നന്ദമയൂഖം: ഭാഗം 3

nanthamayoogham

A Story by സുധീ മുട്ടം

"മയൂഖേ ഡീ എഴുന്നേൽക്കെടീ" ദീപയുടെ സ്നേഹത്തോടെയുളള വിളി കേട്ടാണ് മയൂഖ ഉറക്കത്തിൽ നിന്നും കണ്ണും തിരുമ്മി എഴുന്നേറ്റത്... ചുണ്ടിലൊരു പുഞ്ചിരിയോടെ ചായയുമായി നിൽക്കുന്ന ദീപയെ കണ്ടു ആദ്യമൊന്ന് പകച്ചു പോയെങ്കിലും ഓർമ്മകൾ പൊടുന്നനെ തിരിച്ചെത്തി.. "എത്ര നേരമായി വിളിക്കുന്നു.. എന്തൊരു ഉറക്കമാടീ..." സ്നേഹത്തോടെയുളള കുറ്റപ്പെടുത്തലാണെങ്കിലും മിഴികളൊന്ന് നിറഞ്ഞു തുളുമ്പി...അതു കണ്ടതും ദീപ വല്ലാതായി.. "എടീ ഞാൻ മറ്റൊന്നും കരുതി പറഞ്ഞതല്ല..സങ്കടമായെങ്കിൽ ക്ഷമിക്കെടീ" അവരുടെ സ്വരത്തിലും സങ്കടം കലർന്നു...കൂട്ടുകാരി തെറ്റിദ്ധരിച്ചതിൽ മയൂഖക്ക് സങ്കടം വന്നു. "എന്റെ ദീപേ ഞാൻ അങ്ങനെ കരുതിയല്ല പറഞ്ഞത് നീ വിഷമിക്കാതെ" കൂട്ടുകാരിയെ സാന്ത്വനിപ്പിക്കാനായി ശ്രമിച്ചു.. "അവിടെ മനുവിന്റെ ശല്യം നിമിത്തം സമാധാനമായി ഉറങ്ങിയട്ടില്ല..

ഏത് സമയത്തും അവനെ ഭയന്നു കിടക്കേണ്ട അവസ്ഥയാണ്" പറഞ്ഞു തീർന്നതും മയൂഖയൊന്നു പൊട്ടിക്കരഞ്ഞു... അവൾ അനുഭവിച്ച സങ്കടങ്ങൾ മുഴുവനും കണ്ണുനീരായി കലർന്നൊഴുകി. "പോട്ടെടീ സാരമില്ല.. നീ അവിടെ നിന്ന് രക്ഷപ്പെട്ടൂന്നു കരുതിയാൽ മതി... നിനക്ക് എത്രകാലം വേണേലും ഇവിടെ താമസിക്കാം..എനിക്കും ഏട്ടനും സന്തോഷമേയുള്ളൂ." മയൂഖയുടെ മനസ്സ് നിറഞ്ഞു... ഒരുനിമിഷം സ്വന്തം വീട്ടുകാരെ ഓർത്തു പോയി... ജനിപ്പിച്ച അച്ഛനും കൂടെപ്പിറന്ന അനിയനും സ്നേഹമില്ലെങ്കിലും ജന്മം നൽകിയ മാതാവിനു മാത്രമേ നോവുള്ളൂ...അമ്മക്ക് മാത്രമേ തന്നെ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ...അമ്മ മനസ്സിനു മാത്രമേ കഴിയൂ.... ദീപ നീട്ടിയ ചായക്കപ്പ് വാങ്ങി ഒരിറക്ക് കുടിച്ചിട്ടുള്ള കല്ലുമോളെ നോക്കി..മോൾ സുഖമായി ഉറങ്ങുന്നത് കണ്ടു... "കുഞ്ഞുങ്ങൾക്ക് ഒന്നും അറിയേണ്ടാ...

അതൊരു ഭാഗ്യമായി..ഇല്ലെങ്കിൽ എന്ത് ചെയ്തേനെ.. അവളൊരു നിമിഷം ഓർത്തു പോയി.. "നീ പോയൊന്നു ഫ്രഷായിട്ട് വാ.. മോളുണർന്നാൽ ഞാൻ നോക്കിക്കോളാം" ദീപ കുഞ്ഞിനു അരികിലായി ഇരുന്നതും മയൂഖ മേല് കഴുകാനായി കയറി... തണുപ്പുളള സായന്തനത്ത് തണുത്ത വെള്ളം നഗ്നമേനിയിലൂടെ ഒഴുകി ഇറങ്ങിയതോടെ ശരീരമൊന്ന് കുളിരുകോരി... വീട്ടിലാണെങ്കിൽ ഭയന്നു വേണം കുളിക്കാൻ...മനു ഏത് സമയത്തും പിന്നാലെയാണ്...കുഞ്ഞിനെ മാറിയൊന്ന് എടുക്കാൻ അമ്മയും വരില്ല..മിക്കപ്പോഴും രാത്രിയിൽ മോൾ ഉറങ്ങിയ ശേഷമാകും കുളിയും നനയുമെല്ലാം... പകൽ മുഴുവനും വീട്ടിലെ ജോലികൾ മുഴുവനും ചെയ്യണം‌...അതിനിടയിൽ അമ്മയുടെ കൽപ്പനകളും മനുവിന്റെ ശല്യവും... ഒരുപാട് പ്രാവശ്യം കൊതിച്ചിട്ടുണ്ട് അവിടെ നിന്നൊരു മോചനം...ചെറിയ ഒരുജോലിക്ക് പോകാൻ കൂടി കഴിയില്ല..

വീട്ടിലെ ജോലികളും മോളുടെ കാര്യവും കഴിഞ്ഞു ഒന്നിനും സമയം തികയില്ല..ഇനി അഥവാ തികഞ്ഞാലോ അമ്മ ജോലിക്ക് വിടുകയുമില്ല..സ്വന്തം വീട്ടിൽ നിന്നോ അമ്മ അല്ലാതെ ആരും തിരിഞ്ഞ് നോക്കാറില്ല.. വല്ലപ്പോഴും അതിഥിയായി അമ്മ വീട്ടിൽ വരുമ്പോഴാണൊരു സന്തോഷം.മകൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി വരും..പോകാൻ നേരം കുറച്ചു പണവും ഏൽപ്പിക്കും..അമ്മക്ക് മരുന്നു വാങ്ങാനും മറ്റും കിട്ടുന്ന പൈസയാണ്..വേണ്ടാന്ന് പറഞ്ഞാലും സ്നേഹത്തോടെ കയ്യിൽ വെച്ചു തരും... "അമ്മയും ഒരു സ്ത്രീ അല്ലേടീ..ഒരു പെണ്ണിനു ആവശ്യമായതെങ്കിലും വാങ്ങേണ്ടേ" അമ്മ ഓർമ്മിപ്പിക്കുമ്പോൾ ഒരു തേങ്ങലോടെ ആ ചുമലിൽ ചാഞ്ഞിട്ടുണ്ടാകും.. "അമ്മ ഇല്ലായിരുന്നെങ്കിൽ...ആ അവസ്ഥ ഓർമ്മിക്കാനേ കഴിയുന്നില്ല... ഒരുപെണ്ണിനു ആവശ്യം അത്യാവശ്യം വിദ്യാഭ്യാസവും ചെറിയ ഒരു ജോലിയും ആണെന്ന് തിരിച്ചറിഞ്ഞത് മധുവേട്ടന്റെ മരണശേഷം ആയിരുന്നു...

ആൾ ഉളളപ്പോൾ എല്ലാം അറിഞ്ഞു ചെയ്യുമായിരുന്നു.. അറ്റാക്കിന്റെ രൂപത്തിൽ മാലാഖ വന്നു കൂട്ടിക്കൊണ്ട് പോയപ്പോൾ തകർന്നത് ഒന്നും അറിയാത്ത ഒരു പെൺകുട്ടിയുടെ ജീവിതം ആയിരുന്നു... നെടുവീർപ്പോടെ മയൂഖ ഓർത്തു.. പതിവിലധികം സമയം എടുത്ത് ഫ്രഷായി ഇറങ്ങാൻ...പലവിധ ഓർമ്മകളും മനസ്സിനെ അലട്ടിയിരുന്നു... കല്ലുമോൾ ഇടക്കൊന്നു ഞെട്ടിയുണർന്നു കരഞ്ഞു തുടങ്ങി... ദീപ കുഞ്ഞിനെ എടുത്തു കരച്ചിലകറ്റാനായി ശ്രമിച്ചു.. അതേ സമയമാണ് മയൂഖ ഇറങ്ങി വന്നതും... "ഒരു രക്ഷയുമില്ല മയൂ..." ദീപയുടെ സംസാരത്തിനു മയൂഖ ചിരിച്ചു... "വിശന്നിട്ടാ...വിശന്നാൽ പിന്നെ അവളുടെ അച്ഛന്റെ വാശിയാ" കുഞ്ഞിനെ വാങ്ങി അവൾ മുലയൂട്ടാനായി തുടങ്ങി.... അതേ സമയം ദീപ കൈകൾ അടിവയറ്റിൽ ചേർത്തു..ഒപ്പം മിഴികളും നനഞ്ഞു... അമ്മയാകാനായി എത്രയോ അമ്പലങ്ങളിൽ തൊഴു കൈകളും നേർച്ചയുമായി കയറിയിറങ്ങി..

.ഒരു ദൈവം പോലും പ്രസാദിച്ചിട്ടില്ല.. എത്രയോ ട്രീറ്റ്മെന്റുകൾ നടത്തി...ഒരു മരുന്നും ഫലിച്ചില്ല... ഭർത്താവിന്റെ വീട്ടിലും സ്വന്തം നാട്ടിലേക്ക് പോകാനും മടിയാണ്..വിശേഷം ഒന്നും ആയില്ലേന്നുള്ള പരസ്യമായ ചോദ്യവും വിവാഹം കഴിഞ്ഞു ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങളിൽ ആർക്കാ കുഴപ്പമെന്നുളള രഹസ്യമായ അടക്കം പറച്ചിലും കേട്ടു മടുത്തു...അതോടെ ഇരുനാട്ടിൽ നിന്നും അകന്നുമാറി വീടു വെച്ചത്... തനിക്കാണു കുഴപ്പമെന്നുള്ളതിനാൽ മറ്റൊരു വിവാഹം കഴിക്കാൻ ജയേട്ടനോടു പറഞ്ഞിട്ടും ആൾക്ക് താല്പര്യമില്ല.. "എനിക്ക് നീയും നിനക്ക് ഞാനും മതി മക്കളായി... അത്രയും മതിയായിരുന്നു മനസ്സ് നിറയാൻ... ദീപ കണ്ണുനീർ തുടച്ചിട്ട് ആ മുറി വിട്ടിറങ്ങി... മയൂഖ ദീപയെ കുറിച്ചായിരുന്നു ആലോചിച്ചത്... ശരിക്കും അവൾ ഭാഗ്യവതിയാണ്..

ഭർത്താവിന്റെ സ്നേഹം ആവോളമുണ്ട്‌‌‌‌‌.. കുഞ്ഞില്ലെന്ന കുറവ് ഭാവിയിൽ ഈശ്വരൻ നികത്തും... ഒരുനിമിഷം ദീപക്കായി മിഴികൾ പൂട്ടി പ്രാർത്ഥിച്ചു.. രാത്രി വൈകിയാണ് ജയൻ വീട്ടിലേക്ക് എത്തിയത്..കുറച്ചു മദ്യപിച്ചിരുന്നു പതിവില്ലാത്തതാണു....അതോടെ ദീപയുടെ മുഖം വീർത്തു.. " ഇന്ന് കുടിച്ചല്ലേ" "എടീ മോളെ ഇന്ന് അമലിന്റെ ചെറിയ ഒരു പാർട്ടി ഉണ്ടായിരുന്നു.. അതാടാ സോറി.. ഭാര്യയെ ചേർത്തു പിടിച്ചു കവിളിലൊരുമ്മ നൽകി...അതോടെ ദീപയുടെ പിണക്കം മഞ്ഞുരുകി പോയി... " ജയേട്ടൻ കുളിച്ചിട്ടു വാ.. ഒരു സർപ്രൈസ് തരാം" "എങ്കിൽ ആദ്യം സർപ്രൈസ് താ" "ജയേട്ടൻ കുളിച്ചിട്ട് വാ..." അയാളെ ഉന്തിത്തള്ളി ബാത് റൂമിൽ കയറ്റി...കുറച്ചു സമയം കഴിഞ്ഞു കുളി കഴിഞ്ഞു ആളെത്തി... "ഇനി സർപ്രൈസ് താടീ ഭാര്യേ." ദീപയെ വലിച്ചു നെഞ്ചിലേക്കിട്ടു...അയാളുടെ മാറിലവൾ വിരലോടിച്ചു കൊണ്ട് മയൂഖയെ കുറിച്ച് എല്ലാം ധരിപ്പിച്ചു.. "പാവമാ ജയേട്ടാ അവൾക്കൊരു ഷെൽട്ടറും ഒരു ചെറിയ ജോലിയും ശരിയാക്കി കൊടുക്കണം.. മയൂഖയുടെ അവസ്ഥ വളരെ മോശമാണ്" "അതൊക്കെ ശരിയാക്കാമെടീ....

നീയാദ്യം കൂട്ടുകാരിയെ പരിചയപ്പെടുത്തി താ" അയാളുടെ സ്വരത്തിൽ കുറച്ചു ധൃതി കൂടിയിരുന്നു... "ജയേട്ടൻ വാ" അയാളെയും കൊണ്ടു മയൂഖയുടെ മുറിയിലേക്ക് പോയി...ഇതേ സമയം ജനാലയിലൂടെ പുറത്തെ കാഴ്ചകളിൽ നോക്കി ലയിച്ചു നിൽക്കുകയായിരുന്നു അവൾ... ജയന്റെ കണ്ണുകൾ ആദ്യം ചെന്നു പതിച്ചത് പിൻ കാഴ്ചയിൽ ആയിരുന്നു... കണ്ണുകളിലൊരു തിളക്കമുണ്ടായി... "മയൂഖേ" ദീപയുടെ വിളി കേട്ട് തിരിഞ്ഞു... നൈറ്റ് ഗൗൺ ആയിരുന്നു വേഷം...ദീപ കൊടുത്തതാണ്....അവളുടെ ആകാരവടിവ് ആ ഡ്രസ്സിൽ പ്രകടമായിരുന്നു.. "ഇതാ എന്റെ ജയേട്ടൻ... മയൂഖ ജയനെ നോക്കി പുഞ്ചിരിച്ചു... " ജയേട്ടാ ഇതാണെന്റെ കൂട്ടുകാരി മയൂഖ... അയാൾ ഇമകൾ വെട്ടാതെ മയൂഖയെ നോക്കി നിന്നു പോയി.... "എന്തൊരു ആകാരവടിവാണ് പെണ്ണിന്... അയാളുടെ കണ്ണുകൾ മിഴിഞ്ഞു...ഒപ്പം തന്റെ ദീപയേയും മയൂഖയേയും മനസ്സിൽ താരതമ്യം ചെയ്തതോടെ മനസ്സ് ഇടിഞ്ഞു... " ചുമ്മാതല്ല ആ ചെറുക്കൻ ഇവളുടെ പിന്നിൽ നിന്നും മാറാതെ നടന്നത്.... ജയൻ മനസ്സിൽ പറഞ്ഞു............... തുടരും........

നന്ദമയൂഖം : ഭാഗം 2

Share this story