നീഹാരമായ്: ഭാഗം 1

neeharamayi

രചന: അപർണ അരവിന്ദ്

"നീ മാര്യാദക്ക് എണീക്കുന്നോ അതോ ഞാൻ അവിടേക്ക് വരണോ. പത്ത് മണിയായാലും അവൾക്ക് എണീക്കാൻ വയ്യാ . രാവിലെ നേരത്തെ എണീക്കണമെന്നോ ഒന്ന് സഹായിക്കണം എന്നോ അവൾക്ക് വിചാരമില്ല. "അമ്മ പറഞ്ഞ് മുഴുവനാക്കും മുൻപേ തന്നെ ഒരു സ്റ്റീൽ ഗ്ലാസ് ശബ്ദത്തിൽ താഴെ വന്ന് വീണു. " ഒന്ന് നിർത്തോ . രാവിലെ തന്നെ മനുഷ്യന്റെ സമാധാനം കളയാൻ . നിങ്ങൾക്ക് ഒക്കെ ഇനി സമയം നോക്കാൻ ഞാൻ ആദ്യം മുതൽ പഠിപ്പിച്ചു തരണോ. സമയം എട്ട് മണി ആയിട്ടു കൂടി ഇല്ല. അപ്പോഴേക്കും തുടങ്ങി പത്ത് മണിയായി എന്ന് പറഞ്ഞ്. " അവൾ ദേഷ്യത്തിൽ പറഞ്ഞു. " ഓഹ് എന്താ രാവിലെ തന്നെ ഒരു ബഹളം. എന്താടി നിച്ചു നീ രാവിലെ തന്നെ തുടങ്ങിയോ" " ഞാനാണോ ..ഞാനാണോ തുടങ്ങിയത്.." അവൾ ദേഷ്യത്തിൽ അവന് നേരെ ചെന്നു. "ആഹ് ഇനി നീ എന്റെ മെക്കിട്ട് കയറ്.

ഞാൻ ഒന്നും ചോദിച്ചും ഇല്ല. നീ ഒന്നും കേട്ടിട്ടും ഇല്ല. നിങ്ങൾ അമ്മയും മകളും വഴക്ക് കൺഡിന്യൂ .." അവൻ വേഗം ചെവി പൊത്തി പുറത്തേക്ക് ഓടി. "നിന്റെ ദേഷ്യവും വാശിയും ഒന്നും കാണേണ്ട കാര്യം ഞങ്ങൾക്കില്ല. നിന്റെ അച്ഛൻ ഇങ്ങ് വരട്ടെ. ആ ബ്രാേക്കർ കൊണ്ടുവന്ന ബന്ധം നല്ലതാണെങ്കിൽ ഞങ്ങൾ അത് നടത്തും. ഇവിടെ വെറുതെ ഇരിക്കുന്നത് കൊണ്ടാണല്ലോ നിനക്ക് ഈ ദേഷ്യവും വാശിയും. വല്ലവരുടേയും വീട്ടിൽ കയറി ചെന്നാൽ ഇതൊന്നും നടക്കില്ല. " അമ്മ ദേഷ്യത്തിൽ പറഞ്ഞു. " അത്ര നല്ല ബന്ധം ആണെങ്കിൽ അമ്മ തന്നെ കെട്ടിക്കോ" "അതെങ്ങനാടി ചേച്ചി ശരിയാവുകാ . ആ ചേട്ടന് പത്ത് ഇരുപത്തിയേഴ് വയസേ ഉള്ളൂ. അയാളെ കെട്ടിയാ നമ്മൾ എങ്ങനെ ആളുടെ മുഖത്ത് നോക്കി അച്ഛാ എന്ന് വിളിക്കാ . മാത്രമല്ലാ അയാള് അമ്മയെ ചേച്ചീന്നും വിളിക്കേണ്ടി വരും" പുറത്ത് നിന്നും അവൻ എത്തി നോക്കി പറഞ്ഞതും താഴേ വീണ് കിടന്ന സ്റ്റീൽ ഗ്ലാസ് വായുവിൽ പറന്ന് അവന് നേരെ വന്നിരുന്നു. "നിച്ചൂ..."

ആ ഗ്ലാസ് നേരെ ചെന്ന് വീണത് പുറത്ത് പോയി വന്ന അച്ഛന്റെ കാൽ ചുവട്ടിലാണ്. അച്ഛൻ ദേഷ്യത്തിൽ അവൾക്ക് നേരെ വന്നു. "എന്താടി അസത്തെ നീ കാണിച്ചത് " അമ്മ അവളുടെ കൈയ്യിൽ അമർത്തി തല്ലി എങ്കിലും അവൾക്ക് ഒരു കുലുക്കവും ഇല്ല. നന്നായി വേദനിച്ചു എങ്കിലും അവൾ അങ്ങനെ തന്നെ നിന്നു. " കണ്ടില്ലേ അവളുടെ അഹങ്കാരം. നിനക്ക് ഇപ്പോ കുറച്ച് കൂടുന്നുണ്ട്.. വേണ്ടാ വേണ്ടാന്ന് വക്കുമ്പോൾ നീ തലയിൽ കയറുകയാണോ " അച്ഛൻ അവളെ നോക്കി രോക്ഷത്തോടെ പറഞ്ഞു. "അതെ..ഞാൻ അഹങ്കാരിയാ . എല്ലാവരും കൂടിയല്ലേ എന്നേ ഇങ്ങനെയാക്കിയത്. എന്നിട്ട് ഉപദേശം കൊണ്ട് വന്നിരിക്കുന്നു രണ്ടാളും." " ഡി.. ആരോടാ സംസാരിക്കുന്നേ എന്ന ബോധം ഉണ്ടോ നിനക്ക് . അച്ഛനോട് കുറച്ച് നന്നായി സംസാരിച്ചോടെ " " എനിക്ക് ഇങ്ങനെ സംസാരിക്കാനേ ഇപ്പോ മനസുള്ളു. " "നിച്ചു നീ .." "രാധു മതി. വഴക്ക് വേണ്ടാ. അവൾ എന്താന്ന് വച്ചാ ചെയ്യട്ടെ " അമ്മയെ തടഞ്ഞു കൊണ്ട് അച്ഛൻ തിരികെ നടന്നു.

"പിന്നെ നാളെ ആ പയ്യന്റെ വീട്ടുക്കാർ വരും. അവർക്ക് നിന്നെ ഇഷ്ടമായാൽ ഉടൻ കല്യാണം നടത്തും . ഇനിയും ഈ വീട്ടിൽ നിന്റെ അഹങ്കാരം നടക്കും എന്ന് കരുതണ്ടാ " തിരിഞ്ഞ് നടന്ന അച്ഛൻ അവളെ നോക്കി പറഞ്ഞു. " ഇല്ല ഇല്ല ഇല്ല. ഞാൻ സമ്മതിക്കില്ല. " " എന്തു കൊണ്ട് നീ സമ്മതിക്കില്ലാ എന്ന്. ഇനിയും ഞങ്ങളെ വിഷമിപ്പിച്ച് മതിയായില്ലാ എന്നാണോ നിനക്ക് " അച്ഛൻ അത് പറഞ്ഞതും അവളിൽ ഒരു പുഛ ചിരി നിറഞ്ഞു. " വിഷമമോ . നിങ്ങൾക്കോ . അത് പറയാനുള്ള അവകാശമുണ്ടോ നിങ്ങൾക്ക് . ഒരു വർഷം മുൻപ് നാല് മനുഷ്യ ജീവൻ തല കുനിച്ച് ഈ വീടിന്റെ പടി ഇറങ്ങുമ്പോൾ എവിടെയായിരുന്നു ഇതൊക്കെ. അന്ന് ഞാൻ കരഞ്ഞ് പറഞ്ഞതല്ലേ എന്നേ കൂടെ വിട്ടാക്കാൻ . പക്ഷേ നിങ്ങളുടെ ഈ നശിച്ച ഇമേഷ്ണൽ ബ്ലക്ക് മെയ്ലിങ്ങ് കാരണം എനിക്ക് അതിന് സാധിച്ചില്ല. അന്ന് എന്റെ മനസ് മരിച്ചതാ. ഇനി എനിക്ക് നിങ്ങളുടെ എന്നല്ലാ ആരുടേയും വിഷമവും സങ്കടവും മനസിലാക്കാൻ കഴിയില്ല. " കണ്ണുകൾ നിറയാൻ വെമ്പിയെങ്കിലും അവൾ സ്വയം വിലക്കി.

കരയില്ലാ എന്ന് ഒരു വർഷം മുൻപേ മനസിൽ ഉറപ്പിച്ചതാണ്. അത് ഈ നിമിഷം വരെ തെറ്റിച്ചിട്ടും ഇല്ല. അവൾ ദേഷ്യത്തിൽ സ്വന്തം റൂമിൽ കയറി വാതിലടച്ചു. രണ്ട് സെക്കന്റ് കഴിഞ്ഞ് അവൾ ആ വാതിൽ ഒന്നുകൂടെ തുറന്നു. "എന്റെ ഇച്ചായനെ അല്ലാതെ വേറെ ഒരാളേയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല. ഇനി നിങ്ങളുടെ സ്ഥിരം ഇമോഷ്ണൽ ബ്ലാക്ക് മെയ്ലിങ്ങാണ് ഉദ്ദേശം എങ്കിൽ ഈ വീട് മാത്രമല്ലാ കെട്ടി കയറുന്ന അയാളുടെ കുടുബവും ഞാൻ കലക്കും. " പകയോടെ പറഞ്ഞ് അവൾ വാതിൽ ശക്തമായി അടച്ചു. "ഇവൾ ഇങ്ങനെ ആയാൽ നമ്മൾ എന്താ എട്ടാ ചെയ്യാ " അമ്മ അച്ഛനെ സങ്കടത്തോടെ നോക്കി. "ഇനി ഇപ്പോ സങ്കടപ്പെട്ടിട്ട് എന്താ അമ്മാ കാര്യം.നിച്ചു ഒരിക്കൽ അവളുടെ ഇഷ്ടവുമായി നിങ്ങളുടെ മുന്നിൽ വന്നതല്ലേ . അപ്പോ ജാതിയുടേയും മതത്തിന്റെയും പേരിൽ അത് ഇല്ലാതാക്കി. എന്നിട്ട് ഇപ്പോ അവൾ അഹങ്കാരിയാണ് പോലും . നമ്മുടെ പണ്ടത്തെ നിച്ചു ഇങ്ങനെയായിരുന്നോ അമ്മാ. അവൾ ഇങ്ങനെ ആക്കിയത് നിങ്ങളാ " "നിഖി .. നീ ചെറിയ കുട്ടിയാ. ആ സ്ഥാനത്ത് നിന്നാ മതി. വലിയ കാര്യങ്ങൾ സംസാരിക്കാൻ നിൽക്കണ്ട" അച്ഛൻ അത് പറഞ്ഞതും അവൻ പുഛത്തോടെ പുറത്തേക്ക് പോയി. * ഇത് നിച്ചു എന്ന നിധികയും അവളുടെ ചെറിയ കുടുംബവും. അച്ഛൻ രാമചന്ദ്രൻ . അമ്മ രാധിക. ഒരേ ഒരു അനിയൻ നിഖിൽ എന്ന നിഖി . നിഖി അവളേക്കാൾ രണ്ട് വയസിന് ഇളയത് ആണ്. ആള് കുറച്ച് ദേഷ്യക്കാരിയും വാശികാരിയും ആണ് എങ്കിലും സാഹജര്യമാണ് അവളെ അങ്ങനെയാക്കിയത്. ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥

" ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടു എന്താ ജിത്തു നീ ഒന്നും മിണ്ടാത്തത് " ഭക്ഷണം കഴിക്കുന്ന അയാളോട് തൊട്ടടുത്ത് ഇരിക്കുന്ന അമ്മ ചോദിച്ചു. അവൻ പ്ലേറ്റിലെ ഭക്ഷണം എല്ലാം കഴിച്ച് എണീറ്റ് കൈ കഴുകാനായി പോയി. ഒന്നും മിണ്ടാതെയുള്ള അവന്റെ പോക്ക് കണ്ട്. ആ അമ്മ അച്ഛനെ നോക്കി. "എന്താ എട്ടാ അവൻ ഒന്നും മിണ്ടാത്തെ " " ഭക്ഷണം കഴിക്കുമ്പോൾ എട്ടൻ ഒന്നും മിണ്ടില്ലാ എന്ന് അമ്മക്ക് അറിഞ്ഞൂടെ " മാധു ശബ്ദം താഴ്ത്തി പറഞ്ഞ് കൈയ്യിലുള്ള സ്പൂൺ ശബ്ദത്തോടെ പ്ലേറ്റിലേക്ക് ഇട്ടു. പെട്ടെന്ന് അവൻ അബദ്ധം പറ്റിയ പോലെ വാ പൊത്തി മുന്നിൽ നിൽക്കുന്നവനെ നോക്കി. "സോറി എട്ടാ ഞാൻ അറിയാതെ " അവൻ ചെറിയ പേടിയോടെ പറഞ്ഞു. "മ്മ് " കൈ കഴുകി വന്ന അവൻ ഒന്ന് അമർത്തി മൂളി തന്റെ റൂമിലേക്ക് നടന്നു. " ജിത്തു . ഞങ്ങൾ ചോദിച്ചതിന് ഉത്തരം താ . നാളെ എന്നിട്ട് ആ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയല്ലേ " " ഇല്ല അച്ഛാ എനിക്ക് താൽപര്യമില്ലാ " ശാന്തമായാണ് പറഞ്ഞത് എങ്കിലും അവന്റെ സ്വരം ഉറച്ചതായിരുന്നു.

" എന്നാ എട്ടാ ഇവനെ നമ്മുക്ക് ആ പഴയ ജിത്തുവായി കാണാൻ പറ്റുക. എന്റെ കുട്ടിടെ മുഖം ഒന്ന് തെളിഞ്ഞ് കണ്ടിട്ട് എത്ര കാലമായി. സന്തോഷിച്ചില്ലെങ്കിലും അവന് ദേഷ്യമെങ്കിലും കാണിച്ചു കൂടെ. എപ്പോഴും ഈ ശാന്ത ഭാവം മാത്രം " അമ്മ അച്ഛനെ നോക്കി പറഞ്ഞു. "എട്ടൻ മാറില്ല അമ്മാ. അവൾ പോയപ്പോൾ കൂടെ എട്ടന്റെ സന്തോഷവും, സങ്കടവും, ദേഷ്യവും കൂടെ പോയി. അതിൽ നമ്മുക്കും ഒരു പങ്ക് ഉണ്ടല്ലോ. എട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഒന്നും വേണ്ടിയിരുന്നില്ലാ എന്ന് അച്ഛനും തോന്നുന്നില്ല. " മാധു സങ്കടത്തോടെ ചോദിച്ചു. "ഇല്ല. ഇതുവരെ തോന്നിയിട്ടില്ല. ഇനി തോന്നുകയും ഇല്ല. അവൾ ജിത്തുവിന് യോജിച്ചവൾ അല്ലാ എന്ന് എനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ട് " " ദേവമഠത്തിൽ ജിതേന്ദ്രൻ മാഷ് എന്ന് മുതലാ ഇത്ര സ്വാർത്ഥനായത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. " അത് പറഞ്ഞ് മാധു എണീറ്റ് പോയി. " ജിത്തു നാളെ നമ്മുടെ കൂടെ വരുമോ എട്ടാ " " വരും. അവൻ വന്നിരിക്കും " അയാൾ ഉറപ്പിച്ചു പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ച് എണീറ്റ് പോയി. * ഇതാണ് ദേവമഠം തറവാട്. ഇപ്പോ പോയതാണ് നമ്മുടെ ജിതേന്ദ്രൻ മാഷ്. റിട്ടേഡ് ഹെഡ് മാഷ് ആണ് . ഭാര്യ ഇന്ദിര. ഇവർക്ക് മൂന്നു മക്കൾ. മൂത്തവൻ ഹരൻ ഇന്ദ്രജിത്ത് എന്ന ജിത്തു . രാണ്ടാമത് ഇന്ദ്രിക എന്ന ഇന്ദു. കല്യാണം കഴിഞ്ഞ് എട്ട് മാസമായി. ഇപ്പോ ഹസ്ബന്റിന്റെ വീട്ടിലാണ്. മൂന്നാമൻ മാധു എന്ന മാധവ് ദേവജിത്ത്. 🔥❤️🔥

ഇത് ഇവരുടെ കഥയാണ് നിധികയുടേയും അവളുടെ ഹരന്റെയും കഥ . ജീവിതത്തിൽ പരസ്പരം കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത വ്യതസ്ത ധ്രുവങ്ങളിലായ രണ്ടുപേർ.... അവർ ഇരുവരെയും താലി എന്ന ചരടുകൊണ്ട് വിധി ബന്ധിപ്പിച്ചു. പിന്നീട് പ്രണയം എന്നാ കാണാചരടുകൊണ്ട് അവരുടെ ആത്മാവും ബന്ധിക്കപ്പെട്ടു.....അവനിലെ വിരഹത്തിന്റെ മുറിവുണക്കാൻ അവൾക്കും ..അവളിലെ കോപത്തിന്റെ അഗ്നിയെ അണക്കാൻ അവനെ കൊണ്ടും കഴിയുമോ .... നിധിക💙ഹരൻ നി+ ഹര = നീഹാരമായ് ... (തുടരും)

Share this story