നവവധു: ഭാഗം 4

navavadhu

A story by സുധീ മുട്ടം

"അച്ഛാ അച്ഛിനിങ്ങോട്ട് വന്നേ" മറ്റാരും ശ്രദ്ധിക്കാതെ കയ്യാൽ അച്ഛനെ വിളിച്ചു... ശേഖരൻ പതിയെ എഴുന്നേറ്റു. "ഞാനിപ്പോൾ വരാമേ" അതിഥ്യ മര്യാദയോടെ പറഞ്ഞിട്ട് എഴുന്നേറ്റു... അതിനു മുമ്പേ സാഗര അവിടെ നിന്ന് പോയിരുന്നു. "എന്താ മോളേ" അടുക്കളയിൽ നിറകണ്ണുകളുമായി നിൽക്കുന്ന സാഗരയുടെ അടുത്തെത്തി...മകളുടെ കണ്ണുനീർ അദ്ദേഹത്തെ ആകെ ഉലച്ചു കളഞ്ഞു. "അച്ഛാ എനിക്കീ വിവാഹം വേണ്ടാ" നെഞ്ച് പൊടിയുന്ന വേദനയോടെ പുലമ്പിയവളെ ശേഖരൻ തുറിച്ചു നോക്കി.. വർഷങ്ങളായി ഹൃദയത്തിലേറ്റി നടന്ന പ്രണയം പറിച്ചെറിയുന്ന പ്രാണവേദന അവളിൽ നിഴലിച്ചു.

"എന്താ കുട്ടി നീ പറയണത്..ഇത്രയേറെ വർഷം അച്ഛന്റെ പൊന്നുമോൾ ഇങ്ങനെയൊരു മുഹൂർത്തത്തിനായി കാത്തിരുന്നതല്ലേ" മകളെ അറുവുമാടിനെ പോലെ വിലയിട്ടവരോട് ഉള്ളിൽ കാലുഷ്യം ഉണ്ടായിരുന്നു.. പക്ഷേ ഒരുമഞ്ഞുതുള്ളി പോലെ വിശുദ്ധമായി അവൾ കൊണ്ടു നടന്ന പ്രണയത്തിനായി എല്ലാം സഹിച്ചു.. അമ്മയുടെ കുറവ് അറിയിക്കാതെ വളർത്തിയതാണ്.അങ്ങനെയുള്ള മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനും അദ്ദേഹം തയ്യാറായി. "മോള് അങ്ങനെയൊന്നും കരുതണ്ടാ..എനിക്കുളളതെല്ലാം നിനക്കാണ്.അച്ഛന്റെ മോൾ എതിര് നിൽക്കരുത്..നീ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാ അച്ഛനു ആഗ്രഹം" സന്തോഷം..അമ്പുവേട്ടനോടൊത്ത് ഒരിക്കലും അതുണ്ടാകാൻ പോകുന്നില്ല.

"അച്ഛാ... ഞാൻ.." "അമ്പുവിനെ നിനക്ക് ഇഷ്ടമായതിനാലാ അച്ഛൻ ഇതുവരെ മറ്റൊരു വിവാഹക്കാര്യം സൂചിപ്പിക്കാഞ്ഞത്..എന്റെ മരണത്തിനു മുമ്പേ നീ സുമംഗലിയായി കാണണം മോളേ" "അച്ഛാ..." നിലവിളിച്ചോണ്ട് ഓടി വന്നവൾ അച്ഛനിലേക്ക് ചാഞ്ഞു.. "എന്റെ അച്ഛൻ ഇങ്ങനെയൊന്നും പറയല്ലേ...എനിക്ക് സഹിക്കാൻ കഴിയില്ല" നെഞ്ഞുരുകി പിന്നെയും മിഴിനീരൊഴുക്കി.. ശേഖരന് ഒരു പ്രാവശ്യം അറ്റാക്ക് വന്നതാണ്..അതോടെ അയാൾക്ക് ഭയമായി.മകളുടെ വിവാഹം നടന്നു കാണാനായി ഒരുപാട് ആഗ്രഹിച്ചു.അതേ സമയമാണ് അമ്പു വീട്ടുകാരെയും കൂട്ടി വീട്ടിലേക്ക് വന്നതും..മകളുടെ പ്രണയം അയാൾക്ക് അറിയാമെങ്കിലും സാഗര ഒരിക്കലത് അച്ഛനോട് സൂചിപ്പിച്ചിരുന്നു.

.അച്ഛനും എതിർപ്പില്ലെന്ന് മനസ്സിലായതോടെ അവൾക്ക് സന്തോഷമായി.. സാഗരക്ക് മനസ്സിലായി വിവാഹം മുടക്കാൻ മറ്റൊരു വഴിയും ഇല്ലെന്ന്...മറ്റെന്തെങ്കിലും വഴികൾ ആലോചിക്കണം..ഏത് വഴിയായാലും അച്ഛനു കുറച്ചു സങ്കടം വരും..നിഴലായി കൂടെ നിന്നു അച്ഛനെ രക്ഷിച്ചെടുക്കും...മനസ്സിൽ പറഞ്ഞു ഉറപ്പിച്ചു. "സാരമില്ല അച്ഛാ..അച്ഛനെ ഞാൻ സങ്കടപ്പെടുത്തില്ല" അതോടെ ശേഖരന്റെ മുഖം തെളിഞ്ഞു...അരുമയോടെ സാഗരയുടെ തലയിൽ തലോടി. "അച്ഛനറിയാം ന്റെ കുട്ടിയേ" പകരമൊരു പുഞ്ചിരി അവൾ സമ്മാനിച്ചു... ചടങ്ങ് കഴിഞ്ഞു അമ്പുവേട്ടനെ സൗകര്യം പോലെയൊന്നു കാണണം. ചിലപ്പോൾ തീരുമാനത്തിൽ ഇളവുണ്ടായാലോ.. "ശരി അപ്പോൾ നിങ്ങളുടെ അഭിപ്രായം പോലെ..

." ശേഖരൻ സമ്മതം മൂളിയതോടെ അമ്പുവിന്റെ അമ്മയുടേയും അച്ഛന്റെയും മുഖം പ്രകാശിച്ചു... അമ്പുവും വീട്ടുകാരും പോകും വരെ സാഗര മുറിവിട്ടിറങ്ങിയില്ല.. "അവര് പോയി മോളെ നിന്നെ തിരക്കി" ",വല്ലാത്ത തലവേദന. അതാ അച്ഛാ കിടന്നത്" വാതിക്കൽ വരെ വന്ന അച്ഛനോട് ചെറിയൊരു കളളം പറഞ്ഞു. "മോള് കിടന്നൊന്ന് മയങ്ങിക്കോളൂ" "ശരിയച്ഛാ" അച്ഛൻ പോയതോടെ സാഗര ഓരോന്നും ആലോചിച്ചു കിടന്നു..മനസ്സിനൊരു സമാധാനവും കിട്ടിയില്ല. വൈകുന്നേരം ആയതോടെ കുളിച്ചു വേഷം മാറി..

മുടി പിന്നിലേക്കായി കോതിയിട്ടു..നെറ്റിയിലൊരു ചെറിയ കറുത്ത പൊട്ട് ഒട്ടിച്ചു. "അച്ഛാ ഞാൻ ക്ഷേതത്തിലേക്ക് പോകുവാ" "പോയി വാ മോളെ" അച്ഛന്റെ അനുവാദം ലഭിച്ചതോടെ വേഗം ഇറങ്ങി നടന്നു..അരയാൽ ചുവട്ടിൽ അമ്പു കാണും..അവനുമായി സംസാരിക്കണം.അതായിരുന്നു ലക്ഷ്യം.. ക്ഷേത്രത്തിനു മുന്നിലെ അരായാൽ ചുവട്ടിൽ അമ്പുവിനെ തിരഞ്ഞ കണ്ണുകളിൽ നിരാശയേറി.. "ആൾ ഇന്ന് വന്നട്ടില്ല" നിറഞ്ഞ മിഴികൾ അടക്കിപ്പിടിച്ചു കൃഷ്ണ വിഗ്രഹത്തിനു മുമ്പിലായി അശ്രുകണങ്ങളോടെ നിന്നു...

"എന്തിനാ ഭഗവാനേ പരീക്ഷിക്കുന്നത്...കരുണ കാട്ടണേ" മിഴിനീർ ഭഗവാനുളള നിവേദ്യമായി അർപ്പിച്ചു തൊഴുകൈകളോടെ നിന്നു.. പലരും തൊഴുത് ഇറങ്ങിയട്ടും ദീപാരാധന കഴിഞ്ഞാണു സാഗര ഇറങ്ങിയത്...വീണ്ടും കണ്ണുകൾ അമ്പുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല.. ഇരുളിനു കനമേറിയതോടെ പാടവരമ്പ് ഒഴിവാക്കി റോഡിലൂടെ നടന്നു..അരമണിക്കൂർ നടപ്പുണ്ട്.. വീട്ടിലെത്തുമ്പോൾ അച്ഛൻ നിലവിളക്ക് വെച്ചിട്ടുണ്ട്... തുളസിത്തറയിൽ തൊട്ടു തൊഴുത് നിലവിളക്കിനു നേരെ കൈകൾ കൂപ്പി അകത്തേക്ക് കയറി.

"ഒരുപാട് വൈകിയല്ലോ മോളേ" "ദീപാരാധന കാണാനായി നിന്നതാ അച്ഛാ" അച്ഛനു മറുപടി നൽകി അവൾ അകത്തേക്ക് വലിഞ്ഞു..ഫോണെടുത്ത് അമ്പുവിനെ വിളിച്ചെങ്കിലും എടുത്തില്ല..വീട്ടിൽ പോയി കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.. ദിവസങ്ങൾ എളുപ്പത്തിൽ കൊഴിഞ്ഞു വീണു.... വിവാഹം വേഗം നടത്തണമെന്ന് ആയിരുന്നു അമ്പുവിന്റെ വീട്ടുകാരുടെ ആഗ്രഹം.. അതിനാൽ കാര്യങ്ങൾക്ക് വേഗം നീക്കുപോക്കുണ്ടായി... അമ്പു ഒഴിഞ്ഞു മാറുന്നതും അവഗണിക്കുന്നതും സാഗരയെ ഒരുപാട് വേദനിപ്പിച്ചു...

നിശ്ചയ ദിവസം മുഴുവൻ തുകയും കൊടുക്കാനൊരുങ്ങിയ ശേഖരനെ സാഗര തടഞ്ഞു... "വിവാഹ ദിവസം കൊടുത്താൽ മതി അച്ഛാ" തുക കൊടുത്താൽ വിവാഹം മുടക്കിയാൽ തിരിച്ച് കിട്ടില്ലെന്ന് സാഗരക്ക് അറിയാമായിരുന്നു.. അതാണ് അച്ഛനെ തടഞ്ഞത്.. മകൾ പറഞ്ഞതാണു നല്ലതെന്ന് ശേഖരനും കരുതി... നിശ്ചയം കഴിഞ്ഞിട്ടും തുക കിട്ടാഞ്ഞിട്ട് അമ്പുവിന്റെ വീട്ടിൽ നിന്ന് നിരന്തരം ഫോൺ വിളിയെത്തി... "ന്റെ കൃഷ്ണാ വിവാഹം ദിവസം അടുത്ത് വരുന്നു...സ്ത്രീധന മോഹികൾക്ക് എന്റെ അച്ഛന്റെ വിയർപ്പിന്റെ വില കൊടുക്കാൻ മനസ്സ് വരുന്നില്ല..എന്തെങ്കിലും വഴി കാണിച്ചു തരണേ" സാഗര കഴിയുന്നു അത്രയും ദിവസം മുടങ്ങാതെ ഭഗവാനെ തൊഴാനായി പോകും...

അന്നും ഒരുപാട് അവൾ കരഞ്ഞു. "ന്റെ കൃഷ്ണാ ഒരു വഴി പറഞ്ഞു തന്നില്ലെങ്കിൽ ഇവിടെ തല തല്ലി ഞാൻ ജീവനൊടുക്കും" പതിയെ സാഗരയുടെ മനസ്സിലൊരു വഴി തെളിഞ്ഞു...അച്ഛനെ എതിർക്കാൻ കഴിയില്ലെങ്കിൽ താനിത്തിരി മോശമാണെന്ന് നാലാളു അറിഞ്ഞാലും കുഴപ്പമില്ല....അവളുടെ ചുണ്ടിലൊരു പുഞ്ചിരിയൂറി... രണ്ടു ദിവസം കഴിഞ്ഞു അമ്പുവിന്റെ വീട്ടിലേക്ക് വിളിച്ചു... അയാളുടെ അച്ഛന്റെ നമ്പർ ഗായത്രി വഴി സംഘടിപ്പിച്ചു... ഗായൂനെ കൊണ്ടാണു വിളിപ്പിച്ചതും...

"ഹലോ അമ്പുവിന്റെ അച്ഛനല്ലേ" "അതെ ഇതാരാ" മറുതലക്കലൊരു പെൺകുട്ടിയുടെ ശബ്ദം കേട്ട് അയാൾ അമ്പരന്നു.. "അമ്മക്കൊന്ന് കൊടുക്കാവോ .. നിശയാണെന്നു പറഞ്ഞാൽ മതി" ഗായത്രി ചിരിയോടെ പറഞ്ഞു... "ദാ നിന്നെ ഏതോ നിശ വിളിക്കുന്നു.. അടുത്തിരുന്ന ഭാര്യക്ക് നേരെ അയാൾ ഫോൺ നീട്ടി...നെറ്റി ചുളിച്ചു അവർ ഫോൺ വാങ്ങി.. അമ്പുവിന്റെ അമ്മയെ അറിയിച്ചാലെ അഗ്നി ആളിക്കത്തുകയുള്ളൂന്ന് സാഗരക്ക് അറിയാം... " ഹലോ നീ ഏതാ കൊച്ചേ" "ഞാൻ ആരുമായി കൊളളട്ടേ... നിങ്ങളുടെ മകൻ വിവാഹം കഴിക്കാൻ പോകുന്ന സാഗരയില്ലേ...അവളൊരുത്തന്റെ കൂടെ ഒരു രാത്രി കഴിഞ്ഞവളാ"

അത്രയും മതിയായിരുന്നു സാഗരയെ അത്രക്ക് ഇഷ്ടമാകാതിരുന്ന അവർക്ക് ചൂടു പിടിക്കാൻ... അവളെ ഒഴിവാക്കാനായി ഒരു കാരണവും നോക്കിയിരിക്കുവാരുന്നു... മറിച്ച് എന്തെങ്കിലും ചോദിക്കാൻ കഴിയും മുമ്പേ ഫോൺ കട്ടായി... "സാഗേ ഇതു തീ കൊണ്ടുള്ള കളിയാണ്.. ഇത്രയും വേണ്ടിയിരുന്നില്ല" "വേണം ഗായൂ....പ്രണയിച്ചിട്ട് എനിക്ക് വിലയിട്ടവനും വീട്ടുകാരും എന്റെ അച്ഛന്റെ വിയർപ്പങ്ങനെ സ്വന്തമാക്കണ്ടാ" പറയുമ്പോൾ അവളുടെ മിഴികളിൽ തെളിഞ്ഞത് പണവും സ്വർണ്ണം ഉണ്ടാക്കാനായി പലിശക്കും കടവും വാങ്ങാനായി ഓടി നടക്കുന്ന അച്ഛന്റെ ദയനീയമായ മുഖമായിരുന്നു......................തുടരും………

നവവധു : ഭാഗം  3

Share this story