നന്ദവൈശാഖം: ഭാഗം 8

nanthavaishakham

A Story by സുധീ മുട്ടം

 "അമ്മൂമ്മയോട് എല്ലാവർക്കും വെറുപ്പായിരിക്കും പൊന്നുമോളെ വെറുത്തോട്ടെ എന്നാലും സാരമില്ല..എന്റെ കുഞ്ഞാറ്റക്ക് നല്ലൊരു അമ്മയേയും നന്ദമോൾക്കൊരു ജീവിതവും ഉണ്ടാകുമല്ലോ?പറഞ്ഞാൽ നിന്റെ അച്ഛനും നന്ദമോളും സമ്മതിക്കില്ല" വന്ന കാര്യം എന്തിനണെന്ന് പോലും മറന്ന് അയാളങ്ങനെ തറഞ്ഞു നിന്നു... വന്ന കാര്യം പോലും മറന്ന് തറഞ്ഞങ്ങനെ കുറച്ചു സമയം നിന്നശേഷം പിന്തിരിഞ്ഞ് നടന്നു.കണ്ണുകളിൽ നിന്നൊരു ഉറവ പൊട്ടിയൊഴുകി തുടങ്ങിയത് കാര്യമാക്കിയില്ല. നളിനിയെ തെറ്റിദ്ധരിച്ച തോർത്ത് മാധവിന്റെ മനസ്സ് വിങ്ങിത്തുടങ്ങി. നന്ദമോളയുടെ തകർന്നുളള കിടപ്പങ്ങനെ നോവായി കിടക്കുവാണ്.ഒപ്പം വൈശാഖ് മോന്റെ തളർച്ചയും..നളിനിയുടെ സങ്കടവും കൂടി കേട്ടതോടെ അയാളിലെ നീറ്റൽ പിന്നെയും ഉണർന്നു.. "നളിനി" വെളിയിലേക്ക് ഇറങ്ങി ഉലാത്തിയട്ടും മനസ്സ് ഒരിടത്ത് നിൽക്കാതെ വീണ്ടും ചാഞ്ചാടി തുടങ്ങിയതോടെ മുറിക്കുള്ളിലെത്തി.. ഭർത്താവിന്റെ വിളികേട്ടൊന്ന് നടുങ്ങി‌.കുഞ്ഞാറ്റ കയ്യിലിരിക്കുന്ന ഓർമ്മ എത്തിയതോടെ കുഞ്ഞിനെ കിടക്കയിലേക്ക് കിടത്തി.ഒലിച്ചിറങ്ങുന്ന മിഴിനീര് ഭർത്താവ് കാണാതെ ഒപ്പിയെടുത്ത ശേഷം മാധവിനു അഭിമുഖമായി തിരിഞ്ഞു. മുഖത്ത് കോപം ഇരച്ചു കയറുന്നതായി അഭിനയിച്ചു. "നിങ്ങൾ ക്ഷേമം തിരക്കാൻ പോയിട്ട് വന്നോ മനുഷ്യാ..അവർ അവിടെ നിന്ന് അടിച്ചിറക്കി വിട്ടോ?"

പരിഹസിച്ചത് മാധവിനെയൊട്ടും വേദനിപ്പിച്ചില്ല.ഇപ്പോൾ അയാൾക്ക് അറിയാം നളിനി എന്തിനു വേണ്ടിയാണ് അഭിനയിക്കുന്നതെന്ന്... പക്ഷേ നളിനി നിന്നു ഉരുകുകയായിരുന്നു..ഒരിക്കലും പോലും ദേഷ്യപ്പെടാതിരുന്ന ആളോട് ഇങ്ങനെയെല്ലാം വേദനിപ്പിക്കുന്നതിൽ വിഷമമുണ്ട്.എല്ലാം നേടണമെങ്കിൽ അഭിനയം തുടർന്നേ മതിയാകൂ.. മാധവ് നളിനിയെ നോക്കി..മുഖത്ത് നല്ലോണം ആശങ്കയുണ്ട്..അതിന്റെ പരിഭവമുണ്ട്. മാധവ് ഒന്നും മിണ്ടാതെ അവർക്ക് അരികിലെത്തിയതും നളിനിയിലൊരു പതർച്ചയുണ്ടായി.കൈ എടുത്തു തോളിൽ വെച്ചതും അവരുടെ ശരീരമാകെ വിറയൽ വ്യാപിച്ചു. "നമുക്ക് വൈശാഖിനെ കൊണ്ട് നന്ദമോളെ വിവാഹം കഴിപ്പിച്ചാലോ?" ഒന്നും അറിയാത്തതു പോലെയായിരുന്നു അയാളുടെ ചോദ്യം..നളിനിയുടെ മുഖം പൊടുന്നനെയൊന്ന് പ്രാകാശിച്ചെങ്കിലും പെട്ടത് അണഞ്ഞു. ഭർത്താവ് തന്നെ കളിയാക്കുകയാണോയെന്നു വരെ സംശയിച്ചു. "അതുശരി നിങ്ങളും അറിഞ്ഞോണ്ടുളള നാടകമായിരുന്നല്ലേ.നല അച്ഛനുമോനും" മുഖം നിറയെ പുച്ഛം വാരി വിതറി..മാധവ് പുഞ്ചിരിയോടെ നോക്കി. "നീയല്ലേടീ പറഞ്ഞത് മോനു ഇഷ്ടമാണെങ്കിലൊരു താലിവാങ്ങി നന്ദമോളുടെ കഴുത്തിൽ ചാർത്താൻ..എന്നിട്ട് ഇപ്പോൾ ആരാടി നാടകം കളിക്കുന്നത്" അയാൾ ഉള്ളിലൊന്ന് ചിരിച്ചു..നളിനിയുടെ ഓരോ ഭാവങ്ങളും ആസ്വദിച്ചു. "ചമ്മണ്ടാ ഭാര്യേ മുമ്പ് പറഞ്ഞതൊക്കെ ഞാൻ കേട്ടു" അവരിലൊരു നടുക്കമുണ്ടായി...

താൻ പറഞ്ഞതെല്ലാം ഭർത്താവ് കേട്ടുവെന്ന് അറിഞ്ഞപ്പോൾ ശരീരമൊന്ന് വിറച്ചു തളർന്നു പോയി.. വീഴാൻ തുടങ്ങിയ നളിനിയെ മാധവിന്റെ കൈകൾ താങ്ങിപ്പിടിച്ചു നെഞ്ചിലേക്ക് ചേർത്തു.അയാളുടെ മാറിൽ മുഖം പൂഴ്ത്തിയവർ പൊട്ടിക്കരഞ്ഞു. ഇതുവരെ അടക്കിപ്പിടിച്ച സങ്കടങ്ങൾ മുഴുവനും അയാളിലേക്ക് ഒഴുക്കി. "ഞാൻ... ഞാൻ.." ഗദ്ഗദത്താൽ നളിനിക്ക് വാക്കുകൾ കിട്ടിയില്ല. "നിന്റെ ഇഷ്ടം ഇതാണെങ്കിൽ ഒരുവാക്ക് പറഞ്ഞാൽ മതിയാകില്ലാരുന്നോ...എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഞാൻ ഇതിനും നിൽക്കില്ലായിരുന്നോ?" "മാധവേട്ടനറിയാലോ നന്ദമോളേയും വൈശാഖ്‌ മോനെയും..അവർ ഒരുമിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചവളാ ഞാൻ.. വിധി അവരെ അകറ്റിയട്ടും അവർക്കൊരു നല്ല ജീവിതത്തിനായേ പ്രാർത്ഥിച്ചിട്ടുള്ളൂ..നന്ദമോളൊരു വേദനായി കണ്മുന്നിൽ നിൽകുമ്പോൾ നമ്മുടെ മോനും തകർന്നു പോയപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല മാധവേട്ടാ..പരസ്പരം അറിയാവുന്നവരും തുല്യ ദുഖിതരും കൂടിയാകുമ്പോൾ ഒരുമിച്ചാൽ അവരുടെ വേദന കുറയുമെന്നേ കരുതിയട്ടുള്ളൂ..എനിക്കറിയാം എന്റെ വാക്കുകൾ മക്കളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന്...പക്ഷേ ഇതല്ലാതെ മറ്റ് വഴിയില്ല മാധവേട്ടാ..എന്നോട് ക്ഷമിക്കണേ" ഇരുപത്തിയൊമ്പത് വർഷം കൂടെ നിഴലായി നിന്നവളുടെ കണ്ണു നിറഞ്ഞപ്പോൾ അയാളുടെ നെഞ്ചൊന്ന് പിടിച്ചു.. ആകെ ഒരു പ്രാവശ്യമേ തല്ലിയട്ടുള്ളൂ...അല്ലാതെ ഒരു അവസരവും നളിനി ഉണ്ടാക്കിയട്ടില്ല.വേദനയോടെ ഓർത്തു.

"സാരമില്ലെടീ നമ്മുടെ മക്കളുടെ നല്ലതിനായിട്ടല്ലേ അവർക്ക് മനസ്സിലാകുമെടീ നിന്നെ" "മാധവേട്ടാ മോനും നന്ദമോളും ഇതൊന്നും അറിയരുത്... എന്നെ വെറുത്തോട്ടെ..അങ്ങനെയെങ്കിലും അവർ ഒരുമിക്കട്ടെ" ഭർത്താവിനോട് അപേക്ഷയായി കൈകൾ ഉയർത്തിപ്പിടിച്ചു...ആ കൂപ്പു കൈകളിൽ അയാൾ ചുണ്ടുകൾ അമർത്തി. "ഞാനായിട്ട് പറയില്ല..പക്ഷേ രാമചന്ദ്രനും സരസ്വതിയും അറിയണം..." അതിനു മറുപടി ഒന്നും നളിനി പറഞ്ഞില്ല.. "നളിനി നീ കരുതും പോലെ മക്കൾ ഒന്നിക്കുമെന്നു കരുതുന്നുണ്ടോ?" "കുഞ്ഞാറ്റയെ നന്ദക്ക് ജീവനാണ് മാധവേട്ടാ..അതാണൊരു പ്രതീക്ഷ. അല്ലാതെ ഒരിക്കലും നന്ദമോൾ മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ല.നന്ദന്റെ മരണശേഷം ഞാനൊന്ന് സൂചിപ്പിച്ചതാ..നന്ദമോൾക്കൊരു ജീവിതം വേണം. വൈശാഖിനും..കുഞ്ഞാറ്റക്ക് അമ്മയും." "നമുക്ക് പതിയെ ആലോചിച്ചു വേണ്ടത് ചെയ്യാം..,നീ ധൈര്യമയിരിക്ക്" നളിനിയെ ചേർത്തു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് അയാൾ പറഞ്ഞു.. 💙💙💙💙💙💙💙💙💙💙💙💙💙💙💙 "വയ്യ നന്ദേട്ടാ ഏട്ടനും മോളും ഇല്ലാത്തൊരു ജീവിതം.. സഹിക്കാൻ കഴിയുന്നില്ല..എനിക്കായി ജീവിച്ച അച്ഛനേയും അമ്മയേയും ഓർത്തിട്ടാ.അല്ലെങ്കിൽ എന്നേ കൂടെ വന്നേനെ" സങ്കടത്തിന്റെ കെട്ടുകൾ ഓരോന്നായി നന്ദന്റെയും മോളുടെയും ഫോട്ടോയിൽ നോക്കി വിതുമ്പുകയായിരുന്നു നന്ദ.. നളിനിയമ്മ ഏൽപ്പിച്ച പ്രഹരങ്ങൾ ഓരോന്നായി ഏൽപ്പിച്ചത് നന്ദയെ തളർത്തി കളഞ്ഞു.

"ഞാനും വൈശാഖും തമ്മിൽ രഹസ്യ ബന്ധമുണ്ടത്രേ.കുഞ്ഞാറ്റയെ കൂടെ കൂട്ടിയതിനാ ഏട്ടാ.എന്നാലും നളിനിയമ്മക്ക് ജീവനായിരുന്നില്ലേ എന്നിട്ടും..." സഹിക്കാൻ കഴിയുന്നില്ല ഓരോന്നും ഓർത്തിട്ട്...നന്ദ തലയിണയിൽ മുഖം അമർത്തി കരഞ്ഞു. രാമചന്ദ്രനും സരസ്വതിയും മോളുടെ സങ്കടം കാണുന്നുണ്ട്. ഒന്നും പറഞ്ഞു ആശ്വസിപ്പിക്കാൻ കഴിയാതെ മിഴിനീരോടെ പരസ്പരം നോക്കി നിന്നു.. പകൽ എരിഞ്ഞൊടുങ്ങി രാത്രിയായി..വൈശാഖ്‌ മുറിവിട്ട് പുറത്ത് ഇറങ്ങിയതേയില്ല.കുഞ്ഞാറ്റയെ നളിനിയും മാധവും നോക്കിയെങ്കിലും ഇടക്കിടെ കരഞ്ഞു. രാത്രി വളർന്നു തുടങ്ങി... നന്ദക്ക് കുഞ്ഞാറ്റയെ കാണാഞ്ഞിട്ട് വിമ്മിട്ടപ്പെട്ടു..ഒടുവിൽ എന്തോ തീരുമാനിച്ചതു പോലെ മുറിവിട്ടിറങ്ങി. "എവിടെ പോകുവാ മോളെ" സരസ്വതി പിന്നാലെ ചെന്നു.. "എനിക്ക് കുഞ്ഞാറ്റയെ കാണണം അമ്മേ" "മോളേ..അതുവേണോ" ആന്തലോടെ അവർ ചോദിച്ചു...

"വേണം അമ്മേ..ഇല്ലെങ്കിൽ നെഞ്ച് പൊട്ടി ഞാൻ ചത്തുപോകും" മകളുടെ മുഖത്തെ സങ്കടം കണ്ടിട്ട് ഒന്നും പറയാൻ തോന്നിയില്ല. "അച്ഛനോടൊന്ന് ഒന്ന് പറഞ്ഞേക്കമ്മേ..ഞാൻ പോയിട്ട് പെട്ടെന്ന് വരാം" അമ്മയുടെ മറുപടിക്ക് കാത്തു നിൽക്കാതെ നന്ദ വേഗമിറങ്ങി..ഓടുകയായിരുന്നു വൈശാഖിന്റെ വീട്ടിലേക്ക്. ഇരുട്ടിലൂടെ ഓടിക്കയറി വരുന്ന നന്ദയെ കണ്ടു മാധവ് ആദ്യമൊന്ന് അമ്പരന്നു... ഒരു പുഞ്ചിരി മാധവിനു സമ്മാനിച്ചു നളിനിയുടെ മുറിയിലേക്ക് ഓടിക്കയറി.. കുഞ്ഞാറ്റ കരയുകയാണ്..കുഞ്ഞിനെ ആശ്വാസിപ്പിക്കാനുളള ശ്രമത്തിലാണ്.. "അമ്മേ" സ്നേഹം നിറഞ്ഞ മൃദുലമായ സ്വരം.. നളിനി കുഞ്ഞാറ്റയുമായി ഞെട്ടിത്തിരിഞ്ഞു നോക്കി .പുഞ്ചിരിയോടെ നിൽക്കുന്ന നന്ദയെ കണ്ടു അവരിലൊരു പതർച്ചയുണ്ടായി.. "നന്ദമോൾ" അവരുടെ ഉള്ളിൽ വാത്സല്യം ഇരമ്പിയത് പുറമേക്ക് കാണിച്ചില്ല. "എനിക്ക് സമ്മതാ അമ്മേ വൈശാഖ്‌ ആയിട്ടുള്ള വിവാഹത്തിന്..." അന്ധാളിച്ചു നിന്നിരുന്ന നളിനിയുടെ നേർക്ക് കുഞ്ഞാറ്റക്കായി അവൾ കൈകൾ നീട്ടിയതും യാന്ത്രികമായി കുഞ്ഞിനെ വെച്ചു കൊടുത്തു.. കുഞ്ഞാറ്റയേയും എടുത്ത് നന്ദ വീട്ടിലേക്ക് പോയി.. അപ്പോഴും നന്ദ നൽകിയ ഷോക്കിൽ നിന്നും അവർ ഉണർന്നിരുന്നില്ല........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story