മറുതീരം തേടി: ഭാഗം 28

marutheeram thedi

രചന: രാജേഷ് രാജു

സ്റ്റേഷനിൽ എത്തിയ കാർത്തിക്കിനേയും പ്രതീക്ഷിച്ച് ഒരാൾ അവിടെയിരിപ്പുണ്ടായിരുന്നു... ജിമ്മിച്ചനോട് വൈകീട്ട് കാണാമെന്ന് പറഞ്ഞ് അവൻ സ്റ്റേഷനിലേക്ക് കയറി... "എവിടെടോ നിന്റെ പുതിയ ഏമാൻ... കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായല്ലോ... " ധർമ്മരാജൻ എസ്ഐ സുഗുണനോട് ചോദിച്ചു... " "ആർക്കറിയാം... വലിയ ക്രിത്യനിഷ്ഠയുള്ള ആളാണെന്ന് പറയുന്നത് കേട്ടു... ഇനി ഇന്ന് ചാർജ്ജെടുക്കുന്നില്ലേ ആവോ... " "പണ്ട് എന്നെ ഒതുക്കിയവനാണ്... അന്നത് പോകട്ടെ എന്ന് വച്ചു... ആദ്യമായി സർവ്വീസീൽ കയറുമ്പോൾ ഉണ്ടാകുന്ന ഏനക്കേടാകാം കാരണം... ഇപ്പോൾ അയാളെ എങ്ങനെയെങ്കിലും നമ്മുടെ വരുതിൽ നിർത്തണം..... ആള് രാവിലെ ഇവിടെയെത്തിയ പ്പോൾ തന്നെ എന്റെ പിള്ളേരുടെ നേരെ ചൊറിയാൻ ചെന്നതാണ്... അങ്ങനെ ഇവിടെ നന്നാക്കാൻ അവനൊരു മോഹമുണ്ടെങ്കിൽ അത് മുളയിലേ നുള്ളണമല്ലോ... " "മുതലാളി എന്താണ് ഉദ്ദേശിക്കുന്നത്... പണമെറിഞ്ഞ് വീഴ്ത്താനാണോ ഉദ്ദേശം... "

"എടോ പണത്തിന് കീഴിൽ നടക്കാത്തത് എന്താണുള്ളത്... അയാൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ഞാൻ കൊടുക്കും... അയാളെ എനിക്കു വേണം... ആ കറിയാച്ചനും മോനുംകൂടിയാണല്ലോ അവനെ ഇവിടേക്ക് വീണ്ടും കൊണ്ടുവന്നത്... അന്നേരം ഇയാൾ അവർക്കുതന്നെ എതിരായി പ്രവർത്തിക്കണം... പ്രവർത്തിപ്പിക്കും ഞാൻ... പണം എനിക്ക് പ്രശ്നമല്ല... അയാളെ ആ സിഐ യെ എന്റെ ചൊൽപ്പടിക്ക് നിർത്തണം... " "ആഗ്രഹം കൊള്ളാം... പക്ഷേ നടക്കില്ലെന്ന് മാത്രം... അയാളെ ശരിക്കും അറിയാഞ്ഞിട്ടാണ്... പഴയ സിഐ സുന്ദരനല്ല... ഏൽപ്പിച്ച കേസുകൾ കാലതാമസം കൂടാതെ തെളിയിക്കാൻ മിടുക്കനാണ് അയാൾ.. നമ്മളെപ്പോലെയുള്ളവരുടെ ഏറ്റവും വലിയ തലവേദന... അയാളെയാണോ മുതലാളി ചൊൽപ്പടിക്ക് നിർത്താൻ പോകുന്നത്... " "അയാളല്ല അയാളുടെ തന്ത എന്റെ ചൊൽപ്പടിയിൽ നിൽക്കും... അത് നീ കണ്ടോ... എത്ര വലിയവനാണെങ്കിലും... ഒരിക്കലും നിനക്കാത്തത്ര പണം കയ്യിൽ വരുമെന്ന് അറിയുമ്പോൾ താനേ എന്തിനും തയ്യാറാകും... "എത്ര പണം എനിക്കുവേണ്ടി എറിയുമെന്ന് ചോദിക്ക് സുഗുണാ... പെട്ടന്ന് ഡോറിനടുത്തുനിന്ന് ചോദ്യം കേട്ടപ്പോൾ സുഗുണനും ധർമ്മരാജനും അവിടേക്ക് നോക്കി..

. അകത്തേക്ക് വരുന്ന കാർത്തിക്കിനെ കണ്ടപ്പോൾ സുഗുണൻ എഴുന്നേറ്റ് സല്യൂട്ടടിച്ചു... "എന്താ എന്നെ വിലപേശുന്നത് എവിടെവരെയെത്തി... എത്ര പണം അതിനുവേണ്ടി മുടക്കും ഇയാൾ... " കാർത്തിക് ധർമ്മരാജനെ നോക്കി സുഗുണനോട് ചോദിച്ചു... "എത്രവേണമെങ്കിലും മുടക്കും... അന്നത്തെപ്പോലെ ഒന്നുമില്ലാത്തവനല്ല ഞാൻ ഇന്നെനിക്ക് പണം പ്രശ്നമുള്ള കാര്യമല്ല... എത്ര വേണം പറഞ്ഞോ... ഞാൻ തരും... എന്നിട്ട് നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാം... മാത്രമല്ല എനിക്കുവേണ്ടി ചെയ്തുതരുന്ന ഓരോ ഉപകാരങ്ങൾക്കും അപ്പപ്പോൾ നല്ലരു തുക നിങ്ങളുടെ കയ്യിലെത്തും... " "ഫ്ഭാ കഴുവേറിമോനെ... എനിക്ക് വിലയിടാർ വരുന്നോ നീ... നീയെന്തുകരുതി ഇയാളേയും പഴയ സിഐ സുന്ദരൻസാറിനേയും പോലെ നിന്റെ വീട്ടിലെ കിടക്കവരെ വിരിക്കാൻ തയ്യാറായി വന്നവനാണെന്നോ... എന്നാൽ തെറ്റി... അങ്ങനെ നിന്നെപ്പോലെ ഒരു മൃഗത്തിന് കാവൽനിൽക്കുന്നവനല്ല ഞാൻ... ഇപ്പോൾ വേണമെങ്കിൽ നിന്നെ എനിക്ക് പിടിച്ച് അകത്തിടാം... പക്ഷേ അതിന് പ്രശസ്തിയില്ലല്ലോ...

ഉടനെ മുകളിൽ നിന്നും നിന്നെ വിട്ടയക്കാൻ ഓഡർ എത്തുമല്ലോ... " "അപ്പോൾ നിനക്ക് എന്നെ ശരിക്കുമറിയാം അല്ലേ... മോനേ നീയൊന്നും ഇപ്പോൾ ഈ ധർമ്മരാജനെ നേരിടാനുള്ള അടവുകളൊന്നും പഠിച്ചിട്ടില്ല... അതിന് സമയമാകുമ്പോൾ ഞാൻ വരാം നിന്റെ കാൽകീഴിൽത്തന്നെ... ഇപ്പോൾ ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് കൊള്ളാം... " "നിർത്തടാ പുന്നാരമോനേ... നീയാരാണെന്നാ നിന്റെ വിചാരം... നിന്റെ വിരട്ടൽ ദാ ഇയാളെപ്പോലെയുള്ളവരുടെ നേരെ മതി... ഞാൻ ഒന്നിനായിട്ട് ഒരുമ്പെട്ടിറങ്ങിയാൽ അതോടെ നിന്റെ അവസാനം കണ്ടേ പിൻതിരിയൂ... അതുകൊണ്ട് പെട്ടന്ന് സ്ഥലംകാലിയാക്കാൻ നോക്ക്... " "എടോ നീ ആരെയാണ് അപമാനിച്ച് വിടുന്നതെന്ന് അറിയില്ല... രാവിലെ എന്റെ ചില ആളുകളെ ഓട്ടോസ്റ്റാന്റിൽ വച്ച് നീ കുടഞ്ഞതുപോലെയാകില്ല... നീ കരുതിയിരുന്നോ...

നീ എന്റെ കാൽക്കീഴിൽത്തന്നെ അഭയം തേടും... വരുത്തും ഞാൻ... ധർമ്മരാജനാണ് പറയുന്നത്... " "എന്നാൽ അന്ന് എന്റെ തൊപ്പി വലിച്ചെറിഞ്ഞ് നിനക്ക് ക്ഷൌരം ചെയ്തുതരും ഞാൻ... ചിലക്കാതെ ഇറങ്ങിപ്പോടോ..." ധർമ്മരാജൻ അവനെയൊന്നിരിത്തി നോക്കിയതിനുശേഷം അവിടെനിന്നും ഇറങ്ങിപ്പോയി... കാർത്തിക് തിരിഞ്ഞ് സുഗുണനെ നോക്കി... "എന്താ സുഗുണാ ഇതൊക്കെ... നിങ്ങൾ അയാളുടെ പിച്ചക്കാശുകൊണ്ടാണ് ജീവിക്കുന്നതെങ്കിൽ അതിന്റെ നന്ദി ഈ സ്റ്റേഷനിൽവച്ച് വേണ്ട... അത് പുറത്തുമതി ഇനി ഇതുപോലെ അയാളെപ്പോലെയുള്ള ഏതവനെയെങ്കിലും സൽക്കരിച്ച് സ്റ്റേഷനിൽ വിളിച്ച് കയറ്റിയിരുത്തിയാൽ പിന്നെ തന്റെ തലയിലെ ഈ തൊപ്പി അവിടെയുണ്ടാവില്ല... അതിന് വേണ്ടത് ഞാൻ ചെയ്യും... മനസ്സിലായല്ലോ..." "യെസ് സാർ... " "എന്നാൽ കഴിഞ്ഞ ആറുമാസം മുമ്പുവരെ ഈ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത എല്ലാ കേസ്സുകളുടേയും വിവരങ്ങൾ എനിക്ക് കിട്ടണം... എത്രയും പെട്ടന്ന്... കേട്ടല്ലോ.. " "ശരി സാർ.. പെട്ടന്ന് എത്തിക്കാം.. " സുഗുണൻ കൊൺസ്റ്റബിൾ ഗോപിനാഥനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അന്ന് വൈകുന്നേരം അച്ചുവും കിച്ചുവും കറിയാച്ചന്റെ വീട്ടിലേക്ക് പുറപ്പെടാൻ റഡിയായി ഇറങ്ങി... അപ്പോഴേക്കും ഭദ്രയും ആതിരയുമെത്തി.... അപ്പുമോനെ കിച്ചു ആതിരയുടെ കയ്യിൽനിന്നും വാങ്ങിച്ചു... "നമ്മൾ വെറുംകയ്യോടെ അവിടേക്ക് പോകുന്നതോർക്കുമ്പോഴാണ്... ആകെ വഷളത്തരമല്ലേ... " ഭദ്ര ചോദിച്ചു... "എന്നാലേ അവിടെ ഒരു അമ്മിയും കുട്ടിയും കിടപ്പുണ്ട്... അത് തലയിൽ വച്ച് നടന്നോ... " അച്ചു പറഞ്ഞു... "അത് നിങ്ങൾക്കാണ് നല്ലത്... അതെടുക്കാനുള്ള ആരോഗ്യം ഞാനുംകൂടി ചേർന്ന് ഉണ്ടാക്കി തന്നില്ലേ... അന്നേരം നിങ്ങൾ തന്നെ എടുത്തോ... എന്നിട്ട് മുന്നിൽ നടന്നോ... " അതുകേട്ട് കിച്ചുവും ആതിരയും ചിരിച്ചു... "എന്തിനാ അച്ചുവേട്ടാ വടികൊടുത്ത് അടി വാങ്ങിച്ചത്... വല്ല കാര്യവുമുണ്ടായിരുന്നോ... " "നിന്റെ ചേച്ചിയല്ലേ... അങ്ങനെ പറഞ്ഞില്ലെങ്കിലേ കുഴപ്പമുള്ളൂ... " "ഓ ഇപ്പോൾ നമുക്കിട്ടാണോ തൂങ്ങുന്നത്... ആ.. ഇനി എന്തൊക്കെ കാണാനും കേൾക്കാനുമിരിക്കുന്നു... അപ്പുമോനെ നമുക്ക് മുന്നിൽ നടക്കാം... ഇല്ലെങ്കിൾ ഇനിയും നമുക്കിട്ട് താങ്ങും... ഇപ്പോൾ അവർ രണ്ടും ഒറ്റക്കെട്ടാണ്...

അല്പം മാറി നിൽക്കുന്നതാണ് നല്ലത്... " "അതാണ് നല്ലത്... " "അല്ല അച്ചുവേട്ടാ... ഇന്നേതോ കൊലകൊമ്പൻ ഇവിടെ സിഐ ആയി ചാർജ്ജെടുക്കുമെന്ന് ഇന്നലെ ജിമ്മിച്ചൻ പറഞ്ഞല്ലോ... എന്നിട്ട് ഒരു വിവരവും അതിനെപ്പറ്റി അറിഞ്ഞില്ലല്ലോ... " "നിന്നെ അറിയിച്ചിട്ടുവേണോ അയാൾക്ക് ചാർജ്ജെടുക്കാൻ... " "അതൊന്നും വേണ്ട... ആള് മുമ്പ് ഇവിടെ എസ്ഐ ആയി ഉണ്ടായിരുന്നു എന്നു പറഞ്ഞു... അച്ചുവേട്ടൻ കണ്ടിട്ടുണ്ടോ ആളെ... " "ഉണ്ട് കണ്ടിട്ടുമുണ്ട് പരിചയപ്പെട്ടിട്ടുമുണ്ട്... അന്ന് എന്നെ ഹോസ്പിറ്റലിലേക്ക് എടുത്തുകൊണ്ട് ഓടിയില്ലേ ഒരാൾ... ഹരികൃഷ്ണൻ... അവന്റെ വീടിനടുത്താണ് താമസിച്ചിരുന്നത്... ഞാൻ മാത്രമല്ല... ഭദ്രക്കും അയാളെ അറിയുമെന്നാണ് തോന്നുന്നത്... ഇവിടെനിന്നും പ്രമോഷനോടെ പോയത് നമ്മുടെ നാട്ടിലേക്കാണ്... നിന്റെ അമ്മാവന്റെ വീടിനടുത്ത് ഒരു കൊലപാതകം നടന്നത് ഓർമ്മയില്ലേ... ഒരു തട്ടാൻ ബൈജുവിനെ... അന്ന് ആ കേസ് തെളിയിച്ചത് ഇയാളാണ്... "ഏത് ജ്വല്ലറി മോഷ്ടിക്കാൻ വന്നപ്പോൾ നടന്ന കൊലപാതകമോ... " "അതെ അതുതന്നെ... "

"അയാളുടെ പേര്.... അതെ കാർത്തിക്... എനിക്കറിയാം ആളെ... എടി നമ്മൾ കോളേജിൽ പഠിക്കുമ്പോൾ നമ്മുടെ കൂടെയുണ്ടായിരുന്ന ധന്യയെ ഓർമ്മയില്ലേ അവളെ വിവാഹം കഴിച്ച ആളെ നിനക്കറിയില്ലേ... " "അയാളാണോ ഇത്... പക്ഷേ ജിമ്മിച്ചൻ പറഞ്ഞത് അയാളുടെ ഭാര്യ പ്രസവത്തിൽ മരിച്ചെന്നാണല്ലോ... അപ്പോൾ ധന്യ... ഈശ്വരാ... പാവം കുട്ടിയായിരുന്നു അവൾ... ആരോടും കൂട്ടുകൂടാതെ നനിച്ചിരിക്കുന്ന സ്വഭാവമായിരുന്നു... പക്ഷേ ഒരിക്കൽ അവൾ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു... മിണ്ടാപ്പൂച്ചയായ അവൾ ഒരാളുമായി ഇഷ്ടത്തിലായെന്ന് ഞങ്ങളറിഞ്ഞു... പിന്നെപ്പിന്നെ അധികവും അവളെ കാണാനായി അയാൾ കോളേജ് ഗെയ്റ്റിനടുത്ത് വരുമായിരുന്നു... അങ്ങനെ അയാളെ ഞങ്ങളും പരിചയപ്പെട്ടു.. എന്റെ വിവാഹം നടന്ന അതേ മാസമായിരുന്നു അവരുടെയും വിവാഹം... അവൾ മരിച്ച വിവരമൊന്നും ആരും പറഞ്ഞതുമില്ല... " "അതിന് അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ആരും പറയില്ലല്ലോ... എന്തെങ്കിലും നുണകൾ പ്രചരിപ്പിക്കാൻ നൂറാളുകളുണ്ടാവും...

അയാൾക്ക് നമ്മളെ പരിചയമുണ്ടാകാനിടയുണ്ടോ എന്നൊന്നുമറിയില്ല... ഇന്ന് ചാർജ്ജെടുത്തിട്ടുണ്ടെങ്കിൽ പിറന്നാളിന് അയാളുണ്ടാകുമവിടെ... ജിമ്മിച്ചന്റെ കൂട്ടുകാരനല്ലേ.. " കിച്ചു പറഞ്ഞു... "ഉണ്ടാകാൻ സാധ്യതയുണ്ട്... ഇന്ന് അയാൾ എത്തിയിട്ടുണ്ടെങ്കിൽ അയാൾ ഉറപ്പായും അവിടെയുണ്ടാകും..." അച്ചു പറഞ്ഞു... "നിങ്ങളിങ്ങനെ പതുക്കെ ഓരോ ചവിട്ടടി വച്ചു നടക്കുമ്പോഴേക്കും അവിടെ പരിപാടിയെല്ലാം കഴിഞ്ഞിട്ടുണ്ടാകും... ഒന്ന് പെട്ടന്ന് നടക്കുന്നുണ്ടോ... " കിച്ചു പറഞ്ഞുകൊണ്ട് മുന്നിൽ നടന്നു..... "ആതിരേച്ചി ഒന്ന് നിൽക്ക്... ഞാനുമുണ്ട്... " അവരുടെ പുറകിൽനിന്ന് ആരോ വിളിക്കുന്നത് കേട്ട് അവർ തിരിഞ്ഞു നോക്കി... അശ്വതി അവരുടെ പുറകെയായി ഓടികിതച്ചുകൊണ്ട് വരുന്നുണ്ടായിരുന്നു... " "ഓ ഇവളുമുണ്ടോ നമ്മുടെ കൂടെ... " അച്ചു ചോദിച്ചു... "മിണ്ടാതിരിക്ക് അച്ചുവേട്ടാ... അവൾ കേട്ടാൽ മോശമാണ്... " ഭദ്ര പറഞ്ഞു... "അതിന് ഞാൻ വല്ലതും പറഞ്ഞോ... ഇവളുണ്ടോ കൂടെ എന്നല്ലേ ചോദിച്ചത്... " "നീയെന്താ ഒറ്റക്ക്... അമ്മയും അനിയത്തിയുമൊന്നുമില്ലേ... " ആതിര അശ്വതിയോട് ചോദിച്ചു ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story