മഞ്ഞുരുകും കാലം : ഭാഗം 49

രചന: ഷംസീന
"ദീപ്തി താനൊന്ന് പെട്ടന്നിറങ്ങിക്കെ... അവിടെ എത്തുമ്പോഴേക്കും ദിവ്യ പോയിട്ടുണ്ടാവും..." കാശി തിരക്ക് കൂട്ടി.... "ദാ വരുന്നു..." അവൾ ദൃതിയിൽ മുടി കുളിപ്പിന്നൽ കെട്ടി മുറ്റത്തേക്കിറങ്ങി... "ഏട്ടാ വണ്ടി ഞാനെടുക്കാം... " ഗോപു കാറിന്റെ കീ കാശിയുടെ അടുത്ത് നിന്നും വാങ്ങി ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു... "മല്ലികാമ്മേ പോയിട്ട് വരാം... " ദീപ്തി അവരോട് യാത്ര പറഞ്ഞു കാശിയോടൊപ്പം കാറിൽ കയറി... കുറച്ചു ദൂരത്തെ യാത്രക്കൊടുവിൽ തിരക്കുള്ളൊരു റെയിൽവേ സ്റ്റേഷന് മുന്നിൽ കാർ നിന്നു... മൂവരും അതിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി...അവരെ കാത്തെന്ന പോലെ മാഷ് പ്രവേശന കാവാടത്തിന് മുന്നിൽ തന്നെ നിന്നിരുന്നു... "നിങ്ങളെന്താ വൈകിയേ ട്രെയിനിന് സമയമായി... " മാഷ് പറഞ്ഞത് കേട്ടപ്പോൾ കാശി അടുത്ത് നിന്നിരുന്ന ദീപ്തിയെ നോക്കി കണ്ണുരുട്ടി... അവൾ അത് കാണാത്ത ഭാവം നടിച്ചു മാഷിന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു... ദീപ്തിയേയും കാശിയേയും കണ്ടതും ദിവ്യ സന്തോഷത്തോടെ അവരുടെ അടുക്കലേക്ക് വന്നു...
"ഇത്രയും വൈകിയപ്പോൾ നിങ്ങളിനി വരില്ലെന്ന് കരുതി... " ദീപ്തിയേയും കാശിയേയും നോക്കി പറയുന്നതിനിടയിൽ അവളുടെ കണ്ണുകൾ പിറകിൽ നിന്നിരുന്ന ഗോപുവിലും പാളിവീണു... അവന്റെ ചൊടികൾ സന്തോഷത്താൽ പുഞ്ചിരി പൊഴിച്ചു... "നേരത്തേ ഇറങ്ങേണ്ടതായിരുന്നു നിന്റെ ചേച്ചിയുടെ ഒരുക്കം കഴിയേണ്ടേ... " കാശി കെർവിച്ചു കൊണ്ട് പറഞ്ഞതും ദീപ്തിയുടെ ചുണ്ടുകൾ പരിഭവത്താൽ കൂർത്തു... "ഇനിയിപ്പോ ഒന്നും രണ്ടും പറഞ്ഞു രണ്ടാളും കൂടെ വഴക്ക് കൂടേണ്ട... വാ അങ്ങോട്ട് പോവാം... " രാധമ്മ ഇരുവർക്കും ഇടയിലേക്ക് കയറി നിന്നു... ഗോപുവിന്റെ കണ്ണുകൾ ദിവ്യയിൽ തന്നെ തറഞ്ഞു നിന്നു... അവൾക്കും തന്നോട് ഉള്ളിലെവിടെയോ ഒരു ചെറിയ ഇഷ്ടമുണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു... അവളുടെ പുഞ്ചിരി തൂകുന്ന മുഖം അവൻ ഇടനെഞ്ചിലേക്ക് ആവാഹിച്ചു.... ഇനി കാണണമെങ്കിൽ ചിലപ്പോൾ വർഷങ്ങളും മാസങ്ങളും പിന്നിട്ടാലോ.. അവൾ തന്നിൽ നിന്നും അകന്നു പോവുന്നതോർക്കേ അവന്റെ നെഞ്ചിലൊരു ഭാരം വന്നു പൊതിഞ്ഞു...
ഓരോന്നും ആലോചിച്ചു നിൽക്കെ അകലെ നിന്നും തീവണ്ടിയുടെ ഉച്ചത്തിലുള്ള കൂക്കി വിളി കാതുകളിൽ അലയടിച്ചു...പ്ലാറ്റ്ഫോമിൽ കൊണ്ടുപോവാനായി വെച്ചിരുന്ന ബാഗുകളും മറ്റും കാശിയും ഗോപുവും കൂടെ എടുത്ത് കയ്യിൽ പിടിച്ചു... വലിയൊരു ഇരമ്പലോടെ ട്രെയിൻ മുന്നിൽ വന്നു നിന്നതും ദിവ്യ എല്ലാവരോടും യാത്ര ചോദിച്ചു... "പോയി വാ മോളെ... ഈശ്വരന്റെ എല്ലാ അനുഗ്രഹവും എന്റെ കുഞ്ഞിന്റെ കൂടെയുണ്ടാവും..." മാഷ് നെറുകയിൽ കൈ വെച്ചു കൊണ്ടവളെ അനുഗ്രഹിച്ചു... അമ്മയേയും ദീപ്തിയേയും ഇറുകെ പുണർന്നു... ഇരുവരും അവളുടെ കവിളിൽ സ്നേഹ ചുംബനം ചാർത്തി... കാശിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി...അവളുടെ മനസ്സിൽ കാശിക്ക് ഏട്ടനേക്കാളുപരി വലിയൊരു സ്ഥാനം തന്നെ ഉണ്ടായിരുന്നു... "നന്നായി വരും... " കാശി അവളെ അനുഗ്രഹിച്ചു... കാശിയുടെ അടുത്ത് നിൽക്കുന്ന ദീപുവിനെ നോക്കിയതും അവളുടെ മിഴികൾ പെയ്തു തുടങ്ങി...
ഓർമവെച്ച നാൾ മുതൽ ഇന്നുവരെ അവനെ പിരിഞ്ഞൊരു ദിവസം പോലും ഓർമയിലില്ല... കുഞ്ഞു നാൾ മുതലുള്ള ഓരോ കാര്യങ്ങളും മനസ്സിലേക്ക് ഓടിയെത്തിയതും അവൾ കണ്ണുനീരാൽ ദീപുവിനെ കെട്ടിപിടിച്ചു....ദീപു തന്റെ സങ്കടം അമർത്തി പിടിച്ചു അവളെ യാത്രയാക്കി... താൻ കൂടെ കരഞ്ഞാൽ അവൾക്കിനിയും സങ്കടം കൂടുകയേയുള്ളൂ എന്നവന് അറിയാമായിരുന്നു... തന്നെ നോക്കി നിൽക്കുന്ന ഗോപുവിനെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു... "പോയി വരാം... " പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞതും ഗോപു ദിവ്യയുടെ കവിളിൽ ആർദ്രമായൊന്ന് തട്ടി... "പോയിവാ,,,കാത്തിരുന്നോട്ടെ എന്ന് ചോദിക്കുന്നില്ല,,, കാത്തിരിക്കാം നിന്റെ തിരിച്ചു വരവിനായി...." അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പ്രണയാർദ്രമായവൻ പറഞ്ഞു...
പെട്ടന്ന് ഗോപുവിന്റെ നാവിൽ നിന്നും അങ്ങനൊരു വാക്ക് കേട്ടപ്പോൾ ഒരു നിമിഷം ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു കൊണ്ടവൾ അവനെ തന്നെ നോക്കി നിന്നു... "ദിവ്യേ... " കാശി വിളിക്കുന്നത് കേട്ടതും മുഖത്തെ പരിഭ്രമം മറച്ചു പിടിച്ചു കൊണ്ട് ദിവ്യ അവനടുത്തേക്ക് ചെന്നു...ട്രെയിനിലേക്ക് കയറിയതും അവൾ അവരെയെല്ലാം ഒരു വട്ടം കൂടെ കൺനിറയെ നോക്കി... ട്രെയിൻ പതിയെ പതിയെ മുന്നോട്ട് ചലിച്ചു തുടങ്ങിയതും തന്റെ പ്രിയപ്പെട്ടവർക്ക് നേരെയവൾ കൈ വീശി കാണിച്ചു... തനിക്ക് അപരിചിതമായ ഓരോ കാഴ്ചകളേയും അവൾ സസൂക്ഷ്മം നീരീക്ഷിച്ചു ജാലകത്തിലേക്ക് തലചായ്ച്ചവൾ കിടന്നു... ഇനി മുതൽ പുതിയ നാടും കോളേജും കൂട്ടുകാരും...ഇതുപോലൊരു യാത്ര പ്രതീക്ഷിച്ചതല്ലായിരുന്നു.... എല്ലാ നശിച്ച ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ ഇതുപോലൊരു യാത്ര അനിവാര്യമാണെന്ന് തോന്നിയ നിമിഷമാണ് തുടർ പഠനത്തിന് പുറത്തെവിടെയെങ്കിലും പോയാൽ മതിയെന്ന് കാശിയേട്ടനോട് നിർബന്ധം പറഞ്ഞത്....
ഒരുപാട് ദിവസത്തെ ചർച്ചകൾക്കൊടുവിൽ ചെന്നൈയിലുള്ള പ്രശസ്തമായ കോളേജിൽ അഡ്മിഷൻ എടുത്തു... ദീപുവിന് ഇവിടെ നാട്ടിൽ തന്നെ പഠിച്ചാൽ മതി എന്നുള്ള ആഗ്രഹം കൊണ്ട് തന്നെ അവനെ താൻ നിർബന്ധിച്ചതുമില്ല.... ആർക്കും തന്നെ പുറത്തേക്ക് പറഞ്ഞയക്കാൻ ഇഷ്ടമില്ലെങ്കിലും തന്റെ ആഗ്രഹത്തിന് എതിര് പറയാതെ കൂടെ നിൽക്കുകയായിരുന്നു... അടുത്തിരുന്നിരുന്ന ചിലർ തന്നെ നോക്കി എന്തൊക്കെയോ പറയുന്നത് ശ്രദ്ധിച്ചതും അവൾ ഹാൻഡ് ബാഗിൽ നിന്നും ഒരു സ്കാർഫ് എടുത്ത് മുഖം മറയത്തക്ക വിധം തലയിലൂടെയിട്ടു... ശരീരത്തിലെ മുറിവുകൾ കരിഞ്ഞുണങ്ങിയെങ്കിലും മനസ്സിനേറ്റ മുറിവിൽ നിന്നും ഇപ്പോഴും ചോര ചിന്തുന്നുണ്ടെന്നവൾക്ക് തോന്നി...മറക്കാൻ ശ്രമിക്കുന്തോറും ഓർമ്മകൾ വീണ്ടും കുത്തി നോവിച്ചു തുടങ്ങിയതും ആരേയും ശ്രദ്ധിക്കാതെ അവൾ പുറത്തേക്ക് മിഴികൾ നട്ടിരുന്നു.... ************* കയ്യിലുള്ള ടെസ്റ്റ് കാർഡിൽ രണ്ട് ചുവന്ന വരകൾ കണ്ടതും അവളുടെ ഉള്ളം സന്തോഷത്താൽ തുടികൊട്ടി...
കൈകൾ അറിയാതെ അണിവയറിലേക്ക് സഞ്ചരിച്ചു... ഒരുപാട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ജീവന്റെ തുടിപ്പ് കൂടെ തന്റെ ഉദരത്തിൽ വളരുന്നുണ്ടെന്നറിഞ്ഞതും മിഴികൾ നിറഞ്ഞൊഴുകി... വിതുമ്പലടക്കി പിടിച്ചു കൊണ്ട് വരുന്ന ശ്രുതിയെ കണ്ടതും പ്രതീക്ഷയോടെ ഇരുന്നിരുന്ന വിഷ്ണുവിന്റെ മുഖം നിരാശകൊണ്ട് മൂടി... "സാരമില്ലെടോ... അടുത്ത തവണ നോക്കാം..." ഉള്ളിലെ നോവടക്കി ശ്രുതിയോട് പറഞ്ഞു തുടങ്ങിയതും അവൾ തന്റെ കയ്യിലുള്ള കാർഡ് അവന്റെ ഉള്ളം കയ്യിലേക്ക് വെച്ചു കൊടുത്തു... അതിലെ രണ്ട് ചുവന്ന വരകൾ കണ്ടപ്പോൾ വിശ്വാസം വരാതെ വീണ്ടും വീണ്ടുമവൻ നോക്കി... "സത്യമാണ് വിഷ്ണുവേട്ടാ... നമുക്ക് കൂട്ടായി ഒരാൾ കൂടെ വരാൻ പോവുന്നു.. ഈശ്വരൻ നമുക്കായി കരുതി വെച്ച സമ്മാനം..." കരഞ്ഞു കൊണ്ട് പറയുന്നവളെ വിഷ്ണു ഇറുകെ പുണർന്നു...എന്നിട്ടും തന്റെ സന്തോഷം അടക്കാൻ കഴിയാത്തത് പോലെ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി... "എടോ എനിക്കിത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല...ഞാൻ.. ഞാനിത് അമ്മയോടും ചേച്ചിയോടും പറഞ്ഞിട്ട് വരാം..."
വെപ്രാളപ്പെട്ടു പോകുന്നവനെ ശ്രുതി അവിടെ തന്നെ പിടിച്ചിരുത്തി... "ധൃതി വേണ്ടാ...നേരമൊന്ന് വെളുത്തോട്ടെ എന്നിട്ട് നമുക്ക് എല്ലാവരോടും പറയാം... ഇപ്പോൾ എനിക്ക് വിഷ്ണുവേട്ടന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കണം...." പ്രണയ പരവശയായി പറയുന്നവളെ വിഷ്ണു തന്റെ നെഞ്ചോട് ചേർത്ത് കിടത്തി....അവന്റെ ഹൃദയതാളം മുറുകുന്നതവൾ അറിയുന്നുണ്ടായിരുന്നു... "ടെൻഷനുണ്ടോ...? " പതിയെ അവൾ ചോദിച്ചു... "മ്മ്...ഒത്തിരി മോഹിപ്പിച്ചിട്ട് ദൈവം ഇതിനേയും തിരിച്ചെടുക്കുകയാണെങ്കിൽ..." ബാക്കി പറയാൻ അനുവദിക്കാതെ ശ്രുതി അവന്റെ വാ മൂടി...
"അങ്ങനെയൊന്നും ചിന്തിക്കേണ്ട വിഷ്ണുവേട്ടാ...ഒരല്പം കാത്തിരുന്നാലും ദൈവം നമുക്ക് നല്ലതേ തരൂ... പ്രതീക്ഷയല്ലേ ഓരോ മനുഷ്യന്റെയും മുന്നോട്ട് ജീവിക്കാനുള്ള ഊർജ്ജം.. അത് നഷ്ടപ്പെട്ടാൽ പിന്നെ ഈ ജീവിതത്തിന് എന്തർത്ഥമാണുള്ളത്... നമ്മുടെ മോൻ ഈ ഭൂമിയിലേക്ക് വരുന്നതോട് കൂടെ ദുഃഖങ്ങളെല്ലാം നീങ്ങി നമ്മുടെ ജീവിതത്തിലും സന്തോഷം ഉണ്ടാവും..." "ആഹാ ഇപ്പൊ തന്നെ മോൻ ആണെന്ന് ഉറപ്പിച്ചോ..." വിഷ്ണു അവളുടെ നേരെ തിരിഞ്ഞു കിടന്നു... "മ്മ്,,,എന്റെ വിഷ്ണുവേട്ടനെ പോലെ സ്നേഹിക്കാൻ മാത്രമറിയുന്നൊരു കുട്ടിക്കുറുമ്പൻ...." അവൾ പറഞ്ഞു തീർന്നതും അവന്റെ കൈകൾ അവളുടെ ഉദരത്തെ തഴുകി കൊണ്ടിരുന്നു... ചുണ്ടുകൾ ഇടതടവില്ലാതെ അവിടെ പതിഞ്ഞു.. തന്റെ കുഞ്ഞിന് വേണ്ടിയുള്ള ഒരച്ഛന്റെ ആദ്യ സ്നേഹ സമ്മാനമെന്നപോലെ........... തുടരും
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.