നവവധു: ഭാഗം 32

navavadhu

A story by സുധീ മുട്ടം

ദിവസങ്ങൾ അതിവേഗം കടന്നു പോയി.. അമ്മയില്ലാത്തതിന്റെ കുറവുകൾ സേതുലലക്ഷ്മി നികത്തി എടുത്തു...തിരിച്ചും അമ്മയോടും മകളെന്നെ നീതിയവൾ പുലർത്തി... "എക്സാം അടുത്തു വരികയല്ലേ...സാഗമോളെ സച്ചിക്ക് കൊടുത്തു കൂടെ... സാഗരയുടെ വീട്ടിലേക്ക് ഒരുദിവസം സച്ചിയുടെ അമ്മയെത്തി..സേതുവിനെയും കൂട്ടത്തിൽ സാഗയുടെയും സച്ചിയുടെയും വിവാഹം കൂടി വേഗത്തിലാക്കണമെന്ന് കരുതിയാണ് വന്നത്... " വേവുവോളം കാത്തിരിക്കാമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കന്റെ ഗൗരിയേ" സേതുലലക്ഷ്മി വിടർന്ന പുഞ്ചിരിയോടെ പറഞ്ഞു...

"എനിക്ക് അവളെ കണ്ടതിൽ പിന്നെ വീട്ടിലേക്ക് എത്രയും പെട്ടെന്ന് കൂട്ടണമെന്നായിരുന്നു സേതു ആഗ്രഹം... ഗൗരി തന്റെ മനസ്സ് തുറന്നു.. " അത് ഞങ്ങൾക്ക് അറിയാലോ ന്റെ ഗൗരി.. നിക്ക് ന്റെ മോളെ സ്നേഹിച്ചും കൊഞ്ചിച്ചിട്ടും കൊതി തീർന്നട്ടില്ല" അവളുടെ കണ്ണുകൾ നിറഞ്ഞു.. "സാഗയെ പോലൊരു മോളേയും സേതുവിനെ പോലൊരു അമ്മയേയും ആരാ ആഗ്രഹിക്കാത്തത്..രണ്ടാനമ്മ സ്വന്തം അല്ലാത്തൊരു മകളെയും മകൾ രണ്ടാനമ്മയേയും അത്ര കൂട്ടു സ്നേഹിക്കുന്നത് കാണുമ്പോൾ ചിലർക്കൊക്കെ അസൂയയും കുശുമ്പും ഉണ്ടാകും..ഇതൊക്കെ കഥകളിലും സിനിമയിലും കാണൂന്നായിരിക്കും അവരുടെ വാദം..

എത്രയിടത്ത് ഇതുപോലെ സ്നേഹമായി കഴിയണുണ്ടെന്ന് കുശുമ്പ് പിടിച്ച ഇവറ്റകൾക്ക് അറിയില്ലല്ലോ... " നേരാ ന്റെ ഗൗരി...നേരിട്ടു കണ്ടാലും ചിലർ വിശ്വസിക്കില്ല... "സേതു നീ ഭാഗ്യവതിയാ...നീ അനുഭവിച്ച സങ്കടങ്ങൾക്ക് സാഗമോളെ നിനക്കായി ഈശ്വരൻ അറിഞ്ഞു നൽകിയതാ" "എനിക്കറിയാം ഗൗരി..പഴയതൊന്നും ഇപ്പോൾ ഓർക്കാറില്ല അതാ സത്യം...മോളും ശേഖരേട്ടനും സ്നേഹത്താൽ മൂടുകയാ... സേതുവിൽ അഭിമാനം നിറഞ്ഞു....അവളുടെ സംതൃപ്തി കണ്ണുകളിൽ തെളിഞ്ഞു.. " എങ്കിൽ ഞാനിറങ്ങട്ടെ ഗൗരി...നീ ശേഖരേട്ടനോടൊന്ന് സൂചിപ്പിച്ചേക്ക്" "സാഗ മോൾ വന്നിട്ട് കണ്ടിട്ടു പോകാം..നാലുമണിക്ക് മുമ്പ് മോളെത്തും... "

രാത്രിയാകും വീട്ടിലെത്തുമ്പോൾ..എന്നാലും സാരമില്ല മോളെയും കണ്ടിട്ടു പോകാം... അവരങ്ങനെ സംസാരിച്ച് ഇരിക്കുമ്പോഴേക്കും പടി കടന്ന് സാഗരയെത്തി...അവളെ കണ്ടു ഗൗരി പുഞ്ചിരിച്ചു... "അമ്മ എപ്പോഴെത്തി... സാഗര അവരുടെ അരികിലേക്ക് ചെന്നു.. " കുറച്ചു സമയമായി... മോളെ കാണാനായി നിന്നതാ" അവൾ വിടർന്നൊന്നു പുഞ്ചിരിച്ചു.. "സച്ചി ഏട്ടൻ വന്നില്ലേ.. " അവനു ജോലി തിരക്കല്ലേ മോളെ... സാഗരക്ക് അറിയാം സച്ചിയുടെ തിരക്ക്..ഫോൺ വിളിച്ചു ശല്യപ്പെടുത്താറില്ല..ആൾ ഫ്രീ ആകുമ്പോൾ വിളിക്കുമെന്ന് അറിയാം.. "അനിയൻ സച്ചു ..." "അവനും ജോലി തിരക്കിലാ..അമ്മ വീട്ടിൽ ഒറ്റക്കാ..മോളെ എത്രയും പെട്ടെന്ന് കൂട്ടണമെന്നാ ആഗ്രഹം...

സാഗരയുടെ മുഖം പെട്ടെന്ന് മങ്ങിപ്പോയി....സച്ചിയുടെ കൂടെ വിവാഹം കഴിഞ്ഞു പോകുമ്പോൾ അച്ഛന്റേയും അമ്മയുടേയും അഭാവം അലട്ടുമെന്നൊരു ചിന്ത എപ്പോഴും അവളുടെ മനസ്സിലുണ്ട്... ഒരിക്കൽ സച്ചിയോടത് അവൾ സൂചിപ്പിച്ചിരുന്നു... " അതിനൊക്കെ വഴിയുണ്ട് സാഗ വിഷമിക്കാതെ... "എന്തുവഴി.... " മാസത്തിൽ പതിനഞ്ച് ദിവസം എന്റെ വീട്ടിൽ തങ്ങാം...അതേ സമയം അച്ഛനും അമ്മയും കൂടി അമ്മയുടെ വീട്ടിലേക്കോ നമ്മുടെ വീട്ടിലേക്കോ വരട്ടെ..ബാക്കി പതിനഞ്ച് ദിവസം നമുക്ക് അവിടെയും താമസിക്കാം... സച്ചിയുടെ വാക്കുകൾ അവൾക്ക് മൃതസഞ്ജീവനി ആയിരുന്നു... സച്ചിയെ പോലൊരു മരുമകനെ ഏതൊരു പെണ്ണിന്റെ വീട്ടുകാരും ഇഷ്ടപ്പെടും....

"അമ്മ ചായ കുടിച്ചോ?" "കുടിച്ചു മോളെ...എങ്കിൽ അമ്മ ഇറങ്ങട്ടെ..." ഗൗരി യാത്ര പറഞ്ഞു ഇറങ്ങി... സേതുവും സാഗരയും വഴിവരെ കൂടെച്ചെന്നു... സേതു മോളെയും കൂട്ടി വീട്ടിലേക്ക് കയറി.. അവൾക്കുളള ചായ കൊടുത്തു... "ഞാൻ മേലൊന്നു കഴുകി വരാം അമ്മേ" സാഗര മുറിയിലേക്ക് പോയി ഡ്രസ് എടുത്തു.... വൈകുന്നേരം ആയതോടെ വിളക്കു കൊളുത്തി നാമം ജപിച്ചു...സേതുവും അവൾക്കൊപ്പം കൂടി... സന്ധ്യ കഴിഞ്ഞു ശേഖരനെത്തി..ചെറിയ ഒരു പലചരക്ക് കട തുടങ്ങി.. അമ്മയും മോളും കൂടി ആലോചിച്ചു തീരുമാനം എടുത്തതാണു..അച്ഛൻ വെറുതെ ഇരിക്കുകയാണെന്നൊരു തോന്നലും വേണ്ടാ.. പകൽ സമയം ജോലി കഴിഞ്ഞു സേതു അച്ചാറുകൾ ഉണ്ടാക്കും...

.കോളേജിൽ നിന്നും സാഗരയാണു ഓർഡർ എടുക്കുക... അതും സാഗയുടെ ആശയം ആയിരുന്നു.. സച്ചി അവർക്കായി ഒരു വെബ്സൈറ്റ് ശരിയാക്കി കൊടുത്തു... ഓൺലൈൻ വഴിയും അച്ചാറുകൾക്ക് നല്ല ഡിമാന്റായി..അവധി ദിവസങ്ങളിൽ സാഗരയും അമ്മക്കൊപ്പം കൂടും..പിന്നെ എന്തിനും ഏതിനും കൂടെ നല്ലൊരു സപ്പോർട്ടായി രാമൻകുട്ടിയും കൂടെയുണ്ട് അവർക്കൊപ്പം... ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു... സാഗയുടെ എക്സാം ഡേറ്റ് അടുക്കാറായി....മോളുടെ പഠനത്തിൽ സേതു കൂടുതൽ ശ്രദ്ധ പുലർത്തി... എക്സാമിനു രണ്ടു മൂന്നു ദിവസം മുമ്പേ കോളേജ് വിട്ടു നേരത്തെ സാഗര വീട്ടിലെത്തി... രാമൻകുട്ടിയും അച്ഛനും പൂമുഖത്ത് പതിവില്ലാതെ കണ്ടു...

അവരുടെ മുഖം മ്ലാനമായിരുന്നു... "ഇതെന്ത് പറ്റി.. രണ്ടു കൂടി പതിവില്ലാതെ ഇന്ന് നേരത്തെ...." രാമൻകുട്ടി വിളറിയൊരു പുഞ്ചിരി സമ്മാനിച്ചു.. "എന്തുപറ്റി അച്ഛേ ചിരിക്ക് വോൾട്ടേജ് കുറവാണല്ലോ.... " നിനക്ക് തോന്നണതാടീ... അതൊന്നും അല്ലെന്ന് അവൾക്ക് തോന്നി...ശേഖരനെ നോക്കിയപ്പോൾ അയാൾ മുഖം തിരിച്ച് കളഞ്ഞു...കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി..പിന്നീട് ചോദിക്കാമെന്നു കരുതി അകത്തേക്ക് പോയി... "ശേഖരാ ഒന്നു കൂടി ആലോചിച്ചിട്ടു പോരെ.... ശബ്ദം താഴ്ത്തി രാമൻകുട്ടി ചോദിച്ചു.. " കുറെയേറെ ഞാനും സേതുവും കൂടി ആലോചിച്ചു....എന്നിട്ടാ തീരുമാനം എടുത്തത്... "എന്നാലും ശേഖര..സാഗമോളും കൂടി ഒന്ന് അറിയണ്ടേ...

" എന്തിനാടോ വെറുതെ അവളെ കൂടി വിഷമിപ്പിക്കുന്നത്..രണ്ടാമതും ഞാനൊരു അച്ഛനാകാൻ പോണൂന്ന് അറിഞ്ഞാൽ അവൾക്ക് നാണക്കേടാ..നാട്ടുകാരറിഞ്ഞാൽ അതിലും നാണക്കേട്... "നീ സേതുവിന്റെ അവസ്ഥ കൂടി ആലോചിക്ക് ശേഖരാ...അവർ ആദ്യമായല്ലേ അമ്മ ആകുന്നത്.. " അവൾക്കും നല്ല വിഷമം ഉണ്ട്..എന്താ ചെയ്യാ..വയസ്സുകാലത്ത് മോളെ കൂടി നാണം കെടുത്താൻ വയ്യെന്ന്..അബോർട്ട് ചെയ്യാമെന്ന് ആദ്യം പറഞ്ഞത് അവളാ..ഇല്ലെങ്കിൽ മോൾക്ക് സങ്കടം ആകുമെന്ന്... സേതു പ്രഗ്നന്റ് ആണെന്ന് അറിഞ്ഞതോടെ സേതുവും ശേഖരനും കൂടി ആലോചിച്ച് എടുത്ത തീരുമാനം ആണ് അബോർട്ട്...സാഗര ഒന്നും അറിയരുതെന്ന് തീരുമാനിച്ചു..

അവൾക്ക് നാണക്കേട് ആകുമെന്ന് അവർ ധരിച്ചു.. ശേഖരൻ രാമൻകുട്ടിയോടു മാത്രമേ ഇതിനെ കുറിച്ച് സൂചിപ്പിച്ചുള്ളൂ..അയാൾക്ക് അവരുടെ തീരുമാനത്തെ എതിർപ്പായിരുന്നു.. സാഗര അമ്മയെ കാണാഞ്ഞിട്ട് സേതുവിന്റെ മുറിയിലേക്ക് ചെന്നു... അമ്മ ഒരുങ്ങുന്നത് കണ്ടു..ഇടക്കിടെ മിഴിനീർ ഒലിച്ചിറങ്ങുന്നു...അവളൊന്ന് അമ്പരന്നു... "അമ്മ....കരയുന്നു... ശരിക്കും സങ്കടം വന്നു... " എന്തിനാമ്മേ കരയുന്നത്.. "ഒന്നൂല്ലെടാ കണ്ണാ... അവളെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു.... കവിളിൽ മാറി മാറി ചുംബിച്ചു... " അമ്മേടെ പൊന്നാ എന്റെ മോൾ.. "അതേലൊ..അതിനു അമ്മ എന്തിനാ കരയുന്നത്.. " ഒന്നൂല്ലെടാ സന്തോഷം കൊണ്ടാ...

അച്ഛന്മാരുടെ വാടിയ മുഖവും അമ്മയുടെ കരച്ചിലും തമ്മിൽ എന്തോ ആകെ പൊരുത്തക്കേട് ഉടലെടുത്തു.. "അമ്മ എവിടേക്കാ... " അതു പിന്നെ അച്ഛന്റെ കൂടെ വെളിയിലേക്ക്... അവരുടെ സ്വരമൊന്ന് ഇടറിപ്പോയി... "സേതു.... വെളിയിൽ നിന്ന് ശേഖരന്റെ സ്വരം മുഴങ്ങി.. " ദാ വരണൂ ശേഖരേട്ടാ... "പോയി വരാം മോളെ... അവൾക്ക് മുഖം കൊടുക്കാതെ വെളിയിലേക്ക് നടന്നു...സേതു വരുന്നത് കണ്ടു ശേഖരൻ ധൃതികൂട്ടി...സാഗയിൽ സംശയങ്ങൾ വളർന്നു മല പോലെയായി.. " ഞാനും കൂടെ വരുന്നു അച്ഛനും അമ്മക്കും ഒപ്പം... പിന്നാലെ വന്ന സാഗര ഉറക്കെ പറഞ്ഞു.. മൂവരും ഒരുപോലെ ഞെട്ടിപ്പോയി...

"അച്ഛനും അമ്മയും പോയിട്ട് പെട്ടന്ന് വരാം മോളെ... ശേഖരൻ മുഖം കൊടുക്കാതെ പറഞ്ഞു... " പോകും മുമ്പേ മൂന്നു പേരും അവിടൊന്ന് നിന്നേ... അമ്പരന്നു മകളെ നോക്കി...സാഗയുടെ മിഴികളിൽ തീയാളുന്നത് കണ്ടു... "എന്റെ വാവയെ കൊന്നിട്ട് നിങ്ങൾക്ക് എന്ത് നേടാനാ.... ശേഖരനും സേതുവും രാമൻകുട്ടിയും ഒരുപോലെ നടുങ്ങിപ്പോയി... ജീവനോടെ ചിതയിലെരിഞ്ഞതു പോലെ നിന്നവർ.. പതിയെ പതിയെ അവളുടെ മിഴികൾ നിറഞ്ഞു വന്നു... " ആരും കളളം പറയണ്ടാ...പ്രഗ്നൻസി കിറ്റ് കളളം പറയില്ലല്ലോ.... അവരിലെ നടുക്കം പൂർണ്ണമായി.. എന്താണ് ഒളിപ്പിക്കാൻ ശ്രമിച്ചത് അതവൾ അറിഞ്ഞിരിക്കുന്നു..

. "ഞാൻ എത്രമാത്രം കൊതിച്ചിട്ടുണ്ടെന്ന് അറിയൊ എനിക്കൊരു വാവക്കുട്ടിയെ...എന്നിട്ട് ഇപ്പോൾ അതിനെ കൊല്ലാൻ പോവാല്ലേ... അവൾ ശക്തമായി ഏങ്ങലടിച്ചു കരഞ്ഞതും നിയന്ത്രണം വിട്ടു സേതുലക്ഷ്മി ഓടിച്ചെന്നു മകളെ കെട്ടിപ്പിടിച്ചു അലമുറയിട്ടു... " നിക്ക് നാണക്കേടല്ല..ന്റെ വാവ..നിക്ക് ജീവനാ...ന്റെ വാവയെ എനിക്ക് വേണം അമ്മേ.... സാഗരയുടെ കരച്ചിൽ കേട്ടു രാമൻകുട്ടിയും ശേഖരനും കരഞ്ഞു പോയി.. "ക്ഷമിക്ക് മോളെ അമ്മയോട്... സേതുവിനു വാക്കുകൾ കിട്ടാതെ വന്നതോടെ ശ്വാസം മുട്ടി പിടഞ്ഞു.....................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story