നവവധു: ഭാഗം 11

navavadhu

A story by സുധീ മുട്ടം

പ്രൊഫസർ എന്തിനാണ് തനിക്ക് അരികിലേക്ക് വരുന്നതെന്ന് അറിയാതെ സാഗര അമ്പരന്നു നിന്നു.വന്നപ്പോൾ ആളുടെ ശ്രദ്ധ തന്നിലാണെന്ന് അവളോർത്തു..ആ നോട്ടം അത്ര പന്തിയല്ലെന്നും.എന്തോ ഒരു ഇഷ്ടക്കുറവ് അനുഭവപ്പെട്ടു. സാഗരയുടെ ഓർമ്മയിലേക്ക് അച്ഛനെ ഹോസ്പിറ്റലിൽ എത്തിച്ച ചെറുപ്പക്കാരന്റെ മുഖമെത്തി..എന്തോ അയാളോട് ഒരു ഇഷ്ടമുളളത് പോലെ.. പുറമേക്ക് പരുക്കനിൽ നിന്നും സൗമ്യതയിലേക്കുളള മാറ്റം എത്ര പെട്ടെന്ന് ആയിരുന്നു.. ഹോസ്പിറ്റലിൽ വെച്ച് പ്രൊപ്പോസ് ചെയ്തത് ശരിക്കും അമ്പരപ്പായിരുന്നു..

മനസ്സിൽ സുഖമുള്ളൊരു മഞ്ഞ് പെയ്യുന്നത് അറിഞ്ഞു. "സാഗരയുടെ വീട് ഇവിടെ അടുത്ത് എവിടെയെങ്കിലും ആണോ?" അവളിലേക്ക് ശ്രദ്ധ പതിപ്പിച്ചായിരുന്നു ചോദ്യം.. "എന്താണ് സാർ" കാര്യമറിയാത്തതിന്റെ അമ്പരപ്പിലായിരുന്നു അവൾ. "ആണോ അല്ലയോന്നു പറയ്" വാക്കുകളിലെ നീരസക്കുറവ് പെട്ടെന്ന് അറിഞ്ഞു. "കുറച്ചു ദൂരമുണ്ട്" "സാറ് കാര്യം പറയൂ" "എനിക്ക് താമസിക്കാനായി ഒരു വാടക വീട് കിട്ടുമോന്ന് അറിയാനായിരുന്നു" എത്രയോ പേരുണ്ട് കോളേജിൽ..ഏതെങ്കിലും പ്രൊഫസർമാരോട് തിരക്കിയാൽ മതിയാകും..

എന്നിട്ടും തന്നോട് തിരക്കിയത് എന്തിനാണെന്ന് ആലോചിച്ചു..അതിന്റെ അർത്ഥവും മനസ്സിലായി. "അവിടെങ്ങും വാടക വീട് അങ്ങനെ ഇല്ല സാർ" "താനാണോ അത് തീരുമാനിക്കുന്നത്?' സാഗയുടെ മറുപടി കേട്ടു അയാൾക്ക് ദേഷ്യം വന്നു. " എന്റെ നാട്ടിലെ കാര്യം എനിക്കല്ലാതെ സാറിനാണോ അറിയാവുന്നത്..ഞാനല്ലല്ലോ അങ്ങോട്ട് വീടിന്റെ കാര്യം ചോദിച്ചു വന്നത് സാറല്ലേ..എന്നിട്ട് കുറ്റം മുഴുവനും എനിക്കായല്ലോ?" വാക്കുകളിൽ കുറച്ചു കടുപ്പം കലർത്തിയാണ് പറഞ്ഞത്.

.അത് അയാൾക്ക് മനസ്സിലായി അവളുടെ നീരസം.. "സോറി..." അങ്ങനെ പറഞ്ഞു അയാൾ തിരിച്ച് നടന്നു. "അങ്ങനെ പറയേണ്ടിയിരുന്നില്ല സാഗ" നടക്കുന്നതിനിടയിൽ ഗൗതമി അവളെ കുറ്റപ്പെടുത്തി. "വേണമെടീ അല്ലെങ്കിൽ പിന്നെ ആളൊരു ശല്യമായി മാറും..ഇതോടെ അയാൾ ഒഴിഞ്ഞു പോകും" ക്ലാസിനിടയിൽ എപ്പോഴും പ്രൊഫസറുടെ കണ്ണുകൾ തന്നിലായിരുന്ന ഓർമ്മയിലാണു അങ്ങനെ മറുപടി കൊടുത്തത്. ഉച്ചഭക്ഷണം കഴിഞ്ഞു ക്ലാസിൽ കയറി... വൈകുന്നേരം വീട്ടിലേക്ക് പോയി..

സാഗര ചെല്ലുമ്പോൾ ഉമ്മറത്ത് അവളെയും പ്രതീക്ഷിച്ചു ശേഖരൻ ഇരിപ്പുണ്ടായിരുന്നു. അച്ഛനോട് കുശലം ചോദിച്ചിട്ടു അകത്തേക്ക് കയറി.. വേഷം മാറ്റി അടുക്കളയിൽ ചെന്ന് ചായയിട്ടു അച്ഛനും കൊടുത്തു. അവളും കുടിച്ചു. എന്നത്തേയും പോലെ വൈകുന്നേരം മേല് കഴുകി വിളക്ക് വെച്ചു..അമ്മയുടെ പട്ടടയിൽ ദീപം വെച്ചു..രാമനാമം ജപിച്ച ശേഷം പഠിക്കാനിരുന്നു.. രാത്രിലെ ഭക്ഷണവും കഴിഞ്ഞു അച്ഛനും മോളും കൂടി പുറത്ത് സംസാരിച്ചിരുന്നു.ശേഖരൻ ഹോസ്പിറ്റലിൽ നിന്ന് വന്നതോടെ അതൊരു പതിവാക്കി..

കോളേജിലെ വിശേഷങ്ങൾ മുഴുവനും അച്ഛനോട് പറയും..നല്ലൊരു ശ്രോതാവായി ശേഖരൻ ഇരിക്കും.. "അച്ഛാ ഇന്നൊരു സംഭവമുണ്ടായി" "എന്താ മോളേ" "ചാക്കോ മാഷ് മാറി പുതിയ ഒരു പ്രൊഫസർ വന്നു..ഒരു ചെറുപ്പക്കാരൻ." "എന്നിട്ട്... " എന്നിട്ടെന്താകാൻ ആള് പഠിപ്പിച്ചിട്ട് പോയി" "അമ്പെടീ ഭയങ്കരീ..ഞാൻ കരുതി വല്യ സംഭവമെന്തോ പറയാൻ വരുവാണെന്ന്" അച്ഛനൊരു ചിരി സമ്മാനിച്ചു എഴുന്നേറ്റു..മറ്റൊന്നും പറയേണ്ടെന്ന് മനസ്സ് ഓർമ്മിപ്പിച്ചു. "വാ അച്ഛാ കിടക്കാം" സാഗര എഴുന്നേറ്റതിനു പിന്നാലെ ശേഖരനും എഴുന്നേറ്റു അകത്തേക്ക് കയറി.

"ശുഭരാത്രി അച്ഛാ" എന്നത്തേയും പോലെ അച്ഛനു വിഷ് ചെയ്തു ഉറങ്ങാനായി പോയി..കിടന്നിട്ട് അന്നത്തെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.. മനസ്സിലേക്ക് അയാളുടെ രൂപം അവൾ പോലും അറിയാതെ കടന്നു വന്നു. അനുവാദമില്ലാതെ മറ്റൊരു മുഖം കൂടി ഓർമ്മയിൽ തെളിഞ്ഞതോടെ മനസ്സാകെ അസ്വാസ്ഥതമായി. "വൈഗേഷ്.. പുതിയ പ്രൊഫസർ... അയാളുടെ പെരുമാറ്റം അത്ര നാന്നായി തോന്നിയില്ല..എന്തോ മനസ്സിനൊരു വല്ലായിക അനുഭവപ്പെടുന്നതായി തോന്നി. ഉറക്കം വരാഞ്ഞിട്ട് സാഗര എഴുന്നേറ്റു ഉമ്മറ വാതിൽ തുറന്നു..

വെളിയിൽ നിന്ന് നേർത്തൊരു മന്ദമാരുതൻ മുഖമാകെ തഴുകി... പൂനിലാ വെളിച്ചം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ഭൂമിയെ ചുംബിച്ചു കൊണ്ടിരിക്കുന്നു...മഞ്ഞിൻ കണങ്ങൾ ഇലത്തുമ്പിലൂടെ ഇറ്റിറ്റു വീഴുന്നത് നിലാ വെളിച്ചത്തിൽ മിന്നി തിളങ്ങി. പുറത്തെ കാഴ്ചകളിൽ കണ്ണോടിച്ചു ഇരിക്കുമ്പോൾ നിദ്ര മിഴികളെ തലോടി.കോട്ടുവായിട്ടവൾ എഴുന്നേറ്റു മുറിയിലേക്ക് പോയി.. വെളുപ്പാൻ കാലത്തൊരു സ്വപ്നം കണ്ടു... അന്നു കണ്ട ചെറുപ്പക്കാരൻ അമ്മയേയും കൂട്ടി വീട്ടിലേക്ക് വരുന്നതായി..

തമ്മിൽ മിഴികൾ കൊരുത്തതോടെ അവളിൽ നാണത്തിന്റെ അലകൾ ഉയർന്നു. " ദേ ഞാൻ പറഞ്ഞ വാക്കു പാലിച്ചിട്ടുണ്ട്" തേൻ മധുരമായൊരു സ്വരം കാതിലേക്ക് വീണു...വീണ്ടും വീണ്ടും സ്നേഹത്തോടെ അയാളെ നോക്കിയതും മിഴികൾ നനഞ്ഞു.. താൻ കരയുകയാണെന്ന് മനസ്സിലായതോടെ സാഗര ഞെട്ടിയുണർന്നു..കണ്ണുകൾ നനഞ്ഞതോടെ കരഞ്ഞെന്ന് ബോദ്ധ്യമായി..തനിക്ക് സംഭവിക്കുന്ന മാറ്റത്തിനൊരു പൊരുൾ തേടി മനസ്സ് അലഞ്ഞു നടന്നു..ഒടുവിൽ ഉത്തരം കിട്ടി..

ഉപബോധ മനസ്സിൽ അന്നു കണ്ട ചെറുപ്പക്കാരൻ ആഴ്ന്നു വേരുറപ്പിച്ചിരിക്കുന്നു.. സാഗര പതിയെ എഴുന്നേറ്റു... നേരം നന്നേ പുലർന്നിരുന്നു...അഴിഞ്ഞു കിടന്ന വാർമുടികൾ വാരിക്കെട്ടി മുഖം കഴുകി അടുക്കളയിലേക്ക് കയറി അച്ഛനു ചായയിട്ടു കൊടുത്തു.. "ഇന്ന് താമസിച്ചു പോയച്ഛാ" "സാരമില്ല മോളേ ക്ഷീണമുണ്ടെങ്കിൽ കിടക്കായിരുന്നില്ലേ" "അതു വേണ്ടച്ഛാ...പിന്നീടതൊരു ശീലമാകും..ഞാൻ കോളേജിലേക്ക് പോകാൻ ഒരുങ്ങട്ടെ" സാഗര വേഗം എല്ലാം തയ്യാറാക്കിയിട്ട് കുളിക്കാൻ കയറി..

പൊതികെട്ടി ബാഗിൽ എടുത്ത് വെച്ചിട്ട് അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി.. ഇന്ന് കുറച്ചു ലേറ്റായി .ബസ് ഇറങ്ങി വേഗം ക്ലാസിലേക്ക് നടന്നു...ഫസ്റ്റ് അവർ ഇന്ന് വൈഗേഷ് ആയിരുന്നു. "എന്താടോ ഇന്ന് ലേറ്റായത്..." അയാളുടെ മുഖം കനത്തിരുന്നു.. "അത്...സർ എഴുന്നേൽക്കാൻ വൈകി" "ഇനിയും എന്റെ ക്ലാസിൽ ലേറ്റായി വരാൻ നിന്നാൽ ഇങ്ങോട്ട് വരണ്ടാ" ഇന്നലെത്തെ രോഷം അയാൾ തീർത്തതാണെന്ന് അവൾക്ക് മനസ്സിലായി. "ശരി സാർ'. അനുവാദം വാങ്ങി സാഗ അകത്തു കയറി...

അന്നും അയാൾ മാന്യമായി അവളെ വായിനോക്കി പഠിപ്പു തുടർന്നു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ഒരാച വേഗത്തിൽ കടന്നു പോയി... ഒരുദിവസം ഞായറാഴ്ച അയലത്തെ വീട്ടിൽ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് ജനാല വഴി എത്തി നോക്കി..പുതിയ വാടകക്കാർ വന്നിരിക്കുന്നു.. കുറച്ചു ദിവസങ്ങളായി വാടക വീട് അടഞ്ഞു കിടക്കുകയായിരുന്നു.. സാഗര വേഗം ഉമ്മറപ്പടിയിലെത്തി...അച്ഛൻ ചാരു കസേരയിൽ ഇരിക്കുന്നത് കണ്ടു.. " പുതിയ താമസക്കാർ വരുന്നൂന്നെ രാമൻകുട്ടി സൂചിപ്പിച്ചിരുന്നു" "ഞാനറിഞ്ഞില്ല അച്ഛാ"..

" ഏതോ കോളേജ് പ്രൊഫസർ ആണത്രേ" കേട്ടതും ഉള്ളൊന്ന് കിടുങ്ങിപ്പോയി...കാറിൽ നിന്ന് ഇറങ്ങിയ ആളെ അവൾ സൂക്ഷിച്ചു നോക്കി.. "പ്രൊഫസർ വൈഗേഷ്... ഒരുനടുക്കമുണ്ടായി...ഇയാൾ കരുതി കൂട്ടിയാണെന്ന് സാഗക്ക് മനസ്സിലായി..അവളെ കണ്ടതും ഒരു പുഞ്ചിരിയോടെ വൈഗേഷ് അങ്ങോട്ടേക്ക് വന്നു... " ഈ ഒഴിയാ ബാധ അത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകില്ലെന്ന് അവളുടെ മനസ്സ് അവളെ ഓർമ്മിപ്പിച്ചു............................തുടരും………

നവവധു : ഭാഗം  10

Share this story