മറുതീരം തേടി: ഭാഗം 10

marutheeram thedi

രചന: രാജേഷ് രാജു

"ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് പറ്റില്ല... " അപ്പോഴേക്കും ഭദ്ര രണ്ടുപേർക്കും ജ്യൂസുമായി വന്നു... അതു കുടിച്ച് കുറച്ചു കഴിഞ്ഞ് അവർ ഭക്ഷണത്തിനിരുന്നു... ദൈര്യത്തോടെ കുറച്ച് സ്വാതന്ത്ര്യത്തോടെ ഭദ്ര അവർക്ക് ഭക്ഷണം വിളമ്പുന്നുണ്ടെങ്കിലും അച്ചുവിന് വിളമ്പുമ്പോൾ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു... അത് മനസ്സിലാക്കി അച്ചു അവളെയൊന്ന് നോക്കി... പിന്നെ തലതാഴ്ത്തി ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി... "ആഹാ... അടിപൊളി... ഇത്രയും രുചിയോടെ അടുത്തകാലത്തൊന്നും കഴിച്ചിട്ടില്ല... ഇത് ചേച്ചിയുടെ പാചകമാണെന്ന് തോന്നുന്നല്ലോ... അച്ഛന്റെ കൈപ്പുണ്യം അപ്പടി ചേച്ചിക്ക് കിട്ടിയിട്ടുണ്ട്... " കിച്ചു പറഞ്ഞു... "അതെന്താ എന്റെ പാചകം മോശമാണോ... " ആതിര ചോദിച്ചു... "അയ്യോ അങ്ങനെ ഞാൻ പറഞ്ഞില്ല... കൈപ്പുണ്യമറിയാൻ ആതിരേച്ചി ഉണ്ടാക്കിയത് ഇതുവരെ കഴിച്ചിട്ടില്ലല്ലോ... " "ചേച്ചിയെ കിട്ടിയ അവസരം നോക്കി പുകഴ്ത്തേണ്ട... സംഗതി അവളുതന്നെയാണ് ഉണ്ടാക്കിയത്... എന്നാൽ എന്നും കഞ്ഞിയും ചമ്മന്തിയും കഴിച്ച് നാവിന്റെ രുചി പോയിക്കാണും...

അതുകൊണ്ടാണ് ഇത് നല്ലതായി തോന്നുന്നത്... " "അതുകൊണ്ടല്ല ആതിരേച്ചീ... എന്റെ ചേച്ചിയുടെ പാചകം എനിക്കറിയാം... ഒരുപാട് ഞാൻ കഴിച്ചിട്ടുള്ളതല്ലേ... ആ രുചി ഒരിക്കലും മറക്കില്ല ഞാൻ... അച്ഛനാണ് ചേച്ചിയെ പാചകം പഠിപ്പിച്ചത്... " "നിങ്ങളുടെ അച്ഛൻ സദ്യവട്ടങ്ങൾക്ക് പോകുന്ന ആളായിരുന്നോ..." ശ്രീധരൻ ചോദിച്ചു... "അതെ... ആ നാട്ടിലെ ഏറ്റവും വലിയ പാചകക്കാരനായിരുന്നു... എല്ലാവർക്കും വിവാഹത്തിനും പിറന്നാളിന് മറ്റും അച്ഛനെ കിട്ടാൻ മത്സരിക്കുകയായിരുന്നു... എന്നാൽ അതൊരു സൈഡ് ബിസിനസ്സ് മാത്രം... നല്ലൊരു കൽപ്പണിക്കാരനുംകൂടിയായിരുന്നു അച്ഛൻ... എന്നാൽ ആ അച്ഛന്റെ സ്നേഹം അധികകാലം അനുഭവിക്കാൻ ഞങ്ങൾക്ക് യോഗമുണ്ടായില്ല... എല്ലാറ്റിനും എന്റെ അമ്മയാണ് കാരണക്കാരി... " അതു പറയുമ്പോൾ കിച്ചുവിന്റെ തൊണ്ടയിടറി... ഭദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... എല്ലാം വിധിയാണ്... വിധിയെ തോൽപ്പിക്കാൻ ആർക്കുമാവില്ലല്ലോ... ഞാനും ഒരു കൽപ്പണിക്കാരനായിരുന്നു... ഒരിക്കൽ കല്ല് പടവ് ചെയ്യുന്നതിനിടയിൽ ഉയരം പൊട്ടി വീണു...

കാലിന്റെ എല്ല് പൊട്ടി... പിന്നെ അതികം ഭാരമുള്ളതൊന്നും എടുക്കാൻ പറ്റാതായി... അതുപോട്ടെ... ഇനി നിന്റെ ഭാവി പരിപാടിയെന്താണ്... നീ തുടർന്ന് പഠിച്ച് ഉന്നത വിജയം നേടിയത് ചേച്ചിയോട് പറയാത്തതു പരിഭവമുണ്ട്... " ശ്രീധരൻ പറഞ്ഞതു കേട്ട് കിച്ചു ഭദ്രയെ നോക്കി... "നശിപ്പിച്ചു എല്ലാരുംകൂടിയല്ലേ... ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്ന് കരുതിവച്ചിരുന്നതാണ്... അത് പൊട്ടി പാളീസാക്കി... " കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു... "അതെയതെ ചേച്ചിയോട് എല്ലാം മൂടിവച്ച് നടക്കുകയാണെന്ന് എനിക്ക് മനസ്സിലായി... അത് രാവിലെ, അശ്വതി വന്നപ്പോൾ മനസ്സിലായി... " "എന്റെ ദൈവമേ... അതും പറഞ്ഞോ... എനിക്ക് വയ്യ... എന്താണ് ഇങ്ങനെയായാൽ... " "ഞാനതിനൊന്നും കുറ്റം പറയുന്നില്ല... പക്ഷേ നീ നല്ലൊരു നിലയിലെത്തണമെന്ന് എന്റെ വലിയ മോഹമായിരുന്നു... അത് നീ ചേച്ചിക്കുവേണ്ടി നേടിയെടുക്കണം... അതുകഴിഞ്ഞുമതി.. എല്ലാം... " "അത്രയേയുള്ളൂ... ചേച്ചിക്കുമാത്രമല്ല എന്നെ ഉയർന്ന നിലയിൽ കാരണമെന്ന് ആശയുള്ളത്... എനിക്കുവേണ്ടി എല്ലാ പ്രോത്സാഹനവും തന്ന...

എന്റെ ഭാവി ആ കമ്പിനിയിൽ മാത്രം തളച്ചിടരുതെന്ന് ആഗ്രഹിക്കുന്ന ഒരാളുണ്ട്... ഈ അച്ചുവേട്ടൻ... അച്ചുവേട്ടനാണ് ഇന്ന് ഇതുവരെയെത്തിയതിന് കാരണക്കാരൻ... അച്ചുവേട്ടനാണ് കറിയാച്ചൻമുതലാളിയോട് എന്റെ പഠനക്കാര്യം പറഞ്ഞ് എനിക്കുവേണ്ടി സഹായങ്ങൾ ചെയ്യിച്ചുതന്നത്... " ഭദ്ര അച്ചുവിനെ നോക്കി... എന്നാൽ അതൊന്നും കേട്ടില്ലെന്നരീതിയിൽ അയാൾ ഭക്ഷണം കഴിക്കുകയായിരുന്നു... ആ രുചിയറിഞ്ഞുള്ള കഴിക്കൽ കണ്ട് ഭദ്രക്കെന്തോ സഹതാപം തോന്നി... എന്നും കഞ്ഞി കുടിച്ച് ജീവിതം തള്ളിനീക്കുന്ന ഇവർ മനസ്സറിഞ്ഞ് രുചിയോടെ കഴിക്കുന്നത് കുറച്ചു കാലത്തിനുശേഷം ഇന്നാണെന്ന് അവൾക്ക് മനസ്സിലായി... അവൾ കിച്ചുവിനെ നോക്കി... "എടാ കിച്ചു... ഞാനൊരു കാര്യം പറഞ്ഞാൽ നിന്റെ അച്ചുവേട്ടന് ഇഷ്ടമാവുമോ... " "അതെന്താ... നല്ലതല്ലാത്തതൊന്നും ചേച്ചി പറയില്ലെന്നറിയാം... ചേച്ചിയേതായാലും കാര്യം പറ... " കിച്ചു പറഞ്ഞു... "വേറൊന്നുമല്ല... എന്നും രാവിലെ ഒരു ഉപ്പുമാവ് അല്ലെങ്കിൽ അവിൽ... രാത്രി വന്നാൽ കഞ്ഞിയും ചമ്മന്തിയും...

എന്നും ഇതുമാത്രം കഴിച്ച് മടുപ്പ് തോന്നുന്നില്ലേ... " "അത് സത്യം... നല്ലൊരു ഭക്ഷണം കഴിക്കുന്നത് വളരെക്കാലത്തിനുശേഷം ഇപ്പോഴാണ്... ഉച്ചക്ക് അവിടെ കമ്പിനി മെസ്സിൽനിന്നും ചോറും കറിയും ഒരു അച്ചാറുമുണ്ടാകും... അതാണ് ഇത്രയും കാലത്തെ നല്ല ഭക്ഷണം... " മെസ്സിലെ ഭക്ഷണത്തെക്കുറിച്ച് പറയേണ്ട... ഇവിടുന്ന് ഒഴുക്കിയാൽ താഴെ കവലയിൽ എത്തും കറി... അതല്ലേ അവിടുന്ന് കിട്ടുക... പിന്നെ വെന്തലിഞ്ഞ ചോറും... " "അതൊന്നുമല്ല... നല്ല കുറുവ അരിയുടെ ചോറും... നല്ല കൊഴുന്നനെയുള്ള കറിയുമാണ്... അത് കറിയാച്ചൻ മുതലാളിക്ക് നിർബന്ധമാണ്... എന്നാൽ ഒരു രുചിയുമുണ്ടാകില്ലെന്നുമാത്രം... നേരത്തെ പറഞ്ഞതുപോലെ കൈപ്പുണ്യം അത് അവിടെ പാചകം ചെയ്യുന്നാൾക്കില്ല... അതവിടെ നിൽക്കട്ടെ... അതല്ലല്ലോ ചേച്ചി പറയാൻ വന്നത്... " "അല്ല... എന്തായാലും ഇവിടെ ഞങ്ങൾക്ക് ഭക്ഷണം വച്ചുണ്ടാക്കണം... അതിന്റെ കൂടെ നിങ്ങൾക്കും രാവിലെയുള്ള തും വൈകീട്ടത്തേയും ഭക്ഷണം ഇവിടെയുണ്ടാക്കിയാൽ നല്ല രുചിയോടെ മനസ്സറിഞ്ഞ് കഴിച്ചൂടെ... " "അതൊന്നും വേണ്ട... ഇപ്പോൾ ഉള്ളതുപോലെ മതി... " അച്ചു പറഞ്ഞു.. "അതെന്താ ഇവിടുത്തെ ഭക്ഷണം കഴിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ... അതോ ഇഷ്ടപ്പെടാത്തതുകൊണ്ടോ...

വെറുതെ വന്നു കഴിക്കണമെന്ന് പറയുന്നില്ല... എന്താണ് വേണ്ടതെന്നുവച്ചാൽ അതിനുള്ള സാധനങ്ങൾ വാങ്ങിച്ചു തന്നാൽ മതി..." ഭദ്ര പറഞ്ഞു... "അവൾ പറയുന്നതിലും കാര്യമുണ്ട്... ഇവിടെ എല്ലാവർക്കും ഉണ്ടാക്കുന്നതിന്റെ കൂടെ നിങ്ങൾ രണ്ടുപേർക്കുംകൂടിയുണ്ടാക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട്... നാളെ മുതൽ ഇവിടുന്നാകാം ഭക്ഷണം... " ശ്രീധരന്റെ ഭാര്യ ഭവാനി പറഞ്ഞു... "അതു മതി ചേച്ചീ... നാളെ വേണ്ട സാധനങ്ങൾ എത്തിച്ചുതരാം... അച്ചുവേട്ടൻ സമ്മതിക്കും... ഇനിയെങ്കിലും രുചിയോടെ കഴിക്കാലോ എന്നും... " കിച്ചു പറഞ്ഞു... പെട്ടന്നാണ് നല്ലശബ്ദത്തിൽ ഇടിമിന്നലുണ്ടായത്... അതോടെ കറന്റ് പോയി... "ഇതെന്താ കാലല്ലാകാലത്തൊരു ഇടി... നല്ല മഴക്കോളുമുണ്ട്... ശ്രീധരൻ പറഞ്ഞു... അപ്പോഴേക്കും ആതിര മെഴുകുതിരി കത്തിച്ചു കൊണ്ട് വന്നു... ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ തുടങ്ങുമ്പോൾ മഴയും പെയ്തു... " "ഈശ്വരാ ചതിച്ചല്ലോ... ഇനി മുറ്റത്ത് മുട്ടിന് വെള്ളം നിൽക്കും... മേലെ പറമ്പിൽ നിന്നും വരുന്ന വെള്ളം മുഴുവൻ മുറ്റത്തുവന്നുനിൽക്കും...

ആ നാണുവിനോട് രണ്ടു ദിവസം മുന്നേ പറഞ്ഞതാണ് മേലേ പറമ്പിൽ നിന്നും വരുന്നവെള്ളം ഒരു വരമ്പുമാടി തിരിച്ച് താഴെ കല്ല് വെട്ടിയ കുഴിയിലേക്ക് ഒരുക്കണമെന്ന്... അതുപോലെ മുറ്റത്തെ വെള്ളവും ആ കുഴിയിലേക്ക് ഒഴുക്കിവിടണം... അവനെ കിട്ടാനാണ് പണി... ഇപ്പോഴാണെങ്കിൽ കിണറുപണിയുടെ തിരക്കാണ് അവന്.... വെള്ളം നിന്ന് താഴെനിന്നും കെട്ടിപ്പൊക്കിയ കെട്ട് ഇടിയുമോ എന്നാണ് പേടി..." ശ്രീധരൻ പറഞ്ഞു... "അതുശരിയാണ് മുറ്റത്ത് വെള്ളം നിന്നു തുടങ്ങി..." കൈകഴുകി വന്ന കിച്ചു പറഞ്ഞു... "ഒരു മൺവെട്ടി കിട്ടുമോ... തൽക്കാലം മുറ്റത്ത് വരുന്ന വെള്ളം നമുക്ക് ഒഴുക്കിവിടാം... " അച്ചു പറഞ്ഞു... "ഈ മഴയത്തോ... വേണ്ട മോനേ... പകലെപ്പോഴെങ്കിലും ചെയ്യാം... " "അത് പ്രശ്നമില്ല... മുറ്റത്തിങ്ങനെ അഴുക്കുവെള്ളം കെട്ടികിടക്കുന്നത് നല്ലതല്ല... മാത്രമല്ല രാവിലകത്തേക്ക് നല്ല വഴുക്കലുമുണ്ടാകും... ശ്രീധരൻ വടക്കുഭാഗത്ത് വച്ച മൺവെട്ടിയെടുത്തുകൊണ്ടുവന്നു... അതു വാങ്ങിച്ച് അച്ചു മഴയത്തേക്കിറങ്ങി... "അയ്യോ കുടയോ ഒരു കവറോ എടുത്തോളൂ... മഴ നനയേണ്ട... പുതു മഴയാണ്... വല്ല അസുഖവും വരും...

" ഭദ്ര പറഞ്ഞു... എന്നാൽ അത് കേട്ടതായി ഭാവിക്കാതെ അച്ചു ചാല് ചീന്തി വരമ്പിടാൻതുടങ്ങി... കിച്ചു കണ്ണുകൊണ്ട് ഒന്നും പറയേണ്ടെന്ന് കാണിച്ചു... പറഞ്ഞാലും അനുസരിക്കില്ല... എന്താണോ മനസ്സിൽ കണ്ടത് അതേ ചെയ്യൂ... " "ചാല് ചീന്തി വെള്ളം ഒഴിക്കിവിട്ടതിനുശേഷം മൺവെട്ടിയും കയ്യും കാലും മുഖവും കഴുകി മൺവെട്ടി സൈഡിൽ വച്ച് അച്ചു വീട്ടിലേക്ക് നടന്നു... " "തല തോർത്താതെയാണോ പോകുന്നത്... നീരിറങ്ങും... " ഭദ്ര പറഞ്ഞു... എന്നാൽ അതിനും പ്രതികരണമൊന്നുമുണ്ടായില്ല... "ഞാനും നടക്കട്ടെ... എനിക്ക് നനയാൻ വയ്യ... ഒരു കുട തന്നേ... രാവിലെ എത്തിക്കാം... " ആതിര കുട കൊടുത്തു... അതുമായി കിച്ചു നടന്നു... "അടുത്ത ദിവസം കിച്ചുവിന്റെ വിളി കേട്ടാണ് ഭദ്ര ഉമ്മറത്തേക്ക് വന്നത്... " "എന്താടാ കിച്ചു... ചായയും കടിയും അവിടേക്ക് കൊണ്ടുവരുമായിരുന്നല്ലോ ഞാൻ... " ഭദ്ര പറഞ്ഞു... "ചായക്ക് വന്നതല്ല ചേച്ചീ... ഇവിടെ ആതിരേച്ചിയുടെ കയ്യിൽ പനിയുടെ മരുന്നുണ്ടോ... അച്ചുവേട്ടന് നല്ല പനി... എണീറ്റിട്ടില്ല... " "അയ്യോ... എന്നിട്ട്... ഇന്നലെ ഞാൻ പറഞ്ഞതാണ് മഴ കൊള്ളേണ്ടെന്ന്... പറഞ്ഞാൽ കേൾക്കുമോ... ഒരു കാട്ടുപോത്തിന്റെ ജന്മമാണല്ലോ... ഞാൻ ആതിരയോട് ചോദിക്കട്ടെ മരുന്നുണ്ടോന്ന്... അവൾ അകത്തേക്ക് നടന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story