മഞ്ഞുരുകും കാലം : ഭാഗം 61 || അവസാനിച്ചു

Manjurukumkalam

രചന: ഷംസീന

ഏറെ നാളുകൾക്ക് ശേഷം മാണിക്യമംഗലം വീട്ടിൽ കളിചിരികൾ ഉയർന്നു കേട്ടു...കാശി തിരിച്ചു വന്നതിന്റെ ആനന്ദം അവരുടെയെല്ലാം മുഖത്തെ പ്രസന്നത തിരികെ കൊണ്ടുവന്നു.... ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും വർത്തമാനം പറഞ്ഞും കുറുമ്പ് കാട്ടിയും അവരാ രാത്രി ആഘോഷമാക്കി.... രാത്രിയിൽ ഏറെ വൈകിയാണ് അവരെല്ലാം തങ്ങളുടെ മുറികളിലേക്ക് കിടക്കാനായി പോയത്... കാശി മുറയിലേക്ക് വരുമ്പോൾ ദീപ്തി ആദിയെ ഉറക്കുകയായിരുന്നു... അവനെ കണ്ടതും അവൾ ശബ്‍ദമുണ്ടാക്കല്ലേ എന്ന് പറഞ്ഞു ചുണ്ടിൽ വിരൽ വെച്ചു.... അവൻ പതിയെ വന്നവളുടെ അടുത്ത് കിടന്നു...ആദിയുടെ അടുത്തേക്ക് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ അവൾക്ക് കാശിയുടെ മുഖം കാണാൻ കഴിഞ്ഞില്ല... തലക്ക് കൈ കൊടുത്തവൻ മുകളിലേക്ക്‌ നോക്കി കിടന്നു... കഴിഞ്ഞ് പോയ തന്റെ നാല് വർഷത്തെ ജീവിതം അവന്റെ മനസ്സിലൂടെ കടന്നു പോയി... ആരോടും മിണ്ടാതെ ആരേയും കാണാതെ സ്വയം ശിക്ഷ ഏറ്റു വാങ്ങിക്കൊണ്ടുള്ള ഒരു തടവ് ജീവിതം...

അവിടെ താനും തന്റെ ഇരുളടഞ്ഞ ഓർമകളും മാത്രമായിരുന്നു കൂട്ടിന്... ദീപ്തിയേയും കുഞ്ഞിനേയും വീട്ടുകാരെയുമെല്ലാം മറന്നു താൻ അവിടെ ഇത്രയും വർഷങ്ങൾ കഴിഞ്ഞതോർക്കേ ഉള്ളിൽ തീരാ നോവനുഭവപ്പെട്ടു...മിഴിക്കോണിലൂടെ കണ്ണുനീരൊഴുകി ചെവിയിടുക്കിൽ പോയൊളിച്ചു... ആ ഓർമകളെ മറവിയിലേക്ക് തള്ളിവിടാനെന്നോണം കാശി തിരിഞ്ഞു കിടന്നു ദീപ്തിയെ പിന്നിൽ നിന്നും അടക്കിപ്പിടിച്ചു...അവന്റെ കണ്ണുനീർ അവളുടെ പുറം മേനിയെ നനച്ചു തുടങ്ങിയതും ആദിയെ ഒരരികിലേക്ക് നീക്കി കിടത്തി അവനു നേരെ തിരിഞ്ഞു... ഒരു കൊച്ചു കുഞ്ഞിനെ പോലെയവൻ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി വിതുമ്പി കരഞ്ഞു... "കാശിയേട്ടാ... " അവൾ നോവോടെ വിളിച്ചതും മുഖം അമർത്തി തുടച്ചവൻ തലയുയർത്തി... അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു... നാല് വർഷങ്ങൾ അവനിൽ വല്ലാതെ മാറ്റം സൃഷ്ടിച്ചിരിക്കുന്നു... കണ്ണുകളിലെ തിളക്കവും മുഖത്തെ കുസൃതിയും ഇല്ലാതായത് പോലെ... ചിരിക്കുമ്പോൾ താടിത്തുമ്പിൽ കാണുന്ന മനോഹരമായ ചുഴി രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.... "തനിക്ക് മാറ്റമൊന്നുമില്ലല്ലോ... ഒരിത്തിരി വണ്ണം വെച്ചിട്ടുണ്ട്... " അവളുടെ നോട്ടം കണ്ടവൻ ചെറു ചിരിയാലെ പറഞ്ഞു...

"ഞാനല്ലല്ലോ കാശ്യേട്ടനല്ലേ മാറ്റം ഉണ്ടായത്... ഞങ്ങളെയെല്ലാം മറന്നത്... " വിങ്ങുന്ന മനസ്സോടെ അവൾ പറഞ്ഞു ഒപ്പം മിഴികളും നിറഞ്ഞു തൂവുന്നുണ്ടായിരുന്നു... "താൻ കരയുവാണോ...?" കരച്ചിൽ ചീളുകൾ പുറത്തേക്കൊഴുകി തുടങ്ങിയതും അവൻ എണീറ്റിരുന്ന് മുറിയിലേ ലൈറ്റ് ഓൺ ചെയ്തു... കട്ടിലിൽ കിടക്കുന്ന ദീപ്തിയെ എഴുന്നേൽപ്പിച്ചു അവൻ അവളുടെ മടിയിലേക്ക് തലചായ്ച്ചു... "ദീപ്തി... " അവൻ അലിവോടെ വിളിച്ചതും അവളുടെ നോട്ടം അവനിലേക്ക് നീണ്ടു... "ഇനിയും കരയല്ലേടോ... ഞാൻ തിരിച്ചു വന്നില്ലേ... എന്നിട്ടും താനിങ്ങനെ സങ്കടപ്പെടുന്നതെനിക്ക് കാണാൻ വയ്യെടോ..." അവൻ മടിയിലിരുന്ന അവളുടെ കയ്യെടുത്ത് തന്റെ കൈകളുമായി കൊരുത്തു പിടിച്ചു... "ഇനിയും സങ്കടപ്പെടാതെ...ഒരായുസ്സ് മുഴുവനും അനുഭവിക്കേണ്ടത്രയും സങ്കടങ്ങളും വേദനകളും ഈ നാല് വർഷം കൊണ്ട് നമ്മൾ അനുഭവിച്ചില്ലേ... വയ്യെടോ... ഇനിയും ഇങ്ങനെ നീറി നീറി ജീവിക്കാൻ.. നമ്മുക്കും വേണ്ടേ എല്ലാവരേയും പോലെ സന്തോഷകരമായ ജീവിതം....

അതിന് വേണ്ടിയിട്ടുള്ള പുനർജന്മമാണിതെന്ന് കരുതിയാൽ മതി..." കാശി മടിയിൽ നിന്നും എഴുന്നേറ്റ് അവളുമായി കട്ടിലിലേക്ക് കിടന്നു... "ഈ ജന്മത്തിൽ നഷ്ടപ്പെട്ടു പോയ നമ്മുടെ പ്രണയം നമുക്ക് വീണ്ടെടുക്കണം.....എന്നിട്ടവിടെ പുതിയ വസന്തങ്ങൾ വിരിയിക്കണം...നമുക്ക് വേണ്ടിയുള്ള നല്ല നാളേകളെ സന്തോഷത്തോടെ വരവേൽക്കണം.... ഒരു നേർത്ത മഞ്ഞുതുള്ളിപോലെ എനിക്ക് നിന്നിൽ നിന്നും ഒരു മടങ്ങിപ്പോക്കില്ലാത്ത വിധം അലിഞ്ഞു ചേരണം..." പ്രണയ പരവശനായി പറഞ്ഞിട്ടവൻ അവളെ തന്നിലേക്ക് അടക്കിപ്പിടിച്ചു... അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ സ്നേഹ മുദ്രണം ചാർത്തി... സങ്കടങ്ങളും വേദനകളും കെട്ടടങ്ങിയ ആ രാത്രിയുടെ ഏതോ യാമത്തിൽ അവൻ അവളിലേക്കൊരു മഞ്ഞുത്തുള്ളി പോലെ അലിഞ്ഞു ചേർന്നു.... ***** "നീണ്ട അഞ്ചു വർഷങ്ങൾ വേണ്ടി വന്നല്ലേ ഗോപേട്ടാ ആ നീചൻമാർക്ക് തക്കതായ ശിക്ഷ ലഭിക്കാൻ... ഞാനെന്ന ഇരക്ക് നീതി ലഭിക്കാൻ..." മുന്നിൽ നിവർത്തി പിടിച്ച പത്രത്താളുകളിലേക്ക് കത്തുന്ന മിഴികളോടെ നോക്കി കൊണ്ടവൾ അടുത്ത് നിന്ന ഗോപുവിനോട് ചോദിച്ചു...

"ഇരയല്ലെടോ... അതിജീവത...ജീവിതത്തെ കരുത്തോടെ മുന്നോട്ട് നയിച്ചവൾ.... ആളുകളുടെ തുറിച്ചു നോട്ടങ്ങൾക്കും മുറുമുറുക്കലുകൾക്കും ഇടയിൽ തന്റെ വ്യക്തിത്വം മുറുകെ പിടിച്ചു ജീവിച്ചു കാണിച്ചവൾ... ഇര എന്നുള്ള ഒരൊറ്റ വാക്കിൽ താനതിനെ തളച്ചിടല്ലെടോ..." അവൻ അഭിമാനത്തോടെ പറഞ്ഞുകൊണ്ടവളെ ചേർത്ത് പിടിച്ചു..... "നിങ്ങളിവിടെ നിൽക്കുവാണോ... വന്നേ മുഹൂർത്തത്തിന് സമയമായി... " കാശി അവരിരുവരേയും കൂട്ടി മണ്ഡപത്തിലേക്ക് നടന്നു... നാളുകളുടെ കാത്തിരിപ്പിന് ശേഷം ഗോപുവിന്റെയും ദിവ്യയുടേയും പ്രണയം സാഫല്യമായിരിക്കുന്നു...തങ്ങളെ സ്നേഹിക്കുന്നവരുടെയെല്ലാം അനുഗ്രഹത്തോടെ ഗോപു ദിവ്യയെ താലി ചാർത്തി തന്റെ ജീവിത സഖിയാക്കി... തന്നെ ക്രൂരമായി പീഡിപ്പിച്ച നീച്ചന്മാരുടെ കഴുത്തിൽ കൊലക്കയർ വീണ അന്ന് തന്നെ തന്റെ കഴുത്തിൽ ഗോപുവിന്റെ താലിയും വീണപ്പോൾ അവളേറെ സന്തോഷവതിയായിരുന്നു... അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി അവർ കാശിയുടെയും ദീപ്തിയുടെയും അടുത്തേക്ക് ചെന്നു...

അവരുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങിയതും ദീപ്തിയും കാശിയും നിറഞ്ഞ മനസ്സോടെ അവരുടെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു... "അമ്മേ എന്നെ എടുക്കാവോ... " ആദി അവർക്കിടയിലേക്ക് വന്നു കൊഞ്ചിയതും കാശി അവനെ ചെറു ചിരിയോടെ എടുത്തു... "അമ്മക്ക്‌ എടുക്കാൻ പറ്റില്ലല്ലോ..അമ്മയുടെ വയറ്റിൽ കുഞ്ഞുവാവയല്ലേ അപ്പൊ ആദിക്കുട്ടനെ എടുത്താൽ കുഞ്ഞിന് വേദനിക്കത്തില്ലേ...... " ചെറുതായിട്ട് വീർത്തു തുടങ്ങിയ അവളുടെ വയറിലേക്ക് നോക്കി കൊണ്ട് കാശി പറഞ്ഞതും ദീപ്തി നാണത്തോടെ തലതാഴ്ത്തി പുഞ്ചിരിച്ചു...കാശി ആരും കാണാതെ അവളെ ചേർത്ത് നിർത്തി കവിളിണയിൽ ഉമ്മവെച്ചു.. ഇത് കണ്ട് ആദി നാണത്തോടെ മുഖം പൊത്തി... "അയ്യേ അച്ഛൻ അമ്മക്ക് ഉമ്മ കൊടുത്തേ... " ചിരിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറയുന്ന ആദിയുടെ വാ കാശി പൊത്തി പിടിച്ചു...

"ചെക്കൻ നാണം കെടുത്തുമെന്നാ തോന്നുന്നേ.... " അവൻ ആദിയെ നോക്കി കണ്ണുരുട്ടിയതും അവൻ കാശിയുടെ കയ്യിൽ നിന്നും ശരവേഗത്തിൽ ഊർന്നിറങ്ങി സ്റ്റേജിലേക്ക് ഓടിയിരുന്നു...അവന്റെ കുറുമ്പുകൾ കണ്ടാസ്വദിച്ചു നിൽക്കുന്ന കാശിയുടെ കയ്യിലൂടെ കൈ ചേർത്തു പിടിച്ചവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.... തന്റെ പ്രണയമായ അതിലുപരി പ്രാണനായ കാശിനാഥനെ തന്നിൽ നിന്നും ഇനിയൊരിക്കലും അടർത്തി മാറ്റരുതേ എന്നായിരുന്നു അന്നേരം അവൾക്കുള്ളിലെ നിറഞ്ഞ പ്രാർത്ഥന... "എല്ലാവരും ഒന്ന് ചേർന്ന് നിന്നേ... നമുക്കൊരു ഫാമിലി പിക് എടുക്കാം....." ഫോട്ടോ ഗ്രാഫർ വന്നു പറഞ്ഞതും കാശിയും ദീപ്തിയും അച്ഛനും അമ്മമാരുമെല്ലാം സ്റ്റേജിലേക്ക് കയറി ദിവ്യയോടും ഗോപുവിനോടും ചേർന്ന് നിന്നു... "ഒരു മിനിറ്റ്... " ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്യുന്നതിന് മുന്നേ കാശി വിളിച്ചു പറഞ്ഞു... ധൃതിയിൽ സ്റ്റേജിൽ നിന്നും ഇറങ്ങി അതിഥികൾക്കിടയിൽ ഇരിക്കുന്ന വിഷ്ണുവിനേയും ശ്രുതിയേയും മോളേയും കൂട്ടികൊണ്ടുവന്നു അവരോടൊപ്പം നിർത്തി... "ഇനിയെടുത്തോ.. "

ആദിയെ കയ്യിലെടുത്ത് ദീപ്തിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും പിന്നൊരു നിമിഷം പോലും വൈകാതെ അയാൾ അവരുടെ സന്തോഷത്തോടെയുള്ള ഏറ്റവും മനോഹരമായ നിമിഷം തന്റെ ക്യാമറയിലേക്ക് പകർത്തി... പകർത്തിയ ചിത്രത്തിലേക്ക് നോക്കെ അവരുടെയെല്ലാം മുഖത്ത് തെളിഞ്ഞു കാണുന്ന മനോഹരമായ പുഞ്ചിരിപോലെ അയാളുടെ ചൊടികളും മന്ദഹാസം പൊഴിച്ചു.... അവസാനിച്ചു.....

💔💔💔💔💔💔💔💔💔💔💔💔💔 കാശ്ശിയുടെയും ദീപ്തിയുടെയും ജീവിതം നിറഞ്ഞ മനസ്സോടെ സ്വീകരിച്ച എന്റെ പ്രിയപ്പെട്ട വായനക്കാരോട് ഞാൻ നന്ദി അറിയിക്കുന്നു....കാശ്ശിക്കും ദീപ്തിക്കും വേണ്ടി ഇനിയൊരു കാത്തിരിപ്പില്ല... ഒരു പക്ഷേ ഈ കഥ അവസാനിക്കുമ്പോൾ നിങ്ങളെക്കാൾ ഏറെ വിഷമിക്കുന്നത് ഞാനായിരിക്കും... കാരണം അത്രക്കും എന്റെ മനസ്സിനെ പിടിച്ചുലച്ച സ്റ്റോറിയാണ് മഞ്ഞുരുകും കാലം...ഒരു പക്ഷേ ഇനിയും വലിച്ചു നീട്ടിയാൽ കഥയുടെ ഭംഗി നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് ഇവിടെ അവസാനിപ്പിക്കുന്നു... ഈ കഥയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം യാതൊരു മടിയും കൂടാതെ അറിയിക്കുക..കഥയുടെ നല്ല വശവും അത് പോലെ മോശ വശവും ചൂണ്ടിക്കാട്ടി കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു...ഇനിയും പുതിയ പുതിയ കഥകളിലൂടെ വീണ്ടും നിങ്ങളിലേക്ക് ഞാൻ വരുന്നതായിരിക്കും... ഒത്തിരി സ്നേഹത്തോടെ.. ✍️shamseena....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story