മറുതീരം തേടി: ഭാഗം 4

marutheeram thedi

രചന: രാജേഷ് രാജു

"ഇനി പറഞ്ഞിട്ടോ സങ്കടപ്പെട്ടിട്ടോ കാര്യമില്ല... അവളെ എങ്ങനെയെങ്കിലും കണ്ടുപിടിക്കുകയാണ് വേണ്ടത്... പ്രകാശൻ അതിന് മുതിരുമെന്ന് തോന്നുന്നില്ല... മറ്റെന്തെങ്കിലും വഴി കണ്ടുപിടിക്കണം... " "അതെങ്ങനെ സാധിക്കും... അവൾ എവിടേക്കാണ് പോയതെന്നറിയാതെ നമ്മൾ എവിടെച്ചെന്നന്വേഷിക്കും... അവളുടെ തറവാട്ടിലേക്ക് ഏതായാലും അവൾ പോവില്ല... സരോജിനി അത്രയേറെ ആ പാവത്തിനെ ചെറുപ്പത്തിൽ ദ്രോഹിച്ചിട്ടുണ്ടെന്ന് അവൾതന്നെ പറഞ്ഞിട്ടുണ്ട്... അതുകൊണ്ട് അവൾ അവിടേക്ക് പോകില്ല... പിന്നെ ഇടക്കിടക്ക് വിളിക്കുന്ന ഏതോ ഒരു കൂട്ടുകാരിയാണുള്ളത്... അതും കുറച്ച് ദൂരെയെങ്ങോ ആണ് അവിടേക്ക് പോയിക്കാണുമോ അവൾ... " വിശാല ചോദിച്ചു... അതുണ്ടാവില്ല.. എത്ര വലിയ കൂട്ടുകാരിയായാലും ഒരന്യരുടെ വീട്ടിലേക്ക് അവൾ എന്തുദൈര്യത്തിൽ പോകും... അതും ഒരു പരിചയവുമില്ലാത്ത നാട്ടിൽ... അതേതായാലുമുണ്ടാകില്ല... മറ്റെവിടേക്കെങ്കിലുമായിരുക്കും പോയത്... " പ്രീതി പറഞ്ഞു... "മറ്റെവിടെ... എവിടെയാണെങ്കിലും അരുതാത്തതൊന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു... പോലീസിൽ പരാതി കൊടുത്താൽ കുടുങ്ങുന്നത് നമ്മൾ തന്നെയാകും...

അതുകൊണ്ട് അതു വേണ്ട... മറ്റെന്തെങ്കിലും വഴി കാണണം..." വിശാല അതുപറഞ്ഞ് അകത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അച്ചുവേട്ടാ.. ഞാനൊരു കാര്യം പറഞ്ഞാൽ എന്നെ കടിച്ചുകീറാൻ വരുമോ.. " ജോലിക്കു പോകാൻ ഒരുങ്ങുമ്പോൾ കിച്ചു അച്ചുവിനോട് ചോദിച്ചു... " "മുഖവുരയുടെ ആവശ്യമില്ല.... പറയാൻ എന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞാൽ മതി..." അച്ചു പറഞ്ഞു... "അച്ചുവേട്ടന് എന്റെ ചേച്ചിയോട് നേരത്തെ അങ്ങനെയൊക്കെ പറഞ്ഞത് ചേച്ചിക്ക് സങ്കടമായിട്ടുണ്ട്... ഒരു ജന്മത്തിൽ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ ഈ പ്രായത്തിനിടക്ക് ചേച്ചി അനുഭവിച്ചു കഴിഞ്ഞു... ചെറുപ്പത്തിലേ അച്ചുവേട്ടനെ നല്ലപോല അറിയുന്നതുകൊണ്ടാണ് ചേച്ചി കുറച്ച് സ്വാതന്ത്ര്യത്തോടെ സംസാരിച്ചത്... അതിന് അച്ചുവേട്ടന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അവരെ വല്ലാതെ വേദനിപ്പിച്ചു... ഇന്നലെ വന്നതല്ലേയുള്ളു ചേച്ചി... ആ സമയത്തിനുള്ളിൽ കുറച്ചെങ്കിലും സന്തോഷം ചേച്ചിയനുഭവിച്ചു... അതും ഇവിടെവച്ച്... സന്തോഷം എന്താണെന്ന്അറിഞ്ഞതുപോലും ഇവിടെവച്ചാണ്... ഇനിയും ആ കണ്ണ് നിറയരുതെന്ന് എനിക്കാഗ്രഹമുണ്ട്... " "അതിന് ഞാൻ നിന്റെ ചേച്ചിയെ എന്തെങ്കിലും ചെയ്തോ... എനിക്കിഷ്ടമില്ലാത്ത കാര്യം ആരും പറഞ്ഞാലും അതിന് മറുപടി ഞാൻ പറയും...

പിന്നെ നിന്റെ ചേച്ചി ഞാൻ കണ്ടിരുന്ന കാലത്ത് അനുഭവിച്ചതൊക്കെ എനിക്കറിയാം... പക്ഷേ അന്നൊക്കെ ആ നാട്ടിലുള്ള എല്ലാവർക്കും നിന്റെ അമ്മയെ പേടിയായിരുന്നു... അത് അവരെ കണ്ടിട്ടോ അവരോടുള്ള ബഹുമാനംകൊണ്ടോ അല്ല... അവരുടെ നാവ്... എന്താണ് ഏതാണ് പറയുക എന്നൊന്നുമില്ല... ചിലപ്പോൾ ചെവിപൊട്ടുന്ന തെറിയായിരിക്കും പറയുക... ഞാനെന്റെ ചെറിയച്ഛന്റെ വീട്ടിൽ പോകുമ്പോഴെല്ലാം കാണുന്നതല്ലേ എല്ലാം... കുട്ടിക്കാലത്ത് ഞാനും നിന്റെ ചേച്ചിയും ഒരുപാട് കളിച്ചു വളർന്നവരാണ്... എന്നാൽ അന്ന് അവളോട് കൂട്ടുകൂടിയതിന് എനിക്കും നിന്റെ അമ്മയിൽ നിന്നും ഒരുപാട് ചീത്ത കേട്ടതാണ്... അവളോട് എനിക്ക് വിരോധമൊന്നും ഉണ്ടായിട്ട് പറഞ്ഞതല്ല... എന്റെ പേഴ്സണൽ കാര്യത്തിൽ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല... അത് നീയായാൽ പോലും... " "ചേച്ചി പഴയ ആ അച്ചുവേട്ടനോട് പറയുന്നതുപോലെ പറഞ്ഞതാകും... എന്നാൽ ഇനിയതുണ്ടാകില്ല... ഇപ്പോൾ ഏകദേശം അച്ചുവേട്ടന്റെ സ്വഭാവം ചേച്ചിക്ക് മനസ്സിലായിട്ടുണ്ടാകും... "

"നിന്റെ ചേച്ചിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ടേ എനിക്ക് ജീവിക്കാൻ... " "ചേച്ചി ആരുടെയും സ്വഭാവസർട്ടിഫിക്കറ്റ് എടുക്കുന്നൊന്നുമില്ല... അതൊരു പാവമാണ്... നേരെ വാ നേരെ പോ എന്ന ചിന്താഗതിക്കാരിയാണ്... അതിനെ വെറുതേ വിട്ടേക്ക്.. " കിച്ചു ഷർട്ടിന്റെ ബട്ടൻസിട്ടുകൊണ്ട് പുറത്തേക്ക് നടന്നു... ചപ്പാത്തിക്കുള്ള മാവ് കുഴക്കുകയായിരുന്നു ആതിര... അതിലേക്കുള്ള കറിക്ക് പച്ചക്കറി അരിയുകയായിരുന്നു ഭദ്ര... "നീയിതൊക്കെ അരിയുന്നത് പുറമേ, ആരെങ്കിലും കണ്ടാൽ വന്നയുടനെ വീട്ടിലെ പണിയെല്ലാം ചെയ്യിച്ചു എന്നാകും അവരെല്ലാം പറയുക... " പച്ചക്കറിയരിയുന്ന ഭദ്രയെ നോക്കി ആതിര പറഞ്ഞു... "അതിനെന്താ... നമ്മൾ എവിടെ പോയാലും നമുക്കറിയുന്നത് ചെയ്യുന്നതിന് എന്താണ് പ്രശ്നം... " "പ്രശ്നമൊന്നുമുണ്ടായിട്ടല്ല... എന്നാലും... " "ഒരെന്നാലുമില്ല... നീ പെട്ടന്ന് ചപ്പാത്തിയുണ്ടാക്കാൻ നോക്ക്... അല്ലെങ്കിൽ നീ പോയി കുളിക്ക് നിനക്ക് പോകാനുള്ളതല്ലേ... ചപ്പാത്തി ഞാനുണ്ടാക്കാം... " "അതൊന്നും വേണ്ട... ഈ വീട്ടിലെ പണിയെല്ലാം ചെയ്തു കഴിഞ്ഞിട്ടേ ഞാൻ സാധാരണ പോകാനുള്ളൂ...

പത്തുമണിയാകുമ്പോഴേക്കും എനിക്ക് അവിടെയെത്തിയാൽ മതി... ഒമ്പതരക്കാണ് ഞാനിവിടെ നിന്ന് ഇറങ്ങാനുള്ളൂ... ഇരുപത് മിനിറ്റ് നടക്കാനുള്ള ദൂരമേ ബാങ്കിലേക്കുള്ളൂ.... " "സാധാരണ നീ പോയാൽ കുഞ്ഞിന്റെ കാര്യമോ... " ഭദ്ര ചോദിച്ചു... "പാല് തിളപ്പിച്ചാറ്റി വക്കും... അമ്മയും അച്ഛനും മാറിമാറി അപ്പുമോനെ സ്നേഹിക്കും... ഇവിടെ എന്നേക്കാളും അനിഷ്ടം അച്ഛനേയും അമ്മയേയുമാണ്... രാത്രി ഉറക്കമുണർന്നാൽ മാത്രംമതി ഞാൻ... അതുപോട്ടെ... ഇന്നലെ രാത്രികൽത്തെ ഭക്ഷണം നിനക്ക് പിടിച്ചോആവോ... " "അതെന്താ പിടിക്കാതിരിക്കാൻ... നല്ല ടേസ്റ്റായിരുന്നു നീയുണ്ടാക്കിയ കറിക്ക്... ഒരുപാട് നാളിനുശേഷം മനസ്സമാധാനത്തോടെ രണ്ടുവറ്റ് കഴിച്ചത് ഇന്നലെയാണ്... " "അങ്ങനെ എന്നെ പൊക്കല്ലേ... എനിക്കറിയാം നിനക്ക് കറിയൊന്നും പിടിച്ചില്ലെന്ന്... " "ഞാൻ സത്യമാണ് പറഞ്ഞത്... നല്ല ടേസ്റ്റായിരുന്നു കറിക്ക്... " "എന്തായാലും വേണ്ടില്ല ഇന്ന് വരുമ്പോൾ ഞാൻ നല്ല മീനോ ചിക്കനോ വാങ്ങിക്കാം... " "ദേ പെണ്ണേ നീ അനാശ്യമായി പണം ചിലവാക്കേണ്ട....

നിങ്ങൾ ഓരോ ദിവസവും എങ്ങനെയാണോ കഴിയുന്നത് അതുപോലെ മതി... എനിക്കായി ഒന്നും പ്രത്യേകിച്ചുണ്ടാക്കേണ്ട... എല്ലാ സാഹചര്യത്തിലും ജീവിക്കാൻ പഠിച്ചവളാണ് ഞാൻ... അത് നിനക്ക് അറിയുന്നതല്ലേ... " "നിന്നെ ഞാനറിഞ്ഞതുപോലെ വേറെയാരാടീ അറിഞ്ഞത്... ഈ ജീവിതത്തിനടക്ക് നീ അനുഭവിച്ചതു പോലെ മറ്റാരും അനുഭവിച്ചിട്ടുണ്ടാകില്ല... എന്റെ കാര്യം തന്നെ നീ നോക്ക്... എന്തിന്റെ കുറവായിരുന്നു എനിക്ക്... ഇട്ടുമൂടാനുള്ള പണമുള്ള ആരേഴി കുടുംബത്തിലെ ഏക പെൺതരിയായ ഞാൻ കോളേജിൽ പഠിക്കുമ്പോൾ പുറകേ നടന്ന് പ്രേമാഭ്യർത്ഥന നടത്തിയ രമേശേട്ടനെ തിരിച്ച് സ്നേഹിച്ചപ്പോൾ നീയായിരുന്നു എല്ലാറ്റിനും കൂട്ട്... അവസാനം ഈ വിവരം വീട്ടിലറിഞ്ഞ് അച്ഛനും ഏട്ടന്മാരും മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ നുന്റെയൊരാളുടെ ദൈര്യത്തിൽ എന്നെ വീട്ടിൽ നിന്നും ചാടിച്ച രമേശേട്ടന്റെ അടുത്തേക്ക് എത്തിച്ച് വിവാഹം നടത്തിതന്നു നീ... എന്റെ വീട്ടുകാരുടെ സ്നേഹം നഷ്ടപ്പെട്ടപ്പോൾ എനിക്ക് അതിനേക്കാളും വലിയ സ്നേഹവും പരിചരണവുമാണ് രമേശേട്ടന്റേയും ഇവിടുത്തെ അച്ഛന്റെയും അമ്മയുടേയും അടുത്തുനിന്ന് കിട്ടിയത്... എന്നാൽ ആ സ്നേഹം ദൈവത്തിന് ഇഷ്ടപ്പെട്ടില്ല...

അപ്പുമോനെ പ്രസവിച്ച വിവരമറിഞ്ഞ് ബാങ്കിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഓടിവന്നതായിരുന്നു രമേശേട്ടൻ... എതിരേ വന്ന ഒരു കാർ... തളർന്നു പോയ എന്നെ കൈ പിടിച്ചു കയറ്റിയത് ഈ അച്ഛനും അമ്മയുമാണ്... പിന്നെ കറിയാച്ചൻമുതലാളിയുടെ കാരുണ്യവും നിന്റെ അനിയന്റേയും അച്ചുവേട്ടന്റേയും ഈ കുടുംബത്തോടുള്ള കരുതലും... രമേശേട്ടനെ എനിക്ക് നഷ്ടപ്പെട്ടെങ്കിലും എന്നെ സ്വന്തം മകളായി കാണുന്ന ഈ അച്ഛനുമമ്മയുമാണ് ഇന്നവന്റെ ദൈര്യം... ഒരുപാട് കഷ്ടപ്പാടുകൾ പലവിധത്തിലായി നീയനുഭവിച്ചവളാണ്... എന്നാൽ എന്നെങ്കിലും ദൈവം നിന്റെ നേരെ കണ്ണുതുറക്കുമെന്ന് എനിക്കറിയാമായിരുന്നു... ഇനി നിന്നെ ഞാൻ ഒരിടത്തേക്കും വിടില്ല... ഇവിടെ നിന്നാൽമതി നീ... പിന്നെ കറിയാച്ചൻ മുതലാളിയോട് പറഞ്ഞാൽ നല്ലൊരു ജോലി സങ്കടിപ്പിക്കാനും കഴിയും... ആരും നിന്നെതേടി ഈ മല കയറിവരില്ല... പിന്നെയെന്തുവേണം നിനക്ക്... അറിയുന്നതുകൊണ്ടാണ് നിന്നെ എന്റെയടുത്തേക്ക് വിളിച്ചു വരുത്തിയതും..." "ആതിരേച്ചീ... ആതിരേച്ചീ..." പുറത്തുനിന്ന് ആരുടേയോ വിളികേട്ടാണ് അവർ സംസാരം നിർത്തിയത്... "അശ്വതിയായിരിക്കും... അവൾ പാലുമായി വന്നതാണ്... നീ അതൊന്ന് വാങ്ങിക്ക്... " ആതിര പറഞ്ഞു...

ഭദ്ര ഉമ്മറത്തേക്ക് നടന്നു.. വാതിൽ തുറന്ന് നോക്കിയപ്പോൾ ഒരു പെൺകുട്ടി പാലുമായി നിൽക്കുന്നതവൾ കണ്ടു... " "ആതിരേച്ചിയില്ലേ ഇവിടെ... പാല് തരാൻ വന്നതാണ്..." അശ്വതി പറഞ്ഞു... "എന്താ നീ ആതിരേച്ചിയുടെ കയ്യിൽ മാത്രമേ പാല് കൊടുക്കുകയുള്ളൂ... ? എന്റെ കയ്യിൽ തന്നാൽ പറ്റില്ലേ... "അയ്യോ അതുകൊണ്ടല്ല... " "എന്തുകൊണ്ടല്ല..." അശ്വതി അവളുടെ മുന്നിൽ നിന്ന് പരുങ്ങി... ഭദ്രക്ക് അതുകണ്ട് ചിരി വരുന്നുണ്ടായിരുന്നു... "ആതിരേച്ചിയില്ലേ ഇവിടെ... അശ്വതി പരുങ്ങലോടെ ചോദിച്ചു... " "ഉണ്ടെങ്കിൽ... അവൾ വന്നാലേ പാല് തരൂ എന്നുണ്ടോ.. " "എന്താണ് ഭദ്രേ നീ ആ പാവത്തിനെ പേടിപ്പിക്കുന്നത്... " "ആതിരേ ഇവളുടെ മുഖം നോക്കിക്കേ.. പരുങ്ങി നിൽക്കുന്ന ഇവളെ കാണാൻ നല്ല ചന്തമുണ്ടല്ലേ... " "ആ ഇനിയങ്ങോട്ട് അധികവും ഈ പരുങ്ങൽ നീ കാണേണ്ടിവരും... അതായത് നിന്റെ നാത്തൂനാകാൻ പോകുന്നവളാണ് ഇവൾ... " അതുകേട്ട് ഒന്നും മനസ്സിലാവാതെ ഭദ്ര ആതിരയെ നോക്കി... " "എടീ ഇവളുടെ രക്ഷകനാണ് നിന്റെ അനിയൻ... മാത്രമല്ല.. അവന്റെ ജീവനും.. " ഭദ്ര തിരിഞ്ഞ് അവളെ തറപ്പിച്ചൊന്ന് നോക്കി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story