മഴപോൽ: ഭാഗം 19

mazhapol

എഴുത്തുകാരി: മഞ്ചാടി

ഗായു പറഞ്ഞു നിർത്തിയതും അമ്പൂട്ടി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മാറ്റി... അച്ഛനുമമ്മയുമില്ലാതെ തനിച്ചാവുന്നത് എത്രത്തോളം നോവുള്ളതാണെന്ന് ആരെക്കാളും ഏറെ ആ പെണ്ണിനറിയാം.... ""ഗായു.... ഉണ്ണിയേട്ടൻ... നാളെ തന്നെ വരില്ലേ.."" ""മ്മ്... നാളെ വരും... വല്യച്ഛൻ പറഞ്ഞൂല്ലോ..."" ""നിക്ക് കാണാൻ കൊതിയാവാ... ഗായു... ന്റെ ഉണ്ണിക്കുട്ടനെ.... ന്തോരം നൊന്ത് കാണും....ഹ്മ്മ്... ഗായു ബാക്കി പറ...."" മൂക്ക് ചീറ്റിയവൾ നനഞ്ഞ കവിൾതടം സാരിത്തലപ്പ് കൊണ്ട് തുടച്ചിരുന്നു...ഗായു ഒന്ന് മൂരി നിവർന്നു പിന്നെ തലയിണ വെച്ച് നിലത്ത് കിടന്നു.... ഒരു നെടുവീർപ്പിട്ടവൾ വീണ്ടും പറഞ്ഞു തുടങ്ങി... ""പ്രസവത്തിൽ അല്ലിമ്മ മരിച്ചെങ്കിലും കുഞ്ഞ് രക്ഷപ്പെട്ടിരുന്നു...ഉണ്ണിക്കുട്ടന്റെ കുഞ്ഞനുജത്തി.... കീർത്തന.....എന്റെ പ്രായം വരും. ഉണ്ണിയേട്ടന്റെ കുഞ്ഞോൾ....ദേ ഇത് കണ്ടോ.... ഇതാണവൾ ....."" ആ പഴയ പെട്ടിയുടെ ഓരത്തുള്ള മറ്റൊരറയിൽ നിന്നുമവൾ ഒരു പഴയ ഫോട്ടോ എടുത്തു.... പൊടി മീശക്കാരനായ ഉണ്ണിയേട്ടനും പിന്നെ ഒരു കൊച്ചു സുന്ദരിയും.... മുടി രണ്ട് ഭാഗം പിന്നിയിട്ട് ഉണ്ണിയേട്ടനെ കെട്ടി പിടിച്ചു നിൽക്കുന്നു....

അല്ലിമ്മയെ പോലെ തന്നെ കവിളിൽ തെളിഞ്ഞു നിൽക്കുന്ന കുഞ്ഞു നുണക്കുഴികളും ചുണ്ടിലൊരു പാൽ പുഞ്ചിരിയും.... അമ്പൂട്ടി ആ ചിത്രത്തിലൂടെ വെറുതെ വിരലോടിച്ചു... ""കുഞ്ഞോൾ എന്ന് വെച്ചാൽ ഉണ്ണിയേട്ടന്റെ ജീവനാ.... ആരെങ്കിലും കുഞ്ഞോളെ ഒന്ന് മെല്ലെ അടിച്ചാലോ കരയിപ്പിച്ചാലോ പാഞ്ഞ് വരും ഉണ്ണിയേട്ടൻ....എന്നിട്ട് കണ്ണ് പൊട്ടുന്ന ചീത്ത ആയിരിക്കും.... ചിലപ്പോ രണ്ടടിയും കിട്ടും.... എനിക്കൊക്കെ എന്തോരം കിട്ടീട്ടുണ്ടെന്ന് അറിയോ.... കുഞ്ഞോളാണെങ്കിൽ ഒരു തൊട്ടാവാടിയാ.....ഞാൻ വെറുതെ കുഞ്ഞായിരിക്കുമ്പോ അവളെ നുള്ളും പിച്ചും ഒക്കെ ചെയ്യും .... അവൾ നേരെ പോയി ഉണ്ണിയേട്ടനോട് പറയും നിക്ക് കിട്ടാനുള്ളതൊക്കെ കിട്ടും.... എന്ത് രാസായിരുന്നു അന്നൊക്കെ.... ഞാനും ഉണ്ണിയേട്ടനും പിന്നെ കുഞ്ഞോളും രാത്രി ഉത്സവത്തിനൊക്കെ പോകുവായിരുന്നു .... പിന്നെ കടൽ കാണാനും മല കേറാനും.... ഒക്കെ....ഓർക്കുമ്പോ കൊതിയാകാ...."" ""കുഞ്ഞോൾ പൊടിയായിരുന്നപ്പോ ഉണ്ണിയേട്ടൻ അവളെ തൊടാൻ പോലും സമ്മതിച്ചിരുന്നില്ല.... അടുത്ത് ചെന്നാൽ അപ്പൊ പറയും ന്തെയാ.... ന്തെയാ.... തൊതന്താ.... കുഞ്ഞാവനെ തൊതന്താ.... അവൾക്ക് പാപ്പു കൊടുക്കാനും കണ്ണെഴുതി കൊടുക്കാനും ഒക്കെ ഉണ്ണിയേട്ടൻ വാശി പിടിക്കും...

ഇനി അവളെങ്ങാനും കരഞ്ഞാലോ ഉണ്ണിയേട്ടനും അപ്പൊ കരച്ചിൽ തുടങ്ങും.... പിന്നെ രണ്ടാളും ഒടുക്കത്തെ കരച്ചിലായിരുക്കും.... കുഞ്ഞോൾ എപ്പോ കരച്ചിൽ നിർത്തുന്നോ അപ്പൊ ഉണ്ണിയേട്ടനും നിർത്തും....അമ്മ എപ്പഴും ഇതൊക്കെ പറഞ്ഞ് ചിരിക്കും...."" ഉണ്ണിയേട്ടന്റെ ഓരോ കുസൃതികൾ കേൾക്കുമ്പോഴും അമ്പൂട്ടീടെ മുഖത്തൊരു പുഞ്ചിരി തെളിയും...വീണ്ടും വീണ്ടും കൊതി തോന്നാ..... ആ ഭ്രാന്തനെ കാണാൻ... ഒന്ന് വേഗം വന്നിരുന്നെങ്കിൽ... ""അച്ഛനും അമ്മയും ഇല്ലെന്ന ഒരു കുറവും ഉണ്ണിയേട്ടൻ അവൾക്ക് വരുത്തിയിട്ടില്ല അറിയോ....വേണ്ടതൊക്കെ മേടിച്ചു കൊടുക്കും....അവൾ വലിയ കുട്ടി ആയിട്ട് പോലും ചോറ് ഉരുള ഉരുട്ടി വായിൽ കൊടുക്കും.... ഇടക്ക് നിക്കും കൊതി തോന്നുമ്പോ ഞാനും ചെല്ലും അപ്പൊ നിക്കും കിട്ടും രണ്ടുരുള ചോറ്.... ഒരു പ്രതേക രുചിയാ.... വറുത്ത ചമ്മന്തിയും സാമ്പാറും എല്ലാം കൂടി കുഴച്ച്.... ഹൗ.... ന്റെ ചേച്യേ.... നാവിലിങ്ങനെ വെള്ളം വരാ ""(ഗായു ) ""അത്രക്ക് സ്നേഹിച്ചതാ ഉണ്ണിയേട്ടനവളെ.... സ്വന്തം കുഞ്ഞിനെ പോലെ ലാളിച്ചതാ.ഒന്ന് നുള്ളി പോലും നോവിച്ചു കാണില്ല.... രാത്രി നിക്ക് ഒറക്കം വരാണ്ടാവുമ്പോ ഞാൻ അവരെ മുറീല് ചെല്ലും അപ്പൊ രണ്ടും കൂടി കഥ പറഞ്ഞ് കിടപ്പുണ്ടാവും.... എന്ത് രസായിരുന്നുന്നറിയോ....

ഞാനും കൊതിച്ചിട്ടുണ്ട് നിക്കും അത് പോലൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിലെന്ന്....""(ഗായു ) ""പക്ഷെ.... ജീവിതം എപ്പഴും നാം വിചാരിക്കുന്ന പോലെ ആവില്ലല്ലോ..... ഒട്ടും പ്രതീക്ഷിക്കാത്ത ഒത്തിരി വഴിത്തിരിവുകൾ നമ്മിലൂടെ കടന്നു പോകും... ചിലപ്പോ നല്ലോണം നോവുന്നതാവും ചിലപ്പോ സന്തോഷം..... ഒന്നും നമ്മുടെ കൈ പിടിയിലല്ലല്ലോ....""(ഗായു ) ഗായു പിന്നെ കുറച്ച് സമയത്തിനൊന്നും മിണ്ടിയില്ല... ഉത്തരത്തിലേക്ക് കണ്ണും നട്ട് വെറുതെ മലർന്നു കിടന്നു... മനസ്സിൽ ഓർമ്മകളുടെ ചാഞ്ചാട്ടമായിരുന്നു.... ഒരായിരം ഓർമ്മകൾ.... ""ന്റെ ഗായു... നീ സാഹിത്യം പറയാതെ ബാക്കി പറ..."" ഏതോ ലോകത്തെന്ന പോലെ കിടക്കുന്ന ഗായുവിനെ പിടച്ചുലച്ചവൾ....ഒരായിരം സംശയങ്ങൾ ഉള്ളിൽ കിടന്ന് പുകയുകയായിരുന്നു... ""മഴ പെയ്യുമ്പോൾ അത് നനയാൻ ഉണ്ണിയേട്ടൻ വല്ലാതെ വാശി പിടിക്കാറില്ലേ.... മഴയിൽ നനയുമ്പോ അടുത്ത് ആരോ നിൽക്കുന്ന പോലെ മഴയിലേക്ക് അടിക്കുന്നതും തൊഴിക്കുന്നതും കണ്ടിട്ടില്ലേ....എന്താണെന്നറിയോ അത്..."" ""മഹഹ്... അന്നൊരിക്കെ ഞാൻ മഴ നനയാൻ സമ്മതിച്ചില്ല... രാത്രി അല്ലെ... വല്ല ഇഴ ജന്തുക്കളും കാണുമെന്ന് പേടിച്ച്.... നല്ല ഒന്നാന്തരം കടി വെച്ച് തന്നു...

നിക്ക് '" കഴുത്തിൽ നിലിച്ചു കിടക്കുന്ന മുറിവിൽ മെല്ലെ തടവുമ്പോൾ അമ്പൂട്ടിയുടെ മുഖത്തൊരു ചിരിയായിരുന്നു....ഉണ്ണിക്കുട്ടന്റെ കുറുമ്പും കുസൃതികളും പിന്നെ ഇടയ്ക്കിടെ കാണിക്കുന്ന ഇച്ചിരി വികൃതികളും ഓർത്ത്... ""ഉണ്ണിയേട്ടന്റെ മനസ്സിന്റെ താളം തെറ്റിയത് ഒരു മഴയത്താ.... അന്നത്തെ കറുത്ത ദിനത്തിലെ പെരുമഴയത്ത്...."" അവസാനമെത്തിയപ്പോഴേക്കും ആ പെണ്ണിന്റെ കണ്ണൊന്ന് നിറഞ്ഞു... കണ്ടമൊന്നിടറി.... ""അന്ന് ഒരു ഉത്സവായിരുന്നു.... മനക്കലെ തറവാട്ടിലെ കുടുംബ ക്ഷേത്രത്തിൽ....രാത്രി എല്ലാവരും പോന്നു പ്രതേക പൂജ കൂടാൻ .... പക്ഷെ കുഞ്ഞോൾ മാത്രം വന്നില്ല ... എക്സാമാണ് പഠിക്കാനുണ്ടെന്ന് പറഞ്ഞ് .... ഉണ്ണിയേട്ടന് അല്ലിമ്മക്കും വിവിയച്ഛനും വേണ്ടി എന്തോ വഴിപാട് കഴിപ്പിക്കാൻ വരേണ്ടി വന്നു... വൈകീട്ടായിരുന്നു പരിപാടി....ഞങ്ങളെല്ലാവരും അമ്പലത്തിലേക്ക് എത്തിയതും നല്ല മഴയായിരുന്നു... ഉണ്ണിയേട്ടന് അവളെ തനിച്ചാക്കി പോരാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല.... പിന്നെ വല്യച്ഛൻ നിർബന്ധിച്ചപ്പോ വന്നൂന്ന് മാത്രം...

മഴ കണ്ടതും ഉണ്ണിയേട്ടൻ പിന്നെ വഴിപാടിന് പോലും നിൽക്കാതെ തറവാട്ടിലേക്ക് തിരിച്ചു....കുഞ്ഞോൾ ഒറ്റക്കല്ലേ... അവക്ക് ഇടിയും മിന്നലും ഭയങ്കര പേടിയാ.... അത്രക്ക് ഇഷ്ട്ടായിരുന്നു ഉണ്ണിയേട്ടനവളെ ഒര് പോറലും പോലും ഏല്പിക്കാൻ സമ്മതിച്ചിട്ടില്ല ... ന്നിട്ടും...ന്നിട്ടും ഉണ്ണിയേട്ടൻ വീട്ടിൽ വന്നപ്പോ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞോളെ..... ഒരു തുണി കഷ്ണം പോലും ഇല്ലാതെ...ആ പെരുമഴയത്ത്..... ഒരു കാമ ഭ്രാന്തൻ അവളെ പിച്ചി ചീന്തുന്നത്....നോക്കി നിൽക്കാൻ ഉണ്ണിയേട്ടന് കഴിഞ്ഞില്ല വെട്ടി നുറുക്കി....മാനസിക രോഗി ആയത് കൊണ്ട് കേസും കോടതിയും ഒന്നും ഉണ്ടായില്ല....അവൾ മരണപ്പെട്ടു....ഉണ്ണിയേട്ടൻ മെന്റൽ ഹോസ്പിറ്റലിലും "" ഗായത്രിയുടെ കണ്ണുകളിൽ പക ആളി കാത്തുകയായിരുന്നപ്പോൾ....അമ്പൂട്ടി ഒരു തരം ഞെട്ടലോടെ എല്ലാം കേട്ടു നിന്നു... """ഏതോ ഒരു വാടക ഗുണ്ട ആയിരുന്നയാൾ.... അവര് തമ്മിലുള്ള വഴക്കിനിടെ ഉണ്ണിയേട്ടന്റെ തലക്ക് ശക്തമായ പ്രഹരമേറ്റു....മനസ്സിന്റെ താളം തെറ്റുകയായിരുന്നു...

ഉണ്ണിയേട്ടന്റെ പല ഓർമ്മകളും നഷ്ട്ടപെട്ടു. ഇന്ന് കുഞ്ഞോളുടെ ഓർമ്മകൾ പോലും ഉണ്ണിയേട്ടന്റെ മനസ്സിലില്ല..... ചിലത് മാത്രം പൂർണമല്ലാതെ അവശേഷിക്കുന്നു... അത് കൊണ്ടാണ് മഴ പെയ്യുമ്പോൾ ഉണ്ണിയേട്ടന് ഒരു തരം ഹാലിളകുന്നത് .... ഉണ്ണിയേട്ടന്റെ വിചാരം അയാൾ ഇപ്പഴും മരിച്ചിട്ടില്ലെന്നാ...."" ""ചേച്ചി... ഒന്നാലോചിച്ചു നോക്കിയേ.... സ്വന്തം പെങ്ങൾ അതും താൻ പൊന്ന് പോലെ കൊണ്ട് നടന്നിരുന്നവളെ മറ്റൊരുത്തൻ പിച്ചി ചീന്തുന്നത് കാണേണ്ടി വരുന്ന അവസ്ഥാ.... പാവാ ചേച്ചി ഉണ്ണിയേട്ടൻ.... ചേച്ചി ഭാഗ്യവതിയാ ഉണ്ണിയേട്ടനെ പോലെ ഒരു പാതിയെ കിട്ടിയില്ലേ... സ്നേഹിക്കാൻ മാത്രേ അതിനറിയൂ.... ബന്ധങ്ങൾക്ക് മറ്റെന്തിനെക്കാളും വിലകൽപ്പിക്കുന്നവനാ.... പാവാ ചേച്ചി...."" നിറഞ്ഞു വന്ന കണ്ണ് ഗായത്രി ശാളിന്റെ തുമ്പ് കൊണ്ട് തുടച്ചു.... അമ്പിളിക്കുള്ളിൽ പിന്നെയും ഒരുപാട് സംശയങ്ങൾ അവശേഷിച്ചിരുന്നു ... എന്തോ ചോദിക്കാൻ തുനിഞ്ഞതും താഴെ നിന്നും ചെറിയമ്മ വിളിച്ചിരുന്നു........….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 18

Share this story