നവവധു: ഭാഗം 5

navavadhu

A story by സുധീ മുട്ടം

"സാഗേ ഇതു തീ കൊണ്ടുള്ള കളിയാണ്.. ഇത്രയും വേണ്ടിയിരുന്നില്ല" "വേണം ഗായൂ....പ്രണയിച്ചിട്ട് എനിക്ക് വിലയിട്ടവനും വീട്ടുകാരും എന്റെ അച്ഛന്റെ വിയർപ്പങ്ങനെ സ്വന്തമാക്കണ്ടാ" പറയുമ്പോൾ അവളുടെ മിഴികളിൽ തെളിഞ്ഞത് പണവും സ്വർണ്ണം ഉണ്ടാക്കാനായി പലിശക്കും കടവും വാങ്ങാനായി ഓടി നടക്കുന്ന അച്ഛന്റെ ദയനീയമായ മുഖമായിരുന്നു... ഗായുവിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ ഒരു ആത്മസംതൃപ്തി മനസ്സിൽ നിറഞ്ഞു.ഒരുപോട് ആലോചിച്ചു തീരുമാനിച്ചു ഉറപ്പിച്ചതാണ്.വരും വരാഴികയും പേരുദോഷവും എല്ലാം നേരിടാൻ തയ്യാറാണ്.എന്നാലും അച്ഛന്റെ കഷ്ടപ്പാടുകൾ മറ്റൊരു വീട്ടുകാരുടെ അവകാശമല്ല.

അമ്പുവിന്റെ വീട്ടുകാരെ വിവരം അറിയിക്കിമ്പോഴും സാഗരയിൽ പ്രതീക്ഷയിടെ ഒരുതരി വെളിച്ചം അവശേഷിച്ചിരുന്നു..എല്ലാം മനസ്സിലാക്കി അമ്പുവേട്ടൻ തന്നെ തേടിയെത്തുമെന്ന്..പക്ഷേ അതുണ്ടായില്ല.. ഓർമ്മകളിൽ നിന്നും മനസ്സ് വേർപ്പെടുത്തിയതോടെയൊരു ശാന്തത നിറഞ്ഞു.. കോളേജ് ഗേറ്റു കടന്നു നടക്കുമ്പോൾ പലരിലും സഹതാപത്തിന്റെ നിഴൽ പരക്കുന്നതറിഞ്ഞു.എല്ലാമൊരു പുഞ്ചിരിയോടെ നേരിട്ടു.. ക്ലാസ് റൂമിലേക്ക് കയറിയതും തല ഉയർത്തിപ്പിടിച്ച് തന്നെ ആയിരുന്നു... എല്ലാവരിലും സാഗര അത്ഭുതമായി മാറി. ക്ലാസിന്റെ ഇടവേളയിൽ വീണു കിട്ടിയ നിമിഷത്തിൽ കൂട്ടുകാരി ഗൗതമി ഓരോന്നും ചോദിച്ചറിഞ്ഞു.

"നിന്റെ തീരുമാനമാണ് സാഗരേ ശരി..നട്ടെല്ല് ഇല്ലാത്തവനെ ജീവിതകാലം മുഴുവനും ചുമക്കേണ്ടി വന്നേനെ" അവളിൽ അമ്പുവിനോടുളള വെറുപ്പ് പ്രകടമായി.. "അച്ഛൻ അമ്മയോളം എഴുതപ്പെടാത്തൊരു മഹാകാവ്യമാണ്... ഒരുജീവിതവും അതിനെ ചുറ്റിപ്പറ്റിയുള്ളവരുടെയും സുരക്ഷയും ഏറ്റെടുത്തു സങ്കടം മുഴുവനും നെഞ്ചിലക്ക് ഒളിപ്പിക്കുവാ.നീ അച്ഛനെ മറന്നില്ലല്ലോ.അതുമതിയെടീ..ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നല്ലേ ഭഗവത്ഗീതയിൽ പറഞ്ഞിരിക്കുന്നത്..നീ ധൈര്യമായി ഇരിക്കെടീ..ഫുൾ സപ്പോർട്ട്" ഗൗതമി നൽകിയ ധൈര്യം സാഗരക്കൊരു പുനർജ്ജീവനായിരുന്നു..മനസ്സൊന്ന് പതറുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം...

ക്ലാസ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് മടങ്ങി...അച്ഛനൊരു ചൂട് ചായയിട്ടു കൊടുത്ത ശേഷം വീട്ടിലെ ജോലിയൊക്കെ ഒതുക്കി സന്ധ്യക്ക് മുമ്പേ ഫ്രീയായി.. നിലവിളക്ക് കൊളുത്തി രാമനാമം ജപിച്ചു.. മനസ്സ് ഏകാഗ്രമാക്കാൻ പ്രാർത്ഥന നല്ലതാണ്. ഈശ്വര ധ്യാനത്തിൽ മറ്റെല്ലാം മറക്കും.. "അച്ഛാ ഇന്നത്തെ സ്പെഷ്യൽ ചുട്ടമുളക് ചമ്മന്തിയും കഞ്ഞിയുമാണേ" രാത്രിയിലേക്ക് കഴിക്കാനുളളത് എടുത്തു വെച്ചു കൊണ്ടു പറഞ്ഞു... "മോളുടെ ഇഷ്ടം" കഞ്ഞി കുടിച്ചു കഴിഞ്ഞു കസേര എടുത്തു മുറ്റത്തേക്കിട്ടു...രാത്രി ഭക്ഷണം കഴിഞ്ഞാൽ അച്ഛനൊപ്പം സംസാരിച്ചു ഇരിക്കുന്നത് പതിവാണ്.. കുറച്ചു ദിവസങ്ങളായി എല്ലാം മുടങ്ങിയിരിക്കുന്നു. "മോളെ..."

ആർദ്രതയോടെ വിളിച്ചു. "എന്താ അച്ഛാ ഒരു ആമുഖം... അതിന്റെ ആവശ്യമില്ലല്ലോ...പിന്നെന്തിനാ പുതിയ കീഴ്വഴക്കങ്ങൾ" പുഞ്ചിരിയോടെയാണ് പറഞ്ഞത്.. "എങ്ങനെ സഹിക്കുന്നു ന്റെ കുട്ടി ഇത്രയും ചെറുപ്രായത്തിൽ ഒരുപാട് സങ്കടങ്ങൾ..നിനക്കൊന്ന് കരഞ്ഞു കൂടെ മോളെ..കുറച്ചെങ്കിലും ആശ്വാസം കിട്ടില്ലേ.എല്ലാം ഉള്ളിലൊതുക്കി അച്ഛനു മുന്നിൽ നീ അഭിനയിക്കുമ്പോൾ നെഞ്ച് പൊട്ടുവാ കുട്ടി ? അച്ഛന്റെ പെട്ടന്നു ചോദ്യത്തിനു മുമ്പിലൊന്ന് പതറിപ്പോയി.. എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ...എന്നിട്ടും അതൊരു നീറ്റലായി ഉള്ളിലുണ്ട്..എത്രയൊക്കെ ധൈര്യം പ്രകടിപ്പിച്ചാലും മനസ്സിലെ മുറിവ് ഉണങ്ങാൻ സ്വയം എടുക്കും...

" ഞാനെന്തിനാ അച്ഛാ വെറുതെ കരയുന്നത്.. എനിക്ക് ഭ്രാന്തില്ല" അച്ഛനെ ബോധിപ്പിക്കാനായി ഉറക്കെ പൊട്ടിച്ചിരിച്ചു... അതിനിടയിൽ രണ്ടു തുള്ളി മിഴിനീരും ചിതറി തെറിച്ചു. ശേഖരനറിയാം മകൾ അച്ഛനു സങ്കടമാകാതിരിക്കാനായി എല്ലാം മൂടി ഒളിപ്പിച്ചു നടക്കുവാണെന്ന്.. "എന്നാലും ആരാ ന്റെ കുട്ടിയെ കുറിച്ച് അപവാദം പറഞ്ഞു പരത്തിയതെന്ന് അറിയില്ല..ആരായാലും ഒരിക്കലും നന്നാകില്ലവർ" ഹൃദയം തകർന്നൊരു വിലാപമായിരുന്നു...സാഗര പെട്ടെന്ന് മുഖം തിരിച്ചു. കരയുകയായിരുന്നു അവൾ... "ശപിക്കരുത് അച്ഛാ ആരായാലും ചെയ്തത് വലിയ ഉപകാരമാണെന്ന് കരുതിയാൽ മതി" നെഞ്ച് പൊടിയുന്ന വേദനയോടെ പറഞ്ഞൊപ്പിച്ചു...

തണുത്ത കാറ്റ് ആഞ്ഞു വീശാൻ തുടങ്ങിയതോടെ ശേഖരൻ ആകാശത്തേക്ക് മിഴികൾ പായിച്ചു...പുഞ്ചിരി തൂകി നിന്നിരുന്ന നക്ഷത്രക്കൂട്ടങ്ങളെ കറുത്ത മേഘങ്ങൾ വിഴുങ്ങി തുടങ്ങിയത് കണ്ടു.. "മഴ പെയ്യാൻ സാദ്ധ്യതയുണ്ട്..തണുത്ത കാറ്റ് ഏറ്റാൽ പനി പിടിക്കും വാ" അതോടെ സാഗര എഴുന്നേറ്റു കസേര എടുത്തു അകത്തേക്ക് വെച്ചു... രാത്രിൽ പെട്ടെന്ന് ഉറങ്ങാനായില്ല...വിവിധതരം ചിന്തകൾ മനസ്സിനെ അലട്ടി... പുറത്ത് മഴ പെയ്യുന്ന ശബ്ദം കേട്ടു എഴുന്നേറ്റു ജാലക വാതിൽ തുറന്നിട്ടു...ഈർപ്പമുള്ള തണുത്ത കാറ്റ് അകത്തേക്ക് വീശി..തൂവാനമടച്ച് മുഖം നനഞ്ഞു.. രാത്രി മഴക്കൊരു പ്രത്യേക ഭംഗിയാണ്....ശാന്തമായും വന്യമായും ഒരേ ഭാവം മാറി മാറി പെയ്യും...

പുറത്തെ മഴ നനയണമെന്നൊരു ആഗ്രഹം മനസ്സിൽ ഉടലെടുത്തതോടെ കതക് തുറന്നു പുറത്തേക്കിറങ്ങി....തണുപ്പ് അവളെ മൂടിപ്പുതച്ചതോടെ ശരീരം കുളിരുകോരി...തീവ്രത കുറച്ചു ശാന്തമായി പെയ്യുന്ന മഴയിലേക്കിറങ്ങിയതും ശരീരമൊന്ന് കിടുകിടുത്തു..പതിയെ മഴയെ കൈവെളളയിലേറ്റി മഴ ആസ്വദിച്ചു തുടങ്ങി...കൈകൾ വിടർത്തി വട്ടം കറങ്ങി..മതിവരാതെ ചാടിത്തുള്ളി.. തലയിലെ ചൂട് മുഴുവനും മഴയിലേക്ക് നനച്ചിറക്കി...വലിയൊരു ഭാരം ഇറങ്ങി പോയതു പോലെ..

"മതി മോളെ...കയറി തല തോർത്തു ..ഇല്ലെങ്കിൽ പനി പിടിക്കും" അച്ഛന്റെ ശബ്ദം കേട്ടതും ഞെട്ടിത്തിരിഞ്ഞു ... "അച്ഛൻ എപ്പോഴെത്തി അറിഞ്ഞതേയില്ല" "എനിക്ക് അറിയാലൊ നിന്റെ മഴഭ്രാന്ത്" ചിരിയോടെ അയാൾ പറഞ്ഞതും സാഗര മനസ്സ് തുറന്നു ചിരിച്ചു അച്ഛനൊപ്പം അകത്തേക്ക് കയറി... 💙💙💙💙💙💙💙💙💙💙💙💙💙 കുറച്ചു ദിവസങ്ങൾ കടന്നു പോയി.... സാഗര പതിയെ എല്ലാം മറക്കാൻ ശ്രമിച്ചു.... പെട്ടന്ന് മറക്കാനാകില്ല‌..എന്നാലും മറന്നേ പറ്റൂ.... സാഗര പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തി....

ശേഖരനും പഴയപോലെ ഊർജ്ജസ്വലനാകാൻ തുടങ്ങി... എന്നാലും മകളെ കുറിച്ച് മോശമായി പറഞ്ഞത് ആരെന്ന ചോദ്യം മനസ്സിൽ ദഹിക്കാതെ കിടന്നു... ഒരു ഞായറാഴ് വൈകുന്നേരം ബ്രോക്കർ രാമൻ കുട്ടി വീട്ടിലേക്ക് വന്നു...ശേഖരനും സാഗരയും കൂടി ഉമ്മറപ്പടിയിലിരുന്ന് സംസാരിക്കുന്ന സമയമാണ്... "ആഹാ ഞാൻ കരുതി താൻ ഈ വഴി മറന്നെന്ന്" ശേഖരൻ ചിരിയോടെ അയാളെ സ്വീകരിച്ചു ഇരുത്തി.. "അങ്ങനെ മറക്കാൻ പറ്റുന്ന സൗഹൃദമാണോടോ നമ്മൾ തമ്മിൽ.. കുറച്ചു തിരക്കിലായി പോയി" സാഗരയെ നോക്കി രാമൻ കുട്ടി പുഞ്ചിരിച്ചു.. "നിങ്ങൾ കൂട്ടുകാർ സംസാരിച്ചു ഇരിക്ക്..ഞാൻ കട്ടനെടുക്കാം" അവൾ അകത്തേക്ക് പോയി...

ശേഖരനും രാമൻ കുട്ടിയും ഓരോന്നും സംസാരിച്ചു ഇരുന്നു... "ആ അമ്പുവിന്റെ കല്യാണം ഉറച്ചു....വരുന്ന ആഴ്ചയിലാ...വലിയ വീട്ടിലെ ഒരു പെണ്ണുമായാ" ശേഖരന്റെ കാതിലായി അടക്കം പറഞ്ഞു....അയാളൊന്ന് ഉലഞ്ഞു പോയി..മകൾ വരുന്നുണ്ടോന്ന് ആശങ്കയോടെ എത്തി വലിഞ്ഞു നോക്കി... അതേ സമയമാണ് സാഗര വരുന്നതും...വാതിൽ പാളി കടക്കും മുമ്പേ അവളത് കേട്ടിരുന്നു... "അമ്പുവേട്ടന്റെ വിവാഹമാണത്രേ... എത്രയൊക്കെ ശ്രമിച്ചിട്ടും നെഞ്ചിലൊരു പിടച്ചിൽ ഉണർന്നു....കണ്ണുകൾ നിറഞ്ഞതിനൊപ്പം കയ്യിലെ ഗ്ലാസിലെ ചൂടു ചായയും തുളുമ്പി താഴേക്ക് വീണു...ഭിത്തിയിലേക്ക് ചാരി നിന്നവൾ മുഖം പൊത്തി തേങ്ങിക്കരഞ്ഞു........................തുടരും………

നവവധു : ഭാഗം  4

Share this story