മറുതീരം തേടി: ഭാഗം 9

marutheeram thedi

രചന: രാജേഷ് രാജു

"നീ അച്ചുവേട്ടനോട് പറയേണ്ട... നീ പറഞ്ഞാൽ അയാൾ വരുകയുമില്ല... ഞാൻ വന്നു വിളിച്ചോളാം... വരുമോയെന്ന് നോക്കാലോ... നീ ഇതേപ്പറ്റി അയാളോട് പറയേണ്ട... സാധനങ്ങൾ വാങ്ങിക്കേണ്ട കാര്യംമാത്രം പറഞ്ഞാൽ മതി... " "ശരി എന്നാൽ ഞാനിറങ്ങട്ടെ... " കിച്ചു അവരുടെ വീട്ടിലേക്ക് നടന്നു... അവൻ ചെല്ലുമ്പോൾ അച്ചു കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു... "അച്ചുവേട്ടാ ആതിരച്ചേച്ചി പറഞ്ഞു അച്ചുവേട്ടൻ പുറത്തു പോകുമ്പോൾ എന്തോ ചില സാധനങ്ങൾ വാങ്ങിക്കാനുണ്ടെന്ന്... പോകാൻ നേരത്ത് പറയാനും പറഞ്ഞു... " "ഞാൻ പുറത്തുപോകുന്നകാര്യം ആരാണ് അവളോട് പറഞ്ഞത്... " "ഞാൻ പറഞ്ഞു... എന്നോട് പോകുമ്പോൾ വാങ്ങിക്കാനാണ് പറഞ്ഞത്... ഞാൻ പറഞ്ഞു അച്ചുവേട്ടനാണ് പോകുന്നതെന്ന്... " "പിന്നേ എനിക്ക് അതല്ലേ പണി... നീയാണല്ലോ അവരുടെ കാര്യസ്ഥൻ... നീ പോയി വാങ്ങിച്ചു മതി... എനിക്ക് പറ്റില്ല... " "മറ്റുള്ളവർക്ക് ഉപകാരം ചെയ്യരുത്... അങ്ങനെ ചെയ്താൽ അത് നന്മയായി പോകുമല്ലോ... ഞാൻ പോയി വാങ്ങിക്കൊടുത്തോളാം... എന്റെ കയ്യിലെ വളയൊന്നും ഊരിപ്പോകില്ല... പിന്നെ കരക്റ്റ് സമയത്ത് കഞ്ഞിയായില്ല എന്നുപറഞ്ഞ് എന്റെ മെക്കിട്ട് കയറാതിരുന്നാൽ മതി... "

"എന്ത് വേണമെങ്കിലും ചെയ്തോ... എന്നെ കാക്കേണ്ട എന്നേ പറഞ്ഞുള്ളു... " അതും പറഞ്ഞ് അച്ചു കുളിക്കാൻ പോയി... "വല്ലാത്ത കാട്ടുപോത്തുതന്നെ... ഇതിനെയൊക്കെയെങ്ങനെ വീട്ടുകാർ പൊറുപ്പിച്ചുപോന്നു എന്റീശ്വരാ... " കിച്ചുവത് പറഞ്ഞത് അച്ചു കേട്ടു... അയാൾ തിരിഞ്ഞ് കിച്ചുവിനെ നോക്കി... അതുകണ്ട് കിച്ചു ചെറുതായൊന്ന് പേടിച്ച് തലതാഴ്ത്തി... അച്ചു ഒരു ചിരിയോടെ കുളിമുറിയിലേക്ക് കയറി... ഈ സമയം കിച്ചു കഴുകാനുള്ള പാത്രങ്ങൾ എടുത്ത് പൈപ്പിന്റെ താഴെ കൊണ്ടുവന്നു വച്ചു... കുളികഴിഞ്ഞുവന്ന അച്ചു ഡ്രസ്സ് മാറ്റി വന്നു... ആ സമയം കിച്ചു എണ്ണതേച്ചു നിൽക്കുകയായിരുന്നു... "എന്താടാ നീ കുളിക്കുന്നില്ലേ... ആരെ കാണിക്കാനാണ് നിന്റെ ബോഡി ഷോ... " "ഞാൻ എപ്പോഴെങ്കിലും കുളിച്ചോളാം... അച്ചുവേട്ടന് പോകാനുള്ളയിടത്തേക്ക് പോകാൻ നോക്ക്... " "എന്താ നീ വരുന്നില്ല പുറത്തേക്ക്... " "ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ പൊയ്ക്കോളാം... അച്ചുവേട്ടൻ പോകാൻ നോക്ക്... " "നിന്ന് ചിലക്കാതെ പോയി കുളിച്ചുവാടാ കഴുതേ... എന്നിട്ട് എന്താണ് അവർക്ക് വേണ്ടതെന്നുവച്ചാൽ അതിന്റെ ശീട്ടും പണവും വാങ്ങിച്ചു വാ... " അതുകേട്ട് കിച്ചു ചിരിയോടെ അച്ചുവിനെ നോക്കി... "എന്റെ, അച്ചുവേട്ടാ... ആദ്യമേ ഇതങ്ങ് സമ്മതിച്ചാൽ പോരേ...

എന്തിനാണ് ഈ മസിലുപിടുത്തം... " "നിന്ന് വായാടിത്തരം പറയാതെ പോയി കുളിച്ചുവാടാ... " "ഒരഞ്ചു മിനിറ്റ് ഇപ്പോൾ വരാം... " ഭദ്ര എഴുതിക്കൊടുത്ത ശീട്ടിലെ സാധനവും ശ്രീധരനുള്ള മരുന്നും വാങ്ങിച്ച് അവർ പെട്ടന്നുതന്നെ പോയിവന്നു... "ഇന്നെന്താ അച്ചുവേട്ടാ മിനുങ്ങാതിരുന്നത്... വീട്ടിലെത്താൻനേരത്ത് കിച്ചു ചോദിച്ചു... 'എനിക്ക് വേണ്ടെന്നു തോന്നി... എന്തേ അതിനെന്തെങ്കിലും പ്രശ്നമുണ്ടോ... " "എനിക്കെന്ത് പ്രശ്നം... സ്വയം നന്നാവണമെന്ന് ആഗ്രഹമുള്ളവരോടല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ... ഏതായാലും ഇന്ന് നല്ല മൂഡിൽ വന്നത് നന്നായി... " "അതെന്താ... നിന്റെ മറ്റവളുടെ വീട്ടിൽനിന്ന് കാരണവന്മാർ വരുന്നുണ്ടോ... " "അതൊന്നുമില്ല... ഇങ്ങനെ വല്ലതുമുണ്ടായാൽ ആദ്യം അറിയുന്നത് അച്ചുവേട്ടനല്ലേ... ഏതായാലും ഈ സാധനങ്ങൾ ഞാൻ കൊടുത്തു വരാം... അതുകഴിഞ്ഞ് നമുക്ക് സംസാരിക്കാം... " "അപ്പോൾ കഞ്ഞിയുണ്ടാക്കുന്നില്ലേ" "ഇന്ന് കഞ്ഞിയുണ്ടാക്കാൻ എനിക്ക് വയ്യ... " "പിന്നെ ആരുണ്ടാക്കും... " "ആർക്കു വേണമെങ്കിലും ഉണ്ടാക്കാം എനിക്കു വയ്യ... നല്ല ക്ഷീണം... "

"ഇതിനെപ്പോലെ ഒരുത്തനെ കൂടെ കൊണ്ടുനടക്കുന്ന എന്നെ വേണം പറയാൻ... പറഞ്ഞിട്ട് കാര്യമില്ല... ഇപ്പോൾ എല്ലാറ്റിനും ചേച്ചിയെന്ന് പറയുന്നവളുണ്ടല്ലോ... " അച്ചു നേരെ വീടിനുള്ളിലേക്ക് നടന്നു... കിച്ചു സാധനവുമായി ആതിരയുടെ വീട്ടിലേക്ക് നടന്നു... "ചേച്ചീ... ചേച്ചീ... " മുറ്റത്തുനിന്നും കിച്ചു വിളിച്ചു... ഭദ്രയാണ് വാതിൽ തുറന്നത്... "നീയെത്തിയോ... എന്താടാ നിന്റെ അച്ചുവേട്ടൻ എന്തു പറഞ്ഞു... " ആദ്യം കുറച്ച് എതിര് പറഞ്ഞെങ്കിലും പിന്നെ സമ്മതിക്കുകയായിരുന്നു... ഞാൻ പറഞ്ഞില്ലേ... അച്ചുവേട്ടന്റെ ഉള്ള് ശാന്തമാണ്.... പിന്നെ ചേച്ചി രാത്രികൽത്തെ കാര്യം പറയാമെന്ന് പറഞ്ഞതുകൊണ്ട് അതിനെപ്പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല... ഇപ്പോൾ വിളിവരും.... അതിനു മുന്നേ ഞാൻ നടക്കട്ടെ... " "അവിടെനിൽക്ക്... ഈ സാധനങ്ങൾ അകത്തുവച്ചതിനുശേഷം ഞാനും വരാം... " ഭദ്ര സാധനങ്ങൾ അകത്തുവച്ചു... അതിനുശേഷം പുറത്തേക്ക് വന്നു... "ഇന്ന് അപ്പുമോനെ കൊണ്ടു പോകുന്നില്ലേ... " അവൾ ചോദിച്ചു... "ഇല്ല... ഏന്തായാലും കുറച്ചുകഴിഞ്ഞാൽ ഇവിടേക്ക് വരാനുള്ളതല്ലേ.. ചേച്ചി വാ.. " അവർ കിച്ചു താമസിക്കുന്നിടത്തേക്ക് നടന്നു... അവർ ചെല്ലുമ്പോൾ അച്ചു കഞ്ഞിക്കുള്ള വെള്ളം അടുപ്പത്ത് വെക്കാനുള്ള പരിപാടിയിലായിരുന്നു... "എന്തായിത്... ഇന്ന് എന്റെ ഊഴമല്ലേ ഇതെല്ലാം... " "നിന്നെ പ്രതീക്ഷിച്ചിരുന്നാൽ ഇന്ന് പട്ടിണി കിടക്കേണ്ടിവരും... അതെങ്ങനാണ്... ഇപ്പോൾ തോന്നിയതുപോലെയല്ലേ നിന്റെ നടത്തം... "

"അതിന് അതിനു മാത്രം സമയമൊന്നുമായില്ലല്ലോ... " സമയംനോക്കിനിന്നാൽ വയറ്റിൽ ഒന്നുമെത്തില്ല... പിന്നെ ഇവളെയെന്തിനാണ് ഇവിടേക്ക് വിളിച്ചു കൊണ്ടുവന്നത്... ചേച്ചിയും അനിയനുമായുള്ള ബന്ധം അവിടെ മതി... ഇവിടെ വേണ്ട... മറ്റുള്ളവരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കേണ്ട.. " അച്ചു ഭദ്രയെ നോക്കി പറഞ്ഞു... "ഞാൻ നിങ്ങളുടെ വീട്ടിൽ താമസിക്കാനൊന്നും വന്നതല്ല... ഒരു കാര്യം പറയാൻ വന്നതാണ്... അത് പറഞ്ഞ് വന്നതു പോലെ തിരിച്ചുപോവുകയും ചെയ്യും... ഇന്ന് അത്താഴം അവിടെയാക്കാം... രണ്ടുപേരും അവിടേക്ക് വരണം... അതു പറയാൻ വന്നതാണ്... " "ഓ സാധനങ്ങൾ കൊണ്ടുവന്നു തന്നതിനുള്ള നന്ദി കാണിക്കലാകും.. എനിക്ക് വരാൻ പറ്റില്ല... ഇവിടെ ഉണ്ടാക്കുന്നുണ്ട് അതു മതി... " "ഓ മറ്റുള്ളവർ ഉണ്ടാക്കുന്നത് കഴിക്കില്ലായിരിക്കും... എന്റെ മനസ്സിൽ എന്റെ അനിയനും അവനെ ഇത്രയും കാലം ഒരു പോറലുപോലുമേൽക്കാതെ കൊണ്ടുനടന്ന ഇയാളുമൊന്നിച്ച് ഒരു നേരമെങ്കിലും സന്തോഷത്തോടെ ഒരുനേരത്തെ അന്നം ഒന്നിച്ചിരുന്ന് കഴിക്കണമെന്ന് തോന്നി...

എനിക്കങ്ങനെയൊരു ആഗ്രഹം തോന്നി... അത് പറയേണ്ട കടമ എന്റേതാണ്... നിങ്ങൾക്ക് പൂർണ്ണ തൃപ്തിയുണ്ടെങ്കിൽ വരാം... " ഭദ്ര അതും പറഞ്ഞ് അവിടെനിന്നും വീട്ടിലേക്ക് നടന്നു... "എന്താ ഭദ്രേ... അവർ വരുമോ... " വീട്ടിലെത്തിയ ഭദ്രയോട് ആതിര ചോദിച്ചു... "എന്തായാലും എന്റെ അനിയൻ വരും... അയാൾ വരുകയോ വരാതിരിക്കുകയോ ചെയ്യട്ടെ... നമ്മുടെ അപ്പുമോന്റെ പ്രായമല്ലല്ലോ എടുത്തു കൊണ്ടുവരാൻ.... വരുന്നെങ്കിൽ വരട്ടെ... "എനിക്ക് തോന്നുന്നില്ല വരുമെന്ന്... " ആതിര പറഞ്ഞു... "വരുമെന്നാണ് എന്റെ മനസ്സ് പറയുന്നത്... എന്തായാലും നോക്കാം... " എട്ടുമണിയോടെ എല്ലാം തയ്യാറാക്കി കിച്ചുവിനേയും അച്ചുവിനേയും നോക്കി അവരിരുന്നു... എന്നാൽ എട്ടരയോടെ കിച്ചു അവിടേക്ക് വന്നു... "ഓ.. നിന്റെ അച്ചുവേട്ടന് ഇവിടേക്ക് വരാൻ ബുദ്ധിമുട്ടുണ്ടാവും അല്ലേ... അവിടെ വന്ന് അയാളെ ക്ഷണിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ... കാട്ടാനയെ മെരുക്കാൻ അത്ര പെട്ടന്ന് പറ്റില്ലെന്ന് മനസ്സിലായി... അവിടെ വന്ന് എന്റെ വായിലെ വെള്ളം വറ്റിച്ചത് മിച്ചം... " ഭദ്ര പറഞ്ഞു...

"അതെന്താ ചേച്ചീ അങ്ങനെ പറഞ്ഞത്... " കിച്ചു ചോദിച്ചു... "അല്ലാതെ പിന്നെ... ഒരു കുടുംബം പോലെ കഴിയുന്നതല്ലേ നിങ്ങളെല്ലാവരും എന്നുകരുതി വന്നു വിളിച്ചപ്പോൾ അയാൾക്ക് വല്ലാത്ത ഡിമാന്റ്... ആരെ കാണിക്കാനാണ് ഈ മസിലുപിടുത്തം... അതോ ഇവരല്ലാതെ ഞാൻ വന്നു വിളിച്ചതാണോ അദ്ദേഹത്തിന് കുറച്ചിലായി തോന്നിയത്..." "ചേച്ചി കാര്യമറിയാതെയാണ് സംസാരിക്കുന്നത്... അച്ചുവേട്ടൻ ഇവിടേക്ക് വരില്ലെന്ന് പറഞ്ഞോ... ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ച് ഇറങ്ങിയതാണ്... അന്നേരമാണ് അച്ചുവേട്ടന്റെ അമ്മയുടെ ഫോൺ വന്നത്... അവരുമായി സംസാരിക്കുകയാണ് അച്ചുവേട്ടൻ... അതുകഴിഞ്ഞാൽ വരും... എന്നോട് നടന്നോളാൻ പറഞ്ഞു... അച്ചുവേട്ടൻ വന്നോളാമെന്ന് പറഞ്ഞു... " അതുകേട്ട് ഭദ്രയും ആതിരയും പരസ്പരം നോക്കി... " "മോളെ... ഒരാളെ അത്രപെട്ടന്ന് അളന്നു മുറിച്ച് കാണരുത്... മുന്നുവർഷമേ ഇവരെ കാണാൻ തുടങ്ങിയിട്ടുള്ളൂവെങ്കിലും ഞാൻ അച്ചുവിനെ മനസ്സിലാക്കിയതു പോലെ ഇവൻ പോലും അവനെ മനസ്സിലാക്കിയിട്ടില്ല... ഇവനെ സ്വന്തം അനിയനെപ്പോലെയാണ് അവൻ കാണുന്നത്... അതെനിക്ക് മനസ്സിലാക്കി തന്നത് ഞങ്ങൾ ഇവിടെ വന്ന അന്നാണ്... ഇവിടെ എന്റെ മകന് ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരൻ അച്ചുവായിരുന്നു...

അത് തിരിച്ചും അങ്ങനെത്തന്നെ... അവൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ അവനെ സപ്പോർട്ട് ചെയ്തത് എന്റെ മകൻ രമേശനാണ്... എന്റെ മകന്റെ മരണം സംഭവിച്ച പ്പോൾ ആകെ തളർന്നുപോയ എന്നെ പിടിച്ചു നിർത്തിയത് അവനാണ്... എന്നാൽ കുറിച്ചു ദിവസത്തെ പരിചയമാണെങ്കിലും എന്റെ മകന്റെ മരണം അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു... അത് എനിക്കും അറിയുന്നതിന്... ആ ദുഃഖം മാറുന്നതിനുമുന്നേയാണ് അവന്റെ ഭാര്യയും പോയത്... അതോടെ അവൻ ഒറ്റപ്പെട്ടതുപോലെയായി... നിങ്ങൾ കരുതുന്നതുപോലെ അവനൊരു കാട്ടാളനൊന്നുമല്ല... സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം... തന്നെ സ്നേഹിക്കുവരുടെ വിയോഗമാണ് അവനെ ഇന്നത്തെ സ്ഥിതിയിലാക്കിയത്... എന്നാൽ ഇവൻ ഈ കിച്ചു വിന്റെ ഒരേട്ടനോടുള്ള സ്നേഹം അതൊന്നു മാത്രമാണ് അവനെ കൈവിട്ടു പോവാതെ നിർത്തുന്നത്... ഇതൊന്നും ആതിരമോൾക്ക് അറിയില്ലായിരിക്കും... അവനെ വെറുക്കാതെ ആത്മാർത്ഥമായി സ്നേഹിച്ചുനോക്കൂ...

ആ പഴയ അച്ചുവിനെ നമുക്ക് കിട്ടും... ശ്രീധരൻ പറഞ്ഞു... എനിക്കറിയാം അമ്മാവാ... അച്ചുവേട്ടനെ ചെറുപ്പത്തിലേ എനിക്കറിയാവുന്നതാണ്... ഞങ്ങൾ ഒന്നിച്ച് കളിച്ചു വളർന്നവരുമാണ്... അന്നത്തെ അച്ചുവേട്ടനല്ല ഇന്ന്... അത് കാണുമ്പോൾ എന്തോ മനസ്സിനൊരു നീറ്റൽ... ഒരു കണക്കിന് ഞാൻ അനുഭവിച്ചതു നേക്കാൾ ദുഃഖം ആ പാവം അനുഭവിച്ചിട്ടുണ്ടാകും... എന്നാലും ഇപ്പോഴുള്ള അച്ചുവേട്ടനെ കാണുമ്പോൾ ഒന്നു പറയുമ്പോൾ രണ്ടാമത്തേതിന് ചാടിക്കടിക്കാൻ വരുന്നത് കാണുമ്പോൾ എന്തോ നമ്മൾ എന്തോ തെറ്റ് അയാളോട് ചെയ്തതുപോലെ തോന്നിപ്പോവുകയാണ്... " ഭദ്ര പറഞ്ഞു നിർത്തിയതും അച്ചു വരുന്നത് കണ്ട് അവർ ആ സംസാരം നിർത്തി... "മോൻ കയറിയിരിക്ക്... ആതിരേ ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്... " "അയ്യോ അതൊന്നും വേണ്ട... ഇപ്പോൾ ചായ കുടിച്ചതേയുള്ളൂ... " അച്ചു പറഞ്ഞു... "അതു പറഞ്ഞാൽ പറ്റില്ല... എത്രനാളിനുശേഷമാണ് മോൻ ഇവിടേക്ക് വരുന്നത്... " ആതിരയും ഭദ്രയും അകത്തേക്ക് നടന്നു "അമ്മ വിളിച്ചിരുന്നു അല്ലേ മോനേ...

അമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ... " ശ്രീധരൻ ചോദിച്ചു... "ഇല്ല കുഴപ്പമൊന്നുമില്ല... ഞാൻ അവിടേക്ക് ചെല്ലാത്തതിന്റെ പരിഭവമേയുള്ളൂ... " "അവര് പറയുന്നതിലും കാര്യമില്ലേ... നീ വീട്ടിലേക്ക് പോയിട്ട് എത്രനാളായി... അവർക്കും മകനെ കാണാൻ ആഗ്രമുണ്ടാവില്ലേ... " "പോകണം... പക്ഷേ... " "മോന്റെ വിഷമം എനിക്കറിയാം... പോയവര് പോയി... എന്നു കരുതി അവിടേക്ക് തീരെ പോകാതിരുന്നാൽ എങ്ങനെയാണ്... അല്ലെങ്കിൽ അമ്മയെ ഇവിടേക്ക് കൊണ്ടുവരണം... അതാകുമ്പോൾ അവർക്കും മനസ്സിനൊരു സന്തോഷമാകില്ലേ... അനിയത്തിക്ക് ഏതു കാലവും അമ്മയെ മാത്രം നോക്കാൻ കഴിയുമോ... അവർക്കുമില്ലേ ഒരു ജീവിതം... പിന്നെ അമ്മയും അച്ഛനുമെല്ലാം മകന്റെ കൂടെയാണ് നിൽക്കേണ്ടത്... ഞങ്ങൾക്ക് അതിനുള്ള ഭാഗ്യമില്ലാതെ പോയി...മോന് ഞാൻ പറയുന്നതിൽ വിരോധം തോന്നരുത്...

അമ്മയെ ഇവിടേക്ക് കൊണ്ടുവന്നാൽത്തന്നെ നിന്റേയും മനസ്സൊന്ന് ശാന്തമാകും... " "അത് ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്... പക്ഷേ അമ്മക്ക് ഇപ്പോൾ അതൊന്നുമല്ല പ്രശ്നം... എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയാണ്... അത് എനിക്ക് പറ്റില്ല... ഞാൻ ആത്മാർത്ഥമായി എന്റെ മായയെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ... ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് പറ്റില്ല... " അപ്പോഴേക്കും ഭദ്ര രണ്ടുപേർക്കും ജ്യൂസുമായി വന്നു... അതു കുടിച്ച് കുറച്ചു കഴിഞ്ഞ് അവർ ഭക്ഷണത്തിനിരുന്നു... ദൈര്യത്തോടെ കുറച്ച് സ്വാതന്ത്ര്യത്തോടെ ഭദ്ര അവർക്ക് ഭക്ഷണം വിളമ്പുന്നുണ്ടെങ്കിലും അച്ചുവിന് വിളമ്പുമ്പോൾ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു... അത് മനസ്സിലാക്കി അച്ചു അവളെയൊന്ന് നോക്കി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story