നന്ദമയൂഖം: ഭാഗം 8

nanthamayoogham

A Story by സുധീ മുട്ടം

അവിടെ...അതു...പിന്നെ... അവർ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.... ഒടുങ്ങാത്ത വ്യസനത്തിന്റെ അനുഭവങ്ങൾ ഒരുപാട് അവൾക്ക് ഉണ്ടെന്ന് അവർക്ക് മനസ്സിലായി..... പിന്നെയൊന്നും ചോദിക്കാൻ ജാനകിയമ്മയുടെ മനസ്സ് അനുവദിച്ചില്ല.. അവളെ പൂർണ്ണമായും ഉൾക്കൊളളാൻ കഴിഞ്ഞത് പോലെ നിശബ്ദയായി ഇരുന്നു.. മയൂഖക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..എവിടെയെങ്കിലും ഒളിച്ചിരുന്നൊന്ന് പൊട്ടിക്കരയാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി.. "മതിലകം..." ബസ് കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞതോടെ ജാനകിയമ്മ അവളുടെ തോളിൽ തട്ടി.. "ഇവിടെ വരെയുള്ളൂ മോളേ ബസ്" ഒന്ന് ഞെട്ടിയുണർന്നു അവരെ മിഴിച്ചു നോക്കി... കുറെ സമയത്തെ യാത്രക്കൊടുവിൽ അറിയാത്തൊരു നാട്ടിൽ വന്നു പെട്ടിരിക്കുന്നു..അറിയാതെ വീണ്ടും കണ്ണുകൾ നിറഞ്ഞു.. രണ്ടു പേരും ബസിൽ നിന്ന് ഇറങ്ങി.. കല്ലുമോളെ ജാനകിയമ്മയിൽ നിന്നു മയൂഖ വാങ്ങി..

"എന്നാൽ ഞാൻ പോകുവാ മക്കളേ" യാത്ര ചോദിച്ച സമയം നാലു മിഴികളും ഒന്നു തുളുമ്പിയിരുന്നു..എന്തിനെന്നറിയാതെ.. ജാനകിയമ്മ നടന്നു മറയുന്നതും നോക്കി കണ്ണുനിരോടെ നിന്നു..ആ അമ്മ കൂടെ ചെല്ലാനായി ഒന്നു വിളിച്ചിരുന്നെങ്കിൽ മനസ്സ് വെറുതെ ആശിച്ചു പോയി... ചുറ്റും കടകളും ആൽത്തറയും അടങ്ങിയ ചെറിയ ഒരു ജംക്ഷൻ..അവൾ ചുറ്റും കണ്ണോടിച്ചു..ഇനി എങ്ങോട്ടേക്കെന്ന് അറിയാതെ തറഞ്ഞങ്ങനെ നിന്നു.. നടക്കും തോറും പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുത്തിയെന്നൊരു തോന്നൽ അവരിലുണ്ടായി... നിസ്സഹായത തുളുമ്പിയ മിഴികൾ കരളിനെ കൊത്തി വലിച്ചു...ഒപ്പം രണ്ടു കുഞ്ഞിക്കണ്ണുളള സുന്ദരിക്കുഞ്ഞും...മുന്നോട്ടു നടക്കുന്തോറും പിന്നിലേക്ക് പോകുന്നത് പോലെ... "പാടില്ലായിരുന്നു മോളേയും പൊടിക്കുഞ്ഞിനേയും തനിച്ചാക്കാരുതായിരുന്നു... ഹൃദയത്തിലിരുന്നാരോ മന്ത്രിക്കും പോലെ ജാനകിയമ്മക്ക് അനുഭവപ്പെട്ടു...

" ഏതാടീ നീ ഇവിടെയെങ്ങും കണ്ടട്ടില്ലല്ലോ.... ഒരുപൊടിക്കൊച്ചുമായി സുന്ദരിയായൊരു യുവതി കുറച്ചു സമയമായി ചുറ്റിത്തിരിയുന്നത് ശ്രദ്ധിച്ചു നിന്നിരുന്ന കുറെ പുരുഷന്മാർ മയൂഖക്ക് ചുറ്റും കൂടി... അവളുടെ അംഗലാവണ്യം നിറഞ്ഞ ഉടൽ ആസ്വദിച്ചു ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി.. അവളുടെ കണ്ണിൽ ഭയം നിഴലിച്ചു.. ഉടലാകെ വിറച്ചു തുടങ്ങി.. "ഞാൻ... ഞാൻ... സ്വരം വിറച്ചു തുടങ്ങി... അവർ അടുക്കുന്തോറും പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.. " കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകാനായി ഇറങ്ങിയത് ആയിരിക്കും.. ഇവളുമാരെയൊന്നും വിശ്വസിക്കരുത്... ആരോ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു കല്ലുമോളെ മാറോട് ചേർത്തണച്ചു പിടിച്ചു.. "ഏതാടീ കയ്യിലിരിക്കുന്ന കൊച്ച്... " ഇതെന്റെ കുഞ്ഞാ... അവൾ അലറിക്കരഞ്ഞു... അമ്മയുടെ കരച്ചിൽ കേട്ടതോടെ കല്ലുമോൾ ഉറക്കെ കരഞ്ഞു തുടങ്ങി.. "പിടിച്ചു പോലീസിൽ ഏൽപ്പിക്കണം...

പലർക്കും പല അഭിപ്രായങ്ങളായിരുന്നു... " ആർക്കാടാ എന്റെ കൊച്ചിനെ പിടിച്ചു പോലീസിൽ ഏൽപ്പിക്കേണ്ടത്... തീ പാറുന്ന മിഴികളുമായി ജാനകിയമ്മ അവരെ ഉന്തിത്തള്ളി മുന്നിലേക്ക് വന്നു.. "അതുപിന്നെ ജാനകിയമ്മേ.... അവരെ അറിയാവുന്നവർ ആയിരുന്നു അവിടെ കൂടിയ പലരും...ജാനകിയമ്മയുടെ നാവിനെ എല്ലാവർക്കും ഭയമാണ്..വായിൽ വരുന്നത് പാടിക്കളയും..അതുപോലെ പാവവുമാണ്..ഭർത്താവ് മരിച്ചതോടെ സ്വഭാവവും മാറ്റിയെടുത്തു... " അമ്മേ.... അതുവരെ ശ്വാസം മുട്ടി നിന്നിരുന്നവൾ ഒരാശ്രയത്തിനായി കാത്തു നിന്നതു പോലെ ഓടിച്ചെന്ന് അവരിലേക്ക് ചാഞ്ഞു...മയൂഖയെ ചേർത്തു പിടിക്കുമ്പോഴറിഞ്ഞു അവളുടെ ഉടലാകെ വിറക്കുന്നത്.. "എന്റെ കുട്ടിയാ...നാട്ടിൽ നിന്നും വന്നതാ...കുറച്ചു നാൾ ഇവിടെ കാണും... ഉറക്കെ പറഞ്ഞിട്ടു കല്ലുമോളെ മയുവിൽ നിന്നും വാങ്ങി..

കല്ലുമോൾ ജാനകിയമ്മയുടെ മുഖം കണ്ടതും കരച്ചിൽ നിർത്തി ചുണ്ടുകൾ പിളർത്തി കാണിച്ചു.. അതവരിലേക്കൊരു നോവായി പെയ്തിറങ്ങി.. "അമ്മൂമ്മ വന്നൂല്ലോ പൊന്ന് കരയാതെ... കല്ലുമോളെ എടുത്ത് ഉയർത്തി കവിളിൽ മാറി മാറി ചുംബിച്ചു... കല്ലുമോൾ പതിയെ ചിരിക്കാൻ തുടങ്ങി.. " വാ മോളെ..നമുക്ക് എന്റെ വീട്ടിലേക്ക് പോകാം..അവിടെ നിന്നും ആരും ഇറക്കി വിടില്ല" മയൂഖ ശക്തമായൊന്ന് ഏങ്ങലടിച്ചു.. "വാ മോളേ നിന്റെ അമ്മയാ വിളിക്കുന്നതെന്ന് കരുതിയാൽ മതി... അതോടെ അവളുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി..ജാനകിയമ്മയെ കെട്ടിപ്പിടിച്ചു ഉറക്കെ നിലവിളിച്ചു.. അവളുടെ സങ്കടങ്ങൾ മുഴുവനും അവരിലേക്ക് പെയ്തിറക്കി.. " അമ്മക്ക് മനസ്സിലാകും മോളെ നിന്നെ...നിന്റെ അവസ്ഥയിലൂടെ ഞാനും കടന്നു പോയവളാ...വാ നമുക്ക് പോകാടീ.. "മ്മ്മ്..മ്മ്മ്.... ജാനകിയമ്മ കല്ലുമോളെ എടുത്തു..

ഒപ്പം മയുവിനെയും ചേർത്തു പിടിച്ചു ഒരോട്ടോയിൽ കയറി... പതിനഞ്ച് മിനിറ്റ് ഓട്ടോ ഓടി..വാർത്ത ഒരു വീടിനു കുറച്ചകലെയായി നിന്നു... ഓട്ടോക്കൂലിയും കൊടുത്തു അവരുമായി വീട്ടിലേക്ക് നടന്നു..പരിചിതമായ പല മുഖങ്ങളിലും അമ്പരപ്പ് നിറയുന്നത് കണ്ടില്ലെന്ന് നടിച്ചു... " എനിക്കൊരു കുരുത്തം കെട്ട മകനുണ്ട്...അതാ കൂടെ കൂട്ടാനാദ്യം മടിച്ചത്... കതകിന്റെ ലോക്ക് തുറകുന്നതിനിടയിൽ പറഞ്ഞു... അതുകേട്ടതും മയൂഖയുടെ നെഞ്ചിലൊരു വെള്ളിടിവെട്ടി..അവളുടെ മുഖത്ത് നിറഞ്ഞ പോടി ആ അമ്മക്ക് മനസ്സിലായി.. "അവനെ പേടിക്കുകയൊന്നും വേണ്ട മോളേ..ഉപദ്രവകാരിയൊന്നും അല്ല..ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും അത്രയേയുള്ളൂ... ജാനകിയമ്മ പറഞ്ഞെങ്കിലും മനസ്സിലെ ഭയം അതങ്ങനെ നിന്നു... ആകെയുള്ള മൂന്നു മുറിയിൽ ഒരെണ്ണം വൃത്തിയാക്കി മയൂഖക്കും മോൾക്കും കൊടുത്തു...

" മോള് കുഞ്ഞിനെ നോക്കൂ...അമ്മ വല്ലതും ഉണ്ടാക്കാം... ജാനകിയമ്മ മുറിവിട്ടിറങ്ങിയതോടെ കട്ടിലിൽ കിടന്നു കല്ലുമോൾക്ക് പാലു കൊടുത്തു.. അവളെ ഉറക്കിയ ശേഷം അടുക്കളയിലേക്ക് ചെന്നു.. "അമ്മ മാറിക്കോളൂ..ഞാനുണ്ടാക്കാം" "നീ റെസ്റ്റ് എടുക്ക് മോളെ.. " എനിക്കിതൊക്കെ ശീലമാ...അമ്മ റെസ്റ്റ് എടുത്തോളൂ... സന്തോഷത്തോടെ മയൂഖ ജോലി ഏറ്റെടുത്തു.. ചുറു ചുറുക്കോടെ എല്ലാ പണിയും അവളോടി നടന്നു ചെയ്തു... ജാനകിയമ്മ അതെല്ലാം നോക്കി നിന്നു... ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ജാനകിയമ്മയുടേയും മയൂഖയുടേയും മനസ്സും വയറും ഒരുപോലെ നിറഞ്ഞു... നന്ദൻ ഊണു കഴിക്കാനായി വരുമ്പോൾ മയൂഖ കല്ലുമോളുമായി മുറിയിലായിരുന്നു..

"ഇന്നെന്താമ്മേ കറികൾക്കെല്ലാം പ്രത്യേകമൊരു രുചി" ആസ്വദിച്ചു ഊണു കഴിക്കുന്നതിനിടയിൽ നന്ദൻ തിരക്കി.. "അതോ ഇതെല്ലാം എന്റെ മോൾ വെച്ചുണ്ടാക്കിയതാ".. യാതൊരു ഭാവഭേദവും ഇല്ലാതെ ജാനകിയമ്മ പറയുമ്പോൾ നന്ദൻ നെറ്റിയൊന്നു ചുളുക്കി.. " ഇന്നുവരെ ഇല്ലാത്ത മോളെ അമ്മക്ക് വഴിയിൽ നിന്നും കളഞ്ഞു കിട്ടിയോ ... വെറുതെ തമാശയായി ചോദിച്ചതാണ്...അമ്മയുടെ മറുപടി അവനെ ഞെട്ടിച്ചു കളഞ്ഞു.. "അതേലൊ..." "അമ്മേ വെറുതെ തമാശിക്കരുത്‌.. മകനെ നോക്കി പുഞ്ചിരിച്ചിട്ട് അകത്തേക്ക് കയറി മയുവിനെയും കല്ലുമോളെയും കൂട്ടിക്കൊണ്ട് വന്നു.. " നോക്കെടാ... "ങേ... നന്ദൻ ഞെട്ടി ചാടി എഴുന്നേറ്റു മയൂഖയേയും കുഞ്ഞിനെയും തുറിച്ചു നോക്കി...

ഭൂമിയിലെ സൗന്ദര്യം മുഴുവനും ഒരാളിലേക്ക് മാത്രമായി ആവാഹിച്ചത് പോലെ മുന്നിലൊരു ദേവത നിൽക്കുന്നതു കണ്ടു കണ്ണുമിഴിച്ചു.... മയുവിന്റെയും കണ്ണുകൾ അവനിലായിരുന്നു.... മനുവിന്റെയൊ ജയന്റെയൊ കൗശലം നിറഞ്ഞ മുഖമായിരുന്നില്ല..മധുവേട്ടനെ പോലെ സൗമ്യത നിറഞ്ഞ ഒരു ചെറുപ്പക്കാരൻ..അവൾക്കങ്ങനെയാണു തോന്നിയത്... നാലു മിഴികളും തമ്മിലൊന്നു കോർത്തതും മയൂഖ പെട്ടെന്ന് മിഴികൾ പിൻ വലിച്ചു.................. തുടരും........

നന്ദമയൂഖം : ഭാഗം 7

Share this story