മഴപോൽ: ഭാഗം 6

മഴപോൽ: ഭാഗം 6

എഴുത്തുകാരി: മഞ്ചാടി

“””വിമാനം…. അമ്പൂട്ടി… നോക്കിക്കേ വിമാനം…. ഹായ്… ന്ത്‌ രസാ… കണ്ടോ…. നീയ് ഉണ്ണിക്കുട്ടൻ കണ്ടല്ലോ… ദാ അവിടെ…. “” അവളും അവനോട് ചേർന്ന് പുറത്തേക്ക് തലയിട്ട് പറക്കുന്ന വിമാനം നോക്കി നിന്നു…. അറിയാതെ താനും ആ ഭ്രാന്തന്റെ കുട്ടി കളികളിൽ കൂടുന്നത് പോലെ…. വിഷമങ്ങളൊക്കെയും മറന്ന് മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു…. കുട്ടി കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം….

അപ്പു മോന്റെ കൂടെ വെയിലത്ത് കണ്ണിനു മുകളിൽ കൈ വെച്ച് പറക്കുന്ന വിമാനം ഒരു പാട് തവണ നോക്കി നിന്നിട്ടുണ്ട്…. മേഘ കെട്ടിലൂടെ ഒരു കുഞ്ഞു പൊട്ടായി അതങ്ങനെ പറക്കുന്നത് നോക്കി നിൽക്കാൻ എന്തോ ഒരു ഹരമായിരുന്നു….. “”അമ്പൂട്ടി…. വിമാനത്തിൽ കേറീട്ടുണ്ടോ…. “” ദൂരെ എവിടെയോ ആ വിമാനം കണ്ണിൽ നിന്ന് മറഞ്ഞതും ഉണ്ണിയേട്ടൻ അവൾക്കു നേരെ തിരിഞ്ഞിരുന്നു…. ആ പെണ്ണിന്റെ കടും കാപ്പി കണ്ണുകളിലേക്ക് ഉറ്റു നോക്കുന്നുണ്ട്… പതിയെ അമ്പിളി കുട്ടി ഇല്ലെന്ന് തലയാട്ടി…. അവന്റെ പാതിരാ കണ്ണിലെ ഓരോ നോട്ടവും ഇളം ചൂടുള്ള ഓരോ സ്പർശനവും അവളുടെ ഹൃദയാന്തന്ത്രങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങുകയായിരുന്നു…..

അവന്റെ നോട്ടം താങ്ങാനാവാതെ ആ കടും കാപ്പി കണ്ണുകൾ പിടച്ചു…. കവിൾ തടങ്ങൾക്കപ്പോൾ പനിനീർ പൂക്കളുടെ നിറമായിരുന്നു… പ്രണയത്തിന്റെ ഇളം ചുവപ്പ്… പക്ഷെ ആ ഭ്രാന്തന് അവൾ വെറുമൊരു കളി കൂട്ടുകാരിയാണ്…. മാമൂട്ടാനും കഥകൾ പറഞ്ഞു കൊടുക്കാനും പാട്ട് പാടി അവനെ രസിപ്പിക്കാനും ഇടയ്ക്കിടെ വികൃതി കൂടാനും പിണങ്ങി പരിഭവിക്കാനും മാത്രമുള്ള ഒരു കളി കൂട്ടുകാരി… അവിടെ പ്രണയമില്ല… വെറും നിഷ്കളങ്കത…. അത്ര മാത്രം… “”അയ്യേ വിമാനത്തിൽ കയറീട്ടില്ല… ഞാൻ കേറീട്ടുണ്ടല്ലോ…. കൊറേ വട്ടം കേറീട്ടുണ്ട്….. ന്റേഡ്ത്ത് വിമാനത്തിന്റെ കൊറേ കളിപ്പാട്ടങ്ങളുണ്ട്….

വീട്ടിലെത്തീട്ട് ഞാൻ അതൊക്കെ കാണിച്ചു തരണ്ട് ട്ടോ… അമ്പൂട്ടിക്ക്…. “” “”ഉണ്ണിയേട്ടൻ ന്നേം കൂടെ കളിക്കാൻ കൂട്ടണേ… “” അവനെ നോക്കിക്കൊണ്ടവൾ കൺ ചിമ്മി കാണിച്ചു…ആ ഭ്രാന്തനോടവൾക്ക് ഒരു തരം വാത്സല്യം തോന്നുകയായിരുന്നു…. അവന്റെ കൊച്ചുകളിയും നിഷ്കളങ്കന്ത നിറഞ്ഞ വർത്തമാനവും എല്ലാം ആ പെണ്ണിന്റെ ഹൃദയത്തിൽ തട്ടിയത് പോലെ…. പഴയ പേടിയൊക്കെ മാറി ഒരിഷ്ടം തോന്നി തുടങ്ങി…. കൊച്ചു കുഞ്ഞുങ്ങളോട് തോന്നുന്നത് പോലൊരിഷ്ടം…. “”മ്മ്മ്….അമ്പൂട്ടിയെ ഞാൻ എന്തായാലും കളിക്കാൻ കൂട്ടും അവിടെ ആരും ന്റെ കൂടെ കളിക്കാൻ കൂടില്ല…. നിക്ക് ഒറ്റക്ക് കളിച്ചു മടുത്തു….

നമ്മക്ക് രണ്ടാക്കും കൊറേ കളികള് കളിക്കണ ട്ടോ… സാറ്റ് കളിക്കണം പിന്നേ കുട്ടിയും കോലും കളിക്കണം… ഹായ് എന്ത് രസമായിരിക്കും നിക്ക് കൊതിയാവുന്നു അമ്പൂട്ടി…. “” ആവേശത്തിൽ അവൻ കിടന്ന് തള്ളുകയായിരുന്നു…..അതേ പരവേശത്തിൽ അവളെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തു… “”നിക്ക് നല്ലഷ്ട്ടായി അമ്പൂട്ടിയെ…. ഉണ്ണി കുട്ടന് നല്ലോണം ഇഷ്ട്ടായി….. ന്നാലും നിക്ക് പൊട്ട് തന്നില്ലല്ലോ… ഞാൻ പിണക്ക.. ന്നോട് മിണ്ടടാ…. “” അമ്പിളി നിശ്ചലമായി… കണ്ണുകൾ മിഴിഞ്ഞു വന്നു….. ഉമ്മ കിട്ടിയ കവിളിൽ മെല്ലെ ഒന്ന് തലോടി….ആ ഭ്രാന്തന്റെ ആദ്യ ചുംബനം… നാണം എതൊക്കെ കോണിലൂടെ അവളിൽ അരിച്ചു കയറി കൊണ്ടിരുന്നു….എത്ര പെട്ടന്നാ അവന്റെ ഭാവം മാറുന്നത്…..

നേരത്തെ കളിക്കാം കൂടാം എന്ന് പറഞ്ഞപ്പോൾ കെട്ടി പിടിച്ചു ഒരുമ്മ തന്ന ആളാ ഇപ്പൊ ദേ പൊട്ട് തന്നില്ലെന്ന് പറഞ്ഞ് പിണങ്ങി ഇരിക്കുന്നത്…. ശെരിക്കുമൊരു കൊച്ചു ഭ്രാന്തൻ… അമ്പൂട്ടി അവന്റെ അരികിലേക്ക് നീങ്ങി ഇരുന്നു… നെറ്റിയിലെ പൊട്ടെടുത്ത് പിണങ്ങി നിന്നിരുന്നവന്റെ വിരി നെറ്റിയിൽ കുത്തി കൊടുത്തു….കുറുമ്പോടെ കൂർത്തിരുന്ന ചൊടികളിൽ നിമിഷ നേരം കൊണ്ടൊരു ചിരി വിരിഞ്ഞു…. പിന്നെയും ആ പെണ്ണിന്റെ കവിളിൽ ഒരു മുത്തമിട്ടു…. നാണം കൊണ്ട് തല താഴ്ന്നു പോയി… മുന്നിലേക്ക് നോക്കിയപ്പോൾ ഡ്രൈവർ രാഘവൻ ചേട്ടൻ അവരുടെ കളികളൊക്കെ കണ്ട് ചിരിച്ചിരിക്കുന്നുണ്ട്….അവൾക്കൊരു ചമ്മൽ…

പെണ്ണിന്റെ കവിളുകൾ തക്കാളി പോലെ തുടുത്തു വന്നു ….പിടക്കുന്ന മിഴികളോടെ ഉണ്ണിയേട്ടനെ നോക്കുമ്പോൾ നെറ്റിയിലുള്ള പൊട്ടും വെച്ച് ആള് നല്ല കളിയിലാ…. കാർ മനക്കലെ തറവാട്ടിലെ മുറ്റത്ത് വന്നു നിന്നു…. അപ്പോഴേക്കും പുതു പെണ്ണിനേ സ്വീകരിക്കാൻ തറവാട് ആകെ മൊത്തം ഒരുങ്ങിയിരുന്നു….. മുന്നിൽ തന്നെ ഗായത്രി നിപ്പുണ്ട്…. പിന്നേ അവൾക്കറിയാത്ത കുറച്ചു സ്ത്രീകളും…. ഉണ്ണിയേട്ടൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി….അവളാണെങ്കിൽ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്ന് പരുങ്ങുകയാണ്…ഗായത്രി വന്ന് ഡോർ തുറന്നു കൊടുത്തു…. ഓടി പോവാൻ നിന്നിരുന്ന ഉണ്ണിയേട്ടൻ കയ്യാലെ പിടിച്ചു നിർത്തിയിട്ടുണ്ട്….

നില വിളക്കും പിടിച്ച് രണ്ട് നിലയുള്ള ആ വലിയ തറവാട് വീടിന്റെ പടിയിൽ മുത്തശ്ശി നിറഞ്ഞ പുഞ്ചിരിയുമായി കാത്തു നിൽക്കുമ്പോൾ ഉണ്ണിയേട്ടന്റെയും ഗായത്രിയുടെയും കൂടെ അവളിറങ്ങി നടന്നു….ഉള്ളിലെവിടെയോ ഒരു പരിഭ്രമം….. അതിന്റെ അടയാളമെന്നോണം ഹൃദയം പെരുമ്പറ കൊട്ടികൊണ്ടിരുന്നു…. എങ്കിലും വീടിനു ചുറ്റും അവളൊന്ന് കണ്ണോടിച്ചു… തെക്കേ വളപ്പിൽ നിറയെ മാവിൻ കൂട്ടങ്ങളാണ്…. ചെറിയ ചാമ്പക്ക തൈകളും നാട്ടു പിടിപ്പിച്ചിട്ടുണ്ട്….. വടക്കേ വളപ്പിൽ വലിയൊരു ആൽമരം….

ആലിലകൾ നിലത്താകെ ചിതറി കിടക്കുന്നു…. പയ്യെ വീശിയിരുന്ന കാറ്റിൽ നിറഞ്ഞു നിന്നത് പൂത്തുലഞ്ഞു നിൽക്കുന്ന മുല്ല പൂക്കളുടെ നറു മണമാണ്…. “””പറ്റില്ല…. പറ്റില്ല…. ആദ്യം ഞാൻ കേറും ന്നിട്ട് കേറിയാ മതി…. അമ്പൂട്ടി…. ഞ്ഞെ… ആദ്യം ഞാൻ കേറും വിളക്കും ഞാൻ പിടിക്കും….”” മുത്തശ്ശിയുടെ കയ്യിൽ നിന്നും നില വിളക്ക് വാങ്ങി വലത് കാൽ വെച്ച് ആ വീടിന്റെ പടി കയറുന്നതിന്റെ മുന്നേ ഉണ്ണിയേട്ടൻ വാശി തുടങ്ങി… “”ഞാൻ കേറട്ടെ…. മുത്തശ്ശി…. ഫസ്റ്റ് നിക്ക് കേറണം…. ഉണ്ണിക്കുട്ടൻ ഫസ്റ്റ് അമ്പൂട്ടി സെക്കന്റ്‌…… “” “”ഉണ്ണി കുട്ടാ… അവളാദ്യം കേറിക്കോട്ടെ… ന്നിട്ട് നിനക്ക് കേറാം… മുത്തശീടെ പൊന്നും കുട്ടനല്ലേ…””

മുത്തശ്ശി സ്നേഹത്തോടെ അവനെ കൊഞ്ചിക്കുന്നുണ്ട്…. പക്ഷെ ആള് ഭയങ്കര വാശിയിലാ…. ആ നിൽപ്പ് കണ്ടാലറിയാം…. കൂർത്ത ചുണ്ടും കണ്ണിൽ നിറയെ കുറുമ്പും…. “”ഉണ്ണീ…..അടങ്ങി നിക്ക്….അടി കിട്ടണോ… “” കയ്യിൽ പുതുതായി വെട്ടിയെടുത്തൊരു നീളൻ പുളി വടിയുമായി വല്യച്ഛൻ ഒച്ചയിട്ടതും ….. പേടിയോടെ ഉണ്ണിയേട്ടൻ അമ്പിളിയുടെ പിറകിലേക്ക് മാറി നിന്നു…. അപ്പോഴേക്കും ആരതി ഉഴിഞ്ഞ് മുത്തശ്ശി അവളെ അകത്തേക്ക് കയറ്റിയിരുന്നു…. പിറകെ പേടിച്ചു വരണ്ടു നിൽക്കുന്ന ഉണ്ണിയേട്ടനും….. അമ്പിളിക്ക് വീണ്ടുമവനോട് അടങ്ങാത്ത വാത്സല്യം തോന്നി….

ഭയത്തോടെ വല്യച്ഛന്റെ കയ്യിലുള്ള പുളി വടിയിലേക്ക് നോക്കി നിൽക്കുന്നവനെ മാറോടു ചേർത്തണച്ച് ആശ്വസിപ്പിക്കാൻ തോന്നി…. രാത്രി ഏറെ വൈകിയാണവൾ മുറിയിലെത്തിയത്…. വന്ന അതിഥികളെയൊക്കെ മുത്തശ്ശി തന്നെയാണ് ചേർത്തു പിടിച്ച് പരിചയപ്പെടുത്തി തന്നത്…വല്യമ്മയും ചെറിയമ്മയും ഒരു മകളെ പോലെ തന്നെ പരിപാലിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയിരുന്നു….. അവരുടെ സ്നേഹ പരിചരണങ്ങൾ മനസ്സിലെ അനാവശ്യ ചിന്തകളെ പാടെ തുടച്ചു നീക്കി…. ഗായുവിൽ നിന്നവളറിഞ്ഞു ഉണ്ണിയേട്ടനും അവളെ പോലെ അനാഥനാണെന്ന്…. അച്ഛനും അമ്മയും ചെറുതിലെ മരിച്ചതാണെന്ന്….

ആ ഭ്രാന്തനോടുള്ള ഇഷ്ടവും വാത്സല്യവുമപ്പോൾ കൂടുകയായിരുന്നു…. മുറിയിൽ കയറിയതും ഉണ്ണിയേട്ടൻ നിലത്ത് നിറയെ കളിപ്പാട്ടങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കണ്ടു… കാത്തിരുന്ന് മുഷിഞ്ഞെന്ന് ആ മുഖം കണ്ടാലറിയാം… “”അമ്പൂട്ടി എവിടെ ആയിരുന്നു…. ഞാൻ എത്ര നേരായി കാത്തിരിക്കുന്നു ന്നറിയോ…. ഇത് കണ്ടോ ഇതൊക്കെ ന്റെ കളിപ്പാട്ടങ്ങളാ…. നമ്മക്ക് രണ്ടാക്കും കളിക്കാം….. “” “”ഉണ്ണിയേട്ടാ നേരം ഒരുപാടായില്ലേ…. നമ്മക്ക് നാളെ രാവിലെ നേരത്തെ നീച്ചിട്ട് സാറ്റ് കളിക്കാം…. പിന്നേ ഗായൂനേം കൂട്ടാം…. നല്ല രസമായിരിക്കും…. ഇപ്പൊ ഉണ്ണിയേട്ടൻ നല്ല കുട്ടിയായി ഉറങ്ങിക്കോ ട്ടോ…. അമ്പൂട്ടി നല്ല പാട്ട് പാടി തരാം…. ഹ്മ്മ് നമ്മക്ക് ഒറങ്ങാം….. “” ”

“”ഹായ് അമ്പൂട്ടി പാട്ട് പാടി തെരുവോ…. ന്നാ നമ്മക്ക് ഇപ്പൊ തന്നെ കിടക്കാം …. “” ഓടി ചാടി ആ ഭ്രാന്തൻ കിടക്കയിലേക്ക് വീണു…..വന്നിട്ട് വസ്ത്രം പോലും മാറ്റി ഇട്ടിട്ടില്ല…. മുടി നെറ്റിയിൽ ചിതറി കിടക്കുന്നുണ്ട്…. “”അയ്യയ്യോ അത് പറ്റില്ല…. ആദ്യം ഉണ്ണിയേട്ടൻ പോയി കുളിച്ചേ…. എന്നിട്ട് ഈ ഉടുപ്പൊക്കെ മാറ്റി ഇട്….ന്നാലെ അമ്പൂട്ടി പാട്ട് പാടി തരൂ…. “” ഉണ്ണിയേട്ടനെ കുളിക്കാൻ കുളി മുറിയിലേക്ക് പറഞ്ഞയച്ചവൾ കയ്യിലെ പാല് ഗ്ലാസ്‌ മേശക്ക് മുകളിൽ വെച്ചു…മുറി മുഴുവനായും ഒന്ന് കണ്ണോടിച്ചു….നല്ല അടുക്കും ചിട്ടയുമുണ്ട്…. “”അമ്പൂട്ടി കുളി കഴിഞ്ഞു….”” “”ആഹാ ഇത്ര പെട്ടന്ന് കുളി കഴിഞ്ഞോ… ശെരിക്കും കുളിച്ചോ അതോ ന്നേ പറ്റിച്ചതാണോ….””

ഇടുപ്പിൽ കൈ കുത്തി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി… “”മ്മ്ഹ്ഹ്… മ്മ്ഹ്ഹ് ഉണ്ണിക്കുട്ടൻ ശെരിക്കും കുളിച്ചു….. സോപ്പൊക്കെ തേച്ച് നല്ലോണം കുളിച്ചു…. കണ്ടോ മുടിയൊക്കെ നനഞ്ഞിട്ടുണ്ട്…. “” “”ആഹ്… ഇനി ഉണ്ണിയേട്ടൻ ഈ പാല് കുടിച്ചേ.. ന്നിട്ട് വേണം നമ്മക്ക് ഉറങ്ങാൻ…..വേഗം കുടിച്ചേ…. “” മേശക്ക് മുകളിൽ വെച്ചിരുന്ന ഉണ്ണിയേട്ടന്റെ മരുന്ന് കലക്കിയ പാലെടുത്ത് കയ്യിൽ കൊടുത്തതും അവന്റെ മുഖം അറപ്പോടെ ചുളിയുന്നുണ്ട്… “”ബ്വേ…. നിക്ക് പാല് വേണ്ട… നിക്ക് ഇഷ്ട്ടല്ല…. വേണെങ്കി അമ്പൂട്ടി തനിയെ കുടിച്ചോ…. “” “”അത് പറഞ്ഞാ പറ്റില്ല … ഉണ്ണിയേട്ടൻ പാല് കുടിച്ചാലേ ഉണ്ണിയേട്ടന് ശക്തി ഇണ്ടാവൂ.. ന്നാലല്ലേ… കൊറേ കളിക്കാൻ പറ്റൂ…വേം കുടിച്ചേ… നല്ല ഉണ്ണിയേട്ടനല്ലേ… “” താടിയിൽ പിടിച്ച് കൊഞ്ചിച്ചവന്റെ ചുണ്ടോട് പാൽ ഗ്ലാസ്‌ ചേർത്തു വെച്ചു…. കയ്പ്പ് കൊണ്ട് ചുമലിൽ കൂച്ചി ഒറ്റവലിക്കതങ് കുടിച്ചു തീർത്തവൻ… “”🎶🎶🎶🎶🎶🎶🎶🎶🎶 🎶🎶🎶🎶🎶🎶

“”” അവൾ പാടി തുടങ്ങിയതും ആ ഭ്രാന്തൻ മടിയിൽ തല വെച്ചു കിടന്നു… കണ്ണുകൾ മെല്ലെ അടച്ചു… പാട്ടിന്റെ താളത്തിനൊത്ത് ആ പെണ്ണവന്റെ മുടിയിലൂടെ വിരലോടിച്ചതും അവന് ഉറക്കിലേക്ക് വഴുതി വീണിരുന്നു…. ഉണ്ണിയേട്ടനെ നേരെ കിടത്തി തലയിണ വെച്ച് നെഞ്ചോളം പുതപ്പിച്ചു കൊടുത്തു…. സ്ഥലം മാറി കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു ഉറക്കം വരുന്നതേ ഇല്ല…. തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഉണ്ണിയേട്ടനെ നോക്കിയിരുന്നു…. ആള് നല്ല ഉറക്കത്തിലാണ്…. കൊച്ചു കുട്ടികളെ പോലെ വിരൽ വായിലിട്ട് നുണയുന്നുണ്ട്… മെല്ലെ വേർപ്പെടുത്തി സാരിത്തലപ്പ് കൊണ്ട് വിരലും ചുണ്ടും തുടച്ച് കൊടുത്തു….പുറത്ത് പൊടി മഴ പെയ്യുന്നുണ്ട്… പയ്യെ പയ്യെ അതൊരു പെരുമഴയായി… ചെറുതായി ഇടി മുഴങ്ങിയതും പുതപ്പിനുള്ളിലേക്കവൾ ചുരുണ്ട കൂടി കിടന്നു…

ഉറക്കം കൺ പോളകളെ തഴുകുന്നേ ഉണ്ടായിരുന്നൊള്ളു…. അപ്പോഴേക്കും ഉണ്ണിയേട്ടനൻ തട്ടി വിളിച്ചു… “”അമ്പൂട്ടി… എണീക്ക്…. പുറത്ത് നല്ല മഴ…. നിക്ക് മഴ നനയണം…. “” ഉറക്കച്ചവടോടെ എഴുന്നേറ്റിരുന്നവൾ കോട്ടു വാ വലിച്ചിട്ടു… മഴ നനയാനുള്ള ആവേശം കൊണ്ടവന്റെ ഉറക്കമൊക്കെ എങ്ങോട്ടോ പോയിരുന്നു… “”ഉണ്ണിയേട്ടാ…. ഈ ഇരുട്ടത്ത് മഴയൊന്നും നനയണ്ട… വല്ല ഇഴഞ്ഞു ചെന്തുക്കളും കാണും മുറ്റത്ത്…. ഉണ്ണിയേട്ടൻ നല്ല കുട്ടിയായി കിടന്നുറങ്ങിക്കെ…. “” “”എനിക്ക് ഇപ്പൊ.. മഴ നനയണം…. “” പെട്ടന്നവന്റെ ഭാവം മാറി… കുറുമ്പ് മാത്രം നിറഞ്ഞു നിൽക്കുന്ന കണ്ണുകളിൽ രൗദ്രത വന്നു മൂടി… ചുവന്നു കലങ്ങി നിൽക്കുന്ന കണ്ണുകൾ കണ്ടതും ചെറുതായി അവളൊന്ന് ഭയന്നു…. ആ ഭ്രാന്തൻ ഈർഷ്യയോടെ മുഷ്ടി ചുരുട്ടുന്നുണ്ട്…. “”എനിക്കിപ്പോ മഴ നനയണം…. “” മറുത്തെന്തെങ്കിലും അവൾ പറയുന്നതിന്ന് മുന്നേ അവന്റെ കൂർത്ത പല്ലുകൾ ശക്തിയോടെ അവളുടെ കഴുത്തിൽ ആഴ്ന്നിറങ്ങിയിരുന്നു …………………………… തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 5

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story