മഞ്ഞുരുകും കാലം : ഭാഗം 60

രചന: ഷംസീന
രാത്രിയിൽ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് തന്റെ മുറിയിലേക്ക് ഉറങ്ങാനായി പോവാൻ തുടങ്ങുമ്പോഴാണ് ബാൽക്കണിയിൽ നിൽക്കുന്ന ഗോപുവിനെയും ദീപുവിനേയും അവൾ കണ്ടത്... ശബ്‍ദമുണ്ടാക്കാതെ അവരുടെ അടുത്തേക്ക് ചെന്നു... "അപ്പൊ ഇതാണല്ലേ രണ്ട് പേരുടേയും പരിപാടി... " അവരുടെ കയ്യിലെ പാതിയൊഴിഞ്ഞ ബിയർ ബോട്ടിൽ കണ്ടവൾ ചോദിച്ചു... "ഏയ് സ്ഥിരമായിട്ടൊന്നുമില്ല... ഇതുപോലെ വല്ലപ്പോഴും.... " ഗോപു ജാള്യത മറക്കാനെന്ന പോലെ പറഞ്ഞു... "മ്മ് എന്നാ എനിക്കും കുറച്ച് തന്നേക്ക്... " പറഞ്ഞു കഴിയുന്നതിന് മുന്നേ ദിവ്യ ഗോപുവിന്റെ കയ്യിൽ നിന്നും ബിയർ വാങ്ങി വായിലേക്കൊഴിച്ചിരുന്നു... "നീയിതിൽ എക്സ്പേർട്ട് ആയിരുന്നോ... ആരും പറഞ്ഞില്ല... " മട മടാ കുടിക്കുന്ന ദിവ്യയെ നോക്കി അമ്പരപ്പോടെയിരുന്നു ദീപു.. "നിങ്ങളെ പോലെ തന്നെ വല്ലപ്പോഴും ഇതില്ലാതെ നടക്കില്ല....ഉള്ളിലെ സങ്കടങ്ങൾ മറക്കാൻ ഇതിനേക്കാൾ നല്ലൊരു മരുന്ന് വേറെയില്ല..." വീണ്ടും ബിയർ കുടിക്കാൻ തുടങ്ങുന്നവളുടെ അടുത്ത് നിന്നും ഗോപു ബോട്ടിൽ പിടിച്ചു വാങ്ങി...
"മതി.. മതി...ഇതത്ര നല്ലതൊന്നുമല്ല..." അവൻ അവളെ നോക്കി കണ്ണുരുട്ടി.... ദിവ്യ ഒരു ചിരിയോടെ അവിടെയുണ്ടായിരുന്ന ചെയറിലേക്കിരുന്നു... "കാശിയേട്ടൻ... കാശിയേട്ടനെ നിങ്ങൾ പോയി കാണാറുണ്ടോ...?" കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവൾ ചോദിച്ചു... "ഇന്നലെ പോയിരുന്നു... പക്ഷേ കാണാൻ കൂട്ടാക്കിയില്ല..." ദീപു നിർവികാരമായി പറഞ്ഞു... "കാശിയേട്ടൻ ഏറെക്കുറെ റിക്കവർ ആയിട്ട് വരുന്നുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്... അധികം വൈകാതെ കാശിയേട്ടൻ നമ്മുടെ അടുത്തുണ്ടാവും..." ഗോപു ദിവ്യയുടെ അടുത്ത് വന്നിരുന്നു... "ഇക്കാര്യം ചേച്ചിയോട് പറഞ്ഞോ... " "ഇല്ല...വെറുതെ ആ പാവത്തിന്റെയുള്ളിൽ പ്രതീക്ഷ നിറക്കേണ്ട എന്ന് കരുതി...ഏട്ടന്റെ അസുഖം പൂർണമായും മാറിക്കഴിഞ്ഞു പ്രതീക്ഷിക്കാത്ത നേരത്ത് മുന്നിൽ കൊണ്ടു വന്നു നിർത്തണം....
അപ്പോഴേ ഇത്രയും കാലം ആ മനസ്സിൽ സൂക്ഷിച്ചിരുന്ന സങ്കടങ്ങളെല്ലാം അലിഞ്ഞില്ലാതെയാവൂ..." അവന്റെ മുന്നിലൂടെ സർവവും നഷ്ടപ്പെട്ട അവസ്ഥയിൽ തളർന്നിരിക്കുന്ന ഒരു പാവം പെണ്ണിന്റെ മുഖം കടന്നു പോയി... കണ്ണുകൾ നിറഞ്ഞു തുടങ്ങിയതും മുഖം തോളിലേക്ക് അമർത്തി തുടച്ച് മുഖത്തൊരു പുഞ്ചിരി വരുത്തി.... "അല്ല അതൊക്കെ അവിടെ നിൽക്കട്ടെ... തന്റെ ചെന്നൈയിലെ വിശേഷം പറ... " മുഖത്ത് പ്രസന്നത വരുത്തി കൊണ്ടവൻ അവളെ നോക്കി... "എന്ത് വിശേഷം കട്ട ബോറ്..." "എന്ന ശെരി മക്കളെ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ പോവുന്നു... " കയ്യുയർത്തി കുഴഞ്ഞ ശബ്‍ദത്തിൽ പറഞ്ഞിട്ട് ദീപു അവിടെ നിന്നും ആടിയാടി പോയി... ആ സമയം ഗോപുവിന്റെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു... തങ്ങൾക്ക് സംസാരിക്കാൻ അവസരമുണ്ടാക്കി ദീപു ഒഴിഞ്ഞു മാറുകയാണെന്ന് അവന് അറിയാമായിരുന്നു...
"ബാക്കി പറ... " ദീപുവിൽ നിന്നും കണ്ണുകൾ പിൻവലിക്കുന്നതിനിടയിൽ അവൻ പറഞ്ഞു... "മടുത്തെടോ അവിടെ...ആരിൽ നിന്നൊക്കെയോ ഒളിച്ചു കൊണ്ടുള്ളൊരു ജീവിതം... രാവിലെ ജോലിക്ക് പോവുന്നു രാത്രിയോട് കൂടെ തിരിച്ചു വരുന്നു.. ഇതിനിടയിൽ ഒരുപാട് മുഖങ്ങൾ മുന്നിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ആരുമായും യാതൊരു കമ്മിറ്റ്മെന്റ്സുമില്ല...സന്തോഷമുണ്ടോ ഇല്ല സങ്കടമുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല ആകെക്കൂടെ ഒരു അറു ബോറൻ ജീവിതം..." അവളുടെ മുഖത്തെ നിസ്സംഗതാ ഭാവം അവനെ തളർത്തി... അവളെ ചേർത്ത് നിർത്തി താൻ കൂടെയുണ്ടെന്ന് പറയണമെന്ന് തോന്നിയെങ്കിലും എന്തോ ഒന്നവനെ പിന്നോട്ട് വലിച്ചു... "ഇനി എന്താ ഫ്യൂച്ചർ പ്ലാൻ... " അവനെഴുന്നേറ്റ് ബാൽക്കണിയുടെ കൈവരിയിലേക്ക് ചേർന്ന് നിന്നു... "അങ്ങനെ ചോദിച്ചാൽ കമ്പനിയുടെ ഇവിടുത്തെ ബ്രാഞ്ചിലേക്ക് അപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട് അധികം വൈകാതെ ജോയിൻ ചെയ്യേണ്ടി വരും...
പിന്നെ ഒരു വിവാഹമൊക്കെ കഴിച്ചു നാട്ടിൽ തന്നെ കൂടണം...പക്ഷേ നമ്മുക്ക് പറ്റിയൊരാളെ കിട്ടണ്ടേ..." ഇടം കണ്ണാലെ അവനെ നോക്കി കുറുമ്പോടെയവൾ പറഞ്ഞു... അവൻ പെട്ടന്നവളിൽ നിന്നും മുഖം വെട്ടിച്ചു... തുറന്നു പറഞ്ഞാലോ ഇപ്പോഴും തനിക്കവളെ ഇഷ്ടമാണെന്ന് പ്രാണനാണെന്ന്... അവൾ തന്നെ തെറ്റിദ്ധരിക്കുമോ... തന്നോടിനി മിണ്ടാതെയാവുമോ...അവന്റെ ഉള്ളിൽ അനേകായിരം ചോദ്യങ്ങൾ ഉടലെടുത്തു... രണ്ടും കല്പ്പിച്ചു അവളോട് തുറന്നു പറയാനായി ഒരുങ്ങിയതും തൊട്ടു ഇരു കൈകളും നെഞ്ചിലേക്ക് പിണച്ചു കെട്ടി കൊണ്ടവൾ അവനെ തന്നെ നോക്കി നിൽക്കുന്നു... "തനിക്കെന്നെ കെട്ടാൻ പറ്റുമോ...?" ഭാവമേതുമില്ലാതെ അവൾ ചോദിച്ചതും അവന്റെ മിഴികൾ അമ്പരപ്പോടെ വിടർന്നു വന്നു... "പറയെടോ..." അവൾ ചോദിച്ചതിന്റെ സന്തോഷം ഉള്ളിൽ കിടന്നങ്ങനെ തുള്ളിക്കളിക്കുന്നത് കൊണ്ട് അവന് വാക്കുകൾ പുറത്തേക്ക് വന്നില്ല... "പറ്റില്ല അല്ലേ... സാരമില്ല... ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളൂ... " അവന്റെ മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ വിഷമത്തോടെ പറഞ്ഞിട്ടവൾ അവിടെ നിന്നും പോവാനൊരുങ്ങി....
പെട്ടന്നവൻ അവളുടെ കൈ തണ്ടയിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു... "ഞാൻ പറഞ്ഞോ പറ്റില്ലെന്ന്.... " അവളുടെ മുഖം കൈ കുമ്പിളിലെടുത്തു ആർദ്രമായവൻ ചോദിച്ചതും അവളുടെ മിഴികൾ പിടഞ്ഞു... "ഇത്രയും വർഷം ഈ ഒരു വാക്ക് കേൾക്കാൻ വേണ്ടിയിട്ടല്ലേ ഞാൻ കാത്തിരുന്നത്... ആ എന്നെ തള്ളിക്കളഞ്ഞു പോകുവാണോ നീ... എനിക്കെന്തോരം ഇഷ്ടമാണെന്നോ തന്നെ...തന്റെ കുറുമ്പുകളും കുസൃതികളും എല്ലാം.. എല്ലാം എനിക്കൊത്തിരി ഇഷ്ടമാടോ..." അവൾക്ക് മാത്രം കേൾക്കാൻ പാകത്തിനവൻ പറഞ്ഞു...സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... "എന്തിനാ കരയണേ...!" അനിയന്ത്രിതമായവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടതും അവൻ പരിഭ്രമത്തോടെ ചോദിച്ചു... "ഗോപേട്ടന്റെ ഈ സ്നേഹത്തിന് പകരം തരാൻ എന്നിൽ കളങ്കമില്ലാത്തൊരു മനസ്സോ ശരീരമോ ഒന്നുമില്ലല്ലോ എന്നോർക്കുമ്പോൾ..." വിങ്ങലോടെ പറഞ്ഞു കൊണ്ടവൾ മിഴികൾ താഴ്ത്തി നിശബ്‍ദമായി തേങ്ങി...
അവൻ പതിയെ അവളുടെ താടിത്തുമ്പിൽ പിടിച്ചു മുഖമുയർത്തി... "ഞാൻ സ്നേഹിച്ചത് നിന്റെ ശരീരത്തെയോ ഈ മുഖത്തെയോ അല്ല... മറിച്ച് നിന്റെ മനസ്സിനെയാണ്...അതിനിന്നീ നിമിഷം വരെ യാതൊരു കളങ്കവും ഉണ്ടായിട്ടില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്... ആ ഉറപ്പ് ഉള്ളിടത്തോളം കാലം നമ്മുടെ പ്രണയത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെടോ..." അവൻ പറയുന്നതെല്ലാം അവളൊരു മൂളലോടെ കേട്ടു കൊണ്ടുനിന്നു... "Past is past...അതിനെ ഇനിയും പ്രെസെന്റിലേക്ക് കൊണ്ടുവന്നു നമ്മുടെ ഫ്യൂച്ചർ തകർക്കണോ...നമുക്കിങ്ങനെ പ്രണയിച്ചു നടക്കാടോ..." അവളെ ഇറുകെ പുണർന്നു കുറുമ്പോടെ ഗോപു പറയുന്നത് കേട്ടവൾ നാണത്തോടെ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു.... ഇരുവരുടേയും മനസ്സിൽ അത്രയും നാൾ ഉണ്ടായിരുന്ന വീർപ്പുമുട്ടലുകൾ നീക്കാൻ ആ തുറന്നു പറച്ചിലിന് സാധിച്ചു...കാറും കോളും നീങ്ങിയ വാനം പോലെ അവരുടെ ഉള്ളവും ശാന്തമായി... പ്രണയത്തിന്റെ ചെറു വാകപ്പൂക്കൾ അവരുടെ ഉള്ളിലും മൊട്ടിട്ടു തുടങ്ങി...... ******
ആറ് മാസങ്ങൾക്കു ശേഷം.... ദീപ്തി ഷോപ്പിലേക്ക് പോവാനായി തിരക്ക് പിടിച്ചു റെഡിയാവുകയായിരുന്നു... അപ്പോഴാണ് ദീപു വന്നിട്ട് ആദിയെയും കൊണ്ട് പുറത്തേക്ക് പൊക്കോട്ടെ എന്ന് ചോദിച്ചത്... രാവിലെ മുതൽ ആദി അമ്മയുടെ കൂടെ ഷോപ്പിലേക്ക് വരണമെന്ന് വാശി പിടിച്ചിരിക്കുന്നത് കൊണ്ട് ദീപ്തി ഒട്ടും ആലോചിക്കാതെ സമ്മതം മൂളി.... ദീപ്തി ഷോപ്പിലേക്ക് പോയതിന്റെ പിന്നാലെ തന്നെ ഗോപുവും ദീപുവും ആദിയെയും കൂട്ടി ഇറങ്ങിയിരുന്നു... "നമ്മളെവിടെക്കാ പോവുന്നേ കൊച്ചച്ചാ... " ദീപുവിന്റെ മടിയിലിരിക്കുന്ന ആദി ഗോപുവിനെ നോക്കി നെറ്റിച്ചുളിച്ചു... "ആദിക്ക് അച്ഛനെ കാണേണ്ടേ... " ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധതിരിക്കാതെ ഗോപു ചോദിച്ചു... "ഞാൻ കാണാറുണ്ടല്ലോ.. വീട്ടിലല്ലേ അച്ഛനുള്ളത്.. ആദിമോന്റെ മുറിയിലെ ഫോട്ടോയിൽ... " നിഷ്കളങ്കമായി ആദി പറയുന്നത് കേട്ടവരുടെ നെഞ്ചും വിങ്ങി... "ആ അച്ഛനെ നേരിട്ട് കാണാനാ നമ്മൾ പോവുന്നേ..." ദീപു അവനു മനസ്സിലാകാൻ എന്നപോലെ പറഞ്ഞു... ഒന്നും മനസ്സിലായില്ലെങ്കിൽ കൂടി ആ കുഞ്ഞിളം ചുണ്ടിലൊരു പുഞ്ചിരി വിടർന്നു...
ഉച്ചയോടെ അവർ ഹോസ്പിറ്റലിലേക്ക് എത്തിച്ചേർന്നു.... വെയിറ്റിങ് ഏരിയയിൽ അവരെ കണ്ടപ്പോൾ പരിചിത ഭാവത്തോടെ അവിടുത്തെ അറ്റന്റർ അടുത്തേക്ക് വന്നു... "കാശിനാഥന്റെ റിലേറ്റീവ്സ് അല്ലേ... " അയാൾ വന്നു ചോദിച്ചതും അവർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "അകത്തേക്ക് വരൂ... ഡോക്ടർ കുറച്ചു സമയമായി നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു..." അയാൾ അവരെ അകത്തേക്ക് കൊണ്ടുപോയി.. "വരൂ.. ഇരിക്കൂ..." അകത്തേക്ക് കടന്നു വരുന്നവരെ അതിയായ സന്തോഷത്തോടെ ഡോക്ടർ പറഞ്ഞു... "ഏട്ടൻ... " ഗോപു വേവലാതി പൂണ്ടു... "അകത്തുണ്ടെടൊ...താനിങ്ങനെ ടെൻഷനാവാതെ..." ചെറു ചിരിയോടെ പറഞ്ഞിട്ടയാൾ മുന്നിലൊരിക്കുന്ന കാശിയുടെ മെഡിക്കൽ റിപ്പോർട്ട്സിലൂടെ കണ്ണുകൾ ഓടിച്ചു... "ആളിപ്പോൾ പെർഫെക്ട് ഒക്കെയാണ്... പേടിക്കാനൊന്നുമില്ല...കുറച്ചു നാളത്തേക്ക് അധികം മെന്റൽ സ്‌ട്രെസ് ഉണ്ടാവാതെ ശ്രദ്ധിക്കണം..." അയാൾ റിപ്പോർട്സ് അവരുടെ കയ്യിലേക്ക് കൊടുത്തു... ശേഷം അറ്റന്ററോട് അവരെ കാശിയുടെ അടുത്തേക്ക് കൊണ്ടുപോവാനായി പറഞ്ഞു...
ഒരാൾക്ക് മാത്രമേ പേഷ്യന്റ്സിന്റെ മുറിയിലേക്ക് കടക്കാൻ അനുവാദമുള്ളൂ അതുകൊണ്ട് ദീപുവിനേയും ആദിയേയും പുറത്ത് നിർത്തി ഗോപു അയാളോടൊപ്പം പോയി... പുറം തിരിഞ്ഞിരിക്കുന്ന കാശിയുടെ അടുത്തേക്കവൻ നടക്കുമ്പോൾ ശരീരം പോലും വിറപൂണ്ടിരുന്നു...പതിയെ ചെന്നവൻ തന്റെ കരങ്ങൾ അവന്റെ തോളിലേക്കമർത്തി വിളിച്ചു.... "കാശ്യേട്ടാ... " തെല്ലൊന്ന് ശങ്കിച്ച ശേഷം കാശി തിരിഞ്ഞു നോക്കി... മുന്നിൽ നിൽക്കുന്ന ഗോപുവിനെ കാണെ അവന്റെ കണ്ണുകൾ നിറഞ്ഞു... വാക്കുകൾ പുറത്തേക്ക് വരാതെ ഉള്ളിൽ കിടന്നു വീർപ്പുമുട്ടി... ഗോപുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു... "ഗോപു... " അവന്റെ ചുണ്ടുകൾ വിതുമ്പി...നാളുകൾക്ക് ശേഷം തന്നെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ ഗോപു അവനെ ഇറുകെ പുണർന്നു... "വാ നമുക്ക് വീട്ടിൽ പോവേണ്ടേ... അവിടെ എല്ലാവരും ഏട്ടന് വേണ്ടി കാത്തിരിക്കുകയാണ്... "
നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചവൻ കാശിയോട് പറഞ്ഞു...അലസമായൊന്ന് മൂളി കാശി അവനോടൊപ്പം ചെന്നു... കാറിനടുത്തു നിന്ന് തന്നെ നോക്കി ചിരിക്കുന്ന ദീപുവിനെ തിരിച്ചറിയാൻ കാശിക്ക് അധികം സമയം വേണ്ടി വന്നില്ല... കാശി അവനെ പുണർന്നു കൊണ്ട് തന്റെ സന്തോഷം അറിയിച്ചു... "അച്ഛാ... " പെട്ടന്നാണ് ആ വിളിയൊച്ച അവന്റെ കാതുകളിൽ വന്നലയടിച്ചത്... അവൻ ചുറ്റുമൊന്ന് കണ്ണുകൾ പായിച്ചു ആരാണെന്നറിയാനുള്ള ആകാംഷയോടെ... അവന്റെ എതിർ വശത്തുള്ള ഒരു കൊച്ചു പൂന്തോട്ടത്തിനിടയിൽ നിന്നും ആദി അവനടുത്തേക്ക് ഓടി വന്നു... അവനെ കാണെ കാശിയുടെ ഹൃദയം ആർദ്രമായി... മിഴികൾ നിറയാനായി വെമ്പൽ പൂണ്ടു... ഉള്ളിലെവിടെയോ ആ കുരുന്നിനോടുള്ള വാത്സല്യം ഉറവപൊട്ടി.... "കാശ്യേട്ടന്റെ മോനാ... ആദി..." അവനെ തന്നെ നോക്കി നിൽക്കുന്ന കാശിയോട് ഗോപു പറഞ്ഞു...കാശിയുടെ മുഖത്ത് വല്ലാത്തൊരു അമ്പരപ്പ് നിറഞ്ഞു... "എന്റെ മോൻ... " ഉള്ളിൽ ഇരുന്നാരോ പറയുന്നത് പോലെ....
ആദി അടുത്തെത്തിയതും കാശി അവനെ വരിപ്പുണർന്നു ചുംബനങ്ങൾ കൊണ്ട് മൂടി... അവന്റെ കണ്ണുനീരിനാൽ ആ കുഞ്ഞു മുഖം നനഞ്ഞു കുതിർന്നു...ആദി അത്ഭുതത്തോടെ കാശിയുടെ മുഖത്തും മുടിയിലും എല്ലാം തലോടി നോക്കുന്നുണ്ടായിരുന്നു... തന്റെ അച്ഛനെ അടുത്തു കണ്ട സന്തോഷമാവാം അവൻ കുനിഞ്ഞു വന്നു കാശിയുടെ കവിളിൽ അമർത്തിയൊരു ചുംബനം നൽകി... "എന്റെ മോനാ... " കാശി അത്യധികം സന്തോഷത്തോടെ അവരിരുവരേയും നോക്കി.... കാശ്ശിയുടെയും ആദിയുടേയും മുഖത്തെ സന്തോഷവും ആഹ്ലാദവും കണ്ടവരുടെ മനസ്സും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.... അധികം വൈകാതെ അവർ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി... ***** അന്ന് ഷോപ്പിൽ നിന്നും ഇറങ്ങാൻ ദീപ്തി ഒരല്പം വൈകിയിരുന്നു....ആദി തന്നെ കാണാതെ കരച്ചിൽ തുടങ്ങിയിട്ടുണ്ടാവുമോ എന്നാലോചിച്ചു വേവലാതി പൂണ്ടവൾ വേഗം തന്നെ കാറെടുത്തു വീട്ടിലേക്ക് തിരിച്ചു... തന്റെ കാറിന്റെ ഹോൺ റോഡിൽ നിന്ന് കേൾക്കുമ്പോഴേ മുറ്റത്തേക്ക് ഓടിവരുന്ന ആദിയെ അന്ന് കാണാതെ വന്നപ്പോൾ അവളുടെ നെറ്റിയൊന്ന് ചുളിഞ്ഞു.... കാർ പോർച്ചിലേക്ക് കയറ്റി നിർത്തി ആദിക്കായി വാങ്ങിയ ചോക്ലേറ്റ്സും എടുത്ത് വീടിനകത്തേക്ക് കയറി... "അമ്മേ... അമ്മേ... "
ഹാളിൽ ആരേയും കാണാതെ വന്നപ്പോൾ അവൾ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ ഉച്ചത്തിൽ വിളിച്ചു... "ഇതെന്താ ഇവിടെ പരിപാടി... " അടുക്കളയിൽ തിരക്ക് പിടിച്ചു ഓരോ കാര്യങ്ങളും ചെയ്യുന്ന അമ്മമാരെ കണ്ടിട്ടായിരുന്നു അവളങ്ങനെ ചോദിച്ചത്... "പിള്ളേർക്ക് രാത്രിക്കലേക്ക് സദ്യ വേണമെന്ന് പറഞ്ഞു...എന്നാ പിന്നെ ഉണ്ടാക്കി കൊടുക്കാമെന്ന് ഞങ്ങളും കരുതി... " അടുപ്പത്തിരുന്ന് തിളയ്ക്കുന്ന സാമ്പാറിലേക്ക് കടുക് പൊട്ടിച്ചിടുന്നതിനിടക്ക് മല്ലികാമ്മ മറുപടി കൊടുത്തു...അവരുടെ ഉത്സാഹവും മുഖത്തെ സന്തോഷവും എല്ലാം കണ്ടപ്പോൾ അവൾക്ക് ആ പറഞ്ഞത് അത്രക്കങ്ങോട്ട് വിശ്വാസം വന്നില്ല.. കാരണം വേറൊന്നുമല്ല സാധാരണ പിള്ളേര് എന്തെങ്കിലും സ്പെഷ്യലായിട്ട് ഉണ്ടാക്കി കൊടുക്കണമെങ്കിൽ തന്നോടാണ് പറയാറുള്ളത്.. ഇതിപ്പോ ഇവരോട് പറയണമെങ്കിൽ വേറെന്തോ ഒരു കാരണം കൂടെയുണ്ട്... വെറുതെയെങ്കിലും അവൾ തല പുകച്ചു... "എന്നിട്ട് പിള്ളേരെവിടെ... " ദീപ്തിയുടെ സംശയം അപ്പോഴും തീർന്നിട്ടില്ലായിരുന്നു...
"മാഷും പിള്ളേരും തൊടിയിലുണ്ട്... സദ്യക്കുള്ള ഇല വെട്ടുകയാണ്... നീ പെട്ടന്ന് കുളിച്ചിട്ട് വന്നു ഞങ്ങളെയൊന്ന് സഹായിച്ചേ...ഇപ്പൊ തുടങ്ങും ആദി വിശക്കുന്നെ എന്നും പറഞ്ഞു നിലവിളി..." ധൃതിയിൽ പറഞ്ഞിട്ട് രാധമ്മ മറ്റു പണികളിലേക്ക് കടന്നു... ദീപ്തി ഇവർക്കെല്ലാം ഇതെന്തു പറ്റി എന്നാലോചിച്ചു മുറിയിലേക്ക് പോയി... **** അലമാരയിൽ നിന്നും ഒരു സെറ്റും മുണ്ടും എടുത്ത് ദീപ്തി ബാത്റൂമിലേക്ക് കയറി...കുളിച്ചിറങ്ങി തലയിൽ കെട്ടിവെച്ച തോർത്ത് അഴിച്ചു മാറ്റി മുടിയിലെ വെള്ളം ഒപ്പിയെടുത്തു... ഇന്ന് മനസ്സിനെന്തോ വല്ലാത്തൊരു സന്തോഷം തോന്നുന്നുണ്ടായിരുന്നവൾക്ക്... കണ്ണാടിയിൽ ഇരുന്നിരുന്ന കുഞ്ഞു പോട്ടെടുത്ത് നെറ്റിയിൽ തൊട്ട് തിരിയുമ്പോഴാണ് മുറിയുടെ വാതിൽ തുറന്നു കൊണ്ട് കാശി അകത്തേക്ക് കയറി വന്നത്... പെട്ടന്നവനെ മുന്നിൽ കണ്ടതും വിശ്വാസം വരാതവളുടെ കണ്ണുകൾ മിഴിഞ്ഞു.... താൻ കാണുന്നത് സ്വപ്നം തന്നെയാണോ എന്ന് ചിന്തിക്കുന്നതിന് മുന്നേ അവൻ നടന്നവളുടെ അടുത്തെത്തിയിരുന്നു... "ദീപ്തി.... "
അവളിൽ നിന്നും കണ്ണുകൾ മാറ്റാതെ തന്നെ അവൻ ആർദ്രമായി വിളിച്ചു... കണ്ടത് അപ്പോഴും വിശ്വസിക്കാൻ കഴിയാതെയവൾ തളർച്ചയോടെ ടേബിളിലേക്ക് കൈത്താങ്ങി നിന്നു കിതച്ചു...നീണ്ട നാല് വർഷങ്ങൾക്ക് ശേഷമുള്ളൊരു കണ്ടുമുട്ടൽ.... ഇരുവരുടേയും മനസ്സൊരു കടൽ പോലെ ആർത്തിരമ്പുന്നുണ്ടായിരുന്നു.... "ദീപ്തി... " വീണ്ടുമവൻ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നതും ഒരു പൊട്ടിക്കരച്ചിലോടെ ദീപ്തി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു....അവളുടെ സങ്കടങ്ങൾ പെയ്തൊഴിയുന്നത് വരെ അവനും അനങ്ങാതെ നിന്നു... കുറച്ചു നിമിഷങ്ങളങ്ങനെ കടന്നു പോയതും പതിയെ കൈകളുയർത്തിയവൻ അവളുടെ മുഖം നെഞ്ചിൽ നിന്നും ബലമായി പിടിച്ചുയർത്തി... "തനിക്കെന്നോട് പിണക്കമാണോ... " കണ്ണുകൾ നിറച്ചു കൊണ്ടവൻ ചോദിക്കെ അരുതെന്ന് പറഞ്ഞവൾ അവന്റെ വാ മൂടി... അവളുടെ മിഴികളും അവനെ നോക്കെ തോരാതെ പെയ്യുന്നുണ്ടായിരുന്നു....
"നിക്കെന്റെ കാശിയേട്ടനോട് പിണങ്ങാൻ സാധിക്കുമോ... ഇല്ല,,, ഈ ജന്മം എനിക്കതിനു കഴിയില്ല.... നിങ്ങളില്ലായ്മയിൽ ഞാൻ എത്ര മാത്രം വെന്തുരുകിയെന്നൊ.... എന്തേ എന്നെ ഈ കാണാ കയത്തിൽ ഒറ്റക്കാക്കി അകലങ്ങളിലേക്ക് പോയത്... കയ്യെത്തും ദൂരത്തു ഞാനുണ്ടായിട്ടും എന്തേ എന്റടുത്തേക്ക് ഓടിവരാതിരുന്നത്..." ഇത്രയും നാൾ മനസ്സിൽ കൂട്ടിവെച്ചതെല്ലാം അവളൊരൊറ്റ ശ്വാസത്തിൽ അവനോട് ചോദിച്ചു.... താൻ അകപ്പെട്ട ചുഴിയിലേക്ക് അവളേയും കൊണ്ടുപോകാൻ മനസ്സനുവദിച്ചില്ലെന്നോ അതോ മുഴു ഭ്രാന്തനായ കാശിനാഥനെ അവൾക്കടക്കാൻ കഴിയുമായിരുന്നില്ല എന്നോ.... അവൻ സ്വയം ചോദിച്ചു... അവന്റെയടുത്ത് അവൾക്കുള്ള മറുപടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല...മൗനമായി ഏറെ നിമിഷം കടന്നുപോയി അപ്പോഴും അവന്റെ നെഞ്ചോരം ചേർന്നവൾ നിൽപ്പുണ്ടായിരുന്നു........... തുടരും
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.