മറുതീരം തേടി: ഭാഗം 15

marutheeram thedi

രചന: രാജേഷ് രാജു

"എന്നാൽ നീ വരുമ്പോഴേക്കും ഞാൻ റഡിയായി നിൽക്കാം... " ഭദ്ര പറഞ്ഞു... അവൾക്ക് വലിയ അവേശമായിരുന്നു. . ഈ കറിയാച്ചൻമുതലാളി തന്റെ സ്ഥിയെല്ലാമറിഞ്ഞാൽ എന്തെങ്കിലും ജോലി സംഘടിപ്പിച്ച് തരാതിരിക്കില്ല... അടുത്ത ദിവസമാകാൻ അവൾ കാത്തിരുന്നു... അടുത്തദിവസം ഉച്ചക്ക് ആതിര ബാങ്കിൽ നിന്നും വന്നു... ഭക്ഷണം കഴിച്ചശേഷം അവർ കറിയാച്ചൻ മുതലാളിയുടെ വീട്ടിലേക്ക് പുറപ്പെട്ടു... അവർ വീട്ടിൽനിന്നിറങ്ങുമ്പോൾ കണ്ടു അച്ചു വേഷം മാറി വാതിലടച്ച് ലോക്ക് ചെയ്യുന്നത്... "തല പൊന്തിയില്ല അപ്പോഴേക്കും ഇറങ്ങിയോ ഊരുതെണ്ടാൻ... " ഭദ്ര അച്ചുവിനോട് ചോദിച്ചു "എന്താ എനിക്ക് പുറത്തേക്കിറങ്ങാനും നിന്റെ അനുവാദം വേണോ... " "ആ ചിലപ്പോൾ വേണ്ടിവരും... എന്താ പറ്റില്ലേ... ഇല്ലെങ്കിൽ പറഞ്ഞോ.. ഇനിമുതൽ ഞാനിടപെടുന്നില്ല.... " ഭദ്ര അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു... താൻ പറഞ്ഞ് അവൾക്ക് വിഷമമായെന്ന് അവന് മനസ്സിലായി... " "ഞാൻ കമ്പിനിവരെ കൂലിവാങ്ങിക്കാൻ പോവുകയാണ്... "

"അത് പറഞ്ഞാൽ പോരേ... അതി ചാടികടിക്കാൻ വരണോ... എന്നാൽ പോയിട്ടുവാ... " ഭദ്രതയും ആതിരയുടെ നടന്നു... "എന്താടിയിത്... എത്ര ദൈര്യത്തിലാണ് നീ അയാളോട് സംസാരിക്കുന്നത്... " "എന്താ അയാളോട് അങ്ങനെ സംസാരിച്ചാൽ... നീയൊക്കെ കാണുന്നതുപോലെ ഒരു ഭീകരനായി കാണാതെ കുറച്ച് സ്വാതന്ത്ര്യത്തോടെ അയാളോട് സംസാരിക്കാൻ പഠിക്ക്... എന്റെ ലക്ഷ്യം അയാളെ പഴയ ആ അച്ചുവായി കൊണ്ടുവരാനാണ്... അയാൾക്ക് എന്തോ ലക്ഷ്യമുണ്ട്... അത് എന്താണെന്നെനിക്കറിയില്ല... അത് കണ്ടുപിടിക്കാം... ചിലപ്പോൾ ആ ലക്ഷ്യം അയാളുടെ ജീവിതത്തിനു തന്നെ ആപത്തുളവാക്കുന്നതായിരിക്കാം... " "അതെന്തെങ്കിലുമാകട്ടെ... അതിന് നമുക്കെന്താണ്... " "നീയെന്താ ഒന്നുമറിയാത്തവളെപ്പോലെ... അയാളുടെ കൂടെയാണ് എന്റെ കിച്ചു ജീവിക്കുന്നത്... അയാൾക്കെന്ത് ദോഷമുണ്ടായാലും അത് കിച്ചുവിനേയും ബാധിക്കും... " "അത്രക്ക് ഞാനോർത്തില്ല... " "ഓർക്കണം... അതിന് എന്റെ വഴിയിൽ ഒരൊറ്റ മാർഗ്ഗമേയുള്ളൂ...

അയാളുടെ മനസ്സ് മാറ്റിയെടുക്കുക എന്നത്... അതിലൂടെ ആ ലക്ഷ്യം... അത് ചിത്ത ലക്ഷ്യമാണെങ്കിൽ അതിൽനിന്നും പിൻമാറ്റുക.... " "പറയാനെളുപ്പമാണ്... പക്ഷേ അത് നടക്കുമോ... " "നടക്കും നടക്കണം... ഇനി അതാണെന്റെ ലക്ഷ്യം... " അവർ നടന്ന് കറിയാച്ചന്റെ വീടിന്റെ ഗെയ്റ്റിനടുത്തെത്തി... ഒരു പഴയ മോഡൽ തറവാടുപോലെയുള്ള വീട്... "ഇതാണോ നീയൊക്കെ പറഞ്ഞ കറിയാച്ചന്റെ വീട്... ഞാൻ ഇതല്ല പ്രതീക്ഷിച്ചത്... വലിയൊരു ബംഗ്ലാവ് തന്നെയാണ്... ഇതിപ്പോൾ ഒരു സാധാരണ പഴയ ഇല്ലം മോഡലൊരു വീട്... " "മോഡൽ അതുപോലെയുള്ളതാണ് പക്ഷേ വീട് വലുത് തന്നെയാണ്... പിന്നെ ഇവർക്ക് ആർബാടത്തിനൊന്നും താല്പര്യമില്ല... നീ വാ.." ആതിര ഭദ്രയേയും കൂട്ടി ഗെയ്റ്റുകടന്ന് മുറ്റത്തേക്ക് നടന്നു... ഉമ്മറത്തേക്ക് കയറിയ ആതിര കോണിങ് ബെല്ലടിച്ചു... കുറച്ചുകഴിഞ്ഞപ്പോൾ ഒരു മദ്ധ്യവയസ്കയായ സ്ത്രീ വാതിൽ തുറന്നു... കറിയാച്ചന്റെ ഭാര്യ മേരിയായിരുന്നു അത്.. "അല്ലാ ഇതാര് ആതിരമോളോ... ഇവിടേക്കുള്ള വഴി മറന്നോ നീ... ഇന്നെന്തേ ബാങ്കിൽ പോയില്ലേ... " മേരി ചോദിച്ചു..

"പോയിരുന്നു... ഉച്ചക്കുശേഷം ലീവെടുത്തു... ഇവളുടെ ജോലിക്കാര്യം മുലാളിയോട് പറഞ്ഞിരുന്നു... ഇന്നിവിടേക്ക് വരാൻ പറഞ്ഞിരുന്നു... " ആതിര പറഞ്ഞു... "ആഹാ ഇതാണോ രണ്ടുദിവസം മുന്നേ വന്നെന്നു പറഞ്ഞ നിന്റെ കൂട്ടുകാരി... നിങ്ങൾ വരുന്ന കാര്യം പറഞ്ഞിരുന്നു... നിങ്ങൾ കയറിയിരിക്ക് ഞാൻ അദ്ദേഹത്തെ വിളിക്കാം... " മേരി അവരെ ഹാളിലേക്ക് വിളിച്ചിരുത്തി കറിയാച്ചനെ വിളിക്കാൻ പോയി... കുറച്ചുകഴിഞ്ഞപ്പോൽ ഒരു ജുബ്ബ ധരിച്ച വെളുത്ത ഒരു മദ്ധ്യവയസ്കൻ അവിടേക്ക് വന്നു... "എന്താ മോളേ... നിന്നോട് പലതവണ പറഞ്ഞതല്ലേ മുതലാളി എന്ന വാക്ക് പ്രയോഗത്തിൽ വേണ്ടെന്ന്... അങ്ങനെ കേൾക്കുന്നത് ഇവിടെ ആർക്കും ഇഷ്ടമല്ല... പേര് വിളിക്കണമെന്ന് പറയുന്നില്ല... കുട്ടിക്ക് എന്റെ, മകളുടെ പ്രായമേയുള്ളൂ... അപ്പച്ഛാ എന്ന് വിളിക്കാലോ... അത് കേൾക്കാനും ഒരു സുഖമുണ്ട്... അങ്ങനെ വിളിച്ചാൽ മതി... " കറിയാച്ചൻ പറഞ്ഞു... "അയ്യോ... ഞങ്ങളുടെ മുതലാളിയെ മുതലാളി എന്നല്ലാതെ അപ്പച്ഛാ എന്നൊക്കെ എങ്ങനെയാണ് വിളിക്കുന്നത്... "

"എന്താ അങ്ങനെ വിളിച്ചാൽ മാനം ഇടിഞ്ഞുവീഴുമോ... അങ്ങനെ, വിളിച്ചാൽ മതി... നീ മാത്രമല്ല നിന്റെ വീടിനടുത്ത് താമസിക്കുന്ന അച്ചുവും കിച്ചുവും ഇതുതന്നെയാണ് അവസ്ഥ... അത് കേൾക്കുമ്പോൾ മനസ്സിനൊരു അശ്വസ്ഥതയാണ്... എനിക്കൊരു മേൽവിലാസം തന്നതുതന്നെ ഈ നാട്ടുകാരാണ്... എന്റെ അപ്പന് ഇവിടെ അഭയം തന്നതും സ്നേഹം തന്നതും ഈ നാട്ടുകാരാണ്... ആ നാട്ടുകാരുടെ, ഇടയിൽ ഇന്നും ഞാൻ ആ പഴയ അവറാച്ചന്റെ മകനാണ്... എന്നെ എന്റെ അപ്പച്ചൻ പഠിപ്പിച്ചത് അങ്ങനെയാണ്... പിന്നെ ഇതാണോ നീ പറഞ്ഞ കൂട്ടുകാരി... കിച്ചുവിന്റെ സഹോദരി... " "അതെ... അങ്ങ് പറഞ്ഞതുപോലെ ഇന്ന് അവൾക്കും ഏക ആശ്രയം ഇവിടെയാണ്... ഇവളുടെ ഭയം ഇതുവരേയും മാറിയിട്ടില്ല... അവളുടെ ഭർത്താവ് അയാൾ ഇവിടെയെത്തുമോ എന്ന പേടിയാണിവൾക്ക്..." കറിയാച്ചൻ ഒരു പുഞ്ചിരിയോടെ ഭദ്രയെ നോക്കി... "എന്താണ് മോളുടെ പേര്.. " കറിയാച്ചൻ ചോദിച്ചു... "ശ്രീഭദ്ര... " ഭദ്ര പറഞ്ഞു..... "ദേവിയുടെ നാമമാണല്ലോ... ദേവി കുട്ടിയെ കൈവിടില്ല... അങ്ങനെ അത്ര ദൈര്യമുള്ള ഒരുത്തൻ ഈ നാട്ടിൽ കാലുകുത്തിയാൽ... അത് അവന്റെ നാശമായെന്ന് കണക്കു കൂട്ടിയാൽ മതി... അവൻ വരട്ടെ നമുക്ക് നോക്കാം... പിന്നെ അവൻ താമസിക്കുന്നത്...

അതായത് മോളെ വിവാഹം കഴിച്ചു കൊണ്ടുവന്ന നാട്... ?" ഭദ്ര ആ സ്ഥലവും പറഞ്ഞു കൊടുത്തു... അവിടെയാണോ... അവിടെ ഒരുത്തൻ ഞങ്ങൾക്ക് തലവേദനയായിട്ടുണ്ട്... ഞങ്ങൾക്ക് എന്നു പറഞ്ഞാൽ എന്റെ മകൻ ജിമ്മിക്ക്... അത് കുടുതൽ വിശ്വസിച്ചുപോയതിന് അവന് കിട്ടിയ പ്രത്യുപകാരം... " കറിയാച്ചൻ പറഞ്ഞുനിർത്തിയതും ഒരു കാറ് മുറ്റത്തു വന്നുനിന്നു... അതിൽനിന്നും ഒരു ചെറുപ്പക്കാരനിറങ്ങി... അവൻ ഹാളിലേക്ക് കയറിവന്നു... അവനെ കണ്ടതും ഭദ്ര ഞെട്ടി അറിയാതെ എഴുന്നേറ്റു പോയി... ആ ചെറുപ്പക്കാരനും അവളെ കണ്ട് ഒരു നിമിഷം നിന്നു... "നിങ്ങളെന്താ ഇവിടെ..." അവൻ ചോദിച്ചു... "ഞാൻ ഇദ്ദേഹത്തെ കാണാൻ വന്നതാണ്... ഒരു ജോലിക്കാര്യത്തിനായിട്ട്... " "അവിടെ നിന്നും ഇത്രയും ദൂരത്തുള്ള ഇവിടെയോ... " "അത്... ഞാനിപ്പോൾ താമസിക്കുന്നത് ഇവിടെയാണ്... ഇവളുടെ വീട്ടിൽ... എന്റെ കൂട്ടുകാരിയാണ് ആതിര... " "അപ്പോൾ കിഷോറിന്റെ ചേച്ചിയാണോ നിങ്ങൾ... " "അതെ... പിന്നെ അന്നത്തെ സംഭവം... എനിക്ക് മാപ്പുതരണം... ഞാൻ അറിഞ്ഞുകൊണ്ടല്ല ഒന്നും... അയാൾ ആ സമയത്ത്... "

"അത് വിട്ടുകള... അവനെ എനിക്ക് നല്ലപോലെ അറിയുന്നതാണ്... നിങ്ങളുടെ നാട്ടിലുള്ള ഞങ്ങളുടെ കമ്പനിയിലായിരുന്നു അവൻ ജോലി ചെയ്തിരുന്നത്... ഒരിക്കൽ അവനവിടെനിന്ന് ഒരു തിരിമറി നടത്തി... അത് കയ്യോടെ അവിടുത്തെ മാനേജർ പിടിച്ചു... അന്ന് അവിടെനിന്നും പിരിച്ചുവിട്ടതാണവനെ.. അതിന്റെ ദേഷ്യം തീർത്തതാണവൻ..." "എന്താടാ ഇത് നിങ്ങൾതമ്മിൽ പരിചയമുള്ളവരാണോ... " കറിയാച്ചൻ ചോദിച്ചു... " "പരിചയം എന്നു പറഞ്ഞാൽ ഒരിക്കൽ മാത്രമേ ഇവരെ ഞാൻ കണ്ടിട്ടുള്ളൂ... ഇവര് ആ പ്രകാശന്റെ ഭാര്യയാണ്... അന്ന് എന്നെയും ചേർത്ത് ആ പ്രകാശൻ കുറച്ച് മോശമായി പെരുമാറി... അന്നിവർക്ക് അവനെ സഹികെട്ട് അടിക്കേണ്ടി വന്നു... അവസാനം അയാൾ ഇറക്കിവിട്ടുകാണും അല്ലേ... " "ഇറക്കിവിട്ടതല്ല... സ്വയം ജീവിതം അവസാനിപ്പിക്കാൻ മുതിർന്നതാണ്... പക്ഷേ ദൈവത്തിന്റെ മാലാഖയായിട്ടാണ് ഇവളുടെ വിളിവന്നത്... അങ്ങനെ ഇവിടേക്ക് പോന്നു... " ആ പ്രശ്നത്തെ തുടർന്നുണ്ടായതും ഇവിടെ വന്നപ്പോൾ കിച്ചുവിനെ കണ്ട കാര്യവുമെല്ലാം അവൾ പറഞ്ഞു... " "അവനെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല... കാരണം അവനിനിയും അടങ്ങിയിരിക്കില്ല... എന്തായാലും നിങ്ങൾ എത്തിപ്പെട്ടത് നല്ല സ്ഥലത്താണ്...

ഇവിടെ അവന്റെ കളി നടക്കില്ല... പിന്നെ എന്നെ പരിചയപ്പെടുത്തിയില്ല... ഞാൻ ജിമ്മി... എന്റെ അപ്പച്ഛനാണിത്... " "അയ്യോ ഞാൻ അറിയില്ലായിരുന്നു... " "അത് സാരമില്ല... പിന്നെ എന്ത് സഹായവും ഇവിടുണ്ടാകും... ആരും നിങ്ങളെ ഉപദ്രവിക്കില്ല... " "എന്റെ ഈ ജീവിതത്തിനിടക്ക് ഒരു പെണ്ണ് ഒരായുസ്സിൽ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ അനുഭവിച്ചു... ഇനിയെനിക്ക് വയ്യ... സ്വസ്ഥമായി ഇനിയെങ്കിലും ജീവിക്കണം... അല്ലെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കണം... " "അങ്ങനെ ചിന്തിക്കരുത് മോളേ... നമ്മുടെ ജീവിതം ഈശ്വരൻ തന്നതാണ്... അത് സ്വയം അവസാനിപ്പിക്കാൻ നമുക്ക് അവകാശമില്ല... ജീവിക്കണം... എല്ലാ പ്രശ്നങ്ങളും തരണം ചെയ്ത് ജീവിക്കണം... എന്നിട്ട് നിന്നെ ദ്രോഹിച്ചവരുടെ മുന്നിൽ നെഞ്ചു വിരിച്ച് നടക്കണം... എന്നാലേ നമ്മുടെ ജീവിതത്തിലൊരു വിലയുണ്ടാകൂ.. ഞങ്ങളെല്ലാവരും മോളുടെ കൂടെയുണ്ടാകും... " "അറിയാം... ഈ നാട്ടിൽ വന്നപ്പോഴാണ് എനിക്ക് ജീവിക്കണമെന്ന മോഹമുണ്ടായത്... ഇവിടുത്തെ നാട്ടുകാരുടേയും വീട്ടുകാരുടെയും സ്നേഹം കാണുമ്പോൾ യഥാർത്ഥ സ്നേഹമെന്താണെന്ന് ഞാൻ മനസ്സിലാക്കുകയാണ്... എനിക്ക് ജീവിക്കണം... നിങ്ങൾ പറഞ്ഞപോലെ എന്നെ ദ്രോഹിച്ചവരുടെ മുന്നിൽ എനിക്ക് ജയിച്ചുകാണിക്കണം... അതിനെനിക്ക് ഒരു ജോലിയാണ് വേണ്ടത്... "..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story