മറുതീരം തേടി: ഭാഗം 25

marutheeram thedi

രചന: രാജേഷ് രാജു

"നമുക്ക് ഭാഗ്യം എല്ലാം ഒന്നിച്ചാണല്ലോ വരുന്നത്... ഇപ്പോൾ വിളിച്ചതാരാണെന്നറിയോ... കാർത്തിക്... ഇവിടുത്തെ കൈക്കൂലിക്കാരൻ സി ഐ ക്കു പകരം നാളെ ചാർജ്ജെടുക്കുന്ന പുതിയ സി.ഐ... ഇനി ഭദ്രക്കും ആതിരക്കും ആരേയും പേടിക്കാതെ ജീവിക്കാം... ആള് പുലിയാണ്... അവന്റെ മുന്നിൽ ഒരുത്തനും വാലുപൊക്കില്ല... പൊക്കിപ്പിക്കില്ല കാർത്തിക്..." "ആ... വന്നാൽ കാണാം ആള് എങ്ങനെയുള്ളവനാണെന്ന്.. ഒരു സർക്കാർ ജീവനക്കാരനല്ലേ... ഏത് സർക്കാർ സ്ഥാപനത്തിൽ പോയാലും ഇപ്പോൾ ആദ്യം അവിടെയുള്ളവരുടെ മുഖം തെളിഞ്ഞാലേ കാര്യങ്ങൾ സാധിച്ചു കിട്ടൂ... എന്തിനേറെ... നമ്മുടെ ജീവൻ കാക്കുന്ന ഗവൺമെന്റ് ഹോസ്പിറ്റൽ ഡോക്ടർമാർക്ക് വരെ കനമുള്ള കവർ കൊടുത്താലേ അവർ രേഗികളെ നേരാവണ്ണം പരിശോദിക്കുകയുള്ളൂ.. എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല... എന്നാൽ മിക്കവരും അതാണ് അവസ്ഥ... പണം കണ്ടാൽ വീഴാത്ത ഏത് ഓഫീസർ മാരാണ് ഉള്ളത്... " ആതിര പറഞ്ഞു... "അതുശരിയാണ്... എന്നാൽ നല്ലവരും ആ കൂട്ടത്തിലുണ്ട്.. അതിലൊരാളാണ് കാർത്തിക്... സംസാരിച്ചു നിന്ന് നേരംപോയി നാളേക്കുള്ള കുറച്ച് സാധനങ്ങൾ വാങ്ങിക്കണം... ഞാനിറങ്ങട്ടെ... " ജിമ്മിച്ചൻ എഴുന്നേറ്റു...

"അയ്യോ ഒന്നും കഴിക്കാതെയാണോ പോകുന്നത്... " ഭദ്ര ചോദിച്ചു... "ഇപ്പോഴൊന്നും വേണ്ട... സമയം ഇനിയുമുണ്ടല്ലോ... " ജിമ്മിച്ചൻ കാറിനടുത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "പ്രകാശാ ആ പെണ്ണ് എവിടെയാണെന്ന് നീ അന്വേഷിച്ചോ... " അവന്റെ അമ്മ വിശാല ചോദിച്ചു... "എനിക്കതല്ലേ പണി... ആ നാശം എവിടെയെങ്കിലുംപോയി ചത്താൽ എനിക്ക് സമാധാനമായേനെ... പക്ഷേ അതിനിടയിൽ എന്റെ കയ്യിൽ വന്നു പെട്ടാൽ എന്റെ കൈകൊണ്ടാകും അവളുടെ അന്ത്യം... " "പ്രകാശാ... എന്തൊക്കെയാടാ ഇത്... നിനക്ക് അവളെ ദ്രോഹിച്ച് മതിയായില്ലേ... അതിനു മാത്രം എന്ത് തെറ്റാണ് അവൾ ചെയ്തത്... ഒരു കണക്കിന് അവളുടെ അവസ്ഥക്ക് കാരണക്കാരി ഞാനാണ്... ആ പാവം പെണ്ണിനെ ഈ നരകത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ഞാനാണ്... സ്വന്തം മകന്റെ അസുഖം മാറുമല്ലോ എന്നുകരുതി... എന്നാൽ എനിക്ക് തെറ്റി... നിന്റെ അസുഖം ഇനി എന്തു ചെയ്തിട്ടും മാറില്ലെന്ന് മനസ്സിലായി.. ചത്തുപോയ ഒരുത്തിയെ മനസ്സിൽ കൊണ്ടുനടക്കുകയാണല്ലോ നീ... അവൾക്ക് നിന്നെ വേണ്ടായിരുന്നു... എന്നിട്ടും അവളേയും മനസ്സിൽ പ്രതിഷ്ഠിച്ച് നടന്നു.... അവസാനം അവൾ ഏതോ ഒരുത്തന്റെ കൂടെ പോയി... എന്നിട്ടോ ആ ജീവിതത്തിന് അധികമായുസ്സും ദൈവം കൊടുത്തില്ല...

ഏതോ കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് വീണു... അത് കാൽതെറ്റി വീണതാണോ അതോ വേറെയെന്തെങ്കിലുമാണോ എന്നൊന്നും അറിയില്ല... ഇപ്പോഴും അവളെ മനസ്സിൽ വച്ചുകൊണ്ട് നടന്ന് ആ ഭദ്രയെ കൊല്ലാക്കൊലചെയ്തു... " "മതി നിർത്തുന്നുണ്ടോ... ഞാനെങ്ങനെ ജീവിക്കണം ജീവിക്കേണ്ട എന്നൊക്കെ എനിക്കറിയാം... അതാരും എന്നെ പഠിപ്പിക്കേണ്ട... അത്രക്ക് ആവലാധിയുണ്ടെങ്കിൾ പോയന്വേഷിക്ക്... എന്റെ കയ്യിൽ കിട്ടിയാൽ അവളുടെ അന്ത്യമാണ്... ഏതവന്റെയും കൂടെ അഴിഞ്ഞാടി നടക്കുകയാകും... ആ വിനയന്റെ കൂടെ ഒരുപാട് അഴിഞ്ഞാടിയതല്ലേ... പുതിയ ഒരുത്തനെ കണ്ടപ്പോൾ അവിടേക്ക് പോയിട്ടുണ്ടാകും... നിങ്ങൾക്ക് വേണമെങ്കിൽ അന്വേഷിക്കാം...പക്ഷേ എവിടെചെന്ന് അന്വേഷിച്ച് കണ്ടെത്തിയാലും എന്റെ കൺമുന്നിൽ വരരുതെന്ന് പറഞ്ഞേക്കണം... അഥവാ ഇനിയവൾ ഏതവന്റേയുംകൂടെ സുഖിച്ചു വാഴുകയാണെങ്കിൽ അത് അവളുടെ നാശത്തിലേക്കുള്ള വഴിയാണ്... " പ്രകാശൻ ദേഷ്യത്തോടെ പുറത്തേക്ക് പോയി....

"അവനോട് പറയാൻ പോയ അമ്മയെ പറഞ്ഞാൽ മതി... അവന്റെ സ്വഭാവം അമ്മക്ക് ഇത്രയായിട്ടും മനസ്സിലായില്ലേ... അവൻ നന്നാവില്ല... എങ്ങനെ നന്നാവാനാണ്.. അതുപോലത്തേതാണല്ലോ ഉപയോഗിച്ച് കൂട്ടുന്നത്... ഒന്നും കാണാൻ നിൽക്കാതെ അച്ഛൻ നേരത്തെ പോയത് നന്നായി... ഇല്ലെങ്കിൽ ആ പാവം ആകെ തകർന്നുപോയേനേ... അമ്മാവന്റെ അതേ സ്വഭാവമാണ് ഇവനും... അമ്മാവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല എന്നേയുള്ളൂ... ബാക്കിയെല്ലാം അതേ സ്വഭാവം തന്നെ... " അവിടേക്ക് വന്ന പ്രീതി പറഞ്ഞു.. " "എന്തൊക്കെ ആശയോടെയാണ് അവനെ വളർത്തിയതും വിവാഹം കഴിപ്പിച്ചതും... എന്നിട്ട് എന്തുണ്ടായി... ആ പെണ്ണിന്റെ ശാപം പോലും എന്റെ തലയിലാണ് വന്നു വീഴുന്നത്... ഇതുനുമാത്രം എന്ത് ശാപമാണ് ഞാൻ ചെയ്തത്.. അവന്റെ വിവാഹം നടത്തിയതോ... ഇതൊന്നും കാണാതെ ദൈവം എന്നെ നേരത്തെ വിളിച്ചാൽ മതിയായിരുന്നു... അതെങ്ങനെ... എല്ലാം ഞാൻ അനുഭവിക്കാൻ ബാദ്ധ്യസ്ഥയാണ്... ഒരു പാവം പെണ്ണിനെ ഒരു നരകത്തിലേക്ക് തള്ളി വിട്ടില്ലേ... അതിനുള്ള ശിക്ഷയാണ് ഇതെല്ലാം... " വിശാല കണ്ണ് തുടച്ചുകൊണ്ട് അകത്തേക്ക് നടന്നു പോയി... അടുത്ത ദിവസം...........

. "ഇന്നല്ലേ പുതിയ സിഐ ചാർജ്ജെടുക്കുന്നത്... പണ്ട് ഇവിടെ എസ്ഐ ആയിരുന്ന ആളാണ്... പ്രമോഷൻ കിട്ടി പോയതാണ്... " കോൺസ്റ്റബിൾ ഗോപിനാഥൻ എസ്ഐ സുഗുണനോട് പറഞ്ഞു... "അറിയാം... വലിയ സത്യശീലനാണെന്നാണ് കേട്ടത്... പണ്ട് ഈ നാട് നന്നാക്കാൻ കുറേ ശ്രമിച്ചതാണ്... അത് കുറച്ചൊക്കെ ചെയ്യുകയും ചെയ്തു... പക്ഷേ അന്നത്തെ ധർമ്മരാജൻമുതലാളിയല്ല ഇന്ന്... അയാൾ അധികം തുള്ളിയാൽ അതോടെ തീർന്നു അവന്റെ ജീവിതം... " സുഗുണൻ പറഞ്ഞു... "അങ്ങനെ എഴുതിതള്ളേണ്ട... അവന്റെ ഫലം ആ കറിയാച്ചനും ജിമ്മിയുമാണ്... അവർക്ക് വേണ്ടി അയാൾ എന്തും ചെയ്യും... സാറൊന്ന് സൂക്ഷിച്ചു നിന്നാൽ നല്ലതാണ്... അവനെ അത്ര നിസാരക്കാരനായി കാണേണ്ട... " "എന്താ എന്നെ കൈപ്പലതടയാതെ വിഴുങ്ങുമോ അയാൾ... ഏതൊരു ഓഫീസറും പുതിയതായി ചാർജ്ജെടുത്താൽ ചോരത്തിളപ്പുകാരണം കുറച്ച് പരാക്രമം കാണിക്കും... കുറച്ചുകഴിയുമ്പോൾ താനേ പത്തി മടക്കും..." "അയാളെ ആ ഗണത്തിൽ കൂട്ടേണ്ട...

ഒന്നുമില്ലെങ്കിലും അഞ്ചെട്ടുമാസം അയാളുടെ കൂടെ ജോലിചെയ്ത അനുഭവം കൊണ്ട് പറയുകയാണ്... ഞാൻ പറയാനുള്ളത് പറഞ്ഞു... സാറിന് അയാളെ നേരിട്ട് പരിചയമില്ലല്ലോ... അതാണ് ഇങ്ങനെ പറയുന്നത്... ഇനി സാറിന്റെ ഇഷ്ടംപോലെ ചെയ്യ്... " ഗോപിനാഥൻ പറഞ്ഞു... "ആ ഞാൻ നോക്കിക്കോളാം... നിങ്ങളുടെ വായിൽനിന്നും ഒന്നും വിളിച്ചുപറയാതിരുന്നാൽ മതി... " "ഞാനെന്തിന് പറയണം... ഈ നാട്ടിലുള്ളവർക്കും സർവീസിലുള്ളവർക്കും അറിയുന്നതല്ലേ എല്ലാം... ഇനി സാറിന്റെ ഇഷ്ടംപോലെ ചെയ്യ്... ഗോപിനാഥൻ തന്റെ സീറ്റിലേക്ക് പോയി... പോകുന്ന പോക്കിൽ ഗോപിനാഥൻ സുഗുണനെതിരിഞ്ഞൊന്നു നോക്കി... അയാൾ ഫോണെടുത്ത് ആരേയോ വിളിക്കാനുള്ള ശ്രമമായിരുന്നു... "സുഗുണൻസാറേ... തീർന്നു നിങ്ങളുടെ സമ്പാദിക്കൽ... ഇനി നിങ്ങളുടെയൊക്കെ ശനിദശയാണ് വരാൻ പോകുന്നത്.. സി ഐ സാർ അങ്ങനെയിനി നിങ്ങളെയൊന്നും വിലസാൻവിടില്ല... നിങ്ങൾക്കും നിങ്ങളുടെ നേതാവിനും നല്ല പണിതന്നെ വരുന്നുണ്ട്...

വരുന്നത് പുലിക്കുട്ടിയാണ്... നിങ്ങളുടെയൊന്നും കളി അവിടെ നടക്കില്ല... മറ്റുള്ളവരെ പിഴിഞ്ഞുണ്ടാക്കിയതെല്ലാം കൈവിട്ടുപോകാൻ തുടങ്ങുകയാണ്... " ഗോപിനാഥൻ മനസ്സിൽ പറഞ്ഞ് തിരിഞ്ഞു നടന്നു.... അന്നേരം കവലയിലിൽ ബസ്സിറങ്ങി ഒരാൾ ഓട്ടോ സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.. "ഒരോട്ടം പോകണം... " അയാൾ ഒരു ഒട്ടോക്കാരനോട് പറഞ്ഞു... "എവിടേക്കാണ്... " "ഇവിടെയടുത്തുള്ള ഒരു കറിയാച്ചൻമുതലാളിയുണ്ടല്ലോ അദ്ദേഹത്തിന്റെ വീട്ടിലേക്ക്... " "നൂറുരൂപയാകും... " "നൂറുരൂപയോ... അതിന് അതിനു മാത്രം ദൂരമുണ്ട് അവിടേക്ക് " "പോക്കറ്റ് റോഡാണ്... തിരിച്ചു വരുമ്പോൾ ആളെ കിട്ടിക്കോളണമെന്നില്ല... " "അതുകൊണ്ട് തോന്നുന്ന ചാർജ്ജ് വാങ്ങിക്കുകയാണോ വേണ്ടത്... മീറ്റർ ചാർജ്ജ് തരും..." "അതിന് ഇവിടെ മീറ്ററൊന്നും ഉപയോഗിക്കാറില്ല... വേണമെങ്കിൽ കയറിയാൽ മതി... ഇല്ലെങ്കിൽ വേറെ വണ്ടി വിളിച്ച് പോകാൻ നോക്ക്... " "ഇതല്ലേ ആദ്യം പോകേണ്ടത്... അപ്പോൾ ഇതിൽത്തന്നെ പോകണമെനിക്ക്... കിലോമീറ്റർ വാടക തരും..." "നിങ്ങൾ രാവിലെത്തന്നെ ഉടക്കാൻ വരുവാണോ...

സാറേ ഇത് സ്ഥലം വേറെയാണ്... " "അതെന്താ ഈ സ്ഥലത്തിന് പ്രത്യേകത... നിങ്ങൾ ഓടാനാണ് ഈ ഓട്ടോയുമായി ഇവിടെ നിൽക്കുന്നതെങ്കിൽ ഓടിയേപറ്റൂ... പറ്റില്ലെങ്കിൽ അത് ഒരു വെള്ള പേപ്പറിൽ എഴുതിത്തന്നേക്ക്... ബാക്കി ഞാൻ നോക്കിക്കോളാം... ഇവിടെ നിയമമൊക്കെയുണ്ടല്ലോ... ഞാൻ ആ വഴി നോക്കിക്കോളാം... " "എടോ താൻ നിയമം പഠിപ്പിക്കാനാണോ വന്നത്... ഇത്രയും നേരം നല്ലരീതിയിൽ പറഞ്ഞു... ഇനി അതുണ്ടാവില്ല... തടി കേടാവേണ്ടെങ്കിൽ സ്ഥലം കാലിയാക്കാൻ നോക്ക്... " ഓട്ടോക്കാരൻ വണ്ടിയിൽനിന്നിറങ്ങിക്കൊണ്ട് പറഞ്ഞു... "എന്താടാ മുനീറേ പ്രശ്നം..." പുറകെയുള്ള ഓട്ടോക്കാരൻ ബാബു അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു... "ഇവൻ നിയമം പഠിപ്പിക്കാൻ വന്നതാണ് ബാബുവേട്ടാ... കറിയാച്ചന്റെ അവിടേക്ക് നൂറുരൂപയാകുമെന്ന് പറഞ്ഞപ്പോൾ ഇവൻ മീറ്റർ വാടക തരാമെന്ന് പറയുന്നത്... അല്ലെങ്കിൽ കിലോമീറ്റർ വാടക തരാമെന്ന്... " ബാബു അയാളുടെയടുത്തേക്ക് വന്നു... "ആണോ സാറേ... എന്നാൽ സാറ് നടന്ന് പോവേണ്ടി വരുമല്ലോ...

അവിടേക്ക് സാധാരണ നൂറു രൂപയാണ് വാങ്ങിക്കുന്നത് അത് തരാൻ പറ്റുമെങ്കിൽ സാറിനെ കൊണ്ടുവിടാം... " "അല്ലാതെ നിങ്ങൾ വരില്ല അല്ലേ... എന്നാൽ ഇവൻ വരും... കിലോമീറ്റർ വാടകതന്നെ തരും... അതിൽ ഒരുരൂപപോലും കൂട്ടിത്തരില്ല... എടുക്കടോ വണ്ടി... " അയാൾ ഓട്ടോയിൽ കയറിയിരുന്നു... "ഇറങ്ങടോ വണ്ടിയിൽ നിന്ന്... മുനീർ അയാളുടെ ഷർട്ടിന്റെ കോളർ പിടിച്ചു വലിച്ചു... എന്നാൽ ആ നിമിഷം അയാൾ മുനീറിന്റെ കരക്കുറ്റിനോക്കിയൊന്ന് പൊട്ടിച്ചു... "പുന്നാരമോനേ... നീയാരോടാ കളിക്കുന്നത്... നീയൊക്കെ ഇവിടെ കാണിച്ചുകൂട്ടുന്ന കളികൾ എന്റെ നേരെ വേണ്ട... ഞാനാരാണെന്ന് തനിക്കറിയോ..." അയാൾ ഓട്ടോയിൽ നിന്നിറങ്ങി മുന്നിലേക്ക് വന്ന് അതിന്റെ ചാവിയൂരി... "ഇത് നീ സ്റ്റേഷനിൽ വന്ന് വാങ്ങിച്ചോ... പിന്നെ നിന്റെ പെർമിറ്റ് എടുക്ക്... അതുപോലെ ഇയാളുടേയും... " അയാൾ തിരിഞ്ഞ് ബാബുവിനോടും പറഞ്ഞു... " "ഇതൊക്കെ ചോദിക്കാൻ നീയാരാടാ... " ബാബു ചോദിച്ചു... " "കാർത്തിക്... ഇവിടെ പുതിയതായി ചാർജ്ജെടുക്കാൻ വന്ന പാവം സിഐ ആണ്... എന്താ അതിന് വല്ല കുഴപ്പവുമുണ്ടോ... "....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story