നന്ദവൈശാഖം: ഭാഗം 7

nanthavaishakham

A Story by സുധീ മുട്ടം

നിനക്ക് ഇവളെ മതിയെങ്കിൽ അവളുടെ കഴുത്തിലൊരു താലികെട്ടി കൂടെപ്പൊറുപ്പിക്കെടാ..അതാടാ അന്തസ്സ്" നളിനിയുടെ സംസാരം കേട്ടു വൈശാഖും നന്ദയും ഒരുപോലെ തളർന്നു പോയി.... രാമചന്ദ്രന്റേയും സരസ്വതിയുടേയും മുഖം ഒരുനിമിഷത്തേക്കൊന്ന് പ്രകാശിച്ചെങ്കിലും മകളുടെ മുഖത്തേക്ക് നോക്കിയതോടെ മങ്ങിപ്പോയി.വാടിത്തളർന്ന താമരത്തണ്ടായി മാറിയിരുന്നവൾ. "അമ്മേ എല്ലില്ലാത്ത നാവാണെന്ന് കരുതി എന്തു തോന്ന്യാസവും വിളിച്ചു കൂവരുത്" കുറച്ചു സമയത്തേക്ക് പകച്ചു പോയിരുന്നെങ്കിലും വൈശാഖ്‌ നാവുയർത്തി. "പറയുന്നതാണല്ലോ എല്ലാവർക്കും കുഴപ്പം.. കാണിക്കുന്നതിലൊരു പ്രശ്നവും ഇല്ലല്ലോ?" നളിനി തോറ്റ് പിന്മാറാൻ ഒരുക്കമായിരുന്നില്ല.തെല്ലൊന്ന് കൂസിയതുമില്ല. നന്ദയെ ഒരുപാട് ഇഷ്ടമായിരുന്നു..മകന് മറ്റൊരു പ്രണയമുണ്ടെന്ന് അറിഞ്ഞതോടെ തളർന്നു പോയി.മഹാലക്ഷ്മിയെ പോലെയുള്ളൊരു പെണ്ണിനെ അതും വളരെയേറെ അടുത്ത് അറിയാവുന്നവളെ ആരാണ് ഇഷ്ടപ്പെടാത്തത്.. അമ്മയുടെ ആഗ്രഹം എന്തായിരുന്നെന്ന് വൈശഖിന് നന്നായിട്ടറിയാം.. നന്ദയെന്നാൽ അമ്മക്ക് ജീവനാണ്.എന്നിട്ടും അവളോട് പൗരുഷമായി അമ്മ പെരുമാറുന്നത് പലപ്പോഴും അമ്പരപ്പിച്ചിരുന്നു.. "അമ്മയൊന്ന് നിർത്തുവോ?" സഹികെട്ട് അലറിപ്പോയി...

വൈശാഖ്‌ നന്ദയെ ശ്രദ്ധിച്ചു..ആകെ വാടിത്തളർന്നു പോയി പാവം..പെയ്ത് തോരാത്ത മിഴികളിലൂടെ കാലവർഷം പെയ്തിറങ്ങുന്നത് കണ്ടു ഉള്ളിലൊരു നോവുണർന്നു...അപ്പോഴും ശബ്ദിക്കാൻ കഴിയാതെ തകർന്നു പോയവളുടെ ചുണ്ടുകൾ വിമ്മിപ്പൊട്ടി. "സോറി നന്ദാ..എന്റെ അമ്മയുടെ വിവരക്കേടിന് ഞാൻ ക്ഷമ ചോദിക്കുന്നു" സ്വരം അൽപ്പം താഴ്ത്തി ഇടർച്ചയോടെ അയാൾ നന്ദക്ക് മുമ്പിൽ നിന്നു. "സാരമില്ല വൈശാഖ്‌.. അമ്മയല്ലേ" എങ്ങനെയോ വാക്കുകൾ ഒരുവിധം പറഞ്ഞൊപ്പിച്ച ശേഷം വിതുമ്പിപ്പോയി..നളിനിയിലതൊരു നോവുണർത്തി.ഓടിച്ചെന്ന് മാറോടടുക്കി പിടിച്ചു ആശ്വസിപ്പിക്കാൻ കൊതിച്ചു പോയി.. വൈശാഖിനൊപ്പം നന്ദക്കും ഒരുപാട് വാരിക്കൊടുത്ത കയ്യാണ്.വൈശാഖിനൊപ്പം വിവാഹം നടക്കില്ലെങ്കിലും നന്ദക്കൊരു നല്ല ജീവിതം കിട്ടിയപ്പോളേറെ സന്തോഷിച്ചതും അവരായിരുന്നു..നന്ദന്റെ മരണവും അത്രയേറെ പിടിച്ചു കുലുക്കി. മറ്റൊരു വിവാഹത്തിനു മറ്റുള്ളവരെക്കാൾ കൂടുതൽ നന്ദയിൽ സ്വാധീനം ചെലുത്തിയതും നളിനിയായിരുന്നു..അവൾക്കൊരു നല്ല ജീവിതം മറ്റാരെക്കാളും ആത്മാർത്ഥമായി ആഗ്രഹിച്ചു..എന്നിട്ടും ഒന്നിനും സമ്മതിക്കാതെ നന്ദ അവളുടെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി.. "ഞാനെന്തിനാടാ നിർത്തുന്നത്...കാണിക്കുന്നത് വിളിച്ചു പറഞ്ഞ ഞാനായോ തെറ്റുകാരി.."

നളിനി പിന്നെയും ഓരോന്നും ഉറക്ക് പറഞ്ഞതും സരസ്വതിയുടെ ക്ഷമകെട്ടു.. "നളിനി ഇത്രയും സമയം മിണ്ടാതിരുന്നത് കൂട്ടുകാരിയല്ലേന്ന് ഓർത്തു മാത്രമാണ്.. ഇനിയും ക്ഷമിക്കാൻ കഴിഞ്ഞെന്നു വരില്ല" സരസ്വതിയുടെ വാക്കുകൾ നന്നേ വേദനിപ്പിച്ചു...അത് മറച്ചു പിടിച്ചു പരിഹസിച്ചു. "എങ്കിൽ എന്റെ മോനേ ഇറക്കി വിടാൻ പറയെടീ" "നിങ്ങളുടെ മകനെ ഇവിടെയാരും പിടിച്ചു വെച്ചിട്ടില്ല..വിളിച്ചോണ്ട് ഇറങ്ങിപ്പോകാമോ?" രാമചന്ദ്രൻ ദേഷ്യപ്പെട്ടതോടെ നളിനി വീണ്ടും ഉറക്കെയലറി. "എന്തോന്ന് കാണാൻ നിൽക്കുവാടാ..കൊച്ചിനേയും കൊണ്ടുവാടാ..നിന്നെ വേണ്ടാത്തവൾക്ക് നിന്റെ കൊച്ചിനേയും കൊടുക്കണ്ടാ" മർമ്മത്തിൽ നോക്കിയൊരു അടിയായിരുന്നത്...സഹിക്കാൻ കഴിയാത്ത വേദനയോടെ നന്ദയൊന്ന് പുളഞ്ഞുപോയി. ഭർത്താവിന്റേയും മകളുടേയും മരണശേഷം കുഞ്ഞാറ്റയാണൊരു ആശ്വാസം... അവളെ മനസ്സിലാക്കി ശിൽപ്പ കുഞ്ഞിനെ കൊടുക്കുമയിരുന്നു...കുഞ്ഞാറ്റയും നന്ദയും തമ്മിലൊരു ആത്മബന്ധം ഉടലെടുത്തിരുന്നു... വൈശാഖിനെ ഉപേക്ഷിച്ചു ശിൽപ്പ പോയെന്ന് അറിഞ്ഞതോടെ മോളെ വീട്ടിൽ നിന്ന് എടുത്തുകൊണ്ട് പോന്നു..നളിനിയാണ് കരയുന്ന കുഞ്ഞറ്റയെ അവളെ ഏൽപ്പിച്ചതും... അമ്മയുടെ സംസാരം കേട്ടു വൈശാഖ്‌ മടിച്ചു നിന്നു..നീറുന്ന നന്ദയെ കുഞ്ഞിനെ ഏൽപ്പിച്ചാൽ വലിയൊരു ആശ്വാസമാകുമെന്ന് കരുതി കുഞ്ഞാറ്റയുമായി അവൾക്ക് അരികിലേക്ക് നീങ്ങി..

എല്ലാം ശ്രദ്ധിച്ചു നിന്നിരുന്ന നളിനി ഓടിച്ചെന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചു വാങ്ങി വെളിയിലേക്ക് ഇറങ്ങിപ്പോയി.അപ്രതീക്ഷിതമായ അമ്മയുടെ നീക്കത്തിനു തടയിടാൻ അയാൾക്ക് കഴിഞ്ഞില്ല.വൈശാഖ്‌ വേഗം പുറത്തേക്കിറങ്ങി. "അമ്മേ കുഞ്ഞാറ്റ" നിലവിളിയോടെ അവർക്ക് പിന്നാലെ ഓടാൻ തുടങ്ങിയ നന്ദയെ സരസ്വതി പിടിച്ചു നിർത്തി. "കൊണ്ടു പോകട്ടേ മോളെ..അവരുടെ കുഞ്ഞല്ലേ നമുക്ക് തടയാൻ കഴിയില്ല".. അവർ വേദനയോടെ പറഞ്ഞെങ്കിലും അവൾക്കത് ഉൾക്കൊളളാനായില്ല..ഓടിച്ചെന്ന് അച്ഛനു മുമ്പിൽ നിന്നു.. " ഒന്ന് പറയച്ഛാ കുഞ്ഞാറ്റയെ തരാൻ " മകളിലെ നോവ് അയാളിലേക്കിറങ്ങി.. "മോളേ" മകളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ച രാമചന്ദ്രന്റെ നയനങ്ങളും നിറഞ്ഞൊഴുകി.. മാധവുമായി നല്ല സൗഹൃദമാണ്..അതുപോലെ ആയിരുന്നു നളിനിയും സരസ്വതിയും തമ്മിലുള്ള അടുപ്പം.. അതവരെ ശരിക്കും വേദനിപ്പിച്ചു. 💙💙💙💙💙💙💙💙💙💙💙💙💙💙💙 അകലെ നിന്ന് ഓടിപ്പാഞ്ഞു വരുന്ന നളിനിയെ കണ്ടു മാധവ് ആദ്യമൊന്ന് നടുങ്ങി..കയ്യിൽ കുഞ്ഞാറ്റയും പിന്നാലെ വരുന്ന വൈശാഖിനേയും കണ്ടു ഏകദേശം കാര്യങ്ങൾ പിടികിട്ടി..അയാളെ മിഴികളൊന്ന് കുറുകി. "എന്തിനാടീ കുഞ്ഞിനെ രാവിലെ എടുത്തോണ്ട് വന്നത്..നന്ദമോൾക്ക് സങ്കടമായി കാണില്ലേ" നന്ദയോടുളള വാത്സല്യം മുഴുവനും സ്വരത്തിൽ കലർന്നിരുന്നു..

നോവാണവൾ..ഒറ്റക്ക് ജീവിക്കുന്നതിൽ ഒത്തിരി സങ്കടമുണ്ട്. "ഇതെന്റെ മോന്റെ കുഞ്ഞാ നന്ദയുടെ അല്ല" എടുത്തടിച്ചതു പോലെ മറുപടി നൽകിയട്ട് അവർ കുഞ്ഞാറ്റയുമായി അകത്തേക്ക് കയറി. നളിനിക്ക് പിന്നാലെ വന്ന വൈശാഖ്‌ തളർച്ചയോടെ അച്ഛനു മുമ്പിൽ നിന്നു... "മോനേ" കരയാതെ കരയുന്നവനെ കണ്ടു അയാളുടെ ഹൃദയം നുറുങ്ങി.. "എന്നെയൊന്ന് ചേർത്തു പിടിക്കാമോ അച്ഛാ" തകർന്നവന്റെ നിലവിളി കാതിലേക്ക് ഊർന്നിറങ്ങിയതും മോനേയെന്ന് വിളിച്ചു അവനെ ആലിംഗനം ചെയ്തു.. അച്ഛന്റെ തണലിൽ ഒരു കുഞ്ഞിനെയെന്ന പോലെ വിങ്ങിപ്പൊട്ടി കരഞ്ഞു. നന്ദയുടെ വീട്ടിൽ നടന്നതൊക്കെ അച്ഛനോട് പറഞ്ഞു... മാധവിന്റെ മുഖം വലിഞ്ഞു മുറുകി കൈകൾ തരിച്ചു.. "മോൻ പോയൊന്ന് കിടക്ക്...അച്ഛൻ എല്ലാത്തിനും ഒരു തീരുമാനം എടുക്കാം" മുറിയിലേക്ക് കയറിയ മകനെ വേദനയോടെ നോക്കി നിന്ന ശേഷം നന്ദയുടെ വീട്ടിലേക്ക് പോയി...തകർന്നു അടിഞ്ഞു ഇരിക്കുന്നവരെ കണ്ടതോടെ അയാളും സങ്കടപ്പെട്ടു.. "എനിക്ക് അറിയില്ല രാമചന്ദ്രാ നളിനിക്ക് എന്താ പെട്ടന്നൊരു മാറ്റമെന്ന്‌.നന്ദമോളെ ജീവനായിരുന്നില്ലേ" അതായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചത്..നന്ദയെന്നു വെച്ചാൽ ജീവനായിരുന്ന നളിനിയുടെ മാറ്റം കുറഞ്ഞതൊന്നും അല്ല അമ്പരപ്പിച്ചത്.. "നന്ദൻ മരിച്ചപ്പോഴും നന്ദയോളം നളിനിയാണ് കരഞ്ഞത്...അവൾക്കൊരു പുതിയ ജീവിതം ഏറെ കൊതിച്ചതും അവളാണ്.."

മാധവ് ഓരോന്നും ഓർത്തു പറഞ്ഞു. "നന്ദ മോളെവിടെ" ",മുറിയിലുണ്ടെടാ അവളുടെ അവസ്ഥ കാണാൻ ഞങ്ങൾക്ക് വയ്യെടാ".. സുഹൃത്തിനെ കെട്ടിപ്പിടിച്ചു രാമചന്ദ്രൻ ഉറക്കെ കരഞ്ഞു.. "നീ സങ്കടപ്പെടാതെ എല്ലാം ശരിയാകും..ഞാൻ മോളെയൊന്ന് കാണട്ടെ" കൂട്ടുകാരനെ ആശ്വസിപ്പിച്ചു മാധവ് നന്ദമോളുടെ മുറിയിലേക്ക് കയറി... നന്ദമോൾ നന്ദന്റേയും കുഞ്ഞിന്റേയും ഫോട്ടോയും നോക്കി നിലവിളിക്കുന്നത് ആകെ ഉലച്ചു കളഞ്ഞു...സങ്കടം സഹിക്കാതെ മുറിവിട്ടിറങ്ങി..മാധവ് വന്നതൊന്നും അവളറിഞ്ഞില്ല.. പോയിട്ട് പിന്നെ വരാമെന്ന് പറഞ്ഞു അയാൾ വീട്ടിലേക്ക് നടന്നു.. നളിനിയോടുളള ദേഷ്യമങ്ങനെ ഉള്ളിൽ കിടന്നു തിളച്ചു മറിഞ്ഞു.. കുഞ്ഞാറ്റയുടെ കരച്ചിൽ കൂടി കേട്ടതോടെ അയാളുടെ സമനില തെറ്റി...കിടപ്പുമുറിയിലേക്ക് കലിയോടെ കയറിയതും തരിച്ചു നിന്നു.. കുഞ്ഞാറ്റയെ മാറോട് ചേർത്തു പിടിച്ചു കവിളിൽ ഉമ്മ വെയ്ക്കുന്ന നളിനി..അവളുടെ കണ്ണുകൾ പുഴപോലെ നിറഞ്ഞൊഴുകുന്നുണ്ട്.. "അമ്മൂമ്മയോട് എല്ലാവർക്കും വെറുപ്പായിരിക്കും പൊന്നുമോളെ വെറുത്തോട്ടെ എന്നാലും സാരമില്ല..എന്റെ കുഞ്ഞാറ്റക്ക് നല്ലൊരു അമ്മയേയും നന്ദമോൾക്കൊരു ജീവിതവും ഉണ്ടാകുമല്ലോ?പറഞ്ഞാൽ നിന്റെ അച്ഛനും നന്ദമോളും സമ്മതിക്കില്ല" വന്ന കാര്യം എന്തിനണെന്ന് പോലും മറന്ന് അയാളങ്ങനെ തറഞ്ഞു നിന്നു............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story