നന്ദവൈശാഖം: ഭാഗം 3

nanthavaishakham

A Story by സുധീ മുട്ടം

മുഖമുയർത്തിയ വൈശാഖ്‌ കണ്ടു..നന്ദയോടുളള പകയുമായി അമ്മ കലിയോടെ നടന്നടുക്കുന്നത്...നന്ദയുലുമൊരു പകപ്പുണ്ടായി.. "ഇല്ല..ഇതെന്റെ കുഞ്ഞാ ഞാൻ തരില്ല..." നന്ദ അലറിക്കരഞ്ഞു കുഞ്ഞിനെ ഒന്നുകൂടി ഇറുക്കിപ്പിടിച്ചു... അലറിക്കരയുന്ന നന്ദയേയും നടന്നു വരുന്ന അമ്മയേയും നോക്കി വൈശാഖ്‌ പകച്ചു നിന്നു.അമ്മയുടെ ഭാവം കണ്ടിട്ട് ഇപ്പോൾ കുഞ്ഞിനെ പിടിച്ചു വാങ്ങുന്ന ഭാവമാണ്.അയാൾ ദയനീയമായി അച്ഛനെ നോക്കി. "ഇങ്ങോട്ട് താടീ എന്റെ കൊച്ചുമകളെ" ദേഷ്യത്തോടെ നന്ദയിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വലിക്കാൻ നളിനി ശ്രമിച്ചതും കുഞ്ഞാറ്റ നിർത്താതെ കരച്ചിൽ തുടങ്ങി. "ഇല്ല ഞാൻ തരില്ല..ഇതെന്റെ കുഞ്ഞാ" "നിന്റെ കുഞ്ഞോ?ഏത് വകുപ്പിലാടീ" നളിനിയുടെ ശബ്ദം വല്ലാതെ ഉയർന്നതോടെ വേലിക്കരികിൽ വീണ്ടും തലകൾ ഉയർന്നു പൊങ്ങി..അതൊന്നും തന്നെ ബാധിക്കുന്ന മട്ടിലായിരുന്നു വൈശാഖിന്റെ അമ്മയുടെ നിൽപ്പും.. "അമ്മേ,, പ്ലീസ് കുഞ്ഞിനെ ഞാൻ നോക്കിക്കോളാം..എന്നോട് കുറച്ചു കനിവ് കാണിക്കണേ" നന്ദയുടെ ശബ്ദം ദയനീയമായി.. പിന്നെയതൊരു കരച്ചിലായി മാറി. "അമ്മയോ ആരാടീ നിന്റെ അമ്മ.സ്വന്തം കുഞ്ഞിനേയും ഭർത്താവിനേയും കൊന്നു തിന്ന നിനക്ക് ഞാനെങ്ങനാടീ അമ്മയാകുന്നത്" ശാപവാക്കുകൾ നെഞ്ചിൽ തറച്ചു കയറിയതോടെ അവളാകെ തകർന്നു പോയി...നെഞ്ചിലൊരു കഠാര കുത്തിയിറക്കിയ അനുഭവം.ആകെ ആടിയുലഞ്ഞു.എന്നിട്ടും കുഞ്ഞാറ്റക്കായി വിലപിച്ചു.. "ഇങ്ങോട്ട് താടീ എന്റെ കുഞ്ഞിനെ" കുഞ്ഞാറ്റയുടെ കരച്ചിലും നന്ദയേയും വക വെയ്ക്കാതെ കുഞ്ഞിനെ പിടിച്ചു വാങ്ങി..ചുറ്റും നിന്ന മുഖങ്ങളിൽ പരിഹാസം തെളിഞ്ഞിട്ടും അവർക്കൊരു കുലുക്കവും ഇല്ലായിരുന്നു..

"അമ്മേ കുഞ്ഞാറ്റേ താ അമ്മേ" നളിനിയുടെ പാദങ്ങളിൽ വീണു കെട്ടിപ്പിടിച്ചവളുടെ കൈകളെ കാലാൽ തട്ടിമാറ്റി തിരിഞ്ഞ് നടന്നു.. മണ്ണിൽ കിടന്ന് എന്റെ കുഞ്ഞെന്നു നിലവിളി തുടങ്ങി... എല്ലാം കണ്ടും കേട്ടും സ്തബ്ദധരായി നിന്നിരുന്ന മാധവും വൈശാഖും നടുക്കത്തിൽ നിന്നും ഉണർന്നു.. മണ്ണിൽ മുഖം പൂഴ്ത്തി കരയുന്നവൾ നെഞ്ചിലൊരു സങ്കടമായി മാറിയതോടെ മാധവ് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. "അച്ഛാ കുഞ്ഞാറ്റയെ തരാൻ പറയ്..നുള്ളി നോവിക്കില്ല ഞാൻ. പൊന്നുപോലെ നോക്കിക്കൊളളാം.എപ്പോൾ ആവശ്യപ്പെട്ടാലുംകുഞ്ഞാറ്റയെ കൊണ്ടുവന്നു തരാം. ഒന്നു പറയച്ഛാ" തൊഴുതു കൊണ്ടു ദയനീയമായി കേണു..അച്ഛന്റെ കണ്ണുകളിൽ സങ്കടം കുമിഞ്ഞു കൂടുന്നത് വൈശാഖ്‌ കണ്ടു. അച്ഛന് നന്ദയെ വലിയ ഇഷ്ടമാണ്... എപ്പോഴും അതൊക്കെ പ്രകടിപ്പിക്കാറുണ്ട്.. മാധവിന്റെ അടുത്ത കൂട്ടുകാരൻ കൂടിയായിരുന്ന രാമചന്ദ്രന്റെ മകളാണ് നന്ദ..നന്ദ രാമചന്ദ്രൻ... ഏകമകളായതിനാൽ നന്നായി സാതന്ത്യം കൊടുത്താണ് വളർത്തിയത്..മോശമായൊരു പേര് പോലും കേൽപ്പിച്ചില്ല. പ്രണയമായി പിന്നാലെ നടന്നയാളോട് പറഞ്ഞതും വീട്ടിൽ വന്നു ആലോചിക്കാനായിരുന്നു..പഠിപ്പു കഴിഞ്ഞതോടെ വിവാഹവും വീട്ടുകാർ നടത്തി കൊടുത്തു. സന്തോഷകരമായിരുന്നു അവരുടെ ജീവിതം... വൈശാഖിനേക്കാൾ മാസങ്ങൾക്ക് മാത്രമേ ഇളപ്പമുള്ളൂ..നന്ദയെ വിവാഹം കഴിച്ചതും അയാളുടെ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്ന നന്ദനാണ്. വിവാഹ ശേഷം രാമചന്ദ്രനൊപ്പമായിരുന്നു നന്ദനും നന്ദയും കഴിഞ്ഞിരുന്നത്.. ഭാര്യ വീട്ടിൽ കഴിയുന്നതിൽ യാതൊരു നാണക്കേടും അയാൾക്ക് ഉണ്ടായിരുന്നില്ല..

നന്ദന്റെ വീട്ടിൽ അച്ഛനും അമ്മക്കും രണ്ടു ആണ്മക്കളാണ്..സാധാരണ മൂത്തയാള് മാറി താമസിക്കും പോലെ മാറി താമസിച്ചു.വിവാഹത്തിനു നന്ദയുടെ വീട്ടുകാർ വെച്ചൊരു ഡിമാന്റ് അതുമാത്രം ആയിരുന്നു.. തങ്ങളുടെ കാലശേഷം നന്ദക്ക് അവകാശപ്പെട്ടതാണ് ഇതെല്ലാം..നന്ദക്കെന്ന് പറഞ്ഞാൽ നന്ദനും കൂടിയാണ്.. രാമചന്ദ്രൻ അങ്ങനെയാണ് പറഞ്ഞതും പ്രവർത്തിച്ചതും..മുദ്രപത്രത്തിൽ മകനും മരുമകനുമായി തുല്യ അവകാശമായി എഴുതി കൊടുത്തു.. നന്ദൻ ഭാര്യയുടെ വീട്ടുകാരെ പൊന്നുപോലെയാണ് നോക്കിയത്..സ്വന്തം മാതാപിതാക്കളോടും സഹോദരനോടുമുളള കടമയും മറന്നില്ല..എല്ലാവർക്കും അയാളെ വലിയ കാര്യമായിരുന്നു... "പറയ് വൈശാഖ്‌ അമ്മയോട് മോളെ തരാൻ പ്ലീസ്" മാധവിനേയും വൈശാഖിനേയും നോക്കി സങ്കടത്തോടെ കേണു കൊണ്ടിരുന്നു.. "അച്ഛാ..." "അമ്മയോടൊന്നു പറയച്ഛാ..." നന്ദയുടെ സങ്കടം കാണാൻ ശേഷിയില്ലാതെ തിരിഞ്ഞു നിന്നു... മാധവ് വീട്ടിലേക്ക് കയറി... അയാളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.. നളിനിയുടെ സ്വഭാവത്തിന് കുഞ്ഞാറ്റയെ കൊടുക്കുമെന്ന് തോന്നുന്നില്ല.. അകത്തേക്ക് കയടിയതും അയാളൊന്ന് നടുങ്ങിപ്പോയി..വെറും നിലത്ത് കുഞ്ഞാറ്റയെ കിടത്തിയിരിക്കുന്നു..കരച്ചിൽ നിർത്തി അവൾ കളിക്കുകയാണ്.. നെഞ്ച് പൊടിയുന്ന നീറുന്ന വേദനയോടെ കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേർത്തു പിടിച്ചു.. "ഡീ നളിനീ..." ദേഷ്യത്താൽ കണ്ണുകൾ ചുമന്നു... "എന്താ മനുഷ്യ തൊളള കീറുന്നത്".. അടുക്കളയിൽ നിന്നും അവരുടെ ശബ്ദമെത്തി.. " കുഞ്ഞാറ്റയെ എന്തിനാടീ നിലത്ത് കിടത്തിയത്..അതൊരു കുഞ്ഞല്ലേടീ" "അതിന് നിങ്ങൾക്ക് ചേതമെന്താ...

കൊച്ച് ഇങ്ങനെ വളർന്നാൽ മതി..അവളുടെ തളള വല്ലവന്റേയും കൂടെ ഓടിപ്പോയില്ലേ ശവം" "അതിനു കുഞ്ഞാറ്റ എന്ത് പിഴച്ചു നളിനീ" മാധവിന്റെ സ്വരമിടറി തുടങ്ങി... "അമ്മ വേലി ചാടിയാൽ മോള് മതില് ചാടും..അഴുക്കിലും പുഴുക്കിലും വളരട്ടെ എന്നാലെ മര്യാദക്ക് വളരൂ..." അമ്മയുടെ വാക്കുകൾ വൈശാഖിന്റെ നെഞ്ചിലേക്ക് തറച്ചു കയറി... ആകെ ആടിയുലഞ്ഞു പോയിരുന്നു അയാൾ.. "തന്റെ പൊന്നുമോൾ..." സങ്കടത്തോടെ ഓടി അച്ഛനു അരികിലെത്തി കുഞ്ഞാറ്റയെ വാങ്ങി ഉമ്മകളാൽ മൂടി.. "അമ്മക്ക് ഭ്രാന്തായോ...ശിൽപ്പ് പോയതിനു കുഞ്ഞ് എന്ത് പിഴച്ചമ്മേ?" "എത്രയൊക്കെ ആയാലും ആ വിശ്വ സുന്ദരിയുടെ കൊച്ചല്ലേടാ ഇത്" അടുക്കളയിൽ നിന്നും നളിനി പാഞ്ഞെത്തി ആക്രോശിച്ചു...അമ്മയുടെ മാറ്റം അവനെ വല്ലാതെ അമ്പരപ്പിച്ചു.. അമ്മ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന് വേദനയോടെ ഓർത്തു... അമ്മക്ക് ജീവനായിരുന്നു കുഞ്ഞാറ്റ...അമ്മയാണാ പേരും ആദ്യമായി വിളിച്ചത്...എന്നിട്ട് ഇപ്പോൾ അമ്മ. തന്നെ കുഞ്ഞിനെ വെറുക്കുന്നു..ശിൽപ്പയോടുളള എല്ലാ ദേഷ്യവും കുഞ്ഞിനോട് തീർക്കും പോലെയാണ് അവരുടെ പെരുമാറ്റം.. കുഞ്ഞുമായി വൈശാഖ്‌ മുറ്റത്തേക്കിറങ്ങി...എല്ലാം കേട്ടു നന്ദയങ്ങനെ തറഞ്ഞു നിൽക്കുന്നത് കണ്ടു..നെഞ്ചിലക്കൊരു നീറ്റൽ പടരുന്നത് അയാളറിഞ്ഞു... "കൊണ്ടു പൊയ്ക്കോളൂ നന്ദ...കാണണമെന്ന് തോന്നുമ്പോൾ കുഞ്ഞാറ്റയെ ഞാൻ വന്നു കണ്ടോളാം" വീട്ടിൽ കുഞ്ഞാറ്റക്ക് സുരക്ഷിതം കിട്ടില്ലെന്നൊരു ഭീതി ഉടലെടുത്തിരുന്നു...അമ്മയാകെ മാറിപ്പോയിരിക്കുന്നു... കുഞ്ഞിനെ കയ്യിൽ കിട്ടിയതും നന്ദ ആർത്തിയോടെ കുഞ്ഞിക്കവിളുകളിൽ മാറി മാറി ചുംബിച്ചു...

കുഞ്ഞാറ്റ പല്ലില്ലാത്ത മോണകാട്ടി ചിരിക്കാൻ തുടങ്ങിയതും വൈശാഖിലും നന്ദയിലും ഒരു തണുപ്പ് വീണു.. "എടാ കൊച്ചിനെ കൊല്ലാൻ കൊടുക്കുവാണോടാ" പകയോടെ അലറിപ്പാഞ്ഞ് നളിനി അവർക്ക് അരികിലെത്തി... "എന്റെ കുഞ്ഞാ കുഞ്ഞാറ്റ‌..ആരുടെ കയ്യിൽ ഏൽപ്പിക്കണമെന്ന് എനിക്ക് അറിയാം" ഈ പ്രാവശ്യം വാക്കുകളിൽ നീരസം കലർത്തിപ്പറഞ്ഞു...ആദ്യമൊന്ന് നടുങ്ങിയെങ്കിലും അതിൽ നിന്നും അവരുണർന്നു.. "അത്രക്കും സഹതാപമാണെങ്കിൽ ഇവളുടെ കൂടെ ചെന്ന് അവിടെ താമസിക്കെടാ..ഇങ്ങോട്ട് വരാൻ എന്റെ പൊന്നുമോൻ നിൽക്കണ്ടാ.ഭർത്താവും കൊച്ചും ചത്ത സ്ഥിതിക്ക് ആണുങ്ങളുടെ ചൂട് കിട്ടാതെ വശീകരിക്കാനിറങ്ങിയതാ ശാപം പിടിച്ചവൾ... നീ നശിച്ചു പോകത്തേയുള്ളെടീ" തലയിൽ കൈ വെച്ച് നളിനി നന്ദയെ പ്രാകി ...വൈശാഖിന്റെയും മാധവിന്റെയും നന്ദയുടെ മുഖവും ഒരുപോലെ വിളറിപ്പോയി...എല്ലാം കണ്ടും കേട്ടും രസിച്ചു നിന്ന അയൽക്കാരുടെ മുഖങ്ങളിൽ പരിഹാസവും തെളിഞ്ഞു.. "നിന്റേയും ഇവളുടേയും അഴിഞ്ഞാട്ടം കാരണമാടാ നിന്റെ ഭാര്യ കൂട്ടുകാരന്റെയൊപ്പം തന്നെ ഒളിച്ചോടിപ്പോയത്" അപമാന ഭാരത്താൽ വൈശാഖിന്റെ മുഖം കുനിഞ്ഞു..സ്വന്തം അമ്മയാണു പരസ്യമായി അപമാനിക്കുന്നത് കേൾക്കുന്നവർ വിശ്വസിക്കുകയും ചെയ്യും.. നിറഞ്ഞ മിഴികളോടെ അയാൾ തലയുയർത്തി നന്ദയെ നോക്കി...ഒന്നും സഹിക്കാൻ കരുത്തില്ലാതെ അലറിക്കരഞ്ഞു അവൾ പൂഴി മണ്ണിലേക്ക് മണ്ണിലേക്ക് വീണുപോയി...................................................തുടരും…………

നന്ദവൈശാഖം : ഭാഗം 2

Share this story