുറിയിലെ സൈഡ് ടേബിളിരിക്കുന്ന ഫോൺ എടുത്തു എബ്രഹാമിന്റെ നമ്പർ കാളിൽ ഇട്ടു.. * മറ്റന്നാളാണ് അമേരിക്കയ്ക്കു പോകുന്നത്.. വൈകുന്നേരമാണ് ഫ്ലൈറ്റ്.. അതിന് മുന്നേ പാർവതിയെ കാണുവാനായ് വന്നതാണ് എബ്രഹാമും ചിഞ്ചുവും..

"വലിയമ്മച്ചി പോയതിൽ പിന്നെ തറവാട്ടിൽ ആ പഴയ സുഖമൊന്നും തോന്നുന്നില്ല.. പപ്പയ്ക്ക് എപ്പോഴും പ്രൊഫഷന്റെ ഭാഗവുമായി തിരക്കാണ്.. എന്നിട്ടും എന്നെ ഓർത്താണ് പപ്പ എങ്ങോട്ടും പോകാതെ ഇതുപോലെ ഇവിടെത്തന്നെ.. ഏതായാലും മറ്റന്നാൾ പപ്പ അമേരിക്കയ്ക്ക്‌ പോകും. അത് പപ്പയ്ക്ക് ഒരുവിധത്തിലും ഒഴിവാക്കാൻ പറ്റുകില്ല.. ഇപ്രാവശ്യം ഞാനും കൂടെ പോകുന്നുണ്ട്.. എനിക്ക് വേണ്ടി പപ്പ ഇവിടെ നിക്കുന്നത് പോലെ ഇനി പപ്പയ്ക്ക്‌ വേണ്ടി കുറച്ചു കാലം ഞാൻ അവിടെയാണ്.. അതല്ലേ അതിന്റെയൊരു ശെരി.." എന്നാണ് ചിഞ്ചു പാർവതിയോട് പറഞ്ഞു വെച്ചിരിക്കുന്നത്.. ആദ്യം തന്നെ ചോദ്യം വന്നത് കുറെ കാലത്തേക്കാണോ പോകുന്നത് എന്നാണ്.. "അതൊക്കെ പപ്പയുടെ മിടുക്ക് പോലിരിക്കും.. പോകുന്ന കാര്യം പെട്ടെന്ന് ശെരിയാവുകയാണേൽ പെട്ടെന്ന് ഇങ്ങു തിരിച്ചു വരും. അല്ലേൽ കുറെ നാള് പിടിക്കും." എന്ന് മറുപടിയും.. ഇനി ഉടനെയൊന്നും ചിഞ്ചുവിനെ കാണുവാൻ കഴിയില്ലല്ലോന്നുള്ള വിഷമമായിരുന്നു പാർവതിയ്ക്ക് അപ്പോൾ..

ഈ കഴിഞ്ഞ കാലമത്രയും ചന്ദന കൂടെയില്ലാത്ത ദുഃഖമൊരു പരിധി വരെ അറിയാതിരുന്നത് ചിഞ്ചു ഒന്നിച്ചു ഉള്ളത് കൊണ്ടായിരുന്നു.. എവിടെ ആയാലും എപ്പോഴും സന്തോഷത്തോടെ ഇരുന്നാൽ മതിയെന്ന് പാർവതി മനസ്സാലെ പ്രാർത്ഥിച്ചു. ചിഞ്ചു ഇനി രാത്രിയോടെ മാത്രമേ അവിടെ നിന്നും ഇറങ്ങുകയുള്ളു എന്ന് തോന്നിയ എബ്രഹാം, ചിഞ്ചുവിനെ പിക് ചെയ്യുവാൻ നേരമാകുമ്പോൾ എത്തിക്കോളമെന്ന് പറഞ്ഞു സിറ്റിയിലേക്ക് പോയി.. താൻ വരുന്ന നേരത്ത് ചൈതന്യ ഉമ്മറത്തു ഉണ്ടായിരുന്നുവെന്നും വന്നതിൽ പിന്നെ മുറിയിൽ നിന്നും പുറത്തിറങ്ങിയില്ലന്നും ഓർത്തു ചിഞ്ചു.. താൻ വന്നതിലുള്ള പ്രതിഷേധമെന്ന പോൽ മുറി വാതിൽ കൊട്ടി അടച്ചു അകത്ത് കയറിയിരുപ്പ് തുടങ്ങിയതാണ്.. ഈ വെറുപ്പ് ഇനി എന്നെങ്കിലും മാറുമോ..? ചന്ദു ക്ഷമിച്ചുവെന്നാലും ചൈതു ക്ഷമിക്കുവാൻ പോകുന്നില്ല. നിഖിലിൽ നിന്നും നേരിടേണ്ടി വന്നത് ആ പന്ത്രണ്ട് വയസ്സ്കാരി ചൈതുവിന്റെ മനസ്സിനെ ആഴത്തിൽ വ്രണപ്പെടുത്തിയിരുന്നു. അതൊരിക്കലും അവൾക്ക് മറക്കുവാൻ കഴിയുകില്ല.. ചിഞ്ചു ഒരു നിശ്വാസത്തോടെ അടുക്കളയിൽ പാർവതിയ്ക്ക് അരികിലേക്ക് നീങ്ങി.. "ചന്ദുവിന്റെ വിവരങ്ങൾ അറിയുന്നുണ്ടോ..? " ചിഞ്ചു ചോദിച്ചു..

"നിന്റെ പപ്പ വിളിച്ചു അറിയിക്കുന്നത്രയുമറിയുന്നുണ്ട്.. അതിൽ കൂടുതൽ ഒന്നുമില്ല.. ഇവിടുന്ന് ആരും അങ്ങോട്ടോ അവിടുന്നു ആരും ഇങ്ങോട്ടോ വിളിക്കാറില്ല.." പാർവതി പറഞ്ഞു. "മ്മ്.. അവൾക്ക് പ്രോഗ്രസ്സ് ഉണ്ടെന്നാണ് പപ്പ പറയുന്നത്.. ഉടനെ നോർമൽ സ്റ്റേജ്ൽ എത്തുമെന്ന്.. വസു ഇടയ്ക്ക് ഒക്കെ വിളിച്ചു പപ്പയെ അറിയിക്കും.. അതുപോലെ പപ്പയും വിളിച്ചു അന്വേഷിക്കും.." "പോകുന്നതിന് മുന്നേ നിനക്കൊന്ന് കാണണ്ടേ ചന്ദുവിനെ..?" പാർവതി തിരക്കി.. "കാണണമെന്നുണ്ട്.. പക്ഷെ അവിടേക്ക്.. അത് വേണ്ട പാറുവമ്മാ.." അതിന് മറുപടിയായി പാർവതി എന്തോ പറയുവാൻ ഒരുങ്ങിയതും മുറ്റത്തൊരു വാഹനം വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. "പപ്പ ഇപ്പോൾ പോയല്ലേ ഉള്ളു.. കുറച്ച് കഴിഞ്ഞു വരാമെന്നല്ലേ പറഞ്ഞത്.." ചോദ്യത്തോടെ ചിഞ്ചു എതിർവശത്തേക്ക് നടന്നു.. കാറിൽ നിന്നും ആദ്യം ഇറങ്ങിയത് വസുവാണ്.. ചിഞ്ചുവിന്റെ നെഞ്ചിടിപ്പ് ഉയർന്നു.. എങ്ങോട്ടേലും ഇറങ്ങിയോടി ഒളിയ്ക്കുവാൻ അവളുടെ മനസ്സ് തിടുക്കം കൂട്ടി.. പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ കാറിൽ നിന്നും അടുത്തതായി ചന്ദന ഇറങ്ങി.. ചിഞ്ചുവിന്റെ കാലുകൾ താനെ നിശ്ചലമായി..... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story