മറുതീരം തേടി: ഭാഗം 8

marutheeram thedi

രചന: രാജേഷ് രാജു

"പിന്നെ അവളെ കണ്ടുപിടിക്കാൻ ഞാനും നിന്നെ സഹായിക്കാം... എന്നിട്ടവളെ ഇല്ലാതാക്കുകയോ വളർത്തുകയോ ചെയ്യ്... സ്വന്തം കൂട്ടുകാരനായിപ്പോയില്ലേ... ഉപേക്ഷിച്ചുകളയാൻ മനസ്സനുവദിക്കുന്നില്ല... " അത്രയും പറഞ്ഞ് ഗിരീഷ് നടന്നകന്നു... അവൻ പോകുന്നതും നോക്കി കുറച്ചുനേരം പ്രകാശൻ നിന്നു... പിന്നെ എഴുന്നേറ്റ് തന്റെ കാറിൽ കയറി... അത് അടുത്തുള്ള ബാർ ലക്ഷ്യമാക്കി കുതിച്ചു... ഈ സമയം ഭദ്ര ജനിച്ചുവളർന്ന വീട്ടിൽ... "സരോജിനി നീയറിഞ്ഞോ... ആ പെണ്ണ് ഉള്ളാട്ടെ വീട്ടിൽനിന്നും ഇറങ്ങിപ്പോയെന്ന്... എവിടേക്കാണ് പോയതെന്ന് ഒരു വിവരവുമില്ല... വിശാലയും പ്രീതിയും ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്... " സരോജിനിയുടെ ഇപ്പോഴത്തെ ഭർത്താവായ പ്രഭാകരൻ പറഞ്ഞു... അതിന് അവരെന്തിനാണ് ടെൻഷനാകുന്നത്... അവൾ നാടുവിട്ടു പോവുകയോ ജീവിതം അവസാനിപ്പിക്കുകയോ ചെയ്തോട്ടേ... അതോടെ ആ ഒരുമ്പട്ടോളുടെ ശല്യം തീരുമല്ലോ... അങ്ങനെ ആശ്വസിക്കുകയല്ലേ വേണ്ടത്... " സരോജിനി പറഞ്ഞു...

"നീയെന്തറിഞ്ഞിട്ടാണ് സരോജം... അവൾ എന്തെങ്കിലും കടുംകൈ ചെയ്താൽ ആദ്യം കുടുങ്ങുന്നത് നമ്മളായിരിക്കും... പ്രകാശനുമായുള്ള വിവാഹം തടത്തിയതുതന്നെ നിന്റെ തലയിലുദിച്ച ബുദ്ധിയാണ്... അന്വേഷണം വന്നാൽ നീയും ഞാനും കുടുങ്ങും... ചെറുപ്പം മുതൽ നീമൂലമുണ്ടായ ഉപദ്രവങ്ങൾ അനുഭവിച്ചവളാണ് അവൾ... പോരാത്തതിന് ഒരു മാറാരോഗിയെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാനുള്ള ചരടും നീ വലിച്ചു... എന്നിട്ടോ അവളനുഭവിക്കുന്ന ദുരിതങ്ങൾ കണ്ട് രസിക്കുകയും ചെയ്തു... ഇനിയഥവാ അവൾ ജീവിച്ചിരിപ്പുണ്ടെന്നുതന്നെ നിൽക്കട്ടെ... അവൾ എല്ലാകാര്യവും പോലിസിലോ മറ്റോ പറഞ്ഞാൽ... അവിടേയും പ്രശ്നം നമുക്കാണ്... സംഭവം എന്റെ സഹോദരിയുടെ മകനാണ് പ്രകാശൻ... അവനൊരു ജീവിതം വേണമെന്നേ ഞാനഗ്രഹിച്ചിരുന്നുള്ളൂ... എന്നാൽ ഇതറിഞ്ഞ നിന്റെ മനസ്സിൽ ഉടലെടുത്ത തീരുമാനമാണ് അവനെക്കൊണ്ട് ആ പെണ്ണിനെ വിവാഹം കഴിപ്പിക്കുക എന്നത്... നിന്റെ മകൻ നാടു വിടാൻ കാരണക്കാരായ അവളാണെന്ന ചിന്തയാണ് നിന്നെക്കൊണ്ട് അത് ചെയ്യിച്ചത്...

എന്തായാലും ഒരുങ്ങിയിരുന്നോ... ഏതു സമയവും പോലീസ് ഈ വീട്ടിലേക്ക് കയറി വരും... നിന്നേയും എന്നേയും അറസ്റ്റുചെയ്യാൻ... അതോടെ പണ്ട് അവളുടെ അച്ഛൻ ശിവദാസൻ ആത്മത്യചെയ്തതുവരെ അന്വേഷണത്തിൽ വരും...." "പ്രഭാകരേട്ടാ ആകെ കുഴപ്പമായല്ലോ... ഇനിനമ്മൾ എന്തുചെയ്യും... ആ ഒരുമ്പട്ടോൾ കാരണം നല്ലപോലെ ജീവിക്കാനും വയ്യാതായല്ലോ... " "എങ്ങനെ മനഃസമാധാനത്തോടെ ജീവിക്കും... അത്രക്കും ദുഷ്ടതകൾ നീ ചെയ്തുകൂട്ടിയില്ലേ... നിന്റെ വാക്കു കേട്ടിട്ടു ഞാനും അവളെ ഒരുപാട് ദ്രോഹിച്ചു... അവളെ മാത്രമോ... അവളോട് കൂറു കാണിച്ചതിന് നിന്റെ മകനേയും ദ്രോഹിച്ചു... എന്തായാലും വരാനുള്ളത് അനുഭവിക്കുകതന്നെ... അവൾ പണ്ട് നാടുവിട്ടുപോയ നിന്റെ മകന്റെയടുത്തെങ്ങാനും ചെന്നുപെട്ടാൽ... അത് കൂടുതൽ ആപത്തിൽ മാറുകയേയുള്ളൂ... എന്തായാലും ചെയ്തുകൂട്ടിയ പാപങ്ങൾക്ക് കിട്ടാനുള്ള കൂലിയായിരിക്കും വരാൻപോകുന്ന ഓരോ കാര്യവും... " പ്രഭാകരൻ അകത്തേക്ക് നടന്നു... എന്നാൽ ആ സമയത്തും ഭദ്രയോടുള്ള പക സരോജിനിയുടെ മനസ്സിൽ തിളച്ചു മറയുകയായിരുന്നു...

" ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വൈകുന്നേരം കുറച്ചു നേരത്തേ ആതിര ബാങ്കിൽനിന്നും വീട്ടിലേക്ക് പോന്നു... വരുന്ന വഴി കുറച്ച് ചിക്കനും മീനും വാങ്ങിച്ചിരുന്നു... "നീയെന്നെ നേരത്തേ വന്നോ മോളേ.... " ഉമ്മറത്തിരിക്കുകയായിരുന്ന ശ്രീധരൻ ചോദിച്ചു... "കുറച്ചുനേരത്തെ പോന്നു... ഇതെല്ലാം വാങ്ങിക്കാനുണ്ടായിരുന്നു... " "അതേതായാലും നന്നായി... എനിക്ക് അങ്ങാടിവരെയൊന്ന് പോകാനുണ്ട്... പ്രഷറിന്റെ ഗുളിക തീർന്നത് രാവിലെയാണ് നോക്കിയത്... അത് വാങ്ങിക്കണം... " "അതിന് അച്ഛൻ ഇപ്പോൾ അങ്ങാടിവരെ പോകണോ... കുറച്ചു കഴിഞ്ഞാൽ കിച്ചു പുറത്തു പോകും അന്നേരം അവനോട് പറഞ്ഞാൽ മതിയല്ലോ... അതല്ല പുറത്തേക്കു ചുറ്റിയടിക്കാനാണ് പോകുന്നതെങ്കിൽ ഞാൻ നിരാശപ്പെടുത്തുന്നില്ല... ഇരുളിനെ മുന്നേ തിരിച്ചുവന്നാൽ മതി... " "അല്ലെങ്കിൽ വേണ്ട... ആ ചെറുക്കാൻ പോകുമ്പോൾ പണവും ശീട്ടും കൊടുക്കാം... അതുവരെ വെറുതേ നടക്കേണ്ടല്ലോ... " ശ്രീധരൻ പറഞ്ഞു... "അതാണ് നല്ലത്... അച്ഛൻ വനനോളൂ ഞാൻ ചായയിട്ടുതരാം... " "ചായ കുടിച്ചല്ലോ മോളേ... ഭദ്രമോള് ഇട്ടു തന്നു... "

"എന്നിട്ട് എവിടെയവൾ കിടക്കുകയാണോ... " "അല്ല അവൾ അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന പണിയിലാണ്... " "എന്താണാവോ ഉണ്ടാക്കുന്നത്... " ആതിര കയ്യിലെ കവറുമായി അടുക്കളയിലേക്ക് നടന്നു... അവൾ ചെല്ലുമ്പോൾ അരി പുതർത്തി അത് വറുത്തെടുക്കുന്ന പണിയിലാണ്... "ആഹാ എന്താണാവോ പുതിയ പരിപാടി... " ആതിര ചോദിച്ചു പ്രത്യേകിച്ചൊന്നുമില്ല... കുറച്ച് അരി വറുത്ത് തേങ്ങയും ശർക്കരയും കൂട്ടി പൊടിച്ചെടുക്കാമെന്ന് കരുതി... ചായക്ക് കൂട്ടി കഴിക്കാമല്ലോ" ഭദ്ര പറഞ്ഞു... "ഓ... നിന്റെ അമ്മായിയുടെ ഇഷ്ട പലഹാരം... " "അതുതന്നെ... എത്ര കഴിച്ചാലും അതൊന്നും മടുക്കില്ലെന്റെ മോളേ... " "അപ്പോൾ ഈ കൊണ്ടുവന്ന ചിക്കനും മീനും എന്തുചെയ്യും... " എന്തിനാണ് ആതിരേ വെറുതേ ഇതെല്ലാം വാങ്ങിച്ചത്... ഞാൻ പറഞ്ഞതല്ലേ വെറുതേ പണം ചെലവാക്കേണ്ടി എന്ന്... " "ഇത് വാങ്ങിച്ചിട്ട് മുടിഞ്ഞു പോകുന്നതെങ്കിൽ പോകട്ടെ... ബാക്കിയുള്ളത് മതി... " "നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... അതു പോട്ടെ ഈ ചിക്കൻ എന്തുചെയ്യാനാണ് പരിപാടി... "

"ഇതോ ഇത് എല്ലാവരും കൂടി തലക്ക് ചുറ്റി വടക്കേ പറമ്പിലേക്ക് വലിച്ചെറിയുക... അല്ല പിന്നെ... സാധാരണ ചിക്കൻ എന്താണ് ചെയ്യുന്നത്... അത് കറിവെക്കണം... രാത്രി ചോറിലേക്ക് എടുക്കാമല്ലോ... പിന്നെ മീൻ വറുത്തെടുക്കാം... എന്താ... " "എന്നാൽ ഞാനൊരു കാര്യം പറയട്ടെ... നീ എതിരുനിൽക്കരുത്... മാത്രമല്ല അതിന് വരുന്ന ചിലവ് ഞാൻ വഹിക്കും... " "നീയെന്താണ് ഉദ്ദേശിക്കുന്നത്.. " "അത്... ഒരുപാട് കാലത്തിനുശേഷം എനിക്കെന്റെ അനിയനെ തിരിച്ചു കിട്ടിയതാണ്... ആ സന്തോഷം ഒന്നു പങ്കുവെച്ചാലോ എന്നൊരാഗ്രഹം... ഇന്നത്തെ അത്താഴത്തിന് അവനെയും അച്ചുവേട്ടനേയും ഇവിടേക്ക് വിളിച്ചാലോ... " "എന്തിന് ഒരു ചാറും ചോറും കഴിക്കാനോ... അവരെന്തുവിചാരിക്കും... അല്ലെങ്കിൽ എന്തെങ്കിലും നല്ലതായിട്ട് ഉണ്ടാക്കണം... " "എന്നാൽ ഉണ്ടാക്കാം... പക്ഷേ അതിനുള്ള സാധനങ്ങൾ വാങ്ങിക്കണമല്ലോ...

പണം ഞാൻ തരാം... പക്ഷേ കടയിൽ ആരുപോകും... എനിക്ക് ഇവിടുത്തെ കടകളൊന്നും അറിയില്ല... " "അതിന് പ്രശ്നമില്ല നിന്റെ അനിയൻ പുറത്തു പോകുമ്പോൾ വാങ്ങിപ്പിക്കാം... പിന്നെ നീയെന്നെ അത്ര വലിയ പ്രാരാബ്ദക്കാരിയായി കാണേണ്ട...ഒരുനേരം അവരെ വിളിച്ച് അല്പം ഭക്ഷണം കൊടുക്കാനുള്ള വകയൊക്കെ ഞാനുണ്ടാക്കുന്നുണ്ട്... ഒന്നുമില്ലെങ്കിലും പ്രൈവറ്റാണെങ്കിലും ഒരു ബാങ്കിലാണ് ഞാൻ ജോലി ചെയ്യുന്നത്... അങ്ങനെയൊന്ന് കൊച്ചാക്കേണ്ട..." ആതിര പറഞ്ഞു... "അയ്യോ അതുകൊണ്ടൊന്നും പറഞ്ഞതല്ല... എന്റെ കയ്യിലും കുറച്ച് പണമുണ്ട്... ഇടക്ക് തുണിയലക്കുമ്പോൾ പ്രകാശേട്ടന്റെ കീശയിൽ ചില ദിവസം മറന്നു വച്ച് പൈസകൾ കാണും... അത് ഞാനെടുത്തുവക്കും... ചോദിച്ചാൽ കൊടുക്കാമെന്ന് കരുതി... പക്ഷേ ഇതുവരെ ചോദിച്ചിട്ടില്ല... അങ്ങനെ കിട്ടുന്നതല്ലാതെ ഈ തിയ്യതിവരെ ഒരഞ്ചു പൈസ എനിക്ക് തന്നിട്ടില്ല... ആ പണം കൊണ്ട് ഇങ്ങനെയൊരുപകാരമെങ്കിലും നടക്കട്ടെ... " "അത് നീ കയ്യിൽ തന്നെ വച്ചോ... പിന്നെ എന്തെങ്കിലും ആവശ്യം വരും... ഇതിനുള്ള പണം ഞാൻ കൊടുക്കാം... "

കിച്ചുവും അച്ചുവും ജോലി കഴിഞ്ഞ് വരുന്നത് കണ്ടപ്പോൾ ആതിര കിച്ചുവിനെ വിളിച്ചു... "എന്താ ആതിരേച്ചീ... " കിച്ചു ചോദിച്ചു... "നീ അങ്ങാടിയിൽ പോകുന്നില്ലേ... പോകുമ്പോൾ എനിക്ക് ചില സാധനങ്ങൾ വാങ്ങിക്കാനുണ്ട്... " "ഇന്ന് ഞാൻ പോകുന്നില്ലല്ലോ ആതിരേച്ചീ... അച്ചുവേട്ടൻ പോകുന്നുണ്ട്... ഞാൻ പറയാം എന്താ വാങ്ങിക്കേണ്ടതെന്നുവച്ചാൽ അച്ചുവേട്ടൻ വാങ്ങിച്ചോളും... " "അയ്യോ അതുവേണ്ട... അല്ലെങ്കിൽ തന്നെ, ഒരു മുരടനാണ്... ഇതുകൂടി കേട്ടാൽ അയാൾക്ക് പ്രാന്ത് വരും... " "അതൊന്നുമില്ല ആതിരേച്ചീ... ഞാൻ പറയാം... എനിക്കാണ് ഇന്നത്തെ മെസ്സിന്റെ ചാർജ്ജ്... എട്ടുമണിയാകുമ്പോഴേക്കും വല്ലതും കിട്ടിയില്ലെങ്കിൽ ആതിരേച്ചീ പറഞ്ഞ പ്രാന്ത് അന്നേരമാണ് കാണുക... " "എന്താടാ നിന്റെ അച്ചുവേട്ടൻ മുമ്പ് പ്രാന്തന്മാരുടെ കൂടെയാണോ കഴിഞ്ഞിരുന്നത്... അവിടേക്ക് വന്ന ഭദ്ര ചോദിച്ചു... അതുകേട്ട്കിച്ചു ചിരിച്ചു..." "ഈ പറഞ്ഞത് അച്ചുവേട്ടൻ കേൾക്കേണ്ട... രാവിലെ കിട്ടിയത് പോരേ ചേച്ചിക്ക്... " അത് ഞാൻ അന്നേരം അതിനുള്ള മറുപടി കൊടുക്കാത്തതുകൊണ്ടാണ്... അല്ലാതെ പറയാൻ അറിയാഞ്ഞിട്ടല്ല... "

"പിന്നേ... പോ ചേച്ചീ... അത്ര വലിയ ദൈര്യമുള്ള ആളായിട്ടാണോ ചേച്ചിക്ക് ഇങ്ങനെയൊരവസ്ഥ വന്നത്... ജീവിതം ഇല്ലാതാക്കാൻ വരെ നോക്കിയത്... " "അത് എന്റെ യോഗം... അവിടെ കൂട്ടിലടച്ചിട്ട കിളിയുടെ അവസ്ഥയായിരുന്നു എനിക്ക്... എത്ര വലിയ ദൈര്യമുള്ളവളായും ആ സന്ദർഭങ്ങളിൽ അങ്ങനെയൊക്കെ ചിന്തിച്ചു പോകും... അത് പറഞ്ഞ് ഉള്ള സന്തോഷം കളയേണ്ട... പിന്നെ ഇന്നത്തെ മെസ്സ് ക്യാൻസൽ ചെയ്തേക്ക്... ഇന്ന് രണ്ടാളും ഇവിടേക്ക് വരണം... ഇവിടെയാകാം രാത്രികൽത്തെ ഭക്ഷണം... " "ഇന്ന് എന്താണ് പ്രത്യേകത... " കിച്ചു ചോദിച്ചു... "പ്രത്യേകതയൊന്നുമില്ല... എന്റെ അനിയനെ എനിക്ക് തിരിച്ചുതന്നതല്ലേ ദൈവം... അതുതന്നെ വിശേഷം... ലോകത്ത് ആദ്യമായിട്ടാണ് സഹോദരീ സഹോദരന്മാർ അടുത്തുണ്ടായിട്ടും അയൽക്കാരായി ജീവിക്കേണ്ടി വരുന്നത്... അധികം താമസിയാതെ അതിനും ഒരു തീരുമാനമുണ്ടാക്കണം... "

"എല്ലാം ശരിയാകും ചേച്ചീ... ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ നമ്മൾ കണ്ടുമുട്ടിയില്ലേ... അതിലും വലുതൊന്നുമല്ലല്ലോ ഒന്നും... പിന്നെ ഞാൻ രാത്രി വരാം പക്ഷേ അച്ചുവേട്ടൻ വരുമെന്ന് തോന്നുന്നില്ല... " "അതെന്താ... അച്ചുവേട്ടന് ഇവിടെ വന്ന് കഴിച്ചാൽ തൊണ്ടയിൽ നിന്നും ഇറങ്ങില്ലേ... " ഭദ്ര ചോദിച്ചു.. "അതെനിക്കറിയില്ല... എന്നാലും ഞാൻ പറയാം... പിന്നെ അച്ചുവേട്ടൻ പോകുമ്പോൾ എന്താണ് വേണ്ടതെന്നു വച്ചാൽ പറഞ്ഞാൽ മതി... " "നീ അച്ചുവേട്ടനോട് പറയേണ്ട... നീ പറഞ്ഞാൽ അയാൾ വരുകയുമില്ല... ഞാൻ വന്നു വിളിച്ചോളാം... വരുമോയെന്ന് നോക്കാലോ... നീ ഇതേപ്പറ്റി അയാളോട് പറയേണ്ട... സാധനങ്ങൾ വാങ്ങിക്കേണ്ട കാര്യംമാത്രം പറഞ്ഞാൽ മതി... " "ശരി എന്നാൽ ഞാനിറങ്ങട്ടെ... " കിച്ചു അവരുടെ വീട്ടിലേക്ക് നടന്നു... "......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story