മറുതീരം തേടി: ഭാഗം 32

marutheeram thedi shiva

രചന: ശിവ എസ് നായർ

എല്ലാം കേട്ടുകൊണ്ട് മിഴികൾ ഇറുക്കിയടച്ച് കിടക്കുകയാണ് ഭാർഗവി അമ്മ. ഒന്ന് നാവ് ചലിപ്പിക്കാനായിരുന്നുവെങ്കിലെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി. പക്ഷേ, ഒന്നിനും കഴിയാനാവാതെ നിസ്സഹായയായി കിടക്കാനേ അവർക്ക് സാധിച്ചുള്ളൂ. മൂക്ക് ചീറ്റിയും കണ്ണുകൾ തുടച്ചും ഭാരതി കട്ടിലിനോരം പറ്റി ഇരുന്നു. "ആതിരയ്ക്ക് എന്താ പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുത്താൽ പോരെ ആന്റി. വെറുതെ ചാടിക്കേറി എന്തെങ്കിലും അവിവേകം പ്രവർത്തിക്കരുത്. അതുപോലെതന്നെ വീട്ടിൽ പോയിട്ട് സാവകാശം അവളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. ആന്റി ഇങ്ങനെ കരഞ്ഞു തളർന്ന് ഇരിക്കരുത്. ആതിരയ്ക്ക് എന്തെങ്കിലും ചതി പറ്റിയതാണോന്ന് നമുക്കറിയില്ലല്ലോ. ഈ അവസ്ഥയിലെ അവളെ കൂടുതൽ വിഷമിപ്പിക്കാതെ വേണം ഇത് കൈകാര്യം ചെയ്യാൻ. നിങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടാൻ എനിക്കൊരു അവകാശവുമില്ലെന്ന് അറിയാം. എങ്കിലും ഞാൻ എന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളു."

ക്രിസ്റ്റിയുടെ വാക്കുകളൊന്നും ഭാരതിയുടെ തലയിൽ കയറുന്നുണ്ടായിരുന്നില്ല. മകൾ വരുത്തിവച്ച നാണക്കേടിൽ കുരുങ്ങിക്കിടക്കുകയായിരുന്നു അവരുടെ മനസ്സ് മുഴുവനും. ************ ആശുപത്രിയുടെതന്നെ ആംബുലൻസിൽ ഭാർഗവി അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി. മുരളിയും ഭാരതിയും ആംബുലൻസിൽ അവർക്കൊപ്പം കയറി. ക്രിസ്റ്റി, അവന്റെ കാറിൽ ആതിരയെയും കൂട്ടികൊണ്ട് അവരെ അനുഗമിച്ചു. കോഡ്രൈവർ സീറ്റിൽ തളർച്ചയോടെ ചാരി കിടക്കുന്ന പെണ്ണിനെ അലിവോടെ അവൻ നോക്കി. അച്ഛന്റെയും അമ്മയുടെയും മുഖഭാവത്തിൽ നിന്ന് അവർ കാര്യങ്ങളെല്ലാം മനസിലാക്കിയിട്ടുണ്ടെന്ന് ആതിര ഊഹിച്ചു. ഇരുവരെയും എങ്ങനെയാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയെന്ന ആശങ്ക അവളിൽ നിറഞ്ഞുനിന്നിരുന്നു. "ആതിര... ഞാനൊരു കാര്യം ചോദിച്ചാൽ താൻ സത്യം പറയുമോ?"

ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തന്നെ ക്രിസ്റ്റി അവളോട് ചോദിച്ചു. "ഉം... ചോദിക്കൂ." അവനെന്തായിരിക്കും ചോദിക്കാൻ പോകുന്നതെന്ന് അവൾക്ക് മനസ്സിലായിരുന്നു. "കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞിരുന്നു. തനിക്കെന്തെങ്കിലും ചതി പറ്റിയതാണോ?" "ഏയ്‌, അങ്ങനെയൊന്നുമല്ല ക്രിസ്റ്റി. എന്റെ മാര്യേജ് കഴിഞ്ഞതാണ്. പക്ഷേ അക്കാര്യം എന്റെ അമ്മാമ്മയൊഴികെ ഇവിടെ മറ്റാർക്കും അറിയില്ല. അച്ഛനെയും അമ്മയെയും, എന്റെ കല്യാണം കഴിഞ്ഞ കാര്യമൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്ന ആശയകുഴപ്പത്തിലാണ് ഞാൻ." അതുവരെ നടന്ന കാര്യങ്ങളൊക്കെ ആതിര അവനോട് പറഞ്ഞു. "ഇതൊക്കെ താൻ പറഞ്ഞാലും അവർ വിശ്വസിക്കുമോ?" എല്ലാം കേട്ട് കഴിഞ്ഞതിന് ശേഷം ക്രിസ്റ്റി ചോദിച്ചു. "വിശ്വസിച്ചില്ലെങ്കിൽ ആൽഫിയോട് ഇങ്ങോട്ട് വരാൻ പറയും ഞാൻ." "വിവാഹം കഴിഞ്ഞതിന്റെ എന്തെങ്കിലും എവിഡൻസ് ഉണ്ടോ തന്റെ കൈയ്യിൽ?" പെട്ടെന്നുള്ള അവന്റെ ആ ചോദ്യത്തിൽ ആതിര പകച്ചുപോയി. "എവിഡൻസ്...."

അവളൊന്ന് ആലോചിച്ചു. "നിങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലേ?" "ഇല്ല... ഞങ്ങൾ അവിടെയുള്ളൊരു അമ്പലത്തിൽ വച്ച് പരസ്പരം താലി ചാർത്തിയിട്ടേ ഉള്ളു. അവിടുത്തെ അമ്പലത്തിലെ സർട്ടിഫിക്കറ്റ് ഉണ്ട്. അത് പക്ഷേ അവിടെയാണുള്ളത്." "ലീഗൽ ആയിട്ട് വിവാഹം രജിസ്റ്റർ ചെയ്ത് ഒരു വാലിഡായിട്ടുള്ള രേഖ ഉണ്ടാക്കി വയ്ക്കണമായിരുന്നു. അത് പിന്നീട് നിങ്ങളുടെ ഭാവിയിലെ ആവശ്യങ്ങൾക്കൊക്കെ വേണ്ടിവരും. അമ്പലത്തിലെ സർട്ടിഫിക്കറ്റ് ഒന്നും ഒരു വാലിഡ് പ്രൂഫല്ല ആതിര." "ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല ക്രിസ്റ്റി. മാത്രമല്ല ഞങ്ങൾ രണ്ടുപേരും അതിനെപ്പറ്റി ഓർത്തതുമില്ല. ഇനി തിരിച്ചു പോയിട്ട് ചെയ്യാം." "അതെന്തായാലും വേണം. പിന്നെ ഇത്ര ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നുണ്ട്. അത് കഴിഞ്ഞാൽ ഫൈൻ വരും. ആട്ടെ, എത്ര മാസമായി നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്."

"ഏഴ് മാസം ആയി." "ഏഴ് മാസമായിട്ടും അമ്മാമ്മ ഇതുവരെ ഇക്കാര്യം തന്റെ വീട്ടിൽ അറിയിച്ചില്ലേ?" "ഇല്ല... അമ്മാമ്മ അമ്മയെ നേരിട്ട് കണ്ട് സംസാരിക്കാൻ ഇരുന്നതാ. അതിനിടയിൽ കാലൊക്കെ വയ്യാണ്ടായപ്പോ വിചാരിച്ച സമയത്ത് പോകാൻ പറ്റിയില്ല. പിന്നെ ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോഴാ വയ്യാത്ത കാലും വച്ച് അമ്മയെ കാണാൻ വന്നത്. ആ വരവിലാണ് അമ്മാമ്മയ്ക്ക് ആക്‌സിഡന്റ് ആയത്." "അയ്യോ... അപ്പൊ ഞാൻ കാരണം അമ്മാമ്മ കിടപ്പിലായില്ലേ. ഇനിയെന്താ ഇതിനൊരു പോംവഴി." വല്ലായ്മയോടെ ക്രിസ്റ്റി അവളെ നോക്കി. "എന്റെ കാര്യമോർത്ത് ക്രിസ്റ്റി ടെൻഷൻ ആവണ്ട. അച്ഛനെയും അമ്മയെയുമൊക്കെ പേടിച്ച് കഴിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ഇപ്പൊ എനിക്ക് അവരെ പേടിയില്ല. സത്യത്തിൽ അമ്മാമ്മയെ കാണാൻ ഞാനും ആൽഫിയും കൂടി വരാനിരുന്നതാ.

എന്നാൽ ഞങ്ങളെ ഒരുമിച്ച് കണ്ടിട്ട് ഇവിടെ ഒരു വഴക്കും ബഹളവും ഈ സാഹചര്യത്തിൽ വേണ്ടെന്ന് വച്ചിട്ടാണ് ഞാൻ ഒറ്റയ്ക്ക് പോന്നത്. മാത്രമല്ല അമ്മാമ്മയ്ക്കൊപ്പം ഹോസ്പിറ്റലിൽ അമ്മയ്ക്ക് കൂട്ടായിട്ട് എനിക്ക് നിൽക്കണമെങ്കിൽ ഞാൻ മാത്രം വന്നല്ലേ പറ്റുള്ളൂ. ഇതിനിടയ്ക്ക് അടിയും വഴക്കും ആയാൽ അത് അമ്മാമ്മേടെ ആരോഗ്യത്തെയും ബാധിക്കുമല്ലോന്ന് ഓർത്താണ് ഞാൻ... " പറഞ്ഞു വന്നത് പാതിയിൽ നിർത്തി ആതിര കണ്ണുകൾ തുടച്ചു. "കാര്യങ്ങളിപ്പോ തന്റെ കൈവിട്ട് പോയില്ലേ. ഇനിയവരെ പറഞ്ഞു മനസ്സിലാക്കാൻ താൻ കുറച്ചു പാടുപെടും. താനെന്തായാലും ആൽഫിയോട് ഇങ്ങോട്ട് വരാൻ പറയ്യ്." ക്രിസ്റ്റി അവന്റെ അഭിപ്രായം പറഞ്ഞു. "ഞാനും അത് ആലോചിച്ചിരുന്നു. ഫോൺ ചാർജ് തീർന്ന് ഓഫായി പോയി. വീട്ടിൽ ചെന്നിട്ട് വിളിക്കാമെന്നോർത്തു. ആൽഫി കൂടി അടുത്തുണ്ടെങ്കിൽ ഒരു ധൈര്യം വരും. അമ്മാമ്മ അനങ്ങാൻ വയ്യാതെ കിടക്കുന്നത് കൊണ്ട് അച്ഛനും രണ്ടും കൽപ്പിച്ചായിരിക്കും. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാൻ വിചാരിച്ചില്ല."

വിഷമത്തോടെ അവളത് പറയുമ്പോൾ ക്രിസ്റ്റിക്ക് അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. സംസാരിച്ച് സംസാരിച്ച് വീടെത്തിയത് അറിഞ്ഞില്ല. മുറ്റത്തേക്ക് കയറ്റി നിർത്തിയ ആംബുലൻസിൽ നിന്ന് അമ്മാമ്മയെ ഇറക്കാനും അകത്തേക്ക് എടുത്ത് കിടത്താനും ക്രിസ്റ്റിയും സഹായിച്ചു. ആതിര ആരെയും ശ്രദ്ധിക്കാതെ അവളുടെ മുറിയിലേക്ക് പോയി. ബാഗിൽ നിന്ന് ഫോണും ചാർജറും എടുത്ത് അവൾ അപ്പോൾതന്നെ മൊബൈൽ ചാർജിലിട്ടു. കാറ്റും വെളിച്ചവും കൂടുതൽ കടക്കുന്ന മുറി അഞ്ജുവും ആരതിയും ഉപയോഗിക്കുന്ന മുറിയാണ്. അതുകൊണ്ട് ഭാർഗവി അമ്മയെ അവിടേക്കാണ് കിടത്തിയത്. പോകാൻ നേരം ക്രിസ്റ്റി, ഭാരതിക്കടുത്തേക്ക് ചെന്നു. "അടുത്ത മാസം ഇരുപതിന് ഞാൻ ലീവ് കഴിഞ്ഞ് തിരിച്ചുപോകും.

പോകുന്നതിന് മുൻപ് ഇടയ്ക്കിടെ ഇങ്ങോട്ട് വരാം. ഞാൻ പോയതിന് ശേഷം അമ്മാമ്മയുടെ ചികിത്സയ്ക്കുള്ള കാശ് ശിവേട്ടന്റെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കുന്നുണ്ട്. മാസം തോറും അമ്മാമ്മയെ ചെക്കപ്പിന് കൊണ്ട് പോകാനും ശിവേട്ടൻ ഒപ്പം വരും. മരുന്നിനും മറ്റ് ആഹാരത്തിനുള്ള തുകയും കൂടി ഞാൻ തരുന്നുണ്ട്. നല്ല ചികിത്സ കൊടുത്താൽ അമ്മാമ്മ പെട്ടന്ന് സുഖപ്പെടുമെന്നാണ് ഡോക്ടർ പറഞ്ഞത്. അതുകൊണ്ട് ആന്റി ഇക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കാതെ കാര്യങ്ങൾ കൃത്യമായി ചെയ്തുകൊടുക്കണം. എന്റെ കൈയ്യിൽ നിന്ന് സംഭവിച്ചുപോയൊരു അബദ്ധമാണ്. അതുകൊണ്ട് എന്റെ സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടാലും സാരമില്ല ഞാൻ അമ്മാമ്മയെ പഴയ സ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരാൻ എന്നാലാവുന്നത് ചെയ്യാം." "അമ്മയുടെ കാര്യങ്ങൾ ഒരു കുറവും വരുത്താതെ നോക്കിക്കൊള്ളാം മോനെ. ക്രിസ്റ്റി സമാധാനമായിട്ട് പോയിട്ട് വാ. ഇത്രയും ചെയ്ത് തന്നത് തന്നെ വല്യ ഉപകാരം." ഭാരതി തൊഴുകൈകളോട് പറഞ്ഞു. "എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ട.

ഞാനെന്നാ ഇറങ്ങുകയാ." എല്ലാവരോടും യാത്ര പറഞ്ഞ് ആതിരയെയും ഒന്ന് നോക്കിയ ശേഷം ക്രിസ്റ്റി പുറത്തേക്കിറങ്ങി. അവൻ കാറിൽ കയറി ഓടിച്ചുപോയപ്പോൾ ഉമ്മറത്ത് നിന്ന് എല്ലാവരും അകത്തേക്ക് കയറി. അതുവരെ നിശബ്ദനായി നിന്ന മുരളിയുടെ മുഖഭാവം പെട്ടെന്നാണ് മാറിയത്. "നീയവിടെ ഒന്ന് നിന്നേ.." പ്രത്യേക താളത്തിൽ പറഞ്ഞുകൊണ്ട് മുരളി ആതിരയ്ക്ക് നേരെ നടന്നു. ചോദ്യം ചെയ്യാനുള്ള വിളിയാണ് അതെന്ന് അവൾക്ക് മനസ്സിലായി. "എന്താ അച്ഛന് അറിയേണ്ടത്." ധൈര്യം സംഭരിച്ച് അവൾ ചോദിച്ചു. "നീ ഇവിടെ നിന്ന് കർണാടകയ്ക്ക് പഠിക്കാനെന്നും പറഞ്ഞ് പോയത് വയറ്റിലൊരു അവിഹിത സന്തതിയെ ഉണ്ടാക്കാനായിരുന്നോടി. നാട്ടിൽ പോലും വരാതെ നീ കണ്ടവന്മാരെ കൂടെ അവിടെ അഴിഞ്ഞാടി നടക്കുവായിരുന്നില്ലേ. അന്നേ എനിക്ക് തോന്നിയതാ നീ ഏതെങ്കിലും രീതിയിൽ പേരുദോഷം കേൾപ്പിക്കുമെന്ന്. വല്ലവന്റെയും ഒപ്പം അഴിഞ്ഞാടി നടന്ന് ഒടുവിൽ വയറ്റിലൊരു വിഷ വിത്തിനെയും ചുമന്ന് വന്ന് ഈ കുടുംബത്തിനെ മാനം കെടുത്തുമെന്ന് എനിക്കുറിപ്പായിരുന്നു.

അതുകൊണ്ടാ അന്ന് ഇവളെ ഇവിടുന്ന് കെട്ടിച്ചുവിടാൻ ഞാൻ നോക്കിയത്." "അച്ഛൻ വെറുതെ അനാവശ്യം പറയരുത്. ഞാനവിടെ കണ്ടവന്മാരെ കൂടെ അഴിഞ്ഞാടി നടക്കാനൊന്നുമല്ല പോയത്. ഞാൻ ഇഷ്ടപ്പെടുന്ന പയ്യനുമായി എന്റെ വിവാഹം കഴിഞ്ഞതാ. ഏഴ് മാസം മുൻപ് അമ്മാമ്മ അവിടെ വന്ന് ഞങ്ങളുടെ കല്യാണം നടത്തി വച്ചതാ. എന്റെ ആൽഫിയുടെ കുഞ്ഞാണ് എന്റെ വയറ്റിൽ വളരുന്നത്. അല്ലാതെ നിങ്ങൾ കരുതുംപോലെ അവിഹിത സന്തതി ഒന്നുമല്ല." വീറോടെയുള്ള അവളുടെ വാക്കുകൾ കേട്ട് മുരളിയുടെ മുഖത്ത് പുച്ഛ ഭാവത്തിലൊരു ചിരി വിടർന്നു. "വയ്യാതെ തളർന്ന് കിടക്കുന്ന അമ്മയെ കൊണ്ടാണോടി കല്ല് വച്ച നുണ പറയുന്നത്. നിന്റെ തോന്ന്യാസത്തിന് ആ പാവത്തിനെ കൂടെ കൂട്ട് പിടിച്ച് പറയാൻ നാണമുണ്ടോടി അസത്തെ." പാഞ്ഞുവന്ന ഭാരതി, ആതിരയുടെ ചെകിടത്ത് ആഞ്ഞടിച്ചു. നിലതെറ്റി അവൾ ഒരു വശത്തേക്ക് ചരിഞ്ഞു വീണുപോയി. "അമ്മ എന്തറിഞ്ഞിട്ടാ ഈ തുള്ളുന്നത്. അമ്മാമ്മ തന്നെയാ ഞങ്ങളുടെ വിവാഹം നടത്തി തന്നത്." "അങ്ങനെ നിന്റെ കല്യാണം അമ്പലത്തിൽ വച്ച് കഴിഞ്ഞതാണെങ്കിൽ നിന്റെ കഴുത്തിൽ താലി എവിടെ?" ഭാരതിയുടെ ആ ചോദ്യത്തിന് മുന്നിൽ അവൾ പകച്ച് നിന്നു.

നാട്ടിലേക്ക് ട്രെയിൻ കേറി പോരാൻ നേരം, വീട്ടിൽ ആരെങ്കിലും കണ്ട് പ്രശ്നമാകണ്ട എന്നുപറഞ്ഞ് ആൽഫി തന്റെ കഴുത്തിൽ കിടന്ന താലിമാല ഊരി വാങ്ങിയ നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. താൻ ബാഗിൽ സൂക്ഷിച്ചോളമെന്ന് പറഞ്ഞെങ്കിലും കളഞ്ഞ് പോയാലോന്നു പേടിച്ചിട്ട് ആൽഫി അത്‌ വാങ്ങി പോക്കറ്റിൽ ഇട്ടതൊക്കെ അവൾ ഓർത്തെടുത്തു. "പോരാൻ നേരം താലി ഞാൻ വീട്ടിൽ ഊരി വച്ചിട്ടാ വന്നത്. ഇവിടെ ആരും കണ്ട് പ്രശ്നമാകണ്ട എന്ന് വിചാരിച്ചിട്ടാ ഞാൻ." ഒഴിഞ്ഞ കഴുത്തിൽ തടവികൊണ്ട് ആതിര നിസ്സഹായയായി ഇരുന്നു. "എത്ര മാസം ആയി നിന്റെ കല്യാണം കഴിഞ്ഞിട്ട്.?" ഭാരതിയുടെ അടുത്ത ചോദ്യം വന്നു. "ഏഴ് മാസം." "എന്നിട്ട് ഇതുവരെ അമ്മ ഇക്കാര്യം ഇവിടെ ആരോടും പറഞ്ഞില്ലല്ലോ. അതെന്താ ഇത്രയും നാളായിട്ട് പറയാതിരുന്നത്." "ഫോൺ വിളിച്ചു പറഞ്ഞാൽ അമ്മ പ്രശ്നമുണ്ടാക്കുമെന്ന് അമ്മാമ്മയ്ക്ക് അറിയാം. അതുകൊണ്ട് നേരിട്ട് വന്ന് പറയാൻ കാത്തിരുന്നതാണ് അമ്മാമ്മ. ഇതിനിയിടയ്ക്ക് കാലിനൊക്കെ വയ്യാതായിട്ടാ പറയാൻ കഴിയാതെ പോയത്. ഒടുവിൽ പറയാനൊരുങ്ങി വന്നപ്പോ ആക്‌സിഡന്റും ആയി." "ഇതൊക്കെ ഞാൻ വിശ്വസിക്കണമല്ലേ." "എല്ലാം നടന്ന കാര്യങ്ങളാണ്... അമ്മ വിശ്വസിച്ചേ പറ്റു."

"നുണകൾ പടച്ചു വിടുന്നതിനും ഒരു അതിരുണ്ട് മോളെ. നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയതായിരുന്നു. നീയായിട്ട് തന്നെ അതെല്ലാം ഇല്ലാതാക്കി. നീ ഈ പറയുന്നതൊക്കെ വെള്ളം തൊടാതെ വിഴുങ്ങാൻ ഞാൻ അത്രയ്ക്ക് പൊട്ടിയൊന്നുമല്ല. "തല്ക്കാലം അമ്മയെ വിശ്വസിപ്പിക്കാനുള്ള തെളിവുകളൊന്നും എന്റെ കയ്യിലില്ല. ഞാൻ ആൽഫിയെ ഇങ്ങോട്ട് വിളിച്ചുവരുത്താം. അപ്പൊ അമ്മയ്ക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുമല്ലോ." ആതിര അവരോട് പറഞ്ഞു. "കണ്ടവന്മാരെ ഇങ്ങോട്ട് വിളിച്ചു കേറ്റി എന്റെ പിള്ളേർക്ക് കൂടി നീ നാണക്കേട് വരുത്തി വയ്ക്കോ. അവനിവിടെ കാല് കുത്തിയാൽ ഇരുചെവി അറിയാതെ വെട്ടി കുഴിച്ചുമൂടും ഞാൻ." മുരളി ആക്രോശിച്ച് കൊണ്ട് അവൾക്കടുത്തേക്ക് വന്നു. "ഇങ്ങോട്ട് വിളിച്ചു വരുത്തുന്നില്ല ഞാൻ. സ്റ്റേഷനിൽ വരാൻ പറഞ്ഞോളാം ഞാൻ. നിങ്ങൾക്ക് തെളിവ് കണ്ടാൽ പോരെ. അമ്പലത്തിൽ വച്ച് വിവാഹം കഴിച്ചതിന്റെ സർട്ടിഫിക്കറ്റ് അവൻ കൊണ്ട് വരും. ആർക്കും നാണക്കേട് ഉണ്ടാക്കാതെ ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചോളാം.

നിങ്ങളുടെ ആരുടെയും ഔദാര്യത്തിലല്ല ഞാൻ ഇത്രയും നാൾ ജീവിച്ചത്. പഴയത് പോലെ എന്നെ വിരട്ടി നിർത്താമെന്ന് വിചാരിക്കണ്ട. അമ്മയ്ക്കും വിവാഹം കഴിഞ്ഞതിന്റെ തെളിവല്ലേ കാണേണ്ടത്. അത് കാണിച്ച് തന്നാൽ ബോധ്യമാകുമല്ലോ." "അവനുമായി നിന്റെ കല്യാണം കഴിഞ്ഞെങ്കിൽ അത് നല്ലതിനല്ല മോളെ. നിന്നെ ചതിച്ചിട്ട് അവൻ പോവും." "ആൽഫി അങ്ങനത്തവനല്ല." "എങ്കിൽ ഇപ്പൊ ഈ നിമിഷം എന്റെ മുന്നിൽ വച്ച് അവനെ വിളിക്കെടി നീ." മുരളിയുടെ കൈയിലിരുന്ന ഫോൺ പിടിച്ചുവാങ്ങി ആതിരയ്ക്ക് നേരെ അവർ നീട്ടി. ഭാവഭേദങ്ങളൊന്നുമില്ലാതെതന്നെ അവൾ ഭാരതിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി ആൽഫിയുടെ നമ്പർ ഡയൽ ചെയ്തു. സ്വിച്ച് ഓഫ് എന്നായിരുന്നു അവൾക്ക് മറുപടി കിട്ടിയത്. ആതിര വീണ്ടും വീണ്ടും അവന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. പക്ഷേ അപ്പോഴും സ്വിച്ച് ഓഫ് എന്നായിരുന്നു കേട്ടത്. ഇതുവരെ അവന്റെ മൊബൈൽ സ്വിച്ച് ഓഫാക്കി ഇട്ടിട്ടില്ല എന്നവൾ വേദനയോടെ ഓർത്തു. പതിവില്ലാതെ ഇപ്പോഴെന്താ ഇങ്ങനെയെന്ന് അവൾ ചിന്തിച്ചു. ഇന്നലെ രാത്രികൂടി ആതിര അവനോട് ഫോണിൽ സംസാരിച്ച് വച്ചതാണ്. പിറ്റേന്ന് അമ്മാമ്മയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യമൊക്കെ പറഞ്ഞിരുന്നതാണ്.

താൻ വിളിക്കുമെന്ന് അറിഞ്ഞിട്ട് മനഃപൂർവം ആൽഫി, ഫോൺ ഓഫാക്കി വയ്ക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു. "ഫോൺ സ്വിച്ച് ഓഫാണ്." തന്നെതന്നെ ഉറ്റുനോക്കി നിൽക്കുന്ന അമ്മയെ നോക്കി ദുർബലമായ സ്വരത്തിൽ ആതിര പറഞ്ഞു. "എനിക്ക് അപ്പഴേ തോന്നി... നിന്നെ അവന് മടുത്തെടി. വയറ്റിലൊരു വിത്തിനെയും തന്ന് അവൻ മുങ്ങിക്കാണും. കൊമ്പത്തെ ബന്ധം നോക്കി പോയപ്പോൾ ഇതൊന്നും നീ ഓർത്തില്ലല്ലേ." "ആൽഫി അങ്ങനെയൊന്നും ചെയ്യില്ലമ്മേ. ഫോണിന് എന്തെങ്കിലും തകരാർ പറ്റിയതാവും. ഇന്നലെകൂടി ഞാനവനോട് സംസാരിച്ചതേയുള്ളു." അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. "നീയിപ്പോഴും പൊട്ടകിണറ്റിലെ തവളയെ പോലെയാ. അവൻ നിന്നെ ചതിച്ചെടി. ഇനി തന്തയില്ലാത്ത കൊച്ചിനെ പ്രസവിക്കാൻ ആണോ നിന്റെ ഉദ്ദേശം. ഞാനൊരു കാര്യം പറഞ്ഞേക്കാം, എന്റെ വാക്ക് കേൾക്കാതെ തന്നിഷ്ടം കാണിച്ചു പോയതാണ് നീ. ഇപ്പൊ മാനം നഷ്ടപ്പെട്ട് ഗർഭിണിയുമായി. പുറത്ത് ആരെങ്കിലും ഇതറിഞ്ഞാൽ നിന്റെ ഭാവിയും നിന്റെ അനിയത്തിമാരെ ഭാവിയും തകരും. ഇപ്പൊ ആണെങ്കിൽ ഇതാരും അറിഞ്ഞിട്ടില്ല. ഇതിനെ കളയാൻ ഇനിയും സമയം വൈകിയിട്ടില്ല." അമ്മയുടെ വാക്കുകൾ അവളെ ചൊടിപ്പിച്ചു.

"അമ്മയ്ക്കെന്താ ഭ്രാന്ത് പിടിച്ചോ? എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല." "തന്തയില്ലാത്ത കൊച്ചിനെ ഇവിടെ പെറ്റിടാൻ ഞാനും സമ്മതിക്കില്ല." "ഞാൻ തിരിച്ചു പൊയ്ക്കോളാം. ഇവിടെ നിങ്ങളുടെ കൂടെ നിൽക്കാനുമല്ല ഞാൻ വന്നത്." "നിന്നെ നിന്റെ ഇഷ്ടത്തിന് വിട്ടിട്ടാണ് ഇങ്ങനെയൊക്കെ ആയത്. ഇനി നിന്നെയങ്ങനെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവൻ നിന്നെ കൊന്നിട്ടിട്ട് പോയാലും ആളുകൾ അവസാനം ചോദിച്ചു വരുന്നത് ഇങ്ങോട്ടായിരിക്കും." ഒരു തീരുമാനമെടുത്തത് പോലെ ഭാരതി പറഞ്ഞു. "പെണ്ണ് പിഴച്ചുപോയി ഭാരതി. ഇവിടെ കിടന്നിരുന്നെങ്കിൽ അന്തസ്സായിട്ട് ഞാൻ കെട്ടിച്ചുവിട്ടേനെ. ആ ശിവൻ കണ്ടില്ലേ ഇപ്പൊ നല്ല രീതിയിൽ കുടുംബം നോക്കി കഴിയുന്നത്." മുരളിയുടെ പറച്ചിൽ കേട്ടപ്പോൾ ഭാരതി കുറ്റബോധത്തോടെ അയാളെ നോക്കി. "നിങ്ങള് പറയുന്നതാ ശരി. ഇവൾ കുടുംബം മുടിക്കാനുണ്ടായതാ. അല്ലെങ്കിൽപ്പിന്നെ മുന്നും പിന്നും ആലോചിക്കാതെ അന്യനാട്ടിൽ പോയി യാതൊരു പേടിയുമില്ലാതെ ഒരുത്തന്റെ കൂടെ കഴിയോ.

ഇതൊക്കെ ആരെങ്കിലും അറിഞ്ഞ് കഴിഞ്ഞാൽ നമുക്ക് പുറത്തിറങ്ങി നാട്ടുകാർക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് നടക്കാൻ പറ്റുമോ? ഇവളിങ്ങനെ വന്ന് നിൽക്കുമെന്ന് ഞാനും വിചാരിച്ചില്ല. നിന്നെപ്പറ്റി ഇങ്ങനെയൊന്നും വിചാരിച്ചതല്ലെടി ഞാൻ." "അമ്മ ഇങ്ങനെ കിടന്ന് ബഹളം വയ്ക്കാൻ മാത്രം ഒന്നുമുണ്ടായില്ലല്ലോ ഇപ്പൊ. എന്നെ കൊണ്ട് പോകാൻ ആൽഫി വരും ഇവിടെ. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട്‌ പോകും. ആരും എന്റെ കാര്യം ഓർത്ത്‌ തല പുണ്ണാക്കണ്ട." "നീയെന്താ വിചാരിച്ചത് ഇത്ര നാളും നിന്റെ തോന്ന്യാസത്തിന് അഴിഞ്ഞാടാൻ വിട്ടിട്ട് ഞങ്ങളിവിടെ നോക്കി ഇരിക്കുമെന്നാണോ. നിന്റെ ഈ ഗർഭം നാട്ടിലറിഞ്ഞാൽ പിന്നെ എനിക്കോ ഇവർക്കോ ഇവിടെ തലയുയർത്തി നടക്കാൻ പറ്റില്ല. അതുകൊണ്ട് നീയിനി ഈ വീട് വിട്ട് പുറത്ത് പോവില്ല. നിന്റെ കാര്യത്തിൽ എന്ത് വേണമെന്ന് എനിക്കറിയാം. നിന്റെ മറ്റവൻ നിനക്ക് വയറ്റിലുണ്ടാക്കിയിട്ട് ഇപ്പൊ നീയില്ലാത്ത അവസരം നോക്കി മുങ്ങിക്കാണും. അത് മനസ്സിലാക്കാനുള്ള ലോക വിവരവും ബുദ്ധിയും നിനക്കില്ല. ഭാരതി ഇവളെ പിടിച്ച് മുറിയിലടയ്ക്ക്.

ഇനി എന്ത് വേണമെന്ന് എനിക്കറിയാം. ഇവളെ ഇങ്ങനെ വിടാൻ ഇനി ഞാൻ ഉദ്ദേശിക്കുന്നില്ല. മോളെ സ്നേഹിച്ച് തൃപ്തിയായല്ലോ നിനക്ക്." മുരളി അക്ഷോഭ്യനായി. "എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു. നിന്നെ സ്നേഹിച്ചതിന് ഞാൻ പഴി കേട്ടത് മിച്ചം." ഭാരതി കണ്ണ് തുടച്ചുകൊണ്ട് അവളുടെ അടുത്ത് വന്നു. "അമ്മേ നിങ്ങള് കരുതുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ." നീയിനി ഒന്നും പറയണ്ട... വാടീ ഇങ്ങോട്ട്. " ആതിരയെ സംസാരിക്കാൻ അനുവദിക്കാതെ ഭാരതി അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി മുറിക്കുള്ളിൽ അടച്ചു. ചാർജിലിട്ടിരുന്ന മൊബൈൽ എടുത്ത് ആതിര, ആൽഫിയുടെ നമ്പറിലേക്ക് വിളിച്ചുനോക്കി. അപ്പോഴും അവന്റെ നമ്പർ ഓഫായിരുന്നു. ദേഷ്യത്തോടെ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് അവൾ ഭിത്തിയിൽ ചാരി കാൽമുട്ടിൽ മുഖം പൂഴ്ത്തി ഇരുന്നു. ആൽഫിയുടെ നമ്പർ പതിവില്ലാതെ സ്വിച്ച് ഓഫായതിൽ അവൾക്ക് അസ്വസ്ഥത തോന്നി. അവനെന്തെങ്കിലും പറ്റിക്കാണുമോ എന്ന ചിന്ത പോലും ആതിരയെ ഭയപ്പെടുത്തി........ സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story