മറുതീരം തേടി: ഭാഗം 3

marutheeram thedi

രചന: രാജേഷ് രാജു

"ആണോ.. എന്നാൽ നേരിട്ടൊന്ന് പരിചയപ്പെടണമല്ലോ... " ഭദ്ര വഴിയിൽ നിൽക്കുന്ന അയാളുടെയടുത്തേക്ക് നടന്നു... അയാളുടെ അടുത്തുചെന്ന് അവളൊന്നു മുരടനനക്കി... അതുകേട്ട് അയാൾ തിരിഞ്ഞു നോക്കി... അയാളുടെ മുഖത്തേക്ക് നോക്കിയ ഭദ്ര അന്തംവിട്ടു... "അർജ്ജുൻ... അച്ചുവേട്ടൻ... " അർജ്ജുനനും അവളെ കണ്ടു... "അച്ചുവേട്ടനെന്താ ഇവിടെ... നാട്ടിലെ, കമ്പനിയിലായിരുന്നല്ലോ ജോലി ചെയ്തിരുന്നത്... " "എന്താ എനിക്ക് ഇവിടെ പണിയെടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ... " അച്ചു കുറച്ച് ഗൌരവത്തിൽ ചോദിച്ചു... "അയ്യോ അതുകൊണ്ടല്ല... ഞാൻ കാണുമ്പോൾ അവിടെയായിരുന്നു ജോലി... അതുകൊണ്ട് ചോദിച്ചതാണ്... " "എന്നും ഒരുസ്ഥലത്ത് ജോലിചെയ്യാമെന്ന് ഞാനാർക്കും വാക്കുകൊടുത്തിട്ടില്ല... എനിക്ക് ഇഷ്ടമുള്ളേടത്തു ഞാൻ ജോലിചെയ്യും... അത് അന്വേഷിക്കാൻ ആരും നിൽക്കേണ്ട... അതെനിക്ക് ഇഷ്ടമുള്ള കാര്യമല്ല... " "അതിന് ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല... കുറച്ചുകാലം മുന്നേ കണ്ട ഒന്നിച്ച് കളിച്ച കളിക്കൂട്ടുകാരനായ ഒരാളെ കണ്ടപ്പോൾ വെറുതെ ചോദിച്ചുപോയതാണ്... അതിന് ഇങ്ങനെ ചൂടാവേണ്ട കാര്യമില്ല... " "എന്റെ കാര്യത്തിൽ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല... ഇനിമേലാൽ ഇത് ആവർത്തിക്കാതിരുന്നാൽ നിനക്ക് നല്ലത്... "

അച്ചു അവളെയൊന്ന് നോക്കിയതിനുശേഷം വീട്ടിലേക്ക് നടന്നു... " "ഇതെന്തൊരു കാട്ടാളനാണ് ദൈവമേ... " അവൾ മനസ്സിൽ പറഞ്ഞതാണെങ്കിലും... വാക്കുകൾ പുറത്തുവന്നു.. അത് അച്ചു കേൾക്കുകയും ചെയ്തു... അവൻ തിരിഞ്ഞ് അവളെയൊന്ന് നോക്കി... ഭദ്രക്ക് അവന്റെ നോട്ടംകണ്ട് മനസ്സിൽ ഭയം തോന്നി... "നീയെന്താണ് പറഞ്ഞത്... ദേ മറ്റാരുമായിരുന്നെങ്കിൽ വായിലെ പല്ല് താഴെ കിടന്നേനെ... മുമ്പ് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിച്ചിരുന്ന മേലേടത്ത് ശിവദാസേട്ടന്റെ മകളായത് നന്നായി... ഇല്ലെങ്കിൽ ഇനിയൊരിക്കലും ഇതുപോലൊരു വാക്ക് നിന്റെ നാവിൽനിന്ന് വരില്ല... ആളും തരവും നോക്കി സംസാരിച്ചാൽ നിനക്ക് നന്ന്... കുട്ടികളിക്ക് നീ വേറെയാളെ നോക്ക്... അർജ്ജുന്റെ നേരെ വേണ്ട... " അതും പറഞ്ഞ് അച്ചു നടന്നു... അപ്പോഴേക്കും കിച്ചു അവളുടെയടുത്തേക്ക് വന്നു... "എന്താണ് ചേച്ചീ... അച്ചുവേട്ടൻ എന്തു പറഞ്ഞു" "എന്റെ പൊന്നോ... എന്തു മനുഷ്യനാടാ ഇത്... ഇങ്ങനെയൊന്നുമല്ലായിന്നല്ലോ അച്ചുവേട്ടൻ... വല്ലാത്ത മുരടൻ തന്നെ... " "അച്ചുവേട്ടൻ പഴ ആളല്ല ഇപ്പോൾ... ആകെ മാറി... നാലുവർഷം ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ അവരുടെ വീട്ടുകാരുടെ ഇഷ്ടംപോലും നോക്കാതെ വിളിച്ചിറക്കി പോന്നവനാണ് അച്ചുവേട്ടൻ...

എന്നാൽ ആ ബന്ധത്തിന് അധികമായുസ്സുണ്ടായില്ല... ആറ് മാസമാണ് അവരൊന്നിച്ച് ജീവിച്ചത്... ദൈവത്തിന് അവരുടെ സ്നേഹംകണ്ട് ഇഷ്ടപ്പെട്ടില്ല എന്നതാണ് സത്യം... രണ്ടുപേരും കൂടി ഒരു ദിവസം വൈകീട്ട്... ഉരുളൻകല്ല് മലയിൽ പ്രകൃതി സൌന്ദര്യം ആസ്വദിക്കാൻ പോയതായിരുന്നു... അവിടെനിന്ന് ഏതോ കൂട്ടുകാരനെ കണ്ടപ്പോൾ അവരെ അവിടെയിരുത്തി അയാളുമായി സംസാരിക്കാൻ കുറച്ചപ്പുറത്തേക്ക് നടന്നു... എന്നാൽ തിരിച്ചെത്തിയപ്പോൾ അവരെ അവിടെ കണ്ടില്ല... കുറച്ചപ്പുറത്ത് താഴ്ചയിൽ വീണ് മരിച്ചുകിടക്കുന്ന അച്ചുവേട്ടന്റെ ഭാര്യയെയായിരുന്നു കണ്ടത്... ആ ഷോക്കിൽനിന്നും മുക്തനാവാൻ അച്ചുവേട്ടൻ ഒരുപാട് സമയമെടുത്തു... അതിൽപിന്നെ അച്ചുവേട്ടൻ ഇങ്ങനെയാണ്... എല്ലാവരോടും വെറുതേ ദേഷ്യപ്പെടും... എന്നാലും ആ മനസ്സിൽ പഴയ ആ അച്ചുവേട്ടനുണ്ട്... അത് പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചാൽ രക്ഷപ്പെട്ടു... " "അതേതായാലും നടക്കുമെന്ന് തോന്നുന്നില്ല... എന്തെങ്കിലും പറയാൻ ചെന്നാൽ കടിക്കാൻ വരുകയല്ലേ... " "അതും ശരിയാണ്... ഞാനങ്ങട്ട് ചെല്ലട്ടെ... കുളിച്ചിട്ടുവേണം ചായയുണ്ടാക്കാൻ... അതിലേക്ക് കഴിക്കാൻ ഉപ്പുമാവും ഉണ്ടാക്കണം.. എന്നിട്ടു വേണം പണിക്ക് പോകാൻ... " കിച്ചു വീട്ടിലേക്ക് നടന്നു...

പെട്ടന്നു തിരിഞ്ഞു നിന്നു... പിന്നെ അവളുടെയടുത്തേക്ക് വന്നു... "ചേച്ചി... ആറു വർഷമായി ചേച്ചിയും ഞാനും തമ്മിൽ യാതൊരുവിധത്തിലുമുള്ള ബന്ധവുമുണ്ടായിരുന്നില്ല... അച്ഛൻ മരിച്ച പതിനാറിന്റെയന്ന് കൃഷ്ണമാമയുടെകൂടെ അവരുടെ വീട്ടിലേക്ക് പോയതാണ് ചേച്ചി... അതിനുശേഷം നമ്മൾ കണ്ടിട്ടുമില്ല... എനിക്കതിന് അനുവാദവുമില്ലായിരുന്നു.. ഒരിക്കൽ ആ ദുഷ്ടൻ അമ്മയോട് പറയുന്നത് കേട്ടു ചേച്ചിയുടെ വിവാഹം കഴിഞ്ഞകാര്യം... അതിനുശേഷം എന്താണ് ചേച്ചീ ഉണ്ടായത്... ആതിരേച്ചിയുടെ ഒരു കോൾ വന്നതു കൊണ്ടാണ് ചേച്ചി ഇന്ന് ജീവിച്ചിരുന്നതെന്ന് പറഞ്ഞു... ഈ ജീവിതം ഇല്ലാതാക്കാൻമാത്രം എന്താണ് ഉണ്ടായത്... " കിച്ചു ചോദിച്ചതുകേട്ട് ഭദ്ര തെളിച്ചമില്ലാതെ ചിരിച്ചു... "അത് വലിയ കഥയാണ് മോനേ... നീ പറഞ്ഞല്ലോ അച്ഛൻ മരിച്ച് പതിനാറിന്റെയന്ന് എന്നെ കൃഷ്ണമാമൻ കൂട്ടിക്കൊണ്ടുപോയ കാര്യം... അവിടുന്ന് തുടങ്ങണം... ഇപ്പോൾ നീ ചെല്ല്... നേരം വൈകിയാൽ അച്ചുവേട്ടന് പ്രാന്തിളകും... എല്ലാം ചേച്ചി പിന്നെ പറയാം... "

കിച്ചു ഭദ്രയെയൊന്ന് നോക്കി... പിന്നെ തിരിഞ്ഞു നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം മറ്റൊരിടത്ത്... "രാവിലെത്തന്നെ നീ എവിടേക്കാണ് പ്രകാശാ... നീ എന്തെങ്കിലും തീരിയുമാനമെടുക്കണം... ആ പെണ്ണ് എവിടെപ്പോയിയെന്ന് അറിയില്ല... അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ മാത്രമല്ല ഞാനും പ്രീതിയും തൂങ്ങും... അഥവാ അവൾ ജീവനോടെയുണ്ടെങ്കിൽ അത് കണ്ടുപിടിച്ച് കൂട്ടിക്കൊണ്ടുവരണം... അവൾ നമുക്കെതിരേ വല്ല പരാതിയും കൊടുത്താൽ അതും പ്രശ്നമാണ്... " ഭദ്രയുടെ ഭർത്താവ് പ്രകാശന്റെ അമ്മ വിശാല പറഞ്ഞു "അതിന് ഞാനെന്തുവേണം... നിങ്ങളോട് ആരെങ്കിലും പറഞ്ഞിരുന്നോ അവളെ ചതിക്കാൻ... അവൾ എവിടെ പോയാലും ഞാൻ കണ്ടുപിടിക്കും... അങ്ങനെയൊന്നും രക്ഷപ്പെടാൻ ഞാനനുവദിക്കില്ല... എന്നു കരുതി നിങ്ങളോട് എല്ലാം മറച്ചുപിടിച്ച് അവളെ എനിക്ക് കെട്ടിച്ചുതരാൻ ഞാൻ പറഞ്ഞില്ലല്ലോ... " "പിന്നേ നിന്റെ സമ്മതം വേണമായിരിക്കും എല്ലാറ്റിനും... അല്ലെങ്കിലും നിനക്ക് ഞങ്ങൾ ചെയ്തതൊക്കെയും കുറ്റമായിട്ടേ തോന്നൂ... പിന്നെ നിന്റെ അസുഖം അത് പറഞ്ഞാൽ ഈ ജന്മത്തിൽ നിനക്കൊരു പെണ്ണ് കിട്ടുമോ... അപ്പച്ചിയുടെ മോളെ ഒരുപാട് കാലം സ്വപ്നം കണ്ട് നടന്നതല്ലേ...

അവസാനം അവൾ നിന്റെ വിഡ്ഢിയാക്കി കണ്ടവന്റെ കൂടെ പോയി...എന്നിട്ടോ...സുഖിച്ച് ജീവിക്കാൻ കഴിഞ്ഞോ... അതുമുണ്ടായില്ല... " അവിടേക്ക് വന്ന പ്രകാശന്റെ ചേച്ചി പ്രീതി പറഞ്ഞു... "അതേടാ.. ചേരാത്തതു വിളക്കിച്ചേർത്താൽ അതെന്നും മുഴച്ചു തന്നെ കാണും... അതാണ് ഭദ്രക്ക് പറ്റിയത്... അന്നേ ഞാൻ പറഞ്ഞതാണ് മറ്റവളെ മനസ്സിൽ വച്ചു നടക്കേണടെന്ന്...... നീ കേട്ടില്ല... മുറച്ചെറുക്കനാണെന്ന അധികാരത്തോടെ നീയവളെ സ്വപ്നം കണ്ടുനടന്നു... അതിന് നിനക്കുവേണ്ടി കുട പിടിക്കേണ്ടി വന്നു ഞങ്ങൾ... അതവിടെ നിൽക്കട്ടെ... എവിടെ പോയാലും ഭദ്രയെ കണ്ടുപിടിക്കണം... എന്നിട്ട് അവളുടെ ബാക്കിയുള്ളവരെ തേടിപ്പിടിച്ച് അവിടെ ഏൽപ്പിക്കണം... നിനക്ക് അന്നേ അവളെ ഇഷ്ടമല്ലായിരുന്നെന്ന് എനിക്കറിയാം... എന്നാലും നിന്റെ അമ്മയായിപ്പോയില്ലേ... നീ സ്വപ്നം കണ്ടുനടന്നവൾ മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയപ്പോൾ എനിക്ക് വാശിയേറി... അതിനേക്കാളും നല്ലൊരുത്തിയെ നിനക്ക് കണ്ടുപിടിക്കണമെന്ന് എനിക്ക് തോന്നി... കണ്ടുപിടിച്ചു... കെട്ടിച്ചും തന്നു... എന്നാൽ നീ ആശിച്ചവളെ കിട്ടാത്തതിന്റെ ദേഷ്യം അവളോട് തീർത്തു... അതൊന്നും ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചുനിന്നു.. അല്ലാതെ പറ്റില്ലല്ലോ...

സ്വന്തം മകന്റെ രോഗം മറച്ചുപിടിച്ച് നടത്തിതന്നതല്ലേ ഞങ്ങൾ ഈ വിവാഹം... അതിൽ ഞങ്ങളാണല്ലോ കുറ്റക്കാർ... അന്നേരം നിന്റെ കൂടെനിൽക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു... " "ഒന്നു നിർത്തുന്നുണ്ടോ രണ്ടും... നേരം വെളുത്തില്ല... അതിനു മുന്നേ തുടങ്ങി രണ്ടും... അവളെയോർത്ത് നിങ്ങൾ ആദി പിടിക്കേണ്ട... എവിടെ പോയാലും അവളെ ഞാൻ കണ്ടുപിടിക്കും... എന്നെ അങ്ങനെ മണ്ടനാക്കി അവൾ രക്ഷപ്പെടില്ല... അഥവാ അവൾ വല്ല കടുംകൈ ചെയ്താലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല... പോരേ... " അതും പറഞ്ഞ് ദേഷ്യത്തോടെ പ്രകാശൻ തന്റെ കാറെടുത്ത് പുറത്തേക്ക് പോയി... " "അമ്മയോട് ഞാൻ അന്നേ പറഞ്ഞതാണ്... ഒരു പാവം പെണ്ണിന്റെ ശാപം വാങ്ങിച്ചു കൂട്ടേണ്ടെന്ന്... എന്നാൽ കേട്ടില്ല... മകന്റെ ഭാവി... എന്നിട്ട് ഇപ്പോഴെന്തായി... അവന് ചികിത്സിച്ചാൽ ഭേദമാകുന്ന അസുഖമല്ല... അപസ്മാരമാണ്... അതും രക്തം തിളക്കുന്ന അസുഖം... മനസ്സിൽ വിചാരിച്ചത് നടന്നില്ലെങ്കിൽ ഭൂലോകംകുട്ടിച്ചോറാക്കും അവൻ.. അതൊന്നും അവൻ കരുതിക്കൂട്ടി ചെയ്യുന്നതായിരിക്കില്ല... എന്നാലും ഏതുപെണ്ണാണ് അവന്റെ ദ്രോഹം സഹിച്ച് ജീവിക്കുക... ഭദ്ര കഴിവിന്റെ പരമാവധി കണ്ടും ക്ഷമിച്ചും അവന്റെ കൂടെ ജീവിച്ചു...

അവസാനം ജീവിതം തന്നെ മടുത്തിട്ടാണ് അവളിറങ്ങിപ്പോയത്... " "എല്ലാം എനിക്കറിയാം മോളേ... പക്ഷേ ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ... ഒരു വിവാഹം കഴിഞ്ഞാൽ എല്ലാറ്റിനും മാറ്റമുണ്ടാകുമെന്നല്ലേ അയാൾ പറഞ്ഞത്... " "അതെ... എന്നിട്ട് എന്തു മാറ്റമാണ് ഉണ്ടായത്... അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നേ ജീവിതം അവസാനിപ്പിച്ചേനെ... ഗോപിയേട്ടനും അമ്മയോട് പറഞ്ഞതാണ്... മിനിഞ്ഞാന്ന് വിളിച്ചപ്പോഴും അവളുടെ കാര്യം ചോദിച്ചതാണ്... ഇന്ന് വിളിക്കും... അന്നേരം ഞാനെന്തു പറയണം... അവളുടെ സ്ഥാനത്ത് ഞാനാണ് ഇങ്ങനെ അനുഭവിക്കുന്നെങ്കിൽ അമ്മയുടെ അവസ്ഥയെന്താകുമായിരുന്നു എന്നും ഗോപിയേട്ടൻ ചോദിച്ചു... പാവം സ്വന്തം അനന്തിരവൾ ഒരു ചതിയിലാണ് എത്തിപെട്ടത് എന്നറിഞ്ഞ്... അതും താൻ കാരണം മുലം എന്നോർത്ത് ആദി കയറിയാണ് അവളുടെ അമ്മാവൻ മരിച്ചത്.. സ്വന്തം ഭാര്യയുടെ മരണം അയാളെ തളർത്തിയിട്ടുണ്ടാകാം... എന്നാലും ഇവളുടെ കാര്യമോർത്താണ് അയാൾ ഹൃദയം പൊട്ടി മരിച്ചത്... " "എല്ലാം സത്യമാണ്... അന്ന് ഡോക്ടർ പറഞ്ഞപ്പോൾ എന്റെ മോന്റെ അസുഖം മാറുമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല... എന്റെ മോന്റെ ജീവിതമാണ് എനിക്കപ്പോൾ വലുതായി തോന്നിയത്... അത് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല... " "ഇനി പറഞ്ഞിട്ടോ സങ്കടപ്പെട്ടിട്ടോ കാര്യമില്ല... അവളെ എങ്ങനെയെങ്കിലും കണ്ടുപിടിക്കുകയാണ് വേണ്ടത്... പ്രകാശൻ അതിന് മുതിരുമെന്ന് തോന്നുന്നില്ല... മറ്റെന്തെങ്കിലും വഴി കണ്ടുപിടിക്കണം... "... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story