നീഹാരമായ്: ഭാഗം 10

neeharamayi

രചന: അപർണ അരവിന്ദ്

" എടീ ചേച്ചി . ഞാൻ ഒരു കാര്യം പറഞ്ഞാ നീ എന്നോട് ദേഷ്യപ്പെടുമോ " " ആദ്യം നീ കാര്യം പറ. എന്നിട്ട് തിരുമാനിക്കാം ദേഷ്യപ്പെടണോ വേണ്ടയോ എന്ന് " " ഞാൻ നിന്നോട് കള്ളം പറഞ്ഞതാണെടി ചേച്ചി . അന്ന് എട്ടനെ കാണാൻ ഞാൻ ഓഫീസിൽ പോയപ്പോൾ എട്ടൻ എന്നോട് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലാ. " അത് കേട്ട് നിധിക ഒരു ഞെട്ടലോടെ നിഖിയെ നോക്കി " അന്ന് നീ ജിത്തു എട്ടനെ കാണാൻ പോവാൻ പറഞ്ഞയച്ചില്ലേ എന്നേ . അന്ന് ഞാൻ ഇറങ്ങാൻ നേരം അച്ഛ വന്നു. നമ്മൾ സംസാരിച്ചത് അമ്മ കേട്ടിരുന്നു. അമ്മ അത് അച്ഛയോട് പറഞ്ഞു. എല്ലാം അറിഞ്ഞ അച്ഛൻ അന്ന് കരഞ്ഞു നിച്ചു. നിന്റെ കല്യാണം എന്തായാലും നടക്കണം എന്ന് പറഞ്ഞു. അതിന് വേണ്ടി അച്ഛ എന്റെ കാല് വരെ പിടിക്കാം എന്ന് പറഞ്ഞപ്പോൾ എനിക്കും അച്ഛന്റെ കൂടെ നിൽക്കേണ്ടി വന്നു. ഓഫീസിൽ ജിത്തു എട്ടനെ കാണാൻ പോയപ്പോൾ എട്ടൻ പറഞ്ഞതും ഈ കല്യാണം നടക്കില്ലാ. എന്തെങ്കിലും ചെയ്ത് ചേച്ചിയോട് മുടക്കാനായി ആണ് പറഞ്ഞത്. പക്ഷേ അച്ഛ പറഞ്ഞത് അനുസരിച്ച് ഈ കല്യാണം എന്ത് ചെയ്തിട്ടാണെങ്കിലും നടത്തും എന്ന് ചേച്ചി പറഞ്ഞതായി ജിത്തു എട്ടനോട് ഞാൻ പറഞ്ഞു. ഇതിൽ എട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല നിച്ചു. നിന്നെ ചതിച്ചത് ഞാനാ. സോറി ചേച്ചി .

ഞാൻ അപ്പോഴത്തെ അവസ്ഥയിൽ അച്ഛന്റെ സങ്കടം കണ്ടപ്പോൾ അങ്ങനെ ചെയ്തതാ " " അപ്പോ എന്റെ സങ്കടത്തിന് ഒരു വിലയും ഇല്ലേ . ഹരന്റെ സങ്കടത്തിന് വിലയില്ലേ. ഞാൻ അയാളെ ഈ രണ്ട് ദിവസം കൊണ്ട് തന്നെ എത്രയേറെ ഉപദ്രവിച്ചു എന്നറിയുമോ . അയാൾ ഒരു പാവം ആയത് കൊണ്ട് എല്ലാം സഹിച്ചു. എല്ലാം എന്റെ തെറ്റാ. നിന്നെയൊക്കെ വിശ്വാസിച്ച എനിക്ക് ഇത് തന്നെ വേണം " " നിച്ചു എന്നെ നീ ഒന്ന് മനസിലാക്ക്. അച്ഛൻ അന്ന് എന്റെ മുന്നിൽ വച്ച് കരഞ്ഞു. എനിക്ക് ഇപ്പോ തോന്നുന്നത് നമ്മുക്ക് അറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ നിന്റെയും അലക്സിച്ചായന്റെയും ഇടയിൽ ഉണ്ടായിട്ടുണ്ട് എന്നാ . " നിഖി " നീ വെറുതെ അച്ഛന്റേയും അമ്മയുടേയും ഭാഗത്ത് നിന്ന് ഓരോ കള്ളം പറഞ്ഞ് എന്റെ മനസ് മാറ്റണ്ട " " അല്ലടി ചേച്ചി . ഇന്ന് വരെ അലക്സിച്ചായന്റെ കാര്യം ഒഴിച്ച് വേറെ എതെങ്കിലും കാര്യത്തിന് അച്ഛനോ അമ്മയോ നിന്നെ എതിർത്തിട്ടുണ്ടോ. പെൺകുട്ടിയായിട്ടും എന്നേക്കാൾ സ്വതന്ത്രം കൂടുതൽ തന്നിട്ടുള്ളത് നിനക്കല്ലേ. ആ അച്ഛനും അമ്മയും വെറും ജാതിയുടേയും മതത്തിന്റെയും പേരിൽ നിന്റെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കുമോ " " ഇത്രയും കാലം ഇല്ലാത്ത കണ്ടുപിടുത്തങ്ങൾ ഇപ്പോ നിന്നക്ക് എവിടുന്നാ കിട്ടിയത്.

എന്റെ മനസ് മാറ്റാൻ അവർ നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചതായിരിക്കും അല്ലേ. അങ്ങനെയൊന്നും എന്റെ മനസ് മാറില്ല നിഖി " " അല്ല നിച്ചു എന്നെ ആരും പറഞ്ഞയച്ചതല്ലാ " " വേണ്ടാ നീ ഒന്നും പറയണ്ടാ. എനിക്ക് ആരെയും വിശ്വാസമില്ല. നിധിക എന്നും ഒറ്റക്കാ . എനിക്ക് ആരും വേണ്ടാ. പിന്നെ ഒരു കാര്യം കേട്ടോ നിങ്ങൾ ഈ നാടകം അഭിനയിച്ച് നടത്തിയ കല്യാണത്തിന് അധികം ആയുസ് ഇല്ല. നിങ്ങളൊക്കെ കാരണം ഒരു പാവം മനുഷ്യന്റെ ജീവിതം കൂടി നശിച്ചല്ലോ എന്ന് ഓർക്കുമ്പോഴാണ് എനിക്ക് സങ്കടം " അത് പറഞ്ഞ് നിധിക താഴേക്ക് നടന്നു. പെട്ടെന്ന് പ്രതീഷിക്കാതെ ഹരനെ കണ്ടതും അവൾ ഒന്ന് ഞെട്ടി. " സോറി" അത് പറഞ്ഞ് അവൾ നേരെ വീട്ടിനകത്തേക്ക് ഓടി.പിന്നാലെ വന്ന നിഖിയും ഹരനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി. അന്നത്തെ രാത്രി നിഖിയും നിധികയും ഒന്നും കഴിച്ചില്ല. രണ്ടു പേരും അവരവരുടെ റൂമിൽ കയറി വാതിലടച്ചിരുന്നു. അമ്മ കുറെ നിർബന്ധിച്ചിട്ടും അവർ വന്നില്ല. ഹരൻ ഭക്ഷണം കഴിച്ച് റൂമിലേക്ക് വരുമ്പോഴേക്കും നിധിക ഉറങ്ങിയിരുന്നു. " ഇവൾ ഇത് എന്ത് കിടത്തമാ കിടക്കുന്നത്. മറ്റുള്ളർക്ക് കിടക്കണ്ടേ " അവൻ അവളുടെ കൈയ്യും കാലും സൈഡിലേക്ക് ഒതുക്കി വച്ചു. " ആന കുത്തിയാലും ഇവൾ ഉറക്കത്തിൽ അറിയില്ലാ തോന്നുന്നു. യക്ഷി "

ഹരൻ അവളുടെ അരികിലായി കിടന്നു. " ആരാ അലക്സി . എന്തിനാ ഇവൾ അച്ഛനോടും അമ്മയോടും ഇങ്ങനെ ദേഷ്യപ്പെടുന്നത് " അവന്റെ മനസിൽ പല ചോദ്യങ്ങളും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ അവന് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു അത്. * രാത്രി ഉറങ്ങാത്തത്ത് കൊണ്ട് ഹരൻ രാവിലെ നേരത്തെ തന്നെ എണീറ്റു. ഉമ്മറത്ത് ഫോണും നോക്കി ഇരിക്കുമ്പോഴാണ് നിഖി ഉറക്കം എണീറ്റ് വന്നത്. " എട്ടൻ എന്താ നേരത്തെ എണീറ്റോ " " ആഹ് ഞാൻ ഈ സമയത്ത് എണീക്കും. പിന്നെ ഇന്നലെ വീട് മാറി കിടന്ന കാരണം ഉറക്കം വന്നില്ല. നമ്മുക്ക് ഒന്ന് നടക്കാൻ ഇറങ്ങിയാലോ " " ആഹ് പോവാം . എട്ടൻ ഒരു ഫിറ്റ്നസ് ഫ്രീക്കൻ ആണല്ലേ. എനിക്കും ജിമ്മിൽ ചേരണം എന്നുണ്ട്. പക്ഷേ രാവിലെ നേരത്തെ എണീക്കണം എന്നാലോചിക്കുമ്പോൾ ഒരു മടി. അല്ലെങ്കിലും കേരത്തിലെ ആൺപിള്ളേർക്ക് എന്തിനാ അളിയാ സിക്സ് പാക്ക് " നിഖിയുടെ സംസാരം കേട്ട് ഹരന് മാധുവിനെ ഓർമ വന്നിരുന്നു. " ഇന്നലെ എട്ടൻ ടെറസിലേക്ക് വന്നപ്പോൾ ഞാനും നിച്ചുവും കൂടി സംസാരിക്കുന്നത് വല്ലതും കേട്ടോ " റോഡിലെ കല്ല് തട്ടി കളിച്ച് നടന്നു കൊണ്ട് നിഖി ചോദിച്ചു. " ഇല്ല എന്തേ . ഞാൻ നിങ്ങളെ ഭക്ഷണം കഴിക്കാനായി വിളിക്കാൻ വന്നതാ. അപ്പോഴേക്കും നിങ്ങൾ രണ്ടു പേരും താഴേക്ക് വന്നുവല്ലോ "

നിധികയെ കുറിച്ച് നിഖിയോട് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും പിന്നീട് ഹരൻ അത് വേണ്ടാ എന്ന് വച്ചു. "എയ് ഒന്നുല്ല. ഞാൻ വെറുതെ ചോദിച്ചതാ . നിച്ചു എങ്ങനെയാ എട്ടന്റെ വീട്ടിൽ . കുഴപ്പമൊന്നും ഇല്ലാലോ " " അങ്ങനെ പറയാറായിട്ടില്ല. അവൾ അവിടെ വന്നിട്ട് അധികം ദിവസമൊന്നും ആയിട്ടില്ലാലോ. മാധുവും ആയി നല്ല കൂട്ടാണ്. അച്ഛനോടും അമ്മയോടും അധികം സംസാരിക്കാറില്ല." "അപ്പോ എട്ടനോടോ " " നിന്റെ ചേച്ചി എന്നെ സ്നേഹിച്ച് കൊല്ലുകയല്ലേ . വന്നതിന്റെ പിറ്റേന്ന് തന്നെ നല്ല ഒരു സമ്മാനം കിട്ടി " ഹരൻ തന്റെ നെറ്റിയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. " അവൾ ശരിക്കും പാവമാണ് കുറച്ച് ദേഷ്യം ഉണ്ടെന്നേ ഉള്ളു. പണ്ടു മുതലെ ഒരു angry baby ആണ് . ഇപ്പോ ഒന്നുകൂടെ കൂടി . " " മ്മ് " അവൻ അലസമായി ഒന്ന് മൂളുക മാത്രം ചെയ്തു. അതേസമയം ഹരന് ഒരു ഫോൺ കോൾ വന്നു. അവൻ കോൾ അറ്റന്റ് ചെയ്ത് സംസാരിച്ചു. " നമ്മുക്ക് തിരിച്ച് പോയാലോ നിഖി . എനിക്ക് ലാപ് ടോപ്പിൽ ഒന്ന് രണ്ട് വർക്കുകൾ ഉണ്ട്. " " ശരി എട്ടാ " അവർ രണ്ടു പേരും തിരികെ വീട്ടിലേക്ക് നടന്നു. ഗേറ്റിനരികിൽ എത്തിയപ്പോൾ തന്നെ അകത്ത് നിന്ന് ബഹളം കേൾക്കുന്നുണ്ട്. " രാവിലെ തന്നെ തുടങ്ങിയോ അമ്മയും മോളും. എട്ടൻ ഇത് കാര്യമാക്കണ്ടാ. ഇതൊക്കെ ഇവിടത്തെ സ്ഥിരം കലാ പരിപാടിയാണ്.

പിന്നെ ഗ്ലാസോ പ്ലേറ്റോ ശരീരത്തിൽ തട്ടാതെ സൂക്ഷിച്ചോണം. ഏത് വഴിയാ നിച്ചുന്റെ ഏറ് വരിക എന്ന് പറയാൻ പറ്റില്ല. " അകത്തേക്ക് നടക്കുന്ന ഹരന് നിഖി ഉപദേശം നൽകി. " നിന്നോടൊന്നും എത്ര പറഞ്ഞിട്ടും കാര്യമില്ലാ . നീയൊന്നും ഒരിക്കലും നന്നാവത്തില്ല. ഞാൻ ഈ പറയുന്നതെല്ലാം നിന്റെ നന്മക്ക് വേണ്ടിയാ" " എന്റെ നന്മയോ . എന്നെ കൊണ്ട് കൂടുതൽ ഒന്ന് പറയിപ്പിക്കണ്ടാ " നിധിക അലറി . " ഇനിയും ഇത് തന്നെ തുടരാനാണ് നിന്റെ ഭാവം എങ്കിൽ നിച്ചു ഇത് നിന്റെ നാശത്തിനാ" " നശിക്കട്ടെ എല്ലാം നശിക്കട്ടെ . ഞാൻ ആണല്ലോ എല്ലാവരുടേയും പ്രശ്നം " അവൾ കൈയ്യിലുള്ള ഫോൺ താഴേക്ക് എറിഞ്ഞ് റൂമിലേക്ക് കയറി പോയി. അമ്മയാണെങ്കിൽ കരഞ്ഞു കൊണ്ട് താഴേക്ക് ഊർന്നിരുന്നു. അത് കണ്ട് ഹരനും നിഖിയും അമ്മക്കരികിലേക്ക് ഓടി വന്നു. " എല്ലാം ഞങ്ങളുടെ തെറ്റാ. ഞങ്ങളുടെ സ്വാർത്ഥതക്ക് വേണ്ടി ഞങ്ങൾ മോന്റെ ജീവിതം കൂടി ഇല്ലാതാക്കി " ഹരന്റെ കൈ പിടിച്ച് അമ്മ പറഞ്ഞതും അവൻ ആകെ വല്ലാതായി. " എന്താ അമ്മാ. എന്താ ഉണ്ടായത്. അമ്മ എന്തിനാ കരയണേ" നിച്ചുവിന്റെ സ്വരവും ഇടറിയിരുന്നു. മറുപടിയായി അമ്മ കയ്യിലുള്ള ടാബ്ലറ്റ് അവർക്ക് നേരെ നീട്ടി. " ഇത് സ്ലീപ്പിങ്ങ് ടാബ്ലറ്റ് അല്ലേ. അതും ഹൈ ഡോസ് . ഇത് ആരാ കഴിക്കുന്നത് "

ഹരൻ ടാബ്ലറ്റ് വാങ്ങി സംശയത്തോടെ ചോദിച്ചു. " മുഷിഞ്ഞ ഡ്രസ്സുകൾ അലക്കാൻ എടുക്കാനായി ഞാൻ നിങ്ങളുടെ റൂമിലേക്ക് വന്നതാ. അവിടെ നിന്നാ ഇത് കിട്ടിയത് " " ഇത് നിച്ചു പണ്ട് ഉപയോഗിച്ചിരുന്നത് അല്ലേ. ഒരു വട്ടം ഒരുപാട് ടാബ്ലറ്റ് ഒരു മിച്ച് കഴിച്ച് അവൾ അൺകോൺഷ്യസ് ആയി. അതിന് ശേഷം കൗൺസിലിങ്ങും ട്രീറ്റ്മെന്റും എടുത്താണ് അവളുടെ ഈ ഹാബിറ്റ് നിർത്തിയത്. ഇത് വീണ്ടും അവൾ കഴിക്കാൻ തുടങ്ങിയോ " നിഖി " അവളെ നന്നാക്കാൻ നോക്കിയ നമ്മളാണ് മണ്ടമാര് . അവള് ഒരിക്കലും നന്നാവില്ല. അവൾക്ക് വാശിയാ . പക്ഷേ ആ വാശിയിൽ അവൾ സ്വയം നശിക്കും. അവളുടെ കാര്യം ഓർത്ത് കണ്ണീരു കുടിക്കാത്ത ഒരു ദിവസമില്ലാ എനിക്ക്. അതൊന്നും അവൾ മനസിലാക്കുന്നില്ല. " അമ്മ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. " അമ്മ ഇങ്ങനെ സങ്കടപ്പെടാതെ എല്ലാം ശരിയാവും " നിറഞ്ഞ മിഴികളോടെ നിഖി അമ്മയെ സമാധാനിപ്പിച്ചു. " ഇല്ല. ഒന്നും ശരിയാവില്ല. നശിക്കാൻ അവൾ സ്വയം തീരുമാനിച്ചതാ . "ആ അമ്മയുടെ സങ്കടം കണ്ട് ഹരന്റെ നെഞ്ചോന്നു പിടഞ്ഞു. നിധികയോട് വല്ലാത്ത ദേഷ്യവും തോന്നി. " ഞാൻ അമ്മക്ക് വാക്കു തരുകയാ . അവളെ ഞാൻ നന്നാക്കിയിരിക്കും. " അത്രമാത്രം പറഞ്ഞ് ഹരൻ തന്റെ റൂമിലേക്ക് നടന്നു. * ഹരൻ റൂമിൽ എത്തുമ്പോൾ നിധിക ബെഡിൽ കമിഴ്ന്നു കിടക്കുകയാണ്.

അവൻ അവളെ ഒന്ന് നോക്കി ദീർഘ നിശ്വാസത്തോടെ ഡോർ ലോക്ക് ചെയ്തു. അന്തം വിട്ടുള്ള അവളുടെ ഉറക്കം കണ്ട് താനും അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ അതിനു പിന്നിൽ സ്ലിപ്പിങ്ങ് ടാബ്ലറ്റ് ആണ് എന്ന് ഒരിക്കലും കരുതിയില്ല. ഇരുപത് വയസ് മാത്രമുള്ള ഒരു പെൺകുട്ടി. ഇത്ര ചെറിയ പ്രായത്തിൽ ഇതിനുമാത്രം എന്താ ഇവൾക്ക് പ്രശ്നം. ഹരൻ ഓരോന്ന് ചിന്തിച്ച് അവളുടെ അരികിലായി വന്നിരുന്നു. " നിധിക എണീക്ക്. നിധിക " അവൻ വിളിച്ചു എങ്കിലും അവൾ കേൾക്കാത്ത ഭാവത്തിൽ കിടന്നു. " എണീക്കനല്ലേടീ നിന്നോട് പറഞ്ഞത് " അതൊരു അലർച്ചയായിരുന്നു. നിധി ഞെട്ടി വിറച്ച് എഴുന്നേറ്റു. " അപ്പോ വിളിക്കേണ്ടത് പോലെ വിളിച്ചാ നിനക്ക് ചെവി കേൾക്കും അല്ലേ " ഹരനെ ആ ഭാവമാറ്റം അവളും ചെറുതായി ഒന്ന് ഭയന്നിരുന്നു. "നിനക്ക് എന്താ നിന്റെ അമ്മയോട് മര്യാദക്ക് സംസാരിക്കാൻ അറിഞ്ഞൂടെ " ഹരന്റെ വിരട്ടലിൽ അവൾ യാന്ത്രികമായി തലയാട്ടി. " നിന്റെ ദേഷ്യവും വാശിയും കാണേണ്ട ആവശ്യമൊന്നും ഇവിടെ ഉള്ളവർക്ക് ഇല്ല. അതൊക്കെ നീ സ്വന്തമായി സമ്പാദിച്ചു കൊണ്ടുവന്ന് ഇവിടെ ഉള്ളവരെ നോക്കുന്ന കാലത്ത് മതി. ഇപ്പോ നീ ഇവരുടെ മകൾ ആണ് . അപ്പോ മകൾ മകളുടെ സ്ഥാനത്ത് നിൽക്കണം " " താ .. താനെന്താ എന്നേ ഭീ .. ഭീഷണിപ്പെടുത്തുകയാണോ . എനിക്ക് തന്നെ പേ..പേടിയൊന്നും ഇല്ല. "

" ഇത് ദേഷ്യമായോ ഭീഷണിയായോ എങ്ങനെ നീയെടുത്താലും എനിക്ക് ഒരു ചുക്കുമില്ല. നമ്മൾ ഇവിടെന്നു പോകുന്നത് വരെ അവരോട് നീ നല്ല രീതിയിൽ പെരുമാറിയിരിക്കണം " " എനിക്ക് മനസിലെങ്കിലോ. എന്റെ വീട് എന്റെ അച്ഛനും അമ്മയും. ഞാൻ എനിക്ക് ഇഷ്ടമുള്ള രീതിയിൽ പെരുമാറും. അതിൽ താൻ ഇടപ്പെടണ്ടാ " " ഡീ പുല്ലേ . നീ അധികം കിടന്ന് നെഗളിക്കല്ലേ . നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ . മര്യാദക്ക് ഞാൻ പറഞ്ഞത് അനുസരിച്ചോണം " " ഇല്ലെങ്കിലോ. താൻ എന്റെ തല വെട്ടുമോ " " തല വെട്ടില്ല. പക്ഷേ നിന്റെ വാല് വെട്ടും.. ഇവിടെയല്ലേ നിന്റെ ഈ നാക്ക് ഉള്ളു. അവിടെ വീട്ടിൽ എത്തിയാൽ നീ ഒറ്റക്കാ . അവിടെ നിനക്ക് കൂട്ട് മാധു മാത്രമാ. അവനെ ഞാനങ്ങ് ഹോസ്റ്റലിലേക്ക് മാറ്റും. എന്നിട്ട് നീ ആ വീട്ടിൽ ഒറ്റക്ക് കിടന്ന് ഡിപ്രഷൻ അടിച്ച് ഭ്രാന്തായി നശിച്ചു പോവുമെടി കാലത്തി " " തന്റെ ശാപമൊന്നും എനിക്ക് ഏൽക്കില്ല ടോ . പിന്നെ മാധു. അവൻ ഇല്ലെങ്കിലും ഞാൻ ഒറ്റക്ക് ജീവിക്കും " " ഉറപ്പ് " " അ... അതെ" അത് കേട്ടതും അടുത്ത നിമിഷം ഹരൻ ഫോൺ എടുത്ത് മാധുവിനെ വിളിച്ചു. " മാധു വേഗം ഡ്രസ്സ് എടുത്ത് പാക്ക് ചെയ്ത് വച്ചോ. ഉച്ച കഴിഞ്ഞ് നിന്റെ ഹോസ്റ്റലിലേക്ക് മാറ്റാൻ പോവാ. ഇനി നീ അവിടെ നിന്ന് പഠിച്ചാ മതി. നിന്റെ ആഗ്രഹവും അത് തന്നെ ആണല്ലോ "

അത് കേട്ട് മറുഭാഗത്ത് മാധു ചാടി തുള്ളുകയായിരുന്നു. ഇതെല്ലാം കേട്ട് നിധിക ബെഡിൽ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു. " നിങ്ങളുടെ ഭീഷണി പേടിച്ചിട്ട് ഒന്നുമല്ല. മാധുവിനെ എനിക്ക് അത്ര ഇഷ്ടമായതു കൊണ്ട് മാത്രം നിങ്ങൾ പറഞ്ഞത് ഞാൻ അനുസരിക്കാം . അവനെ എവിടേക്കും മാറ്റണ്ടാ" മുഖം വീർപ്പിച്ച് ഡോർ തുറന്ന് പോകുന്നവളെ ഹരൻ ചിരിയോടെ നോക്കി നിന്നു. കാലങ്ങൾക്ക് ശേഷം മനസ് തുറന്നൊരു ചിരിയായിരുന്നു അത്. * " ഞാൻ ചെയ്യാം " ഉള്ളി അരിയുന്ന അമ്മയുടെ കയ്യിൽ നിന്നും കത്തി വാങ്ങി നിധിക അരിയാൻ തുടങ്ങി. പതിവിനു വിപരീതമായുള്ള അവളുടെ പ്രവ്യത്തികളും ഭാവമാറ്റവും ആ അമ്മയിൽ ഒരുപാട് സന്താേഷം നിറച്ചിരുന്നു. രാവിലെ അച്ഛനും നിഖിയും ഹരനും ഭക്ഷണം കഴിക്കുകയാണ്. അമ്മയും നിധിയും ആണ് ഭക്ഷണം വിളമ്പി കൊടുക്കുന്നത്. സാധാരണ വെറുതെ ഒരു കാരണവും ഇല്ലാതെ വഴക്കിടുന്ന നിധിക ശാന്തമായി ഓരോ കാര്യങ്ങൾ ചെയ്യുന്നത് കണ്ട് അച്ഛന്റെയും നിഖിയുടേയും കിളികൾ എല്ലാം പറന്നു പോയിരുന്നു. "ചായ വച്ചിട്ടില്ലേ അമ്മാ" നിഖി " ഇല്ല ഇപ്പോ വക്കാം " " വേണ്ടാ. അമ്മ ഇവിടെ നിന്നോ ഞാൻ വക്കാം " നിധിക അടുക്കളയിലേക്ക് നടന്നു " ഹരന് ചായയാണോ കോഫിയാണോ വേണ്ടത് " അവൾ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. " ചായ മതി"

"എന്താ കുട്ടീ ഇത് ജിത്തു മോനേ പേരാണോ വിളിക്കുന്നത് " അച്ഛൻ അത് ചോദിച്ചതും നിധിക എന്താേ തർക്കുത്തരം പറയാൻ നാവുയർത്തി എങ്കിലും ഹരന്റെ നോട്ടം കണ്ടപ്പോൾ ഒന്നടങ്ങി. " ഇനി വിളിക്കില്ലാ " അത് പറഞ്ഞ് അടുക്കളയിലേക്ക് പോയ നിധിക തന്റെ ദേഷ്യം മുഴുവൻ പാത്രങ്ങളോട് തീർത്തു. "എന്താ കുട്ടീ ഇത് ജിത്തു മോനേ പേരാണോ വിളിക്കുന്നത്. എന്താ പറയുമ്പോൾ തേനും പാലുമൊക്കെയാ ഒഴുകുന്നത്. പേര് വിളിക്കാൻ പാടില്ല അല്ലേ. ഞാൻ കാണിച്ച് തരാം " അവൾ ഓരോന്ന് കണക്ക് കൂട്ടി കൊണ്ട് ചായ വച്ചു. മൂന്നു ഗ്ലാസ് ചായയുമായി ഹാളിലേക്ക് വരുമ്പോഴേക്കും അവരുടെ കഴിച്ച് കഴിയാറായിട്ടുണ്ടായിരുന്നു. " ഇന്ദ്രേട്ടാ ഇതാ ചായ " അവൾ കപ്പിലെ ചായ അവന്റെ മുന്നിലേക്ക് വച്ചതും അവളുടെ വിളി കേട്ട് കഴിച്ചു കൊണ്ടിരുന്ന ഹരന്റെ നെറുകയിൽ കയറി. " അയ്യോ ഇന്ദ്രേട്ടാ നോക്കി കഴിക്കണ്ടെ. ദാ വെള്ളം കുടിക്ക് ഇന്ദ്രട്ടാ" അവൾ അവന്റെ നെറുകയിൽ തട്ടി കൊണ്ട് വെള്ളമെടുത്തു കൊടുത്തു. " കുടിക്ക് ഇന്ദ്രേട്ടാ " അത് കേട്ട് ഹരൻ ഒരു നിമിഷം ഗ്ലാസിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story