നവവധു: ഭാഗം 3

navavadhu

A story by സുധീ മുട്ടം

(ഒന്നാം ഭാഗം ഒന്നും രണ്ടും ഒരുമിച്ചായിരുന്നു പോസ്റ്റ് ചെയ്തത്)

ബസ് ഇറങ്ങി വാകപൂത്ത വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോൾ മനസ്സ് സന്തോഷത്താൽ തുടികൊട്ടി ഉണർന്നു.പ്രതികാരം ചെയ്തതിന്റെ സംതൃപ്തി ചുണ്ടിൽ വിരിഞ്ഞിരുന്നു. "എടോ തന്നെ എനിക്ക് ഇഷ്ടമാണ്. കുറെ നാളായില്ലേ പിറകെ ഇങ്ങനെ നടക്കുന്നത്. ഒരു റിപ്ലൈ എങ്കിലും താടോ" സാഗരയുടെ ഓർമ്മകൾ കുറെ വർഷം പിന്നിലേക്ക് പോയി. "വഴിയിൽ നിന്നും മാറി നിൽക്ക്.എനിക്ക് ക്ലാസിനു പോകണം" മാർഗ്ഗ തടസ്സമായി നിന്നിരുന്ന അമ്പുവിനു നേർക്ക് മുഖം കടുപ്പിച്ചു. "ഇല്ല എനിക്കൊരു മറുപടി കിട്ടാതെ മടങ്ങിപ്പോക്കില്ല.എത്ര നാളായിട്ട് നടക്കുവാ." അവനിൽ നിരാശ നിറഞ്ഞിരുന്നു..

മുഖമാകെ ദയനീയമായി. സാഗര മിഴികൾ അവനിലേക്ക് ഉറപ്പിച്ചു.. അവളോടുളള അടങ്ങാത്ത പ്രണയത്തിന്റെ തീവ്രത അമ്പുവിന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ടു.അനുരാഗത്തിന്റെ തീക്ഷണമായ ജ്വാലയിലാ മുഖം ചുവന്ന് തുടുത്തു. അയാളെ മറികടന്ന് പോകാനുളള ശ്രമവും പരാജയപ്പെട്ടതോടെ സ്വരം അൽപ്പം മയപ്പെടുത്തി. "അമ്പുവേട്ടാ പ്ലീസ്..ക്ഷേത്രത്തിൽ വരുന്നവരും പോകുന്നവരും ശ്രദ്ധിക്കുന്നുണ്ട്" ചൂറ്റും മിഴികളോടിച്ചു..പരിചിതമായ പല മുഖങ്ങളും തങ്ങളിലേക്കാണെന്ന് മനസ്സിലായി. "എനിക്ക് സാഗരയുടെ ഒരു റിപ്ലൈ കിട്ടിയാൽ മതി.. യെസ് ഓർ നോ ഏതാണെങ്കിലും സാരമില്ല" "വീട്ടിൽ വന്നു അച്ഛനോട് ചോദിക്കൂ..

എനിക്കായി മാത്രമൊരു തീരുമാനം ഇതിലില്ല." മിഴികൾ താഴ്ത്തിപ്പിടിച്ചവൾ പറഞ്ഞു. "സാഗരയുടെ മറുപടി അറിഞ്ഞിട്ട് വേണം വീട്ടുകാരെയും കൂട്ടി വീട്ടിൽ വരാൻ" അവനിലൊരു പുഞ്ചിരി തെളിഞ്ഞു... ആശ്വാസത്തിന്റെ.. സാഗരക്ക് മറുപടി എന്ത് നൽകണമെന്ന് ആലോചിച്ചു.. കുറെ ചെറുപ്പക്കാരൊക്കെ പിന്നാലെ നടന്നു കാലു കഴിച്ചതോടെ പണിയും നിർത്തി പോയി.അമ്പുവേട്ടൻ മാത്രം പത്താം ക്ലാസ് മുതലുള്ള നടപ്പ് നിർത്തിയട്ടില്ല.എവിടെ പോയാലും കുറച്ചകലമിട്ട് പിന്നാലെ ഉണ്ടാകും.. ആത്മാർത്ഥമായിട്ടാകണം നടപ്പ് നിർത്താത്തത്..തന്റെയും ഉള്ളിലൊരു ചെറിയ ഇഷ്ടമുണ്ട്.ഇല്ലെന്ന് പറഞ്ഞാലത് കളവാകും..

എല്ലാവരും പരാജയപ്പെട്ടിടത്ത് അമ്പുവേട്ടൻ പിന്നെയും പ്രതീക്ഷയോടെ നടപ്പ് തുടർന്നു....സാഗര ഓരോന്നും ഓർമ്മിച്ചെടുത്തു.. താൻ നടക്കുന്ന വഴികളിൽ,സ്കൂളിലേക്കും കോളേജിലേക്കും പോകുമ്പോഴും വരുമ്പോഴും ,അങ്ങനെയെല്ലാം ആളുടെ സാന്നിധ്യം ഉണ്ടായിരുന്നു. "എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല അമ്പുവേട്ടാ" ചെറിയ ഒരു നാണത്തോടെ മൊഴിഞ്ഞതും അമ്പുവിന്റെ മുഖം പൂർണ്ണ ചന്ദ്രനായി പുഞ്ചിരി പൊഴിച്ചു. "സത്യമാണല്ലോ?" വിശ്വാസം വരാനായി ഒരിക്കൽ കൂടി ചോദിച്ചു.. "അതേ..പക്ഷേ എനിക്കെന്റെ അച്ഛനെ മറന്നൊരു ജീവിതമില്ല.അമ്മ ഇല്ലാഞ്ഞിട്ടും എനിക്കായി ജീവിച്ച ആളാണ്" സ്വരം അൽപ്പമൊന്ന് ഇടറിപ്പോയി...

മിഴികളിൽ നനവും പടർന്നു.. "എനിക്ക് മനസ്സിലാകും തന്നെ" അമ്പുവിന്റെ മറുപടി അവളെ കൂടുതൽ സന്തോഷിപ്പിച്ചു.. സാഗരക്ക് ആശ്വാസം അനുഭവപ്പെട്ടു.. "ഞാൻ വീട്ടിൽ വന്ന് ആലോചിക്കും ഇപ്പോഴല്ല കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞിട്ട്..ഇളയത് രണ്ടു അനിയത്തിമാരാണ്.അവരെയൊരു കരക്ക് എത്തിച്ചിട്ട് വിവാഹം നടത്തണം..പുരയൊന്ന് പുതുക്കി പണിയണം.അതുവരെ എനിക്കായി കാത്തിരിക്കണം.മറ്റൊരാൾ നേരത്തെ അവകാശം പറഞ്ഞുറപ്പിക്കാതിരിക്കാനാ പിന്നാലെ ഇത്രയും നാളും നടന്നത്" അവനിൽ നിന്നും അടർന്നു വീണ വാക്കുകൾ കേട്ടതോടെ മനസ്സ് നിറഞ്ഞു..

ഇത്രയേറെ കടപ്പാടും സ്നേഹവും പുലർത്തുന്നയാളെ വിട്ടു കളയാൻ മനസ്സ് അനുവദിച്ചില്ല. അതൊരു തുടക്കം മാത്രമായിരുന്നു.. പിന്നീട് പലപ്പോഴുമുളള കണ്ടുമുട്ടലിലൂടെ ഹൃദയങ്ങൾ പരസ്പരം പങ്കുവെച്ചു. ഇടവഴികളിലും അരയാൽ ചുവട്ടിലുമായി അവരുടെ പ്രണയം വളർന്നു. "സ്ത്രീ തന്നെയാടോ ധനം...ലക്ഷ്മി ദേവി..ശരിക്കും ആൺ ധനം പെണ്ണിന്റെ വീട്ടുകാർക്ക് കൊടുത്തിട്ട് വിവാഹം നടത്തണം" ഒരിക്കൽ കൃഷ്ണ ക്ഷേത്രത്തിൽ ദീപാരാധന തൊഴുത് ഇറങ്ങുമ്പോൾ അരയാൽ ചുവട്ടിൽ സാഗരയെ കാത്തു അമ്പു ഇരിപ്പുണ്ടായിരുന്നു...അവൾ അവനു അരികിലെത്തിയതും മനസ്സ് തുറന്നു. "ശരിയാ അമ്പുവേട്ടാ..

പെണ്ണിന്റെ വീട്ടുകാർക്ക് വിവാഹമെന്ന് പറയുന്നത് ഭാരിച്ച ചെലവാണ്.ഏട്ടനെ പോലെ മനസ്സിൽ നന്മയുളളവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ" അതിനൊരു പുഞ്ചിരി ആയിരുന്നു മറുപടി.. "നേരം വൈകിയില്ലേ ഞാൻ കൊണ്ടാക്കാം" കരങ്ങളെ അവന്റെ വിരലുകൾ കവർന്നിട്ടും എതിർത്തില്ല..കൂടെ ചേർന്നു അഭിമാനത്തോടെ നടന്നു.. വീടിനു മുന്നിലെത്തി കുറച്ചു സമയം കൂടി സംസാരിച്ചു നിന്നു..മടങ്ങാൻ നേരം കയ്യിലൊരു പിടി വീണു. "ഒരു ഉമ്മ തന്നിട്ട് പൊയ്ക്കൂടെ" "അതൊക്കെ വിവാഹം കഴിഞ്ഞു മതി" ചിരിയോടെ പറഞ്ഞതും അവന്റെ മുഖമൊന്ന് വാടി. "സ്നേഹിക്കുന്നവർ പരസ്പരം ചുംബിച്ചെന്നു കരുതി ആകാശം ഇടിഞ്ഞു വീഴില്ല"

പരിഭവത്തോടെ നിന്നവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തൊരു ഉമ്മ നൽകിയട്ട് വീട്ടിലേക്ക് ഓടിക്കയറി. തെല്ലൊരു നാണത്തോടെ... തന്നത് തിരിച്ചു തരേണ്ടേ എന്നു പറഞ്ഞു അപ്രതീക്ഷിതമായി ഒരിക്കൽ ആളൊന്ന് ചുംബിച്ചതും ഒരു കോരിത്തരിപ്പ് ഉള്ളിലുണ്ടാായി... ഒരിക്കൽ ശരീരത്ത് വികൃതി കാട്ടാനൊരുങ്ങിയതും ശ്വാസിച്ചു നിർത്തി...കുറച്ചവൻ പരിഭ്രമിച്ചെങ്കിലും അതിനു വഴങ്ങിയാലത് തുടർന്നു കൊണ്ടേ ഇരിക്കുമെന്ന് മനസ്സ് വിലക്കി.. വർഷങ്ങൾ പിന്നെയും ഓടി മറഞ്ഞു...അമ്പുവിനൊരു ജോലി ലഭിച്ചതോടെ കുടുംബം കരകയറി..അനിയത്തിമാരെ നല്ല നിലയിൽ പറഞ്ഞയപ്പിച്ചു. "ഇനി നമ്മുടെ ജീവിതത്തിനൊരു തീരുമാനം ആണ്..

നാളെ വീട്ടിലേക്ക് വരുന്നുണ്ട്" എന്ന് അമ്പു അറിയിച്ചതോടെ കോരിത്തരിച്ചു പോയി...വർഷങ്ങളായുളള പ്രണയം സഫലമാകാൻ പോകുന്നു...സാഗരയുടെ മിഴികൾ സജ്ജലമായൊഴുകി... പിറ്റേന്ന് രാവിലെ അമ്പു വീട്ടുകാരെയും കൂട്ടിയെത്തി..അച്ഛനോടവൾ അമ്പുവിനെ കുറിച്ചു പറഞ്ഞിരുന്നു. ശേഖരനും അയാളെ ഇഷ്ടമായി.. ചായ കുടി കഴിഞ്ഞു അമ്പുവിന്റെ അച്ഛൻ സംസാരത്തിനു തുടക്കമിട്ടു... "പെണ്ണും ചെറുക്കനും ഇഷ്ടമായതിനാൽ കൂടുതൽ സംസാരിക്കാനൊന്നും ഇല്ല..

നമുക്ക് കാര്യങ്ങൾക്കൊരു നീക്കുപോക്ക് ഉണ്ടാക്കണം" അയാൾ അർത്ഥഗർഭമായി ഭാര്യയെ നോക്കി..ബാക്കി അവരാണ് സംസാരിച്ചത്... "അമ്പുവിന്റെ ഇപ്പോഴത്തെ നിലക്കും വിലക്കും അനുസരിച്ച് നല്ല ജോലിയുളള പെണ്ണിനെയും സ്ത്രീധനവും കിട്ടും" അതുവരെ സന്തോഷത്തോടെ നിന്നിരുന്ന സാഗര ഞെട്ടലോടെ അവരെ തുറിച്ചു നോക്കി. "ഇളയ രണ്ടു പേരെയും വിവാഹം കഴിപ്പിച്ച് വിട്ടു...അവർക്കും ജോലിയുളള ഭർത്താക്കന്മാരാ.നല്ല സാമ്പത്തികവും തറവാടും ഉളളവർ...അതുകൊണ്ട് അമ്പുവിനും തെറ്റില്ലാത്ത രീതിയിൽ സ്ത്രീധനം കിട്ടണം..കൂടുതൽ ഒന്നും ആവശ്യമില്ല പത്ത് ലക്ഷ്യം രൂപയും അമ്പത്തിഒന്ന് പവന്റെ സ്വർണ്ണമെങ്കിലും കിട്ടണം"

ശേഖരനിലൊരു ഞെട്ടലുണ്ടായി...അത് സാഗരയിലേക്കും പടർന്നു കയറി. മിഴികൾ നിറച്ചവൾ അമ്പുവിനെ നോക്കി...ഇതൊന്നും തന്നെ ബാധിക്കുന്നതല്ല രീതിയിൽ ആയിരുന്നു.. അയാൾ അവളെ ശ്രദ്ധിച്ചതേയില്ല. "എനിക്ക് ഇതിൽ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല... അച്ഛനും അമ്മയും പറയും പോലെയുള്ള എന്റെ തീരുമാനം" ആർത്തൊന്നു കരയണമെന്നുണ്ടായി അവൾക്ക്...അതിനും കഴിയാതെ നിശ്ചലയായി നിന്നവൾ...കണ്ണുകൾ നിറച്ച്......................തുടരും………

നവവധു : ഭാഗം  1&2

Share this story