നവവധു: ഭാഗം 26

navavadhu

A story by സുധീ മുട്ടം

"നല്ല മനസ്സാടോ തന്റെ...എന്റെ സിലക്ഷൻ ഒരിക്കലും തെറ്റിയിട്ടില്ല... സച്ചി അഭിമാനത്തോടെ പറഞ്ഞു..സാഗയുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു..എന്തുകൊണ്ട് അമ്പുവിനേക്കാൾ അനുയോജ്യൻ സച്ചിയാണ്..അന്ന് അയാളെ ഒഴിവാക്കി വിട്ടത് എത്രയോ നന്നായി... " വാ നമുക്ക് അങ്ങോട്ടേക്ക് പോകാം" സച്ചിക്ക് പിന്നാലെ അവളും നടന്നു..ഇരുവരും ഒരുമിച്ച് വരുന്നത് കണ്ടു എല്ലാവരുടെയും മനസിലൊരു സന്തോഷമുണ്ടായി.. "സാഗരക്ക് സച്ചി നന്നായി ഇണങ്ങും... " അമ്മേ... "എന്താ മോളേ.. സാഗര വിളിച്ചതോടെ സേതു വിളികേട്ടു.. " അച്ഛാ അതങ്ങ് കൊടുത്തേക്ക്... "ശരി മോളേ... കാ എല്ലാവരും അമ്പരന്നു ഒന്നു... രാമൻ കുട്ടിക്ക് കാര്യം എന്താണെന്ന് മനസ്സിലായി.. " അമ്മ ഒന്ന് എഴുന്നേറ്റു നിൽക്കൂ... ഒന്നും മനസ്സിലായില്ലെങ്കിലും അവർ എഴുന്നേറ്റു നിന്നു..ശേഖരൻ അവർക്ക് അരികിലേക്ക് നീങ്ങി നിന്നു..

കയ്യിൽ കരുതിയ ചുവപ്പ് സഞ്ചി സേതുവിന്റെ കയ്യിൽ കൊടുത്തു.. "ഇതണിഞ്ഞു വേണം നാളെ ക്ഷേത്രത്തിലെത്താൻ... അവർ പൊതി അഴിച്ചു നോക്കി..കുറെയേറെ സ്വർണ്ണാഭരണങ്ങൾ.. " എന്തിനാ ശേഖരേട്ടാ എനിക്ക് ഇതെല്ലാം.. മോൾക്ക് കൊടുത്തേക്ക്... സ്വരമൊന്ന് ഇടറി... പിന്നെ മിഴിനീരു പൊഴിച്ചു...സന്തോഷത്തോടെ... "മോളായിട്ട് തരണതാ എന്റെ അമ്മക്ക്... പറയുമ്പോൾ മിഴികൾ നിറഞ്ഞിട്ടും സാഗര പുഞ്ചിരിച്ചു.. " എന്റെ അമ്മ സുന്ദരിയായി വേണം വരാൻ... അവളമ്മയെ കെട്ടിപ്പിടിച്ചു... നെറ്റിയിൽ മുത്തി.. "എന്റെ അമ്മയാ...എന്റെ സ്വന്തം അമ്മ..എനിക്ക് കിട്ടിയ പുണ്യം.... സേതുലലക്ഷ്മി സന്തോഷത്തോടെ അവളെ അണച്ചു പിടിച്ചു...

" ഇതുപോലൊരു മകളുടെ അമ്മയാകാൻ കഴിയുകയെന്നതൊരു സൗഭാഗ്യമാണ്.... ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചു.. നിറഞ്ഞ മനസ്സോടെ... "എങ്കിൽ രാത്രിയിൽ യാത്ര പറച്ചിലില്ല...രാവിലെ അമ്പലത്തിൽ വെച്ചു കാണാം... രാമൻകുട്ടി എഴുന്നേറ്റു.. ഒപ്പം ശേഖരനും സാഗരയും... അവൾ സച്ചിയോടെ കണ്ണുകളാൽ യാത്ര ചോദിച്ചു.... പത്തുമണി കഴിഞ്ഞാണു വീട്ടിലെത്തിയത്..രാമൻകുട്ടി പോയതോടെ കുളി കഴിഞ്ഞു അത്താഴം കഴിച്ചു അവർ ഉറങ്ങി.... അടുത്ത ദിവസം രാവിലെ പതിവ് സമയത്ത് അലാറാം ഇട്ടത് പോലെ സാഗര എഴുന്നേറ്റു... കുളി കഴിഞ്ഞു അച്ഛനെ വിളിച്ചുണർത്തി.. " പോയി കുളിച്ചിട്ട് വാ അച്ഛാം..ഒരുമിച്ച് ക്ഷേത്രത്തിൽ പോയി തൊഴുത് വരാം" ശേഖരൻ എഴുന്നേറ്റു കുളിക്കാനായി പോയി..തിരികെ വന്നപ്പോഴേക്കും അവൾ ഒരുങ്ങി കഴിഞ്ഞു...

അയാൾ മുണ്ടും ഷർട്ടും ധരിച്ച് എത്തിയതോടെ അവർ ക്ഷേത്രത്തിലേക്ക് പോയി... "കാത്ത് രക്ഷിക്കണേ..എല്ലാം ശുഭമാക്കി തരണേ... മനസ്സ് നിറഞ്ഞു അവൾ പ്രാർത്ഥിച്ചതോടെ ഉള്ളിലൊരു തണുപ്പ് നിറഞ്ഞു...ശ്രീകോവിലിനു മൂന്ന് വലത്തിട്ട് പുറത്തേക്കിറങ്ങി ഒരിക്കൽ കൂടി തിരിഞ്ഞു നിന്നു നെഞ്ചിലേക്ക് കൈ ചേർത്ത ശേഷം വീട്ടിലേക്ക് നടന്നു.. പ്രഭാതമായി വരുന്നതേയുള്ളൂ...പരിചിതമായ മുഖങ്ങളെ പുഞ്ചിരിയാൽ നേരിട്ടു.. ഏഴര കഴിഞ്ഞതോടെ വീട്ടിലേക്ക് ആളുകളുടെ വരവ് തുടങ്ങി... രാമൻകുട്ടി രാവിലത്തേക്കുളള ഇഡ്ഡിലിയും സാമ്പാറും കാറ്ററിങ്ങുകാരെ ഏൽപ്പിച്ചിരുന്നു..കൃത്യസമയത്ത് അവരത് എത്തിച്ചു... ഒമ്പത് മണി കഴിഞ്ഞപ്പോഴേക്കും നാട് മുഴുവനും ഒരുങ്ങി വന്നു...

" ഞങ്ങളുടെ സാഗര കൊച്ചിന്റെ അമ്മയെ കൊണ്ട് വരുന്നതിനു ഗ്രാമം മുഴുവനും ഒരുങ്ങിയട്ടുണ്ട് ശേഖരാ...രണ്ടാം വിവാഹം എന്നാൽ ആരെയും അറിയിക്കാതെ നടത്തുന്ന വിവാഹം അല്ലെന്ന് മോളു തെളിയിച്ചു.. നമ്മൾ ആഘോഷ പൂർവ്വമായി ഇതങ്ങ് നടത്തുവാ..ചെവിനെ ഓർത്ത് താൻ വിഷമിക്കേണ്ടാ..അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം.. ഒരുഗ്രാമം മുഴുവനും തങ്ങളെ സ്നേഹിക്കുന്നുവെന്ന തിരിച്ചറിവിൽ ശേഖരന്റെ കണ്ണുകൾ നിറഞ്ഞു.. വിളിക്കാത്തവർ പോലുമുണ്ട് വിവാഹത്തിന്.. അപരിചിതമായ പല മുഖങ്ങളും കണ്ടു..പക്ഷേ അവർക്കൊക്കെ ശേഖരനും മകളും പരിചയക്കാരായിരുന്നു... "എല്ലാം എന്റെ അച്ഛന്റേയും അമ്മയുടേയും ഭാഗ്യമാ...

സന്തോഷത്തോടെ സാഗര അശ്രുകണങ്ങൾ പൊഴിച്ചു... ഗ്രാമവാസികൾ അവരുടെ ചിലവിൽ വാഹനങ്ങൾ വിളിച്ചിരുന്നു... പത്തുമണിയോടെ എല്ലാവരും വിവാഹം നടക്കുന്ന ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു... ഒരുഗ്രാമം മുഴുവനും ഒരുമിച്ച് വിവാഹത്തിൽ പങ്കെടുക്കുന്നു...അതും രണ്ടാം വിവാഹം.. കേട്ടവർക്ക് പലർക്കും അത്ഭുതമായി...വിവാഹം സെൻസേഷണൽ ന്യൂസായി വാർത്താ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ അയൽ നാടുകളിൽ നിന്നുള്ളവരെ വിവാഹത്തിൽ പങ്കു കൂടാനെത്തി.... " വിവാഹത്തേക്കാൾ സാഗര എന്ന മകളെ കാണണം എല്ലാവർക്കും... അച്ഛന്റേയും അമ്മയുടേയും വിവാഹം നടത്താനായി മുൻ കയ്യെടുത്ത രാജകുമാരിയെ എല്ലാവരും അഭിമാനത്തോടെ നോക്കി കണ്ടു.. "പെണ്ണായാൽ,,,മക്കളായാൽ സാഗരയെ പോലെയാകണം...ഓരോ മാതാപിതാക്കളും സഹോദരങ്ങളും മനസ്സാൽ ആഗ്രഹിച്ചു...

സേതുലക്ഷമിയിൽ ആദ്യമൊരു അങ്കലാപ്പ് നിറഞ്ഞു..വലിയൊരു ജനസമുദ്രം സാക്ഷിയാണ് വിവാഹത്തിന്... അതിന്റെ പതർച്ച നന്നായിട്ടുണ്ട്.. " അമ്മ ഒട്ടും ആശങ്കപ്പെടരുത്.എല്ലാവരും നമ്മളെ സ്നേഹിക്കുന്നവരാ...അനുഗ്രഹിക്കാൻ വന്നവരാ‌.. അമ്മക്ക് അവൾ ധൈര്യം പകർന്നു നൽകി...അതോടെ സേതുവിനു ആത്മവിശ്വാസമായി.... പതിനൊന്ന് മണി കഴിഞ്ഞതോടെ ശുഭമുഹൂർത്തം ആരംഭിച്ചു... നാദസ്വര മേളം മുഴങ്ങി.... പൂജിച്ച താലി പൂജാരി ശേഖരനെ ഏൽപ്പിച്ചു... "സമയമായി.... ശേഖരൻ താലി ചാർത്താനൊരുങ്ങി...സേതു തല കുനിച്ചതോടെ താലി കെട്ടി..ഒരുനുള്ള് സിന്ദൂരം എടുത്തു നിറുകയിൽ ചാർത്തി കൊടുത്തതോടെ അവർ വീണ്ടും സുമംഗലിയായി...

കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു തുളുമ്പി.. അച്ഛൻ അമ്മയുടെ കഴുത്തിൽ താലി കെട്ടുന്നത് സാഗര സന്തോഷത്തോടെ നോക്കി നിന്നു... ഇപ്പോൾ അമ്മ സ്വന്തമായി കഴിഞ്ഞിരിക്കുന്നു... അമ്മയെ കെട്ടിപ്പിടിച്ചു അഭിമാനത്തോടെ മനസ്സിൽ ഉറക്കെ പറഞ്ഞു.. " എനിക്കെന്റെ അമ്മയെ കിട്ടിയേ... കണ്ണുകൾ സച്ചിയിൽ ചെന്നു തറഞ്ഞു...തളള വിരൽ മുകളിലേയ്ക്ക് ഉയർത്തി അവൻ സന്തോഷം അറിയിച്ചു... വിവാഹ ചടങ്ങുകൾ കഴിഞ്ഞതോടെ ഗ്രാമവാസികളുടെ വക അടിപൊളി സദ്യയും കഴിച്ചു വീട്ടിലേക്ക് മടങ്ങി... രാമൻകുട്ടി ആയിരുന്നു എല്ലാത്തിനും മുമ്പിൽ നിന്നത്.. അമ്മക്കും അച്ഛനും ഒപ്പം കൊതി തീരുവോളം ഫോട്ടോ എടുത്തു...

വീഡിയോക്കും പോസ് ചെയ്തു... ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് ആയിരുന്നു വീട്ടിലേക്ക് കയറേണ്ടത്...സാഗര ഏഴു തിരിയിട്ട് നിലവിളക്ക് കൊളുത്തി അമ്മയെ ഏൽപ്പിച്ചു... "ഇനി ഈ വീടിന്റെ വിളക്ക് എന്റെ അമ്മയാ ട്ടൊ... സന്തോഷത്താൽ ഇരുവരുടെയും കണ്ണുകൾ തിളങ്ങി... ശേഖരന്റെ ഭാര്യയായി,സാഗമോളുടെ അമ്മയായി നിലവിളക്കും പിടിച്ചു സേതുലക്ഷ്മി ആ വീടിന്റെ പടികൾ വലതുകാൽ വെച്ചു കയറി......................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story