മണിവാക: ഭാഗം 79

manivaka

രചന: SHAMSEENA FIROZ

നേരം സന്ധ്യയോട് അടുത്തിരുന്നു.. വിശ്വനാഥൻ വരുവാൻ വെയിറ്റ് ചെയ്തിരുന്നതാണ് വസു.. കാര്യങ്ങൾ ധരിപ്പിക്കുവാനും ചന്ദനയെ വീട്ടിൽ കൊണ്ട് വിടുന്നതിൽ അഭിപ്രായം തിരക്കുവാനും.. വിശ്വനാഥൻ വസുവിന്റെ തീരുമാനത്തിനും വസു ചന്ദനയുടെതിനും വിട്ട് നൽകിയിരുന്നു.. പോകുവാനായി താഴേക്ക് ഇറങ്ങി വന്ന ചന്ദനയ്ക്ക് അവരെയൊന്നും എങ്ങനെ അഭിമുഖികരിക്കണമെന്ന് അറിയില്ലായിരുന്നു.. തല കുനിച്ചാണ് അവൾ നിന്നത്... അവളുടെ അപ്പോഴത്തെ മാനസികാവസ്ഥയും സംഘർഷങ്ങളും വ്യക്തമായി അറിയുന്നതിനാൽ യാതൊന്നും ചോദിച്ചു അവളെ പ്രയാസപെടുത്തുവാൻ അവരും തുനിഞ്ഞില്ല.. വസുവിനൊപ്പം ചന്ദന പടിയിറങ്ങി പോകുന്നത് രാധിക കണ്ണിലൂറിയ നനവോടെ നോക്കി നിന്നു.. തിരികെ വിളിക്കുവാൻ നാവ് ഉയർന്നുവെങ്കിലും മനസ്സതിനെ വിലക്കി.. വസുവിന്റെ പ്രാണനാണ് ആ പോകുന്നത്.. തിരികെ വരുന്ന വസുവിൽ തെല്ലു പോലും ജീവൻ അവശേഷിച്ചിരിക്കില്ലന്ന് രാധികയ്ക്ക് ഉറപ്പുണ്ടായിരുന്നു.. വരുണും വേദനയോടെ നിന്നു..

"നമ്മുടെ സന്തോഷത്തിനു വേണ്ടി ചന്ദനയോട് ഇവിടെ തുടരു എന്ന് ആവശ്യപ്പെടുവാൻ കഴിയില്ല... ചന്ദനയ്ക്ക് സമയവും സാവകാശവും വേണം.. കാര്യങ്ങൾ ഉൾകൊള്ളുവാനും എല്ലാത്തിനോടും പൊരുത്തപ്പെടുവാനും.. ആഴത്തിൽ മുറിവേറ്റ മനസ്സാണ്.. എങ്കിലും ഉറപ്പുണ്ട്.. അവൾ തിരിച്ചു വരുമെന്ന്.. അവളുടെ മനസ്സിൽ എന്നും വസുവിന്റെ സ്ഥാനം മുന്നിട്ട് തന്നെ ഇരിക്കും.." വിശ്വനാഥൻ രാധികയ്ക്ക് ആശ്വാസം നൽകി.. രാധികയുടെ ഉള്ളിലുമൊരു പ്രതീക്ഷ മൊട്ടിട്ടു.. ** മുൻവശത്തേക്ക് പോയ ചിഞ്ചുവിന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞു പാർവതി സ്റ്റവ് ഓഫ്‌ ചെയ്തു.. "നേരം സന്ധ്യ കഴിഞ്ഞു... നീ ഇതിനകത്തു എന്തെടുക്കുകയാണ് ചൈതു..? വിളക്കു തെളിക്കാൻ നേരത്തെങ്കിലും നിനക്ക് ഒന്നു പുറത്തേക്കിറങ്ങി വന്നുകൂടെ..? എന്തൊക്കെ ദുശീലങ്ങളാണ് നിനക്കിപ്പോൾ..? കുളിക്കുകയെങ്കിലും ചെയ്തോ നീ..?ആര് പറയാനാണ് നിന്നോടൊക്കെ..?" ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ പാർവതി ചൈതന്യയുടെ മുറി വാതിലിൽ തട്ടി വിളിച്ചു.. "ആരാ വന്നേ... പപ്പയാണോ..?

അതെന്താണത്ര പെട്ടെന്ന്.. ഇപ്പോ പോയല്ലേ ഉള്ളു..?" സാരി തലപ്പിനാൽ കൈകൾ തുടച്ചു ചിഞ്ചുവിനോട് ചോദിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയ പാർവതിയുടെ കണ്ണുകളിൽ ആദ്യം അവിശ്വസനീയതയും പിന്നീട് ആഹ്ലാദവും അല തല്ലി.. ആ ഒപ്പത്തിൽ രണ്ട് തുള്ളി ചുടു നീരും പുറത്ത് ചാടി.. "ചന്ദു..." തിടുക്കത്തിൽ ഉമ്മറ വാതിൽ തുറന്ന് പാർവതി മുറ്റത്തേക്ക് ഇറങ്ങി.. ചന്ദന അപ്പോഴും മടിച്ചു നിൽക്കുകയായിരുന്നു.. വസുവാണെങ്കിൽ ഇനി എന്തെന്നും ഏതെന്നും അറിയാത്തൊരു അവസ്ഥയിലും. തന്റെ വീട്.. തന്റെ ലോകം.. ഇതിനപ്പുറം മറ്റൊന്നുമില്ലായിരുന്നു.. ദേവേട്ടൻ ജീവിതത്തിലേക്ക് കടന്ന് വരുന്നത് വരെ.. തന്റെ സ്വർഗ്ഗവും നരകവുമെല്ലാം ഇത് മാത്രമായിരുന്നു. ഇവിടം മാത്രമായിരുന്നു.. ഇതിനുമപ്പുറം മറ്റ് പലതുമുണ്ടെന്ന് കേട്ടിരുന്നെന്നാലും അങ്ങനൊരു ലോകവും ചന്ദന കണ്ടിരുന്നില്ല.. എന്നിട്ടും ഈ നിമിഷത്തിൽ താൻ അനുഭവിക്കുന്നത് അപരിചിതത്വം മാത്രം.. അത്രമേൽ താൻ ഇവിടെ ജീവിച്ചിരുന്നില്ലന്ന് തോന്നി ചന്ദനയ്ക്ക്.. അതെന്തു കൊണ്ടെന്ന് മാത്രം മനസ്സിലായതുമില്ല...

"ചന്ദു..." നിറ കണ്ണുകളോടെ പാർവതി ചന്ദനയുടെ കവിളിൽ കൈ ചേർത്തു.. "അമ്മാ..." ചന്ദനയുടെ മിഴികളും ഈറനായി.. ശില പോലിരിക്കുന്ന തന്റെ മനസ്സ് മാതൃവാത്സല്യത്തിന് മുന്നിൽ ഉരുകുന്നത് അവൾ അറിഞ്ഞു.. പാർവതിയുടെ മിഴികളിൽ വീണ്ടുമവിശ്വസനീയത.. അത് മനസ്സിലാക്കിയെന്ന പോൽ ചന്ദന ആണെന്ന് തലയാട്ടി.. ഇപ്രാവശ്യം പാർവതി കരഞ്ഞു പോയി.. പക്ഷെ ആ കരച്ചിലിൽ ദുഃഖമില്ലായിരുന്നു.. സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്നു.. മാറോടു ചേർത്തൊതുക്കി പിടിച്ചു പാർവതി അവളെ.. എന്തോ ഓർത്തെന്ന പോൽ ദൃതിയിൽ ചന്ദനയെ അടർത്തി മാറ്റി വസുവിന് മുന്നിൽ ചെന്നു ഇരുകൈകളും കൂപ്പി.. നന്ദിയെന്നൊരു വാക്ക് പറഞ്ഞാൽ കുറഞ്ഞു പോകും.. വസുവിന്റെ മിഴികൾ നനവാർന്നിരുന്നു.. പാർവതിയുടെയും ചന്ദനയുടെയും സന്തോഷവും വേദനയും നോക്കി കാണുകയായിരുന്നു ആ നേരമത്രയും അവൻ.. വേഗത്തിൽ കൈകൾ ഉയർത്തി പാർവതിയുടെ കൈകളിൽ പിടുത്തമിട്ട് അരുതെന്ന് വിലക്കി.. "ഞാൻ... ഞാൻ പോകുവാണ്‌.."

വസുവിന്റെ തൊണ്ടക്കുഴിയോളം വന്നു നിന്നൊരു വിങ്ങൽ.. പാർവതിയ്ക്കതു മനസ്സിലായിരുന്നില്ല.. ചന്ദനയിലേക്ക് നീങ്ങി അവരുടെ മിഴികൾ.. "അതമ്മാ.. ചന്ദനയ്ക്ക് ഇപ്പോൾ എല്ലാമറിയാം.. ഇങ്ങോട്ട് വരണമെന്ന് ആവശ്യപ്പെട്ടു.. അപ്പോൾ കൊണ്ട് വിടുകയാണ് നല്ലതെന്നു തോന്നി.. നിർബന്ധിക്കുവാനോ പിടിച്ചു വെയ്ക്കുവാനോ പോന്നൊരു അവകാശമൊന്നും അവിടെയാർക്കുമില്ലല്ലോ..?" വസു മന്ദാഹാസത്തോടെ പറഞ്ഞു.. അവൻ ഇപ്പോൾ അതിയായി വേദനിക്കുകയാണെന്ന് പാർവതി അവന്റെയാ വിറയാർന്ന സ്വരത്തിൽ നിന്നും തിരിച്ചറിഞ്ഞു.. അപ്പോഴും പാർവതിയെ അത്ഭുതപ്പെടുത്തിയത് ചന്ദനയുടെ മിഴികൾ അത്രയും നേരത്തിൽ ഒരുവട്ടം പോലും വസുവിലേക്ക് നീണ്ടില്ലെന്നതാണു.. മുറ്റത്തു മറ്റൊരു കാർ വന്നു നിന്നപ്പോൾ മൂവരുടെയും ശ്രദ്ധ പുറകിലേക്ക് തിരിഞ്ഞു.. ഇറങ്ങി വരുന്ന എബ്രഹാമിനെ കണ്ടു വസു പുഞ്ചിരിച്ചു.. "അങ്കിൾ..." ചന്ദനയുടെ സ്വരം നന്നേ പതിഞ്ഞിരുന്നു... ജീവിതത്തിലെ രണ്ടരവർഷങ്ങൾ തനിക്കായി നീക്കി വെച്ച മനുഷ്യൻ..

ചിഞ്ചുവിനെ പോലും മറന്ന് തനിക്ക് കൂട്ടായ്.. കാവലായി നിന്ന മനുഷ്യൻ.. തന്നെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരുവാൻ അത്രയേറെ ശ്രമപ്പെട്ടൊരാൾ.. ചന്ദനയിൽ അപ്പോൾ സ്നേഹത്തേക്കാൾ, ബഹുമാനത്തെക്കാൾ ഏറെ എബ്രഹാമിനോടുള്ള നന്ദി മുന്നിട്ട് നിന്നിരുന്നു.. "വരുന്നുണ്ടെന്ന് വസു വിളിച്ചു പറഞ്ഞിരുന്നു.. അതാണ് തിടുക്കത്തിൽ തിരിച്ചു വന്നത്.. ചന്ദുവിനു ഇനിയുമെന്തിനാണ് വിഷമം..? ഇനിയിങ്ങനെ സങ്കടപ്പെട്ടു ഇരിക്കുവാനൊന്നും പാടില്ല കേട്ടോ.. ഒന്നുമുണ്ടായിട്ടില്ല.. നമ്മള് ഉറക്കത്തിലൊക്കെ ഒരുപാട് സ്വപ്നങ്ങൾ കാണില്ലേ.. അതുപോലെ ഒരു സ്വപ്നത്തിലായിരുന്നു ചന്ദുവെന്നും കരുതിയാൽ മതി.." ചന്ദനയുടെ കണ്ണീരു തിങ്ങി നിൽക്കുന്ന മിഴികളിലേക്ക് അലിവോടെ നോക്കിക്കണ്ടയാൾ അത്രയേറെ സ്നേഹത്തോടെ നെറുകിലൊന്നു തലോടി.. "അല്ല.. ഇതെന്താണ് വെളിയിൽ തന്നെ നിൽക്കുന്നത്..? പാർവതി അകത്തേക്ക് ക്ഷണിക്കുകയൊന്നും ചെയ്തില്ലേ..?" ആ മൂടി കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിനു ഒരു അയവുണ്ടാകാനെന്ന പോൽ എബ്രഹാം കളിയായി തിരക്കി..

പാർവതി ഉടനെ തന്നെ വസുവിനെ അകത്തേക്ക് ക്ഷണിച്ചുവെങ്കിലും വസുവിന്റെയും ചന്ദനയുടെയും മിഴികൾ ഒരുപോലെ നീണ്ടു നിന്നത് എബ്രഹാമിന്റെ കാറിലേക്ക് ആയിരുന്നു.. "ചിഞ്ചു അകത്തുണ്ട്.." ചിഞ്ചുവിനെയാണ് അവരുടെ കണ്ണുകൾ തിരയുന്നതെന്നു മനസ്സിലാക്കിയ എബ്രഹാം പറഞ്ഞു.. "ഞാനും ചിഞ്ചുവും മറ്റന്നാൾ അമേരിക്കയിലേക്ക് പോകുകയാണ്. അതിന് മുന്നേ ഒന്നു വന്നു പോകാമെന്നോർത്തു വൈകുന്നേരത്തോടെയാണ് വന്നത്.. ചിഞ്ചു പാർവതിയോട് സംസാരിച്ചിരിക്കുകയായിരുന്നതിനാൽ ഞാൻ സിറ്റിയിലേക്കുമിറങ്ങി.. അപ്പോഴാണ് വസു വിളിക്കുന്നത്.." എബ്രഹാം വ്യക്തമാക്കി.. ഉമ്മറ ഭിത്തിയ്ക്കപ്പുറം നിന്ന് എല്ലാം കേൾക്കുകയായിരുന്ന ചിഞ്ചു വേഗത്തിൽ നിറഞ്ഞു തൂകുന്ന മിഴികൾ തുടച്ചു കളഞ്ഞകത്തെ മുറയിലേക്ക് നടന്നു.. ചന്ദനയ്ക്ക്‌ അപ്പോൾ അകത്തേക്ക് പോകുവാൻ തിടുക്കം തോന്നി.. പാർവതിയ്ക്കൊപ്പം ഉള്ളിലേക്ക് നടന്നു.. ഒരുവട്ടം തിരിഞ്ഞു വസുവിനെ നോക്കി. അവൻ അപ്പോൾ എബ്രഹാം പറയുന്നതെന്തോ കേൾക്കുകയായിരുന്നു.. പുറകെ തന്നെ അകത്തേക്ക് കയറുകയും ചെയ്തു.. "അപ്പാ...?" അകത്തളം മുഴുവൻ വീക്ഷിച്ചു ചന്ദന ചോദിച്ചു.. ഉള്ളിലെ വേദനകൾ അപ്പോഴും അവളെ നോവിച്ചു കൊണ്ടിരുന്നു..

"ക്ഷേത്രത്തിൽ പോയിരിക്കുകയാണ്.." പാർവതി പറഞ്ഞു. "ചൈതു..?" ചന്ദനയ്ക്ക്‌ ചൈതന്യയെ കാണുവാൻ കൊതി തോന്നുന്നുണ്ടായിരുന്നു.. "കുളിക്കാൻ കയറിയിരിക്കുകയാണ്.." ചൈതുവിന്റെ മുറി വാതിൽക്കലേക്ക് എത്തി നോക്കി അവൾ അവിടില്ലന്ന് കണ്ട് പാർവതി പറഞ്ഞു.. പിന്നെയുമൊരു ചോദ്യം ചന്ദുവിൽ ബാക്കിയുണ്ടായിരുന്നു.. നാവതു ചോദിച്ചില്ല എങ്കിലും കണ്ണുകൾ അത് തിരഞ്ഞു കൊണ്ടിരുന്നു.. "ഞാൻ ചായ എടുക്കാം.." പാർവതി അടുക്കളയിലേക്ക് നടന്നു.. "ചിഞ്ചു..." വസുവിനിനിയുമത് ചോദിക്കാതിരിക്കാനായില്ല.. "മുറിയിൽ കാണും.. ഞാൻ വിളിക്കാം.." വസുവിനെതിർവശത്തെ സോഫയിൽ ഇരിക്കുകയായിരുന്ന എബ്രഹാം എഴുന്നേറ്റു ചിഞ്ചുവിന്റെ മുറിയിലേക്ക് നീങ്ങി.. "ചന്ദന എന്താണ് ചിഞ്ചുവിനെ തിരക്കാഞ്ഞത്..?" രണ്ടുപേരും മാത്രമായ നിമിഷത്തിൽ വസു ചോദിച്ചു.. "ഒന്നുമില്ല.. അകത്തുണ്ടെന്ന് പറഞ്ഞത് കൊണ്ടാണ്.." ചന്ദന പതുക്കെ പറഞ്ഞു.. "ചൈതന്യയ്ക്കുള്ളത് പോലെ നിനക്കുമവളോട് വെറുപ്പാണോ ഇപ്പോൾ..?"

അരുതാത്തത് എന്തോ കേട്ടെന്ന പോൽ ചന്ദന ഞെട്ടലോടെ തലവെട്ടിച്ചു കളഞ്ഞു.. കണ്ണുകളും നിറഞ്ഞിരുന്നു.. "എനിക്കതിനു കഴിയുകില്ല.." അത്രമാത്രം പറഞ്ഞവൾ വേഗത്തിൽ അടുക്കളയിൽ പാർവതിയ്ക്ക് അരികിലേക്ക് പോയി.. എബ്രഹാമിന് പുറകെ വന്ന ചിഞ്ചുവിനെ കണ്ട് എത്ര വിലക്കിയിട്ടും വസുവിന്റെ മിഴികൾ ഒന്നു ഈറനായി.. ചന്ദനയോളം തന്നെ തനിക്ക് പ്രിയമായിരുന്നവളാണ് മുന്നിൽ നിൽക്കുന്നത്.. ചന്ദന പ്രാണൻ ആയിരുന്നുവെങ്കിൽ ചിഞ്ചു ആ പ്രാണൻ വസിക്കുന്ന ഹൃദയത്തിൽ സ്ഥാനം നേടിയവളായിരുന്നു.. അത്രയേറെ താൻ സ്നേഹിക്കുകയും വാത്സല്യം നൽകുകയും ചെയ്തവൾ.. വസുവിന് നെഞ്ച് വല്ലാതെ വിങ്ങി.. ഇനിയൊരിക്കലും ആ കാലം വരുകില്ല.. ഒന്നുമൊരിക്കലും അതുപോലെ ആകുകില്ല.. ചിഞ്ചുവിന് മുഖമുയർത്തുവാനും വസുവിനെ നോക്കുവാനും പ്രയാസം തോന്നി.. രണ്ടര വർഷത്തോളം ഹോസ്പിറ്റലിൽ കഴിഞ്ഞു കൂടിയ ചന്ദനയേക്കാൾ ക്ഷീണിതയും അവശയുമാണ് ചിഞ്ചു എന്നത് എബ്രഹാം അവൾക്ക് അരികിൽ നിന്നും നീങ്ങിയപ്പോൾ മാത്രമാണ് വസു മനസ്സിലാക്കുന്നത്.. പഴയ ചിഞ്ചുവിന്റെ നിഴൽ പോലൊരു രൂപം.. എന്ത് സംസാരിക്കണമെന്ന് വസുവിന് അറിയില്ലായിരുന്നു..

തങ്ങൾക്കിടയിലെ അകൽച്ച അതെത്ര വലുതാണെന്നു അവൻ ഓർത്തു.. കാൾ വന്നതിനെ തുടർന്ന് എബ്രഹാം വെളിയിലേക്ക് കടന്നു.. അത് നന്നായെന്ന് വസുവിനും തോന്നി.. "സുഖമായിരിക്കുന്നോ..?" അൽപ്പ നേരത്തിനു ശേഷം വസു തിരക്കി. അപ്പോഴും ചിഞ്ചു ഏറിയ മാനസിക സമ്മർദ്ധത്താലെ അതേ നിൽപ് തുടരുകയായിരുന്നു.. "ഉവ്വ്.." വസുവിലേക്ക് മുഖമുയർത്തി പതുക്കെ പറഞ്ഞവൾ.. "എന്തായിരുന്നു ചന്ദനയെ കാണുവാൻ വരാതിരുന്നത്...? ഞാൻ ഉള്ളത് കൊണ്ടോ..?" വസു ചോദിച്ചു.. അതിനുത്തരം പറഞ്ഞില്ല അവൾ.. "നിനക്ക് എന്നോട് ഒന്നും സംസാരിക്കുവാനില്ലേ..?" ഇനിയൊന്നും പഴയത് പോലെയാകില്ലന്ന് ഉറപ്പിച്ചു പറയുന്നുണ്ടെന്നാലും ചിഞ്ചുവിന്റെയാ ജീവൻ നഷ്ടപ്പെട്ടത് പോലെയുള്ള പ്രകൃതവും മൗനവും വസുവിനെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.. "മാപ്പ്.." ആ രണ്ടക്ഷരങ്ങൾക്കൊപ്പം ഒതുക്കി പിടിച്ചൊരു കരച്ചിലും പുറത്തേക്ക് വന്നു..

വസു ഒന്നു നിശ്വസിച്ചു.. അത്രമേൽ വേദന കലർന്നൊരു നിശ്വാസം.. "സാരമില്ല.. പോട്ടെ.. കഴിഞ്ഞു പോയില്ലേ.. " "പൊറുത്തു തരണം.. ഒരു നിമിഷത്തെ തോന്നലിൽ.. വാശിയിൽ.. സ്വാർത്ഥതയിൽ... അതിനിത്രയും വലുതായി........." പറയുവാൻ കഴിയാതെ ചിഞ്ചു കരഞ്ഞു പോയി.. വസു എഴുന്നേറ്റു അവൾക്ക് മുന്നിൽ നിന്നു.. ഇരു കൈകൾ കൊണ്ടും മുഖം പൊത്തി പിടിച്ചു നിന്നു കരയുകയാണ്.. വസുവിന്റെ ഹൃദയതാപം കുറഞ്ഞു.. അത് സാന്ദ്രമായി.. ചിഞ്ചുവിനോട് അലിവ് തോന്നി അവന്.. സ്നേഹവും.. ആരാണ് പറഞ്ഞത് തനിക്ക് ഇവളെ വെറുത്തു കളയാൻ പറ്റുമെന്ന്..? ഇനിയൊരിക്കലും ആ പഴയ സ്ഥാനത്തു കാണുവാൻ കഴിയുകില്ലെന്ന്..? വെറുതെയാണ്.. അത്രമേൽ ഉള്ളിൽ സ്ഥാനം നേടിയവളാണ്.. അങ്ങനെയുള്ളവളോട് എങ്ങനെയാണ് ഹൃദയം പിണങ്ങി നില്ക്കുക..? അകൽച്ച തോന്നുക..? അവളുടെ വേദനയ്ക്ക് ആശ്വാസമെന്ന പോൽ.. മനോഭാരത്താൽ തളർന്നു പോകുന്നവൾക്ക് താങ്ങെന്ന പോൽ.. അടുത്ത നിമിഷത്തിൽ ഉള്ളിൽ നിറഞ്ഞ വാത്സല്യത്തോടെ വസു അവളെ ചേർത്തു പിടിച്ചു...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story