നന്ദമയൂഖം: ഭാഗം 21

nanthamayoogham

A Story by സുധീ മുട്ടം

"നന്ദാ.., മയിലിന്റെ ഓരോ അണുവിലും നന്ദൻ മാത്രം നിറഞ്ഞൊഴുകി... അവനോട് ചെയ്ത കുറ്റബോധം കൂടുതൽ സങ്കടത്തിലാഴ്ത്തി...ഒരിക്കൽ ഒരിക്കൽ മാത്രം ഒന്നു കണ്ടാൽ മതി.. ചെയ്ത തെറ്റുകൾ ഏറ്റു പറയണം..അത്രയേ വേണ്ടൂ.... മയിലിന്റെ മനസ്സാകെ കലങ്ങി മറിഞ്ഞു...നന്ദനോട് ചെയ്തത് കുറച്ചു കടന്നു പോയെന്നൊരു ചിന്ത മനസ്സിനെ അലട്ടി... " വാ...മോളെ സമയം പോകുന്നു... അമ്മയുടെ വിളികേട്ടു മിഴിനീര് തുടച്ചു ഒപ്പം ചെന്നു...ജാനകിയമ്മ കണ്ടു ഒഴുകി ഇറങ്ങിയ അവളുടെ കണ്ണുനീര്..അവരുടെ മനസ്സിൽ സങ്കടം വിങ്ങി.. "പാവം എന്റെ മോൾ...ഒരുപാട് സങ്കടപ്പെടുന്നു. തന്നിലെ സങ്കടം പുറമേക്ക് കാണിക്കാതെ അവളുമായി ബസ്റ്റോപ്പിലേക്ക് നടന്നു..കുറച്ചു സമയം കാത്തു നിൽക്കേണ്ടി വന്നു ബസ് കിട്ടാനായി...

അരമണിക്കൂർ കഴിഞ്ഞാണ് ബസ് എത്തിയത്... തിരക്ക് കുറഞ്ഞ ബസിലെ ഒഴിഞ്ഞ സീറ്റിലേക്ക് വിൻഡോക്ക് സമീപമായി മയിൽ ഇരുന്നു..അവൾക്കൊപ്പം കുഞ്ഞുമായി ജാനകിയമ്മയും... മയൂഖയുടെ മനസ്സ് ചരടു പൊട്ടിയ പട്ടം കണക്കേ ഉയർന്നു താണു പറന്നു.. " മയിലേ തനിക്ക് പഠിച്ചു കൂടെ..നമ്മുടെ കല്ലുമോളെ നന്നായി വളർത്തണ്ടേ... അലിവോടെ നന്ദനാണ് ആദ്യമായി പഠിക്കാനായി പ്രോൽസാഹിപ്പിച്ചത്... "നമ്മുടെ കല്ലുമോൾ... വീണ്ടും വീണ്ടും ഓർത്തെടുത്തു...നന്ദനു ജീവനാണ് കല്ലുമോളെ.. മോൾക്കും അങ്ങനെ തന്നെ... മധുവേട്ടന്റെ ചില പെരുമാറ്റങ്ങൾ നന്ദനിലൂടെ പ്രകടമാകാറുണ്ടെന്ന് അവളോർത്തു...

"നന്ദനെയൊന്നു കാണണം... ഒരിക്കൽ കൂടി.. ഇല്ലെങ്കിൽ ഈ ജന്മത്ത് സമാധാനം ലഭിക്കില്ല.. എന്ന് ബോധ്യമായതോടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി... അറിയാതെ കഴുത്തിൽ കിടന്ന മഞ്ഞച്ചരടിലേക്ക് കൈകൾ നീണ്ടു.മെല്ലെ അതിനെ തഴുകി... " നന്ദനോട് ഹൃദയത്തിനെ കോണിലൊരു നീരുറവ ഉറവ എടുത്തിരുന്നു..പുറമേക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല..എന്നാലും അവനോടുളള ഇഷ്ടത്താൽ മാത്രമാണ് അതഴിച്ചു കളയാൻ മനസ്സ് സമ്മതിക്കാത്തതെന്ന് മയൂഖ തിരിച്ചറിഞ്ഞു... മയിലിലെ ഓരോ ഭാവങ്ങളും ജാനകിയമ്മ ശ്രദ്ധിച്ചു കൊണ്ടിരുന്നു.. കണ്ണുനീരൊഴുകുന്ന മുഖം കണ്ടപ്പോൾ മകനോട് അടക്കാനാകാത്ത ദേഷ്യവും തോന്നി..

"മറ്റാരെയും കാണണ്ടാ എവിടെ ആയിരുന്നാലും കല്ലുമോളെ ഒന്നു കാണാൻ വരാമായിരുന്നല്ലോ... ഓർക്കുന്തോറും ജാനകിയമ്മയുടെ നെഞ്ച് നീറി..നന്ദനോടുളള വെറുപ്പ് പിന്നെയും കൂടി... " കോളേജ് ജംക്ഷൻ... കണ്ടക്ടർ ഉറക്കെ വിളിച്ചു പറയുന്നത് കേട്ട് ജാനകിയമ്മ മയൂഖയെ തോണ്ടി..കണ്ണുനീർ തുടച്ച ശേഷം അമ്മക്കൊപ്പം ഇറങ്ങി... "അമ്മ ജോലിക്ക് നിന്നിരുന്ന വീട്ടിലെ സാറിനെ കൊണ്ടാ ഒരു സീറ്റ് തരപ്പെടുത്തിയത്...നന്നായി പഠിക്കണം..പണം എത്ര വേണമെന്ന് ഓർത്ത് നീ വിഷമിക്കേണ്ടാ... നടക്കുന്നതിനിടയിൽ അവർ ഓർമ്മിപ്പിച്ചു... മെല്ലെ അവൾ തല കുലുക്കി സമ്മതിച്ചു...

രാവിലെ അവർ എത്തിയെങ്കിലും പ്രിൻസിപ്പാൾ വന്നത് ഒമ്പത് മണി കഴിഞ്ഞായിരുന്നു... അയാൾ വിളിപ്പിച്ചതോടെ അകത്തേക്ക് കയറി.. അമ്പത് വയസ്സ് കഴിഞ്ഞ ഒരു മദ്ധ്യവയസ്ക്കൻ..മുഖം നിറയെ ഗൗരവം... " ഇരിക്ക്" അവരെ കണ്ടതും മുൻപിലുള്ള ചെയറിലേക്ക് വിരൽ ചൂണ്ടി... ജാനകിയമ്മയും മയൂഖയും അതിലേക്ക് ഇരുന്നു... "സീറ്റ് ഒഴിവൊന്നും ഇല്ല..പിന്നെ രാജീവ് കുഞ്ഞ് വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രമാണ് ഇല്ലാത്ത സീറ്റ് തരപ്പെടുത്തിയത്.." രണ്ടു പേരും തല കുലുക്കി... "എവിടെ സർട്ടിഫിക്കറ്റ്... മയൂഖ ബാഗിൽ നിന്നും സർട്ടിഫിക്കറ്റ് എടുത്തു പ്രിൻസിക്ക് കൊടുത്തു..അതിലേക്ക് മുഖം ഓടിച്ചതും മിഴികൾ വിടർന്നു..

" ഇത്രയും നന്നായി പഠിക്കണ ആളായിട്ടും എന്തേ എക്സാം എഴുതാഞ്ഞത്.. "മോൾക്ക് പനി ആയിരുന്നു... പിന്നീട് വിവാഹവും കഴിഞ്ഞതുകൊണ്ട് തുടർന്നു പഠിക്കാൻ കഴിഞ്ഞില്ല... ജാനകിയമ്മ അവസ്ഥ വിവരിച്ചു... വിധവ ആണെന്ന് പറഞ്ഞില്ല...മറ്റൊരു തരത്തിലുള്ള സഹതാപം ആരിൽ നിന്നും അവർ ഇഷ്ടപ്പെട്ടില്ല.. " മയൂഖയുടെ ഹസ്ബന്റ്സ് എന്ത് ചെയ്യുന്നു? ചോദ്യം അവളോട് ആയിരുന്നു... മുഖമൊന്ന് വാടി.. അവിടെയും ജാനകിയമ്മ രക്ഷക്കെത്തി.. "മോൻ ജോലി സ്ഥലത്താണ്... മയിൽ മിഴികൾ വിടർത്തി നന്ദിയോടെ അമ്മയെ നോക്കി... "മുഴുവൻ പേരെന്താ... "

മയൂഖാ നന്ദൻ...നന്ദൻ ഹസ്ബ്ന്റ് ആണ്... അമ്മയുടെ സ്വരം കേട്ടും മയിൽ അടിമുടി വിറച്ചു പോയി...അവളമ്മയെ നോക്കിയെങ്കിലും യാതൊരു പതർച്ചയും ഇല്ലാതെ അവർ അചഞ്ചലയായി ഇരുന്നു.. "ഡൊഡേഷൻ അടച്ചേക്ക്..എന്നിട്ട് വരുന്ന ബുധനാഴ്ച മുതൽ ജോയിൻ ചെയ്യാം... " ഒരുപാട് നന്ദി സർ... അയാളെ നോക്കി ജാനകിയമ്മ തൊഴുതിട്ട് പുറത്തേക്കിറങ്ങി....അയാൾ പറഞ്ഞ മുഴുവൻ തുകയും അടച്ചിട്ട് കോളേജിൽ നിന്നും ഇറങ്ങി... ബസ് സ്റ്റോപ്പിനു മറുവശത്ത് ഒരു ടെക്സ്റ്റൈൽ ഷോറൂം കണ്ടു...മയിലിനേയും കൂട്ടി അങ്ങോട്ടു കയറി.. "ആവശ്യമുള്ള തുണികൾ എടുക്ക് മോളെ...പഠിക്കാൻ പോകാനുളളതാ...

അവർ നിർബന്ധിച്ചിട്ടും വില കുറഞ്ഞ തുണികളാണ് അവൾ തിരഞ്ഞെടുത്തത്..ജാനകിയമ്മ തന്നെ വില കൂടിയ നാലു ചുരീദാറുകളും അവൾക്ക് ആവശ്യമായ ഇന്നർ വെയറും വാങ്ങി.. " എന്തിനാമ്മേ പൈസ വെറുതെ ചിലവാക്കുന്നത്.. അവൾ സങ്കടപ്പെട്ടു... "ഞാൻ കഷ്ടപ്പെട്ട പണമാ..എങ്ങനെ ചിലവഴിക്കണമെന്ന് എനിക്ക് അറിയാം...നിനക്ക് പഠിക്കുക എന്നതാ ലക്ഷ്യം.. മറ്റൊന്നും ചിന്തിച്ചു സമയം കളയരുത്... മൂർച്ചയുള്ള സ്വരത്തിലാണ് പറഞ്ഞത്...അതവൾക്ക് ശരിക്കും നന്നായി കൊണ്ടു....പതിയെ മിഴികൾ നിറഞ്ഞു.... " രാവിലെയും വൈകിട്ടും വന്നു പോകാമെന്ന് ദൂരമേയുള്ളൂ....

"ഹ്മ്മ്ം... അടുത്തുള്ള മൊബൈൽ ഷോറൂമിൽ നിന്നും പതിനായിരം രൂപയിൽ താഴെയുള്ള തെറ്റില്ലാത്തൊരു മൊബൈൽ വാങ്ങി സിം കണക്ഷനും എടുത്തു... " അമ്മേ എനിക്ക് ഇതിന്റെ ഒന്നും ആവശ്യമില്ല... "നിനക്ക് ആവശ്യം ഇല്ലായിരിക്കും..പക്ഷേ കോളേജിൽ പോകുന്ന നിന്റെ വിവരങ്ങൾ എനിക്ക് അറിയേണ്ടത് എന്റെ ആവശ്യമാണ്... തിരികെ നൽകാൻ മറുപടി ഇല്ലായിരുന്നു.. ഒന്നും മിണ്ടാതെ മൊബൈൽ വാങ്ങി.... ഉച്ചക്ക് മുമ്പേ അവർ വീട്ടിൽ തിരിച്ചെത്തി... " മോൾക്ക് പാലു കൊടുത്തിട്ട് വന്നു ആഹാരം കഴിക്ക്... കുഞ്ഞിനെ കൊടുത്തു ജാനകിയമ്മ മുറിയിലേക്ക് പോയി..

മോൾക്ക് പാലു കൊടുത്തു ഉറക്കിയിട്ട് മയിൽ ചെന്ന് അമ്മക്കൊപ്പം ഊണു കഴിച്ചു .ഇല്ലെങ്കിൽ അമ്മ തിരക്കി വരുമെന്ന് അറിയാം... ഊണു കഴിഞ്ഞു ജാനകിയമ്മ കിടന്നു മയങ്ങി..കുഞ്ഞും നല്ല ഉറക്കത്തിലാണ്..കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല. മനസ്സാകെ അസ്വസ്ഥമാണ്... മയിൽ എഴുന്നേറ്റു നന്ദന്റെ മുറിയിലേക്ക് കയറി... അവന്റെ സാന്നിധ്യം നിറഞ്ഞ മുറി..കണ്ണുകൾ പതിയെ തുളുമ്പി ഒഴുകി... മേശപ്പുറത്ത് നന്ദന്റെ പുഞ്ചിരിക്കുന്ന ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു... അവളത് കയ്യിലെടുത്തു അതിലേക്ക് ഉറ്റുനോക്കി..പോകപ്പോകെ വീണ്ടും കണ്ണുകൾ നിറഞ്ഞു.. "എവിടാ നന്ദാ...തിരികെ വരൂലെ...ഒന്ന് കാണണ്ടേ...

കല്ലുമോളെ ഓർത്തെങ്കിലും തിരികെ വന്നൂടെ... പൊട്ടി ഒഴുകിയ മിഴിനീർകണങ്ങൾ ഒലിച്ചിറങ്ങി ഫോട്ടോയിലേക്ക് വീണു...സമയം മെല്ലെ കടന്നു പോയി... അവൾ എഴുന്നേറ്റു ബുക്ക്സിൽ എന്തൊക്കെയോ തിരഞ്ഞു...പെട്ടെന്ന് ഒരു ഡയറി കണ്ണിൽ പെട്ടത്..വിറക്കുന്ന കൈകളോടെ ആദ്യത്തെ താൾ തുറന്നു... " എന്റെ മയിലേ.... ഇന്നാണ് നമ്മൾ ആദ്യമായി കാണുന്നത്... അത്രയും വരികൾക്ക് ഒപ്പം അന്നത്തെ ഡേറ്റും സമയവും എഴുതിയിരുന്നു.. അടുത്ത പേജ് മറിച്ചു... "ഇന്നാണ് നീയാദ്യമായി പുഞ്ചിരിച്ചത്... വീണ്ടും അടുത്ത താൾ തുറന്നു.... " ഇന്നാണു നീയെന്നെ നോക്കി പുഞ്ചിരിച്ചതും തിരികെ ഒരു പിശുക്കിയ പുഞ്ചിരി ഞാൻ സമ്മാനിച്ചതും...

വർദ്ധിച്ച ഉത്കണ്ഠയോടെ അടുത്ത താൾ ഒന്നൊന്നായി മറിച്ചു... "ഇന്നാണു നീ നിന്റെ മനസ്സ് തുറന്നത്.... നന്ദൻ അവന്റെ മയിലിനെ കണ്ടുമുട്ടിയത് മുതൽ പിരിഞ്ഞത് വരെയുള്ള സംഭവങ്ങൾ മുഴുവനും അതിൽ എഴുതി വെച്ചിരുന്നു.. ഓരോ താളുകൾ മറിക്കുന്തോറും മയൂഖയുടെ നെഞ്ഞ് പിഞ്ഞിക്കീറി.. അവനവന്റെ മയിലിനെ എത്രമാത്രം ആഴത്തിൽ പ്രണയിച്ചിരുന്നുവെന്ന് അവൾക്ക് ബോധ്യമായി... " നീയെന്നെ വേണ്ടെന്നു വെച്ചു പോയതു കൊണ്ട് അഴലിന്റെ ആഴങ്ങളിൽ പാടി ഞാൻ നടക്കില്ല..നിന്റെ അതേ പേരുള്ള മയൂഖയെ ഞാനും കെട്ടൂ... "നിന്നോടെനിക്ക് നന്ദി മാത്രമേയുള്ളൂ... എന്തിനാണന്നല്ലേ ജീവിക്കാൻ പഠിപ്പിച്ചു തന്നതിന്..

അതു വായിക്കുന്തോറും അവളും ഉരുകി തീർന്നു പോയി... "സ്വന്തം താല്പര്യങ്ങൾ സംരക്ഷിച്ചു നന്ദനെ വേണ്ടെന്നു വെച്ചവളെങ്കിലും വീണ്ടും വീണ്ടും അവൻ കെഞ്ചിയത് വായിച്ചതോടെ അവളുടെ ഉളളം നീറി... അവൾ അടുത്ത പേജ് മറിച്ചു.. അതിലെ വരികൾ വായിച്ചതും പിടഞ്ഞു പോയി.. " ഞാനെന്റെ മയിലിനെ എനിക്കായി പിറന്ന മയിലിനെ ഞാനിന്നു കണ്ടു..എന്റെ അമ്മക്കൊപ്പം എന്റെ വീട്ടിൽ..കൂടെ ഒരു കുഞ്ഞു മാലാഖയും..എന്റെ കല്ലുമോളെ..അച്ഛയുടെ സ്വന്തം കല്ലുവിനെ.. "ഇപ്പോൾ ശരിക്കും ജീവിക്കാനൊരു കൊതി തോന്നുന്നു... മിഴിനീരു കാഴ്ചയെ മറച്ചതോടെ നോവോടെ കണ്ണുകൾ ഇറുക്കി അടച്ചതും രണ്ടു തുള്ളി അതിലേക്ക് ഇറ്റു വീണു... മയിലിനു മനസ്സിലായി...നന്ദൻ തന്നെ എത്രമാത്രം പ്രണയിക്കുന്നുവെന്നു...എത്രയോളം അച്ഛയുടെ കല്ലുവിനെ സ്നേഹിക്കുന്നുവെന്ന്... " നന്ദാ...." ഉള്ളിലൊരു നോവുണർന്നു തുടങ്ങിയതും അതൊരു നിലവിളിയായി പുറത്തേക്കൊഴുകി...................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story