മറുതീരം തേടി: ഭാഗം 5

marutheeram thedi

രചന: രാജേഷ് രാജു

"ആ ഇനിയങ്ങോട്ട് അധികവും ഈ പരുങ്ങൽ നീ കാണേണ്ടിവരും... അതായത് നിന്റെ നാത്തൂനാകാൻ പോകുന്നവളാണ് ഇവൾ... " അതുകേട്ട് ഒന്നും മനസ്സിലാവാതെ ഭദ്ര ആതിരയെ നോക്കി... " "എടീ ഇവളുടെ രക്ഷകനാണ് നിന്റെ അനിയൻ... മാത്രമല്ല.. അവന്റെ ജീവനും.. " ഭദ്ര തിരിഞ്ഞ് അശ്വതിയെ നോക്കി... "അതു ശരി... അപ്പോൾ ഇങ്ങനെ ചില കാര്യങ്ങൾ നടക്കുന്നുണ്ടല്ലേ... എന്നിട്ട് കിച്ചു ഇതിനെപ്പറ്റി പറഞ്ഞില്ലല്ലോ... " "അതിന് നീ ഇന്നലെ രാത്രി വന്നു കയറിയതല്ലേയുള്ളൂ... സാവധാനം പറയാമെന്ന് കരുതിക്കാണും... അശ്വതിക്ക് ഇതാരാണെന്ന് മനസ്സിലായോ.. " ആതിര ചോദിച്ചു... എന്നാൽ എന്തൊക്കെയാണ് നടക്കുന്നതെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു അശ്വതി... "എടോ ഇത് നിന്റെ കിച്ചുവിന്റെ ഒരേയൊരു ചേച്ചിയാണ്... ഇന്നലെ രാത്രി വന്നു... ഇനിമുതൽ ഇവൾ ഇവിടെയുണ്ടാകും... " അതുകേട്ട് അശ്വതി വിശ്വസിക്കാനാവാതെ നിന്നു... "ഭദ്രചേച്ചിയല്ലേ... ചേച്ചിയെപറ്റി കിച്ചുവേട്ടൻ ഒരുപാട് പറഞ്ഞിരുന്നു... കാണുന്നത് ആദ്യമായിട്ടാണ്... "

"അതേയോ... എന്താണ് അവൻ എന്നെപ്പറ്റി പറഞ്ഞത്... " ഭദ്ര ചോദിച്ചു... "അത്... കിച്ചുവേട്ടൻ ഇന്ന് ആരെയെങ്കിലും മനസ്സലറിഞ്ഞു ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് ഭദ്രചേച്ചിയെയാണെന്നും... ഒന്ന് നിവർന്ന് നിൽക്കാനായാൽ ചേച്ചിയുടെ അടുത്തേക്ക് വരുമെന്നും പറഞ്ഞിരുന്നു... പിന്നെ ചേച്ചിയും കിച്ചുവേട്ടനും ഈ ജീവിതത്തിനടക്ക് അനുഭവിച്ച കാര്യങ്ങളും പറഞ്ഞു... ഞാനൊരു കാര്യം പറഞ്ഞാൽ ചേച്ചിയെന്നോട് ദേഷ്യപ്പെടുമോ... " "ഇല്ല.. എന്താണ് കാര്യം... " "അത് നമ്മൾ എവിടേയും തോറ്റുകൊടുക്കുന്നതുകൊണ്ടാണ് നമ്മളുടെ നെഞ്ചത്തേക്ക് എല്ലാവരും കയറുന്നത്... കുറച്ച് കടുപ്പിച്ചു നിന്നാൽ ആരും നമ്മളെ ഉപദ്രവിക്കാൻ വരില്ല... ഇത് എനിക്ക് എന്റെ അച്ഛൻ പറഞ്ഞുതന്നതാണ്... " അശ്വതി പറഞ്ഞു... "പറയാനെളുപ്പമാണ്... പക്ഷേ നമ്മുടെ വിധി അത് തടഞ്ഞുനിർത്താൻ നമ്മൾക്കാവില്ല മോളേ... ദൈവം എന്റെ വിധി എഴുതി വച്ചത് അങ്ങനെയാണ്... അത് എനിക്കെന്നല്ല ആർക്കും തിരിച്ചെഴുതാൻ പറ്റില്ല... അനുഭവിക്കാനുള്ളത് അനുഭവിച്ചു തീർക്കുകയല്ലേ പറ്റൂ... അതു പോട്ടെ മോളുടെ വീടെവിടെയാണ്... " ഭദ്ര ചോദിച്ചു.. "ഇവിടുന്ന് താഴെ നാലാമത്തെ വീട്... " "ആരൊക്കെയുണ്ട് വീട്ടിൽ.. " "അച്ഛനും അമ്മയും അനിയത്തിയും...

അച്ഛൻ രണ്ടുവർഷം മുന്നേ വീട്ടിലെ പ്ലാവിൽനിന്ന് ചക്കയിടാൻ കയറിയതായിരുന്നു... അതിൽനിന്നുവീണ് നടക്കാൻ പറ്റാത്ത അവസ്ഥയാണ്... " "അപ്പോൾ വീട്ടിലെ ചിലവുകൾ... " "ഞങ്ങൾ ഈ നാട്ടുകാരുടെ ദൈവമായ കറിയാച്ചൻമുതലാളിയുടെ കാരുണ്യമുള്ളതുകൊണ്ട് അതിന് ബുദ്ധിമുട്ടില്ല... രണ്ട് പശുക്കളെ ഞങ്ങൾക്ക് വാങ്ങിച്ചുതന്നു കറിയാച്ചൻ മുതലാളി... ആ പശുക്കളാണ് ഞങ്ങളുടെ ഉപജീവനമാർഗ്ഗം... " "നീ പഠിക്കുന്നില്ലേ... " "ഉണ്ട്.. ഡിഗ്രിക്ക് ചേർന്നു... അനിയത്തി പത്താംക്ലാസിൽ പഠിക്കുന്നു... ഞങ്ങളുടെ പഠനച്ചിലവും ആ വലിയ മന്യുഷ്യന്റെ കാരുണ്യമാണ്... എന്നാൽ ഞാൻ നടക്കട്ടെ... രണ്ടുമൂന്ന് വീട്ടിൽകൂടി പാലെത്തിക്കാനുണ്ട്... അതു കഴിഞ്ഞു വേണം കോളേജിൽ പോകാൻ... " ആതിര അവളുടെ കയ്യിൽനിന്നും പാല് വാങ്ങിച്ച് അകത്തുപോയി മറ്റൊരു പാത്രത്തിലേക്കൊഴിച്ച് അശ്വതി കൊണ്ടുവന്ന പാത്രം തിരിച്ചു നൽകി... അതും വാങ്ങിച്ച് അശ്വതി അവരോട് യാത്രപറഞ്ഞു വീട്ടിലേക്ക് നടന്നു... "ആതിരേ.. ഇന്നലെ വന്നതു മുതൽ കേൾക്കുന്നതാണ്...

ആരാണ് ഇത്രവലിയ ദാനശീലനായ നിങ്ങളുടെ ദൈവം കറിയാച്ചൻമുതലാളി... അയാൾ അത്രക്ക് വലിയ മനുഷ്യനാണോ... " ഭദ്ര ചോദിച്ചു... "ആണോന്നോ.... എന്റെ ജീവിതത്തിൽ ഇത്രയും നല്ലൊരു മനുഷ്യനെ കണ്ടിട്ടില്ല... ഈ നാടു തന്നെ അയാളെ ബഹുമാനിക്കുകയാണ്... ഈ നാട്ടിൽ കഷ്ടപ്പാടുകൾ അറിയാത്തത് അയാൾ ഒരാളുള്ളതുകൊണ്ടാണ്... പണ്ട് ഈ നാട്ടിൽ ഉടുതുണി ക്ക് മറുതുണിയില്ലാതെ വന്നുകൂടിയയതാണ് കറിയാച്ഛന്റെ അപ്പച്ചൻ അവറാച്ചൻ... ചെറുപ്പത്തിലേ അപ്പച്ചനും അമ്മച്ചിയും നഷ്ടപ്പെട്ട അവറാച്ചൻ ഇവിടെ വരുമ്പോൾ പതിനാറ് വയസ്സാണ്... പട്ടിണിമൂലം ആത്മഹത്യ ചെയ്തതാണ് അവറാച്ചന്റെ അപ്പച്ചനും അമ്മച്ചിയും... തെക്ക് എവിടെയോ ഉള്ളവരാണ്... ഇവിടെ വന്ന അവറാച്ചൻമുതലാളി അപ്പുണ്ണിമേനോൻ എന്ന ആളുടെ ചായക്കടയിൽ ജോലി നോക്കി... മക്കളില്ലാത്ത അപ്പുണ്ണിമേനോനും ഭാര്യക്കും ഒരു മകന്റെ സ്നേഹം അവറാച്ചനിൽനിന്നും കിട്ടി... അപ്പുണ്ണിമേനോന്റെ മരണത്തിനുശേഷം അവറാച്ചനായിരുന്നു ആ ചായക്കട നടത്തിയിരുന്നത്...

അതിനിടയിൽ ഇവിടെയുള്ള തൊമ്മിച്ചന്റെ മകളുമായി അയാളുടെ വിവാഹവും കഴിഞ്ഞു... തൊച്ചിച്ചന്റെ മകൾ സാറാമ്മ വന്നുകയറിയതിന്റെ പുണ്യമാണോ അതോ അവറാച്ചന്റെ ശുക്രദശമൂലമാണോ എന്നറിയില്ല പിന്നീടങ്ങോട്ട് അയാൾക്ക് വച്ചടി വച്ചടി കയറ്റമായിരുന്നു... അവർക്ക് ഒരാൺകുഞ്ഞ് ജനിച്ചു കറിയാച്ചൻ... എത്ര വലിയ പണക്കാരനായാലും അവറാച്ചൻമുതലാളി പിന്നിട്ട വഴി മറന്നില്ല... അതേ സ്വഭാവം തന്നെയാണ് കറിയാച്ചനേയും പഠിപ്പിച്ചത്... കറിയാച്ചന് രണ്ട് മക്കളാണ്... ജിമ്മിയും ജിൻസിയും... അവരും അവറാച്ചന്റെ പാത തുടരുന്നവരാണ്... പട്ടിണിമൂലം അപ്പച്ചനും അമ്മച്ചിയും മരണപ്പെട്ടതുമൂലമാകാം ഈ നാട്ടിൽ അതുപോലൊരു അവസ്ഥ ആർക്കുമുണ്ടാകരുതെന്ന് അവറാച്ചന് നിർബന്ധമായിരുന്നു... അതിനുവേണ്ടി തന്റെ സമ്പാദ്യത്തിൽനിന്നും ഒരു വിഹിതം മറ്റുള്ളവർക്ക് നൽകി അദ്ദേഹം... അവറാച്ചൻ മരിച്ചതിനുശേഷം ആ ദൌത്യം കറിയാച്ചൻ ഏറ്റെടുത്തു... എന്തിനേറെ... അന്ന് ആ നാട്ടിൽ നിന്നും രക്ഷപ്പെട്ട് ഇവിടെയെത്തിയ ഞങ്ങൾക്കും അഭയം തന്നത് ഈ കറിയാച്ചൻ മുതലാളിയാണ്... രമേശേട്ടന് ബാങ്കിൽ ജോലി നൽകുകയും ചെയ്തു... രമേശേട്ടന്റെ മരണശേഷം എനിക്ക് ആ ജോലി തന്ന് സഹായിച്ചതും കറിയാച്ചൻ മുതലാളിയാണ്...

നീ പറഞ്ഞില്ലേ രാവിലെ ഏതോ അമ്പലത്തിൽ നിന്ന് പാട്ട് കേട്ടെന്ന്... ആ അമ്പലത്തിന്റെ പുനരുത്ഥാനത്തിന് മുൻകൈയ്യെടുത്ത് ഇറങ്ങിയതും അതിനുള്ള പണം നൽകിയതും കറിയാച്ചൻ മുതലാളിയാണ്... ഈ നാട്ടിൽ ജാതിയും മതവുമൊന്നുമില്ല അദ്ദേഹത്തിന്... എല്ലാവരും ഒരു കുടുംബമായി ജീവിക്കണമെന്നേ അദ്ദേഹത്തിനുള്ളൂ... എന്നാൽ ഈ നാടിനോ നാട്ടുകാർക്കോ എന്തെങ്കിലും പ്രയാസമുണ്ടാക്കി ആരു വന്നാലും.. അത് ഇവിടെയുള്ളവരായാലും ശരി അങ്ങനെ വല്ലതും നടന്നാൽ... ഇപ്പോൾ പറഞ്ഞ കറിയാച്ചനെയായിരിക്കില്ലെ പിന്നെ കാണുന്നത്... അതേ സ്വഭാവമാണ് അദ്ദേഹത്തിന്റെ മകൻ ജിമ്മിക്കും... എത്രയെത്ര വലിയ കമ്പനികളും സ്ഥാപനങ്ങളുമാണ് കേരളത്തിൽത്തന്നെ അവർക്ക്... എല്ലാം സാവധാനം നിനക്ക് മനസ്സിലാവും... "എന്നാൽ എനിക്കും ഈ കറിയാച്ചനെ പരിചയപ്പെടണമെന്നുണ്ട്... ഇയാളുടെ സ്ഥാപനത്തിൽ എന്തെങ്കിലും ജോലി എനിക്കും കിട്ടിയാൽ നന്നായിരുന്നു... " ഭദ്ര പറഞ്ഞു.. "നിനക്കുയുപ്പോൾ എന്തിനാണ് ജോലി...

എന്തേ ഇവിടെ ഞങ്ങളുടെ കൂടെ ജീവിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായോ നിനക്ക്... "ബുദ്ധിമുട്ടോ... എന്ത് ബുദ്ധിമട്ട്... അതൊന്നുമല്ല... എനിക്ക് ഒരു ജോലി അത്യാവശ്യമാണ്... നമ്മുടെ കയ്യിലും എന്തെങ്കിലും നാല്മുക്കാലുണ്ടായാൽ അത് നല്ലതല്ലേ... പിന്നെ ഈ സമയത്തിനിടക്ക് നീയും കിച്ചുവും അശ്വതിയും പറഞ്ഞതിൽ ഈ നാട് എനിക്ക് വല്ലാതങ്ങ് പിടിച്ചു... ഇവിടെ എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങിക്കണമെന്നുണ്ട്... എന്റെ ആഭരണങ്ങൾ കുറച്ച് കയ്യിലുണ്ട്... അത് പ്രകാശേട്ടൻ കാണാതെ സൂക്ഷിച്ചു വച്ചാണ്... അയാൾ കെട്ടിയ താലിയും മാലയും അയാൾ വിറ്റുതുലച്ചു... ഉണ്ടായിരുന്ന ജോലിയും കളഞ്ഞുകുടിച്ചു.. അതിനുശേഷം എന്റെ ആഭരണത്തിലേക്കായിരുന്നു അയാളുടെ കണ്ണ്... അത് കൊടുക്കാത്തതിനാൽ ഒരുപാട് ദ്രോഹം അനുഭവിച്ചു... എന്നിട്ടും അതൊന്നും അയാൾ കാണാതെ ഞാൻ മാറ്റിവച്ചു... അതുകൊണ്ട് അത് നഷ്ടപ്പെട്ടില്ല... അത് വിറ്റ് കുറച്ച് സ്ഥലം വാങ്ങിക്കണം... പിന്നെ അവിടെയൊരു കൊച്ചു വീടും.. അതാണ് എന്റെ ആഗ്രഹം.. "

"അത് നമുക്ക് ആലോചിക്കാം... പിന്നെ ജോലിക്കാര്യം... നിന്റെ സർട്ടിഫിക്കറ്റെല്ലാം കയ്യിലുണ്ടല്ലോ... ഞാൻ കറിയാച്ചൻമുതലാളിയുമായി സംസാരിച്ചു നോക്കട്ടെ... അദ്ദേഹം എന്തുതന്നെയായാലും കൈവിടില്ല... " "ഇനിയെങ്കിലും എനിക്ക് സ്വസ്ഥതയോടെ ജീവിക്കണം... പിന്നെ എന്റെ അനിയനുമായി ഒരു വീട്ടിൽ ജീവിക്കണം.. ദൈവമാണ് എനിക്ക് അവനെ തിരിച്ചു തന്നത്... നേരത്തെ അശ്വതി പറഞ്ഞതുപോലെ പ്രതികരിക്കാൻ എനിക്ക് അറിയാത്തതുകൊണ്ടാണ് എന്റെ ജീവിതം ഇങ്ങനെയായത്.. ഇനിയത് ഉണ്ടാകരുത്... എനിക്കും മനസ്സമാധാനത്തോടെ ജീവിക്കണം... പിന്നെ എന്റെ പ്രാശേട്ടനുമായുള്ള ബന്ധം എനിക്ക് വേണ്ട... അത് ഒഴിവാക്കണം എത്രയും പെട്ടന്ന്... അതിന് എനിക്കൊരു നല്ല വക്കീലിനെ ഏർപ്പാടാക്കി തരണം... "

"എല്ലാം നമുക്ക് ശരിയാക്കാം... ഇപ്പോൾ നീ മനസ്സൊന്ന് ശാന്തമാക്ക്... നീ ചിരിച്ചുകളിച്ച് നടക്കുന്നുണ്ടെങ്കിലും നിന്റെ മനസ്സിൽ ഇപ്പോഴും ഭയമാണെന്നെനിക്കറിയാം... അതാദ്യം നീ ഒഴിവാക്ക്... എന്നിട്ട് മനസ്സിന്നു ദൈര്യം കൊടുക്ക്... എല്ലാം നല്ലതുപോലെ നടക്കും... ഇനി സംസാരിച്ചുനിന്നാൽ എന്റെ പോക്ക് നടക്കില്ല... ഇപ്പോൾ തന്നെ സമയം ഒരുപാടായി... ഇനി വന്നിട്ട് സംസാരിക്കാം... നീ വാ ചായ കുടിക്കാം... " ആരതി ബാങ്കിലേക്ക് പോയിക്കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭദ്ര മുറിയിലേക്ക് നടന്നു മുറിയിലെത്തിയ അവൾ ജനലിൽക്കൂടി പുറത്തേക്ക് നോക്കി.... അവിടെനിന്നും കാണുന്ന പ്രകൃതിഭംഗി തന്റെ കുട്ടിക്കാലത്തേക്കാണ് അവളെ കൊണ്ടുപോയത്... ഇതുപോലെ പ്രകൃതി മനോഹരമായ സ്ഥലത്തായിരുന്നു താൻ ജനിച്ചതും... അന്ന് അച്ഛന്റെ തോളിലിരുന്ന് പാടവരമ്പിലൂടെ നടന്നതുമെല്ലാം അവളുടെ മനസ്സിലേക്ക് ഓടിയെത്തി... ഭദ്ര തന്റെ കുട്ടിക്കാലം ഓർത്തെടുത്തു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story